ഡച്ച് ഉടമ്പടികള്‍

ഡച്ചുകാര്‍ കേരളത്തിനെന്നല്ല ലോകത്തിന് നല്കിയ മഹത്തായ സംഭാവനയാണ്, 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' (മലബാറിലെ സസ്യസമ്പത്ത്) എന്ന ബൃഹത്തും മഹത്തുമായ ഗ്രന്ഥം. ഇന്നും അത്ഭുതത്തോടേയും, ജിജ്ഞാസയോടും കൂടി മാത്രമേ ഈ ഗ്രന്ഥത്തെ കാണാനാകൂ. 1678-നും 1703-നും ഇടയ്ക്ക് പന്ത്രണ്ട് വാല്യങ്ങളിലായി ആസ്റ്റര്‍ഡാമില്‍ നിന്നും പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിലാണ് മലയാളലിപി ആദ്യമായി അച്ചടിയില്‍ പതിഞ്ഞതെന്ന് കരുതുന്നു.

ഡച്ച് ഉടമ്പടികള്‍


ഇന്ത്യയില്‍ ആധുനിക പോസ്റ്റല്‍ സമ്പ്രദായം ആവിഷ്ക്കരിച്ചത് ഇംഗ്ലീഷുകാരാണെങ്കിലും തെക്കേ ഇന്ത്യയില്‍ കൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിമിതമായിട്ടെങ്കിലും ഇതിന് തുടക്കം കുറിച്ചത് ഡച്ചുകാരാണ്. കമ്പനി ഉദ്യോഗസ്ഥന്മാരും, രാജാക്കന്മാരും തമ്മില്‍ കത്തുകള്‍ എഴുതുന്നതിന് ശൈലിയും, മേല്‍വിലാസം കുറിക്കുന്നതിന് ഐക്യരൂപ്യവും ഉണ്ടാക്കിയത് ഡച്ചുകാര്‍ ആയിരുന്നു.


ഭൂമി ഉള്ളനാള്‍ക്കു ബഹുമാനപ്പെട്ട ഒരുമ്പാടയിരിക്കുന്ന ഉലന്ത (ലന്ത) കമ്പഞ്ഞി (കമ്പനി)യുടെ കല്പനയാല്‍ ഈന്തലിക്കപ്പെട്ട പത്താവിലെ (ബറ്റേവിയ)യിലെ ഗവര്‍ണ്ണദോര്‍ (ഗവര്‍ണര്‍ ജനറല്‍) ജനറാളുടേയും തന്റെ നിയോഗന്മാരുടേയും പേര്‍ക്ക് ബഹുമാനപ്പെട്ട ഉലന്ത അമറാള്‍ (ഡച്ച് അഡ്മിറല്‍) റിക്ലാഫ് വാന്‍ ഗോയന്‍സും (Riklof Van Goens) കൊച്ചിരാജാവു ചാഴിയൂര്‍ വഹയില്‍ മൂത്ത താവഴിയില്‍ വീരകേരളസ്സൊരൂപവും തന്റെ അനന്തിരവരും ആയിട്ട് എന്നന്നേയ്ക്കും ചേര്‍ന്നു ചെല്ലത്തക്കവണ്ണം വച്ച വയ്പ് ആകുന്നത്.

1-ാമത്. ഭൂമി ഉള്ള നാളും രാജാവും ഉലന്തക്കമ്പഞ്ഞിയും അന്യോന്യം സ്നേഹവും ഒരുമ്പാടും വിശ്വാസത്തോടുകൂടെ ചേര്‍ന്നിരിക്കുമെന്ന് ഇരുപുറത്തു എന്നും നിശ്ചയമായിട്ട് ഒറച്ചുകൊള്‍കയും വേണം.

2-ാമത്. കൊച്ചിരാജാവു കമ്പഞ്ഞിക്ക് വാര്‍ത്തപ്പാട്ടുകൊടുക്കുന്നു. ഈ കോട്ടയുടെ അംശങ്ങളും നാടുകളും തുരുത്തുകളും കുമ്പഞ്ഞി പറങ്കിയോടു ആയിട്ട് എഴുതി മേടിച്ചതുപോലെ പ്രര്‍ത്തുകള്‍ (പോര്‍ട്ടുഗില്‍) രാജാവിന്റെ തിരുനാമപേര്‍ക്കായിട്ട് നടന്ന് അനുഭവിച്ചു ചേര്‍ന്നിരുന്നവണ്ണം ഇപ്പോള്‍ കമ്പിഞ്ഞിക്കു സ്വാധീനമായി പോയതിന്നു കൊച്ചിരാജാവും തന്റെ അനന്തിരവരും ഭൂമിയും ആദിത്യനും ചന്ദ്രനും ഉള്ള നാള്‍ക്കും അത് ഒന്നിന്നും ഒരു ചോദ്യം ഉണ്ടാകുകയും ഇല്ല.

3-ാമത്. കൊച്ചിരാജാവു രാജ്യത്തുന്ന് പിഴുകിപ്പോയി കിടന്ന വളരെ ബഹുമാനപ്പെട്ട കമ്പഞ്ഞി സഹായിച്ചു കൊച്ചിരാജാവായിട്ട് വാഴിക്കയും ചെയ്തു. എന്നതുകൊണ്ടു കമ്പഞ്ഞിയെ നമ്മുടെ രക്ഷകര്‍ത്താവായിട്ട് അനുസരിച്ചു കൊള്‍കയും വേണം.

4-ാമത്. കൊച്ചിരാജാവു കമ്പഞ്ഞിക്കു വാര്‍ത്തപ്പാടു കൊടുക്കുന്നു. തന്റെ നാട്ടിലുള്ള മുളകും കറുവയും പൊറക്കാട്ടിന്നു കൊടുങ്ങല്ലൂരോളവും ഉണ്ടാകുന്നത് ഒക്കേയും ഇക്കോട്ടയില്‍ കൊണ്ടുവന്നു തൂക്കി കമ്പഞ്ഞിക്കു കൊടുക്കുമാറും വച്ചു.

5-ാമത്. കൊച്ചിരാജാവു കമ്പഞ്ഞിക്കു വാര്‍ത്തപ്പാട്ടു കൊടുക്കുന്നു. കറുപ്പുകരേറ്റി ഓടിവരുന്ന കപ്പലും ഉരുവകളും വന്നടുക്കാതെ കണ്ടും അഴിമുഖത്തിന്നകത്തു വരാത കണ്ടും കമ്പഞ്ഞി ആയിട്ട് പുറത്തുനിര്‍ത്തുമാറും വെച്ചു. അത് ഇരുവരുടേയും സംശയത്തിന്ന് ചേതം വരാതെ ഇരിപ്പാന്‍.

6-ാമത്. ഈ നാലവസ്ഥയും ഒറപ്പിച്ചു നടപ്പാനായിട്ടു കൊച്ചിരാജാവു കമ്പഞ്ഞിക്കു വാര്‍ത്തപ്പാടു കൊടുക്കുന്നു. ആകുന്നെടത്തോളം ഉള്ള ആളുകൊണ്ടും കൊറ്റുകൊണ്ടും കമ്പഞ്ഞിക്കു 3 കോട്ടപ്പടികൂടെ തീര്‍പ്പാനായിട്ടു കൊച്ചി രാജാവു കമ്പഞ്ഞിയോട് അപേക്ഷിക്കുന്നു. അതാകുന്നത് ഒന്ന് പള്ളിപ്പുറത്തു, കൊടുങ്ങല്ലൂര്‍ പുഴയുടെ രക്ഷയ്ക്ക്, ഒന്നു ചേപ്പുറത്ത്, പൊറക്കാട്ടു നാട്ടില്‍ തെളിഞ്ഞിടത്തില്‍ പൊറക്കാടു പുഴയുടെ രക്ഷയ്ക്ക്, ഒന്ന് ആഴീക്കല്‍, കൊച്ചിയില്‍ പുഴയുടെ രക്ഷയ്ക്ക്; കൂടെ ഏറെ കോട്ടപ്പടികള്‍ വേണമെന്നുണ്ടെങ്കില്‍ കമ്പഞ്ഞിക്കു മനസ്സുള്ളടത്തു തീര്‍ക്കുകയും ചെയ്യാം എന്നും വച്ചു.

7-ാമത്. ബഹുമാനപ്പെട്ട കമ്പഞ്ഞിയുടെ പേര്‍ക്ക് അമരാല്‍ കൊച്ചിരാജാവിന്നു വാര്‍ത്തപ്പാടു കൊടുക്കുന്നു. ഈ എഴുതിയ വയ്പുടെ ഒറപ്പിനും കൊച്ചിരാജാവുടെ ഒറപ്പിന്നും കൊച്ചിയിലും പാമ്പായിലും പള്ളിപ്പുറത്തും അഴിക്കലും ചേപ്പുറത്ത് നാട്ടില്‍ പൊറക്കാട്ടിലും തീര്‍ക്ക് എന്നുവച്ചു. വേറെ വേണമെന്നുണ്ടെങ്കില്‍ ആവശ്യം പോലെ ആയിരിക്കയും ചെയ്യും.

8-ാമത്. കീഴ് മര്യാദ പോലെ എടുത്തുവരുന്ന നാട്ടുചുങ്കങ്ങള്‍ മേല്പോട്ട് എടുപ്പാനുള്ളതും ചുങ്കങ്ങളും എല്ലാവരും കൊച്ചിരാജാവിനു കൊടുക്കണം എന്നും വച്ചു.

9-ാമത്. പണ്ടു മുന്‍നാളില്‍ ഇക്കോട്ടയുടെ കീഴില്‍ അമര്‍ന്നിരിക്കുന്നതും കടല്‍വീതിയില്‍ പാര്‍ക്കുന്നതും ഉള്ള മാര്‍ക്കക്കാര്‍ ഒക്കേയും കമ്പഞ്ഞിയുടെ രക്ഷകീഴില്‍ ആയിരിക്ക എന്നും വച്ചു.

10-ാമത്. കൊച്ചി രാജാവിന്റെ കുടികളില്‍ ഒരു മലയാളനും കമ്പഞ്ഞിയുടെ കുടികളില്‍ ഒരു മാര്‍ക്കക്കാരനും തമ്മില്‍ പിണങ്ങിയാല്‍ കൊച്ചിരാജാവായിട്ടു മലയാളന്റെ ന്യായം തീര്‍ക്ക. മലയാളന്‍ മാര്‍ക്കക്കാരനെ കൊന്നാല്‍ ആ മലയാളനെ ഒരു ഉപേക്ഷ കൂടാതെ കണ്ടു കൊച്ചിരാജാവു കൊന്നേപ്പു. മാര്‍ക്കക്കാരന്‍ മലയാളനെ കൊന്നാ ആ മാര്‍ക്കക്കാരനെ കമ്പഞ്ഞിയുടെ ന്യായക്കാര്‍ ഉപേക്ഷ കൂടാതെ കണ്ടു കൊന്നേപ്പു.

11-ാമത്. കരവഴിക്ക് എരുതു കൊണ്ടുപോകുന്ന മുളക് ചുമടും കുറുവായും ഒക്കെയും കൊച്ചിരാജാവു സൂക്ഷിച്ചു വിലക്കണമെന്നും വച്ചു.

12-ാമത്. ഈ കോട്ടയ്ക്കു പുറത്ത് ഇപ്പോള്‍ വെട്ടിവെളുപ്പിച്ച് പറമ്പുനിലത്തു, കമ്പഞ്ഞിയുടെ അനുവാദം കൂടാതെ കണ്ടു തെങ്ങും മരക്കാലുകളും ആര്‍ക്കും വച്ചുകൂടാ എന്നുംവച്ചു.

13-ാമത്. കൊച്ചിരാജ്യത്തില്‍ അതിര്‍ക്കകത്തു പറങ്കിപാതിരികളെ കമ്പഞ്ഞിയുടെ അനുവാദം കൂടാതെ പാര്‍പ്പിച്ചുകൂട്ടുകയും ഇല്ല. ചെമ്പാളുക്കാര്‍ പാതിരികളുള്ള നാള്‍ക്ക് അതിര്‍ത്തിക്കു പുറത്തു പാര്‍പ്പിക്ക എന്നും വച്ചു.

14-ാമത്. പണക്കച്ചവടം അടക്കുന്നത് ഈ കോട്ടയുടെ പുറത്ത് രാജാവിന്റെ കോവിലകത്തില്‍ ആയിരിക്കുകയും ചെയ്യും. ചെലവുനീക്കിയുള്ള ലാഭം രാജാവ് അനുഭവിക്ക എന്നും വച്ചു. അതിന്നായിട്ട് ഒന്നോ രണ്ടോ കപ്പിത്താന്മാരെ അന്നേരത്തേക്കു കൂടെ പാര്‍പ്പിക്കുകയും ചെയ്യും. കള്ളകമ്മട്ടം അടിക്കുന്നവരെ രാജാവിന്ന് എത്തപ്പെട്ടാല്‍ രാജാവായിട്ടു ശിക്ഷിക്ക. കമ്പഞ്ഞിക്ക് എത്തുപെട്ടാല്‍ കമ്പഞ്ഞി ന്യായക്കാര്‍ക്കു ശിക്ഷിക്ക എന്നും വച്ചു.

15-ാമത്. കൊച്ചിരാജാവു വാര്‍ത്തപ്പാടു കൊടുക്കുന്നു. ഈ നാട്ടില്‍ പാര്‍ക്കുന്നവര്‍ കമ്പഞ്ഞിടെ കടക്കാര്‍, വാശ്ശവര്‍ ആയാലും എല്ലാവടത്തുന്നും കമ്പഞ്ഞി കല്പിച്ചു പിടിച്ചുകൊണ്ടു പോകയും ചെയ്യാം. അതില്‍ ചിലര്‍ ഒളിച്ച് മലകേറിപ്പോയാല്‍ രാജാവു പ്രയത്നം ചെയ്ത് അന്വേഷിച്ചു കമ്പഞ്ഞിക്ക് ഏല്പിക്കുകയും വേണം. അതുപോലെ തന്നെ കമ്പഞ്ഞി വേലക്കാരും വെളുത്ത ആളുകളും പിന്നെ ഉള്ളവരും അവരുടെ ആളുകളും ഒളിച്ച് ഓടിപ്പോയാല്‍ രാജാവുങ്കല്‍ നിന്നു പ്രയത്നം ചെയ്തു പിടിപ്പിച്ചുകൊടുക്ക എന്നും വച്ചു.

16-ാമത്. ഈ നാട്ടില്‍ പാര്‍ക്കുന്ന കച്ചോടക്കാരില്‍ കമ്പിഞ്ഞിയോടു കച്ചവടം ചെയ്യുന്നവരോടു കീഴുമര്യാദ അല്ലാതെ ഏറ്റം ഒന്നും അവരോടു കല്പിച്ചുകൂടാ. അവര്‍ കമ്പിഞ്ഞിയുടെ കീഴില്‍തന്നെ പാര്‍ക്ക എന്നും വച്ചു.

17-ാമത്. ഈ നിശ്ചയിച്ച വായ്പ രണ്ടു വെള്ളി തകിട്ടിലും രണ്ടു കടലാസിലും ലന്ത ഭാഷയിലും എഴുതി ഒപ്പുകുത്തുമെന്നും പറഞ്ഞ് ഒത്തതിന്റെ ശേഷം രാജാവിന്റെ കോവിലകത്തു വച്ചിട്ടും കൊച്ചിയില്‍ കോട്ടയില്‍ വച്ചിട്ടും സവേസ്ത വരുത്തി. ഇന്ന് പുതുവയ്പ് (322-മത് കൊല്ലം 838) മീനം 12-നു അത് ആകുന്നത് മാര്‍സ്സ് മാസം 20നു 1663-മത് ഇതില്‍ ഒപ്പുകുത്തിയത് കൊച്ചിരാജാവു വീരകേരള സ്സൊരൂപവും ബഹുമാനപ്പെട്ട ലന്ത കമ്പനിയുടെ പേര്‍ക്ക് അമരാല്‍ റിക്ലാഫ് വാന്‍ ഗോയന്‍സ് (Rykloff Van Goens).
(ഉറവിടം : കൊച്ചിരാജ്യചരിത്രം)

തിരുവിതാംകൂറും ഡച്ചുകാരുമായുള്ള ഒന്നാം മാവേലിക്കര ഉടമ്പടി (22 മേയ് 1743)

തിരുവിതാംകൂര്‍ രാജാവായ ബാലമാര്‍ത്താണ്ഡവര്‍മ്മ ഒരു ഭാഗമായിട്ടും എത്രയും കീര്‍ത്തിപ്പെട്ട നെതര്‍ലാന്‍ഡ് ഇന്ത്യാ (കമ്പനി) ഗവര്‍ണര്‍ ജനറല്‍ ഗുസ്താവ് വില്യംവാന്‍ ഇമോഫിനും ലോര്‍ഡ് കൗണ്‍സിലര്‍മാര്‍ക്കും വേണ്ടി കമുദോര്‍ റെയിനികസ് സിയെര്‍സ്മാ മറുഭാഗമായിട്ടും എഴുതി അന്യോന്യം പകര്‍ന്ന ഉടമ്പടി.

1. രണ്ടുഭാഗത്തും യുദ്ധനടപടികള്‍ ഉടനെ നിറുത്തിവെയ്ക്കുന്നതും, രണ്ടുഭാഗത്തിനുമിടയില്‍ ആത്മാര്‍ത്ഥമായ സമാധാനവും സൗഹൃദവും നിലനിര്‍ത്തുന്നതുമാകുന്നു.

2. കമ്പനിവക തടവുകാരെ, ഉടമ്പടി എഴുതി പകരുന്നതോടുകൂടി, തിരുവിതാംകൂര്‍ രാജാവ് പരവൂരില്‍വച്ച് ഡച്ചുകാര്‍ക്ക് കൈമാറുന്നതാണ്. തിരുവിതാംകൂര്‍ തടവുകാരെ ദേശിംഗനാട്ടുമൂപ്പിനു കൈമാറുന്നതും ദേശിംഗനാട്ടുമൂപ്പില്‍ നിന്നും അവരെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നപക്ഷം, കമ്പനി അവരെ ഒളിച്ചോടാന്‍ വിടുന്നതുമാണ്.

3. കമ്പനിയുടെ കോട്ടകൊത്തളങ്ങളില്‍നിന്ന് ഒളിച്ചോടിപ്പോയി തിരുവിതാംകൂര്‍ രാജാവിന്റെ സംരക്ഷണയില്‍ കഴിയുന്ന ഡച്ചുകാരില്‍ മരിച്ചുപോയവരും ഒഴിഞ്ഞുപോയവരും ഒഴികെയുള്ളവരെ ആറുമാസത്തിനകം തീര്‍ച്ചയായും തിരിച്ചയക്കേണ്ടതാണ്. എന്നാല്‍ അവര്‍ മറ്റൊരു രാജ്യത്തിനുംവേണ്ടി സേവനം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

4. കമ്പനിയുടെ ഭാഗത്തുനിന്നും, ഒളിച്ചോടിപ്പോയവര്‍ക്കു മാപ്പുകൊടുക്കാമെന്നും, അവരോട് സാനുകമ്പം പെരുമാറുമെന്നും അവരെ ഒരുവിധത്തിലും ശിക്ഷിക്കുകയില്ലെന്നും വാക്കുകൊടുക്കുന്നു.

5. എന്നാല്‍ ഇനിയുള്ള കാലങ്ങളില്‍, കമ്പനിയുടെ ഉദ്യോഗസ്ഥരോ, പ്രജകളോ, അവര്‍ യൂറോപ്യന്മാരോ, നാട്ടുകാരോ, അടിമകളോ ആവട്ടെ, ഒളിച്ചോടുകയും, രാജാവിന്റെ നാട്ടില്‍ എത്തുകയും ചെയ്താല്‍, ആവശ്യപ്പെടാതെ തന്നെ, അവരെ രാജാവുപിടിച്ച് കമ്പനിയെ ഏല്‍പ്പിക്കേണ്ടതാണ്. അതേമാതിരി രാജാവിന്റെ പ്രജകളെ കമ്പനിയും പിടിച്ചേല്‍പ്പിക്കുന്നതാണ്.

6. പീരങ്കികളും കട്ടിയുള്ള ചെമ്പും മറ്റുസാധനങ്ങളും രാജാവിന്റെയും ബഹു. കമ്പനിയുടെയും പക്കല്‍ ഉള്ളിടത്തോളം തൂക്കിനോക്കുകയും കൂടുതല്‍ തൂക്കം കൈവശം ഉള്ളവര്‍, അതിന്റെ വില മറ്റേ കക്ഷിക്കു കൊടുക്കുകയും വേണം.

7. കൊല്ലത്തും പെസാ (പണ്ടാരത്തുരുത്ത്)യിലും വച്ച് ബഹു. കമ്പനിക്ക് കച്ചവടനിലവാരത്തിലുള്ള നല്ലപോലെ ഉണങ്ങിയ കുരുമുളക്, അഞ്ഞൂറ് പൗണ്ടുള്ള ഒരു കണ്ടിക്ക് 54 രൂപാ വിലയ്ക്ക് കൊടുക്കുന്നതിന് രാജാവ് ഉത്തരവാദപ്പെട്ടിരിക്കുന്നു. അതിന്റെവില രൂപയായോ സ്പാനിഷ് റിയാലായോ 20 കൊച്ചിപണത്തിന് ഒന്ന് എന്ന വിലയ്ക്കുള്ള നല്ല പഗോഡയായോ 40 പണമായോ രണ്ട് രിക്സ്ഡോളര്‍ (രിയാല്‍) ആയോ പൊന്‍പണമായോ സ്വര്‍ണക്കട്ടിയായോ മാര്‍ക്കറ്റ് നിലവാരമനുസരിച്ച് കൊടുക്കുന്നതാണ്.

8. കമ്പനിക്കു താത്പര്യമുണ്ടെങ്കില്‍ കുളച്ചലില്‍ കല്ലുകൊണ്ടുള്ള ഒരു കോട്ടകെട്ടുന്നതിന് അനുവദിക്കുന്നതാണ്. വേണ്ടത്ര കല്ല് രാജാവ് വിലയ്ക്കുകൊടുക്കുന്നതാണ്.

9. മേല്‍പറഞ്ഞ കോട്ട കെട്ടുന്നതിന് ആരംഭിച്ചു കഴിഞ്ഞാല്‍, രാജാവിന് ആണ്ടുതോറും 100 കണ്ടി കുരുമുളകിന്റെ വിലയ്ക്കുള്ള വെടിമരുന്നും ഉണ്ടയും തോക്കും തീകല്ലും എത്തിക്കുന്നതാണ്. എന്നാല്‍ കോട്ടകെട്ടുന്നതിനുമുമ്പ് രാജാവിന് മേല്‍പ്പറഞ്ഞ ഏതെങ്കിലും ആയുധകോപ്പുകള്‍ ആവശ്യമായി വരുന്ന പക്ഷം തന്റെ ആവശ്യം അറിയിച്ചാല്‍ ബഹു. കമ്പനി അദ്ദേഹത്തിന്റെ ആവശ്യാനുസരണം സാധനങ്ങള്‍ കമ്പനി നിലവാരമനുസരിച്ചു കൊടുക്കുന്നതാണ്.

10. മുന്‍പിനാലെയുള്ള പതിവനുസരിച്ച് തുണിത്തരങ്ങള്‍, മറ്റു സാധനങ്ങള്‍, കമ്പനിക്കാവശ്യമായ അത്യാവശ്യ സാധനങ്ങള്‍ എന്നിവയില്‍ രാജാവിന്റെ നാട്ടിലും രാജാവിന്നധീനമായ മറ്റു നാടുകളിലും പ്രതിബന്ധം കൂടാതെ കച്ചവടം നടത്തുന്നതിന് കമ്പനിയെ അനുവദിക്കുന്നതാണ്.

11. അതിനുപുറമെ, രണ്ടുഭാഗക്കാരും തമ്മില്‍ നിലവിലിരിക്കുന്ന സൗഹൃദം കണക്കിലെടുത്ത് കോട്ടാറിലും തേങ്ങാപ്പട്ടണത്തും രാജാവിന്റെ രാജ്യത്തില്‍ മറ്റുസ്ഥലങ്ങളിലും തീപിടിക്കാത്ത കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നതിന് കമ്പനിയെ അനുവദിക്കുന്നതാണെന്ന് രാജാവ് സമ്മതിക്കുന്നു. അത്തരത്തിലുള്ള കെട്ടിടങ്ങളെയും കമ്പനി ജോലിക്കാരെയും സാധനങ്ങളെയും വഷളന്മാരില്‍നിന്നും രാജാവ് പരിരക്ഷിക്കുന്നതാണ്.

12. രാജാവിന്റെ രാജ്യത്തിലേക്കു കൊണ്ടുവരുന്ന എല്ലാ സാധനങ്ങള്‍ക്കും കച്ചവടച്ചരക്കുകള്‍ക്കും രാജ്യത്തില്‍ നിന്നുകൊണ്ടുപോവുന്ന എല്ലാ സാധനങ്ങള്‍ക്കും നാട്ടുനടപ്പനുസരിച്ച് രാജാവിനു ചുങ്കം നല്‍കേണ്ടതാണ്.

13. ആറ്റിങ്ങല്‍ (റാണി നല്‍കേണ്ട) കടം ഒരുകൊല്ലത്തിനകം നിഷ്പക്ഷമതികളായ ആളുകളെക്കൊണ്ട് അന്വേഷിപ്പിക്കേണ്ടതും യഥാര്‍ത്ഥമാണെന്നുകണ്ടാല്‍ കമ്പനിക്കു പരിഹാരം നല്‍കേണ്ടതുമാണ്.

14. കോട്ടാറിലെ കച്ചവടക്കാരോ രാജാവിന്റെ മറ്റു പ്രജകളോ കമ്പനിയോട് കടംവാങ്ങിയതായി തെളിഞ്ഞാല്‍ കച്ചവടമര്യാദയനുസരിച്ച് അതിനു പരിഹാരം നല്‍കേണ്ടതാണ്.

15. ഒരു ഭാഗത്തുള്ള ഒരാളെ മറ്റേ ഭാഗത്തുനിന്ന് ഒരാള്‍ കൊലചെയ്യുകയോ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്താല്‍, കൊലയാളിയെയും അക്രമിയെയും നാട്ടുനടപ്പനുസരിച്ച് അവിടത്തെ വിധികര്‍ത്താക്കള്‍, മറുഭാഗക്കാരുടെ പ്രതിപുരുഷന്മാരുടെയോ രാജദൂതന്മാരുടെയോ സാന്നിധ്യത്തില്‍ ശിക്ഷിക്കേണ്ടതാണ്.

16. രാജാവിന്റെ സമുദ്രതീരത്തില്‍ കൊടുങ്കാറ്റു കൊണ്ടോ മറ്റു കാരണങ്ങളാലോ കമ്പനിവക കപ്പലോ വിനോദ നൗകയോ പടകോ മറ്റു നൗകകളോ ഉടഞ്ഞ് അടിയുകയാണെങ്കില്‍, ആ നൗകകളുടെ അടിയുന്ന ഭാഗങ്ങളും സാധനങ്ങളും ബന്തവസ്സിലെടുക്കുകയും അവയ്ക്ക് നികുതി ഈടാക്കാതെ കമ്പനിക്ക് മടക്കിക്കൊടുക്കേണ്ടതും സാധനങ്ങള്‍ രക്ഷപ്പെടുത്തിയതിന് നിശ്ചയിച്ചിട്ടുള്ള ഫീസ് മാത്രം കൊടുക്കേണ്ടതുമാണ്.

17. യൂറോപ്യരായ റോമന്‍ വൈദികരെ രാജാവിന്റെ നാട്ടില്‍ നിന്നും പുറത്താക്കാന്‍ കമ്പനിയെ അനുവദിക്കുന്നതാണ്. ക്രിസ്ത്യന്‍ പള്ളികളില്‍ സ്വദേശീയരായ വൈദികരും നാട്ടുകാരും ദൈവശുശ്രൂഷ നടത്തുന്നതാണ്.

18. പശുക്കള്‍, ബ്രാഹ്മണര്‍, സ്ത്രീകള്‍, ക്ഷേത്രങ്ങള്‍ എന്നിവയെ കമ്പനി ജോലിക്കാര്‍ ഉപദ്രവിക്കാന്‍ പാടില്ല.

19. കരാര്‍ വ്യവസ്ഥയനുസരിച്ചുള്ള 1200 കണ്ടിയില്‍ പകുതി കുരുമുളക് കമ്പനിക്ക് എത്തിക്കുമ്പോള്‍ 200 കണ്ടിക്കുള്ള ഒരു പാസ്സും മുഴുവന്‍ കുരുമുളകും എത്തിക്കുമ്പോള്‍ 200 കണ്ടിക്കുള്ള മറ്റൊരു പാസ്സും വാര്‍ഷികസമ്മാനത്തിനുപുറമെ കമ്പനി, രാജാവിനു നല്‍കുന്നതാണ്. ഇതിനുംപുറമെ ചുങ്കം ഇനത്തില്‍ ഓരോ കണ്ടി കുരുമുളകിനും 4 പണംവച്ചു നല്‍കുകയും ചെയ്യും. മേല്‍പ്പറഞ്ഞ 400 കണ്ടി കുരുമുളക് വടക്കോട്ട് അയക്കുവാന്‍ പാടില്ല; തെക്കോട്ടു മാത്രമേ അയക്കാന്‍ പാടുള്ളൂ.

20. ഈ കരാറിനു അനുവാദം നല്‍കിയതുകാരണമായി ഫ്രഞ്ച്കാര്‍ രാജാവിനോ അദ്ദേഹത്തിന്റെ കച്ചവടക്കാര്‍ക്കോ ഉപ്രദവം ചെയ്യുകയാണെങ്കില്‍ കമ്പനി അവയെ തടയും. കമ്പനിക്കായി കുളച്ചലില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലം അവര്‍ക്കു കൊടുക്കുന്നത് കമ്പനി തടയുന്നതാണ്.

21. രാജാവിനെതിരായി അരമന (കര്‍ണാടിക് നവാബിന്റെ) സൈന്യങ്ങള്‍ യുദ്ധംചെയ്യുന്ന പക്ഷം, കമ്പനി കുളച്ചല്‍ സൈനീകകേന്ദ്രത്തില്‍നിന്നും വേണ്ടത്ര പീരങ്കിപ്പടയാളികളെയും തോക്കുകാരെയും നല്‍കി സഹായിക്കണം.

22. നിയമപരമായോ സ്വന്തം തീരുമാനത്താലോ രാജാവ് കായംകുളം രാജാവിനെതിരായി എന്തെങ്കിലും നടപടികളെടുത്താല്‍ കമ്പനി നിഷ്പക്ഷത പാലിക്കുന്നതാണ്.

23. ഈ വര്‍ഷം കൊല്ലംരാജ്യത്തിനും കോട്ടകൊത്തളങ്ങള്‍ക്കും എതിരായി നടപടികള്‍ എടുക്കില്ലെന്നു രാജാവ് വാക്കുകൊടുക്കുന്നു.

24. കൊല്ലം കോട്ടകൊത്തളങ്ങള്‍ക്കകത്തുള്ള കൊത്തംമംഗലത്ത് (?) ഒരു കോട്ടയും സങ്കേതവും നിയമപരമായി രാജാവിന് അവകാശമുള്ളതുകൊണ്ട് കരാര്‍ അവസാനിച്ച് ഒരു കൊല്ലത്തിനകം അവ പിടിച്ചെടുക്കാന്‍ രാജാവ് നടപടി എടുക്കുന്നതാണ്. ഈ നടപടികളെ കമ്പനി എതിര്‍ക്കുന്നതല്ല. ഈ നിബന്ധന അംഗീകരിച്ച വകയില്‍ രാജാവ് കമ്പനിക്ക്, മുന്‍പ് വ്യവസ്ഥ ചെയ്തിരുന്ന 1200 കണ്ടിക്കുപുറമെ, കണ്ടിക്ക് 54 രൂപ വിലയ്ക്ക് 300 കണ്ടി കുരുമുളകുകൂടി നല്‍കുന്നതാണ്.

25. ദേശിംഗനാട്ടു രാജാവ് യുദ്ധകാലത്ത് പിടിച്ചെടുത്ത പീരങ്കിയും ആയുധങ്ങളും മടക്കിത്തരണമെന്ന് രാജാവ് ആവശ്യപ്പെടുന്നതിന് കമ്പനി സമ്മതിക്കുന്നു. ഈ വക സാധനങ്ങള്‍ ദേശിംഗനാട്ടില്‍ എവിടെയെങ്കിലും ഉണ്ടെന്ന് കമ്പനിക്ക് അറിയാമെങ്കില്‍ ആ വിവരം രാജാവിനെ അറിയിക്കുന്നതാണ്.

26. ഫ്രഞ്ചുകാര്‍, ഇംഗ്ലീഷുകാര്‍, പോര്‍ട്ടുഗീസുകാര്‍ എന്നിവരില്‍ നിന്നും രാജാവിന്റെ അടുക്കലേക്ക് ഒളിച്ചോടിപ്പോയവരെപ്പറ്റി കമ്പനിക്കാര്‍ക്ക് ഒരു പരാതിയുമില്ല.

27. ഈ ഉടമ്പടി തിരുവിതാംകൂറിനുവേണ്ടി രാജാവും, കമ്പനിക്കുവേണ്ടി ഡച്ച് കമാന്‍ഡറും രണ്ട് കൗണ്‍സിലര്‍മാരും ഒപ്പുവക്കുന്നതാണ്.

28. ഈ ഉടമ്പടിയുടെ തുല്യമായ നാല് ആദ്യകോപ്പികള്‍, രണ്ട് ഡച്ചിലും രണ്ട് മലയാളത്തിലും, തയ്യാറാക്കേണ്ടതും, ഓരോ കക്ഷിയും ഈരണ്ടു കോപ്പികള്‍ (ഓരോന്ന് ഒരോ ഭാഷയില്‍) സൂക്ഷിക്കേണ്ടതുമാണ്. ഈ ഉടമ്പടി മാവേലിക്കര കൊട്ടാരത്തില്‍വച്ച് ബറ്റേവിയായിലെ ഇന്ത്യന്‍ ഗവണ്മെന്റിന്റെ അനുവാദത്തോടുകൂടി കെ.വി. 918 ഇടവം 12 (1743 മേയ് 22)-ന് എഴുതി തയ്യാറാക്കിയതും മലയാളലിപിയില്‍ രാജാവും റെയ്നിക്കസ് സിയെര്‍ സ്മായും ഒപ്പുവച്ചതുമാകുന്നു (ഫീറെസ് ആന്‍ഡ് സറ്റാപെല്‍, കോര്‍പ്പസ് ഡിപ്ലൊമാറ്റികം നീര്‍ലന്‍. ഡോഇന്‍ഡികം, ഭാഗം 5 പു. 34652). ഡച്ചുകാര്‍ കോട്ട ഒഴിഞ്ഞുകൊടുത്തപ്പോഴുണ്ടായ നിബന്ധനകള്‍ താഴെ ചേര്‍ക്കുന്നു:

ഡച്ചുകാര്‍ ആവശ്യപ്പെട്ടത്

അതിന്നുള്ള മറുപടി

ഇംഗ്ലീഷുരാജാവിന്റെയും "ഈസ്റ്റിന്ത്യാ കമ്പനി" യുടേയും വക പട്ടാളങ്ങളുടെ നായകനായ എഴുപത്തിയേഴാം (77) നമ്പറ് പട്ടാളത്തിലെ മേജര്‍പെറ്റ്റിയോടു ഇമ്മാസം 20-ന് ഇസ്ഥലം ഒഴിഞ്ഞുകൊടുക്കാമെന്നും പട നിര്‍ത്തി വെക്കണമെന്നും പറയുന്നു.

കൊച്ചിയിലെ സൈന്യം തടവുകാരായിരിക്കും. നാളെ ഉച്ചക്കു 12 മണിക്കു കോട്ടയെ ബ്രിട്ടീഷു മഹാരാജാവിന്നു ഒഴിഞ്ഞു തരണം. അപ്പോള്‍ മേജര്‍പെറ്റ്റി നിയോഗിക്കുന്നതായ സേനാസംഘങ്ങള്‍ക്കു 'ബേഗേറ്റ്', 1 'ന്യൂഗേറ്റ്' 2 എന്ന കോട്ടവാതിലുകള്‍ ഒഴിഞ്ഞു കൈവശം കൊടുക്കണം.

ഒന്നാം വകുപ്പ്
കൊച്ചിയെ കാത്തുരക്ഷിച്ചിരുന്ന പട്ടാളക്കാരും അവരുടെ നേതാക്കന്മാരും 'ബേഗേറ്റി'ല്‍ കൂടി ആയുധങ്ങള്‍, പറക്കും കൊടികള്‍, കത്തുന്ന തീത്തിരികള്‍, സാമാനങ്ങള്‍, ഇതുകളോടുകൂടി തമ്പേറടിച്ചും കൊണ്ടു മാന്യാവസ്ഥയോടെ രണ്ടു പീരങ്കികളും അതിന്നു വേണ്ടുന്ന അനുസാരികളുമായി പുറത്തിറങ്ങിപ്പോകുന്നതാണ്.

ഒന്നാം വകുപ്പ്
പട്ടാളക്കാരെ അപേക്ഷ പ്രകാരം പുറത്തിറങ്ങിപ്പോകുവാന്‍ അനുവദിക്കാം. എന്നാല്‍ അവരുടെ ആയുധങ്ങള്‍ മൈതാനത്തില്‍ വെച്ചുംകൊണ്ടു തടവുകാരുടെ നിലയില്‍ തിരിയെ വരണം.

രണ്ടാം വകുപ്പ്
കൊച്ചിസൈന്യത്തിലെ എല്ലാ ഭടന്മാരേയും ഉദ്യോഗസ്ഥന്മാരേയും താമസത്തിന്നു എടയാവാതെ കഴിയുന്നതും വേഗത്തില്‍ ഇംഗ്ലീഷുകാരുടെ ചിലവിന്മേല്‍ ഇംഗ്ലീഷുകപ്പലുകളില്‍ കയറ്റി ബറ്റേവിയയായിലേക്കോ സിലോണിലേക്കോ അയക്കണം.

രണ്ടാം വകുപ്പ്
സമ്മതിക്കുവാന്‍ പാടില്ല. പട്ടാളങ്ങളെ പ്രധാന സേനാനായകനു ശരിയെന്നു തോന്നുന്നതു പോലെ അയക്കും.

മൂന്നാം വകുപ്പ്
ഉദ്യോഗസ്ഥന്മാരേയും ഭടന്മാരേയും യാതൊരു പരിശോധനയും കൂടാതെ അവരവരുടെ സാമാനങ്ങള്‍ കൊണ്ടുപോകുവാന്‍ അനുവദിക്കണം. അവരുടെ ശിഷ്യരേയും അടിമകളേയും കൂടെ അയക്കണം. കല്യാണം കഴിച്ചിട്ടുള്ളവര്‍ കുടുംബങ്ങളെ കൂടെ കൊണ്ടുപോകുവാന്‍ സമ്മതിക്കണം.

മൂന്നാം വകുപ്പ്
സമ്മതിക്കാം. അടിമകളെ ഒഴിച്ച്. അടിമ എന്ന നാമംകൂടി ബ്രിട്ടീഷുരാജ്യങ്ങളില്‍ അറിഞ്ഞിട്ടില്ല.

നാലാം വകുപ്പ്
ഗവര്‍ണ്ണര്‍, സഭയിലെ അംഗങ്ങള്‍, പോലീസ് ഉദ്യോഗസ്ഥന്മാര്‍ , കച്ചവടക്കാര്‍ , വൈദികന്മാര്‍, കടല്‍സൈന്യത്തിലും കരസൈന്യത്തിലും പെട്ടവര്‍, ഡച്ചുകമ്പനിയുടെ ശമ്പളക്കാരായ ശേഷം പേര്‍, വെള്ളക്കാരൊ നാട്ടുകാരൊ ആയ കൊച്ചിയിലെ കടിയാനവര്‍, ഇവര്‍ക്ക് അവരവരുടെ ദേഹവും സ്ഥാവരജംഗമസ്വത്തുക്കളും കച്ചവട സാമാനങ്ങളും മറ്റും യാതൊരുവന്റെയും തടസ്സമോ തേര്‍ച്ചയോ കൂടാതെ ഉപദ്രവരഹിതമായി ഉപയോഗിക്കുവാനുള്ള സ്വാതന്ത്രിയം ഉണ്ടായിരിക്കണം.

നാലാം വകുപ്പ്
എല്ലാ സ്വകാര്യസ്വത്തുക്കളും പരിശുദ്ധ സ്വത്തുക്കളെപോലെ പരിഗണിക്കുന്നതാണ്.

അഞ്ചാം വകുപ്പ്
മുന്‍വകുപ്പിലെ നിശ്ചയങ്ങളില്‍ ഇപ്പോള്‍ ഇവിടെ വന്നു കമ്പനിയുടെ കണക്കുകള്‍ എഴുതിവരുന്ന പുറക്കാട്ടുപാണ്ടികശാല പ്രമാണിയും റസിഡെണ്ടുമായ ജെ.എ. ഷീറ്റ്സ് എന്നാളും കൂടി ഉള്‍പ്പെടേണ്ടതും അയാളെ തിരിയെ പോയി അയാളുടെ ഉദ്യോഗത്തില്‍ പ്രവേശിപ്പാന്‍ അനുവദിക്കേണ്ടതുമാകുന്നു.

അഞ്ചാം വകുപ്പ്
അയാളുടെ വക ഇവിടെയുള്ള എടവാടുകള്‍ ഒതുക്കുന്നതിനു ന്യായമായ സമയം അനുവദിക്കാം. എന്നാല്‍ അയാളും തടവുകാരന്റെ നിലയില്‍ നില്‍ക്കേണ്ടതാണ്.

ആറാം വകുപ്പ്
ഗവര്‍ണ്ണര്‍, സഭാംഗങ്ങള്‍, പൊലീസുകാര്‍, കച്ചോടക്കാര്‍, വൈദികന്മാര്‍, മറ്റു ശമ്പളക്കാര്‍, ഇവര്‍ക്ക് അവരവരുടെ കുടുംബത്തിലെ സ്ത്രീ പുരുഷന്മാര്‍, അടിമകള്‍ അവരുടെ സ്വത്തുക്കള്‍ കൂടെകൊണ്ടുപോകുന്നതിനും എല്ലാവരേയും ബ്രിട്ടീഷ് ഗവണ്മെന്റു ചിലവിന്മേല്‍ കൊളമ്പിലേക്കോ, ബറ്റേവിയായിലേക്കോ എത്തിക്കുന്നതിനും അതിന്നു വേണ്ട കപ്പല്‍ കൊടുക്കുന്നതിന്നും അനുവദിക്കണം.

ആറാം വകുപ്പ്
ഇതിന്റെ ഉത്തരം രണ്ടാം വകുപ്പില്‍ പറഞ്ഞിട്ടുണ്ട്.

ഏഴാം വകുപ്പ്
അനാഥശാലവകക്കും സാധുജനപരിപാലനത്തിനും വെച്ചിരിക്കുന്ന പണങ്ങള്‍ ആ വകയ്ക്കു പ്രത്യേകം വച്ചിരിക്കുന്നതാകയാല്‍ അടക്കി എടുക്കരുത്.

ഏഴാം വകുപ്പ്
ഈ വകുപ്പില്‍ പറയുന്ന മുതല്‍ ബ്രിട്ടീഷു മഹാരാജാവിന്റെ വകയായിരിക്കും. അതിനെ നിശ്ചയിച്ചുവെച്ചിരിക്കുന്ന ആവശ്യങ്ങള്‍ക്കു വിനിമയം ചെയ്യാന്‍ മഹാരാജാവ് ശരിയായ ഏര്‍പ്പാടുകള്‍ ചെയ്യുന്നതാണ്.

എട്ടാം വകുപ്പ്
കന്പനിയുടെ കീഴില്‍ രാജ്യഭാരം സംബന്ധിച്ചുംമറ്റും ഇപ്പോള്‍ ഇവിടെതന്നെ താമസിക്കുവാന്‍ ഇഷ്ടപ്പെടുന്നതുമായ എല്ലാ ഉദ്യോഗസ്ഥന്മാരേയും ബ്രിട്ടീഷുകൊടിയുടെ രക്ഷയില്‍ വെച്ചിരിക്കണം.

എട്ടാം വകുപ്പ്
ഇവിടെ ഇരിക്കുവാന്‍ മനസ്സുള്ളതും ബ്രിട്ടീഷുമഹാരാജാവിന്റെ കീഴമര്‍ന്ന് ഇരിക്കാമെന്നു സത്യം ചെയ്യുന്നതുമായ എല്ലാവര്‍ക്കും ബ്രിട്ടീഷുകാരുടെ സര്‍വ്വപ്രകാരേണയുള്ള രക്ഷയും കിട്ടുന്നതാണ്.

ഒന്‍പതാം വകുപ്പ്
കമ്പനിവകയായി ഇവിടെ ഉള്ള എല്ലാ കച്ചോടചരക്കുകള്‍ മരുന്ന്, തോക്ക്, ഉണ്ട, ആയുധങ്ങള്‍, ഭക്ഷണസാധനങ്ങള്‍, മറ്റു സാമാനങ്ങള്‍ മുതലായി എല്ലാത്തിന്റെയും പ്രത്യേകം ഒരു ലിസ്റ്റ് സഹിതം അവയെ ഏറ്റുവാങ്ങുവാന്‍ നിയമിക്കുന്ന കമ്മിസ്സാരിമാര്‍ പക്കല്‍ സത്യമായും ഏല്പിച്ചുകൊടുക്കുന്നതും ലിസ്തിന്റെ ശരിയായ ഒരു പ്രതി മേജര്‍ പെറ്റ്റി പക്കല്‍ കൊടുക്കുന്നതാണ്.

ഒന്‍പതാം വകുപ്പ്
ബ്രിട്ടീഷു മഹാരാജാവിന്റെ കല്പനപ്രകാരം ഉപയോഗിക്കുന്നതിനായി ഇതില്‍ പറയുന്ന എല്ലാ സാധനങ്ങളും മേജര്‍ പെറ്ററി നിയമിക്കുന്ന ആള്‍പക്കല്‍ ഏല്പിച്ചുകൊടുക്കേണ്ടതാകുന്നു.

പത്താം വകുപ്പ്
കമ്പനിവക കോട്ടകള്‍, ഗവര്‍മ്മേണ്ടുവീട്, എല്ലാ ആയുധശാലകള്‍, മറ്റു പൊതുവായുള്ള എടുപ്പുകള്‍ മുതലായവയെ ഇപ്പോള്‍ ഇരിക്കുന്നതുപോലെ സൂക്ഷിച്ചുവെയ്ക്കണം പൊളിച്ചുകളയരുത്.

പത്താം വകുപ്പ്
കൊച്ചിയില്‍ കോട്ടയേയും മറ്റു പൊതുവായ കെട്ടിടങ്ങളേയും പ്രധാന സേനാനായകനൊ അവിടുന്നു നിയമിക്കുന്നാളൊ തക്കസമയത്തു നിശ്ചയിക്കുന്നവിധത്തില്‍ വ്യാപരിക്കുന്നതാണ്.

പതിനൊന്നാം വകുപ്പ്
ഡച്ചുപള്ളിയില്‍ നടത്തിവരുന്ന പുത്തന്‍ക്രമം അനുസരിച്ചുള്ള ദേവാരാധന ചെയ്യാന്‍ അനുവദിക്കണം.

പതിനൊന്നാം വകുപ്പ്
സമ്മതിക്കുന്നു

പന്ത്രണ്ടാം വകുപ്പ്
വരാപ്പുഴെ കവന്തേയേയും മറ്റു പഴയകൂറുപള്ളികളേയും ഹിന്തുക്കളുടെ ക്ഷേത്രങ്ങളേയും ഡച്ചുകമ്പനി രക്ഷിച്ചുവന്നതുപോലെ രക്ഷിക്കണം

പന്ത്രണ്ടാം വകുപ്പ്
ബ്രിട്ടീഷു ഗവര്‍മ്മേണ്ട് എല്ലാ ഇടത്തും മതനടപടികളെ രക്ഷിക്കുന്നുണ്ട്.

പതിമൂന്നാം വകുപ്പ്
സങ്കരജാതിക്കാരായ തൊപ്പാസന്മാര്‍ , ഉള്‍നാട്ടുക്രിസ്ത്യാനികള്‍, ബന്ന്യാന്മാര്‍ , തട്ടാന്മാര്‍ , ചായക്കാര്‍ , വണ്ണാന്മാര്‍ , ചക്കിലിയര്‍ മുതലായവര്‍ ഡച്ചുകമ്പനിക്കു കീഴമര്‍ന്ന കുടിപതികള്‍ ആകയാല്‍ അവരുടെ സ്വത്തുക്കളെ കമ്പനി കീഴില്‍ അവര്‍ കൈവശംവെച്ച് അനുഭവിച്ചുകൊള്ളുവാന്‍ സമ്മതിക്കണം.

പതിമൂന്നാം വകുപ്പ്
4-ഉം 8-ഉം വകുപ്പുകളില്‍ ഇതിന്നുത്തരം പറഞ്ഞിട്ടുണ്ട്.

പതിനാലാം വകുപ്പ്
ഗവര്‍ണ്ണര്‍ വാന്‍സ്വാളിനെ എവിടേക്കയക്കുന്നുവോ അവിടയ്ക്കു കൊണ്ടുപോവുന്നതിന്നായി ഈ ഗവര്‍മ്മേണ്ടുവക ആധാരങ്ങള്‍, സാക്ഷി എഴുത്തുകള്‍, രേഖാനിശ്ചയങ്ങള്‍ മുതലായ എല്ലാ ലക്ഷ്യങ്ങളേയും പരിശോധനകൂടാതെ വിട്ടുകൊടുക്കണം.

പതിനാലാം വകുപ്പ്
എല്ലാ പൊതുവായ ലക്ഷ്യങ്ങളും രേഖകളും അതുകളെ കൈവശം വാങ്ങുവാനായി ഏല്പിച്ചുകൊടുക്കണം. എന്നാല്‍ മിസ്റ്റര്‍ വാന്‍സ്വാള്‍ കൊച്ചി ഗവര്‍ണ്ണരായിരുന്ന കാലത്ത് അദ്ദേഹത്തെ സംബന്ധിക്കുന്നതായ എല്ലാ രേഖകള്‍ക്കും സാക്ഷിപ്പെടുത്തിയ ലക്ഷ്യം അദ്ദേഹത്തിന്നു കൊടുക്കുന്നതാണ്.

പതിനഞ്ചാം വകുപ്പ്
മിസ്റ്റര്‍ വാന്‍സ്വാള്‍ കൊച്ചിയില്‍ ഇരിക്കുന്ന കാലത്തു ഗവര്‍മ്മേണ്ടുവീട്ടില്‍ വേറെ ആരും താമസിക്കുവാന്‍ പാടില്ല. അദ്ദേഹത്തെ യാതൊരുപദ്രവവും കൂടാതെ അവിടെ താമസിപ്പാന്‍ അനുവദിക്കണം.

പതിനഞ്ചാം വകുപ്പ്
രണ്ടാം വകുപ്പില്‍ ഉത്തരം പറഞ്ഞിട്ടുണ്ട്.

പതിനാറാം വകുപ്പ്
ഇംഗ്ലീഷു പട്ടാളത്തില്‍നിന്ന് ഓടിഒളിച്ചതായ വല്ലവരേയും കൊച്ചിസ്സെന്യത്തിലുള്ളതായിക്കണ്ടാല്‍ അവര്‍ക്കു മാപ്പുകൊടുക്കണം.

പതിനാറാം വകുപ്പ്
ഓടി ഒളിച്ചു വന്നവരായ എല്ലാവരേയും തീരെ വിടുതല്‍ ചെയ്യും.

പതിനേഴാം വകുപ്പ്
ഈ സ്ഥലത്തെ കുടിയാനവന്മാരുവകയായ വഹകളുടെ രക്ഷയ്ക്ക് ഉപയോഗപ്പെടുന്ന എല്ലാ രേഖകളും ആധാരലക്ഷ്യങ്ങളും ഏതേത് ഉദ്യോഗസ്ഥന്മാര്‍ വെച്ചുസൂക്ഷിക്കുന്നുവൊ ആവശ്യപ്പെടുന്ന സമയം ഉപയോഗപ്പെടുത്തുന്നതിന്നായി അവരുടെ കയ്യില്‍ വെച്ചിരിക്കുവാന്‍ സമ്മതിക്കണം.

പതിനേഴാം വകുപ്പ്
പതിനാലാം വകുപ്പില്‍ ഉത്തരം പറഞ്ഞിട്ടുണ്ട്.

പതിനെട്ടാം വകുപ്പ്
നഗരത്തിലെ ലേലക്കാരന്‍, മുതല്‍ വസൂല്‍ ചെയ്യുന്ന ആള്‍, മുതല്‍രക്ഷകന്‍ മുതലായവരെക്കൊണ്ടു പിരിവാനുള്ളതു പിരിപ്പിക്കുന്നതിന്നും മറ്റും നീതിന്യായക്കോടതികളില്‍നിന്നു വേണ്ടുന്ന സഹായങ്ങള്‍ ഉണ്ടാവണം.

പതിനെട്ടാം വകുപ്പ്
കൊച്ചിയില്‍ വസിക്കുന്ന കുടിയാനവന്മാര്‍ എല്ലാവരും ബ്രിട്ടീഷുനിയമങ്ങള്‍ക്ക് അധീനന്മാരായിരിക്കുന്നതാണ്.

പത്തൊന്‍പതാം വകുപ്പ്
ഈ പറഞ്ഞുവെച്ച ഉടമ്പടി ഒപ്പിട്ടതിന്റെ ശേഷം ' ന്യൂഗേറ്റ് ' എന്ന കോട്ടവാതില്‍ 50-പേരുള്ളതായ ഒരു ഇംഗ്ലീഷു സേനാസംഘത്തിന്ന് ഏല്പിച്ചു കൊടുക്കപ്പെടും. അവരോടു കൂടെ 50 പേര്‍ ഡച്ചുഭടന്മാരും ഉണ്ടായിരിക്കും. ഇവര്‍ ഒരു ഡച്ചുഭടനെങ്കിലും അകത്തുനിന്നു പുറത്തേക്കു പോവുകയോ ഒരു ഇംഗ്ലീഷുഭടനെങ്കിലും അകത്തേക്കു പാഞ്ഞുകയറുകയോ ചെയ്യാതെ കാത്തിരിക്കുന്നതാണ്. പിറ്റേ ദിവസം എല്ലാ കോട്ടവാതിലുകളും ഇംഗ്ലീഷുപട്ടാളക്കാരെ ഏല്പിച്ചുകൊടുത്തിട്ട് ഡച്ചുസൈന്യം പുറത്തിറങ്ങി അതിന്നായി പ്രത്യേകം നിശ്ചയിക്കുന്ന ഒരു ദിക്കില്‍ പോയി ബറ്റേവിയായിലേക്കോ സിലോണിലേക്കോ അയക്കുന്നതുവരെ അവിടെ ഇരിക്കും. പതിവിന്‍പ്രകാരം അവര്‍ ആയുധം വെച്ചുകൊടുക്കും. എന്നാല്‍ ഉദ്യോഗസ്ഥന്മാര്‍ അവരുടെ വാളുകളെ വിട്ടുകൊടുക്കുന്നതല്ല.

പത്തൊന്‍പതാം വകുപ്പ്
നാളെ ഉച്ചക്കു 12 മണിക്ക് കൊച്ചിക്കോട്ടയുടെ വാതലുകളെ ബ്രിട്ടീഷുപട്ടാളത്തിലെ ഒരു സംഘക്കാര്‍ ചെന്നു കൈവശപ്പെടുത്തുന്നതാണ്. തരമുള്ള വിധത്തില്‍ സൗകര്യം പോലെ കൊച്ചിപ്പട്ടാളത്തെ ഒരു സ്ഥലത്തെ രണ്ടാം വകുപ്പില്‍ പറയുംപ്രകാരം ചെയ്യാന്‍ സാധിക്കുന്നതുവരെ താമസിപ്പിക്കും. ഉദ്യോഗസ്ഥന്മാര്‍ക്കു അവരുടെ വാള്‍ കൈവശം വെച്ചുകൊണ്ടിരിക്കാം.

ഇരുപതാം വകുപ്പ്
ബറ്റേവിയായിലേക്കോ കുളമ്പിലേക്കോ ഏതു സ്ഥല്ത്തേക്ക് അയക്കുന്നുവോ അതുവരെക്കും കമ്പനിവക പോലീസ്, കരസൈന്യം, കപ്പല്‍സൈന്യം ഇതുകളിലും മറ്റുമുള്ള ശമ്പളക്കാര്‍ക്ക് ഇംഗ്ലീഷു ഗവര്‍മ്മേണ്ട് ചിലവിനു കൊടുത്തു താമസിപ്പിക്കണം.

ഇരുപതാം വകുപ്പ്
ബഹുമാനപ്പെട്ട കമ്പനിക്കു വേണ്ടി ഇതുപോലെ ഒരു ഏര്‍പ്പാടുചെയ്യാന്‍ മേജര്‍പെറ്റ്റിക്ക് അധികാരമില്ലെന്നു തോന്നുന്നു. ഒടുവിലത്തെ സംഗതിക്ക് രണ്ടാം വകുപ്പില്‍ ഉത്തരം പറഞ്ഞിട്ടുണ്ട്.

ഇരുപത്തൊന്നാം വകുപ്പ്
ഇപ്പോള്‍ മുറിവേറ്റും ദീനക്കാരായും മറ്റും ആശുപത്രിയില്‍ കിടിക്കുന്നവരെ ഇംഗ്ലീഷ് ഗവര്‍മ്മേണ്ട് ചിലവിനു കൊടുത്തു താമസിപ്പിക്കണം. മേല്‍വകുപ്പുകളിലെ നിശ്ചയങ്ങളെ നടത്താമെന്നുള്ളതിന്നും ഏതു വിധമാണ് അതുചെയ്യുന്നത് എന്നതിന്നും വിശ്വാസത്തോടുകൂടി മേജര്‍ പെറ്റ്റിയും ഗവര്‍ണര്‍ വാന്‍സ്വാളും സഭാംഗങ്ങളും ഒപ്പിടുന്നു.

ഇരുപത്തൊന്നാം വകുപ്പ്
സമ്മതിച്ചു.
പുലര്‍ച്ച 4മണിവരെക്കും ആയുധപ്രയോഗം നിര്‍ത്തിവയ്ക്കാമെന്നു മേജര്‍ പെറ്റ്റി സമ്മതിക്കുന്നു. മുന്‍പറഞ്ഞ നിശ്ചയങ്ങളെ സമ്മതിക്കുന്നുവോ എന്നു ഗവര്‍ണ്ണര്‍ വാന്‍സ്വാള്‍ അപ്പോഴെക്കും അറിയിക്കണം.


കി. അ. 1795-മത് അക്ടോബര്‍ 19-നു (ഒപ്പ്) ജെ.എന്‍. വാന്‍സ്വാള്‍ (J.N.Vanspall) (ഒപ്പ്) പി.ജെ. ഡിക്കാന്‍ (P.J.Decan) (ഒപ്പ്) ഐ.എ. സില്ലെറിയസ്സ് (I.A.Cellarius) (ഒപ്പ്) ഐ.എച്ച്. ഷീല്‍സ്സ് (I. H. Scheilds) (ഒപ്പ്) എ. ല്യൂണല്‍ (A. Lunel) (ഒപ്പ്) സി. വാന്‍സ്വാള്‍ (C.Vanspall)

ക്രി. അ. 1795-മത് അക്ടോബര്‍ മാസം 19-നു രാത്രി 11.30 മണിക്ക് (ഒപ്പ്) ജി. പെറ്റ്റി (G. Petrie) മേജര്‍ 77- നമ്പറ് പട്ടാളം. സേനാനായകന്‍ (Commanding)

ക്രി. അ. 1814-മതില്‍ പാരിസ്സ് നഗരത്തില്‍വെച്ചുണ്ടായ തല്‍ക്കാല ഉടമ്പടിയാല്‍ ഡച്ചു 'ഈസ്റ്റിന്ത്യാ കമ്പനി' വകയായ കൊച്ചിക്കോട്ടയും അതിന്റെ കീഴെടങ്ങളും ഡച്ചുകാര്‍ ബ്രിട്ടീഷുഗവര്‍മ്മേണ്ടിലേക്കു വിട്ടുകൊടുത്തു.

ഡച്ചുകാരുടെ കയ്ക്കല്‍നിന്നു കൊച്ചി ബ്രിട്ടീഷുകാര്‍ക്കു കിട്ടിയതോടുകൂടി പെരുമ്പടപ്പുസ്വരൂപത്തിലെ മേല്‍ക്കോയ്മാവകാശം മുഴുവനും ഇംഗ്ലീഷുകാര്‍ക്കു സിദ്ധിച്ചു. അന്നുമുതല്‍ പെരുമ്പടപ്പില്‍ സ്വരൂപം ആ വഴിക്കു ബ്രിട്ടീഷുഗവര്‍മ്മേണ്ടിന്നു കീഴമര്‍ന്നു നടന്നുവരുന്നു. (കൊച്ചിരാജ്യചരിത്രം


top