വേലുത്തമ്പിയും പാലിയത്തച്ചനും ഇംഗ്ലീഷുകാര്‍ക്ക് എതിരെ

1805ല്‍ ഇംഗ്ലീഷുകാരും തിരുവിതാംകൂറും പുതിയ ഉടമ്പടി ഒപ്പുവച്ചു. ഇതുപ്രകാരം തിരുവിതാംകൂര്‍ പ്രതിവര്‍ഷം എട്ടുലക്ഷം രൂപ കമ്പനിക്ക് കപ്പം കൊടുക്കണമെന്ന വ്യവസ്ഥ ഉണ്ടായി. ഈ ഉടമ്പടി തിരുവിതാംകൂറിന്റെ രാഷ്ട്രീയാധികാരത്തെ നഷ്ടപ്പെടുത്തി. കേണല്‍ മെക്കാളെയായിരുന്നു തിരുവിതാംകൂര്‍ ഇംഗ്ലീഷ് റസിഡന്‍റ്. മെക്കാളെ പിന്നീട് കൊച്ചിയിലേയും റസിഡന്‍റായി. ക്രമേണ രണ്ടുസ്ഥലത്തെയും ആഭ്യന്തര കാര്യങ്ങളില്‍ റസിഡന്‍റ് ഇടപെടാന്‍ തുടങ്ങി.
വേലുത്തമ്പിയും പാലിയത്തച്ചനും ഇംഗ്ലീഷുകാര്‍ക്ക് എതിരെ മലബാറും കൊച്ചിയും തിരുവിതാംകൂറും 1857 വരെ കേരളസമൂഹം മാറുന്നു സ്വാതിതിരുനാള്‍ പാരമ്പര്യത്തിന്റെ യവനിക പിച്ചിച്ചീന്തുന്നു തിരുവിതാംകൂര്‍ ഏറ്റെടുക്കാന്‍ ഗവര്‍ണര്‍ ജനറലിന്റെ നീക്കം തിരുവിതാംകൂറില്‍ വര്‍ക്കല തുരപ്പ്, മലബാറില്‍ തീവണ്ടി കേരളത്തിലെ യൂറോപ്യന്‍ നിക്ഷേപങ്ങളുടെ തുടക്കം ഇംഗ്ലീഷ് വൈദ്യശാസ്ത്രവും ആശുപത്രികളും സ്കൂളുകളും കോളേജുകളും പണ്ടാരപ്പാട്ട വിളംബരവും വിദ്യാഭ്യാസരംഗവും നിയമസഭ വരുന്നു ചാന്നാര്‍ലഹള മുതല്‍ മലയാളി മെമ്മോറിയല്‍ വരെ അരുവിപ്പുറം പ്രതിഷ്ഠയും സ്വാമി വിവേകാനന്ദന്റെ സന്ദര്‍ശനവും എസ്.എന്‍.ഡി.പി. യോഗവും സാമുദായിക സംഘടനകളും ദേശീയപ്രസ്ഥാനങ്ങളുടെ തുടക്കവും ഗാന്ധിജിയുടെ സന്ദര്‍ശനങ്ങളും മലയാള ഭാഷയുടെ വികാസവും രാമകൃഷ്ണപിള്ളയുടെ നാടുകടത്തലും മലബാര്‍ കലാപം അഥവാ മാപ്പിള കലാപം ദേശീയതയുടെ ചൂട് മലബാര്‍ രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും മുസ്ലീം ലീഗിന്റെയും തുടക്കം സര്‍. സി.പി.യും തിരുവിതാംകൂര്‍ രാഷ്ട്രീയവും കൊച്ചിരാഷ്ട്രീയം സ്വാതന്ത്ര്യലബ്ധി വരെ തിരുകൊച്ചിയും ഐക്യകേരളവും


മലബാറില്‍ പഴശ്ശിസമരത്തിനുശേഷം ഇംഗ്ലീഷുകാര്‍ക്ക് നേരിടേണ്ടിവന്ന കലാപം തിരുവിതാംകൂര്‍ ദളവ വേലുത്തമ്പിയില്‍ നിന്നും കൊച്ചി പ്രധാനമന്ത്രി പാലിയത്തച്ചനില്‍ നിന്നുമായിരുന്നു. തിരുവിതാംകൂറില്‍ കാര്‍ത്തികതിരുനാള്‍ (ധര്‍മ്മരാജാവ്) അന്തരിച്ചതിനെ തുടര്‍ന്ന് ഭരണത്തിലെത്തിയ ബാലരാമവര്‍മയുടെ ഭരണം തുടരുകയായിരുന്നു. ദുര്‍ബലനായ അദ്ദേഹത്തിന്റെ ഭരണം ഉപജാപസംഘത്തിന്റെ പിടിയിലമരുന്നു. ജയന്തന്‍ ശങ്കരന്‍ നമ്പൂതിരി, ശങ്കരനാരായണന്‍ ചെട്ടി, മാത്തുതരകന്‍ എന്നിവരുടെ പിടിയിലമരുന്ന ഭരണകൂടത്തിന്റെ നികുതിപിരിവും അഴിമതിയും കൊണ്ട് ജനം വീര്‍പ്പുമുട്ടി. ഇതേത്തുടര്‍ന്ന് ഉയര്‍ന്ന ജനരോഷത്തിന് നേതൃത്വം കൊടുത്തതാണ് വേലുത്തമ്പി എന്ന തലക്കുളത്തെ കാര്യക്കാരന്റെ രാഷ്ട്രീയ ഉയര്‍ച്ചയുടെ തുടക്കം. ആദ്യം മുതുകുമടിശീല സര്‍വാധികാര്യക്കാര്‍ (വാണിജ്യമന്ത്രി)യായും പിന്നീട് (1800) ദളവ (പ്രധാനമന്ത്രി) ആയും വേലുത്തമ്പി ഉയര്‍ന്നു. സത്യസന്ധവും നിഷ്പക്ഷവുമായ ഭരണം നടത്തുകയും, പുതിയ പരിഷ്കാരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത വേലുത്തമ്പി റസിഡന്‍റ് മെക്കാളയുമായി കപ്പകുടിശ്ശികയുടെ പേരില്‍ ഇടഞ്ഞു. ക്രമേണ അവര്‍ തമ്മില്‍ അകന്നു. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി കേരളം മുഴുവന്‍ കൊള്ളയടിക്കുകയാണെന്ന് ദളവയ്ക്ക് മനസ്സിലായി. അവരോട് അദ്ദേഹം കലാപം തുടങ്ങി. കൊച്ചി പ്രധാനമന്ത്രി പാലിയത്തച്ചനും ഇതേ ചിന്താഗതിക്കാരനായിരുന്നു. രണ്ടു രാജ്യങ്ങളിലെയും സംയുക്ത സൈന്യം 1808 ഡിസംബര്‍ 18ന് കൊച്ചിയിലെ ബോള്‍ഗാട്ടി കൊട്ടാരത്തിലുണ്ടായിരുന്ന ഇംഗ്ലീഷ് റസിഡന്‍റ് മെക്കാളെയെ ആക്രമിച്ചുവെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. 1809 ജനുവരി 11ന് വേലുത്തമ്പി ദളവ കുണ്ടറയില്‍ നടത്തിയ വിളംബരം കേട്ട് ജനം ഇളകിമറിഞ്ഞു. മലബാറില്‍ നിന്നും മദ്രാസില്‍ നിന്നും തിരുവിതാംകൂറിലേക്ക് ഇരച്ചുകയറിയ ഇംഗ്ലീഷ് പട്ടാളത്തിനു മുമ്പില്‍ പാലിയത്തച്ചനും വേലുത്തമ്പിയ്ക്കും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.

പാലിയത്തച്ചനെ ഇംഗ്ലീഷ് പട്ടാളം പിടികൂടി. മണ്ണടി ക്ഷേത്രത്തില്‍ കഴിഞ്ഞിരുന്ന വേലുത്തമ്പിയെ ഇംഗ്ലീഷ് സൈന്യം വളഞ്ഞു. ശത്രുക്കളുടെ കൈയില്‍പ്പെടാതിരിക്കാന്‍ തമ്പി ആത്മഹത്യ ചെയ്തു. തമ്പിയുടെ മൃതദേഹം പിന്നീട് തിരുവനന്തപുരത്ത് കൊണ്ടുവന്ന് നാടുനീളെ പ്രദര്‍ശിപ്പിച്ചശേഷം ഇംഗ്ലീഷുകാര്‍ കണ്ണംമൂല കുന്നില്‍ "തൂക്കിലിട്ടത്" വിവാദമായി.

ഇതേത്തുടര്‍ന്ന് ഗവര്‍ണ്ണര്‍ ജനറല്‍ റസിഡന്‍റ് മെക്കാളയോട് സമാധാനം ചോദിച്ചു. എന്നാല്‍ വേലുത്തമ്പിയുടെ ബന്ധുകൂടിയായ പുതിയ ദിവാന്‍ ഇമ്മിണിത്തമ്പിയാണ് എല്ലാം ചെയ്തതെന്ന് റസിഡന്‍റ് മറുപടി നല്‍കി.
ഈ സംഭവത്തോടെ കൊച്ചിയിലും, തിരുവിതാംകൂറിലും ഈസ്റ്റ് ഇന്ത്യാ കമ്പനി പിടിമുറുക്കി. രണ്ടുസ്ഥലത്തെയും സൈന്യം പിരിച്ചുവിട്ടു. രണ്ടുസ്ഥലത്തും രാജാക്കന്മാര്‍ സിംഹാസനത്തിലുള്ളത് പേരിനു മാത്രമായി. റസിഡന്‍റിന്റെ അനുമതി ഇല്ലാതെ അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാതെയായി.



top