കൊച്ചിയില്‍ ഡച്ച് കോട്ട
റാണി ഗംഗാധര്‍ ലക്ഷ്മി അറസ്റ്റില്‍
പുതിയ രാജാവിനെ കൊച്ചിയില്‍ നിയമിക്കാന്‍ ഡച്ച് നീക്കം.
കൊച്ചിയെ സഹായിക്കാനും എതിര്‍ക്കാനും രാജാക്കന്മാര്‍

1662
കൊച്ചി രാജാവിനെതിരെ പുതിയ തന്ത്രങ്ങളുമായി ഡച്ചുകാര്‍

കൊടുങ്ങല്ലൂര്‍ കോട്ടപിടിച്ച ഏഴാം ദിവസം കൊച്ചി കോട്ട കൈക്കലാക്കാന്‍ വാന്‍ഗൂസും സംഘവും വൈപ്പില്‍ കൂടി യാത്ര തുടങ്ങി. ദ്വീപിന്റെ അക്കരെ എത്തിയ അവര്‍ അവിടെ താല്ക്കാലികമായി ഒരു കോട്ട ഉണ്ടാക്കി. 'ന്യൂ ഓറഞ്ച്' എന്ന പേര് നല്കി.

ഒന്നരനൂറ്റാണ്ടിനുമുമ്പ് പോര്‍ട്ടുഗീസുകാര്‍ കൊച്ചിയില്‍ ആദ്യമായി അടിസ്ഥാനക്കല്ലിട്ട കോട്ടയാണ് ഇപ്പോള്‍ ഡച്ചുകാര്‍ ആക്രമിക്കാനൊരുങ്ങുന്നത്. ഇന്ത്യയില്‍ യൂറോപ്പ്യന്മാര്‍ ആദ്യമായി നിര്‍മ്മിച്ച ഈ കോട്ടയ്ക്ക് പോര്‍ട്ടുഗീസ് രാജാവിന്റെ ബഹുമാനാര്‍ഥം 'മാനുവല്‍ കോട്ട' (Fort Manuel) എന്ന് പേരിട്ടു. ഇവിടെ നിന്നായിരുന്നു പോര്‍ട്ടുഗീസുകാരുടെ കേരളത്തിലെ വളര്‍ച്ചയും ഉയര്‍ച്ചയും. ഇന്നിപ്പോള്‍ അവരെ കേരളത്തില്‍ നിന്നും ഓടിയ്ക്കാനുള്ള ലക്ഷ്യത്തോടെ മറ്റൊരു യൂറോപ്യന്‍ ശക്തിയായ ഡച്ചുകാര്‍ എത്തിയിരിക്കുന്നു. മാനുവല്‍ കോട്ട പിടിച്ചെടുക്കുന്നതിനുവേണ്ടി ഡച്ചുകാര്‍ കൊച്ചിയില്‍ നിര്‍മ്മിച്ച ചെറിയ കോട്ടയ്ക്ക് നല്കിയിരിക്കുന്നതു നെതര്‍ലണ്ട് (ഹോളണ്ട്) രാജവംശത്തിന്റെ പേരും.

View of Old Cochin

'ന്യൂ ഓറഞ്ച് കോട്ട' യില്‍ നിന്നും ഡച്ചുകാര്‍ പോര്‍ട്ടുഗീസ് കേന്ദ്രങ്ങളിലേയ്ക്ക് ആക്രമണം തുടങ്ങി. ഇതിനിടയില്‍ കൊച്ചിയിലെ മൂത്തതമ്പുരാന്‍ ഡച്ചുകാര്‍ക്ക് സഹായവുമായി എത്തി. പട്ടാളക്കാര്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ ശേഖരിച്ചുകൊടുക്കാന്‍ അദ്ദേഹം ഏര്‍പ്പാടുണ്ടാക്കി. പോര്‍ട്ടുഗീസുകാര്‍ പരിഭ്രാന്തരായി. കൊടുങ്ങല്ലൂര്‍ കോട്ട നഷ്ടപ്പെട്ടപ്പോഴേ അപകടം അവര്‍ ഊഹിച്ചതാണ്. കൊച്ചിയിലെ രാജാവും (ഗോദവര്‍മ്മ തമ്പുരാന്‍) പോര്‍ട്ടുഗീസ് ഗവര്‍ണര്‍ സാര്‍മന്റൊ (Sarmanto) യും ഉദ്യോഗസ്ഥന്മാരും ചേര്‍ന്ന് ആലോചന തുടങ്ങി. ഡച്ചുകാരെ കടന്നാക്രമിക്കുക എന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും തീരുമാനമെടുത്തില്ല. ഇതിനിടയില്‍ വാന്‍ഗൂസ് കരയ്ക്കിറങ്ങി കടലിലൂടെ പടയാളികളോടൊത്ത് നടന്ന് സെയിന്‍റ് ഇയാഗോ പള്ളിയിലെത്തി. അവിടെ നിന്നും അദ്ദേഹം പിറ്റേദിവസം മട്ടാഞ്ചേരിയിലേയ്ക്ക് കടന്നു. അവിടത്തെ കൊട്ടാരത്തില്‍ രണശൂരരായ നായര്‍ പടയാളികളോട് വാന്‍ഗൂണ്‍സിനും സംഘത്തിനും ഏറ്റുമുട്ടേണ്ടിവന്നു. ഡച്ചുകാരുടെ വെടി സഹിക്കാതായപ്പോള്‍ നായര്‍ പടയാളികള്‍ ക്ഷേത്രത്തിനുള്ളില്‍ അഭയം പ്രാപിച്ചു. അവിടെ ഉണ്ടായിരുന്ന രാജകുടുംബത്തിലെ കാരണവത്തിയായ റാണി ഗംഗാധര്‍ ലക്ഷ്മി ഡച്ചുകാരുടെ പിടിയിലായി. അറസ്റ്റ് വിവരം അറിഞ്ഞ് പോര്‍ട്ടുഗീസുകാരുടെ മിത്രമായ പുറക്കാട് രാജാവ് പടയുമായി കൊച്ചിയിലെത്തി. ഡച്ചുകാര്‍ മൂന്നുഭാഗത്തുനിന്നും ഒരുമിച്ച് കോട്ടയെ ഉപരോധിക്കാന്‍ ആരംഭിച്ചു. കമാണ്ടര്‍മാരായ ഇസ്ബ്രാന്‍ഡ് ഗോസ്ക്കെന്‍ (Isbrand Gostie), റൂത്ത് ബാന്‍സ് (Roothbans) എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഡച്ചുകാരുടെ തന്ത്രം പോര്‍ട്ടുഗീസുകാര്‍ തകര്‍ക്കാന്‍ തുടങ്ങി. അവര്‍ക്ക് ഗോവയില്‍ നിന്ന് പടയാളികളും ഭക്ഷണവുമായി കപ്പലുകള്‍ എത്തി. ഡച്ചുകാര്‍ തന്ത്രപൂവ്വം പിന്‍മാറാന്‍ തീരുമാനിച്ചു. കൊടുങ്ങല്ലൂര്‍ കോട്ടയും 'ന്യൂഓറഞ്ച്' കോട്ടയും സംരക്ഷിയ്ക്കാന്‍ ഏര്‍പ്പാടു ചെയ്തശേഷം കൊച്ചി കോട്ട പിടിയ്ക്കുന്നതിനുള്ള തന്ത്രങ്ങള്‍ ഡച്ചുകാര്‍ ആലോചിച്ചുതുടങ്ങി.

ഡച്ചുകാര്‍ മട്ടാഞ്ചേരി ആക്രമിച്ചപ്പോള്‍ തന്നെ കൊച്ചി രാജാവ് ഗോദവര്‍മ്മ മുട്ടത്തേയ്ക്ക് (ചേര്‍ത്തലയ്ക്ക്) കടന്നിരുന്നു. കൊച്ചി കോട്ടയുടെ ഉപരോധം ഡച്ചുകാര്‍ നിര്‍ത്തിയതറിഞ്ഞ് ഗോദവര്‍മ്മ പരിവാരസമേതം തിരിച്ചെത്തി. എഴുന്നൂറോളം നായന്മാര്‍ അകമ്പടിയോടെയാണ് അദ്ദേഹം ആഘോഷത്തോടെ കോട്ടയില്‍ പ്രവേശിച്ചത്. നഗരവാസികള്‍ കൊട്ടും കുരവയുമായി രാജാവിനെ സ്വീകരിച്ചു. എന്നാല്‍ കൊച്ചി കോട്ട പിടിയ്ക്കാനും, ഗോദവര്‍മ്മയെ സിംഹാസനത്തില്‍ നിന്നും നിഷ്ക്കാസനം ചെയ്യാനും ഡച്ചുകാര്‍ തയ്യാറാക്കുന്ന പദ്ധതികളെപ്പറ്റി ഒന്നും ജനം അറിഞ്ഞില്ല.

കൊല്ലം റാണിയുടെ കൊട്ടാരത്തില്‍ ന്യൂഹാഫ്.
കൊച്ചി പിടിയ്ക്കാന്‍ ഡച്ചുകാരുടെ അവസാനശ്രമം.
തങ്കശ്ശേരി കോട്ടയില്‍ ഡച്ച് പതാക.

1662
രാജാക്കന്മാരുമായി കരാറുകള്‍ ഉണ്ടാക്കാന്‍ ന്യൂഹാഫ്

കൊച്ചി പിടിയ്ക്കാന്‍ ഡച്ചുകാര്‍ അടുത്ത അവസരം കാത്തിരിക്കുന്നതിനിടയ്ക്ക് തെക്കന്‍ കേരളത്തിലെ രാജാക്കന്മാരുമായി കരാര്‍ ഉണ്ടാക്കാന്‍ ന്യൂഹാഫ്.

കേരളത്തിലെ രാജാക്കന്മാരുമായി
കരാര്‍ ഉണ്ടാക്കാന്‍ ന്യൂഹാഫ്

കൊച്ചി പിടിയ്ക്കാന്‍ ഡച്ചുകാര്‍ അടുത്ത അവസരം കാത്തിരിക്കുന്നതിനിടയ്ക്ക് തെക്കന്‍ കേരളത്തിലെ രാജാക്കന്മാരുമായി കരാര്‍ ഉണ്ടാക്കാന്‍ ന്യൂഹാഫ് കൊല്ലം ചീഫ് ഡയറക്ടര്‍ ആയി നിയമിതനായി. എക്സ്ചേഞ്ച് എന്ന കപ്പലില്‍ അദ്ദേഹം കായംകുളം വഴി കൊല്ലത്തേയ്ക്ക് പുറപ്പെട്ടു. അദ്ദേഹം സഞ്ചരിച്ച കപ്പലില്‍ കൊച്ചിയില്‍ ഡച്ചുകാര്‍ രാജാവായി വാഴിയ്ക്കാന്‍ നിശ്ചയിച്ചിരുന്ന മൂത്ത തായ് വഴിയിലെ കേരളവര്‍മ്മയും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ന്യൂഹാഫിനെയാണ് ഏല്പിച്ചിരുന്നത്. ഈ കേരളവര്‍മ്മയാണ് യഥാര്‍ഥത്തില്‍ കൊച്ചിയില്‍ രാജാവാകേണ്ടത്. കേരളവര്‍മ്മ കൊളംബില്‍ പോയി നേരത്തേ ഡച്ചുകാരുടെ സഹായം അഭ്യര്‍ഥിച്ചിരുന്നു. മട്ടാഞ്ചേരി കൊട്ടാരം വളഞ്ഞ് ഡച്ചുസൈന്യം രാജകുടുംബത്തിലെ കാരണവത്തിയായ ഗംഗാധരലക്ഷ്മിയെ തടവുകാരിയാക്കി. അതിനുശേഷം രാജാവായ വെട്ടത്തുനാട്ടില്‍ നിന്നും ദത്ത് എടുത്ത രാമവര്‍മ്മ രാജാവ് യുദ്ധത്തില്‍ മരണമടഞ്ഞു. തുടര്‍ന്നു വെട്ടത്തുനാട്ടില്‍ നിന്നും ദത്ത് എടുത്ത ഗോദവര്‍മ്മ രാജാവായി. ഇദ്ദേഹത്തിന്റെ അധികാരം നഷ്ടപ്പെടുത്തി കൊച്ചിയിലെ യഥാര്‍ഥ അവകാശിയായ കേരളവര്‍മ്മയെ രാജാവാക്കി.

കൊല്ലത്ത് എത്തിയ ന്യൂഹാഫ് തങ്കശ്ശേരി കോട്ടയുടെ കേടുപാടുകള്‍ തീര്‍ക്കാനും കമ്പനി ഉദ്യോഗസ്ഥന്മാര്‍ക്ക് താമസിക്കാന്‍ വസതികള്‍ ഒരുക്കാനുമാണ് ആദ്യശ്രമം നടത്തിയത്. അതിനുശേഷം കൊല്ലം റാണിയും മറ്റ് ഭരണാധികാരികളുമായി വ്യാപാരബന്ധം സംബന്ധിച്ച കരാറുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. കൊല്ലം റാണി താമസിച്ചിരുന്ന പട്ടണത്തിനു ചുറ്റും പതിനെട്ടോ ഇരുപതോ അടിയുള്ള കോട്ടമതിലുണ്ടെന്നും, കോട്ടയ്ക്കകത്തു മനോഹരമായ പ്രദേശത്തെ 'കൊല്ലം ചൈന' എന്ന് വിളിച്ചിരുന്നതായും ന്യൂഹാഫ് രേഖപ്പെടുത്തി. രാജകൊട്ടാരങ്ങളും മറ്റ് രമ്യഹര്‍മ്മ്യങ്ങളുമുള്ള ഭാഗം മേലേ കൊല്ലം എന്നും, കടലിന്റെ ഭാഗത്തു സെന്‍റ്പോള്‍ പള്ളിയും സന്ന്യാസി മഠങ്ങളുമുള്ള ഭാഗം കീഴേ കൊല്ലം എന്നും വിളിച്ചിരുന്നു. കല്ലുകൊണ്ടായിരുന്നു പട്ടണവാസികള്‍ മനോഹരമായ ഗൃഹങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. രണ്ടുനിലകളുള്ള വലിയ കൊട്ടാരമായിരുന്നു ഗവര്‍ണറുടെ താമസസ്ഥലം. അതിന്റെ രണ്ടു ഗോപുരങ്ങള്‍ ഓല മേഞ്ഞതും മറ്റൊരു ഗോപുരം ഓടുമേഞ്ഞതുമായിരുന്നു. 1552-ല്‍ ഹെക്ടര്‍ ഡിലാകാസയാണ് ഈ കോട്ട പണിതതെന്ന് ന്യൂഹാഫ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗവര്‍ണറുടെ ഓഫീസിനെ ന്യൂഹാഫും സംഘവും താമസസ്ഥലമാക്കി. കടലിനരുകിലുണ്ടായിരുന്ന സമചതുരാകൃതിയിലുള്ള ഗോപുരത്തില്‍ ഡച്ച് കൊടി ഉയര്‍ത്തി.

ഡച്ചുസൈന്യം കൊച്ചി കോട്ട ഉപരോധിക്കാന്‍ തയ്യാറെടുപ്പുകള്‍ വീണ്ടും നടത്തുമ്പോള്‍ കേരളവര്‍മ്മ രാജാവ് കൊല്ലത്ത് ന്യൂഹാഫിനോടൊപ്പം താമസിക്കുകയായിരുന്നു. പെട്ടെന്നായിരുന്നു അദ്ദേഹത്തിന് അസുഖം പിടിപെട്ടത്. താമസസ്ഥലം പിടിയ്ക്കാത്തതിനാലാണ് അസുഖം ബാധിച്ചതെന്ന് മനസ്സിലാക്കിയ ന്യൂഹാഫ് ഈ വിവരം കൊല്ലം റാണിയെ അറിയിച്ചു. കേരളവര്‍മ്മയെ റാണിയുടെ കൊട്ടാരത്തില്‍ സംരക്ഷിയ്ക്കണമെന്ന് ന്യൂഹാഫ് അപേക്ഷിച്ചു. ഇതേത്തുടര്‍ന്ന് കേരളവര്‍മ്മയുടെ താമസം കൊല്ലം റാണിയുടെ കൊട്ടാരത്തിലായി. പക്ഷെ അസുഖത്തിന് കുറവു വന്നില്ല. ഇതിനിടയില്‍ കൊച്ചി ഉപരോധിക്കാനുള്ള നടപടികള്‍ ഡച്ചുകാര്‍ പൂര്‍ത്തിയാക്കി യതായി കൊല്ലത്ത് വിവരം ലഭിച്ചു.