കേരളത്തിലെ ജില്ലകള്‍ - തിരുവനന്തപുരം

തിരുവനന്തപുരം എന്ന് പേര് ഏത് കാലത്താണ് ഉപയോഗിച്ചതെന്ന് ഇന്നും തര്‍ക്കവിഷയമാണ്. എ.ഡി. ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതായി കരുതുന്ന വൈഷ്ണവകവി നമ്മാള്‍വാര്‍ ആണ് തിരുവനന്തപുരം ക്ഷേത്രത്തെപ്പറ്റി ആദ്യമായി പറയുന്നത്. സാഹിത്യകൃതികളില്‍ നിന്നാണ് തിരുവനന്തപുരത്തേയും ശ്രീപത്മനാഭസ്വാമിക്ഷേത്രത്തേയും പറ്റി ആദ്യവിവരങ്ങള്‍ ലഭിക്കുന്നത്. ശുകസന്ദേശം, സ്യാനന്ദൂര പുരാണസമുച്ചയം, അനന്തപുരവര്‍ണം, ഉണ്ണിനീലി സന്ദേശം തുടങ്ങിയ കൃതികള്‍ ഇതില്‍ പ്രധാനമാണ്. പക്ഷേ ഇതിലും തിരുവനന്തപുരം എന്ന പേര് ഇല്ല. സദാ ആനന്ദം തുളുമ്പുന്ന നഗരമെന്ന അര്‍ഥത്തില്‍ "ആനന്ദപുരം' എന്നും, അതിനുമുമ്പില്‍ "ശ്രീ'യും കൂടി ചേര്‍ത്ത് ശ്രീ ആനന്ദപുരം എന്നും ക്രമേണ അത് ലോപിച്ച് "സ്യാനന്ദൂരം' ആയി എന്നൊക്കെ വാദങ്ങള്‍ ഉയരുന്നുണ്ട്.

തിരുവനന്തപുരംകനകക്കുന്ന് കൊട്ടാരം സ്കൂള്‍ ഓഫ് ആര്‍ട്സ്
തിരുവനന്തപുരത്തെ ആര്‍ട്സ് കോളേജ് പാര്‍വ്വതി പുത്തനാര്‍, ചാക്ക
ജനറല്‍ ആശുപത്രി ഗോള്‍ഫ് ക്ലബ്ബ്
വര്‍ക്കല  കനാല്‍ തിരുവനന്തപുരത്തെ ആദ്യ ബസ് സര്‍വീസ്
സെക്രട്ടേറിയറ്റ്  സി. എസ്. ഐ ചര്‍ച്ച്
   
വേളി കായല്‍  
മ്യൂസിയം ഗാര്‍ഡന്‍ വര്‍ക്കലക്കുന്ന്
ചീഫ് എന്‍ജിനീയര്‍ ഓഫീസ് സെന്‍ട്രല്‍ ജയില്‍ പൂജപ്പുര
ഗോള്‍ഫ് ക്ലബ്ബ് പൊന്‍മുടി
തിരുവനന്തപുരം എയര്‍പോര്‍ട്ട് ആദ്യകാലചിത്രം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍
സി. എസ്. ഐ ചര്‍ച്ച് ഗോള്‍ഫ് ക്ലബ്ബ്
വി.ജെ.റ്റി. ഹാള്‍ പബ്ലിക്ക് ലൈബ്രറി
Adoption Durbar, Trivandrum സി. എസ്. ഐ ചര്‍ച്ച്
Chathan Kovil in Trivandrum സര്‍. ടി. മാധവറാവു
 
Normal School, Trivandrum  

 

ഒറ്റനോട്ടത്തില്‍

കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരം, തെക്കേ അറ്റത്തെ ജില്ല
വിസ്തീര്‍ണത്തില്‍ : 11-ാം സ്ഥാനം
ജില്ലാരൂപീകരണം : 1949 ജൂലൈ 1
വിസ്തീര്‍ണം : 2,192 ച.കി.മീ.
നിയമസഭാമണ്ഡലങ്ങള്‍ : 14 (വര്‍ക്കല, ആറ്റിങ്ങല്‍ (എസ്.സി), ചിറയിന്‍കീഴ് (എസ്.സി), നെടുമങ്ങാട്, വാമനപുരം, കഴക്കൂട്ടം,  വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, അരുവിക്കര,  പാറശ്ശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിന്‍കര
താലൂക്കുകള്‍ : 6 (തിരുവനന്തപുരം, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ചിറയിന്‍കീഴ്, കാട്ടാക്കട, വര്‍ക്കല)
വില്ലേജുകള്‍ : 124
കോര്‍പ്പറേഷന്‍ : 1 തിരുവനന്തപുരം
നഗരസഭകള്‍ : 4 (നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, വര്‍ക്കല, നെടുമങ്ങാട്)
ബ്ലോക്ക് പഞ്ചായത്തുകള്‍ : 11
ഗ്രാമപഞ്ചായത്തുകള്‍ : 73
ജനസംഖ്യ (2011) : 3,301,427
പുരുഷന്മാര്‍ : 1581678
സ്ത്രീകള്‍ : 1719749
സ്ത്രീപുരുഷ അനുപാതം : 1087/1000
സാക്ഷരത : 93.02 ശതമാനം
ഡിവിഷന്‍ : തിരുവനന്തപുരം
പ്രധാന നദികള്‍ : നെയ്യാര്‍, കരമന, വാമനപുരം, മാമംപുഴ,  പൊന്‍മുടിപ്പുഴ, കിളിമാനൂര്‍പുഴ, കിള്ളിയാര്‍

കേരളത്തിന്റെ തെക്കേ അറ്റത്തുള്ള തിരുവനന്തപുരം ജില്ലയും തലസ്ഥാനമായ തിരുവനന്തപുരം നഗരവും ഇന്ന് വിശ്വപ്രസിദ്ധമാണ്. ഈ ജില്ലയ്ക്ക് പേരുവരാന്‍ കാരണമെന്ന് ഭൂരിപക്ഷം ചരിത്രകാരന്മാരും വിശ്വസിക്കുന്ന, ശ്രീപത്മനാഭക്ഷേത്രത്തിലെ സ്വര്‍ണരത്നക്കല്ലുകളുടെ നിക്ഷേപം ഭൂമണ്ഡലങ്ങളിലൊട്ടാകെയുള്ള വാര്‍ത്താമാദ്ധ്യമങ്ങള്‍ക്ക് ഇന്ന് വാര്‍ത്തയാണ്. മഹാവിഷ്ണു പാലാഴിയില്‍ ശയിക്കുന്നത് അനന്തന്‍ എന്ന ആയിരം ഫണമുള്ള സര്‍പ്പത്തിന്റെപുറത്താണെന്നാണ് വിശ്വാസം. അനന്തന്റെപുരം (നഗരം) എന്നതിനോട് ബഹുമാനസൂചകമായി "തിരു' ചേര്‍ത്തതുകൊണ്ടാണ് തിരുവനന്തപുരം എന്നുപേരു വന്നതെന്നതെന്നാണ് പൊതുവേയുള്ള വിശ്വാസം. അതേസമയം മുമ്പ് ഇത് ജൈനക്ഷേത്രമായിരുന്നുവെന്നും ജൈന മഹാപുരുഷനായ "ആനന്ദന്‍'ല്‍ നിന്നാണ് പേരുവന്നതെന്നും ചിലര്‍ വാദിക്കുന്നുണ്ട്.

തിരുവനന്തപുരം എന്ന് പേര് ഏത് കാലത്താണ് ഉപയോഗിച്ചതെന്ന് ഇന്നും തര്‍ക്കവിഷയമാണ്. എ.ഡി. ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതായി കരുതുന്ന വൈഷ്ണവകവി നമ്മാള്‍വാര്‍ ആണ് തിരുവനന്തപുരം ക്ഷേത്രത്തെപ്പറ്റി ആദ്യമായി പറയുന്നത്. സാഹിത്യകൃതികളില്‍ നിന്നാണ് തിരുവനന്തപുരത്തേയും ശ്രീപത്മനാഭസ്വാമിക്ഷേത്രത്തേയും പറ്റി ആദ്യവിവരങ്ങള്‍ ലഭിക്കുന്നത്. ശുകസന്ദേശം, സ്യാനന്ദൂര പുരാണസമുച്ചയം, അനന്തപുരവര്‍ണം, ഉണ്ണിനീലി സന്ദേശം തുടങ്ങിയ കൃതികള്‍ ഇതില്‍ പ്രധാനമാണ്. പക്ഷേ ഇതിലും തിരുവനന്തപുരം എന്ന പേര് ഇല്ല. സദാ ആനന്ദം തുളുമ്പുന്ന നഗരമെന്ന അര്‍ഥത്തില്‍ "ആനന്ദപുരം' എന്നും, അതിനുമുമ്പില്‍ "ശ്രീ'യും കൂടി ചേര്‍ത്ത് ശ്രീ ആനന്ദപുരം എന്നും ക്രമേണ അത് ലോപിച്ച് "സ്യാനന്ദൂരം' ആയി എന്നൊക്കെ വാദങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ 1375 മുതല്‍ ശ്രീപദ്മനാഭസ്വാമിക്ഷേത്രം സംബന്ധിച്ച മതിലകം രേഖകളിലും രാജകീയ നീട്ടുകളിലും എല്ലാം "തിരുവാനന്തപുരം' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം "തിരുവനന്തപുരം' എന്ന പേര് യൂറോപ്പ്യന്മാരുടെ വരവിനുശേഷമാണ് ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് വാദം ഉണ്ട്.

രാജകീയപ്രതാപം, പടയോട്ടം, ജനകീയഭരണങ്ങളുടെ ഉദയാസ്തമയങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം സാക്ഷിയായ ജില്ലയാണ് തിരുവനന്തപുരം. അതേസമയം തിരുവനന്തപുരത്തിന്റെ യഥാര്‍ഥചരിത്രം ഇന്നും ഇരുള്‍മൂടിക്കിടക്കുന്നു. സംഘകാലകൃതികളനുസരിച്ച് കേരളത്തിന്റെതെക്കന്‍ഭാഗങ്ങള്‍ ഭരിച്ചിരുന്നത് ആയ് രാജവംശം ആയിരുന്നു. വിഴിഞ്ഞം അവരുടെ സൈനികകേന്ദ്രവും കാന്തള്ളൂര്‍ശാല സര്‍വ്വകലാശാലയും ആയിരുന്നു. ആയന്‍മാരുടെ വകയായിരുന്നു ശ്രീപത്മനാഭസ്വാമിക്ഷേത്രം. തെക്ക് നാഗര്‍കോവില്‍, വടക്ക് തിരുവല്ല വരെ വ്യാപിച്ചുകിടന്ന ആയ് രാജ്യത്തിന്റെ തലസ്ഥാനം ചെങ്കോട്ടയ്ക്കടുത്തുള്ള ആയികുടിയായിരുന്നു. പാണ്ഡ്യചോള ആക്രമണം നിരന്തരം നേരിടേണ്ടിവന്ന ആയ് രാജ്യം പത്താം നൂറ്റാണ്ടോടുകൂടി തകരാന്‍ തുടങ്ങി. അതിന്റെതെക്കന്‍ പ്രദേശങ്ങള്‍ വേണാട് എന്ന ചെറിയ രാജ്യത്തില്‍ ലയിച്ചു. മഹോദയപുരം അഥവാ തിരുവഞ്ചിക്കുളം ആസ്ഥാനമായി രൂപംകൊണ്ടത് കേരളം മുഴുവന്‍ മേല്‍ക്കോയ്മയുള്ളതുമായ ചേരരാജ്യത്തി (പെരുമാക്കന്മാരുടെ)ന്റെ സാമന്തന്മാരായിരുന്നു വേണാട്. പിന്നീട് ആയ് രാജ്യത്തിന്റെമറ്റൊരു ശാഖ കൂടി വേണാട്ടില്‍ ലയിച്ചു. അതോടെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വേണാടിന്റെവകയായി.

കൊല്ലം, കൊട്ടാരക്കര, ചിറയിന്‍കീഴ്, തിരുവനന്തപുരം, നെടുമങ്ങാട് എന്നീ പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ടതായിരുന്നു ആദ്യകാല വേണാട് എന്നാണു പറയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ചരിത്രകാരന്മാര്‍ക്ക് ഭിന്നാഭിപ്രായമാണ്. കൊല്ലം ആയിരുന്നു തലസ്ഥാനം. ചോളന്മാര്‍ വേണാട് ഉള്‍പ്പെടെയുള്ള കേരളത്തെ നിരന്തരം ആക്രമിച്ചുകൊണ്ടിരുന്നു. ആക്രമണം നേരിടാന്‍ രാമവര്‍മ്മ കുലശേഖരന്‍ എന്ന ചേരരാജാവ് തന്റെആസ്ഥാനം കൊല്ലത്തേക്ക് മാറ്റി. പിന്നീട് ചേരരാജ്യം അസ്തമിച്ചു. അതോടെ വേണാട് സ്വതന്ത്രരാജ്യമായി. ചേരരാജാക്കന്മാരുടെ "കുലശേഖര പെരുമാള്‍' എന്ന ബിരുദം സ്വീകരിച്ചാണ് വേണാട് രാജാക്കന്മാര്‍ ഭരണം തുടങ്ങിയത്. പതിനാലാം നൂറ്റാണ്ടില്‍ കോലത്തുനാട്ടില്‍ നിന്നും രണ്ട് തമ്പുരാട്ടിമാരെ വേണാട് ദത്തെടുത്തതോടെയാണ് ആറ്റിങ്ങല്‍ രാജ്യത്തിന്റെതുടക്കം. ആറ്റിങ്ങല്‍ റാണി പ്രസവിക്കുന്ന മൂത്ത രാജകുമാരനാണ് വേണാട് രാജാവാകുന്നത്. പതിനഞ്ചാം ശതകത്തില്‍ വേണാട് തൃപ്പാപ്പൂര്‍, ദേശിങ്ങനാട് എന്നീ രണ്ടു ശാഖകളായി തിരിഞ്ഞു. കൊല്ലത്തുപോയ ശാഖ ദേശിങ്ങനാട് ആയി. തൃപ്പാപ്പൂര്‍ ശാഖയുടെ ഇളംമുറരാജാവ് (ചിറവ മൂപ്പന്‍) തമിഴ്നാട്ടിലുള്ള തിരുവിതാംകോട് (കേരളപുരം) കൊട്ടാരം പണിത് അങ്ങോട്ടുമാറി. ഇദ്ദേഹത്തിനായിരുന്നു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെചുമതല. പിന്നീട് ഇളയടത്തു സ്വരൂപം (കൊട്ടാരക്കര), പേരകത്താവഴി (നെടുമങ്ങാട്) എന്നീ ശാഖകള്‍ കൂടി വേണാട്ടിന് ഉണ്ടായി. ഈ സ്വരൂപങ്ങള്‍ക്ക് സ്വതന്ത്രാധികാരം ഉണ്ടായിരുന്നുവെങ്കിലും ആറ്റിങ്ങല്‍ റാണിയുടെ മൂത്തമകനാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു ചുമതലയുള്ള തൃപ്പാപ്പൂര്‍ മൂപ്പന്‍ ആകുന്നതും കുലശേഖര പെരുമാള്‍ ബിരുദം സ്വീകരിക്കുന്നതും. തിരുവിതാംകോട് താമസിച്ചിരുന്ന വേണാടിന്റെശാഖ പിന്നീട് കല്‍ക്കുളത്ത് കൊട്ടാരം പണിത് അങ്ങോട്ടുമാറ്റി. വേണാടിന്റെശാഖകളും ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണം നിയന്ത്രിച്ചിരുന്ന എട്ടരയോഗവും വസ്തുക്കള്‍ പരിപാലിച്ചിരുന്ന പിള്ളമാരും തമ്മിലും ഉള്ള തര്‍ക്കങ്ങളും ആഭ്യന്തരകലഹങ്ങളുമാണ് പിന്നീട് അങ്ങോട്ടുള്ള ചരിത്രം. തിരുവിതാംകോട്, ശാഖയെ പൊതുവേ "വേണാട്' എന്നാണ് വിളിച്ചിരുന്നത്. തിരുവിതാംകോട് ശാഖയിലെ രാജാവ് ഒരുഭാഗത്ത് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ എട്ടരയോഗവും പിള്ളമാരും മറുഭാഗത്തുമായി നടന്ന വഴക്ക് പലപ്പോഴും ആഭ്യന്തരകലഹമായി മാറി. ഇതേത്തുടര്‍ന്ന് പലപ്രാവശ്യവും ശ്രീപത്മനാഭസ്വാമിക്ഷേത്രം അടച്ചിടേണ്ടിവന്നിട്ടുണ്ട്. 1729ല്‍ അധികാരത്തില്‍ വന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് ആഭ്യന്തരകലഹങ്ങളെ അമര്‍ച്ച ചെയ്തതും, വേണാടിന്റെസ്വരൂപങ്ങളേയും അയല്‍നാടുകളേയും ആക്രമിച്ച് കീഴ്പ്പെടുത്തി രാജ്യം വിസ്തൃതമാക്കിയതും. അതോടെ തിരുവിതാംകോട് (വേണാട്) വിശാലമായ തിരുവിതാംകൂര്‍ ആയി. മാര്‍ത്താണ്ഡവര്‍മ്മ ശ്രീപത്മനാഭസ്വാമിക്ഷേത്രം പുതുക്കി പണിത് രാജ്യം "തൃപ്പടിദാനം' എന്ന ചടങ്ങുവഴി ശ്രീപത്മനാഭസ്വാമിക്ക് സമര്‍പ്പിച്ചതോടെ തിരുവനന്തപുരം എന്ന നഗരത്തിന്റെനവീനചരിത്രം ആരംഭിച്ചു. കല്‍ക്കുളം കൊട്ടാരത്തെ പിന്നീട് പത്മനാഭപുരം എന്നുപേരിട്ടു. മാര്‍ത്താണ്ഡവര്‍മ്മയുടേയും അദ്ദേഹത്തിന്റെഅനന്തരവന്‍ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ (ധര്‍മ്മരാജാവ്)യുടേയും കാലത്തും ഭരണസ്ഥാനം പത്മനാഭപുരത്തായിരുന്നു. ബാലരാമവര്‍മ്മ (1798-1810) മഹാരാജാവിന്റെകാലം മുതലാണ് തിരുവനന്തപുരം തലസ്ഥാനമായത്.

പരിഷ്കാരങ്ങളും പരിവര്‍ത്തനങ്ങളും

തിരുവനന്തപുരം നഗരത്തിന്റെവളര്‍ച്ചയുടെ ആദ്യകാലം ദിവാന്മാരായ രാജാ കേശവദാസന്റെയും വേലുത്തമ്പിയുടെയും ഭരണകാലത്താണ്. നേരത്തേ ഉണ്ടായിരുന്ന ചാല കമ്പോളം പരിഷ്കരിച്ചതും, വിഴിഞ്ഞം തുറമുഖമാക്കി മാറ്റിയതും രാജാ കേശവദാസനാണ്. നഗരത്തില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് വേലുത്തമ്പിയായിരുന്നു. എന്നാല്‍ വേലുത്തമ്പി ഇംഗ്ലീഷുകാര്‍ക്ക് എതിരെ നടത്തിയ കലാപത്തോടെ നഗരത്തിന്റെമുഖംമാറി. മദ്രാസില്‍ നിന്നും വന്ന ഇംഗ്ലീഷ് പട്ടാളത്തിന്റെ തേര്‍വാഴ്ചയായിരുന്നു പിന്നീട് കുറെ ദിവസം. ബാലരാമവര്‍മ്മ മഹാരാജാവ് കമ്പനിയോട് മാപ്പുചോദിച്ചുകൊണ്ട് എന്തിനും തയ്യാറായി. ഇംഗ്ലീഷ് റസിഡന്‍റ് കേണല്‍ മെക്കാളെയെ പുതിയ ദിവാനായി ഉമ്മിണിത്തമ്പിയെ നിയമിച്ചു. വേലുത്തമ്പിയെ കണ്ടുപിടിക്കാനുള്ള ചുമതല അദ്ദേഹത്തിനായിരുന്നു. ഇംഗ്ലീഷ് പട്ടാളം തമ്പടിച്ചിരുന്ന സ്ഥലം പിന്നീട് "പാളയം' അഥവാ കന്‍റോണ്‍മെന്‍റ് എന്നായി. ബാലരാമവര്‍മ്മ മഹാരാജാവിനുശേഷം സ്വാതിതിരുനാളിന്റെഅമ്മ, റാണി ഗൗരി ലക്ഷ്മിഭായിയെ (1810-1815) പുതിയ റസിഡന്‍റ് കേണല്‍ മണ്‍റോ ഭരണാധികാരിയാക്കി. റസിഡന്‍റ് മണ്‍റോയെത്തന്നെ ദിവാന്റെഅധികാരം കൂടി റാണി ഏല്പിച്ചു. പുതിയ പരിഷ്കാരങ്ങള്‍ പലതും കൊണ്ടുവരാനും സെക്രട്ടേറിയറ്റ് ഭരണസമ്പ്രദായം ഏര്‍പ്പെടുത്താനും മണ്‍റോയ്ക്ക് കഴിഞ്ഞു. ഈ സമയത്താണ് തെക്കന്‍ തിരുവിതാംകൂറില്‍ എല്‍.എം.എസ്. (ലണ്ടന്‍ മിഷ്ണറി സൊസൈറ്റി), മധ്യതിരുവിതാംകൂറില്‍ സി.എം.എസ്. (ചര്‍ച്ച് മിഷ്ണറി സൊസൈറ്റി) പ്രവര്‍ത്തകര്‍ എത്തിയത്. അവര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും സാമൂഹ്യമാറ്റത്തിനും നല്‍കിയ സംഭാവന വലുതാണ്. റാണി ഗൗരി പാര്‍വ്വതിഭായിയുടെ മരണത്തെത്തുടര്‍ന്ന് അനുജത്തി റാണി ഗൗരി പാര്‍വ്വതി ഭായി (1815-1829) റീജന്‍റായി തിരുവിതാംകൂര്‍ ഭരിച്ചു. അവരാണ് തിരുവനന്തപുരത്തുനിന്നും വര്‍ക്കല വരേയും അതിനപ്പുറത്തേക്കും ജലയാത്ര സുഗമമാക്കുന്നതിനുള്ള "പാര്‍വ്വതിപുത്തനാര്‍' വെട്ടാന്‍ കൊല്ലവര്‍ഷം 1000 (ഇംഗ്ലീഷ് വര്‍ഷം 1824)ല്‍ ഉത്തരവിട്ടത്. മുമ്പ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തുതന്നെ ഇതിന് ശ്രമം നടന്നിരുന്നു. പാര്‍വ്വതി പുത്തനാര്‍ വെട്ടിയതോടെ ജലമാര്‍ഗം വടക്കന്‍ ജില്ലകളുമായി തിരുവനന്തപുരത്തിന് ബന്ധപ്പെടാമെന്നായി. ആകെ ഇടയ്ക്കുള്ള തടസ്സം വര്‍ക്കല കുന്ന് മാത്രമായിരുന്നു. കൊല്ലവര്‍ഷം 992 (1817)ല്‍ പാളയത്ത് ചന്ത ഏര്‍പ്പെടുത്തിയതും പാര്‍വ്വതി റാണിയാണ്. സ്വാതി തിരുനാള്‍ മഹാരാജാവ് (1829-1846)ന്റെഭരണം തിരുവനന്തപുരത്തിന്റേയും നഗരത്തിന്റേയും നവോത്ഥാന കാലഘട്ടം ആയിരുന്നു. നഗരത്തില്‍ സര്‍ക്കാര്‍ അച്ചുക്കൂട്ടം, തൈക്കാട് ഇംഗ്ലീഷ് ചാരിറ്റബിള്‍ ആശുപത്രി, തെക്കേ ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാര്‍ ഇംഗ്ലീഷ് വിദ്യാലയം (1834), പബ്ലിക്ക് ലൈബ്രറി നക്ഷത്രബംഗ്ലാവ് (1836) തുടങ്ങിയവയ്ക്ക് തുടക്കംകുറിച്ചു. അദ്ദേഹത്തിന്റെ അനുജന്‍ ഉത്രംതിരുനാള്‍ മഹാരാജാവ് തിരുവനന്തപുരത്തെ കന്യാകുമാരിയുമായി ബന്ധപ്പെടുത്താനുള്ള അനന്തവിക്ടോറിയ മാര്‍ത്താണ്ഡന്‍ (എ.വി.എം) കനാലിന് 1860ല്‍ പണി ആരംഭിച്ചു. തിരുവനന്തപുരത്ത് പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ തുറന്നതും കരമന പാലത്തിനു മുകളിലുള്ള കല്ലുപാലം ഉദ്ഘാടനം ചെയ്തതും ഉത്രാടം തിരുനാളാണ്. അദ്ദേഹത്തിനുശേഷം അധികാരത്തില്‍വന്ന ആയില്യം തിരുനാള്‍ മഹാരാജാവിന്റെ(1860-1880) കാലത്ത് ദിവാന്‍ സര്‍. ടി. മാധവറാവുവിന്റേയും ഇംഗ്ലീഷുകാരനായ ചീഫ് എന്‍ജിനീയര്‍ വില്യം ബാര്‍ട്ടന്റേയും നേതൃത്വത്തിലാണ് ഹജൂര്‍കച്ചേരി (സെക്രട്ടേറിയറ്റ്) മന്ദിരം, മഹാരാജാസ് കോളേജ് (യൂണിവേഴ്സിറ്റി കോളേജ്), ജനറല്‍ ആശുപത്രി, മ്യൂസിയം, പബ്ലിക് ഗാര്‍ഡന്‍ തുടങ്ങിയവ ആരംഭിച്ചത്. സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, ഭ്രാന്താശുപത്രി, കുഷ്ഠരോഗാശുപത്രി, ലാ കോളേജ് തുടങ്ങിയവയും ആയില്യം തിരുനാളിന്റെകാലത്തെ സംഭാവനയാണ്. വില്യം ബാര്‍ട്ടന്റെനേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരത്തും തിരുവിതാംകൂറിലാകെയും ധാരാളം റോഡുകളും പാലങ്ങളും നിര്‍മ്മിച്ചു. എന്നാല്‍ ബാര്‍ട്ടന്റെയും സര്‍. ടി. മാധവറാവുവിന്റെയും പ്രധാന നേട്ടം വര്‍ക്കല കുന്ന് തുരന്ന് കടന്നുപോകാനുള്ള കനാല്‍ നിര്‍മ്മിച്ചതായിരുന്നു. 17 ലക്ഷം രൂപയാണ് ഇതിനുവേണ്ടി ചെലവഴിച്ചത്. 1877 ജനുവരി 15ന് ഒന്നാം കനാലും, 1880ല്‍ രണ്ടാം കനാലും പൂര്‍ത്തിയായി. അതോടെ തിരുവനന്തപുരത്തുനിന്നുള്ള യാത്രക്കാരന് ജലമാര്‍ഗം ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനു സമിപം വരേയും എത്താമെന്നായി. തിരുവനന്തപുരം ഷൊര്‍ണ്ണൂര്‍ (ടി.എസ്.) കനാല്‍ എന്നാണ് ഇതിനെ അറിയപ്പെട്ടത്. വിശാഖം തിരുനാളിന്റെമരണത്തെ തുടര്‍ന്ന് ശ്രീമൂലം തിരുനാള്‍ (1885-1924) രാജാവായി. ഇന്ത്യയിലെ ആധുനിക സംവിധാനങ്ങളുടെ നഗരമായി തിരുവനന്തപുരം മാറിയത് ശ്രീമൂലം തിരുനാളിന്റെ കാലത്താണ്. തിരുവനന്തപുരത്ത് വിദ്യാഭ്യാസ ഡയറക്ടറുടെ നിയമനം, ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി നിയമനിര്‍മ്മാണസഭ രൂപീകരണം, ജനഹിതം അറിയാന്‍ വി.ജെ.ടി. ഹാളില്‍ ആരംഭിച്ച ശ്രീമൂലം പോപ്പുലര്‍ അസംബ്ലി, സംസ്കൃത കോളേജ്, ആയുര്‍വേദ കോളേജ്, പെണ്‍കുട്ടികള്‍ക്കുള്ള കോളേജ്, പുരാവസ്തു ഗവേഷണ വകുപ്പ്, കുട്ടികള്‍ക്കുള്ള ദുര്‍ഗുണ പാഠശാല, പൗരസ്ത്യ വാസ്തുലിഖിത ഗ്രന്ഥശാല, പൂജപ്പുര ജയില്‍ തുടങ്ങിയവയെല്ലാം നഗരത്തിലാരംഭിച്ചത് ശ്രീമൂലം തിരുനാളിന്റെകാലത്താണ്. ശ്രീമൂലം തിരുനാള്‍ ഭരിക്കുമ്പോഴാണ് സ്വാമി വിവേകാനന്ദനും, വൈസ്റോയി കഴ്സണ്‍ പ്രഭുവും തിരുവനന്തപുരം സന്ദര്‍ശിച്ചത്. 1918 ജനുവരി ഒന്നിന് കൊല്ലത്തുനിന്നും തീവണ്ടി ഗതാഗതം തിരുവനന്തപുരത്തെ ബീച്ച് (ചാക്ക) വരെ നീട്ടിയതോടെ ഗതാഗതരംഗത്ത് നവീനയുഗം ആരംഭിച്ചു. ശ്രീമൂലം തിരുനാളിന്റെമരണത്തെ തുടര്‍ന്ന് അടുത്ത അവകാശി ശ്രീചിത്തിര തിരുനാളിന് പ്രായം തികയാത്തതിനാല്‍ അദ്ദേഹത്തിന്റെവലിയമ്മ സേതുലക്ഷ്മിഭായിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ റീജന്‍റായി നിയമിച്ചു. റീജന്‍റ് മഹാറാണിയുടെ (1924-1931) കാലത്താണ് നഗരത്തില്‍ വൈദ്യുതിനിലയം തുടങ്ങിയത്. അവരുടെ ഭരണത്തിന്റെ അവസാനമായിരുന്നു ബീച്ചില്‍ നിന്നും തീവണ്ടി ഗതാഗതം തമ്പാനൂരിലേക്ക് നീട്ടിയത്. റീജന്‍സി ഭരണം അവസാനിച്ചതിനെതുടര്‍ന്ന് 1931 നവംബറില്‍ ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് അധികാരത്തില്‍ വന്നു. അദ്ദേഹത്തിന്റെകാലത്താണ് നഗരത്തിന് ശുദ്ധജലം നല്‍കാനുള്ള വെല്ലിംഗ്ടണ്‍ വാട്ടര്‍വര്‍ക്സിന്റെഉദ്ഘാടനം. ഗവര്‍ണര്‍ ജനറല്‍ വെല്ലിംഗ്ടണ്‍ പ്രഭു 1933 ഡിസംബര്‍ 11നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. അടുത്തവര്‍ഷം നഗരത്തില്‍ ഡ്രെയിനേജിന്റെജോലി തുടങ്ങി. 1940 മാര്‍ച്ച് 19ന് പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതി ഉദ്ഘാടനം ചെയ്തതോടെ തിരുവനന്തപുരം പൂര്‍ണമായി വൈദ്യുതീകരിച്ച പട്ടണമായി. 1940ല്‍ തിരുവനന്തപുരം നഗരം കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷനായി. 1937ല്‍ നവംബര്‍ ഒന്നിന് തിരുവിതാംകൂര്‍ യൂണിവേഴ്സിറ്റി നിലവില്‍വന്നു. 1939 എന്‍ജിനീയറിംഗ് കോളേജ് ആരംഭിച്ചു. 1938ല്‍ സംസ്ഥാന സര്‍ക്കാര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ് ആരംഭിച്ചു. 1943 മാര്‍ച്ച് 12ന് തിരുവിതാംകൂര്‍ റേഡിയോ നിലയം പ്രവര്‍ത്തനം തുടങ്ങി. 1935 ഒക്ടോബര്‍ 29ന് ആണ് തിരുവനന്തപുരം ബോംബേ വിമാന സര്‍വീസ് ആരംഭിച്ചത്. തിരുവനന്തപുരത്തെ പല പരിഷ്ക്കാരങ്ങള്‍ക്കും ദിവാന്‍ സര്‍. സി.പി.യോട് നഗരം കടപ്പെട്ടിരിക്കുന്നു.

കിഴക്കുവശത്തുള്ള അഗസ്ത്യാര്‍മലയാണ് തിരുവനന്തപുരത്തെ വലിയ കൊടുമുടി (6132 അടി). ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്കാണ് അഗസ്ത്യാവനം. ചിറയിന്‍കീഴ് താലൂക്കിലെ അഞ്ചുതെങ്ങില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിര്‍മ്മിച്ച അഞ്ചുതെങ്ങ് കോട്ട, ആറ്റിങ്ങല്‍ കൊട്ടാരം, നെടുമങ്ങാട് താലൂക്കിലെ കോയിക്കല്‍ കൊട്ടാരം, മ്യൂസിയം, നെയ്യാറ്റിന്‍കര താലൂക്കില്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ നിര്‍മ്മിച്ച ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവ പ്രധാനമാണ്. അന്താരാഷ്ട്ര വിനോദസഞ്ചാരകേന്ദ്രമായ കോവളവും ശ്രീനാരായണഗുരുവിന്റെജന്മസ്ഥലമായ ചെമ്പഴന്തിയും സമാധിസ്ഥലമായ ശിവഗിരിയും അധഃസ്ഥിത നേതാവ് അയ്യന്‍കാളിയുടെ ജന്മദേശമായ വെങ്ങാനൂരും ചരിത്രപ്രസിദ്ധമായ വിഴിഞ്ഞവും വിനോദസഞ്ചാരകേന്ദ്രമായ പൊന്‍മുടിയും നെയ്യാര്‍ഡാമും പേപ്പാറയും അരുവിക്കരയും ശംഖുംമുഖവും വര്‍ക്കലയും വേളിയും ആക്കുളവും ബഹിരാകാശ ഗവേഷണകേന്ദ്രമായ തുമ്പയും എല്ലാം തിരുവനന്തപുരം ജില്ലയിലാണ്. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ്, മന്ത്രിമാരുടെ ആസ്ഥാനങ്ങള്‍, ഗവര്‍ണറുടെ ആസ്ഥാനമായ രാജ്ഭവന്‍ ഇവയെല്ലാം തലസ്ഥാനനഗരിയായ ജില്ലയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പൊങ്കാല ഇടുന്നതായി ഗിന്നസ് ബുക്ക് രേഖപ്പെടുത്തിയിട്ടുള്ള ആറ്റുകാല്‍ ക്ഷേത്രം പ്രസിദ്ധമാണ്. ഗതകാലസ്മരണകള്‍ അയവിറക്കിക്കൊണ്ട് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ ആണ്ടുതോറും നടക്കുന്ന രണ്ട് ആറാട്ട് എഴുന്നള്ളത്തിനും പള്ളിവേട്ടയ്ക്കും ഇന്നും രാജകുടുംബാംഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്. അതുപോലെ പത്മനാഭപുരത്ത് (ഇപ്പോള്‍ തമിഴ്നാട്) നിന്നുള്ള നവരാത്രി എഴുന്നള്ളത്തും കോട്ടയ്ക്കകത്തെ നവരാത്രി പൂജയും ഇപ്പോഴും തുടരുന്നുണ്ട്.top