ഡച്ചുകാര്‍ ശക്തരായി അവരുടെ കിഴക്കന്‍ തലസ്ഥാനം ജാവയിലെ ബറ്റേവിയ ആയി
കിഴക്കുനിന്നും പോര്‍ട്ടുഗീസുകാരെ തുരത്തുകയാണ് ഇനി അവരുടെ ലക്ഷ്യം.

1619
ബറ്റേവിയയില്‍ സ്ഥാനം ഉറപ്പിച്ചു;
ഡച്ചുകാരുടെ ശ്രദ്ധ ഇനി കേരളത്തിലേക്ക്

കിഴക്കന്‍ ദേശത്ത് പോര്‍ട്ടുഗീസുകാരെ പിന്തള്ളി ഡച്ചുകാര്‍ മുന്നേറ്റം ആരംഭിച്ചു. 1618ല്‍ അവര്‍ ദക്ഷിണ പൂര്‍വേഷ്യന്‍ ദ്വീപുകളില്‍ മുഴുവന്‍ കച്ചവടകേന്ദ്രങ്ങള്‍ സ്ഥാപിച്ചു.

1619ല്‍ ജാവ (ജക്കാര്‍ത്ത)യിലെ വടക്കേ കടലോരത്ത് ബറ്റേവിയ നഗരം പണിത് ഡച്ചുകാരുടെ കിഴക്കന്‍ പ്രദേശങ്ങളിലെ വ്യാപാര തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ബറ്റേവിയ സര്‍ക്കാറാണ്. ജപ്പാനിലും ഗോവയിലുമെല്ലാം ഡച്ചുകാര്‍ പോര്‍ട്ടുഗീസുകാര്‍ക്ക് ഭീഷണിയായി മാറി. പോര്‍ട്ടുഗീസുകാരുടെ ഗോവ പിടിച്ചെടുക്കുക, മലബാറില്‍ കച്ചവടം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ഇന്ത്യയെ കണ്ണുവച്ച ഡച്ചുകാര്‍ക്ക്, ഇംഗ്ലീഷുകാര്‍ ഭീഷണിയായി മാറുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു.

ബറ്റേവിയ നഗരം

ഡച്ചുകാരുടെ ഉയര്‍ച്ചയില്‍ ഇംഗ്ലീഷുകാരും അസൂയാലുക്കളാണ്. പക്ഷേ, പൊതുശത്രു പോര്‍ട്ടുഗീസുകാരായതിനാല്‍ പുറമേ ഇംഗ്ലീഷുകാരും ഡച്ചുകാരും മിത്രങ്ങളായി തുടര്‍ന്നു. എങ്കിലും ചില സമയങ്ങളില്‍ ഇതുമറന്ന് ചെറിയ തോതിലുള്ള സംഘട്ടനങ്ങളില്‍ അവര്‍ ഏര്‍പ്പെടുകയും ചെയ്തു. ഈ സമയത്ത് ഇന്ത്യയിലെ ഇംഗ്ലീഷുകാരുടെയും സ്ഥിതി മെച്ചമായിരുന്നു. മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെ കൊട്ടാരത്തിലെത്തിയ സര്‍ തോമസ് റോ, ഉത്സാഹശീലനും തന്ത്രജ്ഞനുമായിരുന്നതിനാല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കായി ചില ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതിന്റെ ഫലമായി 1619ല്‍ സൂററ്റ്, ആഗ്ര, അലഹബാദ്, ബ്രോച്ച് എന്നിവിടങ്ങളില്‍ പാണ്ടികശാലകള്‍ തുറന്നു.

മലബാര്‍ തീരത്ത് ഡച്ച് കപ്പലുകളുടെയും ഇംഗ്ലീഷ് കപ്പലുകളുടെയും സഹായത്തിന് കാത്തിരുന്ന സാമൂതിരി നിരാശനായി. രണ്ട് യൂറോപ്യന്‍ ശക്തികളും പോര്‍ട്ടുഗീസുകാരെ നേരിടാന്‍ എത്തിയില്ല. അതേസമയം, പോര്‍ട്ടുഗീസുകാരുടെ നിയന്ത്രണത്തിലുള്ള കൊച്ചി സാമൂതിരിയെ നിരന്തരം ആക്രമിക്കുന്നുമുണ്ട്. ഇതിനെതിരെ യുദ്ധത്തിലേര്‍പ്പെടാന്‍ അദ്ദേഹം കൊടുങ്ങല്ലൂരില്‍ പാളയമടിച്ചിരിക്കുമ്പോഴാണ് ഹെര്‍മന്‍ വാന്‍ സ്പ്യൂല്‍റ്റിന്റെ നേതൃത്വത്തിലുള്ള ഡച്ച് സംഘം ചേറ്റുവായിലെത്തിയത്. സാമൂതിരി അദ്ദേഹത്തെ അതിഥിയായി സ്വീകരിച്ച് ഏതാനും ദിവസം അവിടെ താമസിപ്പിച്ചു. തന്റെ രാജ്യത്ത് എത്രയും വേഗം ഒരു പണ്ടികശാല ഡച്ചുകാര്‍ സ്ഥാപിക്കണമെന്ന് സാമൂതിരി തന്നെ അങ്ങോട്ട് അപേക്ഷിച്ചു. അങ്ങനെ ചെയ്താല്‍ അതിന് സംരക്ഷണം നല്‍കാന്‍ ഡച്ചുകാര്‍ ഇവിടെ ഉണ്ടാവുമെന്ന കണക്കുകൂട്ടലായിരിക്കാം സാമൂതിരിയുടേത്. കുരുമുളക് കച്ചവടത്തെ കുറിച്ചായിരുന്നു സാമൂതിരിയുടെ പിന്നീടുള്ള ചര്‍ച്ച. എന്നാല്‍ ഇതുസംബന്ധിച്ച് ഉടമ്പടി ഒപ്പുവച്ചില്ല. എങ്ങനെയെങ്കിലും ഗോവയില്‍ നിന്നും പോര്‍ട്ടുഗീസുകാരെ തുരത്തിയാലേ തങ്ങളുടെ കച്ചവടം മലബാര്‍ തീരത്ത് സുഗമമായി നടത്താന്‍ കഴിയൂ എന്ന ധാരണ ഡച്ചുകാര്‍ക്ക് ഉണ്ടായിരുന്നു. അതുകാരണം മലബാര്‍ തീരത്ത് കച്ചവടം ശക്തിപ്പെടുന്നതിനു മുന്‍പ് പോര്‍ട്ടുഗീസ് സ്വാധീനം കുറയ്ക്കാനായിരുന്നു അവരുടെ ശ്രമം.

ഇതിനിടയില്‍ മൂന്നാമത്തെ ശക്തിയായി ഇംഗ്ലീഷുകാര്‍ ഇന്ത്യയുടെ പല ഭാഗത്തും ശക്തി പ്രാപിക്കുന്നുണ്ടായിരുന്നു.