കണ്ണൂര്‍കോട്ട ഡച്ചുകാര്‍ പിടിച്ചെടുത്തു.
ആലിരാജ ഉള്‍പ്പെടെയുള്ളവരുമായി ഉത്തരകേരളത്തില്‍ കരാര്‍.
തെക്കന്‍ കേരളത്തിലെ രാജാക്കന്മാരുമായി ന്യൂഹാഫ് കരാര്‍ ഉണ്ടാക്കുന്നു.

1664
ഡച്ചുശക്തിക്കുമുമ്പില്‍ തലകുനിക്കുന്ന രാജാക്കന്മാര്‍

കൊച്ചി കൈയ്യില്‍ കിട്ടിയതോടെ ഡച്ചുകാരുടെ ശക്തിയും പ്രതാപവും ഉയര്‍ന്നു. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ബന്ധമുള്ള രാജാക്കന്മാര്‍ പോലും മാറി ചിന്തിയ്ക്കാന്‍ തുടങ്ങി. പുറക്കാട്, പറവൂര്‍, ആലങ്ങാട്, ഇടപ്പള്ളി എന്നിവിടങ്ങളിലെ രാജാക്കന്മാര്‍ ഡച്ചുകാരുമായി ഉടമ്പടി ഉണ്ടാക്കി മേല്‍ക്കോയ്മ സ്വീകരിച്ചു.

കണ്ണൂരിലെ സെന്‍റ് ആഞ്ചലോസ് കോട്ട

1663 ഫെബ്രുവരിയില്‍ പോര്‍ട്ടുഗീസുകാരില്‍ നിന്നും ഡച്ചുകാര്‍ കണ്ണൂരിലെ സെന്‍റ് ആഞ്ചലോസ് കോട്ട പിടിച്ചെടുത്തു. അടുത്ത് കോലത്തിരിയുമായി ഉടമ്പടി ഉണ്ടാക്കി. 1664ല്‍ കണ്ണൂരിലെ കുരുമുളക് കുത്തക ഡച്ചുകാര്‍ക്കായി. അതേ വര്‍ഷം ആലിരാജാവുമായി ഉണ്ടാക്കിയ ഉടമ്പടി ഡച്ചുകാരുടെ കുരുമുളക്, ഏലം തുടങ്ങിയവയുടെ കച്ചവടത്തെ വ്യാപകമാക്കാന്‍ സഹായിച്ചു. വളരെ വേഗം ഉത്തരകേരളത്തിന്റെ വ്യാപാരകുത്തക ഡച്ചുകാര്‍ കൈയ്യടക്കി.

വാണിജ്യബന്ധം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ചുമതല ജെയിംസ് ഹുസ്റ്റാര്‍ട്ടിനാണ് കമ്പനി നല്കിയത്. അദ്ദേഹം ഇന്ത്യയിലേയും സിലോണിലേയും കേരളത്തിലേയും ചീഫ് കൗണ്‍സിലര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം തെക്കന്‍ കേരളത്തിലെ രാജാക്കന്മാരെ കാണാനും, ഉടമ്പടികള്‍ ഉണ്ടാക്കാനും ന്യൂഹാഫ് നിയമിതനായി. 1664 ജനുവരി 21ന് കുറെ പട്ടാളക്കാരും ദ്വിഭാഷിയും നാവികരുമായി, ചെറുകപ്പലില്‍ കായംകുളം തീരത്ത് എത്തി.

കണ്ണൂരിലെ സെന്‍റ് ആഞ്ചലോസ് കോട്ട

കായംകുളം രാജാവുമായിട്ടുള്ള കൂടിക്കാഴ്ച വിജയകരമായിരുന്നു. ഉടമ്പടികള്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്കിയശേഷം പുറക്കാട്ടേയ്ക്ക് സംഘം യാത്രതിരിച്ചു. ചെമ്പകശ്ശേരി ഇല്ലക്കാരുടെ ഭരണത്തിലായിരുന്ന പുറക്കാടിന്റെ ആസ്ഥാനം അമ്പലപ്പുഴയായിരുന്നു. ഒരിക്കല്‍ പോര്‍ട്ടുഗീസുകാരുടെ ഉറ്റമിത്രമായിരുന്ന പുറക്കാട് രാജാവ് ഡച്ചുകാരുടെ മേല്‍ക്കോയ്മ അംഗീകരിക്കാന്‍ തയ്യാറായി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളുമായി ന്യൂഹാഫ് കൊച്ചിയിലെത്തി ഹുസ്റ്റാര്‍ട്ടിനെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചു. പുതിയ നിര്‍ദേശങ്ങളുമായി ന്യൂഹാഫ് വീണ്ടും പുറക്കാട് എത്തി. പോര്‍ട്ടുഗീസ് ഭാഷയിലാണ് രാജാവും ന്യൂഹാഫും സംഭാഷണം നടത്തിയത്. മുപ്പത് വയസ് പ്രായമുള്ള രാജാവ് കൈകളിലും കാതുകളിലും വൈരങ്ങളും രത്നങ്ങളും പതിച്ച ആഭരണങ്ങള്‍ അണിഞ്ഞിരുന്നു. നാട്ടില്‍ നീതി കര്‍ശനമായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ നാട്ടില്‍ കളവ് ഇല്ലായിരുന്നുവെന്ന് ന്യൂഹാഫ് രേഖപ്പെടുത്തിയിട്ടുണ്ട്. പുറക്കാടിന് അഞ്ഞൂറോളം ചെറിയ പടക്കപ്പലുകളുണ്ടായിരുന്നു. ധാരാളം കുരുമുളക് ഉല്പാദിപ്പിക്കുന്ന രാജ്യമാണ് പുറക്കാട്. കുരുമുളക് പുറക്കാട് വച്ചുതന്നെ ഡച്ചുകാര്‍ തൂക്കി എടുക്കാമെന്ന് ന്യൂഹാഫ് രാജാവിന് ഉറപ്പുകൊടുത്തു.

Third Dutch War 1672-74

പുറക്കാട്ടുനിന്നും ന്യൂഹാഫും സംഘവും പിന്നീട് എത്തിയത് കരുനാഗപ്പള്ളിയിലാണ്. ഇവിടത്തെ 'മരുതൂര്‍ക്കുളങ്ങര'യെ മാര്‍ത്ത എന്നും മാര്‍ട്ടന്‍ എന്നുമെല്ലാം ആണ് പാശ്ചാത്യര്‍ വിളിച്ചിരുന്നത്. കേരളരീതിയില്‍ നിര്‍മ്മിച്ച ഒരു കെട്ടിടത്തില്‍ സംഘം താമസമാക്കി. അവിടെ ഇരുന്നുകൊണ്ട് രാജാവിന് ഒരു സന്ദേശം അയച്ചു. പിറ്റേദിവസം തന്നെ ഡച്ചു സംഘത്തെ കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള സന്ദേശം എത്തി. എന്നാല്‍ കൊട്ടാരത്തിലെത്തിയ സംഘത്തിന് രാജാവിന് ചുറ്റും കാണാന്‍ കഴിഞ്ഞ മുഹമ്മദീയരെക്കുറിച്ച് സംശയം ഉണ്ടായി. ഇവര്‍ക്ക് കണ്ണൂരിലെ മുസ്ലിം കച്ചവടക്കാരുമായി ബന്ധം ഉണ്ടെന്നായിരുന്നുവെന്നാണ് ഡച്ച് സംഘത്തിന്റെ കണക്കുകൂട്ടല്‍. രാജാവുമായി നേരിട്ട് കരാര്‍ ഉണ്ടാക്കണമെന്നായിരുന്നു ന്യൂഹാഫിന്റെ നിര്‍ദേശം. കുരുമുളകും, കറുവാപ്പട്ടയും ശേഖരിക്കാന്‍ അനുവദിക്കുക, കറുപ്പ് ഇറക്കുമതി നിരോധിക്കുക തുടങ്ങിയ വ്യവസ്ഥകള്‍ ഡച്ച് സംഘം മുന്നോട്ടുവച്ചു. അവിടെ ഉണ്ടായിരുന്ന മുസ്ലിം വ്യാപാരികള്‍ അതിനെ എതിര്‍ത്തു. വളരെ നേരത്തെ സംഭാഷണത്തിനുശേഷം കുരുമുളക് കുത്തക ഡച്ചുകാര്‍ക്ക് നല്കാന്‍ രാജാവ് സമ്മതിച്ചു. പിന്നീട് കരുനാഗപ്പള്ളി രാജാവിന്റെ സാമന്തനായ പ്രഭു ന്യൂഹാഫിനും സംഘത്തിനും കോഴി ഇറച്ചിയും പായസവും മധുരപപലഹാരങ്ങളും നല്കി സല്‍ക്കരിച്ചു. പുറക്കാട് രാജാവുമായി ഉടമ്പടി ഉണ്ടാക്കിയതറിഞ്ഞ് കായംകുളം രാജാവ് കസവു തുന്നിപ്പിടിപ്പിച്ച കുപ്പായം ന്യൂഹാഫിന് സമ്മാനമായി ദൂതന്മാര്‍ വഴി അയച്ചുകൊടുത്തു. ഇനി കൊല്ലം വഴിയാണ് ന്യൂഹാഫിന്റെ യാത്ര. കൊല്ലം റാണി, ആറ്റിങ്ങല്‍ റാണി, കൊട്ടാരക്കര റാണി, തിരുവിതാംകൂര്‍ രാജാവ് എന്നിവരുമായിട്ടാണ് പ്രധാനമായും കരാറുകള്‍ ഒപ്പിടേണ്ടത്.*

ഇക്കാലത്ത് യൂറോപ്പില്‍ ഡച്ചുകാരും ഇംഗ്ലീഷുകാരും തമ്മില്‍ വീണ്ടും യുദ്ധം ഉണ്ടായി. ഡച്ച് വെസ്റ്റ് ഇന്‍ഡീസ് പശ്ചിമാഫ്രിക്കയിലേയും അമേരിക്കയിലേയും വസ്തുക്കള്‍ ഇംഗ്ലീഷുകാര്‍ പിടിച്ചെടുത്തതാണ് യുദ്ധത്തിന് കാരണമായത് (1665-67) ഡച്ച് നാവികപ്പട പല പ്രാവശ്യവും ഇംഗ്ലീഷുകാരെ തോല്പിച്ചു. പിന്നീട് ഉണ്ടായ സന്ധിയെ തുടര്‍ന്ന് യുദ്ധം അവസാനിച്ചു.

ഉറവിടം - Dr. T.I. Poonen - Dutch Hegemony in Malabar and Collapse - Department of Publication University of Kerala 1978

ആറുകളിലൂടെ ന്യൂഹാഫിന്റെ യാത്ര.
എഴുന്നൂറോളം അംഗരക്ഷകരുടെ അകമ്പടിയോടെ ആറ്റിങ്ങല്‍ റാണിയുടെ എഴുന്നള്ളത്ത്.

1664
റാണിമാരുടെ നാട്ടിലൂടെ ന്യൂഹാഫിന്റെ ജൈത്രയാത്ര

തെക്കന്‍ കേരളത്തില്‍ ന്യൂഹാഫിനെ അത്ഭുതപ്പെടുത്തിയതു റാണിമാരുടെ ഭരണമാണ്.

തെക്കന്‍ കേരളത്തില്‍ ന്യൂഹാഫിനെ അത്ഭുതപ്പെടുത്തിയതു റാണിമാരുടെ ഭരണമാണ്. രാജാക്കന്മാരെപ്പോലെ തന്നെ റാണിമാരും സമര്‍ഥമായി അന്ന് ഭരണം നടത്തിയിരുന്നു. അവരുമായിട്ടായിരുന്നു ന്യൂഹാഫിന് കരാര്‍ ഒപ്പിടേണ്ടിയിരുന്നത്. കൊല്ലത്തുനിന്നും കപ്പലില്‍ ആണ് ന്യൂഹാഫ് ആറ്റിങ്ങല്‍ റാണിയെ കാണാന്‍ യാത്ര തിരിച്ചത്. എന്നാല്‍ കാപ്പില്‍ എന്ന സ്ഥലത്ത് എത്തിയശേഷം ഒരു നാടന്‍ വള്ളത്തിലൂടെ വാമനപുരം നദിയിലൂടെയായിരുന്നു യാത്ര. മൂന്നു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആറ്റിങ്ങല്‍ കൊട്ടാരത്തിലെത്തി. അവിടെ തിരുവിതാംകൂര്‍ രാജാവ് ഉണ്ടായിരുന്നു. അദ്ദേഹം തന്റെ കൊട്ടാരമായ കല്‍ക്കുളം (പില്‍ക്കാലത്ത് പത്മനാഭപുരം) കൊട്ടാരത്തിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു. ന്യൂഹാഫും തിരുവിതാംകൂര്‍ രാജാവിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. കൊട്ടാരത്തിന്റെ പടിഞ്ഞാറുവശത്തുള്ള കുന്നിന്‍ ചരുവില്‍ തോട്ടത്തിലുള്ള വീടാണ് ന്യൂഹാഫിനും സംഘത്തിനും താമസിക്കാന്‍ നല്കിയത്. പിറ്റേദിവസം രാജാവിന്റെ ആളുകളും ഡച്ചുസംഘവും തമ്മില്‍ കൂടിക്കാഴ്ച നടത്തി. കമ്പളമാണ് ന്യൂഹാഫിന് ഇരിയ്ക്കാന്‍ നല്കിയത്. കൊല്ലം റാണിയുടെ കൊട്ടാരം തീവച്ചു നശിപ്പിച്ച നടപടിയില്‍ രാജാവിന്റെ കാര്യസ്ഥന്‍ ഡച്ചുസംഘത്തോട് നീരസം പ്രകടിപ്പിച്ചു. കൊച്ചിയില്‍ നിന്നും നിഷ്ക്കാസിതനായ ഗോദവര്‍മ്മ രാജാവിന്റെ ഭാവിയെപ്പറ്റിയും ചര്‍ച്ച നടന്നു. നേരിട്ട് രാജാവുമായി ചര്‍ച്ച ചെയ്യണമെന്ന ന്യൂഹാഫിന്റെ നിര്‍ബന്ധവും, പലരോടും ചര്‍ച്ച ചെയ്തേ തീരുമാനിയ്ക്കാന്‍ തനിയ്ക്ക് കഴിയൂ എന്ന ദൂതന്മാര്‍ വഴിയുള്ള രാജാവിന്റെ മറുപടിയും കാരണം ചര്‍ച്ച വഴിമുട്ടി. ഇതിനിടയില്‍ തിരുവിതാംകൂര്‍ രാജാവ് പോയിക്കഴിഞ്ഞാല്‍ താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആറ്റിങ്ങല്‍ റാണി ഡച്ച് സംഘത്തിന് രഹസ്യസന്ദേശം അയച്ചു. അത് ഡച്ചുകാര്‍ സ്വീകരിച്ചില്ല.

Nieuhof's Audience with the Queen of Kerala

ദേശിംഗനാട് (കൊല്ലം), കൊട്ടാരക്കര (പിന്നീട് ഇളയിടത്ത് സ്വരൂപം), തൃപ്പാപ്പൂര്‍ ( വേണാട് - തിരുവിതാംകൂര്‍ ) എന്നീ രാജ്യങ്ങള്‍ ആറ്റിങ്ങല്‍ രാജകുടുംബത്തിന്റെ തായ് വഴി സ്വരൂപങ്ങളാണ്. കുടുംബത്തിലെ മൂത്തതമ്പുരാട്ടി ആറ്റിങ്ങല്‍ സ്വരൂപത്തിന്റെ റാണി കൂടിയാണ്. കുരുമുളക് സമൃദ്ധമായി വളരുന്ന സ്ഥലമാണ് ആറ്റിങ്ങല്‍ . അയല്‍പ്രദേശങ്ങളില്‍ നിന്നും കുരുമുളക് ഇവിടെ എത്തുന്നുണ്ട്. ആറ്റിങ്ങല്‍ നിന്നും കാപ്പിലേയ്ക്കും അവിടെ നിന്നും തേങ്ങാപ്പട്ടണത്തിലേയ്ക്കുമാണ് ന്യൂഹാഫ് യാത്രചെയ്തത്. പിന്നീട് കൊല്ലത്ത് എത്തി. കൊട്ടാരക്കര റാണിയെ കാണാന്‍ കിളിയല്ലൂര്‍ (ദേശിംഗനാടിന്റേയും കൊട്ടാരക്കരയുടെ അതിര്‍ത്തിയായ ഈ പ്രദേശം നെയ്ത്തുകേന്ദ്രം ആയിരുന്നു) എത്തിയത്. എന്നാല്‍ അപ്പോള്‍ കൊട്ടാരക്കര റാണി പേരകത്താവഴിക്കു പോയതായി വിവരം ലഭിച്ചു. കൊല്ലത്തുവച്ചുതന്നെ തിരുവിതാംകൂര്‍ (വേണാട്) രാജാവിന്റെ പ്രതിനിധികള്‍ ന്യൂഹാഫിനെ കാണാനെത്തി. ചുങ്കത്തിന്റെ വിഹിതം, കറുപ്പ് ഇറക്കുമതി, മുളക് കയറ്റുമതി എന്നിവയെപ്പറ്റി ചര്‍ച്ച നടത്തി കരാര്‍ ഉണ്ടാക്കി. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി അല്ലാതെ മറ്റാര്‍ക്കും രാജ്യത്ത് കറുപ്പ് വില്‍ക്കുകയോ, കൈമാറുകയോ ചെയ്യാന്‍ പാടില്ല. അതുപോലെ കുരുമുളകും കറുവപ്പട്ടയും കയറ്റുമതി ചെയ്യാനോ വില്‍ക്കാനോ പാടില്ല എന്നീ നിബന്ധനകള്‍ കരാറില്‍ ഉള്‍പ്പെടുത്തി.

Attingal Palace

കല്ലട കൊട്ടാരത്തില്‍ വച്ചായിരുന്നു ദേശിംഗനാടു റാണിയുമായി ന്യൂഹാഫ് ചര്‍ച്ച നടത്തിയത്. കൊല്ലത്ത് ഉണ്ടായിരുന്ന കൊട്ടാരം ഡച്ചുകാര്‍ ആണ് മുമ്പ് നശിപ്പിച്ചത്. അതിനുശേഷമാണ് റാണി കല്ലട കൊട്ടാരത്തിലേയ്ക്ക് മാറിയത്. ആറ്റിന്റെ ഭാഗത്തുള്ള ഉള്‍ക്കടലിലാണ് കല്ലട. ഉള്‍ക്കടലിന്റെ നടുവില്‍ മൂന്നു വലിയ പാറകള്‍ ചേര്‍ന്ന് മലപോലെ കാണാം. ഡച്ച് സംഘത്തെ റാണി കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ചു. എഴുന്നൂറോളം അംഗരക്ഷകരുടെ അകമ്പടിയോടെയായിരുന്നു റാണി എത്തിയത്. റാണിയ്ക്ക് അരയില്‍ ചുറ്റിയ വസ്ത്രവും തോളില്‍ ഇട്ടിരുന്ന ചെറുവസ്ത്രവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൈകളിലും കഴുത്തിലും വിലപിടിച്ച രത്നങ്ങളും സ്വര്‍ണാഭരണങ്ങളും ധരിച്ചിരുന്നു. മധ്യവയസ് കഴിഞ്ഞ പ്രായം, തവിട്ടുനിറം, കറുത്ത തലമുടി ചീകിക്കെട്ടി പുറകിലോട്ടിട്ടിരുന്നു. കുലീനത ആ മുഖത്ത് പ്രകടമായിരുന്നു. ദീര്‍ഘനേരത്തെ സംഭാഷണത്തിനുശേഷം കരാറിനെപ്പറ്റി ചര്‍ച്ചയായി. നക്കല്‍ വ്യവസ്ഥകള്‍ എല്ലാം അംഗീകരിച്ചു. കമ്പനിയോട് സൗഹൃദം പുലര്‍ത്തുമെന്നും റാണി ഉറപ്പുകൊടുത്തു. ആദരസൂചകമായി കൈയ്യില്‍ നിന്നും ഒരുവള ഊരി റാണി ന്യൂഹാഫിന് നല്കി. കൊല്ലത്ത് നിയമിക്കാന്‍ പോകുന്ന ജേംസ്ചെര്‍ഡീവെണ്ണയെ റാണിയെ പരിചയപ്പെടുത്തി. തൂത്തുക്കുടിയിലേയ്ക്ക് തന്നെ മാറ്റിനിയമിച്ചിരിക്കുകയാണെന്നും, ജേംസ് ചെര്‍ഡീവെണ്ണയ്ക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കണമെന്നും ന്യൂഹാഫ് പറഞ്ഞപ്പോള്‍ റാണി മറ്റൊരു വള ഊരി അദ്ദേഹത്തിന് നല്കി. കൊട്ടാരത്തിലെത്തി കരാര്‍ ഒപ്പിട്ടശേഷം കൊല്ലത്ത് എത്തിയ ന്യൂഹാഫ് തൂത്തുക്കുടിയിലേയ്ക്ക് പോയി പുതിയ ജോലി ഏറ്റെടുക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. 1666 സെപ്തംബറില്‍ അദ്ദേഹം തൂത്തുക്കുടിയിലേയ്ക്ക് കപ്പല്‍ കയറി. *

ഈ സമയത്ത് ഡച്ചുകാരേയും ഇംഗ്ലീഷുകാരേയും ഭയപ്പെടുത്തിയ സംഭവം, മഹാരാഷ്ട്രയിലെ ശിവജിയുടെ ഡക്കാണ്‍ ആക്രമണമായിരുന്നു.

*ഉറവിടം - John Nieuhoff (Churchill's Collection of Voyages)