യൂറോപ്പില്‍ ആസ്ട്രിയന്‍ പിന്തുടര്‍ച്ചാവകാശ യുദ്ധം.
മാര്‍ത്താണ്ഡവര്‍മ്മയും ഡച്ചുകാരും ഉടമ്പടി ഒപ്പിടുന്നു.
ഡിലനോയ് തിരുവിതാംകൂര്‍ പട്ടാളത്തെ പരിഷ്കരിക്കുന്നു.
ഡ്യൂപ്ലേ ഫ്രഞ്ച് ഗവര്‍ണര്‍ ആയി എത്തുന്നു.

1743
മാര്‍ത്താണ്ഡവര്‍മ്മയും ഡച്ചുകാരും ഉടമ്പടി ഒപ്പിടുന്നു

യൂറോപ്പില്‍ ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും രണ്ട് ചേരികളായി നടക്കുന്ന അസ്ട്രിയന്‍ പിന്തുടര്‍ച്ചവകാശ യുദ്ധം തുടരുന്നു. കുളച്ചല്‍ യുദ്ധത്തില്‍ പരാജയപ്പെട്ടുവെങ്കിലും ഡച്ചുകാരും തെക്കന്‍ കേരളത്തിലെ യുദ്ധം വീണ്ടും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ഡ്യൂപ്ലേ

ഫ്രഞ്ചുകാര്‍ തിരുവിതാംകൂര്‍ രാജാവുമായി ബന്ധം സ്ഥാപിച്ച് വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നു. അവര്‍ കര്‍ണാടിക് നവാബുമായി സൗഹൃദത്തിലാണ്. തെക്കേ ഇന്ത്യന്‍ പ്രദേശങ്ങളിലെ (കര്‍ണാടിക്) വ്യാപാരകേന്ദ്രങ്ങളിലാണ് ഫ്രഞ്ചുകാരുടെ കണ്ണ്. ഇതിനിടയിലാണ് ഫ്രഞ്ചുകാരെ ഞെട്ടിപ്പിച്ചുകൊണ്ട് മറാഠികള്‍ ആര്‍ക്കാട് ആക്രമിച്ചതും ചന്ദാസാഹിബിനെ തടവിലാക്കിയതും. കര്‍ണാടിക് പ്രദേശങ്ങളിലെ രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുന്നു. ഈ സമയത്ത് ഇന്ത്യയിലെ ഫ്രഞ്ചുകാര്‍ക്ക് പുതിയ ഉണര്‍വ് നല്കിക്കൊണ്ട് ഗവര്‍ണര്‍ ജനറല്‍ ആയി ഡ്യൂപ്ലേ എത്തുന്നു (1742). ധീരനും സാഹസികനും ആയ ഡ്യൂപ്ലേയുടെ വരവ് കേരളത്തിലെ ഇംഗ്ലീഷുകാര്‍ക്കും, ഡച്ചുകാര്‍ക്കും ഒരേപോലെ തലവേദന സൃഷ്ടിക്കുന്നു. വടക്കേ മലബാറില്‍ ഡച്ചുകാരും, ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും ആണ് വ്യാപാരരംഗത്ത് ഉള്ളത്. ഡ്യൂപ്ലേയുടെ വരവോടുകൂടി കേരളത്തിന്റെ വടക്കുഭാഗത്ത് മാത്രമല്ല തെക്കേ ഇന്ത്യയിലെ കര്‍ണാടിക് പ്രദേശങ്ങളും മത്സരവേദിയാകാന്‍ പോകുന്നു. തെക്കന്‍ കേരളത്തിലെ കുളച്ചലില്‍ നടന്ന യുദ്ധത്തില്‍ പരാജയപ്പെട്ടതോടെ തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്ഡവര്‍മ്മ രാജാക്കന്മാരുടെ പേടിസ്വപ്നമായി മാറി. മാര്‍ത്താണ്ഡവര്‍മ്മയെ തടഞ്ഞുനിര്‍ത്താന്‍ മുമ്പ് അവര്‍ ശക്തനായ എതിരാളിയായി കണ്ടിരുന്നത് ഡച്ചുകാരെയാണ്. കുളച്ചല്‍ യുദ്ധത്തില്‍ തോല്‍വി പറ്റിയെങ്കിലും കൂടുതല്‍ കരുത്ത് ആര്‍ജിച്ച് ഡച്ചുകാര്‍ തങ്ങള്‍ക്ക് വ്യാപാരബന്ധമുള്ള രാജ്യങ്ങളെ സഹായിക്കാന്‍ വീണ്ടും മുന്നിട്ടിറങ്ങി.

കുളച്ചല്‍ യുദ്ധത്തിനുശേഷം ഡിലനോയ് കീഴടങ്ങി

ഇംഗ്ലീഷുകാരില്‍ നിന്നും ഫ്രഞ്ചുകാരില്‍ നിന്നും കൂടുതല്‍ ആയുധങ്ങള്‍ ശേഖരിച്ചും പട്ടാളത്തെ യൂറോപ്പ്യന്‍ രീതിയില്‍ പരിഷ്കരിച്ചും മാര്‍ത്താണ്ഡവര്‍മ്മ അയല്‍രാജ്യങ്ങളെ വീണ്ടും ആക്രമിച്ചുതുടങ്ങി. പല കാരണങ്ങളാലും ഡച്ച് പട്ടാളത്തില്‍ നിന്നും കൂറുമാറിയവരേയും, കുളച്ചല്‍ യുദ്ധത്തില്‍ കീഴടങ്ങിയവരേയും ഉപയോഗിച്ചാണ് മാര്‍ത്താണ്ഡവര്‍മ്മ പട്ടാളത്തെ ആധുനികവത്കരിച്ചത്. ഡച്ച് പട്ടാളത്തിലുണ്ടായിരുന്ന ദുയ്വന്‍ഷോട്, ഡിലനോയ് (Eustache de Lannoy) എന്നിവരുടെ സേവനം ഈ കാര്യത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ സമര്‍ഥമായി ഉപയോഗിച്ചു. കുളച്ചല്‍ യുദ്ധത്തിനു വളരെ മുമ്പുതന്നെ ജര്‍മ്മന്‍കാരനായ ദുയ്വന്‍ഷോട് (Duij Venschot) മാര്‍ത്താണ്ഡവര്‍മ്മയോട് കൂറ് പുലര്‍ത്തി, അദ്ദേഹത്തിന്റെ പട്ടാളത്തില്‍ സേവനം അനുഷ്ഠിക്കാന്‍ തുടങ്ങിയിരുന്നു. കുളച്ചല്‍ യുദ്ധത്തിനുശേഷം ഡിലനോയ് കീഴടങ്ങിയവരില്‍ ഉണ്ടായിരുന്നുവെന്നാണ് നേരത്തെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഡച്ച് പട്ടാളത്തില്‍ നിന്നും പിണങ്ങിയ അദ്ദേഹവും സംഘവും കുളച്ചല്‍ യുദ്ധത്തിന് ഏതാനും ദിവസത്തിനു മുമ്പാണ് കൂറുമാറി മാര്‍ത്താണ്ഡവര്‍മ്മയുടെ കൊട്ടാരത്തിലെത്തിയതെന്നാണ് ഇപ്പോള്‍ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്. അത് എന്തായാലും തിരുവിതാംകൂര്‍ പട്ടാളത്തെ പരിഷ്കരിക്കുന്നതിനും, പീരങ്കി, വലിയ തോക്ക്, മറ്റ് ആയുധങ്ങള്‍ എന്നിവ നിര്‍മ്മിച്ച് നല്കുന്നതിനും കോട്ടകള്‍ കെട്ടുന്നതിനുമെല്ലാം തിരുവിതാംകൂര്‍ സൈന്യത്തിന്റെ മേധാവി എന്ന നിലയില്‍ ഉയര്‍ന്ന ഡിലനോയി ആണ് നേതൃത്വം കൊടുത്തത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പട്ടാളശക്തിയും ദളവസ്ഥാനത്തേയ്ക്ക് ഉയര്‍ത്തിയ രാമയ്യന്റെ ബുദ്ധിശക്തിയുമായിരുന്നു പില്‍ക്കാലത്ത് മാര്‍ത്താണ്ഡവര്‍മ്മയുടെ വിജയങ്ങള്‍ക്ക് കാരണമായത്.

ആസ്ട്രിയന്‍ പിന്തുടര്‍ച്ചവകാശയുദ്ധം

മേരിയാ തെറീസ

ആസ്ട്രിയന്‍ ചക്രവര്‍ത്തി ചാള്‍സ് ആറാമന്‍ തന്റെ കാലത്തിനുശേഷം മകള്‍ മേരിയാ തെറീസയെ ആ പദവിയിലേക്ക് അവരോധിക്കണമെന്ന ഒരു പ്രമാണം (പ്രാഗ്മാറ്റിക് സാങ്ഷന്‍) തയ്യാറാക്കി മറ്റ് രാജ്യങ്ങളെക്കൊണ്ട് അംഗീകരിപ്പിച്ചിരുന്നു. എന്നാല്‍ മേരിയാ തെറീസയെ ചക്രവര്‍ത്തിനിയായപ്പോള്‍ പ്രഷ്യ (പില്‍ക്കാലത്ത് ജര്‍മ്മനി)യിലെ രാജാവ് ഫ്രഡറിക് രണ്ടാമന്‍ അത് ലംഘിച്ചതാണ് യുദ്ധത്തിന് കാരണമായത്. ഫ്രാന്‍സിലെ ലൂയി പതിനഞ്ചാമന്‍ പ്രഷ്യയെ സഹായിക്കാന്‍ എത്തി. ഇംഗ്ലണ്ടിലെ ജോര്‍ജ് രണ്ടാമന്‍ അസ്ട്രിയെ സഹായിക്കാന്‍ നേരിട്ട് സൈന്യത്തെ നയിച്ചു. ഇതിന്റെ പ്രതിഫലനം ഇന്ത്യയിലെ ഫ്രഞ്ചുകാരുടേയും ഇംഗ്ലീഷുകാരുടേയും ഇടയിലുണ്ടായി. ആസ്ട്രിയന്‍ യുദ്ധത്തില്‍ വിജയം ഫ്രാന്‍സിനായിരുന്നു. 1748 ലെ ഐലാഷപ്പോള്‍ (Aixe-la-Chappelle) കരാര്‍ പ്രകാരമാണ് യുദ്ധം അവസാനിച്ചത്.

കുളച്ചല്‍ യുദ്ധത്തിനുശേഷം മാര്‍ത്താണ്ഡവര്‍മ്മയുടെ മുന്നേറ്റം തടയാന്‍ ഡച്ചുകാര്‍ വീണ്ടും ശ്രമം തുടങ്ങി. ദേശിംഗനാടിന്റെ സഹായത്തോടെ ഡച്ചുകാര്‍ വാമനപുരം ആക്രമിച്ചു. പക്ഷെ പിന്നീട് അത് വിട്ടുകൊടുക്കേണ്ടിവന്നു. തിരുവിതാംകൂര്‍ സൈന്യം പിന്നീട് കൊല്ലം കോട്ട വളഞ്ഞു. കായംകുളം രാജാവിന്റെ മന്ത്രി അച്ചുതവാരിയരുടെ നേതൃത്വത്തില്‍ കോട്ട പ്രതിരോധിച്ചു. ഡച്ചുകാരും കായംകുളവും ചേര്‍ന്ന് കിളിമാനൂര്‍ പിടിച്ചെടുത്തത് മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ആഘാതമായി. തിരുനെല്‍വേലിയില്‍ നിന്ന് എത്തിയ കുതിരപ്പട്ടാളത്തിന്റെ നേതൃത്വത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ തിരിച്ചടി തുടങ്ങി. തിരുവിതാംകൂര്‍ പട്ടാളം കായംകുളത്ത് എത്തി. കായംകുളം രാജാവ് നടത്തിയ സമാധാന അഭ്യര്‍ഥന തിരുവിതാംകൂര്‍ സീകരിച്ചു. തങ്ങള്‍ക്ക് കുരുമുളക് ലഭിക്കുന്ന രാജ്യങ്ങള്‍ ഓരോന്നായി നഷ്ടപ്പെടുന്നത് മനസ്സിലാക്കിയ ഡച്ചുകാര്‍ എങ്ങനെയെങ്കിലും തിരുവിതാംകൂറുമായി ഒരു സന്ധിയ്ക്ക് ശ്രമം തുടങ്ങി. പക്ഷെ ഓരോ പ്രാവശ്യവും ഓരോ വിധത്തിലുള്ള കാര്യങ്ങള്‍ പറഞ്ഞ് മാര്‍ത്താണ്ഡവര്‍മ്മ സന്ധിയില്‍ നിന്നും വിട്ടുനിന്നു. അതേസമയം ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരുമായിട്ടുള്ള ബന്ധം മെച്ചപ്പെടുത്തുന്നതും, കൊച്ചി പോലും മാര്‍ത്താണ്ഡവര്‍മ്മയുമായി നേരിട്ടുള്ള ഉടമ്പടി ആഗ്രഹിക്കുന്നതും ഡച്ചുകാര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് മാര്‍ത്താണ്ഡവര്‍മ്മയുടെ ഇംഗിതത്തിനൊത്ത ഒരു ഉടമ്പടി ഉണ്ടാക്കാന്‍ ഡച്ചുകാര്‍ തയ്യാറായത്. 1743 മേയ് 22ന് 28 വകുപ്പുകളുള്ള ഒരു ഉടമ്പടി മാര്‍ത്താണ്ഡവര്‍മ്മയും ഡച്ച് ഗവര്‍ണര്‍ വാന്‍ ഇംഹോഫിനുവേണ്ടി കമാണ്ടര്‍ റീനിക്കസ് സീര്‍സ്മ (Reinicus Siersma) യുമാണ് ഒപ്പുവച്ചത്.

രണ്ടുകക്ഷികളും യുദ്ധം നിര്‍ത്തുക, കൊല്ലത്തും പണ്ടാരത്തുരുത്തിയിലും ഉള്ള കച്ചവടക്കാര്‍ വഴി രാജാവ് കമ്പനിയ്ക്ക് 1200 കണ്ടി ഉണങ്ങിയ കുരുമുളക് (കണ്ടിയ്ക്ക് 54 രൂപ വീതം) വിലയ്ക്ക് നല്കുക, 100 കണ്ടി കുരുമുളകിനു പകരം വെടിയുണ്ടയും തോക്കും ഡച്ചുകാര്‍ നല്കുക, കുളച്ചലില്‍ കോട്ട കെട്ടാന്‍ ഡച്ചുകാരെ അനുവദിക്കുക, കര്‍ണാടിക് നവാബ് തിരുവിതാംകൂറിനെ ആക്രമിക്കുകയാണെങ്കില്‍ പീരങ്കിപ്പടയും പട്ടാളത്തേയും നല്കി തിരുവിതാംകൂറിനെ സഹായിക്കുക തുടങ്ങിയവയായിരുന്നു പ്രധാന വ്യവസ്ഥകള്‍ . എന്നാല്‍ കായംകുളം, ദേശിംഗനാട് തുടങ്ങിയ രാജ്യങ്ങളില്‍ ആക്രമണം നടത്തുന്നതിനുള്ള മാര്‍ത്താണ്ഡവര്‍മ്മയുടെ അവകാശവും ഈ കരാറില്‍ ഒളിഞ്ഞിരുന്നു. കിഴക്കന്‍ അതിര്‍ത്തിയില്‍ കര്‍ണാടിക് നവാബിന്റെ ഭീഷണി ഉണ്ടായതിനെ തുടര്‍ന്നാണ് സൂത്രശാലിയായ മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരുമായി സന്ധി ഉണ്ടാക്കിയതെന്ന് ചരിത്രകാരന്മാര്‍ക്ക് അഭിപ്രായം ഉണ്ട്. കരാര്‍ ഒപ്പിട്ടശേഷം അയല്‍രാജ്യങ്ങളെ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയായിരുന്നു മാര്‍ത്താണ്ഡവര്‍മ്മ. ക്രമേണ തന്ത്രങ്ങള്‍ ഓരോന്നായി അദ്ദേഹം പ്രയോഗിച്ചുതുടങ്ങി.

ഡിലനോയിയും കുടുംബവും ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു

ഡച്ച്സൈന്യത്തിലുണ്ടായിരുന്ന ഡിലനോയി (Eustachius Benedictus De Lonny)യുടെ സേവനം തിരുവിതാംകൂര്‍ ചരിത്രത്തിലെ പ്രധാന അധ്യായമാണ്. അദ്ദേഹം കുളച്ചല്‍ യുദ്ധത്തിനു മുമ്പുതന്നെ കൂറുമാറി തിരുവിതാംകൂറിനോട് ചേര്‍ന്നു എന്നാണ് ഇപ്പോള്‍ പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുള്ളത്. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഉദ്യോഗസ്ഥന്മാരില്‍ കത്തോലിക്കരും പ്രൊട്ടസ്റ്റാന്‍റുകളും തമ്മിലുള്ള തര്‍ക്ക മായിരിക്കാം ഈ കൂറുമാറ്റത്തിനു കാരണം. അതുപോലെ ഡിലനോയി ജനിച്ച സ്ഥലത്തെപ്പറ്റിയും തര്‍ക്കം ഉണ്ട്. റോമന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട ഡിലനോയി ബെല്‍ജിയത്തില്‍ 1715ല്‍ ആണ് ജനിച്ചതെന്നും, പിന്നീട് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ചേര്‍ന്നുവെന്നും മഹാകവിയും ഗവേഷകനുമായ ഉള്ളൂര്‍ എസ്. പരമ്വേര അയ്യര്‍ "ദി ഗ്രേറ്റ് ക്യാപ്റ്റന്‍" എന്ന പ്രബന്ധത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍പ്പെട്ട മാര്‍ക്ക് ഡിലനോയി (Mark de Lannoy) എഴുതിയ "ദി കുലശേഖര പെരുമാള്‍സ് ഓഫ് ട്രാവന്‍കൂര്‍" എന്ന പുസ്തകത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. ഡിലനോയി 1715 ഡിസംബര്‍ 25ന് ഫ്രഞ്ച് നഗരമായ അരാസ് (Arras)ല്‍ ജനിച്ചുവെന്നാണ് അതില്‍ പറയുന്നത്.

ഉദയഗിരിക്കോട്ടയിലെ പള്ളി

ആദ്യം മുതല്‍തന്നെ ഡിലനോയിയുടെ കഴിവും തന്‍റേടവും സൈന്യത്തെ നവീകരിക്കാനുള്ള മനസ്ഥിതിയും മാര്‍ത്താണ്ഡവര്‍മ്മ മനസ്സിലാക്കിയിരുന്നു. കോട്ട നിര്‍മ്മാണത്തിലായിരുന്നു ഡിലനോയി അതിവിദഗ്ധന്‍. പ്രത്യേക സ്നേഹവും വാത്സല്യവും മാര്‍ത്താണ്ഡവര്‍മ്മ ഡിലനോയിയോട് കാട്ടി. ജര്‍മ്മന്‍ കമാന്‍ഡറായ ദുയ്വന്‍ ഷോട്ടിന്റെ കീഴിലാണ് ആദ്യം ഡിലനോയി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ദുയ്വന്‍ ഷോട്ടിന്റെ മരണത്തോടെ ഡിലനോയി കമാണ്ടറായി. ക്രമേണ അദ്ദേഹം തിരുവിതാംകൂര്‍ പട്ടാളത്തിന്റെ വലിയ കപ്പിത്താന്‍ (കമാണ്ടര്‍ - ഇന്‍ -ചീഫ്) ആയി മാറി. തിരുവിതാംകൂര്‍ പട്ടാളത്തെ യൂറോപ്പ്യന്‍ പട്ടാളത്തെപ്പോലെ അടിമുടി പരിഷ്കരിക്കുകയും ആധുനിക യുദ്ധ ഉപകരണങ്ങള്‍ അവര്‍ക്കുവേണ്ടി നിര്‍മ്മിക്കുകയും ചെയ്ത ഡിലനോയി മാര്‍ത്താണ്ഡവര്‍മ്മയുടെ വിജയഗാഥയുടെ പിന്നിലെ പ്രധാന ശക്തിയായി മാറി. പ്രധാനസ്ഥലങ്ങളില്‍ പട്ടാള സങ്കേതങ്ങളും വെടിമരുന്നുശാലകളും അദ്ദേഹം സ്ഥാപിച്ചു. യൂറോപ്പ്യന്‍ പട്ടാളക്കാര്‍ക്കുപോലും ഇല്ലാത്ത വലിയ പീരങ്കികളും തോക്കുകളും തിരുവിതാംകൂര്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. ഉദയഗിരി പ്രധാന സൈനികകേന്ദ്രമാക്കി മാറ്റി. കോട്ടകളുടെ നിര്‍മ്മാണവും നിലവിലുള്ള കോട്ട പുനര്‍നിര്‍മ്മാണവും ഡിലനോയിയുടെ മറ്റൊരു പരിഷ്ക്കരണമായിരുന്നു. ഡിലനോയിയുടെ എല്ലാ നടപടികള്‍ക്കും രാമയ്യന്‍ ദളവയുടെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നു.

ഉദയഗിരി കോട്ടയിലായിരുന്നു ഡിലനോയിയുടെ താമസം. അഞ്ചുതെങ്ങ് കോട്ട ഇന്‍റര്‍പ്രിറ്റര്‍ ആയ ഒരു ഉദ്യോഗസ്ഥന്റെ മകള്‍ മാര്‍ഗരെറ്റ് (Margaret)നെയാണ് ഡിലനോയി വിവാഹം ചെയ്തത്. അവര്‍ വിധവയായിരുന്നു. സുറിയാനി ക്രിസ്ത്യാനിയായ അവരുടെ പിതാവ് ഈ വിവാഹത്തെ എതിര്‍ത്തു. എന്നാല്‍ മാര്‍ത്താണ്ഡവര്‍മ്മ ഇടപെട്ടാണ് വിവാഹം നടത്തിയത്. ഈ ദമ്പതികളുടെ ഏകമകന്‍ ജോവാനസ് (Joannes) തിരുവിതാംകൂര്‍ പട്ടാളത്തില്‍ തന്നെയാണ് സേവനം അനുഷ്ഠിച്ചത്. പിതാവിനെപ്പോലെ അതിസമര്‍ത്ഥനായിരുന്ന അദ്ദേഹം കളക്കാട് യുദ്ധത്തില്‍ 1765ല്‍ (മാര്‍ത്താണ്ഡവര്‍മ്മയ്ക്കുശേഷം അധികാരമേറ്റ കാര്‍ത്തിക തിരുനാള്‍ മഹാരാജാവിന്റെ കാലമായിരുന്നു അത്) മരണമടഞ്ഞു. ഈ സംഭവം ഡിലനോയിയെ തളര്‍ത്തി. കാര്‍ത്തികതിരുനാള്‍ (ധര്‍മ്മരാജാവ്) ഉദയഗിരി കോട്ടയില്‍ ജോവാനസിന്റെ സ്മരണ നിലനിര്‍ത്താന്‍ ഒരു പള്ളി നിര്‍മ്മിക്കാന്‍ ഡിലനോയിയ്ക്ക് അനുമതി നല്കി. 1777 ജൂണ്‍ ഒന്നിന് ആണ് ഡിലനോയി ലോകത്തോട് വിടപറഞ്ഞത്. ഉദയഗിരിക്കോട്ട (ഇപ്പോള്‍ തമിഴ് നാട് സംസ്ഥാനത്തിന്റെ കന്യാകുമാരി ജില്ലയില്‍) യില്‍ ഡിലനോയിയുടേയും കുടുംബത്തിന്റെയും ശവകുടീരങ്ങള്‍ ഇപ്പോഴും കാണാം.