കൊച്ചിയില്‍ പോര്‍ട്ടുഗീസ് - ഡച്ചു ജീവന്‍ മരണപോരാട്ടം - ഡച്ചുകാര്‍ വിജയിക്കുന്നു
പോര്‍ട്ടുഗീസുകാര്‍ കേരളം വിടുന്നു
ഡച്ചുകാര്‍ മൂത്ത തായ് വഴിയുമായി സ്ഥിരം ഉടമ്പടി

1663
കൊച്ചി പിടിക്കാന്‍ അവസാനയുദ്ധം

കൊച്ചി വീണ്ടും യുദ്ധക്കളമാകാന്‍ പോകുന്നു. അവിടത്തെ കടലും കായലും യുദ്ധകപ്പലുകളെ കൊണ്ട് നിറഞ്ഞു.

1662 ഒക്ടോബര്‍ 25ന് ജെക്കോബ് ഹുട്ട്സ്റ്റാര്‍ട്ട് (Jacob Hutsart), പീറ്റര്‍ ഡ്യൂപ്പാണ്‍ (Peter du Pon), ഹെന്‍ട്രിക് വാന്‍റീഡ് (Henry Van Reedu) എന്നീ സൈന്യാധിപന്മാരുടെ കീഴില്‍ പതിനൊന്ന് പടകപ്പലുകള്‍ ബറ്റേവിയയില്‍ നിന്നും മലബാറിലേയ്ക്കും പുറപ്പെടാ൯ തീരുമാനിച്ചു . ഇതിലെ ആദ്യ സംഘം നവംബറില്‍ പള്ളിപ്പുറത്ത് എത്തി പീരങ്കികള്‍ നിരത്തി തുടങ്ങി. പിന്നീട് വൈപ്പിന്‍ ദീപിലേയ്ക്ക് നീങ്ങിയ ഡച്ചുസൈന്യത്തെ സഹായിയ്ക്കാന്‍ വാന്‍ഗുണ്‍സിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പട്ടാളക്കാര്‍ സിലോണില്‍ നിന്ന് എത്തി. ഇതിനിടയില്‍ പുറക്കാട് രാജാവ് നായര്‍ പടയാളികളുമായി പോര്‍ട്ടുഗീസുകാരേയും സഹായിയ്ക്കാനെത്തി. പോര്‍ട്ടുഗീസുകാരും ഡച്ചുകാരും യുദ്ധം തുടങ്ങിയതോടെ കൊച്ചിനിവാസികള്‍ ഭയത്തിലായി. ഏത് നിമിഷവും എന്തും സംഭവിക്കാവുന്ന അവസ്ഥ. ഇരുഭാഗത്തും വന്‍തോതില്‍ ആള്‍നാശം ഉണ്ടായി. കൂടുതല്‍ ആളുകള്‍ മരിച്ചത് പോര്‍ട്ടുഗീസ് പക്ഷത്തായിരുന്നു. ഇതില്‍ പോര്‍ട്ടുഗീസ് ഗവര്‍ണര്‍ ഇഗ്നേഷ്യ ഡാര്‍മെന്‍റാവിന്റെ മകളുടെ ഭര്‍ത്താവായ ഡാണ്‍ ബര്‍ണാര്‍ഡോ (Don Bernardo)വും ഉള്‍പ്പെടുന്നു. ഡച്ചു സേനാപതി മേജര്‍ ഡ്യൂപ്പാണ (Major Dupen)നും മുറിവേറ്റു. കോട്ടയ്ക്കകത്ത് കയറിയ ഡച്ചുകാര്‍ നാശം വിതയ്ക്കാന്‍ തുടങ്ങി. സ്ത്രീകളുടേയും കുട്ടികളുടേയും നിലവിളിയും പട്ടാളക്കാരുടെ അട്ടഹാസങ്ങളും മുറിവേറ്റവരുടെ ദീനവിലാപവും, വെടിശബ്ദവും കൊണ്ട് അന്തരീക്ഷം ശബ്ദഘോഷമായി. ഇതിനിടയില്‍ വെടിനിര്‍ത്തല്‍ സന്ദേശവുമായി പോര്‍ട്ടുഗീസുകാര്‍ തന്നെ മുന്നോട്ടുവന്നു. ഉടന്‍തന്നെ യുദ്ധം നിര്‍ത്തുവാന്‍ വാന്‍ഗൂണ്‍സ് കല്പന പുറപ്പെടുവിച്ചു.

കൊച്ചി- കടലും കായലും

അടുത്ത ദിവസം കാലത്ത് പോര്‍ട്ടുഗീസ് ഗവര്‍ണര്‍ ഇഗ്നേഷ്യസ് സാര്‍മെന്‍റോ, (Ignatio Sarmento) തന്റെ മകനും സഹപ്രവര്‍ത്തകരും മരിച്ചതിലുള്ള ദുഃഖചിഹ്നമായി കറുത്ത കുപ്പായം അണിഞ്ഞാണ് കോട്ടയ്ക്ക് പുറത്തുവന്നത്. അദ്ദേഹത്തോടൊപ്പം പോര്‍ട്ടുഗീസ് പട്ടാളക്കാരുമുണ്ടായിരുന്നു. കോട്ടയുടെ താക്കോല്‍ ഇഗ്നേഷ്യസ് സാര്‍മെന്‍റോ ഡച്ച് സേനാപതിയെ ഏല്പിച്ചു. * അങ്ങനെ 1663 ജനുവരി 6ന് കൊച്ചി കോട്ട ഡച്ചുകാര്‍ക്ക് അധീനമായി. പോര്‍ട്ടുഗീസുകാരും ഡച്ചുകാരും തമ്മില്‍ ഉടമ്പടികള്‍ ഒപ്പുവച്ചു. അതോടെ കോട്ടയ്ക്കകത്തുണ്ടായിരുന്ന പോര്‍ട്ടുഗീസുകാര്‍ കൂട്ടത്തോടെ കപ്പലുകളില്‍ കയറി ഗോവയ്ക്ക് പുറപ്പെട്ടു. പട്ടാളക്കാര്‍ ഡച്ചുകാരുടെ മുമ്പില്‍ ആയുധം താഴെ വച്ചശേഷമാണ് യാത്ര പുറപ്പെട്ടത്.

കൊച്ചി- കടലും കായലും

കൊല്ലത്ത് ഡച്ചുകാര്‍ താമസിപ്പിച്ചിരുന്ന 'കേരളവര്‍മ്മ'യ്ക്ക് അസുഖം കലശലായി. എങ്കിലും കിരീടധാരണത്തിന് സമയമായതിനാല്‍ അദ്ദേഹത്തെ കൊച്ചിയിലേയ്ക്ക് കൊണ്ടുപോകാതെ നിവര്‍ത്തിയില്ലായിരുന്നു. കുറെ ഉദ്യോഗസ്ഥന്മാര്‍ ചേര്‍ന്ന് മേനാവിലെടുത്ത് അദ്ദേഹത്തെ കപ്പലില്‍ എത്തിച്ചു. എന്നാല്‍ കൊച്ചിയില്‍ എത്തുന്നതിന് മുമ്പ് കേരളവര്‍മ്മ ലോകത്തോട് വിടപറഞ്ഞു. അങ്ങനെ സിംഹാസനവും കിരീടവും സ്വപ്നംകണ്ട് കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ കഥ കഴിഞ്ഞു. കപ്പലില്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മൂത്ത തായ് വഴിയിലെ തന്നെ മറ്റൊരു 'കേരളവര്‍മ്മ'യെയാണ് അടുത്ത അവകാശിയായി ഡച്ചുകാര്‍ കണ്ടത്. അദ്ദേഹത്തെ കൊച്ചിയിലെത്തിച്ചു. കൊച്ചി ഡച്ചുകാരുടെ കൈവശം വന്നതോടെ തനിയ്ക്ക് കൊടുങ്ങല്ലൂര്‍ വേണമെന്ന് സാമൂതിരി അവകാശം ഉന്നയിച്ചു. മുന്‍ തീരുമാനം അനുസരിച്ച് ഡച്ചുകാര്‍ കൊടുങ്ങല്ലൂര്‍ സാമൂതിരിയ്ക്ക് വിട്ടുകൊടുത്തു. പുറക്കാട്ടേയ്ക്ക് ദൂതന്മാരെ അയയ്ക്കാനും, കണ്ണൂര്‍ കോട്ട പോര്‍ട്ടുഗീസുകാരില്‍ നിന്ന് പിടിച്ചെടുക്കാന്‍ ജേക്കബ് ഹുട്ട് സാട്ട് (Jacob Hutstaart) ന്റെ നേതൃത്വത്തില്‍ പട്ടാളത്തെ അയയ്ക്കാനും ഡച്ച് മേധാവികള്‍ നടപടി സ്വീകരിച്ചു. അതിനുശേഷം പുതിയ കൊച്ചിരാജാവിനെ വാഴിയ്ക്കല്‍ ചടങ്ങ് നടന്നു. ഇതിനുവേണ്ടി ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മുദ്രയുള്ള സ്വര്‍ണകിരീടവും പീഠവും നിര്‍മ്മിച്ചു. കിരീടധാരണ ദിവസം ഡച്ചുകാര്‍ ആഘോഷപൂര്‍വ്വം സംഭവസ്ഥലത്ത് എത്തി. നിയുക്തരാജാവിനെ പീഠത്തില്‍ ഇരുത്തിയശേഷം വാന്‍ഗുഡ് തന്നെയാണ് കിരീടം എടുത്ത് കേരളവര്‍മ്മയുടെ തലയില്‍ വച്ചുകൊടുത്തത്. അപ്പോള്‍ ആചാരവെടികളും ആര്‍പ്പുവിളികളുംകൊണ്ട് അന്തരീക്ഷം മുഖരിതമായി. കിരീടധാരണത്തിനുശേഷം പരിവാരസമേതം എഴുന്നള്ളിയ കൊച്ചിരാജാവും ഡച്ചുകാരും തമ്മില്‍ പുതിയ ഉടമ്പടി ഉണ്ടാക്കി. ബറ്റേവിയയിലെ ഗവര്‍ണര്‍ ജനറലാല്‍ നിയോഗിക്കപ്പെട്ട അഡ്മിറല്‍ റിക്ലാഫ് വാന്‍ഗൂണ്‍സും കൊച്ചിരാജാവ് ചാഴിയൂര് വകയില്‍ മൂത്ത തായ് വഴിയിലെ വീരകേരള സ്വരൂപവും അനന്തരവരും ആയിട്ട് എന്നന്നേയ്ക്കും ചേര്‍ന്നു ചെല്ലത്തക്കവണ്ണം വച്ച് വയ്പ്' എന്നാണ് കരാറിന്റെ മുഖവരയില്‍ പറഞ്ഞിട്ടുള്ളത്.

കണ്ണൂര്‍ കോട്ട പോര്‍ട്ടുഗീസുകാരില്‍ നിന്ന് പിടിച്ചെടുക്കാന്‍
ജേക്കബ് ഹുട്ട് സാട്ട് (Jacob Hutstaart)

17 വ്യവസ്ഥകളുള്ള ഈ കരാറാണ് കൊച്ചിയുടെ ഭരണം നിയന്ത്രിയ്ക്കാനും കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും വേരോട്ടം ഉണ്ടാക്കാനും ഡച്ചുകാര്‍ക്ക് സഹായം ലഭിച്ചത്. അങ്ങനെ യൂറോപ്പില്‍ നിന്നും എത്തിയ ഡച്ചുകാര്‍, പോര്‍ട്ടുഗീസുകാരെ പിന്‍തള്ളി കേരളത്തിന്റെ പ്രബലശക്തിയായി മാറാന്‍ പോകുന്നു.

ഉറവിടം - കെ.പി.പത്മനാഭമേനോന്‍ - കൊച്ചി രാജ്യചരിത്രം - മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി കോഴിക്കോട് 1989

കൊച്ചിയെപ്പറ്റി ന്യൂഹാഫിന്റെ വിവരണം.
കൊച്ചി ഡച്ചുകാര്‍ക്ക് അധീനമായ വാര്‍ത്ത നെതര്‍ലണ്ടിലെത്തി.
കൊച്ചിയ്ക്ക് ഡച്ച് ഗവര്‍ണറും കമ്മിഷണര്‍മാരും.
ഡച്ചുകാര്‍ ഭരണം തുടങ്ങി, കൊച്ചിയിലെ മുന്‍രാജാവ് തിരുവിതാംകൂറില്‍ അഭയം പ്രാപിച്ചു.

1663
കൊച്ചിയില്‍ ഡച്ചുകാര്‍ ഭരണം തുടങ്ങുന്നു

കൊച്ചി എന്നു പോര്‍ട്ടുഗീസുകാര്‍ പറയുന്ന പട്ടണം 'കാക്കൊച്ചി' എന്നാണ് പൊതുവേ അറിയപ്പെടുന്നത്.... ചില ചരിത്രകാരന്മാര്‍ രണ്ട് കൊച്ചികള്‍ ഉള്ളതായി പറയുന്നു. പഴയ കൊച്ചിയാണ് അവയിലൊന്ന്. പോര്‍ട്ടുഗീസുകാര്‍ 'മേലേ കൊച്ചി' എന്നര്‍ഥം വരുന്ന 'ഡസീമ' എന്ന് അതിനെ പറയുന്നു. പുഴയുടെ മേല്‍ ആയതുകൊണ്ടാണ് ആ പേര്‍. ഡച്ചുകാര്‍ അതിനെ മലബാര്‍ കൊച്ചി എന്നാണ് പറയുന്നത്. അവിടെയാണ് രാജാവ് താമസിക്കുന്നത്. പുഴയുടെ തീരത്തുള്ള രാജകൊട്ടാരത്തിനു സമീപം ധാരാളം ആള്‍വാസവും വലിയ ഗൃഹങ്ങളും ക്ഷേത്രങ്ങളും ഉണ്ട്. 'പുത്തന്‍കൊച്ചി' സമുദ്രത്തില്‍ നിന്നും അല്പം മാറി നദിമുഖത്താണ്. അത് വളരെക്കാലം പോര്‍ട്ടുഗീസ് അധീനതയിലായിരുന്നു. അതിനു ചുറ്റും കല്ലുകൊണ്ട് കോട്ടകെട്ടി പുഴയ്ക്കരുകില്‍ കടല്‍ഭിത്തിയും നിര്‍മ്മിച്ചിരുന്നു. മനോഹരമായ സൗധങ്ങളും പള്ളികളും സന്ന്യാസിമഠങ്ങളും അവിടെ ഉണ്ടായിരുന്നു...

കൊച്ചി- കടലും കായലും

ന്യൂഹാഫ് കൊച്ചിയെപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ള നേര്‍കാഴ്ചയുടെ വിവരണമാണിത്. കൊച്ചി പോര്‍ട്ടുഗീസുകാരില്‍ നിന്നും പിടിച്ചെടുത്ത വാര്‍ത്ത നെതര്‍ലണ്ടിലെത്തി. നെതര്‍ലണ്ടില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ബറ്റേവിയ സുപ്രീം കൗണ്‍സില്‍ കൊച്ചിയുടെ ഭരണത്തിന് ഭരണസമിതിയെ നിയമിച്ചു. ല്യൂഡോള്‍ഫ് കോള്‍സ്റ്റര്‍ (Ludolf Colster) ആണ് കോട്ടയുടെ പുതിയ ഗവര്‍ണര്‍ . പീറ്റര്‍ ഡി ബീറ്റര്‍ (Peter de Bitter), ചാള്‍സ് വാള്‍ക്കര്‍ ബര്‍ഗ് (Charles Valken Burg) എന്നിവരായിരുന്നു കമ്മിഷണര്‍മാര്‍. കൊച്ചിയിലുള്ള ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പണ്ടകശാല മാറ്റാനും അവരുടെ കച്ചവടക്കാര്‍ കൊച്ചിവിടാനും കല്പന ഉണ്ടായി. കൊച്ചിയിലെ ജനങ്ങള്‍ക്ക് അവരുടെ കൈവശമുള്ള വസ്തുക്കള്‍ യഥേഷ്ടം അനുഭവിക്കാമെന്നും, എന്നാല്‍ നെതര്‍ലണ്ട് രാജാവിന്റെ കല്പന പ്രകാരമേ നികുതി പിരിയ്ക്കാവൂവെന്ന് പരസ്യം ചെയ്തു. ഡച്ചുകാരുടെ മലബാറിലെ ഭരണകേന്ദ്രമായി കൊച്ചിയെ മാറ്റാനുള്ള നടപടി തുടങ്ങി. ഭരണച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി കോട്ടയുടെയും കൊട്ടാരങ്ങളുടേയും വലുപ്പം കുറയ്ക്കാനും പോര്‍ട്ടുഗീസുകാര്‍ ഉപയോഗിച്ചിരുന്ന പല പള്ളികളും പൊളിച്ചുമാറ്റാനും നടപടി തുടങ്ങി. അതുപോലെ പോര്‍ട്ടുഗീസ് പേരുകള്‍ മാറ്റി ഡച്ച് പേരിട്ടു. ഫ്രാന്‍സിസ് പള്ളിയെ പ്രൊട്ടാസ്റ്റാന്‍റ് പള്ളിയാക്കി. സാന്താക്രൂസ് കത്തിഡ്രലിനെ സുഗന്ധവ്യഞ്ജനങ്ങളും പഞ്ചസാരയും എല്ലാം ശേഖരിക്കാനുള്ള സംഭരണകേന്ദ്രമാക്കി മാറ്റി.

കൊച്ചി- കടലും കായലും

റോമന്‍ കത്തോലിക്ക ക്രിസ്ത്യാനികളോടും പുരോഹിതന്മാരോടും കടുത്ത നടപിയാണ് ഡച്ചുഭരണകൂടം ആദ്യം സ്വീകരിച്ചതെങ്കിലും ആ വിഭാഗത്തില്‍പ്പെട്ടവര്‍ കൂട്ടത്തോടെ കൊച്ചി വിടുമെന്ന് ബോധ്യമായപ്പോള്‍ തീരുമാനം തിരുത്തി. കോട്ടയ്ക്കകത്തുള്ള പള്ളി സാധനങ്ങള്‍ വൈപ്പിലേയ്ക്ക് കൊണ്ടുപോയി അവിടെ പുതിയ പള്ളിവയ്ക്കാന്‍ റോമന്‍ കത്തോലിക്കര്‍ക്ക് അനുവാദം നല്കി. കൊച്ചിയില്‍ അധികാരം നഷ്ടപ്പെട്ട ഗോദവര്‍മ്മ തമ്പുരാനും അനുയായികളും വേണാട്ടില്‍ അഭയം പ്രാപിച്ചു. പാലിയത്തച്ചന്‍ വീണ്ടും കൊച്ചി മന്ത്രിയായി. പ്രധാനകാര്യങ്ങളില്‍ ഡച്ച് ഗവര്‍ണറും രാജാവുമായി ചര്‍ച്ച ചെയ്തേ തീരുമാനമെടുക്കാവൂ എന്ന നിബന്ധന പിന്നീടുണ്ടായി.