പ്ലാസിയുദ്ധത്തിലൂടെ ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ വേരുറയ്ക്കുന്നു.
മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചു ഇംഗ്ലീഷുകാരെ പിണക്കരുതെന്ന് അനന്തരാവകാശിക്ക് ഉപദേശം.
ഇംഗ്ലണ്ടില്‍ വ്യവസായവിപ്ലവം.

1757
പ്ലാസിയുദ്ധം കഴിഞ്ഞു; മാര്‍ത്താണ്ഡവര്‍മ്മ വിടപറഞ്ഞു

ചരിത്രം വിജയത്തിന്റെയും ദുഃഖത്തിന്റെയും കഥകൂടിയാണ്. സംഭവങ്ങളാണ് ചരിത്രത്തിന്റെ ചാലകശക്തി. കടലിലെ തിരമാല പോലെ സംഭവങ്ങള്‍ അടിയ്ക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നു.

റോബര്‍ട്ട് ക്ലൈവ് (Robert Clive)

ചരിത്രം വിജയത്തിന്റെയും ദുഃഖത്തിന്റെയും കഥകൂടിയാണ്. സംഭവങ്ങളാണ് ചരിത്രത്തിന്റെ ചാലകശക്തി. കടലിലെ തിരമാല പോലെ സംഭവങ്ങള്‍ അടിയ്ക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നു. ആ സംഭവങ്ങളില്‍ സന്തോഷവും ദുഃഖവും മാറിമാറിവന്നുകൊണ്ടിരിക്കും. എത്ര ശക്തിയോടും ആത്മധൈര്യത്തോടും കൂടിയാണ് ഫ്രഞ്ച് ഗവര്‍ണര്‍ ആയി ഡ്യൂപ്ലേ പോണ്ടച്ചേരിയിലെത്തിയത്. ഇന്ത്യയില്‍ ഒരു ഫ്രഞ്ച് സാമ്രാജ്യം സ്ഥാപിക്കാന്‍ സ്വപ്നം കണ്ട അദ്ദേഹം കൊടുങ്കാറ്റുപോലെ കര്‍ണാടിക് പ്രദേശങ്ങളില്‍ ആഞ്ഞടിച്ച് ശത്രുക്കളെ തകര്‍ത്തു. പക്ഷെ രണ്ടാം കര്‍ണാടിക് യുദ്ധത്തോടെ അദ്ദേഹത്തിന്റെ പ്രതാപം അവസാനിച്ചു. ഫ്രഞ്ച് ചക്രവര്‍ത്തി ലൂയി പതിനഞ്ചാമന്‍ അദ്ദേഹത്തെ തിരിച്ചുവിളിക്കാന്‍ ഉത്തരവിട്ടു. 1754 ഒക്ടോബറില്‍ ദുഃഖിതനും അപമാനിതനുമായി ഡ്യൂപ്ലേ, ഫ്രാന്‍സിലേയ്ക്ക് കപ്പല്‍ കയറി. എന്നാല്‍ കഴുകന്റെ കണ്ണും കുറുക്കന്റെ കൗശലവുമായി മറ്റൊരു യുവാവ് ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇദ്ദേഹമാണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഒരു സാധാരണ ഉദ്യോഗസ്ഥനായ റോബര്‍ട്ട് ക്ലൈവ്. ഇരുന്നൂറ് ശിപായിമാര്‍ അടങ്ങിയ ഒരു ചെറുസംഘത്തെ നയിച്ച് രണ്ടാം കര്‍ണാടിക് യുദ്ധത്തില്‍ ക്ലൈവ്, ആര്‍ക്കാട് നടത്തിയ യുദ്ധതന്ത്രം ഫ്രഞ്ചുകാരെ ഞെട്ടിപ്പിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണ് ബംഗാളിലാണ്. കര്‍ണാടിക് പ്രദേശങ്ങളിലേതുപോലെ ബംഗാളിലും ആഭ്യന്തരകലഹങ്ങള്‍ അലതല്ലുകയാണ്.

നവാബ് സിറാജ് ഉദ്ദൗള

ഇന്ത്യയിലും യൂറോപ്പിലും വീണ്ടും ഘോരയുദ്ധങ്ങളുടെ കാലഘട്ടമാണ്. 1756ല്‍ യൂറോപ്പില്‍ ഫ്രാന്‍സും ഇംഗ്ലണ്ടും രണ്ടും ചേരികളായി തിരിഞ്ഞുള്ള സപ്തവത്സരയുദ്ധം (Seven Years War) ആരംഭിച്ചു. യൂറോപ്പിനു പുറത്ത് കോളനികളും കച്ചവടകേന്ദ്രങ്ങളും സ്ഥാപിക്കുന്നതിന് മേധാവിത്വം ലഭിക്കാന്‍വേണ്ടി നടത്തുന്ന മത്സരങ്ങളുടെ പൊട്ടിത്തെറി കൂടിയായിരുന്നു സപ്തവത്സരയുദ്ധം. അസ്ട്രിയന്‍ ചക്രവര്‍ത്തി മരിയാ തെരീസയ്ക്ക് പ്രഷ്യയിലെ രാജാവ് ഫെഡറിക് രണ്ടാമനോടുള്ള പകയാണ് യുദ്ധത്തിന് പ്രധാന കാരണം. മുമ്പ് നടന്ന അസ്ട്രിയന്‍ പിന്തുടര്‍ച്ചവകാശ യുദ്ധത്തിന്റെ തുടര്‍ച്ചയാണിത്. ആ യുദ്ധത്തില്‍ ഇംഗ്ലണ്ട് അസ്ട്രിയേയും ഫ്രാന്‍സ് പ്രഷ്യയേയും ആണ് സഹായിച്ചതെങ്കില്‍ ഇപ്പോള്‍ നേരെ മറിച്ചാണ്. 'സപ്തവത്സരയുദ്ധം' യൂറോപ്പില്‍ തുടങ്ങിയ 1756ല്‍ ആണ് അവകാശതര്‍ക്കവും ആഭ്യന്തരകലഹവും കൊണ്ട് കലുഷിതമായ ബംഗാളില്‍ സിറാജ് ഉദ്ദൗള നവാബ് ആയത്. ദൗളയ്ക്ക് ഇംഗ്ലീഷുകാരെക്കാള്‍ അടുപ്പം ഫ്രഞ്ചുകാരോടായിരുന്നു. 'ചന്ദ്രനഗര്‍' ബംഗാളിലെ പ്രധാന ഫ്രഞ്ച് കച്ചവടകേന്ദ്രമാണ്. യൂറോപ്പിലെ സപ്തവത്സരയുദ്ധവാര്‍ത്ത അറിഞ്ഞ ഉടന്‍ റോബര്‍ട്ട് ക്ലൈവ് ചന്ദ്രനഗര്‍ പിടിച്ചെടുക്കാന്‍ പദ്ധതിയിട്ടു. കല്‍ക്കട്ടയില്‍ ഇംഗ്ലീഷുകാര്‍ കോട്ട നിര്‍മ്മിക്കാന്‍ തുടങ്ങിയത് സിറാജ് ഉദ്ദൗളയെ ചൊടിപ്പിച്ചു. കോട്ടയുടെ പണിനിര്‍ത്തി വയ്ക്കാനുള്ള നവാബിന്റെ കല്പന ഇംഗ്ലീഷുകാര്‍ ചെവിക്കൊണ്ടില്ല. ഇതേത്തുടര്‍ന്ന് നവാബിന്റെ സൈന്യം എത്തി, കോട്ട നിര്‍മ്മാണം തടഞ്ഞു. അറസ്റ്റ് ചെയ്ത കുറെ ഇംഗ്ലീഷുകാരെ കാറ്റും വെളിച്ചവും കടക്കാത്ത മുറിയിലിട്ടു. അവര്‍ അവിടെ മരിച്ചുവീണത് ഇംഗ്ലീഷുകാരെ ക്ഷുഭിതരാക്കി. ഇതേത്തുടര്‍ന്ന് റോബര്‍ട്ട് ക്ലൈവ്, വാട്സ് എന്നിവരുടെ നേതൃത്വത്തിലുള്ള സൈന്യം, നവാബിന്റെ സൈന്യവുമായി ഏറ്റുമുട്ടി. ഒടുവില്‍ നവാബും ഇംഗ്ലീഷുകാരും തമ്മില്‍ ഒരു സന്ധിയില്‍ ഏര്‍പ്പെട്ടു. അധികം താമസിയാതെ ഫ്രഞ്ചുകാരുടെ ചന്ദ്രനഗര്‍ ക്ലൈവ് പിടിച്ചെടുത്തു. ഇതോടെ ഇംഗ്ലീഷുകാരും നവാബുമായിട്ടുള്ള ബന്ധം വഷളായി. കല്‍ക്കട്ടയില്‍ കച്ചവടം നടത്തിയിരുന്ന മാര്‍വാടികളായ ധനാഢ്യന്മാരുടെ സഹായത്തോടെ ക്ലൈവ് നവാബിനെതിരെ ഗൂഢാലോചന നടത്തി. നവാബിന്റെ സേനാനായകനായിരുന്ന മിര്‍ ജാഫറെ സ്വാധീനിച്ചതായിരുന്നു ക്ലൈവിന്റെ തന്ത്രങ്ങളില്‍ ഒന്ന്. ഇംഗ്ലീഷുകാരുടേയും നവാബ് സിറാജ് ഉദ്ദൗളയുടേയും സൈന്യങ്ങള്‍ 1757ല്‍ 'പ്ലാസി' എന്ന സ്ഥലത്ത് ഏറ്റുമുട്ടി. ആ യുദ്ധത്തില്‍ തോറ്റ സിറാജ് ഉദ്ദൗളയെ ഇംഗ്ലീഷുകാര്‍ കൊന്നു. പിന്നീട് മുന്‍പദ്ധതി പ്രകാരം മിര്‍ജാഫറെ നവാബാക്കി. അദ്ദേഹം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് 24 പര്‍ഗാനകളിലെ സെമിന്ദാരി അധികം നല്കി. ഇതുകൂടാതെ ക്ലൈവിന് പ്രത്യേക സമ്മാനങ്ങളും കൊടുത്തു. അങ്ങനെ കച്ചവടത്തിനെത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് ബംഗാളിലെ കുറെ സ്ഥലങ്ങളില്‍ കരംപിരിവ് നടത്താന്‍ അധികാരമുള്ള സെമിന്ദാരികളായി. ഇതൊരു ചെറിയ യുദ്ധമായിരുന്നുവെങ്കിലും ഇന്ത്യയുടേതല്ല, ലോകചരിത്രത്തില്‍ പ്ലാസി യുദ്ധത്തിനുള്ള പ്രാധാന്യം വലുതാണ്. കാരണം പില്‍ക്കാലത്ത് ഇന്ത്യയില്‍ ഒരു സാമ്രാജ്യം സ്ഥാപിക്കാന്‍ കഴിഞ്ഞ ഇംഗ്ലീഷുകാരുടെ വിജയത്തിന്റെ ആദ്യപടിവാതിലായിരുന്നു 'പ്ലാസി' യുദ്ധം.

രണ്ടാം കര്‍ണാടിക് യുദ്ധത്തില്‍
റോബര്‍ട്ട് ക്ലൈവ്.

പ്ലാസിയുദ്ധം നടന്ന് ഒരുവര്‍ഷമായപ്പോള്‍ (1758) തിരുവിതാകൂറിലെ മാര്‍ത്താണ്ഡവര്‍മ്മ ലോകത്തോട് വിടപറഞ്ഞു. കന്യാകുമാരിക്കും ആറ്റിങ്ങലിനും ഇടയ്ക്ക് ഒതുങ്ങിനിന്നിരുന്ന വേണാട് എന്ന ചെറിയ രാജ്യത്തെ വിശാലമായ തിരുവിതാംകൂര്‍ ആക്കി മാറ്റുകയും. പുതിയ ഭരണപരിഷ്കാരങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്ത മാര്‍ത്താണ്ഡവര്‍മ്മ കേരളം കണ്ട ഏറ്റവും ശക്തനായ രാജാവായിരുന്നു. കൊച്ചിയും സാമൂതിരിരാജ്യവും കോലത്തുനാടും എല്ലാം പിടിച്ചെടുത്ത് ഒരു വിശാലകേരളം സൃഷ്ടിക്കാന്‍ സ്വപ്നം കാണുകയും അതിനുവേണ്ടി യൂറോപ്പ്യന്‍ രീതിയില്‍ പരിശീലിപ്പിച്ച് തന്റെ സൈന്യത്തെ നീക്കുകയും ചെയ്ത മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് വിഘാതമായത് ഡച്ചുകാരാണ്. ഒരുപക്ഷെ ഡച്ചുകാര്‍ ഭരണം നിയന്ത്രിക്കുന്ന കൊച്ചി ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹം 'കേരളചക്രവര്‍ത്തി' യാകുമായിരുന്നു. 1758 ജൂലൈ 7ന് (993 മിഥുനം 27)ന് അമ്പത്തിമൂന്നാം വയസ്സില്‍ തിരുവനന്തപുരത്ത് ആയിരുന്നു മാര്‍ത്താണ്ഡവര്‍മ്മയുടെ അന്ത്യം. മരണത്തിനു മുമ്പ് അനന്തരാവകാശിയും അപ്പോഴത്തെ യുവരാജാവുമായ കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ (ധര്‍മ്മരാജാവ്)യെ വിളിച്ച് മാര്‍ത്താണ്ഡവര്‍മ്മ പല ഉപദേശങ്ങളും നല്കി. അതില്‍ പ്രധാനം ശ്രീപത്മനാഭന് സമര്‍പ്പിച്ച രാജ്യം തിരിച്ചെടുക്കരുതെന്നും, രാജ്യത്തിന്റെ ചെലവ് വരുമാനത്തില്‍ കവിയരുതെന്നും, ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ പിണക്കരുതെന്നുമായിരുന്നു.

കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ
(ധര്‍മ്മരാജാവ്)

1758ല്‍ തിരുവിതാംകൂര്‍ രാജാവായ കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ (ധര്‍മ്മരാജാവ്) തന്റെ അമ്മാവന്റെ വാക്കുകള്‍ അക്ഷരംപ്രതി അനുസരിച്ചാണ് 1798 വരെ തിരുവിതാംകൂര്‍ ഭരിച്ചത്. ഇദ്ദേഹത്തിന്റെ ഭരണം അവസാനിക്കുന്നതിനു മുമ്പായി ഇന്ത്യ മുഴുവനും ഇംഗ്ലീഷ് സാമ്രാജ്യത്തിന്റെ കൊടിക്കീഴിലായി കഴിഞ്ഞിരുന്നു. അതിലേയ്ക്ക് നയിച്ച യുദ്ധങ്ങളുടേയും തന്ത്രങ്ങളുടേയും ചതിയുടേയുമെല്ലാം കഥയാണ് ഇനി അങ്ങോട്ട് കേരളത്തിലും, ഇന്ത്യാ ചരിത്രത്തിലും നിറഞ്ഞുനില്‍ക്കുന്നത്. ഇതിനിടയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുകൊണ്ടുപോയ അസംസ്കൃത സാധനങ്ങള്‍ ഉപയോഗിച്ച് ഇംഗ്ലണ്ടില്‍ ആരംഭിച്ച കാര്‍ഷിക വ്യാവസായിക വിപ്ലവം സാമ്പത്തികസാമൂഹ്യരംഗത്ത് പുതിയ ഉണര്‍വ് ഉണ്ടാക്കുന്നു. വ്യാവസായികരംഗത്തു മാത്രമല്ല പുതിയ ശാസ്ത്രീയ ഉപകരണങ്ങളുടെ കണ്ടുപിടിത്തത്തേയും, കാര്‍ഷികരംഗത്തേയും സമ്പന്നമാക്കുന്നു. ഇംഗ്ലണ്ടിലെ ഈ കാര്‍ഷികവ്യാവസായിക വിപ്ലവം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നു.