കേരളം ന്യൂഹാഫിന്റെ ദൃഷ്ടിയില്‍

കേരളത്തിലെ ഭാഷയും വേഷവും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭരണരീതിയുമെല്ലാം ഡച്ചുകാര്‍ക്ക് കൗതുകമായിരുന്നു. അവര്‍ അതേപ്പറ്റി ഓര്‍മ്മക്കുറിപ്പുകള്‍ എഴുതി. അതെല്ലാം പില്‍ക്കാലത്ത് കേരളചരിത്രരചനയ്ക്ക് വന്‍മുതല്‍കൂട്ടായി മാറി.

കേരളം ന്യൂഹാഫിന്റെ ദൃഷ്ടിയില്‍
ന്യൂഹാഫിന്റെ വിവരണത്തില്‍ പലേടത്തും കേരളത്തെ നെതര്‍ലണ്ടുമായി താരതമ്യപ്പെടുത്തുന്നുണ്ട്. സൈനിക സേവനവുമായി ബന്ധപ്പെട്ടാണ് ന്യൂഹാഫ് കേരളത്തിലെത്തിയത്. ഡച്ചുകാരുടെ പ്രവര്‍ത്തനം കേരളത്തില്‍ വ്യാപിപ്പിക്കാന്‍ ന്യൂഹാഫ് നടത്തിയ യുദ്ധങ്ങളും തന്ത്രങ്ങളും പ്രധാനമാണ്. ഇതിനിടയിലും ഒരു ചരിത്രകാരന്റെ ഔത്സുക്യത്തോടെ താന്‍കണ്ട കേരളത്തെ എല്ലാറ്റിനെക്കുറിച്ചും രേഖപ്പെടുത്തി. 1661 മുതല്‍ 66 വരെയായിരുന്നു ന്യൂഹാഫ് കേരളത്തിലുണ്ടായിരുന്നത്.

മനോഹരമായ വീടുകള്‍

അഭ്യാസികളായ നായന്മാര്‍

ആഭരണങ്ങള്‍

എണ്ണ ആട്ടുകാരന്‍

കിണര്‍ കുഴിക്കല്‍

ആഭരണം ഉണ്ടാക്കുക

ബ്രാഹ്മണസ്ത്രീകള്‍

കള്ളുചെത്തുകാര്‍

സര്‍പ്പം ആരാധന

ന്യൂഹാഫ്

കേരളത്തിലെ ഭാഷയും വേഷവും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭരണരീതിയുമെല്ലാം ഡച്ചുകാര്‍ക്ക് കൗതുകമായിരുന്നു. അവര്‍ അതേപ്പറ്റി ഓര്‍മ്മക്കുറിപ്പുകള്‍ എഴുതി. അതെല്ലാം പില്‍ക്കാലത്ത് കേരളചരിത്രരചനയ്ക്ക് വന്‍മുതല്‍കൂട്ടായി മാറി. ജോണ്‍ ന്യൂഹാഫ്, ഗൊള്ളനെസ്സെ, മൂണ്‍സ്, വാന്‍റീഡ്, പുരോഹിതരായ ഫിലിപ്പ്സ് ബാള്‍ഡേയിസ്, കാന്റര്‍ വിഷര്‍ തുടങ്ങിയവരുടെ ഈ രംഗത്തെ സംഭാവന വിലപ്പെട്ടതാണ്. ഇതില്‍ കാന്റര്‍ വിഷര്‍ (1723-ല്‍) നാട്ടിലേക്ക് അയച്ച കത്തുകള്‍ ആധാരമാക്കിയാണ് കെ.പി. പത്മനാഭമേനോന്‍ എന്ന ചരിത്രകാരന്‍ നാലുവാല്യങ്ങളുള്ള കേരളത്തിന്റെ ബൃഹദ്ചരിത്രം രചിച്ചിട്ടുള്ളത്. ന്യൂഹാഫിന്റെ പുസ്തകം ഇംഗ്ലീഷില്‍ നിന്ന് 'ന്യൂഹാഫ് കണ്ട കേരളം' എന്ന പേരില്‍ കെ. ശിവശങ്കരന്‍ നായര്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്.

'മലബാര്‍ ഭാഷ' (മലയാളം) സംസാരിക്കുന്ന നാടിനെയാണ് മലബാര്‍ (കേരളം) എന്നുവിളിക്കുന്നതെന്നും അത് ഗോവയുടെ 50 ലീഗ് തെക്ക് മാറി കന്യാകുമാരി വരെ നീണ്ടുകിടക്കുന്നുവെന്നും ന്യൂഹാഫ് രേഖപ്പെടുത്തി. ധാരാളം ഉറവകളും കുളങ്ങളും നദികളും കനാലുകളും ഉള്ള മലബാറിലെ ജനങ്ങള്‍ ഹോളണ്ടിനെപ്പോലെ കൂടുതലും വള്ളങ്ങളിലാണ് സഞ്ചരിക്കുന്നത്. നദികള്‍ക്ക് താഴ്ച കുറവായതിനാല്‍ കപ്പലുകള്‍ സഞ്ചരിക്കാറില്ല. 1703ഹോളണ്ടിലെ മുസ്ലിങ്ങളെപ്പോലെ തറയിലിരുന്നാണ് ഇവിടുത്തുകാര്‍ തിന്നുകയും കുടിയ്ക്കുകയും ചെയ്യുന്നതെന്ന് ന്യൂഹാഫ് രേഖപ്പെടുത്തി. ഇവിടത്തെ സുന്ദരികളായ ബ്രാഹ്മണസ്ത്രീകളെ പോര്‍ട്ടുഗീസ് സ്ത്രീകളോടും തവിട്ടുനിറത്തിലുള്ള ഡച്ച് സ്ത്രീകളോടും ആണ് ന്യൂഹാഫ് താരതമ്യം ചെയ്തിട്ടുള്ളത്. ഹോളണ്ടിലെപ്പോലെയുള്ള നരിച്ചിലുകളും കുറുനരികളും മലബാറിലുണ്ടെന്ന് കൗതുകത്തോടെ ന്യൂഹാഫ് വിവരിക്കുന്നു. നരിച്ചിലുകള്‍ തെങ്ങിന്‍കള്ള് കുടിച്ച് മത്തുപിടിയ്ക്കുന്നു. കൃഷിസ്ഥലങ്ങളിലും ഗ്രാമങ്ങളിലും ധാരാളം കുറുനരികളെ കാണാം. അവ കുഴിച്ചിട്ട മനുഷ്യമൃതശരീരങ്ങളെ മാന്തി എടുത്ത് ഭക്ഷിക്കുന്നു. കറുത്ത വാവിനടുപ്പിച്ചുള്ള ദിവസങ്ങളില്‍ കൂട്ടംകൂടി നിലവിളിക്കുന്നതുപോലെ ഭയാനകശബ്ദം പുറപ്പെടുവിയ്ക്കാറുണ്ടെന്ന് ന്യൂഹാഫ് എഴുതി. അദ്ദേഹത്തിന്റെ വിവരണങ്ങളുടെ രത്നചുരുക്കം ഇവയാണ്:

മനോഹരമായ വീടുകള്‍
സാധാരണ വീടുകള്‍ മുളയും ഓലയും കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. ചില വീടുകളില്‍ കൊത്തുപണികള്‍ കാണാം. എന്നാല്‍ ചെമ്പോ, ഓടോ, ഈയമോ മേഞ്ഞ വീടുകളുമുണ്ട്. ഒരു വീട്ടിനുള്ളില്‍ത്തന്നെ രണ്ടോ മൂന്നോ വാസഗൃഹങ്ങള്‍ ഉണ്ടാകും. വീടുകളില്‍ അങ്കണവും വരാന്തയും കാണാം. മുറ്റം എല്ലാവീടുകളിലും ഉണ്ടാകും. കൊട്ടാരങ്ങളും ക്ഷേത്രങ്ങളും കല്‍ക്കെട്ട് കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. രാജകൊട്ടാരങ്ങള്‍ മിക്കവയും കുളത്തിന്റെയോ തടാകങ്ങളുടെയോ നടുവിലായിരിക്കും.

ഭക്ഷണവും തെങ്ങിന്‍കള്ളും
തെങ്ങിന്റെ ചിരട്ട കൊണ്ട് നിര്‍മ്മിച്ച പാത്രം, കപ്പ്, തവി എന്നിവയാണ് ഭക്ഷണം കഴിയ്ക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ . അതേസമയം സമ്പന്നര്‍ ലോഹം കൊണ്ടുള്ള പാത്രങ്ങള്‍ ഉപയോഗിക്കുന്നു. അരിയാഹാരം, ഇറച്ചി, മത്സ്യം, മസാലകള്‍, പഴം, പാല്‍, മുട്ട എന്നിവയും ഇവര്‍ കഴിക്കുന്നു. ഭക്ഷണത്തോടൊപ്പം ധാരാളം തെങ്ങിന്‍കള്ളും വെള്ളവും കുടിക്കും. കുടിക്കുമ്പോള്‍ കപ്പ് ചുണ്ടില്‍ തൊടില്ല. അത് പൊക്കിയാണ് വായില്‍ വീഴ്ത്തുക. ചിലര്‍ സസ്യഭുക്കുകളാണ്. ആര്‍ത്തിയോടെയാണ് ഇവിടത്തുകാര്‍ കറുപ്പ് ഭക്ഷിക്കുന്നത്. ചിലര്‍ ചാരായത്തില്‍ കലക്കി കഴിയ്ക്കും. യുദ്ധത്തിനുപോകുന്നവര്‍ കറുപ്പ് തിന്നുന്നതുകാരണം കാട്ടുമൃഗങ്ങളെപ്പോലെ ശത്രുവിനെതിരെ ചാടിവീഴാന്‍ അവരെ ഉത്തേജിപ്പിക്കുന്നു.

ജാതിയും വേഷങ്ങളും
ന്യൂഹാഫിന്റെ വിവരണം അനുസരിച്ച് മുഹമ്മദിയരും, ക്രിസ്ത്യാനികളും കൂടാതെ, അഞ്ചുവിഭാഗക്കാരാണ് അന്ന് കേരളത്തിലുണ്ടായിരുന്നത്. രാജകുടുംബമാണ് ആദ്യവിഭാഗം. അവയില്‍ ഗോദവര്‍മ്മയുടെ കുടുംബമാണ് മുന്നില്‍. രണ്ടാമതു ബ്രാഹ്മണര്‍ അഥവാ പുരോഹിതവര്‍ഗം. മൂന്നാമത് സൈനികരും അഭിജാതരുമായ നായന്മാരും. നാലാമത് വ്യാപാരികള്‍, അഞ്ചാമത് പരവന്മാര്‍, പുലയര്‍ തുടങ്ങിയ താണവര്‍ഗത്തില്‍പ്പെട്ടവര്‍.

മലയാളികളില്‍ ബ്രാഹ്മണരാണ് ഏറ്റവും ബഹുമാനിക്കുന്ന വര്‍ഗം. ചിലര്‍ പടയാളികളാണ്. മറ്റുചിലര്‍ പൂജാരികളും. പൂണൂല്‍ ഉണ്ടെന്നല്ലാതെ അവര്‍ തമ്മില്‍ വ്യത്യാസമില്ല. ബ്രാഹ്മണര്‍ക്ക് അല്ലാതെ വിഗ്രഹപൂജ പാടില്ല. അവര്‍ മാംസമോ മത്സ്യമോ കഴിക്കില്ല. സ്വജാതിയിലുള്ളവര്‍ പാകംചെയ്ത ഭക്ഷണമേ കഴിയ്ക്കൂ. ചുവന്ന പാദരക്ഷകളും കഴുത്തുമുതല്‍ കാല്‍വരെ നീളമുള്ള കോട്ടും അവര്‍ ധരിക്കുന്നു. ഒരു വലിയ വസ്ത്രം മൂന്നായി ചുറ്റി തുടകള്‍ക്കിടയിലൂടെ മേലോട്ട് വലിച്ചു പൃഷ്ടത്തിനു മുകളില്‍ തൊടുത്തിവയ്ക്കുന്നു. തലക്കെട്ടിനു ഉപയോഗിക്കുന്നതുപോലെയുള്ള കട്ടികുറഞ്ഞ വെള്ളത്തുണികൊണ്ട് ദേഹം ചുറ്റി തോളിനു മുകളില്‍ കൂടി ഇട്ടിരിക്കും. യൂറോപ്പ്യന്മാരെപ്പോലെ കഴുത്തിനു ചുറ്റും തുണിയോ സില്‍ക്കോ കൊണ്ടുള്ളതും നിറമുള്ളതുമായ കഴുത്തുപട്ടയും അവര്‍ ധരിക്കുന്നു. നീട്ടിവളര്‍ത്തിയ തലമുടിയും, കാതില്‍ കടുക്കന്‍ (കുണുക്ക്) ഉണ്ടായിരിക്കും.

ബ്രാഹ്മണസ്ത്രീകള്‍ മൂക്കില്‍ ദ്വാരമുണ്ടാക്കി വെള്ളി, സ്വര്‍ണ്ണം, മുത്ത്, രത്നം എന്നിവ കൊണ്ടുള്ള ആഭരണങ്ങള്‍ അണിയുന്നു. അവര്‍ കൈത്തണ്ടുമുതല്‍ കൈമുട്ടുവരെ വളകള്‍ അണിയുന്നു. വളരെ ചെറുപ്പത്തിലേ ബ്രാഹ്മണസ്ത്രീകള്‍ വിവാഹിതരാകുന്നു. വിജാതിക്കാരുമായി സംസര്‍ഗം പാടില്ല. രാജാക്കന്മാര്‍ക്ക് ഉപദേശം നല്കുന്നത് ബ്രാഹ്മണരാണ്. കോഴിക്കോട്ട് ഉള്ള ഒരുതരം ബ്രാഹ്മണര്‍ വിവാഹം കഴിയ്ക്കാറില്ല. സ്ത്രീകള്‍ അവര്‍ക്ക് നിഷിദ്ധമാണ്. അവര്‍ സഞ്ചരിക്കുന്ന വഴികളില്‍ കൂടി സ്ത്രീകള്‍ വരാതിരിക്കാന്‍ 'പൂ, പൂ, പൂ' എന്ന് പരിചാരകര്‍ വിളിച്ചുകൂകും. ലൈംഗികാസക്തി ഉണ്ടാകാതിരിക്കാന്‍ ഒരുതരം കായ് ഇവര്‍ ഭക്ഷിക്കുന്നു.

അഭ്യാസികളായ നായന്മാര്‍
നായന്മാര്‍ ഉന്നതകുലജാതരും സൈനികപരിശീലനം ലഭിച്ചവരും ആണ്. അവര്‍ പുറത്തുവരുന്നത് ഇടതുകൈയ്യില്‍ ഊരിയ വാളുമായിട്ടാണ്. ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും കാതുകളില്‍ തുള ഉണ്ടാക്കി അതില്‍ ഓല ചുരുളുകള്‍ തിരുകുന്നു. വെള്ളികൊണ്ടും സ്വര്‍ണ്ണം കൊണ്ടുമുള്ള ആഭരണങ്ങള്‍ കാതുകളില്‍ അണിയും. മുസ്ലിങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ ഒരു നായരേയും കൂടെ കൊണ്ടുപോകാറുണ്ട്. ഇതിന് അംഗരക്ഷകന്‍ എന്ന നിലയില്‍ പ്രതിഫലം നല്കുന്നു. അംഗരക്ഷകന്‍ പടുവൃദ്ധനോ ബാലനോ ആകട്ടെ, നായന്മാരുടെ ഇടയില്‍ മുസ്ലിം സുരക്ഷിതനാണ്. വഴിനടക്കുന്ന നായരെ ഹീനജാതിക്കാരാല്‍ അറിയാതെ സ്പര്‍ശിച്ചാല്‍ മതി അയിത്തമായി. ലോകത്തിലെ ഏറ്റവും നല്ല ഗുസ്തിക്കാരാണ് നായന്മാര്‍. ഇത്ര ചുറുചുറുക്കുള്ള കാലുകള്‍ മറ്റാര്‍ക്കും കാണില്ല...

ഒരുഭാര്യയും മൂന്ന് ഭര്‍ത്താക്കന്മാരും
നായന്മാര്‍ക്ക് ഒരു സമയം ഒരു ഭാര്യയേ പാടുള്ളൂ. എന്നാല്‍ സ്ത്രീയ്ക്ക് ഒരേസമയം മൂന്നുഭര്‍ത്താവ് വരെയാകാം. ബ്രാഹ്മണഭാര്യയായ നായര്‍ സ്ത്രീയ്ക്ക് ബഹുഭര്‍ത്തൃത്വം പാടില്ല. മൂന്നു ഭര്‍ത്താക്കന്മാരില്‍ ഓരോരുത്തരും ഭാര്യയ്ക്കും കുട്ടികള്‍ക്കും ചെലവിന്റെ വിഹിതം നല്കുന്നു. അവര്‍ തമ്മില്‍ യാതൊരു ഈര്‍ഷ്യയുമില്ല. ഭാര്യയുമായി രമിക്കുന്ന ഭര്‍ത്താവ് ആയുധം വാതിലില്‍ വച്ചിരിയ്ക്കും. മറ്റൊരു ഭര്‍ത്താവ് വരുമ്പോള്‍ കാണാനാണ് അങ്ങനെ ചെയ്യുന്നത്. മക്കളുടെ അവകാശപ്രശ്നം പരിഹരിക്കാന്‍ നായന്മാര്‍ സഹോദരികളുടെ മക്കളെ അവകാശികളാക്കുന്നു.

കള്ള് എടുക്കലും തീയരും
കൈത്തൊഴില്‍ ചെയ്യുന്നവരാണ് തിയര്‍. തെങ്ങില്‍ നിന്നും കള്ള് എടുക്കുകയാണ് അവരുടെ പ്രധാന തൊഴില്‍. ഇവരുടെ താഴെയുള്ള പുലയരും, മീന്‍കാരും (മുക്കുവരും) പരവന്മാരും താണ ജാതിയില്‍പ്പെട്ട അടിമകളാണെന്ന് ന്യൂഹാഫ് പറയുന്നു. കടല്‍ക്കരയില്‍ താമസിക്കുന്ന മീന്‍പിടിത്തക്കാര്‍ മത്സ്യം പിടിച്ചും, വള്ളം തുഴഞ്ഞും കൂലിവേല ചെയ്തും ജീവിക്കുന്നു. കടലില്‍ നിന്നും മുത്തുച്ചിപ്പി ശേഖരിക്കുന്നവരാണ് പരവന്മാര്‍.

മുഹമ്മദീയരും ക്രിസ്ത്യാനികളും
പരവര്‍ മുഹമ്മദിയരുടെ ശല്യം സഹിക്കാതെയാണ് റോമാസഭയില്‍ ചേര്‍ന്നതെന്നും, 1540-ല്‍ ഇന്ത്യയില്‍ വന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ആണ് അവരെ വിശ്വാസത്തിന്റെ പാതയിലേക്ക് കൊണ്ടുപോയതെന്നും ന്യൂഹാഫ് രേഖപ്പെടുത്തി. അദ്ദേഹം എത്തിയപ്പോള്‍ 2500 സത്യക്രിസ്ത്യാനികളാണ് ഉണ്ടായിരുന്നതെങ്കിലും തിരിച്ചുപോകുമ്പോള്‍ അത് 4000 ആയി വര്‍ധിച്ചതായും ന്യൂഹാഫ് പറഞ്ഞിട്ടുണ്ട്.

"മലബാറിലെ മുസ്ലിങ്ങള്‍ക്കു ധനത്തെപ്പറ്റിയല്ലാതെ മറ്റൊരു താല്പര്യവുമില്ല. അവര്‍ക്കിടയില്‍ സ്വഭാവവ്യത്യാസം മാത്രമേയുള്ളൂ. ധനിക മുസ്ലിങ്ങളും കടല്‍ക്കൊള്ളക്കാരായ മുസ്ലിങ്ങളും ഒരുപോലെ എപ്പോഴും ആയുധവുമായി മാത്രമേ സഞ്ചരിക്കുകയുള്ളൂ. വ്യാപാരികള്‍ ചുവപ്പ് തുണികൊണ്ടുള്ള തൊപ്പി തലയില്‍ ധരിക്കുന്നു. കിന്നരി പിടിപ്പിച്ച നിറമുള്ള ഒരു സില്‍ക്ക് തൂവാല കൊണ്ട് ചിലപ്പോള്‍ തല ചുറ്റിക്കെട്ടിയിരിക്കും. ഇത്തരം തുണിയെ 'മുണ്ട്' എന്ന് പറയുന്നു. താടി പകുതി വടിച്ചിരിയ്ക്കും. മീശ കാണുകയില്ല. സില്‍ക്കോ പരുത്തിയോ തുണികൊണ്ടുള്ള ഉടുപ്പ് അരയില്‍നിന്ന് താഴെ വരെ നീണ്ടുകിടക്കുന്നു. അതിനുതാഴെ മുട്ടുവരെയുള്ള പൈജാമ കാണാം. സില്‍ക്കുകൊണ്ടോ പരുത്തികൊണ്ടോ ഉള്ള ഒരു തൂവാലയില്‍ പണം പൊതിഞ്ഞുവയ്ക്കുന്നു."

പുതിയ രാജാവിന്റെ സത്യപ്രതിജഞ
കേരളത്തിലെ രാജാക്കന്മാര്‍ (നാടുവാഴികള്‍) മതപരമായ ചടങ്ങുകള്‍ക്ക് സാമൂതിരിയെയാണ് അനുകരിക്കുന്നതെന്നും സാമൂതിരിക്കു മാത്രമേ നാണയം അടിയ്ക്കാന്‍ അധികാരമുള്ളൂവെന്നുമാണ് ന്യൂഹാഫ് രേഖപ്പെടുത്തിയത്. രാജാക്കന്മാര്‍ക്ക് അവരുടെ നാട്ടില്‍ പരമാധികാരം ഉണ്ട്. രാജാക്കന്മാര്‍ വിവാഹം കഴിക്കാറില്ല. അഭിജാതകുടുംബങ്ങളില്‍ നിന്നു വെപ്പാട്ടിയെ വയ്ക്കുന്നു. അവര്‍ കൊട്ടാരത്തില്‍ രാജാവിനോടൊപ്പം താമസിക്കുമെങ്കിലും അവരില്‍ ജനിക്കുന്ന ആണ്‍മക്കള്‍ക്ക് രാജ്യാവകാശം കിട്ടില്ല. രാജാവിന്റെ സഹോദരിപുത്രന്മാര്‍ക്കാണ് രാജ്യാവകാശം ഉള്ളത്. മൂത്ത സഹോദരിയുടെ മൂത്തപുത്രന്‍ രാജാവാകും. ഒരു രാജാവ് മരിച്ചുകഴിഞ്ഞാല്‍ 13 ദിവസത്തെ ദുഃഖാചരണം ഉണ്ടാകും. അതുകഴിഞ്ഞാല്‍ പുതിയ രാജാവിനെ സത്യപ്രതിജ്ഞ ചെയ്യിപ്പിയ്ക്കും. തന്റെ മുന്‍ഗാമികള്‍ നടപ്പിലാക്കിയ നിയമങ്ങള്‍ പാലിയ്ക്കാമെന്നും, അവരുണ്ടാക്കിയ കടം തീര്‍ക്കാമെന്നും, അവരുടെ കാലത്ത് നഷ്ടപ്പെട്ട സ്ഥലങ്ങള്‍ തിരിച്ചുപിടിയ്ക്കുമെന്നുമാണ് പ്രധാന പ്രതിജ്ഞ. ഇടത്തേ കൈയ്യില്‍ ഊരിപ്പിടിച്ച വാളുമായിട്ടാണ് പ്രതിജ്ഞ ചെയ്യുന്നത്. പിന്നീട് ചടങ്ങുകള്‍ക്കുശേഷം രാജാവിന്റെ തലയില്‍ അരിവിതറുന്നു. രാജാവിനെ സൂര്യനഭിമുഖമായി നിര്‍ത്തി മന്ത്രങ്ങള്‍ ആലപിയ്ക്കും. ഇതിനുശേഷം രാജകുടുംബങ്ങളിലെ ഇളമുറക്കാരും, മാടമ്പിമാരും രാജാവിനോട് കൂറ് പ്രഖ്യാപിക്കുന്ന പ്രതിജ്ഞ ചെയ്യുന്നു.

ശിക്ഷ പലവിധം
രാജാവാണ് ശിക്ഷ വിധിക്കാനുള്ള പരമാധികാരി എന്നും അദ്ദേഹത്തിന്റെ അഭാവത്തില്‍ രാജസദസ്സിലെ പ്രമാണിമാര്‍ തീരുമാനമെടുക്കുമെന്നും ന്യൂഹാഫ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് രാജാവുതന്നെ തീരുമാനമെടുക്കണം. തടവ്, കൈകാല്‍ വെട്ടല്‍ തുടങ്ങിയവയാണ് സാധാരണ ശിക്ഷകള്‍ . രാജകൊട്ടാരത്തോടനുബന്ധിച്ചല്ലാതെ പ്രത്യേക ജയില്‍ ഇല്ല. തിളച്ച എണ്ണയില്‍ കൈമുക്കുക, ചുട്ടുപഴുത്ത ഇരുമ്പുകമ്പിയില്‍ പിടിപ്പിക്കുക, മുതലകള്‍ ധാരാളം ഉള്ള ജലാശയം നീന്തിക്കടത്തുക എന്നിവയാണ് കുറ്റം തെളിയിയ്ക്കാനുള്ള രീതികള്‍.

സതി അനുഷ്ഠിക്കല്‍ അന്നും
ബ്രാഹ്മണന്‍ മരിക്കുമ്പോള്‍ അയാളുടെ ഭാര്യ ഭര്‍ത്താവിന്റെ ചിതയില്‍ ചാടി മരിക്കുന്ന (സതി) പതിവ് അന്നും ഉണ്ടായിരുന്നതായി ന്യൂഹാഫിന്റെ വിവരണത്തില്‍ നിന്നും മനസ്സിലാക്കാം. സ്ത്രീയുടെ വിലാപം പുറത്തറിയാതിരിയ്ക്കാന്‍ ഉച്ചത്തില്‍ വാദ്യഘോഷങ്ങളുണ്ടാകും. ചിലപ്പോള്‍ ഭര്‍ത്താവിനോടൊപ്പം മരിക്കാതിരിയ്ക്കാന്‍ ഭാര്യയെ അനുവദിക്കാറുണ്ട്. എന്നാല്‍ തല മൊട്ടയടിച്ച് ജീവിതകാലം മുഴുവന്‍ മറ്റുള്ളവരില്‍ നിന്നും അകന്ന് അവര്‍ക്ക് ജീവിക്കേണ്ടിവരുമെന്നും ന്യൂഹാഫ് എഴുതിയിട്ടുണ്ട്.

വധുവരന്മാര്‍ ആനപ്പുറത്ത്
വിവാഹത്തിനുശേഷം വധുവരന്മാരെ അലങ്കരിച്ച ആനപ്പുറത്തുകയറ്റി നഗരം ചുറ്റുന്ന പതിവ് അന്നുണ്ടായിരുന്നതായി ന്യൂഹാഫിന്റെ വിവരണത്തില്‍ നിന്നും മനസ്സിലാക്കാം. വഴിമധ്യേ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും വീട്ടുമുറ്റത്ത് ഘോഷയാത്ര നില്‍ക്കും അവിടെ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യും. തേങ്ങയാണ് എല്ലാവര്‍ക്കും സമ്മാനമായി നല്കുന്നത്.

ഭാഷ, പുതുവര്‍ഷം
സെപ്തംബര്‍ (കന്നി) മാസത്തിലാണ് മലബാറില്‍ പുതുവര്‍ഷം ആരംഭിക്കുന്നതെന്ന് ന്യൂഹാഫ് പറയുന്നു. എന്നാല്‍ കന്നിയില്‍ പുതുവര്‍ഷം ആരംഭിക്കുന്നത് ഉത്തരകേരളത്തില്‍ മാത്രമായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. കന്നി ഒന്നിന് പുതുവര്‍ഷം ആചരിക്കുന്ന ദിനം കുട്ടികളെ കണ്ണുകെട്ടി വിഗ്രഹത്തിന്റെ മുമ്പില്‍ എത്തി കണ്ണ് അഴിക്കുന്നുവെന്നും ന്യൂഹാഫ് പറയുന്നതിലും പിശക് ഉണ്ട്. കാരണം കേരളത്തില്‍ മേടം ഒന്നിന് വിഷുദിവസം ആണ് ഈ ആചാരം നടക്കുന്നത്.

'മലയാണ്‍മ' അല്ലെങ്കില്‍ 'മലയാളം' ആണ് മലബാറിലെ ഭാഷ. കടലാസ് ഇല്ലാത്തതിനാല്‍ പനയോലയിലാണ് അവര്‍ എഴുതുന്നതെന്നും ഇരുമ്പുകൊണ്ടുള്ള പെന്‍സില്‍ (നാരായം) ആണ് ഉപയോഗിക്കുന്നത് എന്നും മതപരമായ ചടങ്ങുകളും പുരാതനചരിത്രങ്ങളും ഓലയില്‍ എഴുതുന്നുവെന്നും ന്യൂഹാഫ് പറയുന്നു. ഓലകള്‍ ഒരേ രൂപത്തില്‍ വെട്ടി ഒരു ചരടില്‍ കോര്‍ത്ത് ആണ് ഇതിനുപയോഗിക്കുന്നത്. യൂറോപ്പിലെ ഏത് എഴുത്തുകാരനേയും അതിശയിപ്പിക്കുന്ന വിധത്തിലാണ് പനയോലയില്‍ എഴുതുന്നത്. ജസ്യൂട്ട് പാതിരിമാരാണ് ഈ ഭാഷയെ തങ്ങള്‍ക്ക് പരിചയപ്പെടുത്തി തന്നതെന്നും ന്യൂഹാഫ് പറഞ്ഞിട്ടുണ്ട്.

പ്രജകള്‍ക്ക് രാജാവിന്റെ സമ്മാനം
ന്യൂഹാഫിന്റെ വിവരണം അനുസരിച്ച് നായന്മാര്‍ എന്നും ക്ഷേത്രദര്‍ശനം നടത്തും. നാടുനീളെ ക്ഷേത്രങ്ങള്‍ കാണും. ചില വിശേഷദിവസം സദ്യ ഉണ്ടാകും. ക്ഷേത്രത്തിലെത്തുന്ന രാജാവ് സ്വര്‍ണം, വെള്ളി നാണയങ്ങള്‍ വെറ്റില, പാക്ക് എന്നിവയോടൊപ്പം പ്രജകള്‍ക്ക് എറിഞ്ഞുകൊടുക്കുന്നു.

മലബാറിലെ രാജാക്കന്മാരും, നായന്മാരും ബ്രാഹ്മണരും, ദുര്‍ദേവതകളായി സര്‍പ്പങ്ങളെ ആരാധിക്കുന്നു. മനുഷ്യന്റെ പാപത്തിന് ശിക്ഷയായിട്ടാണ് ദൈവം ദുര്‍ദേവതകളെ ഭൂമിയിലേയ്ക്ക് അയയ്ക്കുന്നുവെന്നാണ് വിശ്വാസം.

മലബാറിലെ വൃക്ഷസമ്പത്ത്
മലബാറിലെ സസ്യവൃക്ഷസമ്പത്തിനെപ്പറ്റി ഒരുപക്ഷെ ആദ്യമായി മനസ്സിലാക്കിയ ഡച്ചുകാരന്‍ ന്യൂഹാഫ് ആയിരിക്കും. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇവിടത്തെ വൃക്ഷങ്ങളുടേയും സസ്യലതാദികളുടേയും ഔഷധങ്ങളെപ്പറ്റി ന്യൂഹാഫ് രേഖപ്പെടുത്തിയിട്ടുണ്ട്.

കറുവാ മരത്തില്‍ നിന്നും കര്‍പ്പൂരം (Campher) ഉണ്ടാക്കുന്ന വിധം ഇതില്‍ നിന്നും പലതരം രോഗങ്ങള്‍ ചികിത്സിക്കുന്ന രീതി, ഔഷധഗുണമുള്ള കച്ചോലം, ഓറഞ്ച് മരത്തിനു സാദൃശ്യമുള്ള 'കടുകപ്പാല' യൂറോപ്പിലെ ആപ്പിള്‍ മരത്തോട് സാദൃശ്യമുള്ള ജംബു അഥവാ ചാമ്പ (Jambos), കുടംപുളി, കറ്റാര്‍വാഴ, കുമ്പിള്‍മരം, പാലമരം, അമ്പഴം, അഗസ്തി (അകത്തി), കൊട്ടം, കൊഴിഞ്ഞില്‍ , ആല്‍മരം, പരുത്തി, ചുവന്ന മന്ദാരം, ഒതളം, മരോട്ടി, നെല്ലിമരം, കാഞ്ഞിരം, ചെമ്പകം, മഞ്ഞപ്പൂമരം അഥവാ പവിഴമല്ലി, ഇലഞ്ഞി, തെങ്ങ് എന്നിവയെപ്പറ്റിയും വിശദമായ വിവരണമാണ് ന്യൂഹാഫ് നല്കുന്നത്.
top