ഇംഗ്ലീഷുകാര്‍ ശക്തിപ്പെടുന്നു.
ഡച്ചുകാരുടെ ദൗത്യം ശക്തിപ്പെടുത്തുന്നു.
ആറ്റിങ്ങല്‍ കലാപം.
ഫ്രഞ്ചുകാര്‍ 'മാഹി' പിടിച്ചെടുത്തു.
മാര്‍ത്താണ്ഡവര്‍മ്മ സിംഹാസനത്തില്‍.
ചേറ്റുവായില്‍ ഉണ്ടായ വിജയവും അതുവഴി സാമൂതിരിയിലുണ്ടായ സ്വാധീനവും ഡച്ചുകാരെ കേരളം മുഴുവന്‍ തങ്ങളുടെ ചൊല്പടിക്കു നിര്‍ത്താനുള്ള മോഹം ഉണ്ടാക്കി. കൊച്ചിയിലേതുപോലെ മറ്റ് രാജ്യങ്ങളിലും രാഷ്ട്രീയ അധികാരം വേണമെന്ന് അവര്‍ കണക്കുകൂട്ടി. ഇതിനുള്ള പ്രധാന കാരണങ്ങള്‍ കേരളത്തിന്റെ വടക്കും, തെക്കും ഉയര്‍ന്നുവരുന്ന ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ശക്തിയാണ്. തലശ്ശേരിയില്‍ അവര്‍ കോട്ട കെട്ടി അവിടങ്ങളിലെ പല നാടുകളുമായി കച്ചവടബന്ധം സ്ഥാപിച്ചുകഴിഞ്ഞു. തെക്ക് ആറ്റിങ്ങല്‍ അഞ്ചുതെങ്ങ് കോട്ടകെട്ടി വ്യാപാരം ശക്തമാക്കി. അഞ്ചുതെങ്ങ് കോട്ട അവരുടെ പ്രധാന വാണിജ്യകേന്ദ്രമായി കഴിഞ്ഞു. ഇപ്പോള്‍ സൈനികകേന്ദ്രവും കൂടിയാണിത്. വിഴിഞ്ഞത്തും ഇംഗ്ലീഷുകാര്‍ക്ക് വ്യാപാരകേന്ദ്രം ഉണ്ട്. ഡച്ചുകാരെ ഭയപ്പെടുത്തുന്ന മറ്റൊരു കാര്യം ഫ്രഞ്ചുകാരുടെ കേരളത്തില്‍ കടക്കാനുള്ള ശ്രമമാണ്. പുതുശ്ശേരി (പോണ്ടിച്ചേരി)യില്‍ നിന്നാണ് അവര്‍ കേരളത്തിലേയ്ക്ക് നോട്ടമിടുന്നത്.
ചേറ്റുവായിലെ വിജയത്തോടെ കമ്പനിയുടെ ശക്തി മറ്റ് നാട്ടുരാജ്യങ്ങളെ അറിയിയ്ക്കാന്‍ പുറക്കാട്, കൊല്ലം എന്നിവിടങ്ങളിലേയ്ക്ക് ഡച്ചുകാര്‍ ദൗത്യസംഘങ്ങളെ അയച്ചു. മൊത്തത്തില്‍ കേരളം മുഴുവന്‍ തങ്ങളുടെ കൊടിക്കീഴില്‍ കൊണ്ടുവന്നാലേ ഇംഗ്ലീഷുകാരെ ഓടിക്കാനും, ഇവിടേയ്ക്ക് എത്താന്‍ വെമ്പല്‍കൊള്ളുന്ന ഫ്രഞ്ചുകാരുടെ ശ്രമം തകര്‍ക്കാനും കഴിയൂ എന്ന ചിന്താഗതിയായിരുന്നു ഡച്ചുകാര്‍ക്ക് ഉണ്ടായിരുന്നത്.
കേരളത്തിന്റെ തെക്കേ അറ്റത്തുള്ള വേണാട് രാജാവും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ യോഗക്കാരും പിള്ളമാരും തമ്മിലുള്ള തര്‍ക്കവും രൂക്ഷമാകുന്നു. ഇതിനിടയിലാണ് 1721ല്‍ അഞ്ചുതെങ്ങില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് എതിരെ കലാപം (ആറ്റിങ്ങല്‍ കലാപം) ഉണ്ടായത്. അഞ്ചുതെങ്ങ് കോട്ടയിലെ മേധാവിയായ ഗിഫോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ നാട്ടുകാരില്‍ ദേഷ്യം സൃഷ്ടിച്ചിരുന്നു. അതേസമയം ആണ്ടുതോറും അവര്‍ ആറ്റിങ്ങല്‍ റാണിയ്ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ആഘോഷപൂര്‍വ്വം കൊടുത്തയച്ച് സന്തോഷിപ്പിച്ചിരുന്നു. വേണാട് രാജാവിനെ എതിര്‍ക്കുന്ന പിള്ളമാരുടെ പ്രതിനിധികള്‍ റാണിയ്ക്കുള്ള സമ്മാനങ്ങള്‍ തങ്ങള്‍ വഴി നല്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഗിഫോര്‍ട്ട് അത് തള്ളിക്കളഞ്ഞു. ഇതേത്തുടര്‍ന്ന് സമ്മാനങ്ങളുമായി പുറപ്പെട്ട സംഘത്തെ പിള്ളമാരുടേയും നാട്ടുകാരുടേയും സംഘം ആക്രമിച്ച് ആള്‍നാശം വരുത്തി. അഞ്ചുതെങ്ങ് കോട്ട കലാപക്കാരുടെ ഉപരോധത്തിലായി. പിന്നീട് തലശ്ശേരിയില്‍ നിന്നും ഇംഗ്ലീഷ് പട്ടാളം എത്തിയാണ് രംഗം ശാന്തമാക്കിയത്. ഗിഫോര്‍ഡിന് പകരം മിഡ്ഫോര്‍ഡ് (Midford) അഞ്ചുതെങ്ങ് കോട്ടയിലെ മേധാവിയായി. അദ്ദേഹത്തെ പിന്തുടര്‍ന്ന് മേധാവിയായി എത്തിയത് ഡോ. അലക്സാണ്ടര്‍ ഓര്‍മെയാണ്. വിഖ്യാത ചരിത്രകാരനായ റോബര്‍ട്ട് ഓര്‍മയുടെ പിതാവാണ് ഇദ്ദേഹം. ആറ്റിങ്ങല്‍ കലാപം ഇംഗ്ലീഷുകാര്‍ക്ക് ആള്‍നാശം ഉണ്ടാക്കിയെങ്കിലും ഫലത്തില്‍ അവര്‍ക്ക് ഒട്ടേറെ നേട്ടങ്ങള്‍ കൂടി സമ്മാനിച്ചു. ഈ കലാപത്തിനുശേഷം റാണിയും ഇംഗ്ലീഷുകാരും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ പ്രധാനമാണ്. ഇംഗ്ലീഷുകാര്‍ക്ക് ഉണ്ടായ നാശങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കാനും, കലാപകാരികളെ ശിക്ഷിയ്ക്കുന്നതിനും കുരുമുളക് വ്യാപാരത്തിന്റെ കുത്തക നല്കാനും, കരാറില്‍ വ്യവസ്ഥ ഉണ്ടായിരുന്നു. ഇതുകൂടാതെ ആറ്റിങ്ങലില്‍ എവിടേയും വ്യാപാരകേന്ദ്രം സ്ഥാപിക്കാന്‍ അനുവാദം നല്കി. കലാപത്തില്‍ തകര്‍ന്ന പള്ളി പുതുക്കി പണിയാന്‍ തടി ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ റാണി നല്കി. ആറ്റിങ്ങല്‍ റാണിയില്‍ നിന്നു മാത്രമല്ല, തിരുവിതാംകൂര്‍ (വേണാട്), കൊല്ലം (ദേശിംഗനാട്) രാജ്യങ്ങളില്‍ നിന്നുള്ള സഹായവും പിന്തുണയും ഇതിനുശേഷം ഇംഗ്ലീഷുകാര്‍ക്ക് കിട്ടി.
കേരളത്തില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായി 1721ലെ 'ആറ്റിങ്ങല്‍ കലാപം'. ആറ്റിങ്ങല്‍ റാണിയുടെ അനുവാദത്തോടെ അഞ്ചുതെങ്ങില്‍ ഇംഗ്ലീഷുകാര്‍ നിര്‍മ്മിച്ച കോട്ടയില്‍ മേധാവിയായി എത്തിയ ഗിഫോര്‍ട്ടിന്റെ ധാര്‍ഷ്ട്യമാണ് കലാപത്തിന് കാരണമായി പറയുന്നത്. എന്നാല്‍ റാണിയുടെ അറിവോടു കൂടിയാണ് സംഭവം നടന്നതെന്ന് ഒരുവിഭാഗം ചരിത്രകാരന്മാര്‍ക്ക് അഭിപ്രായം ഉണ്ട്. സംഗതി എന്തായാലും ഗിഫോര്‍ട്ടിനെ തദ്ദേശവാസികള്‍ വെറുത്തിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. റാണിക്ക് എല്ലാവര്‍ഷവും ഇംഗ്ലീഷുകാര്‍ അഞ്ചുതെങ്ങ് കോട്ടയില്‍ നിന്ന് വിലപ്പെട്ട സമ്മാനം കൊടുത്തയയ്ക്കുക പതിവുണ്ടായിരുന്നു. 1721ല്‍ ഇങ്ങനെ സമ്മാനവുമായി 140 ഇംഗ്ലീഷുകാരുടെ സംഘം അഞ്ചുതെങ്ങില്‍ നിന്നും ആറ്റിങ്ങല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു. തങ്ങള്‍ വഴി സമ്മാനം റാണിയ്ക്ക് നല്കണമെന്ന് അവിടത്തെ പ്രഭുക്കന്മാരായ പിള്ളമാര്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാന്‍ ഗിഫോര്‍ട്ട് തയ്യാറായില്ല. ആളുകള്‍ ഇംഗ്ലീഷ് സംഘത്തെ ആക്രമിച്ച് കൊലപ്പെടുത്തി. പിന്നീട് നാട്ടുകാര്‍ കോട്ട വളഞ്ഞു. ആറുമാസത്തോളം ഉപരോധം തുടര്‍ന്നുവെന്നാണ് പറയുന്നത്. തലശ്ശേരിയില്‍ നിന്നും ഇംഗ്ലീഷ് പട്ടാളം എത്തിയാണ് കലാപത്തെ അടിച്ചമര്‍ത്തിയത്. ഇംഗ്ലീഷ് മേധാവിത്വത്തിനെതിരെ ആദ്യ സമരമായിരുന്നു ഇതെങ്കിലും, കൂടുതല്‍ അധികാരം ഉറപ്പിക്കാനുള്ള കരാറുകള്‍ നേടിയെടുക്കാന്‍ ഈ കലാപം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സഹായകമായി എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ദക്ഷിണ കേരളത്തിലും മധ്യകേരളത്തിലും ആഭ്യന്തരകലഹങ്ങള്‍ കലശലായിരുന്ന കാലമായിരുന്നു അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ 1729ല്‍ തിരുവിതാംകൂര്‍ (വേണാട്) സിംഹാസനത്തിലെത്തിയത്. രാജകുടുംബത്തിലെ അവകാശതര്‍ക്കങ്ങള്‍ മാത്രമല്ല, യോഗക്കാരുടേയും പിള്ളമാരുടേയും മറ്റ് പ്രഭുക്കന്മാരുടേയും (എട്ടുവീട്ടില്‍ പിള്ളമാരും എട്ടരയോഗക്കാരും)എതിര്‍പ്പും അദ്ദേഹത്തിന് നേരിടേണ്ടിവന്നു. ആഭ്യന്തരകലഹം കാരണം ആദ്യമൊന്നും ഭരണം നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഒളിവിലും തെളിവിലുമായി കഴിഞ്ഞിരുന്ന മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് പലപ്പോഴും മരണത്തെ മുഖാമുഖം അഭിമുഖീകരിക്കേണ്ടിവന്നു. വേഷം മാറിയും ശത്രുക്കളുടെ കണ്ണുവെട്ടിച്ചുമാണ് പലേടത്തുനിന്നും അദ്ദേഹം രക്ഷപ്പെട്ടത്. മാര്‍ത്താണ്ഡവര്‍മ്മ ക്രൂരനും ദുരാഗ്രഹിയും അതേസമയം പ്രാപ്തനും അഹങ്കാരിയും ദയാഹീനനും കേരളത്തിന്റെ (മലബാര്‍) മുഴുവന്‍ ഭരണം ലഭിക്കാന്‍ ആഗ്രഹിക്കുന്ന ആളുമാണെന്ന് ഡച്ച് കമാണ്ടര്‍ സ്റ്റീന്‍ വാന്‍ഗുള്ളനോസ് (Stein Van Gollenesse) രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അഭിപ്രായം അദ്ദേഹത്തിന്റെ പില്‍ക്കാലത്തെ പ്രവര്‍ത്തനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ശരിയാണെന്ന് തോന്നും. പ്രതിബന്ധങ്ങള്‍ പലതും തരണം ചെയ്ത അദ്ദേഹത്തിന്റെ മനസ് ഉരുക്കിനേക്കാള്‍ ശക്തമായിരുന്നു. ലക്ഷ്യങ്ങള്‍ക്കു മുമ്പില്‍ ധര്‍മ്മാധര്‍മ്മങ്ങള്‍ അദ്ദേഹം നോക്കിയില്ല. ലക്ഷ്യം നേടാന്‍ ദയ, സത്യം എന്നിവ പരിശോധിക്കാന്‍ അദ്ദേഹം തയ്യാറായില്ല. സ്വന്തമായി സൈന്യം ഉണ്ടാക്കിയും അഞ്ചുതെങ്ങിലെ ഇംഗ്ലീഷുകാരുടെ സഹായത്തോടെ വെടിമരുന്നും, മറ്റ് യുദ്ധസാമഗ്രികളും സംഘടിപ്പിച്ചും മാര്‍ത്താണ്ഡവര്‍മ്മ ശത്രുക്കളെ നേരിടാന്‍ തുടങ്ങി. രാജകുടുംബത്തില്‍ നടന്ന കലാപം അടിച്ചമര്‍ത്തിയും, കലാപകാരികളായ ബന്ധുക്കളേയും സ്വന്തക്കാരേയും വകവരുത്തിയും, മാടമ്പിമാരേയും പിള്ളമാരേയും നിഷ്ക്കരുണം വധിച്ചും പിന്നീട് അദ്ദേഹം ഭരണത്തില്‍ പിടിമുറുക്കി. മാടമ്പിമാരുടേയും പിള്ളമാരുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി അതെല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി. തിരുവിതാംകൂ (വേണാട്)റില്‍ നിലനിന്ന ഫ്യൂഡല്‍ വ്യവസ്ഥയുടെ തകര്‍ച്ചയായിരുന്നു മാര്‍ത്താണ്ഡവര്‍മ്മയുടെ ഈ നടപടി. മാര്‍ത്താണ്ഡവര്‍മ്മയുടെ മുന്നേറ്റം അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണിയായി മാറുന്നു.
വേണാട്ടില്‍ മാര്‍ത്താണ്ഡവര്‍മ്മ അധികാരം ഏല്‍ക്കുന്നതിന് ഏകദേശം ആറ് പതിറ്റാണ്ടുകള്‍ക്കു മുമ്പ് നിലനിന്ന ആഭ്യന്തരകലഹം ഇവിടെ കച്ചവടത്തിനെത്തിയ യൂറോപ്പ്യന്‍ ശക്തികള്‍ക്കു പോലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. അവരുടെ കച്ചവടകേന്ദ്രങ്ങള്‍ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. 'പിള്ള'മാരും 'യോഗ'ക്കാരും ഒരു ഭാഗത്തും രാജാവ് എതിര്‍ഭാഗത്തുമായിട്ടായിരുന്നു കലഹം. ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണവും അതിന്റെ വസ്തുക്കളില്‍ നിന്നും ആദായം എടുക്കലും സംബന്ധിച്ച തര്‍ക്കമാണ് കലഹത്തിന് കാരണം. ക്ഷേത്രഭരണം എട്ടു പോറ്റിമാരും, വല്ലപ്പോഴും യോഗത്തില്‍ പങ്കെടുക്കാനെത്താറുള്ള രാജാവും അടങ്ങിയ "എട്ടരയോഗം' എന്ന ഭരണസമിതിയ്ക്കായിരുന്നു (ഇതേപ്പറ്റി ചരിത്രകാരന്മാര്‍ക്ക് ഭിന്നാഭിപ്രായം ആണ്).
യോഗത്തിന്റെ തീരുമാനങ്ങള്‍ ധിക്കരിക്കാനോ, ക്ഷേത്രകാര്യത്തില്‍ ഇടപെടാനോ രാജാവിന് അധികാരം ഉണ്ടായിരുന്നില്ല. ക്ഷേത്രവസ്തുവകകള്‍ എട്ടായി ഭാഗിച്ച് അതിന്റെ മേല്‍നോട്ടം വഹിക്കാനും കരംപിരിയ്ക്കാനും അധികാര നല്കിയിരുന്നത് എട്ട് മാടമ്പിമാര്‍ക്കായിരുന്നു. ഇവരാണ് "എട്ടുവീട്ടില്‍ പിള്ളമാര്‍'. കുളത്തൂര്‍, കഴക്കൂട്ടം, ചെമ്പഴന്തി, കുടമണ്‍, പള്ളിച്ചല്‍, വെങ്ങാനൂര്‍, രാമനാമഠം, മാര്‍ത്താണ്ഡമഠം എന്നീ കുടുംബങ്ങളിലെ പിള്ളമാരായിരുന്നു അവര്‍. എന്നാല്‍ ഇവരുടെ പേരിനെപ്പറ്റിയും ചരിത്രകാരന്മാര്‍ക്ക് ഭിന്നാഭിപ്രായമാണ്. യോഗക്കാരുടേയും പിള്ളമാരുടേയും കൂട്ടുകെട്ട് രാജാധിപത്യത്തിന് ഭീഷണിയായി വന്നതോടെ രാജാവ് ക്ഷേത്രകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. ഇതാണ് പിന്നീട് ആഭ്യന്തരകലഹമായി മാറിയത്. അതേസമയം യോഗക്കാരുടേയും പിള്ളമാരുടേയും "ജനാധിപത്യ' ഭരണത്തെ പിടിച്ചെടുക്കാനും അധികാരം തന്നില്‍ കേന്ദ്രീകരിക്കാനും രാജാവ് ശ്രമിച്ചതിന്റെ ഫലമായിട്ടാണ് ആഭ്യന്തരകലഹം ഉണ്ടായതെന്ന വാദവും ഉണ്ട്. പ്രശ്നം രൂക്ഷമായതോടെ പല പ്രാവശ്യവും ശ്രീപത്മനാഭസ്വാമി ക്ഷേത്രം അടച്ചിട്ടതായി രേഖ ഉണ്ട്. 1729ല്‍ അധികാരത്തിലെത്തിയ മാര്‍ത്താണ്ഡവര്‍മ്മയുടെ ആദ്യത്തെ പ്രധാന നടപടികളിലൊന്ന് യോഗക്കാരേയും പിള്ളമാരേയും അടിച്ചമര്‍ത്തല്‍ ആയിരുന്നു. നിഷ്ഠൂരമായ നടപടികളാണ് ഇതിനദ്ദേഹം സ്വീകരിച്ചത്.
ഡച്ചുകാരും ആകെ അങ്കലാപ്പിലാണ്. അവര്‍ക്ക് കുരുമുളക് ലഭിക്കുന്നതും മറ്റ് വ്യാപാരങ്ങള്‍ നടത്തുന്നതുമായ രാജ്യങ്ങളെയാണ് മാര്‍ത്താണ്ഡവര്‍മ്മ ആക്രമിക്കാന്‍ ഒരുങ്ങുന്നത്.
മുഗള്‍സാമ്രാജ്യം ആടി ഉലയുന്നു.
കര്‍ണാടക (ബദനൂര്‍) ഉത്തരകേരളം ആക്രമിക്കുന്നു.
ഡച്ചുകാര്‍ക്ക് എതിരെ വീണ്ടും കോലത്തിരി.
ഇംഗ്ലീഷുകാര്‍ പിടിമുറുക്കുന്നു.
കേരളം മുഴുവന്‍ തങ്ങളുടെ കൊടിക്കീഴിലാക്കാന്‍ സ്വപ്നം കാണുന്ന ഡച്ചുകാര്‍, സാമൂതിരി ഡച്ചുകാര്‍ക്ക് എതിരെ വീണ്ടും രഹസ്യനീക്കം തുടങ്ങി. തെക്കന്‍ കേരളത്തില്‍ ( വേണാട്ടില്‍) എല്ലാവരുടേയും പേടിസ്വപ്നമായി മാറിക്കൊണ്ടിരുന്ന മാര്‍ത്താണ്ഡവര്‍മ്മ. വടക്കന്‍ കേരളത്തില്‍ കൂടെ കൂടെ പൊട്ടിപ്പുറപ്പെടുന്ന, കോലത്തിരി (ചിറയ്ക്കല്‍)യും അറയ്ക്കലും തമ്മിലുള്ള സംഘര്‍ഷം. അവിടെ തലശ്ശേരിയിലും തൊട്ടടുത്ത മാഹിയിലും ഡച്ചുകാരും, ഫ്രഞ്ചുകാരും കണ്ണുരുട്ടി നില്‍ക്കുന്നു. ഇതിനിടയില്‍ കോലത്തുനാട്ടിനെ കണ്ണുവച്ച് പടനീക്കുന്ന കര്‍ണ്ണാടക (ബദനൂര്‍) ശക്തി. കൊച്ചിയുടെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. അവിടെ രാജകുടുംബങ്ങളുടെ വഴക്കും വക്കാണവും ഡച്ചുകാരുടെ സ്വൈരം കെടുത്തുന്നു.
ഡച്ചുകാര്‍ക്ക് എതിരെ കേരളരാജാക്കന്മാരുടെ സഖ്യം ഉണ്ടാക്കുന്നതിന്റെ തിരക്കിലാണ് സാമൂതിരി. അതിന്റെ മുന്നോടിയായി അദ്ദേഹം തെക്കന്‍ നാട്ടില്‍ നിന്നും ഒരു രാജകുമാരിയെ ദത്ത് എടുക്കാന്‍ ആലോചിച്ചു. ഇതിനുശേഷം പല രാജ്യങ്ങളിലേയ്ക്കും ദൂതന്മാരെ അയച്ചു. പറവൂര്‍, തെക്കന്‍കൂര്‍, വടക്കന്‍കൂര്‍, കായംകുളം എന്നീ രാജ്യങ്ങളിലെ മന്ത്രിമാര്‍ ഡച്ചുകാര്‍ക്ക് എതിരെ പൊന്നാനിയില്‍ ഒത്തുകൂടി ആലോചന നടത്തിയതായും പറയുന്നു. ഈ സമയത്ത് ഡച്ച് ശക്തി കൂടുതല്‍ വ്യാപിപ്പിക്കാന്‍ സിലോണിലെ ഡച്ച് ഗവര്‍ണ്ണര്‍ വാന്‍ ഇംഹോഫ് പദ്ധതി തയ്യാറാക്കി. ഇംഗ്ലീഷുകാര്‍ കേരളത്തില്‍ വേരുറയ്ക്കാന്‍ സാധ്യത ഉണ്ടെന്ന് മനസ്സിലാക്കിയുള്ള പ്രവര്‍ത്തനം ആയിരുന്നു അദ്ദേഹത്തിന്റേത് . വടക്കന്‍ കേരളത്തില്‍ ഫ്രഞ്ചുകാരും ഡച്ചുകാരും തമ്മില്‍ ഇടയ്ക്കിടയ്ക്ക് ഉരസല്‍ നടത്തുന്നത് ഡച്ചുകാര്‍ക്ക് ആശ്വാസം നല്കി. എന്നാല്‍ എല്ലാ യൂറോപ്യന്‍ ശക്തികളേയും മലബാറിലെ രാജാക്കന്മാരേയും ഞെട്ടിപ്പിച്ചുകൊണ്ട് ബദനൂര്‍ (കര്‍ണാടകം) രാജാവ് കോലത്തുനാട് ആക്രമിച്ചു. വിജയനഗര സാമ്രാജ്യം, തളിക്കോട്ട യുദ്ധത്തില്‍ (1564) തകര്‍ന്നതോടെ ഉദിച്ചുയര്‍ന്ന അവരുടെ സാമന്ത പ്രഭുക്കന്മാരാണ് ഇടക്കരി, കോളാഡി അല്ലെങ്കില്‍ ബദനൂര്‍ രാജാക്കന്മാര്‍. അവരുടെ പരമ്പരയിലെ ഒന്‍പതാമത്തെ ശക്തനായ രാജാവ് ശിവപ്പനായക്കിന്റെ (1649 - 1671) കാലത്ത് കാനറ മുതല്‍ കാസര്‍കോട് വരെ പിടിച്ചടക്കി. കോലത്തിരിയുടെ നാട്ടിലെ അന്തഛിദ്രം മനസ്സിലാക്കിയാണ് രാജപരമ്പരയിലെ പതിമൂന്നാമനായ സോമശേഖരനായ്ക്ക൯ അവിടെ ആക്രമിക്കാന്‍ തുടങ്ങിയത്.
കര്‍ണാടക (ബദനൂര്‍) ആക്രമണം ഉണ്ടായതോടെ ആലിരാജാവും കോലത്തിരിയും തമ്മില്‍ സന്ധി ഉണ്ടാക്കി. സാമൂതിരിയും ഇംഗ്ലീഷുകാരും കോലത്തിരിയെ സഹായിക്കാനെത്തി. ഡച്ചുകാരും കോലത്തിരിയെ സഹായിച്ചു. പക്ഷെ ഇതൊക്കെ ആണെങ്കിലും കോലത്തിരി അവസാനം ബദനൂര്‍ (കര്‍ണാടക) രാജാവിന്റെ സാമന്തനായിത്തീരുന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. വളപട്ടണം കടന്ന് കണ്ണൂര്‍ പട്ടണം ആക്രമിയ്ക്കാന്‍ ബദന്നൂര്‍ തയ്യാറായപ്പോള്‍ ഡച്ചുകാരും ഇംഗ്ലീഷുകാരും ഒരു ഒത്തുതീര്‍പ്പിന് രംഗത്തെത്തി. പിന്നീട് ഉണ്ടാക്കിയ കരാര്‍ വഴി ബദനൂര്‍ (കര്‍ണാടക) ആക്രമണം നിര്‍ത്തി. ഇതില്‍ സംപ്രീതനായ കോലത്തിരി വര്‍ഷം ആയിരം കണ്ടി മുളക് ഡച്ചുകാര്‍ക്ക് നല്കാമെന്ന് സമ്മതിച്ചു. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ കര്‍ണാടക വീണ്ടും മലബാര്‍ ആക്രമിച്ചു. ഡച്ചുകാര്‍ യുദ്ധം ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചിട്ടും ഫലിച്ചില്ല. ഇംഗ്ലീഷുകാരുടെ മധ്യസ്ഥതയില്‍ പിന്നീട് യുദ്ധം അവസാനിച്ചു. ഫലം കര്‍ണാടക പിടിച്ചെടുത്ത സ്ഥലങ്ങള്‍ അവര്‍ക്കായി.
സാമൂതിരി ആകെ അസ്വസ്ഥനാണ്. അദ്ദേഹത്തിന്റെ പദ്ധതികള്‍ ഓരോന്നായി തകരുന്നു എന്ന് ബോധ്യം ഉണ്ടായിരിക്കുന്നു. ഇതിനിടയില്‍ കൊച്ചിയിലെ ഡച്ചുകോട്ടയില്‍ ഒരു വാര്‍ത്ത എത്തി. കായംകുളം ആക്രമിക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മ ഒരുക്കങ്ങള്‍ നടത്തുന്നുവെന്നതാണ് അത്.