ഡച്ചുകാരുടെ ഉയര്‍ച്ചയില്‍ ഇംഗ്ലീഷുകാര്‍ക്ക് അസഹിഷ്ണുത.
ഫ്രഞ്ചുകാര്‍ ഡച്ചിനെ ആക്രമിക്കുന്നു.
വില്യം മൂന്നാമന്റെ ധീരമായ പോരാട്ടം.
കൊച്ചിഭരണത്തില്‍ ഡച്ചുകാര്‍ പിടിമുറുക്കുന്നു.
ഹെന്‍റിക് വാന്‍റീഡ് കൊച്ചിയിലെ പുതിയ മേധാവി.

1684
ഡച്ചുകാര്‍ ഭരണത്തില്‍ പിടിമുറുക്കുന്നു

ഡച്ചുകാര്‍ മലബാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രദേശങ്ങളില്‍ മേധാവിത്വം സ്ഥാപിക്കുന്നതില്‍ ഇംഗ്ലീഷുകാര്‍ അസഹിഷ്ണരാണെങ്കിലും അവര്‍ തന്ത്രപൂര്‍വ്വം ഒഴിഞ്ഞുനില്‍ക്കുന്നു. ഇതിനുകാരണം യൂറോപ്പില്‍ നെതര്‍ലണ്ടും (ഹോളണ്ടും) ഇംഗ്ലണ്ടും തമ്മിലുള്ള ബന്ധമാണ്.

ഏകാധിപത്യത്തിന്റെ ആര്‍ത്തി ഭാവമായിരുന്ന ലൂയി പതിനാലാമന്‍ ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പേടിസ്വപ്നമാണ്. പക്ഷെ വേഴ്സയല്‍ കൊട്ടാരം പോലുള്ള മനോഹരമായ രമ്യഹര്‍മ്മ്യങ്ങള്‍ നിര്‍മ്മിച്ച ലൂയിയുടെ നാട്ടില്‍ സാമ്പത്തിക സുസ്ഥിതിയ്ക്ക് കാരണം ഇന്ത്യ ഉള്‍പ്പെടെ ഭൂഖണ്ഡങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഫ്രഞ്ച് വ്യാപാരകമ്പനികളാണ്. രാജ്യവിസ്തൃതിക്കുവേണ്ടി കാത്തിരുന്ന ലൂയി പതിനാലാമന്‍ ബെല്‍ജിയത്തിനുമേല്‍ വാദം ഉന്നയിച്ചു. പരിഭ്രാന്തരായ ഡച്ചുകാര്‍ (നെതര്‍ലണ്ട്) ഇംഗ്ലണ്ടും സ്വീഡനുമായി ത്രികക്ഷിസഖ്യം ഉണ്ടാക്കി. പിന്നീട് സന്ധിയിലൂടെ യുദ്ധം അവസാനിച്ചുവെങ്കിലും 1672 ല്‍ ഫ്രാന്‍സ് വീണ്ടും ഡച്ചുകാരെ ആക്രമിച്ചു. ആംസ്റ്റര്‍ഡാം ഒഴികെയുള്ള പ്രദേശങ്ങള്‍ കീഴടക്കി മുന്നേറിയ ഫ്രഞ്ച് സേനയെ ഓടിയ്ക്കാന്‍ ഓറഞ്ചിലെ വില്യം മൂന്നാമന്‍ കടല്‍ഭിത്തികള്‍ വെട്ടി പൊട്ടിച്ച് തിരമാലകളെ പായിച്ചത് പ്രസിദ്ധമാണ്. ഇതിനിടയില്‍ ഫ്രാന്‍സിന് എതിരെ ഡച്ചുകാര്‍ ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി വ്യാപാരബന്ധം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു.

കണ്ണൂരിലെ സെന്‍റ് ആഞ്ചലോസ് കോട്ട

പുതിയ സാഹചര്യത്തിലാണ് ഹെന്‍റിക് വാന്‍റീഡ് 1673ല്‍ കൊച്ചിയില്‍ കമാണ്ടറായി വരുന്നത്. അദ്ദേഹത്തിന് കൊച്ചിയെപ്പറ്റി നന്നായി അറിയാമായിരുന്നു. കൊച്ചി ഡച്ചുകാര്‍ പിടിച്ചെടുക്കുന്ന കാലത്ത് വാന്‍റീഡ് ഒരു സാധാരണ പടയാളിയായിരുന്നു. ഇദ്ദേഹമാണ് ഡച്ചുകാരുടെ വിജയം ഉറപ്പാക്കിയ സംഭവത്തിന് കാരണക്കാരനായത്. മട്ടാഞ്ചേരി കോവിലകം വളഞ്ഞ് ഡച്ചുകാര്‍ യുദ്ധം നടത്തുമ്പോള്‍ കൊട്ടാരത്തിനു മുകളില്‍ നിന്നിരുന്ന രാജകുടുംബത്തിലെ കാരണവത്തിയായ ഗംഗാധരലക്ഷ്മി റാണിയെ, വാന്‍റീഡാണ് തിരിച്ചറിഞ്ഞ് അറസ്റ്റുചെയ്തത്. ഡച്ചുകാരുടെ വിജയത്തിന്റെ വഴിത്തിരിവായിരുന്നു അത്. ന്യൂഹാഫിനെപ്പോലെ തന്നെ മലബാറിലെ സസ്യങ്ങളുടെ ഔഷധഗുണങ്ങളെപ്പറ്റി വാന്‍റീഡും അതീവതല്പരനായിരുന്നു. ആ താല്പര്യമാണ്, "ഹോര്‍ത്തൂസ് മലബാറിക്കൂസ് ' എന്ന വിഖ്യാതമായ ഗ്രന്ഥനിര്‍മ്മാണത്തിന് വഴിതെളിച്ചത്.

ഡച്ചുകാരുടെ വരവോടു കൂടി പുറക്കാട്, വടക്കുംകൂര്‍, പറവൂര്‍, ആലങ്ങാട് (മങ്ങാട്) തുടങ്ങിയ രാജ്യങ്ങള്‍ കൊച്ചിയുമായി സൗഹൃദബന്ധം ശക്തമാക്കി. വാന്‍റീഡ് നാട്ടുരാജ്യങ്ങളുമായിട്ടുള്ള ബന്ധം ശക്തിപ്പെടുത്താനും അതോടൊപ്പം കൊച്ചിയിലെ ഭരണം നിയന്ത്രിക്കാനും തീരുമാനിച്ചു. ഒരുഭാഗത്ത് കൊച്ചിയുടെ നിയന്ത്രണംപോലെ കേരളത്തിലാകമാനം രാഷ്ട്രീയാധികാരം കൈക്കലാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതിന്റെ മുന്നോടിയായി ഡച്ചുകാര്‍ കൊച്ചിയുമായി ഉണ്ടാക്കിയ കരാറുകളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു. 1674 ഫെബ്രുവരിയില്‍ ഉണ്ടാക്കിയ ഉടന്പടിയിലൂടെ കൊച്ചിയുടെ സിംഹാസനത്തിന് മൂത്തതായ് വഴിയിലേയും ചാഴൂര്‍ തായ് വഴിയിലേയും അംഗങ്ങള്‍ക്ക് മാത്രമേ അവകാശം ഉണ്ടായിരിക്കൂ എന്ന് തീരുമാനിച്ചു. പണവും നാണയങ്ങളും നിര്‍മ്മിക്കുന്നതിന്റെ മേല്‍നോട്ടം പിന്നീട് ഡച്ചുകാര്‍ക്ക് ലഭിച്ചു. 1674 സെപ്തംബറില്‍ ഉണ്ടാക്കിയ മറ്റൊരു ഉടമ്പടി വഴി ഡച്ചുകാരാല്‍ നിയമിതനായ ഗുമസ്തനെ കൊണ്ടേ കൊച്ചിരാജ്യത്തിലെ വരവുചെലവ് കണക്കുകള്‍ എഴുതാവൂ എന്ന് തീരുമാനിച്ചു. രാജാവിനും ഇളംമുറ തമ്പുരാക്കന്മാര്‍ക്കും ചെലവിനുള്ള തുക നിശ്ചയിക്കുന്നത് ഡച്ചുകാരായി. പ്രധാന ഇടപ്രഭുക്കന്മാരുമായി കരാര്‍ ഉണ്ടാക്കിയതോടെ കൊച്ചിയിലെ രാഷ്ട്രീയാധികാരം ഡച്ചുകാരുടെ നിയന്ത്രണത്തിലായി.*

കണ്ണൂരിലെ സെന്‍റ് ആഞ്ചലോസ് കോട്ട

1678ല്‍ കൊച്ചിയിലെ കമാണ്ടര്‍ സ്ഥാനത്തുനിന്നും വാന്‍റീഡ് വിരമിയ്ക്കുകയും പിന്നീട് അദ്ദേഹത്തിന് ബറ്റേവിയയിലെ കമ്മിഷണറീസ് ജനറല്‍ ആയി ഉദ്യോഗക്കയറ്റം കിട്ടുകയും ചെയ്തു. പക്ഷെ വാന്‍റീഡ് കൊച്ചി വിടുന്നതിനു മുമ്പുതന്നെ രാജകുടുംബത്തിലും പ്രഭുക്കന്മാരുടെ ഇടയിലും കലാപം ഉണ്ടായി. അനന്തിരവന്മാരുടെ ഉപദ്രവവും ആജ്ഞകള്‍ ധിക്കരിക്കലും കാരണം കൊച്ചി രാജാവ് നഗരംവിട്ട് ഉള്‍പ്രദേശത്ത് പോയി താമസിച്ചു. തന്റെ ദുഃഖങ്ങളെല്ലാം രേഖപ്പെടുത്തിയ കത്ത് അദ്ദേഹം ബറ്റേവിയയിലെ ഗവര്‍ണര്‍ ജനറലിന് അയച്ചു. വാന്‍റീഡിനു പകരം കമാണ്ടര്‍ ആയി കൊച്ചിയിലെത്തിയ ജേക്കബ് ലോബോവും (Jocob Lobo) തമ്മില്‍ 1678 മേയ് ഒന്നിന് പുതിയ കരാര്‍ ഉണ്ടാക്കി. ഇതനുസരിച്ച് രാജാവിന്റെ പേരില്‍ പാലിയത്തച്ചനാണ് ഭരണം നടത്തേണ്ടതെന്നും, രാജകല്പനയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കര്‍ശനമായി നടപടി സ്വീകരിക്കുമെന്നും വ്യവസ്ഥ ചെയ്തിരുന്നു. പാലിയത്തച്ചന്റെ പ്രവര്‍ത്തിയില്‍ തൃപ്തനല്ലെങ്കില്‍ രാജാവിന് ഡച്ച് കമാണ്ടറുടെ അംഗീകാരത്തോടെ പുതിയ പ്രധാനമന്ത്രിയെ നിയമിക്കാമെന്നത് വ്യവസ്ഥയിലുണ്ടായിരുന്നു. ഇത് പ്രധാനമന്ത്രിയെ നിയമിക്കാനുള്ള അധികാരം കൂടി ഡച്ചുകാര്‍ക്ക് ലഭിക്കാനുള്ള തന്ത്രമായിരുന്നു. 1681ല്‍ പുതിയ ഡച്ച് കമാണ്ടര്‍ മാര്‍ട്ടിന്‍ ഹുയിസ്മാനും (Martin Huysman) രാജാവും തമ്മില്‍ ഒപ്പിട്ട വ്യവസ്ഥ പ്രകാരം ഹെന്‍ഡ്രിക് റേന്‍സ് (Hen drick Reins) സര്‍വ്വാധികാരിയായി. 1684ല്‍ പാലിയത്തച്ചന്‍ അന്തരിച്ചപ്പോള്‍ അടുത്ത അവകാശിയ്ക്ക് പ്രായം കുറവായ കാരണം രാജാവും ഡച്ച് കന്പനിയുമായി പുതിയ ഉടമ്പടി ഉണ്ടാക്കി. ഇതനുസരിച്ച് ഹെന്‍ഡ്രിക് റേന്‍സ് പ്രധാനമന്ത്രിയായി. അങ്ങനെ കൊച്ചിയുടെ അധികാരം കരാറുകളിലൂടെയും വ്യവസ്ഥകളിലൂടേയും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ എത്തുകയായിരുന്നു.

* ഉറവിടം:
(1) K.M.Panikkar - Malabar and the Dutch - D.B.Traporevala Sons & Co., Bombay (1931)
(2) എ. ശ്രീധരമേനോന്‍ - കേരളചരിത്രം - എസ്.വിശ്വനാഥന്‍ (പ്രിന്റേഴ്സ് ആന്റ് പബ്ലിഷേഴ്സ്) പ്രൈവറ്റ് ലിമിറ്റഡ് 2001