സ്വാതന്ത്ര്യസമരവും തിരുവിതാംകൂറും

തിരുവിതാംകൂറില്‍ ആണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യകമ്പനിക്ക് എതിരെ ഇന്ത്യയില്‍ ആദ്യസമരം തുടങ്ങിയത് എന്നുപറയാം. 1721ല്‍ നടന്ന ആറ്റിങ്ങല്‍ ലഹളയാണിത്. പിന്നീട് ബാലരാമവര്‍മ (1798-1810) കാലത്ത് ഉപജാപകസംഘത്തിനെതിരെ വേലുത്തമ്പി ദളവ നടത്തിയ സമരം, ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് എതിരെ എതിരെ വേലുത്തമ്പിയുടെ വിപ്ലവം (1909) എന്നിവ പ്രധാനമാണ്. മലയാളി മെമ്മോറിയല്‍ (1891), ഈഴവ മെമ്മോറിയല്‍ (1896) തുടങ്ങിയവ പ്രധാനമാണ്.
തിരുവിതാംകൂറില്‍ ആണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യകമ്പനിക്ക് എതിരെ ഇന്ത്യയില്‍ ആദ്യസമരം തുടങ്ങിയത് എന്നുപറയാം.
1721-ല്‍ നടന്ന ആറ്റിങ്ങല്‍ ലഹളയാണിത്. പിന്നീട് ബാലരാമവര്‍മ (1798-1810) കാലത്ത് ഉപജാപക സംഘത്തിനെതിരെ വേലുത്തമ്പി ദളവ നടത്തിയ സമരം.
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് എതിരെ എതിരെ വേലുത്തമ്പിയുടെ വിപ്ലവം (1909) എന്നിവ പ്രധാനമാണ്. മലയാളി മെമ്മോറിയല്‍ (1891), ഈഴവ മെമ്മോറിയല്‍ (1896) തുടങ്ങിയവ പ്രധാനമാണ്.

 1919

പൗരാവകാശ ലീഗ് സ്ഥാപിതമായി. ജാതിമതഭേദമെന്യേ തിരുവിതാംകൂറില്‍ എല്ലാ ജനങ്ങള്‍ക്കും സമത്വം നേടിയെടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ലാന്‍ഡ് റവന്യൂ വകുപ്പില്‍ അവര്‍ണഹിന്ദുക്കള്‍ക്കും മറ്റ് ജാതിക്കാര്‍ക്കും ജോലി നല്‍കിയിരുന്നില്ല. ക്ഷേത്രങ്ങളുടെ ഭരണം നടത്തിയിരുന്നത് ഈ വകുപ്പായിരുന്നു. ഇതിനെതിരെയാണ് പൗരാവകാശലീഗ് നിലകൊണ്ടത്. ഇ.ജെ. ജോണ്‍, ടി.കെ. മാധവന്‍ എന്നിവര്‍ നേതാക്കള്‍.


 1919

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് കമ്മിറ്റി


 1922

പൗരാവകാശലീഗ് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് ലാന്‍ഡ് റവന്യൂ ബോര്‍ഡ് റവന്യൂ, ദേവസ്വം വകുപ്പുകളാക്കി.


 1922

കോളേജുകളിലെ ഫീസ് വര്‍ധനവിനെതിരെ തിരുവിതാംകൂറിലാകെ വിദ്യാര്‍ഥി പ്രക്ഷോഭണം.


 1924

ഏപ്രില്‍ 1- വൈക്കം സത്യാഗ്രഹം. അയിത്തത്തിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ആദ്യസമരം. വൈക്കം ക്ഷേത്രവഴികള്‍ സമസ്ത ഹിന്ദുക്കള്‍ക്കും തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ഈ സമരം ഇന്ത്യയൊട്ടാകെ ശ്രദ്ധ പിടിച്ചുപറ്റി. ഈ സമരത്തില്‍ പങ്കെടുത്ത നേതാക്കളെ അറസ്റ്റ് ചെയ്ത് പൂജപ്പുര ജയിലിലാക്കി. അങ്ങനെ കള്ളന്മാരെയും കൊലപാതകികളെയും പാര്‍പ്പിച്ചിരുന്ന ജയില്‍ രാഷ്ട്രീയക്കാരെയും പാര്‍പ്പിക്കാന്‍ തുടങ്ങി. ശ്രീമൂലം തിരുനാള്‍ മഹാരാജാവ് മരിച്ചതിനെ തുടര്‍ന്ന് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ രാജാവായി. പക്ഷേ അദ്ദേഹത്തിന് പ്രായം തികയാത്തതിനാല്‍ റാണി സേതുലലക്ഷ്മിബായിയെ റീജന്‍റായി ബ്രിട്ടീഷ് ഗവര്‍ണര്‍ നിയമിച്ചു.


 1925

ഗാന്ധിജി കേരളത്തില്‍ (രണ്ടാം സന്ദര്‍ശനം, ആദ്യസന്ദര്‍ശനം 1920ല്‍ കോഴിക്കോട് മാത്രം).


 1929

ഡോ. വിശ്വേശരയ്യയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നാട്ടുരാജ്യപ്രജാസമ്മേളനം.


 1931

റീജന്‍സിഭരണം അവസാനിച്ചു. ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് അധികാരമേറ്റു. സര്‍. സി.പി. രാമസ്വാമി അയ്യരെ മഹാരാജാവ് രാഷ്ട്രീയ ഉപദേഷ്ടാവാക്കി. തിരുവനന്തപുരത്ത് യൂത്ത് ലീഗ് രൂപംകൊണ്ടു.


 1932

ശ്രീചിത്തിരതിരുനാള്‍ നിയമസഭാപരിഷ്കാരം കൊണ്ടുവന്നു. ഇതുവഴി നിയമസഭയ്ക്ക് ശ്രീമൂലം പ്രജാസഭ, ശ്രീചിത്ര സ്റ്റേറ്റ് കൗണ്‍സില്‍ എന്നീ രണ്ട് മണ്ഡലങ്ങളുണ്ടായി. നിയമസഭയില്‍ ജനസംഖ്യാനുപാതികമായി ലഭിക്കുമായിരുന്നതിലും കുറച്ച് സീറ്റുകളേ തങ്ങള്‍ക്ക് കിട്ടുവെന്ന് ഈഴവര്‍ക്കും മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഭയം ഉണ്ടായി. കരംതീരുവ വോട്ടിന്റെ മാനദണ്ഡമായതിനാല്‍ നായന്മാര്‍ക്ക് കൂടുതല്‍ സീറ്റ് കിട്ടുമെന്ന് ആ സമുദായങ്ങള്‍ സംശയിച്ചു. ഇതേ തുടര്‍ന്നാണ് പിന്നോക്കസമുദായങ്ങള്‍ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ നിയമസഭാംഗത്വവും ലഭിക്കണമെന്നും രാജകീയസര്‍വീസില്‍ പിന്നോക്കക്കാര്‍ക്ക് അര്‍ഹമായ ജോലി ലഭിക്കാന്‍ പബ്ലിക് സര്‍വീസ് കമ്മീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭണം തുടങ്ങിയത്. ഇതിനെ നിവര്‍ത്തന (വിട്ടുനില്‍ക്കല്‍) പ്രക്ഷോഭണം എന്ന് വിളിച്ചു. എന്‍.വി. ജോസഫും സി. കേശവനുമായിരുന്നു നേതാക്കള്‍. നിവര്‍ത്തന സമരക്കാര്‍ "സംയുക്തരാഷ്ട്രീയസമിതി" എന്നൊരു സംഘടന രൂപീകരിച്ച് സമരം ശക്തമാക്കി.


 1935

ജൂണ്‍- കോഴഞ്ചേരിയില്‍ സര്‍ സി.പി.ക്ക് എതിരെ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ സി. കേശവനെ അറസ്റ്റ് ചെയ്തു. രാജ്യദ്രോഹകുറ്റമായിരുന്നു ചുമത്തിയത്. കോടതി രണ്ടുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു.


 1936

സര്‍. സി.പി. തിരുവിതാംകൂര്‍ ദിവാനായി.


 1936

നവംബര്‍ 12 - സര്‍ക്കാര്‍ ക്ഷേത്രങ്ങളെല്ലാം സമസ്ത ഹിന്ദുക്കള്‍ക്കും തുറന്നുകൊടുത്ത് ശ്രീചിത്തിര തിരുനാള്‍ ക്ഷേത്രപ്രവേശനവിളംബരം പ്രഖ്യാപിച്ചു. നിവര്‍ത്തന പ്രക്ഷോഭണക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് നിയമസഭാപരിഷ്കാരത്തിനും പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിയമനത്തിനും സര്‍ക്കാര്‍ തയ്യാറായി.


 1937

ജനുവരി- ക്ഷേത്രപ്രവേശന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഗാന്ധിജി തിരുവിതാംകൂറില്‍ (ഗാന്ധിജിയുടെ അഞ്ചാം കേരളസന്ദര്‍ശനം).


 1937

ഏപ്രില്‍, മെയ്- പരിഷ്കരിച്ച നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് സംയുക്തരാഷ്ട്രീയസമിതിക്ക് വിജയം. ശ്രീമൂലം അസംബ്ലിയില്‍ പാര്‍ട്ടിനേതാവായ ടി.എം. വര്‍ഗീസ് ഉപാധ്യക്ഷന്‍. അധ്യക്ഷന്‍ ദിവാന്‍ തന്നെ. ജയില്‍മോചിതനായ സി. കേശവനെ സ്വീകരിച്ചതിന്റെ പേരില്‍ അവിശ്വാസപ്രമേയം വഴി ടി.എം. വര്‍ഗീസിന്റെ ഉപാധ്യക്ഷ സ്ഥാനം റദ്ദാക്കി.


 1938

ഫെബ്രുവരി 23- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഹരിപുര സമ്മേളന തീരുമാനപ്രകാരം "തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്" രൂപം കൊണ്ടു. പുളിമൂട്ടിലുള്ള രാഷ്ട്രീയഹോട്ടലിലായിരുന്നു ആദ്യയോഗം. സി.വി.കുഞ്ഞുരാമന്‍ അധ്യക്ഷത വഹിച്ചു. പട്ടംതാണുപിള്ള, എ. നാരായണപിള്ള, ആനിമസ്ക്രീന്‍, ടി.എം. വര്‍ഗീസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.


 1938

ഫെബ്രുവരി 25 - സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്‍റായി പട്ടംതാണുപിള്ളയെയും സെക്രട്ടറിമാരായി കെ.ടി. തോമസ്, പി.എസ്. നടരാജപിള്ള എന്നിവരെയും തിരഞ്ഞെടുത്തു. ട്രഷററായി എം.ആര്‍. മാധവവാര്യരെയും വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായി ടി.എം. വര്‍ഗീസ്, സി. കേശവന്‍, വി. അച്ച്യുതമേനോന്‍, പി.കെ. കുഞ്ഞ്, ഇ. ജോണ്‍ ഫിലിപ്പോസ്, എ.ജെ.ജോണ്‍, എ. നാരായണപിള്ള എന്നിവരെയും പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായി പി.എന്‍. കൃഷ്ണപിള്ള, ആനിമസ്ക്രീന്‍, കെ. സുകുമാരന്‍, ബോധേശ്വരന്‍ എന്നിവരെയും തിരഞ്ഞെടുത്തു. സ്റ്റേറ്റ് കോണ്‍ഗ്രസ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മഹാരാജാവിന് നിവേദനം നല്‍കാന്‍ തീരുമാനിച്ചതോടെ ദിവാന്‍ സര്‍. സി.പി.യുടെ മട്ടുംഭാവവും മാറി. സ്റ്റേറ്റ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് ഉത്തരവാദ ഭരണമാണ്. രാജാവിന്റെ കീഴില്‍ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്‍െറ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത നിയമസഭാംഗങ്ങളും മന്ത്രിസഭയുമാണ് ഇതുകൊണ്ടുദ്ദേശിച്ചത്. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെ ചോരയില്‍ മുക്കിക്കൊല്ലാന്‍ സി.പി. ശ്രമം തുടങ്ങി. ബദലായി തിരുവിതാംകൂര്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ച് റൗഡികളും പോലീസും ചേര്‍ന്ന് സ്റ്റേറ്റ് കോണ്‍ഗ്രസ് യോഗങ്ങള്‍ കലക്കാന്‍ തുടങ്ങി.


 1938

ഏപ്രില്‍- സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവ് എ. നാരായണപിള്ള മലയാളരാജ്യത്തിലെഴുതിയ ലേഖനത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ എടുത്ത കേസ് വാദിക്കാന്‍ പ്രശസ്ത അഭിഭാഷകന്‍ നരിമാന്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ സര്‍ക്കാരിന്റെ ആളുകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. വിമാനത്താവളത്തില്‍ ഉന്തുംതള്ളും നടന്നു. നരിമാന് വാദിക്കാനുള്ള അനുവാദം സര്‍ക്കാര്‍ നിഷേധിച്ചു. നാരായണപിള്ളയ്ക്ക് കോടതി രണ്ടുവര്‍ഷം തടവും 200 രൂപ പിഴയും വിധിച്ചു.


 1938

മെയ് - ഉത്തരവാദഭരണം ആവശ്യപ്പെട്ട് സ്റ്റേറ്റ് കോണ്‍ഗ്രസ് മഹാരാജാവിന് നിവേദനം അയച്ചുകൊടുത്തു. സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കളായ കെ.പി. നീലകണ്ഠപിള്ള, എം.ആര്‍. മാധവവാര്യര്‍ എന്നിവര്‍ക്ക് അജ്ഞാതരുടെ മര്‍ദനമേറ്റു. ആനിമസ്ക്രീന്റെ വീട്ടിലെ ഉടുതുണിയൊഴിച്ച് എല്ലാം റൗഡികള്‍ മോഷ്ടിച്ചു. റെയില്‍വേ സ്റ്റേഷന്‍ മൈതാനത്ത് വമ്പിച്ച പ്രതിഷേധം. പട്ടം, വര്‍ഗീസ്, സി. കേശവന്‍ എന്നിവര്‍ പ്രസംഗിച്ചു.


 1938

ജൂണില്‍ ചെങ്ങന്നൂരില്‍ നടന്ന സ്റ്റേറ്റ് കോണ്‍ഗ്രസ് യോഗം റൗഡികള്‍ കലക്കി. ജോണ്‍ ഫിലിപ്പോസിന്റെ കരണത്ത് റൗഡികള്‍ അടിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെ സഹായിക്കുന്നുവെന്ന പേരില്‍ നാഷണല്‍ ക്വയിലോണ്‍ ബാങ്കും "മലയാളമനോരമ" പത്രവും സി.പി.യുടെ രോഷത്തിന് ഇടയാക്കി. മറ്റ് പല കാരണങ്ങള്‍ പറഞ്ഞ് ബാങ്കിന്റെ പ്രവര്‍ത്തനം തടഞ്ഞു. മലയാള മനോരമ പൂട്ടി മുദ്രവച്ചു.


 1938

ആഗസ്റ്റ് 20 - യൂത്ത് ലീഗ് വാര്‍ഷികം സര്‍ക്കാര്‍ നിരോധിച്ചു. തിരുവനന്തപുരത്ത് എത്തിയ പാര്‍ട്ടിയുടെ സമുന്നതനേതാവ് കമലാദേവിയെ അറസ്റ്റ് ചെയ്ത് തിരുവിതാംകൂര്‍ അതിര്‍ത്തി കടത്തിവിട്ടു. സമ്മേളനത്തില്‍ പ്രാസംഗികരായി എത്തിയ കെ. ദാമോദരന്‍, എന്‍.സി. ശേഖര്‍, എന്‍.പി. കുരുക്കള്‍, കുഞ്ഞിരാമന്‍ നായര്‍ എന്നിവരെ ജയിലിലടച്ചു.


 1938

ആഗസ്റ്റ് 26 - ദിവാനെതിരെ പ്രത്യക്ഷസമരം തുടങ്ങാന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് തീരുമാനിച്ചതിനെ തുടര്‍ന്ന് പട്ടം ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റിലായി. വാന്‍റോസ് ബംഗ്ലാവിലെ സ്റ്റേറ്റ് കോണ്‍ഗ്രസ് ഓഫീ്സ് പൂട്ടിമുദ്രവെച്ചു. അതോടെ ഓഫീസിന്റെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റി.


 1938

ആഗസ്റ്റ് 30 - വിദ്യാര്‍ഥികളുടെ പ്രതിഷേധം. ശ്രീപദ്മനാഭസ്വാമിക്ഷേത്രദര്‍ശനം കഴിഞ്ഞ് വന്ന മഹാരാജാവിനെ വിദ്യാര്‍ഥികള്‍ തടഞ്ഞുനിര്‍ത്തി ദിവാനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു.


 1938

ആഗസ്റ്റ് 31 - പട്ടത്തിന്റെ അറസ്റ്റിനെ തുടര്‍ന്ന് സ്റ്റേറ്റ് കോണ്‍ഗ്രസ് ഡിക്റ്റേറ്റര്‍ (സര്‍വാധിപതി) ആയ എന്‍.കെ. പദ്മനാഭപിള്ളയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നെയ്യാറ്റിന്‍കരയില്‍ എത്തിയത് ജനത്തെ ക്ഷുഭിതരാക്കി. ഇതേ തുടര്‍ന്നുള്ള വെടിവയ്പില്‍ നെയ്യാറ്റിന്‍കര രാഘവനും ആറുപേരും രക്തസാക്ഷികളായി. ഈ സംഭവം തിരുവിതാംകൂറിലാകമാനം പ്രതിഷേധം ഉയര്‍ത്തി. കോണ്‍ഗ്രസ് നേതാക്കളെ അടിച്ചമര്‍ത്താന്‍ അഞ്ചുരൂപ പോലീസും സിംഷന്‍ പടയും രംഗത്ത്. കൊല്ലത്തെ വെടിവെയ്പില്‍ ഏഴുപേരും പുതുപ്പള്ളിയിലെ വെടിവെയ്പില്‍ ഒരാളും മരിച്ചു. ആലപ്പുഴയിലും തൊഴിലാളികള്‍ക്ക് നേരെ വെടിവെച്ചു.


 1938

സെപ്റ്റംബര്‍ 9 - കെ.പി.സി.സിയുടെ തീരുമാനപ്രകാരം മലബാറില്‍ നിന്നും തിരുവിതാംകൂറിലേക്ക് എ.കെ.ജി. യുടെ നേതൃത്വത്തില്‍ പ്രതിഷേധജാഥ.


 1938

സെപ്റ്റംബര്‍ 19 - ആലുവയില്‍ വച്ച് എ.കെ.ജിയെ അറസ്റ്റ് ചെയ്തു.


 1938

സെപ്റ്റംബര്‍ 29 - കടയ്ക്കല്‍ സമരം. കടയ്ക്കല്‍ ചന്തയില്‍ സര്‍ക്കാര്‍ ഏജന്‍റുമാര്‍ പിരിക്കുന്ന അമിതനികുതിക്ക് എതിരെ നടന്ന സമരത്തെ തുടര്‍ന്ന് പട്ടാളം എത്തി. അവിടം യുദ്ധക്കളമായി. ഫ്രാങ്കോ രാഘവമ്പിള്ള സമരത്തിന് നേതൃത്വം കൊടുത്തു. 62 പേരെ പ്രതിയാക്കി പോലീസ് കേസെടുത്തു. പത്തുപേരെ കോടതി വെറുതെ വിട്ടു. ബാക്കിയുള്ളവരെ ശിക്ഷിച്ചു. ചിലരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി.


 1938

സെപ്റ്റംബര്‍ 30 - പാങ്ങോട്കല്ലറ സമരം. നെടുമങ്ങാട്ടിലെ പാങ്ങോട്കല്ലറ ഔട്ട്പോസ്റ്റില്‍ ഒരു പോലീസുകാരന്റെ മരണത്തെ തുടര്‍ന്ന് കൊച്ചപ്പി പിള്ള എന്ന നാട്ടുകാരനെ പോലീസ് പിടികൂടി മര്‍ദിച്ചു. ജനം ക്ഷുഭിതരായി. പട്ടാളം കൃഷ്ണന്റെ മധ്യസ്ഥതയില്‍ പിള്ളയെ വിട്ടു. പക്ഷേ അദ്ദേഹത്തിന്റെ ദേഹത്തുള്ള മുറിവുകള്‍ കണ്ട് ജനം വീണ്ടും ക്ഷുഭിതരായി പോലീസ് സ്റ്റേഷന്‍ വളഞ്ഞു. പോലീസ് വെടിവച്ചു. തച്ചോണം കൃഷ്ണന്‍, ചെറുവാളം കൊച്ചുനാരായണന്‍ ആശാരി എന്നിവര്‍ വെടിയേറ്റ് മരിച്ചു. പോലീസിന്റെയും പട്ടാളത്തിന്റെയും തേര്‍വാഴ്ച. 29 പേരെ പ്രതിയാക്കി കേസ് എടുത്തു. പട്ടാളം കൃഷ്ണനെയും കൊച്ചപ്പി പിള്ളയെയും തൂക്കിക്കൊന്നു. ഏഴുപേരെ വെറുതെവിട്ടു.


 1938

ഒക്ടോബര്‍ 6 - ഗിരിജിപാണ്ഡ്യന്റെ നേതൃത്വത്തില്‍ തിരുവിതാംകൂറിലേക്ക് ജാഥ. പാണ്ഡ്യനെ അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയില്‍ വെച്ച് പാണ്ഡ്യന്‍ മരിച്ചു. നേതാക്കളെല്ലാം അറസ്റ്റില്‍. എങ്കിലും ഒക്ടോബര്‍ 23ന് മഹാരാജാവിന്റെ ജന്മദിനത്തില്‍ തിരുവനന്തപുരത്ത് ജാഥ നടത്താനും നിവേദനം നല്‍കാനും സ്റ്റേറ്റ് കോണ്‍ഗ്രസ് തീരുമാനം.


 1938

ഒക്ടോബര്‍ 23- നിരോധനവും മറ്റ് നടപടികളും തള്ളിക്കളഞ്ഞ് പതിനായിരക്കണക്കിനാളുകള്‍ അക്കമ്മ ചെറിയാന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് പ്രകടനം. ജാഥയെ വെട്ടിമുറിച്ച കോട്ടയ്ക്കു മുന്നില്‍ വച്ച് പോലീസ് തടഞ്ഞു. അന്നുതന്നെ നേതാക്കളെ മോചിപ്പിച്ചു.


 1938

ഡിസംബര്‍ 22 - പട്ടാളത്തിന്റെയും പോലീസിന്റെയും വിലക്കുകള്‍ ലംഘിച്ചുകൊണ്ട് വട്ടിയൂര്‍ക്കാവില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ഒന്നാം വാര്‍ഷികം നടന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെതിരെ സര്‍ സി.പി. ഗാന്ധിജിയെ തെറ്റിദ്ധരിപ്പിക്കുന്നു. സി.പിക്ക് എതിരെയുള്ള ആരോപണങ്ങള്‍ പിന്‍വലിപ്പിക്കാന്‍ ഗാന്ധി ആവശ്യപ്പെടുന്നു. ഇത് സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അഭിപ്രായഭിന്നത ഉടലെടുക്കുന്നു.


 1939

സി.പിയുടെ ഷഷ്ഠിപൂര്‍ത്തിയാഘോഷങ്ങള്‍ക്ക് എതിരെ പ്രചാരണം നടത്തിയ നേതാക്കള്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് ഓഫീസ് എറണാകുളത്തേക്ക് മാറ്റി.


 1946

ജനുവരി- പുതിയ ഭരണപരിഷ്കാരം വിവരിച്ചുകൊണ്ട് സര്‍. സി.പി. പ്രസ് നോട്ട് പുറപ്പെടുവിക്കുന്നു. പുതിയ ഭരണപരിഷ്കാരത്തിനെതിരെ വ്യാപകമായ പ്രതിഷേധം.


 1946

ഒക്ടോബര്‍- വയലാര്‍പുന്നപ്ര സമരം


 1947

ജൂണ്‍ 11- തിരുവിതാംകൂറിനെ സ്വതന്ത്രരാജ്യമാക്കുമെന്ന് സര്‍. സി.പി. പ്രഖ്യാപിക്കുന്നു. ഇതിനെതിരെ കേരളത്തിനകത്തും പുറത്തും പ്രതിഷേധം വ്യാപകമാകുന്നു. സ്വതന്ത്ര തിരുവിതാംകൂറിനു വേണ്ടിയുള്ള പ്രചാരണാര്‍ഥം വി.ജെ.ടി. ഹാളില്‍ വിളിച്ചുകൂട്ടിയ യോഗം യുവാക്കള്‍ അലങ്കോലപ്പെടുത്തി.


 1947

ജൂലൈ 13 - പേട്ടയില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ യോഗം ചട്ടമ്പികളും പോലീസും അലങ്കോലപ്പെടുത്തി. വെടിവെപ്പില്‍ രാജേന്ദ്രനും മറ്റ് രണ്ടുപേരും മരണമടഞ്ഞു.


 1947

ജൂലൈ 25 - സന്ധ്യയ്ക്ക് സ്വാതിതിരുനാള്‍ സംഗീതഅക്കാദമിയില്‍ വെച്ച് സര്‍. സി.പിക്ക് വെട്ടേറ്റു. തിരുവിതാംകൂര്‍ മഹാരാജാവ് ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ സമ്മതം ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭുവിനെ അറിയിച്ചു.


 1947

ആഗസ്റ്റ് 19- സര്‍. സി.പിയും അവസാനത്തെ ബ്രിട്ടീഷ് റസിഡന്‍റ് എഡ്വേര്‍ഡു പത്നിയും തിരുവിതാംകൂര്‍ വിട്ടു. പി.ജി.എന്‍. ഉണ്ണിത്താന്‍ ഒഫീഷ്യേറ്റിങ് ദിവാനായി.


 1947

സെപ്റ്റംബര്‍ 4 - ശ്രീചിത്തിരതിരുനാള്‍ ബാലാരാമവര്‍മ മഹാരാജാവ് ഉത്തരവാദഭരണം അനുവദിച്ചുകൊണ്ടും അതിനുവേണ്ടി "റിഫോം കമ്മിറ്റി"യിലേക്ക് പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പു നടത്താനും വിളംബരം പുറപ്പെടുവിച്ചു.


 1948

ജനുവരി 30- ഗാന്ധിജി വെടിയേറ്റ് മരിക്കുമ്പോള്‍ തിരുവിതാംകൂറില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ 120 സീറ്റുകളില്‍ 97 സീറ്റ് കോണ്‍ഗ്രസിനും 8 സീറ്റ് മുസ്ലിംലീഗിനും 14 സീറ്റ് തമിഴ്നാടിനും ലഭിച്ചു.


 1948

മാര്‍ച്ച് 20 - തിരുവിതാംകൂറില്‍ പ്രഥമഭരണനിര്‍മാണസമിതി രൂപംകൊണ്ടു. എ.ജെ. ജോണ്‍ നിയമനിര്‍മാണസമിതി പ്രസിഡന്‍റ്.


 1948

മാര്‍ച്ച് 24 - നേതാക്കളുടെ അഭ്യര്‍ഥന മാനിച്ച് ഭരണഘടന സമിതിയെ മഹാരാജാവ് നിയമസഭയാക്കി. കൊട്ടാരം, രാജകുടുംബം, ഭണ്ഡാരവക, ദേവസ്വം ഹിന്ദുസ്ഥാപനങ്ങള്‍ എന്നിവയൊഴികെ നിയമസഭയോട് കൂറുള്ള മന്ത്രിസഭയ്ക്ക് വിട്ടുകൊടുത്തു. പട്ടംതാണുപിള്ളയും പ്രധാനമന്ത്രി ടി.എം. വര്‍ഗീസ്, സി. കേശവന്‍ എന്നിവര്‍ മന്ത്രിമാരുമായുള്ള ജനകീയ ഭരണം അധികാരം ഏറ്റു.


 1948

ജൂലൈ 13 - പി.എസ്. നടരാജപിള്ള, ജി. രാമചന്ദ്രന്‍, എം.കെ. കോര, എം. അച്യുതന്‍ എന്നിവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി.


 1948

ഒക്ടോബര്‍ 17 - പട്ടത്തിനെതിരെ പാര്‍ട്ടിയില്‍ അവിശ്വാസത്തെ തുടര്‍ന്ന് അദ്ദേഹം സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനവും നിയമസഭ ലീഡര്‍ സ്ഥാനവും രാജിവച്ചു. പട്ടത്തിനു പകരം താല്‍ക്കാലികപ്രസിഡന്‍റായി കെ.എ. ഗംഗാധരനെ തിരഞ്ഞെടുത്തു. പട്ടം ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. (കണ്ണൂരില്‍നിന്നും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭൗതികാവശിഷ്ടം കൊണ്ടുവരികയും അദ്ദേഹത്തിന്റെ സ്മാരകത്തിന് പട്ടം മന്ത്രിസഭ സ്ഥലം അനുവദിക്കാത്തതുമായ സംഭവങ്ങള്‍ ആണ് പ്രശ്നം രൂക്ഷമാക്കിയത്)


 1948

ഒക്ടോബര്‍ 22 - പറവൂര്‍ ടി.കെ. നാരായണപിള്ള പുതിയ പ്രധാനമന്ത്രിയായി എ.ജെ. ജോണ്‍, വി.ഒ. മാര്‍ക്കോസ്, എന്‍. കുഞ്ഞുരാമന്‍, കെ.ആര്‍.ഇലങ്കത്ത്, ഇ.കെ. മാധവന്‍ എന്നിവര്‍ മന്ത്രിമാര്‍.


 1948

ഡിസംബര്‍ - സ്റ്റേറ്റ് കോണ്‍ഗ്രസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ലയിച്ചു.


 1949

ജൂലൈ 1- തിരുവിതാംകൂറും കൊച്ചിയും ഒന്നായി "തിരുകൊച്ചി"യായി.




top