ഫ്രഞ്ചുകാര്‍ക്ക് ശക്തിക്ഷയം.
റോബര്‍ട്ട് ക്ലൈവ് വിജയം കൊയ്യുന്നു.
മാര്‍ത്താണ്ഡവര്‍മ്മ കൂടുതല്‍ ശക്തനാകുന്നു.
സാമൂതിരി ഡച്ച് പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നു.

1753
അസ്തമയത്തിലേക്ക് നീങ്ങുന്ന ഡച്ചുപ്രതാപവും ശക്തിപ്പെടുന്ന ആക്രമണങ്ങളും

ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും മേധാവിത്വത്തിനുവേണ്ടി നടത്തുന്ന രണ്ടാം കര്‍ണാടിക് യുദ്ധം തുടരുന്നു.

മാര്‍ത്താണ്ഡവര്‍മ്മയുടെ സൈന്യം പുറക്കാടും
കരുനാഗപ്പള്ളിയും വഴി കായംകുളം ആക്രമിച്ചു.

ഒന്നാം കര്‍ണാടിക് യുദ്ധത്തില്‍ ഫ്രഞ്ച് ഗവര്‍ണര്‍ ഡ്യൂപ്ലേയ്ക്ക് ഉണ്ടായ വിജയത്തില്‍ അരിശം കൊള്ളുന്ന ഇംഗ്ലീഷുകാര്‍ അവസരം കാത്തിരിക്കുകയായിരുന്നു. പെട്ടെന്നാണ് കര്‍ണാടിക് പ്രദേശത്തെ രാഷ്ട്രീയരംഗം കലുഷിതമായത്. ഹൈദരാബാദിലെ നൈസാം അന്തരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ നാസീര്‍ ജങ്ങ് പുതിയ നൈസാം ആയി. എന്നാല്‍ മുന്‍ നൈസാം അസഫ്ത്സായുടെ പൗത്രനായ മുസാഫര്‍ ജങ് ഇതിനെ ചോദ്യം ചെയ്തു. മുഗള്‍ ചക്രവര്‍ത്തി തന്നെയാണ് നൈസാം ആയി അംഗീകരിച്ചതെന്ന് മുസഫര്‍ ജങ് അവകാശപ്പെട്ടു. ഇതിനിടയില്‍ മറാഠികളുടെ ബന്ധനത്തില്‍ നിന്നും വിമോചിതനായ ചന്ദാസാഹിബ് കര്‍ണാടിക് നവാബിന്റെ സ്ഥാനത്തിന് അവകാശം ഉന്നയിച്ചു. സൂത്രശാലിയായ ഡ്യൂപ്ലേ മുസാഫര്‍ ജങിനേയും ചന്ദാസാഹിബിനേയും പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. ഫ്രഞ്ചുകാരുടെ സഹായത്തോടെ മുസാഫര്‍ ജങിന്‍റേയും ചന്ദാസാഹെബിന്റെയും സൈന്യം കര്‍ണാടിക് നവാബ് അന്‍വാറുദ്ദിനെ കീഴടക്കി വധിച്ചു. അന്‍വറുദ്ദിന്റെ മകന്‍ മുഹമ്മദാലി തിരുച്ചിറപ്പള്ളിയില്‍ അഭയം പ്രാപിച്ചു. ഫ്രഞ്ച് സൈന്യം അദ്ദേഹത്തെ പിന്തുടര്‍ന്ന് അവിടെ എത്തി. ഇംഗ്ലീഷുകാര്‍ മുഹമ്മദാലിയെ സഹായിക്കാന്‍ തീരുമാനിച്ചു. അവര്‍ നാസിര്‍ ജങ്ങിനോട് കര്‍ണാടിക്കിലെത്തി ശത്രുക്കളെ നേരിടാന്‍ അഭ്യര്‍ത്ഥിച്ചു. ഹൈദ്രബാദ് നൈസാം കര്‍ണാടിക്കിലെത്തിയ ഉടന്‍ കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന് ഫ്രഞ്ചുകാരുടെ സഹായത്തോടെ മുസാഫര്‍ ജങ് ഡക്കാണിലെ (ഹൈദ്രാബാദിലെ) നൈസാം ആയി. ഇതിനുശേഷം പുതുശ്ശേരിക്ക് സമീപത്തുള്ള പ്രദേശങ്ങളും ഒറീസാ തീരത്തെ മച്ചിലി പട്ടണവും ഫ്രഞ്ചുകാര്‍ക്ക് ലഭിച്ചു.ഫ്രഞ്ച് സൈന്യം ഹൈദരാബാദില്‍ കാല്‍ ഉറപ്പിച്ച് സുരക്ഷിതത്വം ഉറപ്പാക്കി. അധികം താമസിയാതെ ചന്ദാസാഹിബും നവാബായി. ഇതോടെ കര്‍ണാടിക് പ്രദേശങ്ങളിലെ സ്വാധീനം ഫ്രഞ്ചുകാര്‍ക്കായി. ഇതിനെതിരെ ഇംഗ്ലീഷുകാര്‍ കരുനീക്കം തുടങ്ങി. ഡ്യൂപ്ലേ ഡക്കാണ്‍ കാര്യങ്ങളില്‍ വ്യാപൃതനായി കഴിഞ്ഞ സമയത്ത് ഇംഗ്ലീഷുകാര്‍ പ്രത്യാക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നു. 1751ല്‍ റോബര്‍ട്ട് ക്ലൈവിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് സൈന്യം കര്‍ണാടിക് നവാബായ ചന്ദാസാഹിബിന്റെ ആര്‍ക്കാട് ആക്രമിച്ചു. മദ്രാസില്‍ നിന്നും ക്ലൈബിന് കൂടുതല്‍ സഹായം ലഭിച്ചു. അന്‍പത്തിമൂന്നുദിവസം യുദ്ധം നീണ്ടുനിന്നു. ഗത്യന്തരമില്ലാതെ ഓടിപ്പോയ ചന്ദാസാഹിബ് തഞ്ചാവൂരില്‍ അഭയംപ്രാപിച്ചു. അവിടെവച്ച് അദ്ദേഹം കൊല്ലപ്പെട്ടു. 1753 മുഹമ്മദാലി നവാബായതോടെ കര്‍ണാടിക്കില്‍ ഫ്രഞ്ചുകാരുടെ കഷ്ടകാലം തുടങ്ങി. ക്ഷുഭിതരായ ഫ്രഞ്ച് അധികാരികള്‍ ഡ്യൂപ്ലേയെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചു. പിന്‍ഗാമിയായി എത്തിയ ഗൊദേഹ്യു ഇംഗ്ലീഷുകാരുമായി സന്ധി ഉണ്ടാക്കി. അങ്ങനെ രണ്ടാം കര്‍ണാടിക് യുദ്ധം ഇംഗ്ലീഷുകാരുടെ ഭാഗ്യത്തിന്റെ തുടക്കമായി. ഇനി അങ്ങോട്ടുള്ള കാലം ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ വേരുറയ്ക്കുന്നതിന്റെയും, അവസാനം ഒരു സാമ്രാജ്യം ഇന്ത്യയില്‍ സ്ഥാപിക്കുന്നതിന്റെയും സംഭവങ്ങളുടെ കാലമാണ്.

ഡ്യൂപ്ലേ (Duplex)

രണ്ടാം കര്‍ണാടിക് യുദ്ധം അവസാനിപ്പിച്ച ഉടമ്പടി ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും ഒപ്പിട്ട വര്‍ഷം തന്നെ കേരളത്തിലും ഒരു മഹാസംഭവം നടന്നു. അത് രണ്ടാം മാവേലിക്കര കരാര്‍ ആയിരുന്നു. ഡച്ചുകാരും മാര്‍ത്താണ്ഡവര്‍മ്മയും തമ്മിലുണ്ടാക്കിയ ഈ കരാര്‍ കേരളത്തിലെ ഡച്ചുശക്തിയുടെ തകര്‍ച്ചയിലേക്കാണ് വഴിതെളിച്ചത്. ഒന്നാം മാവേലിക്കര കരാര്‍ 1743ല്‍ ആണ് ഡച്ചുകാരും മാര്‍ത്താണ്ഡവര്‍മ്മയും ഒപ്പിട്ടത്. ബത്തേവിയയിലെ പ്രശ്നങ്ങളും ഇന്തോനേഷ്യയില്‍ ഒരു സാമ്രാജ്യം സ്ഥാപിക്കാനുള്ള ചിലവും എല്ലാം കണക്കിലെടുത്ത് ഡച്ചുകാര്‍ കേരളത്തില്‍ വേണ്ടത്ര പരിഗണന നല്കാത്തതായിരുന്നു ഒന്നാം മാവേലിക്കര കരാറിന്റെ കാരണം. എന്നാല്‍ മാര്‍ത്താണ്ഡവര്‍മ്മ അതുവഴി കൂടുതല്‍ ശക്തനാകുകയും കരാറിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച് അയല്‍രാജ്യങ്ങളില്‍ പലതിനേയും ആക്രമിച്ച് കീഴ്പ്പെടുത്തുകയും ചെയ്തു. ഇംഗ്ലീഷുകാരുമായി തുടക്കം മുതലേ നല്ല ബന്ധം പുലര്‍ത്തിയിരുന്ന മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ഫ്രഞ്ച് ഗവര്‍ണര്‍ ഡ്യൂപ്ലേയുടെ വരവോടുകൂടി പുതിയ സന്ദേഹം ഉണ്ടായി. ഡച്ചുകാരാണോ ഇംഗ്ലീഷുകാരാണോ ഇന്ത്യയില്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്നതെന്ന് വീക്ഷിച്ച അദ്ദേഹം ഡ്യൂപ്ലേയ്ക്ക് തിരുവിതാംകൂറില്‍ കോട്ട കെട്ടാന്‍ അനുവാദം നല്കാമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് ദൂതന്മാരെ അയയ്ക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം കര്‍ണാടിക് യുദ്ധത്തോടെ ഇംഗ്ലീഷുകാരുടെ ശക്തി മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ബോധ്യമായി. കൊച്ചിയുടെ അടുത്തുള്ള രാജ്യങ്ങള്‍ വരെ ആക്രമിച്ച മാര്‍ത്താണ്ഡവര്‍മ്മ പുതിയ അവസരം കാത്തിരിക്കുകയായിരുന്നു. ഈ സമയത്താണ് കൊച്ചിയില്‍ 'ചാഴൂര്‍ കലഹം' തുടങ്ങിയത്. 1749ല്‍ കൊച്ചിയില്‍ രാജാവായ രാമവര്‍മ്മയുടെ കാലത്ത് ചാഴൂര്‍ ശാഖയിലെ അംഗങ്ങള്‍ (ചാഴൂര്‍ തമ്പാന്മാര്‍ )' പെരുമ്പടപ്പുമൂപ്പില്‍' സ്ഥാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കലഹം തുടങ്ങി. രാജാവ് ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് തമ്പാന്മാര്‍ മാര്‍ത്താണ്ഡവര്‍മ്മയോട് സഹായം അഭ്യര്‍ത്ഥിച്ചു. കൊച്ചിയില്‍ ഇടപെടാന്‍ അവസരമായി കരുതിയ മാര്‍ത്താണ്ഡവര്‍മ്മ തിരുവല്ല ക്ഷേത്രാധികാരം പിടിച്ചെടുത്തതോടെ പ്രശ്നം രൂക്ഷമായി. പ്രശ്നത്തില്‍ ഡച്ച് ഉദ്യോഗസ്ഥന്മാര്‍ ഇടപെട്ട് രമ്യതയിലെത്തിയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും മാര്‍ത്താണ്ഡവര്‍മ്മ വഴിപ്പെട്ടില്ല. 1752ല്‍ മാര്‍ത്താണ്ഡവര്‍മ്മ കരപ്പുറത്തേയ്ക്ക് പടനീക്കി അവിടെ നിന്നും കൊച്ചിസേനയെ ഓടിച്ചു. പിന്നീട് മൂപ്പില്‍ സ്ഥാനം പുനഃസ്ഥാപിക്കുകയും കരപ്പുറത്തിന്റെ ആധിപത്യം ചാഴൂര്‍ തമ്പാന്മാര്‍ക്കു നല്കുകയും ചെയ്തു. ചാഴൂര്‍ ശാഖയിലെ മൂത്ത തമ്പാന്‍ തിരുവിതാംകൂര്‍ രാജാവിന്റെ സാമന്തനെന്ന നിലയിലാണ് പിന്നീട് കരപ്പുറം ഭരിച്ചത്.

രാമയ്യന്‍ ദളവ
(Ramayyan Dalawa)

ഡച്ചുകാരുടെ സഖ്യകക്ഷികള്‍ ഓരോന്നായി പിണങ്ങിയിട്ടും തിരുവിതാംകൂറുമായി യുദ്ധത്തിന് അവര്‍ തയ്യാറാകാത്തതിന് പല കാരണങ്ങളും ഉണ്ട്. ആക്രമണോത്സുകനായി നില്‍ക്കുന്ന മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് എതിരെ യുദ്ധം ചെയ്ത് തോല്പിച്ചാലും വീണ്ടും വീണ്ടും ആക്രമണം തുടരുമെന്നും, ഇതിന്റെ വന്‍ചെലവ് കണക്കാക്കിയാല്‍ അദ്ദേഹവുമായി സൗഹൃദത്തില്‍ കഴിഞ്ഞ് കിട്ടാവുന്നിടത്തോളം കുരുമുളക് ശേഖരിക്കുകയാണ് ഉചിതമെന്നും ബറ്റേവിയയിലെ ഭരണാധികാരികള്‍ കണക്കുകൂട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് മാവേലിക്കരയില്‍ വച്ച് രണ്ടാം കരാര്‍ തിരുവിതാംകൂറും ഡച്ചുകാരും തമ്മില്‍ ഒപ്പിട്ടത്. പക്ഷെ അതോടെ കേരളത്തില്‍ ഒരു സാമ്രാജ്യം സ്ഥാപിക്കാനുള്ള അവരുടെ മോഹം പൊലിഞ്ഞു.

ഹൈദർ അലി

1753 ആഗസ്ത് 15ന് ഒപ്പിട്ട ഈ കരാര്‍ പ്രകാരം തിരുവിതാംകൂര്‍ 5000 കണ്ടി കുരുമുളക് ഒരു വര്‍ഷം ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് നല്കണമായിരുന്നു. ഇതില്‍ ആറ്റിങ്ങല്‍ ഉള്‍പ്പെടെയുള്ള തിരുവിതാംകൂര്‍ പ്രദേശത്തുനിന്ന് 65 രൂപ വച്ച് മൂവായിരം കണ്ടിയും, ഭാവിയില്‍ മാര്‍ത്താണ്ഡവര്‍മ്മ ആക്രമിക്കുന്ന രാജ്യങ്ങളില്‍ നിന്നും 55 രൂപ വച്ച് 2000 കണ്ടിയും മുളകാണ് നല്‍കേണ്ടത്. ഡച്ചുകാര്‍ക്ക് കച്ചവടസൗകര്യവും സംരക്ഷണവും കന്യാകുമാരിയും കുളച്ചലും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ തിരുവിതാംകൂര്‍ ഉറപ്പാക്കും. ഡച്ചുകാര്‍ കരാര്‍ പ്രകാരം ഒരുവര്‍ഷം 12000 രൂപയുടെ സൈനികായുധങ്ങള്‍ തിരുവിതാംകൂറിന് നല്കണം. എന്നാല്‍ തിരുവിതാംകൂര്‍ രാജാവ് ആക്രമിക്കപ്പെടുന്ന രാജ്യങ്ങളിലെ ബന്ധം ഡച്ചുകാര്‍ ഉപേക്ഷിക്കണമെന്നും, അവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ പാടില്ലെന്നും കരാറില്‍ ഉണ്ടായിരുന്ന വ്യവസ്ഥ കൊച്ചി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഭീഷണിയായി മാറി. ഇതുസംബന്ധിച്ച് ഭയത്തോടെ കൊച്ചി രാജാവ് ബറ്റേവിയ ഗവര്‍ണര്‍ ജനറലിന് കത്ത് അയച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല. 1754ല്‍ മാര്‍ത്താണ്ഡവര്‍മ്മ പിടിച്ചെടുത്ത വടക്കന്‍ പ്രദേശങ്ങളിലെ രാജാക്കന്മാരും പ്രഭുക്കന്മാരും അദ്ദേഹത്തിന് എതിരെ കലാപം സംഘടിപ്പിക്കുകയും അതൊരു ജനകീയസമരം പോലെ വളരുകയും ചെയ്തു. കൊച്ചി രാജാവിനെ ഇതിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ അവര്‍ ക്ഷണിച്ചു. എന്നാല്‍ ഡച്ചുകാര്‍ കൊച്ചിയെ സഹായിക്കാന്‍ മുന്നോട്ടുവന്നില്ല. കൊച്ചിയുടേയും തിരുവിതാംകൂറിന്റെയും സൈന്യങ്ങള്‍ ആനന്ദേശ്വരത്തുവച്ച് ഏറ്റുമുട്ടി. തിരുവിതാംകൂറിന്റെ സൈന്യശക്തിയില്‍ കൊച്ചിസൈന്യം ചിതറി ഓടി. സൈന്യാധിപനായ ഇടിക്കേള മേനോന്‍ വധിക്കപ്പെട്ടു. തിരുവിതാംകൂറിലെ രാമയ്യന്‍ ദളവയുടെ നേതൃത്വത്തിലുള്ള സൈന്യം അരൂക്കുറ്റിയില്‍ എത്തി പിന്നെയും മുന്നോട്ടുകടക്കാനുള്ള പുറപ്പാടായി. ഇത്രയും ആയപ്പോഴേക്കും കൊച്ചി സമാധാനത്തിന് മാര്‍ത്താണ്ഡവര്‍മ്മയോട് അഭ്യര്‍ത്ഥിച്ചു. 1757ല്‍ കൊച്ചിയും തിരുവിതാംകൂറും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു. മാര്‍ത്താണ്ഡവര്‍മ്മ പിടിച്ചെടുത്ത രാജ്യങ്ങളിലെ ആളുകളെ സഹായിക്കില്ലെന്ന് കൊച്ചിയും, സാമൂതിരിയുടെ ആക്രമണം തടയാന്‍ കൊച്ചിയെ സഹായിക്കാമെന്ന് തിരുവിതാംകൂറും സന്ധിയില്‍ സമ്മതിച്ചു. ഇതോടെ വടക്കേ അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് കഴിഞ്ഞു.

കേരളം ഹൈദർ അലിയുടെ
ആക്രമണത്തിനുമുമ്പ്

ഡച്ചുകാരുടെ സ്ഥിതി മനസ്സിലാക്കിയ സാമൂതിരി വെറുതെ ഇരുന്നില്ല. ചേറ്റുവയും പാപ്പനിവട്ടവും തിരിച്ചുപിടിക്കാന്‍ സാമൂതിരി 1755ല്‍ സൈനികനീക്കങ്ങളാരംഭിച്ചു. ഡച്ചുകാരുടെ പല പ്രദേശങ്ങളും പിടിച്ചെടുത്ത് സാമൂതിരി മുന്നേറി. പറവൂര്‍, തൃശൂര്‍, മുള്ളൂര്‍ക്കര, കൊടുങ്ങല്ലൂര്‍ പ്രദേശങ്ങള്‍ സാമൂതിരി കൈവശപ്പെടുത്തി മുന്നേറി. ഡച്ചുകാര്‍ക്ക് സാമൂതിരിയെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ല. ഡച്ചുശക്തി ക്ഷയോന്മുഖമായതിന്റെ ലക്ഷണം കൂടിയായിരുന്നു ഈ മുന്നേറ്റം. ഏതാണ്ട് ഈ സമയത്താണ് സാമൂതിരി പാലക്കാട് രാജാവിന്റെ നടുവട്ടം ആക്രമിച്ചത്. പാലക്കാട് രാജാവ് സാമൂതിരിയെ ചെറുക്കാന്‍ മൈസൂര്‍ രാജാവിനോട് സഹായം അഭ്യര്‍ത്ഥിച്ചു. അദ്ദേഹം ദിണ്ടിഗലിലെ ഫൗജ്ദാര്‍ ആയിരുന്ന ഹൈദരാലിയെ സാമൂതിരിയെ ചെറുക്കാന്‍ നിയോഗിച്ചു. ഹൈദരാലിയ്ക്ക് അടിയന്തിരമായി ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളുണ്ടായിരുന്നതിനാല്‍ തന്റെ സ്യാലനായ മുഖ്റം ആലിയെ സഹായത്തിനുവിട്ടു. മൈസൂറിന്റെയും പാലക്കാടിന്റെയും സംയുക്ത സൈന്യത്തിന്റെ മുമ്പില്‍ ഗത്യന്തരമില്ലാതെ സാമൂതിരിപ്പട പിന്തിരിഞ്ഞു. പാലക്കാടിന് നഷ്ടപ്പെട്ട സ്ഥലം തിരിച്ചുകൊടുക്കാനും, യുദ്ധചിലവിനായി പന്ത്രണ്ടുലക്ഷം രൂപ മൈസൂറിന് നഷ്ടപരിഹാരമായി നല്കാനും സാമൂതിരി സമ്മതിച്ചു. എന്നാല്‍ ഇത് നല്കാത്തതിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്കുശേഷം മൈസൂര്‍ ഭരണാധികാരിയായി മാറിയ ഹൈദരാലി മലബാര്‍ ആക്രമിക്കുന്നതും, കേരളത്തെ മുഴുവന്‍ വിറപ്പിക്കുന്നതുമായ സംഭവങ്ങള്‍ ഇനി വരാന്‍ പോകുന്നതേയുള്ളൂ.