ഔറംഗസേബ് മുഗള്‍സാമ്രാജ്യം വിസ്തൃതമാക്കുന്നു.
ശിവജിയുടെ മരണം.
കൊച്ചിയില്‍ വെട്ടംയുദ്ധം.
ഇംഗ്ലീഷുകാര്‍ അഞ്ചുതെങ്ങ് കോട്ട പൂര്‍ത്തിയാക്കുന്നു.

1695
അഞ്ചുതെങ്ങിലെ ഇംഗ്ലീഷ് കോട്ട; ഡച്ചുകാര്‍ക്ക് സ്വൈര്യം കെടുത്തുന്നു

ഡച്ചുകാര്‍ കേരള (മലബാര്‍)ത്തിന്റെ വ്യാപാരം കൈയ്യടക്കാന്‍ ഓടിനടക്കുമ്പോള്‍ ഇന്ത്യയിലും ലോകത്തും മഹാസംഭവങ്ങള്‍ നടക്കുകയായിരുന്നു.

ഇന്ത്യയുടെ കിഴക്കും, പടിഞ്ഞാറും മാത്രമല്ല, ഡക്കാനുമെല്ലാം കീഴടക്കി മുഗള്‍ സാമ്രാജ്യത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കുന്നു. ഔറംഗസേബിനെതിരെ ശിവജിയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര ശക്തിയുടെ ഉയര്‍ച്ചയും, ഔറംഗസേബിന്റെ മതനയത്തിനെതിരേ സിഖുകാര്‍ 'ഖല്‍സാ' എന്ന പ്രസ്ഥാനം ആരംഭിച്ചത് ഈ സമയത്താണ്. വേണാട്ടി (തിരുവിതാംകൂര്‍)ല്‍ ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ഊരാളന്മാരായ യോഗക്കാരും, രാജാവും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ക്ഷേത്രവസ്തുക്കളും മറ്റും മേല്‍നോട്ടം വഹിച്ചിരുന്ന മാടമ്പിമാരും പിള്ളമാരും യോഗക്കാരോട് ചേര്‍ന്നത് രാജാവിന് ഭീഷണിയായി മാറുന്നു.

അഞ്ചുതെങ്ങിലെ ഇംഗ്ലീഷ് കോട്ട

1680ല്‍ ശിവജിയുടെ സംഭവബഹുലമായ ജീവിതം അവസാനിച്ചു. മറാഠി ശക്തിയെ തകര്‍ക്കാന്‍ കാത്തിരുന്ന ഔറംഗസേബിന് ഇത് അവസരമായി. ഡച്ചുകാര്‍ കൊച്ചി പിടിച്ചെടുത്ത തോടെ, അവിടെനിന്ന് ഇംഗ്ലീഷുകാരെ പുറത്താക്കി. അതോടെ ഇംഗ്ലീഷുകാര്‍ വ്യാപാരം പൊന്നാനിയിലേക്ക്വ്യാപിപ്പിച്ചുവെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതിനിടയില്‍ ആറ്റിങ്ങല്‍ റാണിയെ സന്ദര്‍ശിച്ച് അഞ്ചുതെങ്ങില്‍ കോട്ട കെട്ടാന്‍ അവര്‍ 1684ല്‍ അനുവാദം വാങ്ങി. കോട്ടയുടെ നിര്‍മ്മാണം വളരെ വേഗത്തില്‍ നടന്നു.

മഹാനായ പീറ്റര്‍ ചക്രവര്‍ത്തി

ശാസ്ത്രവും സാഹിത്യവും വളര്‍ച്ച പ്രാപിക്കുന്ന കാലഘട്ടം കൂടിയാണിത്. 1687ല്‍ ഐസക് ന്യൂട്ടന്‍ ചലനനിയമം ആവിഷ്കരിച്ചത് പൗരോഹിത്യത്തിന്റെ നെറ്റി ചുളിക്കുന്നു. ഇംഗ്ലണ്ടില്‍ രക്തരഹിതവിപ്ലവം ഇക്കാലത്തെ മറ്റൊരു ചരിത്രസംഭവമാണ്. ജെയിംസ് രണ്ടാമന്റെ ഏകാധിപത്യഭരണത്തിനെതിരേ റോമന്‍ കത്തോലിക്കരല്ലാത്ത വ്യത്യസ്ത വിഭാഗങ്ങള്‍ ഒത്തുചേര്‍ന്ന് 1688ല്‍ പ്രൊട്ടസ്റ്റാന്റ് ദമ്പതികളായ വില്യമിനേയും മകള്‍ മേരിയേയും ഇംഗ്ലണ്ടിലെ ഭരണം ഏല്പിക്കാന്‍ ക്ഷണിച്ചതും, ജെയിംസ് രണ്ടാമന്‍ നാടുവിട്ട് ഓടിയതുമാണ് ഈ സംഭവം. അടുത്ത വര്‍ഷം (1689 ല്‍) റഷ്യയില്‍ മഹാനായ പീറ്റര്‍ ചക്രവര്‍ത്തി ഭരണം ആരംഭിക്കുന്നു.

അഞ്ചുതെങ്ങിലെ ഇംഗ്ലീഷ് കോട്ട

ഇതൊക്കെ നടക്കുന്നതിനിടയില്‍ ഡച്ചുകാര്‍ കൊച്ചി ഭരണത്തില്‍ കൂടുതല്‍ പിടിമുറുക്കുകയായിരുന്നു. കൊച്ചി ഡച്ചുകാരുടെ അധീനതയില്‍ വന്നെങ്കിലും സാമൂതിരിയുംകൊച്ചിരാജാവും തമ്മിലുള്ള ശത്രുതയ്ക്ക് കുറവ് വന്നില്ല. രണ്ടുരാജ്യങ്ങളും കൂടെ കൂടെ ആക്രമണങ്ങള്‍ തുടര്‍ന്നു. 1689ല്‍ ചാഴൂര്‍ ശാഖയില്‍ നിന്നും കൊച്ചി രാജകുടുംബത്തിലേയ്ക്ക് ഏതാനും അംഗങ്ങളെ ദത്ത് എടുക്കാന്‍ തീരുമാനിച്ചത് ആഭ്യന്തര കലഹത്തിന് വഴിയൊരുക്കി. ദത്ത് എടുക്കലിനെ എതിര്‍ത്ത പറവൂര്‍, മങ്ങാട്, കരപ്പുറം എന്നിവിടങ്ങളിലെ സാമന്തന്മാര്‍ കൊച്ചി രാജാവുമായി യുദ്ധത്തിന് ഒരുങ്ങി. വെട്ടത്ത് നാട്ടില്‍നിന്നും ദത്ത് എടുക്കണമെന്നായിരുന്നു അവരുടെ ആവശ്യം. തര്‍ക്കം ഘോരയുദ്ധമായി. സൂത്രശാലിയായ സാമൂതിരി അവസരം പാഴാക്കിയില്ല. ഡച്ചുകാരോട് ഒത്ത് അദ്ദേഹം കൊച്ചിയെ സഹായിക്കാനെത്തി. 'വെട്ടം യുദ്ധം' എന്ന് ഇത് അറിയപ്പെടുന്നു. വെട്ടം കക്ഷികളെ തോല്പിച്ചശേഷം ഡച്ചുകാര്‍ ചേറ്റുവാ പ്രദേശം സാമൂതിരിയ്ക്ക് കൊടുത്തു. സാമൂതിരിയുമായി വ്യാപാരബന്ധം ഉണ്ടാക്കുക, ഇംഗ്ലീഷുകാരെ സാമൂതിരിയില്‍ നിന്നും അകറ്റുക തുടങ്ങിയവയായിരുന്നു ഡച്ചുകാരുടെ ലക്ഷ്യം. ചേറ്റുവാ വിട്ടുകൊടുത്തത് കൊച്ചിരാജാവിന് ഈര്‍ഷ്യ ഉണ്ടാക്കിയെങ്കിലും അദ്ദേഹം ഡച്ചുകാരെ ഭയന്ന് തല്‍ക്കാലം മിണ്ടിയില്ല. ഇതിനുശേഷവും കൊച്ചിയും സാമൂതിരിയും തമ്മിലുള്ള ഉരസല്‍ തുടര്‍ന്നുകൊണ്ടിരുന്നു.

ഇംഗ്ലീഷുകാര്‍ക്ക് ആറ്റിങ്ങല്‍ റാണി നല്കിയ അഞ്ചുതെങ്ങിലെ കോട്ടയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഡച്ചുകാരെ സ്വൈര്യം കെടുത്തുന്ന നടപടിയാണിത്. അഞ്ചുതെങ്ങ് കോട്ട പൂര്‍ത്തിയായാല്‍ അത് അവരുടെ കേരളത്തിലെ വലിയ വാണിജ്യകേന്ദ്രമാകുമെന്ന് ഡച്ചുകാര്‍ കണക്കുകൂട്ടി. പക്ഷെ ഒരാക്രമണത്തിന് ഡച്ചുകാര്‍ തയ്യാറായില്ല. 1695ല്‍ അഞ്ചുതെങ്ങ് കോട്ട പൂര്‍ത്തിയായി. ഡച്ചുകാര്‍ ഭയപ്പെട്ടതുപോലെ അത് ഇംഗ്ലീഷുകാരുടെ കേരളത്തിന്റെ ഭാഗ്യവാതില്‍ ആയി മാറി.

(ഈ ഭാഗം എഴുതാന്‍ ഉപയോഗിച്ച പ്രധാന പുസ്തകം കൊച്ചി രാജ്യചരിത്രം)