പോര്‍ട്ടുഗീസില്‍ നിന്നും വാസ്കോഡിഗാമ കോഴിക്കോട് എത്തി 106 വര്‍ഷം കഴിഞ്ഞപ്പോള്‍ സുഗന്ധവ്യഞ്ജന വ്യാപാരത്തിന് ഡച്ചുകാര്‍ മലയാളക്കരയില്‍ എത്തുന്നു
ഇത് ഒരു ചരിത്രവെബ്സൈറ്റ് ആണ്. എന്നാല്‍ വ്യത്യസ്തമായ രീതിയാണ് ഇതിന്റെ രചനയ്ക്ക് അവലംബിച്ചിരിക്കുന്നത്. ചരിത്രം നാടുകളിലോ, രാജ്യങ്ങളിലോ, ഭൂഖണ്ഡങ്ങളിലോ ഒതുക്കി നിര്‍ത്തുന്നതിനുപകരം ഒരേ കാലഘട്ടത്തില്‍ ലോകത്ത് ഉണ്ടായ പ്രധാന സംഭവങ്ങള്‍ ഒന്നിച്ച് കാണിക്കുകയും, അവ മറ്റ് രാജ്യങ്ങളില്‍ ഉണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നതിനുള്ള ശ്രമമാണ് ഇവിടെ നടത്തിയിട്ടുള്ളത്. എല്ലാ സംഭവങ്ങളും ഒരു കാരണത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. സംഭവങ്ങളാണ് ചരിത്രത്തിന്റെ ചാലകശക്തി. കടലിലെ തിരമാല പോലെ സംഭവങ്ങള്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതില്‍ പലതും ദേശങ്ങളുടെയോ ഭൂഖണ്ഡങ്ങളുടെയോ അതിര്‍ത്തികള്‍ ഭേദിച്ച് വിദൂരങ്ങളില്‍പ്പോലും പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നു. അതിന്റെ ഫലമായി അവിടങ്ങളില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഭരണകൂടങ്ങളും, സാമൂഹ്യവ്യവസ്ഥിതിയും തകിടം മറിയുന്നു.
ഡച്ചുകാര്‍ സുഗന്ധവ്യഞ്ജനങ്ങളന്വേഷിച്ച് കേരളത്തില്‍ വരുന്നതു മുതല്‍ അവര്‍ കൊച്ചിയില്‍ നിന്നും വിടപറയുന്നതുവരെയുള്ള (1603-1795) ചരിത്രമാണ് ഇതിലെ പ്രതിപാദ്യവിഷയം.
കടലിനോടും, സ്പെയിന്‍ ഭരണാധികാരികളോടും വര്‍ഷങ്ങളായി ഏറ്റുമുട്ടി പ്രതിബന്ധങ്ങളെ അതിലംഘിച്ച ജനതയായിരുന്നു ഡച്ചുകാര്‍. പോര്‍ട്ടുഗീസുകാര്‍ കോഴിക്കോട് എത്തി 106 വര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു ഡച്ചുകാരുടെ വരവ്. ഡച്ചുകാരുടെ വരവിനുശേഷവും അവര്‍ വിടപറയുന്നവരേയും കേരളത്തിലും ഇന്ത്യയിലും ലോകത്തും മഹത്തായ പല സംഭവങ്ങളും നടന്നു. അത് ലോകചരിത്രത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലവും വികസനാത്മകവും ആക്കി. കടലിനക്കരെ കഴിഞ്ഞിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ പുതിയ ഭൂഖണ്ഡങ്ങളില്‍ വ്യാപിച്ച്, അവിടെ യുദ്ധം ചെയ്തു സാമ്രാജ്യങ്ങള്‍ സ്ഥാപിക്കുന്നതിനും, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യാപാര-സാംസ്കാരിക ബന്ധം വികസിപ്പിക്കുന്നതിനും, പുതിയ സംസ്കാരങ്ങള്‍ ഉടലെടുക്കുന്നതിനുമെല്ലാം അത് വഴിതെളിച്ചു. കേരളത്തിന്റെയും ഇന്ത്യയുടെയും സ്ഥിതിയും ആകെ മാറി. ഡല്‍ഹി സുല്‍ത്താനേറ്റ് ഭരണത്തെ തകര്‍ത്തുകൊണ്ട് ഉയര്‍ന്നുവന്ന മഹത്തായ മുഗള്‍ സാമ്രാജ്യം യൂറോപ്പ്യന്‍ ശക്തിക്കുമുമ്പില്‍ ക്രമേണ തകര്‍ന്നു വീണു. പിന്നെ ഇന്ത്യ യൂറോപ്പ്യന്‍ ശക്തികളുടെ പോര്‍ക്കളമായി. അവസാനവിജയം ഇംഗ്ലീഷുകാര്‍ക്കായിരുന്നു. പോര്‍ട്ടുഗീസുകാര്‍ വരുമ്പോള്‍ വലുതും ചെറുതുമായി കിടന്നിരുന്ന അനേകം ചെറുനാട്ടുരാജ്യങ്ങളായിരുന്നു കേരളം. പക്ഷെ ഡച്ചുകാരുടെ കാലത്ത് തെക്ക് വേണാടും അവിടത്തെ പുതിയ ഭരണാധികാരി മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവും ശക്തമായി. കൊച്ചിയിലെ ഭരണം നിയന്ത്രിച്ചിരുന്ന പോര്‍ട്ടുഗീസുകാരെ തുരത്തിയാണ് ഡച്ചുകാര്‍ അവിടത്തെ ഭരണം പിടിച്ചെടുത്തത്. എന്നാല്‍ മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുശക്തിയെ തോല്‍പ്പിച്ച് വേണാടിനെ വിശാലമായ 'തിരുവിതാംകൂര്‍' ആക്കുന്നു. ഈ കാലഘട്ടത്തിലാണ് ഇംഗ്ലണ്ടിനെ ഞെട്ടിപ്പിച്ചുകൊണ്ട് അമേരിക്ക അവര്‍ക്ക് നേരെ തിരിയുന്നത്. ബ്രിട്ടീഷ് കോളനി മേധാവിത്വത്തിനെതിരെയുള്ള ആദ്യത്തെ സ്വാതന്ത്രിയസമരമായിരുന്നു അത്. അവിടെ മുട്ടുകുത്തിയ കോണ്‍വാലീസ് പ്രഭു ഇന്ത്യയെ ബ്രിട്ടീഷ് സാമ്രാജ്യചങ്ങലയില്‍ ബന്ധിക്കാന്‍ ഗവര്‍ണര്‍ ജനറല്‍ ആയി എത്തുന്നു. പിന്നീടാണ് ഫ്രഞ്ച് വിപ്ലവം പൊട്ടിപുറപ്പെട്ടത്. അതിലൂടെ ഉയര്‍ന്നുവന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് മറ്റ് യൂറോപ്പ്യന്‍ ശക്തികളെ വിറപ്പിക്കുന്നു. അദ്ദേഹം ഡച്ചുകാരുടെ നെതര്‍ലണ്ട് കയ്യേറുന്നു. അവിടത്തെ ഭരണാധികാരി വിദേശത്ത് അഭയം പ്രാപിക്കുന്നു. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍ ഈ കാലഘട്ടത്തില്‍ ചരിത്രത്തിന്റെ വെള്ളിത്തിരയില്‍ മിന്നിമറയുന്നു. അതെല്ലാം ഒന്നിപ്പിച്ചാണ് ഈ സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്.
ഡച്ചുകാരും അതിനുമുന്‍പ് പോര്‍ട്ടുഗീസുകാരും നല്‍കിയിട്ടുള്ള സംഭാവനകള്‍, കേരളത്തിലെ സാമൂഹ്യസ്ഥിതി, സംസ്കാരം, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ബന്ധത്തില്‍ കേരളത്തിനുണ്ടായ നേട്ടങ്ങള്‍, യൂറോപ്പിന് കേരളത്തിന്റെ സംഭാവന തുടങ്ങിയവയും ഇതില്‍ പ്രതിപാദ്യവിഷയമാണ്. ഡച്ചുകാരുടെ സംഭാവന പറയുന്ന ഭാഗത്ത് ഹോര്‍ത്തൂസ് മലബാറിക്കോസ് എന്ന അമൂല്യപുസ്തകത്തെപ്പറ്റി നീണ്ട വിവരണം തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവോത്ഥാനം, ഭൂമിശാസ്ത്രപരമായ കണ്ടുപിടിത്തങ്ങള്‍, വ്യവസായവിപ്ലവം, കാര്‍ഷികവിപ്ലവം, ഡച്ചുകാരും കേരളത്തിലെ രാജാക്കന്മാരും തമ്മിലുള്ള കരാറുകള്‍, നെതര്‍ലണ്ടിന്റെ ചരിത്രം, കേരളത്തിന്റെ ചരിത്രം, തുടങ്ങിയവ ആദ്യഭാഗത്തുണ്ട്.
ഈ ചരിത്രം പൂര്‍ണ്ണമായിട്ടില്ല. കാലാകാലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി വിപുലീകരിക്കും. ഇത് ഗവേഷണസൈറ്റ് അല്ല. അതേ സമയം ഡച്ച് കേരള ചരിത്രത്തെപ്പറ്റി മലയാളികളും, ഡച്ചുകാരും, ഇംഗ്ലീഷുകാരുമായ ചരിത്രകാരന്മാര്‍ രചിച്ചിട്ടുള്ള ആധികാരിക പുസ്തകങ്ങള്‍, കൊച്ചിയിലേയും തിരുവനന്തപുരത്തേയും പുരാരേഖ വകുപ്പിലുള്ള രേഖകള്‍, ബംഗാള്‍, ബോംബെ, മദ്രാസ്, ഡല്‍ഹി എന്നീ റിക്കാര്‍ഡ് ഓഫീസുകളിലും പുരാരേഖാ വകുപ്പുകളിലുമുള്ള രേഖകളും പുസ്തകങ്ങളുമെല്ലാമാണ് ഈ ചരിത്രരചനയ്ക്ക് ആധാരം. ഇതില്‍ എന്തെങ്കിലും തെറ്റ് കടന്നുകൂടിയിട്ടുണ്ടെങ്കില്‍ ദയവായി അറിയിച്ചാല്‍ തിരുത്തുന്നതാണ്. ഇതിന് ഉപയോഗിച്ചിട്ടുള്ള പുസ്തകങ്ങളുടെയും രേഖകളുടെയും ലിസ്റ്റ് അന്യത്ര കൊടുത്തിട്ടുണ്ട്. ഈ സൈറ്റിന്റെ ഇംഗ്ലീഷ് മാസങ്ങള്‍ക്കകം പുറത്തുവരും.
കേരളസര്‍വ്വകലാശാലയിലെ മുന്‍ചരിത്രമേധാവിയും പ്രശസ്ത ചരിത്രകാരനുമായ ഡോ.ബി.ശോഭനനാണ് ഈ ചരിത്രസൈറ്റിന്റെ ഉപദേഷ്ടാവ്. അദ്ദേഹമാണ് ഇതിലെ തെറ്റുകുറ്റങ്ങള്‍ തിരുത്തിതന്നത്. ഈ വെബ്സൈറ്റിന് അദ്ദേഹത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്
ഇന്ത്യയിലെ നെതര്‍ലണ്ട്‍ എംബസിയുടെ സഹായസഹകരണത്തോടെയാണ് ഈ സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്. ഇതിന് സഹായസഹകരണങ്ങള്‍ നല്‍കിയ എംബസിയിലെ സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ മുഹമ്മദ് അഫ്സല്‍ (Muhammed Afzal)ന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
ഇതിലേക്കാവശ്യമായ ചിത്രങ്ങള്‍ വരച്ചുതന്നത് പ്രശസ്ത ചിത്രകാരന്‍ കാരയ്ക്കാമണ്ഡപം വിജയകുമാറാണ്. കോഴിക്കോട് സര്‍വ്വകലാശാലയിലെ മുന്‍വൈസ് ചാന്‍സലറും പ്രശസ്ത ചരിത്രപണ്ഡിതനുമായ ഡോ.കെ.കെ.എന്‍.കുറുപ്പ് , പ്രശസ്ത മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായ പി.ഗോവിന്ദപിള്ള (പി.ജി), യൂണിവേഴ്സിറ്റി കോളേജ് ചരിത്രവിഭാഗം മുന്‍മേധാവി ഡോ.ടി.പി.ശങ്കരന്‍കുട്ടി നായര്‍, ഈ സൈറ്റിന് ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയ കേരള സര്‍വ്വകലാശാല ബയോ ഇന്‍ഫര്‍മേറ്റിക് സെന്റര്‍ മേധാവി ഡോ.അച്ചുത് ശങ്കര്‍ എസ് നായര്‍, ഡച്ചുകാരുടെ പല പുസ്തകങ്ങളും മൊഴിമാറ്റത്തിലൂടെ മലയാളിക്ക് സംഭാവന ചെയ്ത ചരിത്രകാരനായ കെ.ശിവശങ്കരന്‍ നായര്‍, സംസ്ഥാന പുരാരേഖവകുപ്പ് മേധാവി റജികുമാര്‍, മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍, പുരാവസ്തുവകുപ്പിന്റെ മുന്‍മേധാവി ഡോ.എസ്.ഹേമചന്ദ്രന്‍, പ്രശസ്ത പത്രപ്രവര്‍ത്തകനും ഇന്ത്യാ ടുഡേയുടെ ലേഖകനുമായ എം.ജി.രാധാകൃഷ്ണന്‍ , ഡോ.എം.ജി.ശശിഭൂഷണ്‍ , ഉമാമഹേശ്വരി, പ്രതാപ് കിഴക്കേമഠം തുടങ്ങിയവര്‍ക്കെല്ലാം ഈ അവസരത്തില്‍ നന്ദി പറയുന്നു.
എന്റെ എല്ലാ പഠനങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും സഹായം നല്‍കിയിട്ടുള്ള മാതൃഭൂമി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.പി.വീരേന്ദ്രകുമാറിനോടുള്ള നന്ദി വാക്കുകളില്‍ ഒതുക്കാന്‍ വിഷമമാണ്.
ഈ സൈറ്റ് ഇത്ര ഭംഗിയായി രൂപകല്പന ചെയ്ത CyberTips, തിരുവനന്തപുരത്തിന് അവസാനമായി നന്ദി രേഖപ്പെടുത്തട്ടെ.
എല്ലാ സഹായസഹകരണങ്ങളും പ്രതീക്ഷിച്ചുകൊണ്ട്
എം.എസ്.ഗോപാലകൃഷ്ണന്‍ (മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍)
എഡിറ്റര്‍
എം.എസ്.ഗോപാലകൃഷ്ണന്‍
ജനനം : തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ് 10-10-1948
വിദ്യാഭ്യാസയോഗ്യത : എം. എ (ഹിസ്റ്ററി)
ജോലി : മാതൃഭൂമിയുടെ തിരുവനന്തപുരം ന്യൂസ് എഡിറ്റര്‍ & സ്പെഷ്യല്‍ കറസ്പോണ്ടന്‍സ് (10-10-2008-ല്‍ റിട്ടയര്‍ ചെയ്തു.)
പുസ്തകങ്ങള്‍
ശ്രീചിത്തിരതിരുനാള്‍ അവസാനത്തെ എഴുന്നള്ളത്ത് -ഡി.സി.ബുക്സ്
ഹേറാം - മാതൃഭൂമി ബുക്സ് (ഗാന്ധിജിയെപ്പറ്റിയുള്ള പുസ്തകം)
കേരളം ലോകചരിത്രത്തിലൂടെ - കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട്
ഗാന്ധിജിക്ക് മാര്‍ഗ്ഗദര്‍ശിയായ മലയാളി - സംസ്ഥാന പബ്ളിക് റിലേഷന്‍സ് വകുപ്പ്
മാതൃഭൂമി തിരുവനന്തപുരം എഡിഷനില്‍ പത്തു വര്‍ഷമായി തിരുവനന്തപുരത്തെക്കുറിച്ച് നഗരപ്പഴമ എന്ന കോളം എഴുതുന്നു.
വഹിച്ചിട്ടുള്ള സ്ഥാനങ്ങള്‍
ഉപദേശകസമിതി
സ്റ്റേറ്റ് പബ്ലിക് ലൈബ്രറി
ആര്‍ക്കേവ്സ് കൗണ്‍സില്‍
സംസ്ഥാന ഗസറ്റിയര്‍ ഡിപ്പാര്‍ട്ടുമെന്റ്
ഭാര്യ : ഗായത്രി ഗോപാലകൃഷ്ണന്‍ (വീട്ടമ്മ)
മകള്‍ : ലക്ഷ്മി ഗോപാലകൃഷ്ണന്‍ (ലേഖിക, പി.ടി.ഐ),
ഐശ്വര്യ ഗോപാലകൃഷ്ണന്‍ (യു.എ.ഇ എക്സ്ചേഞ്ച്)
മരുമകന്‍ : അനീഷ് നായ൪ (ലേഖകന്‍ മലയാള മനോരമ)
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later