ഔറംഗസേബിന്റെ യും ലൂയി പതിനാലാമന്റെയും അന്ത്യം.
സഖ്യകക്ഷികളായ ഡച്ചുകാരും സാമൂതിരിയും തമ്മില്‍ യുദ്ധം.
ഇംഗ്ലീഷ് കൊച്ചി, വിദേശസ്വദേശ ശക്തികളുടെ സമീപനം.

1716
ഡച്ചുകാര്‍ കേരളത്തിലെ നിര്‍ണായകശക്തി

ലോകം ഇപ്പോള്‍ പതിനെട്ടാം നൂറ്റാണ്ടിലേയ്ക്ക് കാല്‍കുത്തി.

Indian Map- Dutch in Kerala

പതിനഞ്ചാം നൂറ്റാണ്ടില്‍ ക്രിസ്റ്റഫര്‍ കൊളംബസും, വാസ്ഗോഡിഗാമയും തുറന്നിട്ട കടല്‍പ്പാതകളിലൂടെ മുന്നേറിയ യൂറോപ്പ്യന്‍ ശക്തികള്‍ ഇപ്പോള്‍ ഭൂഖണ്ഡങ്ങളാകെ വ്യാപിച്ചിരിക്കുകയാണ്. കച്ചവടത്തിനെത്തിയ ഈ ശക്തികള്‍ അവിടവിടങ്ങളില്‍ കോളനികള്‍ സ്ഥാപിച്ച് ഭരണം പോലും നിയന്ത്രിക്കുന്നുണ്ട്. എന്നാല്‍ സമുദ്രയാത്രകളുടേയും ഭൂമിശാസ്ത്രപരമായ കണ്ടുപിടിത്തങ്ങളുടേയും മുന്‍നിരയില്‍ നിന്നും ആദ്യഘട്ടത്തില്‍ നേട്ടം കൊയ്ത സ്പെയിനും, പോര്‍ട്ടുഗീസും ഇപ്പോള്‍ ശക്തിക്ഷയത്തിലാണ്. ഇവരെ വെല്ലുവിളിച്ച് ലോകത്തെമ്പാടും ഇംഗ്ലണ്ട്, ഹോളണ്ട്, ഫ്രാന്‍സ് എന്നീ യൂറോപ്പ്യന്‍ ശക്തികള്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രതിഫലനങ്ങളാണ് ഇപ്പോള്‍ കേരളത്തിലും കാണുന്നത്. ഡച്ചുകാരും ഇംഗ്ലീഷുകാരുമാണ് ഇപ്പോഴും കേരളത്തിലെ പ്രബല യൂറോപ്പ്യന്‍ ശക്തികള്‍. ഫ്രഞ്ചുകാര്‍ ഇനിയും കേരളത്തില്‍ എത്തിയിട്ടില്ല. എന്നാല്‍ ഡന്‍മാര്‍ക്കുകാര്‍ ചെറിയ തോതില്‍ ഇടവ, കുളച്ചല്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ കുരുമുളക് കച്ചവടം നടത്തുന്നുണ്ട്. അവര്‍ക്ക് വ്യാപാരങ്ങളിലല്ലാതെ മറ്റൊന്നിനും താല്പര്യവുമില്ല.

ഇന്ത്യയിലെ ഇംഗ്ലീഷുകാരുടെ നീക്കം തന്ത്രത്തിലൂടെയായിരുന്നു. ഇത് ഡച്ചുകാര്‍ മനസ്സിലാക്കുന്നുണ്ട്. വിജയനഗര സാമ്രാജ്യത്തിന്റെ പ്രതിനിധിയായ ചന്ദ്രഗിരിയിലെ ഭരണാധികാരികളില്‍ നിന്നും ഫ്രാന്‍സിസ് ഡേ എന്ന ഇംഗ്ലീഷുകാരന്‍ ചാര്‍ത്തിവാങ്ങിയ മദ്രാസും അതിനു അവിടെ കെട്ടിയ 'സെന്‍റ് ജോര്‍ജ്' കോട്ടയും (ഫോര്‍ട്ട് സെന്‍റ് ജോര്‍ജ്) ചോളമണ്ഡലത്തിലെ ഇംഗ്ലീഷ് ശക്തി കേന്ദ്രമായി മാറിക്കഴിഞ്ഞു. ബോംബേയുടെ സ്ഥിതിയും അതുതന്നെ. ചാള്‍സ് രണ്ടാമന് പോര്‍ട്ടുഗീസ് രാജകുമാരിയെ വിവാഹം ചെയ്തതുവഴി ലഭിച്ച 'ബോംബെ' പിന്നീട് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പാട്ടത്തിനെടുത്തു. ഇപ്പോള്‍ ഇംഗ്ലീഷുകാരുടെ കുടിയേറ്റ പ്രദേശമായി അത് മാറിക്കഴിഞ്ഞു. 1698ല്‍ ബംഗാളിലെ സുതാനുതി, കാളിഘട്ടം (കല്‍ക്കട്ട), ഗോവിന്ദപുരം എന്നിവിടങ്ങളിലെ അവകാശം ഇംഗ്ലീഷുകാര്‍ക്ക് കിട്ടിയതും അവിടെ കോട്ട കെട്ടി 'ഫോര്‍ട്ട് വില്യം' എന്ന് അതിന് നാമകരണം ചെയ്തതും മറ്റൊരു നേട്ടമായി. ഇതുകൂടാതെയാണ് കേരളത്തിലെ തെക്ക് ആറ്റിങ്ങല്‍ കോട്ട അവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതെല്ലാം ഇന്ത്യയില്‍ സ്വാധീനം ഉറപ്പിക്കാനുള്ള അടിസ്ഥാന ഘടകങ്ങളായിരുന്നു.

A View of the st George Fort, Madras

കേരളത്തില്‍ ഡച്ചുകാര്‍ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് കൊച്ചിയും കോഴിക്കോടും വീണ്ടും ഏറ്റുമുട്ടി. 1701ല്‍ ഇത് യുദ്ധമായി മാറി. ഡച്ചുകാരുടെ സഹായത്തോടെ കൊച്ചി സാമൂതിരിക്ക് എതിരെ നടത്തിയ യുദ്ധം ഒന്‍പത് വര്‍ഷം നീണ്ടുനിന്നു. യുദ്ധം നടക്കുന്നതിനിടയില്‍ ഇംഗ്ലണ്ടിലും ഇന്ത്യയിലും രണ്ട് പ്രധാന സംഭവം നടന്നു. 1707ല്‍ ഇംഗ്ലണ്ടും സ്കോട്ട് ലാന്‍ഡും ഒരൊറ്റ രാഷ്ട്രമായി 'യുണൈറ്റഡ് കിംങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍' ആയി. രണ്ട് പാര്‍ലമെന്‍റുകളും സൈന്യവും ഒന്നായി. യൂണിയന്‍ ജാക്ക് പുതിയ രാജ്യത്തിന്റെ പതാകയായി. ഇനി ഇംഗ്ലണ്ട് 'ഗ്രേറ്റ് ബ്രിട്ടന്‍' ആണ്.

ഇന്ത്യയിലുണ്ടായ മഹാസംഭവം മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ മരണം (1707) ആണ്. ഇംഗ്ലണ്ട് ഗ്രേറ്റ് ബ്രിട്ടനായ വര്‍ഷംതന്നെ മഹാസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായ ഔറംഗസേബ് ലോകത്തോട് വിടപറഞ്ഞു. ഇതോടെ ആ സാമ്രാജ്യത്തിന്റെ ശിഥിലീകരണത്തിനും, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആക്രമണങ്ങള്‍ക്കും, യൂറോപ്പ്യന്‍ ശക്തികള്‍ക്കും ഇന്ത്യയില്‍ വേരുറയ്ക്കുന്നതിനും കളം ഒരുങ്ങി. ഇനി ഇന്ത്യയില്‍ രാജാക്കന്മാരുടെ കലഹങ്ങളുടേയും യുദ്ധങ്ങളുടേയും കാലമാണ്.

Union jack

ഡച്ചുകാരും സാമൂതിരിയും തമ്മില്‍ യുദ്ധം നടക്കുന്നതിനിടയിലാണ് ഉത്തരമലബാറില്‍ ഒരു വ്യാപാരകേന്ദ്രം തുടങ്ങാനുള്ള നടപടി ഇംഗ്ലീഷുകാര്‍ ആരംഭിച്ചത്. കോലത്തുനാട്ടിലെ അന്നത്തെ ഭരണാധികാരിയുമായി ഇതിനുവേണ്ടി കൂടിയാലോചിച്ചു. കുറങ്ങോട്ടുനായരുടെ സ്ഥലത്തായിരുന്നു ഇംഗ്ലീഷുകാര്‍ കോട്ട കെട്ടാന്‍ ഉദ്ദേശിച്ചത്. നായര്‍ ഇതിനെ എതിര്‍ത്തു. അതിന്റെ പേരില്‍ കോലത്തിരിയിലെ ചില കുടുംബക്കാരും കുറങ്ങോട്ടുനായരും തമ്മില്‍ വഴക്കും വക്കാണവും ഉണ്ടായി. ഇതേത്തുടര്‍ന്ന് പിന്നീട് നടന്ന ചര്‍ച്ചയുടെ ഭാഗമായി വടക്കംകൂര്‍ രാജാവ് തലശ്ശേരിയില്‍ കോട്ടകെട്ടാന്‍ അനുവാദം നല്കി. 1708 ആഗസ്റ്റില്‍ കോട്ട പൂര്‍ത്തിയായി. വേണാട്ടിലെ അഞ്ചുതെങ്ങ് കോട്ട പോലെ പ്രധാനമായി മാറി ഈ കോട്ടയും.

കൊച്ചിയും കോഴിക്കോടും തമ്മിലുള്ള യുദ്ധം 1710ല്‍ അവസാനിച്ചു. പുതിയ സന്ധി പ്രകാരം ചേറ്റുവാദ്വീപും, പാപ്പനിവട്ടവും ഡച്ചുകാര്‍ക്ക് സ്വന്തമായി. എന്നാല്‍ ചേറ്റുവായില്‍ ഡച്ചുകാര്‍ കോട്ട കെട്ടുന്നതറിഞ്ഞപ്പോള്‍ സാമൂതിരിയുടെ ഉറക്കം നഷ്ടപ്പെട്ടു. കോട്ട നിര്‍മ്മാണത്തിന് എതിരെ തലശ്ശേരിയിലെ ഇംഗ്ലീഷുകാരും എരിപൊരി കൊള്ളുകയായിരുന്നു. അവിടത്തെ ഇംഗ്ലീഷ് മേധാവി റോബര്‍ട്ട് ആഡംസ്സ് (Robert Adams) ചേറ്റുവായിലെ ഡച്ചുകാരുടെ കോട്ട നിര്‍മ്മാണം തടയാന്‍ രഹസ്യസന്ദേശം നല്കി. സാമൂതിരിയ്ക്ക് രഹസ്യമായ സഹായം ആഡംസ്സ് വാഗ്ദാനം ചെയ്തു. കോട്ട പിടിച്ചെടുത്താല്‍ ഇംഗ്ലീഷുകാരുടെ കൊടിനാട്ടാന്‍ സഹായിക്കാമെന്ന് സാമൂതിരിയും വാഗ്ദാനം ചെയ്തു. ചേറ്റുവാ കോട്ട നിര്‍മ്മാണത്തിന് സാമൂതിരി തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. അതെല്ലാം പരാജയപ്പെട്ടു. ചതിയും വഞ്ചനയും വഴിയുള്ള തന്ത്രമായിരുന്നു പിന്നീട് സാമൂതിരി സ്വീകരിച്ചത്. കോട്ടനിര്‍മ്മാണത്തിന് ഉണ്ടായിരുന്ന നാല്പത്തി എട്ട് ഭടന്മാര്‍ പുറത്ത് താമസിക്കുന്ന സമയത്ത് സാമൂതിരിയുടെ പടയാളികള്‍ കൂലിവേലക്കാരുടെ വേഷത്തില്‍ അതിനകത്ത് കടന്നു. ഈ തന്ത്രത്തിലൂടെ സാമൂതിരിയുടെ പക്ഷത്തുള്ള ധര്‍മ്മോത്ത് പണിക്കര്‍ക്ക് കോട്ട പിടിച്ചെടുക്കാന്‍ കഴിഞ്ഞു. സാമൂതിരിയുടെ പടയാളികള്‍ കോട്ട ഇടിച്ചുനിരത്തി. പിന്നീട് അവിടെ ഇംഗ്ലീഷുകാരുടെ കൊടി നാട്ടി. ഈ സംഭവം ഡച്ചുകാര്‍ക്ക് ആഘാതമായിരുന്നു.

സാമൂതിരിയോട് പകരം ചോദിക്കാന്‍ ഡച്ചുകാര്‍ തയ്യാറെടുക്കുന്നതിനിടയിലാണ് 1715ല്‍ യൂറോപ്പില്‍ നിന്നുള്ള ഒരു വാര്‍ത്ത മലബാറിലെത്തിയത്. അത് ഫ്രാന്‍സിലെ, ലൂയി പതിനാലാമന്റെ മരണം ആയിരുന്നു. 'ഞാനാണ് രാഷ്ട്രം' എന്ന് സ്വയം അഹങ്കരിച്ചിരുന്ന ലൂയി പതിനാലാമന്‍ അങ്ങനെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. സേച്ഛാധിപത്യത്തിലെ ആള്‍രൂപമായിരുന്നുവെങ്കിലും കലാസാംസ്കാരികരംഗത്തിന് അദ്ദേഹത്തിന്റെ സേവനം വലുതായിരുന്നു.

Mughal Empire Aurangazeb

1716ല്‍ സാമൂതിരിയുമായി യുദ്ധത്തിന് ഡച്ചുകാര്‍ നടപടി തുടങ്ങി. സാമൂതിരിയെക്കാള്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷുകാരോടായിരുന്നു ഡച്ചുകാരുടെ വൈരാഗ്യം. ബറ്റേവിയ കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം യുദ്ധവിദഗ്ദ്ധന്മാരും പടക്കപ്പലുകളും പടയാളികളും വില്യം ബേക്കര്‍ ജേക്കബ്സ് (William Bakker Jacobs)ന്റെ നേതൃത്വത്തില്‍ മലബാറിലെത്തിക്കൊണ്ടിരുന്നു. കോഴിക്കോട്ട് കടപ്പുറത്ത് ഡച്ച് കപ്പലുകള്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ തുടങ്ങി. ഇതിനിടയില്‍ ഇംഗ്ലീഷ് കൊടിനാട്ടിയ ഒരു കപ്പലിനെ ഡച്ചുകാര്‍ പിടിച്ചെടുത്തു. കൊച്ചിരാജാവും ഡച്ചുകാരും കൂടി നടത്തിയ ആ ശ്രമത്തില്‍ സാമൂതിരിയ്ക്ക് വന്‍നാശനഷ്ടം ഉണ്ടായി. ചേറ്റുവായും പാപ്പിനിവട്ടവും ഡച്ചുകാര്‍ പിടിച്ചെടുത്തു. ഡച്ചുകാര്‍ക്ക് എതിരെ ഇംഗ്ലീഷുകാര്‍ രംഗത്തുവന്നില്ല. ഇതോടെ സന്ധി സംഭാഷണത്തിന് സാമൂതിരിയുടെ മധ്യസ്ഥന്മാര്‍ എത്തി. പുതിയ കരാര്‍ പ്രകാരം ചേറ്റുവാ ദ്വീപ് ഡച്ചുകാര്‍ക്ക് ലഭിച്ചു എന്നു മാത്രമല്ല യുദ്ധനഷ്ടപരിഹാരവും നല്കാന്‍ സാമൂതിരി നിര്‍ബന്ധിതനായി.

85000 സ്വര്‍ണ്ണനാണയമായിരുന്നു സാമൂതിരി നഷ്ടപരിഹാരമായി നല്കേണ്ടിയിരുന്നത്. ചേറ്റുവാ കോട്ട ചതിയിലൂടെ പിടിച്ച സാമൂതിരി പക്ഷത്തുള്ള ധര്‍മ്മോത്ത് പണിക്കരെ പിരിച്ചുവിടാനും അയാളുടെ സ്വത്ത് കണ്ടുകെട്ടി കമ്പനിയ്ക്ക് നല്കാനും കരാറില്‍ വ്യവസ്ഥ ഉണ്ടായിരുന്നു. ഈ കരാറിലൂടെ ഡച്ചുകാര്‍ കേരളത്തിലെ അജയ്യശക്തിയായി മാറി.

(ഈ ഭാഗം എഴുതാന്‍ ഉപയോഗിച്ച പ്രധാന പുസ്തകം കൊച്ചി രാജ്യചരിത്രം)