മലബാര്‍ കലാപം തളര്‍ത്തിയ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം വീണ്ടും ശക്തിപ്പെടാന്‍ തുടങ്ങി. കോണ്‍ഗ്രസിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ കെ.പി. കേശവമേനോന്‍ പത്രാധിപരായി 1923 മാര്‍ച്ച് 18 കോഴിക്കോട്ടുനിന്നും "മാതൃഭൂമി" പത്രം പ്രസിദ്ധീകരിച്ചു. ഗാന്ധിജിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ ജയിലിലടച്ചതിന്റെ ഒന്നാം വാര്‍ഷികത്തിലായിരുന്നു ഇതിന്റെ പ്രസിദ്ധീകരണം. ഇതിനു മുമ്പും ശേഷവും കേരളത്തിന്റെ പല ഭാഗങ്ങളിലും സ്വാതന്ത്ര്യസമര വാര്‍ത്തകള്‍ കൊടുക്കാന്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. തൃശൂരില്‍ നിന്ന് കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള "ലോകമാന്യന്‍", തിരുവിതാംകൂറില്‍ എ.കെ. പിള്ളയുടെ "സ്വരാട്ട്", ടി.കെ. മാധവന്റെ "ദേശാഭിമാനി", കെ.ജി. ശങ്കറിന്റെ "മലയാളരാജ്യം", കോഴിക്കോട് അബ്ദുള്‍റഹിമാന്റെ "അല്‍അമീന്‍", പാലക്കാട് കൃഷ്ണസ്വാമി അയ്യരുടെ "യുവഭാരതം", യു. ഗോപാലമേനോനും കെ.വി. കുഞ്ഞുണ്ണിമേനോനും കൂടി ആരംഭിച്ച "നവീനകേരളം" തുടങ്ങിയവ ഇതില്‍ ചിലതുമാത്രമാണ്. 1924ല്‍ ആരംഭിച്ച വൈയ്ക്കം സത്യാഗ്രഹത്തില്‍ മലബാറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. 1928ല്‍ പയ്യന്നൂരില്‍ നടന്ന നാലാമത് അഖില്യോ രാഷ്ട്രീയ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു. "പൂര്‍ണസ്വരാജ്" ആണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് പ്രഖ്യാപിയ്ക്കാന്‍ കോണ്‍ഗ്രസിനോട് പ്രമേയം വഴി ഈ സമ്മേളനം ആവശ്യപ്പെട്ടു.
1930 മാര്‍ച്ച് 12ന് ഗാന്ധിജി ആരംഭിച്ച ദണ്ഡിയാത്രയുടെ അലകള്‍ മലബാറിലെങ്ങും ആവേശം സൃഷ്ടിച്ചു. 78 അനുചരന്മാരോടെ ഗാന്ധിജി നടത്തിയ ഈ മാര്‍ച്ചില്‍ സി. കൃഷ്ണന്‍നായര്‍ (നെയ്യാറ്റിന്‍കര), ടൈറ്റസ് (കോട്ടയം), എന്‍.പി. രാഘവപൊതുവാള്‍ (ഷൊര്‍ണ്ണൂര്‍), ശങ്കര്‍ജി (മായന്നൂര്‍) എന്നീ മലയാളികളും ഉണ്ടായിരുന്നു. ഏപ്രില്‍ ആറിന് ആയിരുന്നു ചരിത്രപ്രസിദ്ധമായ ഉപ്പുനിയമലംഘനം. "മാതൃഭൂമി" ഇതോടനുബന്ധിച്ച് ദിനപത്രമായി. പയ്യന്നൂരായിരുന്നു കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിനുവേണ്ടി തെരഞ്ഞെടുത്ത സ്ഥലം. തിരുവിതാംകൂറിലെയും കൊച്ചിയിലെയും ആളുകള്‍ അവിടെപ്പോയി സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നിര്‍ദേശം നല്‍കി. ഏപ്രില്‍ 13ന് കെ. കേളപ്പന്റെ നേതൃത്വത്തില്‍ ഉപ്പുസത്യാഗ്രഹത്തിനുള്ള വാളന്‍റിയര്‍ സംഘം കോഴിക്കോട്ടുനിന്ന് യാത്രതിരിച്ചു. ഈ സംഘത്തില്‍ പങ്കുചേര്‍ന്നാണ് അധ്യാപകനായിരുന്ന ആയില്യത്ത് കുറ്റിയേരി ഗോപാലന്‍ നമ്പ്യാ(എ.കെ.ജി.)രുടെ രാഷ്ട്രീയ രംഗപ്രവേശനം. ഏപ്രില്‍ 23- തീയതി പയ്യന്നൂരിലെ ഉപ്പുനിയമലംഘനം. അതോടെ മലബാറിന്റെ പല ഭാഗങ്ങളിലും നിയമലംഘനവും വിദേശവസ്ത്രബഹിഷ്കരണവും വ്യാപകമായി. 1931 മാര്‍ച്ച് 5ന് ഗാന്ധി ഇര്‍വിന്‍ സന്ധിയെത്തുടര്‍ന്ന് മലബാര്‍ ശാന്തമായെങ്കിലും മാര്‍ച്ച് 24ന് ഭഗത്സിംഗ്, രാജഗുരു സുഖദേവ് എന്നിവരെ തൂക്കിക്കൊന്ന വാര്‍ത്ത അറിഞ്ഞതോടെ രംഗം പ്രക്ഷുബ്ധമായി. ഗാന്ധിജി വട്ടമേശ സമ്മേളനത്തിന് ലണ്ടനില്‍ പോയപ്പോഴായിരുന്നു ഗുരുവായൂര്‍ സത്യാഗ്രഹം വീണ്ടും തുടങ്ങിയത്. വട്ടമേശസമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയ ഗാന്ധിയെ അറസ്റ്റ് ചെയ്തതോടെ മലബാറിലെ സമരം രൂക്ഷമായി. ഇ.എം.എസ്. നമ്പൂതിരിപ്പാട് അടക്കം നിരവധി നേതാക്കള്‍ അറസ്റ്റിലായി.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later