ഐക്യ കേരളം വരെ കേരള രാഷ്ട്രീയം

തിരുകൊച്ചി സംസ്ഥാനം കൊണ്ട് മലയാളികള്‍ തൃപ്തരായില്ല. മലയാളം സംസാരിക്കുന്ന മറ്റ് ഭൂവിഭാഗങ്ങളെ ഉള്‍പ്പെടുത്തി ഐക്യകേരളം രൂപീകരിക്കണമെന്ന് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കാനുള്ള കമ്മീഷനു മുമ്പാകെ നിവേദനങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. സയ്യദ് ഹസ്സന്‍ അലി ചെയര്‍മാനും പണ്ഡിറ്റ് ഹൃദയനാഥ കുല്‍സ്രു, സര്‍ദാര്‍ കെ.എം. പണിക്കര്‍ അംഗങ്ങളായുമുള്ള കമ്മിഷന്‍ ഐക്യകേരളത്തിന് പച്ചക്കൊടി കാട്ടി. കമ്മിഷന്റെ ശുപാര്‍ശ പ്രകാരം മലബാര്‍ ജില്ലയും തെക്കന്‍ കാനറയിലെ കാസര്‍കോടും തിരുകൊച്ചിയോട് ചേര്‍ത്തു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരണത്തിനുമുമ്പ്
മലബാറില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സും കൊച്ചി പ്രജാമണ്ഡലവും
കൊച്ചിയിലെ രാഷ്ട്രീയസ്ഥിതിയും പ്രജാമണ്ഡലവും
മലബാര്‍ രാഷ്ട്രീയം
"തിരുകൊച്ചി" സംസ്ഥാനം രൂപംകൊള്ളുന്നു
ഐക്യകേരളം യാഥാര്‍ഥ്യമാകുന്നു


എ.കെ.ജി
സഹോദരൻ അയ്യപ്പൻ
സര്‍. സി.പി. രാമസ്വാമി അയ്യര്‍
ജി.പി. പിള്ള
(ബാരിസ്റ്റര്‍ ജി.പി. പിള്ള)
സി കേശവൻ
A.J. ജോൺ
ടി.കെ. നാരായണ പിള്ള
ആർ ശങ്കർ
പട്ടം എ താണു പിള്ള
പറമ്പി ലോനപ്പൻ
കെ എം ജോർജ്
കെ.പി. കേശവമേനോന്‍
പനമ്പിള്ളി ഗോവിന്ദമേനോൻ

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരണത്തിനുമുമ്പ്

ബ്രിട്ടീഷുകാര്‍ നേരിട്ട് ഭരിച്ച മലബാറിലും രാജാക്കന്മാര്‍ ഭരിച്ചിരുന്ന തിരുവിതാംകൂറിലും കൊച്ചിയിലും ഇന്ത്യയിലെ ദേശീയ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപംകൊള്ളുന്നതിനു എത്രയോ മുമ്പ് സമരങ്ങളും പ്രക്ഷോഭങ്ങളും ശക്തമായിരുന്നു. ഇതില്‍ എടുത്തുപറയാവുന്ന ആദ്യസംഭവം തിരുവിതാംകൂറില്‍ തലക്കുളത്ത് കാര്യക്കാരന്‍ വേലുത്തമ്പി നടത്തിയ ജനകീയ പ്രക്ഷോഭമാണ്. ബാലരാമവര്‍മ്മ മഹാരാജാവ് (1798-1810) കാലത്ത് ജയന്തല്‍ ശങ്കരന്‍ നമ്പൂതിരി, ശങ്കരന്‍ ചെട്ടി, മാത്തു തരകന്‍ എന്നിവരുടെ ഉപജാപഭരണത്തിനും അമിതമായ നികുതിവര്‍ദ്ധനവിനും അഴിമതിക്കും എതിരെ സഹികെട്ട ജനം തലക്കുളത്ത് കാര്യക്കാരന്‍ വേലുത്തമ്പിയുടെ നേതൃത്വത്തില്‍ സംഘടിച്ച് പ്രതിഷേധവുമായി തിരുവനന്തപുരത്ത് എത്തി. ഈ സമരം ഫലം കണ്ടു. അഴിമതിക്കാരെ മഹാരാജാവ് പിരിച്ചുവിട്ടു. വേലുത്തമ്പി ഭരണാധികാരിയായി. അവസാനം അദ്ദേഹം ദളവ (പ്രധാനമന്ത്രി) വരെയായി. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ധാര്‍ഷ്ട്യത്തിന് എതിരെ വേലുത്തമ്പി ദളവയും കൊച്ചിയിലെ പ്രധാനമന്ത്രി പാലിയത്തച്ചനും രംഗത്തിറങ്ങിയതാണ് അടുത്ത സംഭവം. 1809 ജനുവരി 19ന് ഇവരുടെ സംയുക്ത സൈന്യം കൊച്ചിയിലെ റസിഡന്റ് കേണല്‍ മെക്കാളെയുടെ ഔദ്യോഗിക വസതി ആക്രമിച്ചു. പക്ഷേ, റസിഡന്റ് രക്ഷപ്പെട്ടു. ഇംഗ്ലീഷുകാര്‍ അതിവേഗം കലാപം അടിച്ചമര്‍ത്തി. പാലിയത്തച്ചനെ നാടുകടത്തി. വേലുത്തമ്പി മണ്ണടിക്ഷേത്രത്തില്‍വച്ച് ആത്മഹത്യ ചെയ്തു. അതിനുമുമ്പ് അദ്ദേഹം 1809 ജനുവരി 11ന് ഇംഗ്ലീഷുകാര്‍ക്ക് എതിരെ നടത്തിയ "കുണ്ടറ വിളംബരം" ചരിത്രപ്രസിദ്ധമാണ്. ഈ സംഭവത്തിനുശേഷം തിരുവിതാംകൂറിലേയും കൊച്ചിയിലേയും ഭരണത്തില്‍ ഇംഗ്ലീഷുകാര്‍ പിടിമുറുക്കി. ഫലത്തില്‍ മലബാറില്‍ നേരിട്ടും, തിരുവിതാംകൂറിനേയും കൊച്ചിയേയും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി റസിഡന്‍റുമാര്‍ വഴി ഭരിച്ചു. രണ്ടുസ്ഥലത്തും സിംഹാസനത്തില്‍ രാജാക്കന്മാര്‍ ഉണ്ടായിരുന്നുവെങ്കിലും കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് റസിഡന്‍റുമാര്‍ ആയിരുന്നു.

കൊച്ചിയിലെ 1834 ദിവാന്‍ എടമന ശങ്കരമേനോന്റേയും അഴിമതി ഭരണത്തിന് എതിരെ ജനങ്ങള്‍ സംഘടിച്ച് മദിരാശി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. ഒടുവില്‍ മേനോനെ ഉദ്യോഗത്തില്‍ നിന്നും പിരിച്ചുവിടുകയും വിചാരണയ്ക്കുശേഷം അഞ്ചുവര്‍ഷത്തെ തടവിന് വിധിക്കുകയും ചെയ്തു. ദിവാന്‍ വെങ്കിട്ടറാവു (1856-1860)വിന് എതിരായും ജനരോഷം ഉയര്‍ന്നു. അദ്ദേഹത്തിനും നിര്‍ബന്ധിത പെന്‍ഷന്‍ നല്‍കി പിരിച്ചുവിട്ടു.

കേരളത്തിലെ ആദ്യത്തെ ജനകീയ വിപ്ലവം എന്നുവിശേഷിപ്പിക്കാവുന്നത് "മലയാളി മെമ്മോറിയല്‍" ആണ്. വിദ്യാസമ്പന്നരായ മലയാളികളെ തഴഞ്ഞ് പരദേശി ബ്രാഹ്മണരെ മാത്രം തിരുവിതാംകൂര്‍ രാജകീയ സര്‍വീസില്‍ നിയമിക്കുന്നതിനെതിരെ 1891 ജനുവരിയില്‍ നാനാജാതിമതസ്ഥരായ പതിനായിരം പേര്‍ ഒപ്പിട്ട് ശ്രീമൂലം തിരുനാളിന് നല്‍കിയ നിവേദനമാണ് മലയാളി മെമ്മോറിയല്‍. 1896 സെപ്റ്റംബര്‍ മൂന്നിന് ഡോ. പല്പുവിന്റെ നേതൃത്വത്തില്‍ 13176 പേര്‍ ഒപ്പിട്ട മറ്റൊരു മെമ്മോറിയലും മഹാരാജാവിന് സമര്‍പ്പിച്ചു. ഇതെല്ലാം കേരള സാമൂഹ്യരാഷ്ട്രീയാന്തരീക്ഷത്തില്‍ ദൂരവ്യാപകമായ ചലനങ്ങള്‍ സൃഷ്ടിച്ചു.


മലബാറില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

1885ല്‍ ബോംബേയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപംകൊണ്ടപ്പോള്‍ അതിലെ ആദ്യകാല നേതാക്കളായും പ്രവര്‍ത്തകരായും സര്‍. സി. ശങ്കരന്‍നായര്‍, ജി.പി. പിള്ള (ബാരിസ്റ്റര്‍ ജി.പി. പിള്ള), പി. രൈരുനമ്പ്യാര്‍, സി. കുഞ്ഞിരാമമേനോന്‍, മന്നത്ത് കൃഷ്ണന്‍നായര്‍, ഡോ. ടി.എം. നായര്‍, എസ്.കെ. നായര്‍, സി. കരുണാകര മേനോന്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. ഇതില്‍ ഒറ്റപ്പാലം സ്വദേശിയായ സര്‍. സി. ശങ്കരന്‍ നായരാണ് 1897ല്‍ അമരാവതി കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനായത്.

ഇതിനിടയില്‍ വടക്കേ ഇന്ത്യയില്‍ ആരംഭിച്ച ഭീകരപ്രസ്ഥാനങ്ങളുടെ സ്വാധീനം കേരളത്തിലുമുണ്ടായി. അതില്‍ ആകൃഷ്ടനായ ഒരാളായിരുന്നു പുനലൂരില്‍ വനംവകുപ്പില്‍ ജോലി ചെയ്തിരുന്ന വാഞ്ചി അയ്യര്‍ എന്ന യുവാവ്. തിരുനെല്‍വേലി കളക്ടറെ വെടിവച്ചുകൊന്നശേഷം വാഞ്ചി അയ്യര്‍ 1911ല്‍ ആത്മഹത്യ ചെയ്തു. 1908ല്‍ തിരുവനന്തപുരത്തുനിന്നും ഉപരിപഠനത്തിന് യൂറോപ്പിലേക്ക് പോയ ചെമ്പകരാമന്‍ പിള്ള (1891-1934) ബര്‍ലിനില്‍ സ്ഥിരതാമസമാക്കി. അവിടെ ഇന്ത്യക്കാരുടെ വിപ്ലവസംഘടന (ഇന്‍റര്‍നാഷണല്‍ പ്രോഇന്ത്യ കമ്മിറ്റി) രൂപീകരിച്ചു. ഒന്നാംലോക മഹായുദ്ധകാലത്ത് ജര്‍മ്മന്‍ നാവികക്കപ്പലായ "എംഡന്‍"ല്‍ അദ്ദേഹം ഇന്ത്യയിലെ ബ്രിട്ടീഷ് പ്രദേശങ്ങള്‍ ആക്രമിച്ചു. 1910ല്‍ ശ്രീമൂലം തിരുനാളിന്റെ വിളംബരത്തെ തുടര്‍ന്ന് നാടുകടത്തിയ സ്വദേശാഭിമാനി പത്രാധിപര്‍ അവസാനം എഴുതിയത് മലബാറിലാണ്. ഗാന്ധിജിയും കാറല്‍ മാര്‍ക്സിനേയും കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍ ദേശീയബോധത്തിന്റെ ചാലകശക്തിയായി മാറി. മലബാറിനെപ്പോലെ തിരുവിതാംകൂറില്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം ശക്തമായിരുന്നില്ല. അതേസമയം പൗരാവകാശ പ്രക്ഷോഭങ്ങളും, നവോത്ഥാനപ്രസ്ഥാനങ്ങളും തിരുവിതാംകൂറില്‍ ശക്തിപ്പെട്ടുകൊണ്ടിരുന്നു.

കെ.പി. കേശവമേനോന്‍ ഇംഗ്ലണ്ടില്‍ നിന്നും ബാരിസ്റ്റര്‍ പഠനത്തിനുശേഷം കോഴിക്കോട് എത്തിയതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനം മലബാറില്‍ ശക്തമായത്. ഇതിനിടയില്‍ മലബാറില്‍ രൂപംകൊണ്ട ഹോംറൂളിന്റെ ശാഖയും കോണ്‍ഗ്രസും ഒന്നിച്ചാണ് പ്രവര്‍ത്തിച്ചത്. ആനിബസന്‍റ്, സര്‍. സി.പി. രാമസ്വാമി അയ്യര്‍ തുടങ്ങിയവര്‍ ഹോംറൂള്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ മലബാറിലെത്തിക്കൊണ്ടിരുന്നു. മഞ്ചേരി രാമയ്യര്‍ ഇതിലെ സജീവപ്രവര്‍ത്തകനായിരുന്നു. ഒന്നാം മലബാര്‍ ജില്ലാ സമ്മേളനം 1916ല്‍ നടന്നത് മലബാറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന് ഉണര്‍വ് നല്‍കി. ഒന്നാംലോകമഹായുദ്ധകാലത്ത് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന സംഭവം മലബാറിലെ കോണ്‍ഗ്രസ്സിന് പുതിയ ആവേശം നല്‍കി. യുദ്ധഫണ്ട് പിരിക്കുന്നതിന് ആലോചിക്കാന്‍ കളക്ടര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ കെ.പി. കേശവമനോനെ മലാളത്തില്‍ പ്രസംഗിക്കാന്‍ ഇംഗ്ലീഷുകാരനായ കളക്ടര്‍ അനുവദിച്ചില്ല. ഇതോടെ കെ.പി. കേശവമേനോനും കോണ്‍ഗ്രസ്സുകാരും യോഗം ബഹിഷ്കരിച്ചു. "ഖിലാഫത്ത്" പ്രസ്ഥാനത്തിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഗാന്ധിയും പിന്തുണ നല്‍ഖിയത് മലബാറിലെ മുസ്ലീങ്ങള്‍ക്കിടയില്‍ പുതിയ ആവേശം സൃഷ്ടിച്ചു. ഖിലാഫത്ത് പ്രചരണാര്‍ഥമാണ് ഗാന്ധിജി 1920ല്‍ ആദ്യമായി കേരളം സന്ദര്‍ശിച്ചത്. കോഴിക്കോട്ടായിരുന്നു രണ്ടുദിവസത്തെ സന്ദര്‍ശനം. എന്നാല്‍ മതത്തിന്റെ പേരില്‍ ഹിന്ദുക്കളേയും മുസ്ലീങ്ങളേയും തമ്മില്‍ അകറ്റാന്‍ മലബാര്‍ ഭരണകൂടത്തിന് കഴിഞ്ഞു. അതിന്റെ ഫലമായി മുസ്ലീങ്ങളുടെ ഇടയില്‍ തീവ്രവാദം ഉടലെടുത്തു. ഹിന്ദുക്കളും മുസ്ലീങ്ങളും വിരോധികളായി. ഇത് പിന്നീട് മലബാര്‍ കലാപമായി മാറി. കലാപത്തെ അടിച്ചമര്‍ത്താനെന്ന പേരില്‍ പോലീസ് ക്രൂരമായ മര്‍ദ്ദനവും അഴിച്ചുവിട്ടു. നിരവധിപേര്‍ മരിച്ചു. ഈ കലാപത്തിലെ കറുത്ത അധ്യായമാണ് വാഗണ്‍ ട്രാജഡി. അടച്ചുപൂട്ടിയ റെയില്‍വേ വാഗണില്‍ കൊണ്ടുപോയ തടവുകാരായ മാപ്പിളമാരില്‍ അറുപത്തിനാലുപേര്‍ ശ്വാസംമുട്ടി മരിച്ചു. മലബാര്‍ കലാപം കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനത്തെ അല്പകാലത്തേക്ക് ക്ഷീണിപ്പിച്ചു. മലബാര്‍ കലാപം നടക്കുമ്പോള്‍ തിരുവിതാംകൂറില്‍ ഫീസ് വര്‍ധനവിനെതിരെ രൂക്ഷമായ വിദ്യാര്‍ഥി സമരം നടക്കുകയായിരുന്നു. ശ്രീമൂലം തിരുനാള്‍ ആണ് അന്ന് മഹാരാജാവ്. ഇതിനിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിനായി 1923 മാര്‍ച്ച് 18ന് "മാതൃഭൂമി" പത്രം ആരംഭിച്ചു. ഇത് ദേശീയ പ്രസ്ഥാനത്തിന്റെ പ്രചരണവേദിയായി മാറി.

തിരുവിതാംകൂറില്‍ 1919ല്‍ രൂപംകൊണ്ട "പൗരാവകാശ ലീഗ്" ലാന്‍ഡ് റവന്യൂ വകുപ്പില്‍ അവര്‍ണരായ ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, മുസ്ലീങ്ങള്‍ തുടങ്ങിയവര്‍ക്ക് നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ടു. ലീഗിന്റെ നേതൃത്വത്തില്‍ രാജകീയസര്‍ക്കാരിന് നിവേദനം നല്‍കി. ഇതേത്തുടര്‍ന്ന് വകുപ്പ് റവന്യൂ, ദേവസ്വം എന്നിങ്ങനെ രണ്ടായി വിഭജിച്ചു.

ദേശീയപ്രസ്ഥാനത്തിന് കരുത്ത് നല്‍കിയ പ്രധാന ചാലകശക്തി കേരളത്തിലാരംഭിച്ച സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങളും, സമുദായ സംഘടനകളും ആയിരുന്നു. ഹിന്ദുസമുദായത്തില്‍ നിലനിന്നിരുന്ന തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കും എതിരെയുള്ള പ്രതിഷേധം ശക്തമായി. ഒരുഭാഗം ആളുകള്‍ക്ക് ക്ഷേത്രത്തിലല്ല, ക്ഷേത്രവഴിയില്‍ക്കൂടി പോലും സഞ്ചരിക്കാന്‍ അനുവാദമില്ലായിരുന്നു. ഇതിനെതിരെ കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റേയും ഗാന്ധിജിയുടേയും അനുഗ്രഹാശംസകളോടെ ആദ്യം തുടങ്ങിയ സമരമാണ് വൈക്കം സത്യാഗ്രഹം (1924-1926). 1928ല്‍ തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രനിരത്തുകളും സമസ്ത ഹിന്ദുക്കള്‍ക്കും തുറന്നുകൊടുക്കണമെന്ന ആവശ്യത്തിന് ശക്തികൂടി. ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് (1931-1948) ആയതോടെ ഇതേപ്പറ്റി പഠിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. മഹാരാജാവിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായ സര്‍ സി.പി. രാമസ്വാമി അയ്യര്‍ ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപനത്തിനുവേണ്ടിയുള്ള കളമൊരുക്കി. 1936ല്‍ അദ്ദേഹം ദിവാനായി. അതോടെ ക്ഷേത്രപ്രവേശനവിളംബരത്തിന് കളമൊരുങ്ങി. അതിനുവേണ്ടി രാജകുടുംബം പൂര്‍ണമായ സമ്മതം പ്രകടിപ്പിച്ചു. സമുദായസംഘടനകളിലും പുരോഹിതരില്‍ നിന്നും ഉണ്ടായ എതിര്‍പ്പുകളെല്ലാം തന്ത്രപൂര്‍വം സി.പി. തരണംചെയ്തു. 1936 നവംബര്‍ 12ന് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് ക്ഷേത്രപ്രവേശനവിളംബരം നടത്തി. ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട രാജവിളംബരമായിരുന്നു അത്. ഈ സമയം കൊച്ചിയും മലബാറും സമസ്ത ഹിന്ദുക്കള്‍ക്കും ക്ഷേത്രം തുറന്നുകൊടുക്കുന്ന നടപടിയില്‍ നിന്നും മുഖംതിരിച്ചു നില്‍ക്കുകയായിരുന്നു.

തിരുവിതാംകൂര്‍ സാമൂഹ്യപരിഷ്കരണങ്ങളിലൂടെ മുന്നേറിയപ്പോള്‍ കൊച്ചിയിലും മലബാറിലും കോണ്‍ഗ്രസ് പ്രവര്‍ത്തനം ശക്തിപ്പെടുകയായിരുന്നു. ദേശീയതലത്തില്‍ നടന്ന സമരങ്ങളെല്ലാം മലബാറില്‍ പ്രതിഫലിച്ചു. 1921 മലബാര്‍ കലാപത്തിനുശേഷം മന്ദീഭവിച്ച മലബാറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനം 1927 മുതല്‍ ശക്തമായിക്കൊണ്ടിരുന്നു. 1928ല്‍ പയ്യന്നൂരില്‍ നടന്ന അഖില്യോ രാഷ്ട്രീയ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു. ഈ യോഗത്തില്‍വച്ചാണ് കോണ്‍ഗ്രസ് അഖില്യോ സമ്മേളനം "പൂര്‍ണ സ്വരാജ്" ആണ് ഇന്ത്യയ്ക്ക് ആവശ്യമെന്ന് പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്. 1930 മാര്‍ച്ചിലെ ഉപ്പുസത്യാഗ്രഹം, 1931ല്‍ ലണ്ടനിലെ വട്ടമേശ സമ്മേളനത്തിന്റെ പരാജയത്തെത്തുടര്‍ന്ന് ഗാന്ധിജി ഉള്‍പ്പെടെയുള്ള നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്ന് ആരംഭിച്ച നിയമലംഘനപ്രസ്ഥാനം, വിദേശവസ്ത്രബഹിഷ്കരണം തുടങ്ങിയവ മലബാറിനെ ഇളക്കിമറിച്ചു. ഉപ്പുസത്യാഗ്രഹത്തോടനുബന്ധിച്ചുള്ള സമരങ്ങളില്‍ തിരുവിതാംകൂറുകാരും, കൊച്ചിക്കാരും മലബാറില്‍ പോയി സമരം നടത്താനായിരുന്നു അഖില്യോ കോണ്‍ഗ്രസ്സിന്റെ തീരുമാനം.

1934ല്‍ മലബാറിലെ കോണ്‍ഗ്രസില്‍ ഇടതുപക്ഷം, വലതുപക്ഷം എന്നിങ്ങനെ രണ്ടുചേരികളുണ്ടായി. ഇതില്‍ ഇടതുപക്ഷ ചേരി ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കേരളഘടകമായി. ഈ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍പ്പെട്ടവരാണ് 1939ല്‍ മലബാറില്‍ കമ്യൂണിസ്റ്റുകാരായി മാറിയത്. 1917 മുതല്‍ വടക്കേ മലബാറിന്റെ ചില ഭാഗങ്ങളില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഡാക്കയില്‍ ആരംഭിച്ച മുസ്ലീം ലീഗിന്റെ ശാഖകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ക്രമേണ ലീഗ് വളര്‍ന്നുകൊണ്ടിരുന്നു. 1937ല്‍ മലബാറില്‍ മുസ്ലീം ലീഗിന്റെ അധ്യക്ഷനായി കണ്ണൂര്‍ ആലി രാജാവ് അബ്ദുര്‍റഹിമാനെ തെരഞ്ഞെടുത്തു.

കൊച്ചിയില്‍ മലബാറിനെപ്പോലെ അല്ലെങ്കിലും 1919 മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 1933 കൊടുങ്ങല്ലൂരിലെ കൃഷിക്കാരും തൊഴിലാളികളും കടത്തില്‍ നിന്നും മോചനം ലഭിക്കാന്‍ നടത്തിയ പ്രക്ഷോഭണം, 1936ല്‍ തൃശൂര്‍ നഗരത്തിലെ വൈദ്യുതിവിതരണം സ്വകാര്യകമ്പനിക്ക് നല്‍കുന്നതിനെതിരെയുള്ള സമരം തുടങ്ങിയവ അവിടെ നടന്നു.


തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സും കൊച്ചി പ്രജാമണ്ഡലവും

സ്വാതന്ത്ര്യസമരം വരെ കൊച്ചി രാഷ്ട്രീയത്തെ നയിച്ചത് "കൊച്ചി പ്രജാമണ്ഡല"വും തിരുവിതാംകൂറിനെ "തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്" എന്നീ പാര്‍ട്ടികളാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 1938 ഹരിപുര (ഗുജറാത്ത്) സമ്മേളനമാണ് രാജാക്കന്മാര്‍ ഭരിക്കുന്ന നാട്ടുരാജ്യങ്ങളില്‍ ഉത്തരവാദിത്വഭരണം ആവശ്യപ്പെടാന്‍ പ്രത്യേക പാര്‍ട്ടി രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ നിയമസഭയും, അതില്‍ നിന്നും മന്ത്രിസഭയും, ദിവാനുപകരം ജനകീയ പ്രധാനമന്ത്രി, പരിമിതമായ അധികാരമുള്ള രാജാവ് ഇതൊക്കെ ആയിരുന്നു ഉത്തരവാദിത്വഭരണത്തിന്റെ ആദ്യകാലത്തെ പ്രധാനലക്ഷ്യങ്ങള്‍. ഇതേത്തുടര്‍ന്ന് 1938 ഫെബ്രുവരി 23ന് തിരുവനന്തപുരത്ത് പുളിമൂട്ടിലുള്ള രാഷ്ട്രീയ ഹോട്ടലില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് ജന്മമെടുത്തു. സി.വി. കുഞ്ഞുരാമന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പട്ടംതാണുപിള്ള, പി.എസ്. നടരാജപിള്ള, ആനിമസ്ക്രീന്‍, ടി.എം. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രഗല്‍ഭനായ ഭരണാധികാരിയും തിരുവിതാംകൂറിനെ നാനാമേഖലയിലും പൂരോഗതിക്ക് നയിച്ച ദിവാനായിരുന്നു സര്‍ സി.പി. രാമസ്വാമി അയ്യര്‍. ഒരുകാലത്ത് കോണ്‍ഗ്രസ് അഖില്യോ നേതാവ്, പിന്നീട് ഹോംറൂള്‍ പ്രസ്ഥാനനേതാവ് എന്നീ നിലയില്‍ ഇന്ത്യയ്ക്ക് അദ്ദേഹത്തെ അറിയാമായിരുന്നു. എന്നാല്‍ അദ്ദേഹം ക്രമേണ ബ്രിട്ടീഷ് പക്ഷത്തായതോടെ കോണ്‍ഗ്രസ്സിന്റെ ബദ്ധവിരോധിയായി. ഭരണപരിഷ്കാരങ്ങള്‍ പോലെ കുതന്ത്രങ്ങള്‍ മെനയാനും നടപ്പിലാക്കാനും അദ്ദേഹം വിദഗ്ധനായിരുന്നു. അദ്ദേഹം ഒരു ഏകാധിപതിയെപ്പോലെയാണ് തിരുവിതാംകൂര്‍ ദിവാനായി പ്രവര്‍ത്തിച്ചത്. തന്റെ വാക്കുകള്‍ക്ക് എതിരെ ശബ്ദിക്കുന്നവരെ സി.പി. ശത്രുവായി കണ്ടു. നിയമസഭയും, ജുഡീഷറിയും, ഭരണരംഗവുമെല്ലാം അദ്ദേഹം നിയന്ത്രിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ജനനം അദ്ദേഹത്തെ അലോസരപ്പെടുത്തി. അതിനെ തകര്‍ക്കാന്‍ സി.പി. ശ്രമം തുടങ്ങി. പക്ഷേ ഓരോ ദിവസം കഴിയുന്തോറും സ്റ്റേറ്റ് കോണ്‍ഗ്രസ് ശക്തിപ്പെട്ടുകൊണ്ടിരുന്നു. തൈക്കാട് മൈതാനത്തിനു സമീത്തുള്ള ജോണ്‍ ഫിലിപ്പോസിന്റെ വീട്ടില്‍ക്കൂടിയ വിപുലമായ സ്റ്റേറ്റ് കോണ്‍ഗ്രസ് യോഗം പട്ടംതാണുപിള്ള, ടി.എം. വര്‍ഗീസ്, കെ.ടി. തോമസ്, വി. അച്ചുതമേനോന്‍, ഇ. ജോണ്‍ ഫിലിപ്പോസ്, പി.കെ. കുഞ്ഞ്, പി.എസ്. നടരാജപിള്ള, ഇ.ജെ. ജോണ്‍, എ. നാരായണപിള്ള, സി. കേശവന്‍, എം.ആര്‍. മാധവവാര്യര്‍ എന്നിവരടങ്ങിയ പ്രവര്‍ത്തകസമിതി രൂപീകരിച്ചു. പിന്നീട് പട്ടംതാണുപിള്ളയെ പ്രസിഡന്‍റായും, കെ.ടി. തോമസ്, പി.എസ്. നടരാജപിള്ള എന്നിവരെ സെക്രട്ടറിമാരായും, പി.എന്‍. കൃഷ്ണപിള്ള, സി. നാരായണപിള്ള, കെ. സുകുമാരന്‍, ബോധേശ്വരന്‍, ആനി മസ്ക്രീന്‍ എന്നിവരെ പ്രചരണസമിതി അംഗങ്ങളായും നിശ്ചയിച്ചു. സ്റ്റേറ്റ് കോണ്‍ഗ്രസ് വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം മഹാരാജാവിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചതോടെ ദിവാന്‍ സര്‍. സി.പി.യുടെ കണ്ണ് ചുവന്നു. പിന്നീട് അങ്ങോട്ട് സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ മര്‍ദ്ദനത്തിന്റേയും നേതാക്കളുടെ കൂട്ട അറസ്റ്റിന്റെയും വെടിവയ്പിന്റെയും ദിനങ്ങളായിരുന്നു. അഞ്ചുരൂപ പോലീസും ഗുണ്ടകളും സിംഷണ്‍പടയും കോണ്‍ഗ്രസ് സ്റ്റേറ്റ് കോണ്‍ഗ്രസ് യോഗങ്ങള്‍ കലക്കി. നിരവധിപേര്‍ ആശുപത്രിയിലായി. പത്രാധിപന്മാര്‍ക്ക് മര്‍ദ്ദനമേറ്റു. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ച പത്രങ്ങളെ നിരോധിച്ചു. ആഗസ്റ്റ് 31 ന് നെയ്യാറ്റിന്‍കര വെടിവയ്പില്‍ രാഘവന്‍ എന്ന യുവാവും ആറുപേരും വെടിയേറ്റുമരിച്ചു. കടയ്ക്കല്‍, കല്ലറപാങ്ങോട് സമരങ്ങള്‍, നിരോധനത്തിനെതിരെ അക്കാമ ചെറിയാന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നടന്ന പ്രകടനം, വട്ടിയൂര്‍ക്കാവ് സമ്മേളനം തുടങ്ങിയ എത്രയോ സംഭവങ്ങള്‍ തിരുവിതാംകൂര്‍ രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കി. ഇതിനിടയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ 1946 ഒക്ടോബറില്‍ പുന്നപ്രയിലും വയലാറിലും ഉണ്ടായ സമരം രൂക്ഷമായി. അവിടെ പോലീസും തൊഴിലാളികളും ഏറ്റുമുട്ടി. സര്‍ക്കാര്‍ ആലപ്പുഴയിലും ചേര്‍ത്തലയിലും പട്ടാളഭരണം പ്രഖ്യാപിച്ചു. ദിവാന്‍ പട്ടാളത്തിന്റെ നായകത്വം ഏറ്റെടുത്തു. പിന്നീട് നടന്ന വെടിവയ്പുകളില്‍ നൂറുകണക്കിന് ആളുകള്‍ മരിച്ചുവീണു. സ്വാതന്ത്ര്യലബ്ധി അടുത്തപ്പോള്‍ സര്‍ സി.പി. തിരുവിതാംകൂറിനെ സ്വതന്ത്രരാജ്യമാക്കാനുള്ള നടപടി തുടങ്ങി. ഇന്ത്യയിലും പാക്കിസ്ഥാനിലും ഉള്‍പ്പെടാതെ ലോകഭൂപടത്തില്‍ സ്വതന്ത്രരാജ്യമായി തിരുവിതാംകൂറിനെ നിലനിര്‍ത്താന്‍ കഴിയുമെന്നായിരുന്നു സി.പി.യുടെ സ്വപ്നം. ഇതിനുവേണ്ടി അദ്ദേഹം ഒരു ഭരണഘടന എഴുതിയുണ്ടാക്കി പ്രസിദ്ധീകരിച്ചു. പല രാജ്യങ്ങളിലും അംബാസിഡര്‍മാരേയും വാണിജ്യ ഏജന്‍റുമാരേയും നിയമിക്കാന്‍ നടപടി തുടങ്ങി. ഇതിനിടയിലാണ് 1947 ജൂലൈ 25ന് സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍ വച്ച് സര്‍ സി.പി.ക്ക് വെട്ടേറ്റത്. പിന്നീട് മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. 1947 ആഗസ്റ്റ് 19ന് ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരും അവസാനത്തെ ഇംഗ്ലീഷ് റസിഡന്റ് തിരുവിതാംകൂറിനോട് വിടപറഞ്ഞു. അതോടെ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി പി.ജി. നാരായണനുണ്ണിത്താന്‍ ഒഫിഷ്യേറ്റിങ് ദിവാനായി. സെപ്റ്റംബര്‍ നാലിന് തിരുവിതാംകൂറില്‍ ഉത്തരവാദിത്വഭരണം അനുവദിച്ചുകൊണ്ടും ഇതിനുവേണ്ടി പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഉള്‍ക്കൊണ്ട ഭരണഘടന നിര്‍മാണസഭ രൂപീകരിക്കാനും ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷം നേടി. ഈ നേതാക്കളുടെ അഭ്യര്‍ഥന മാനിച്ച് ഭരണഘടന നിര്‍മാണസഭയെ നിയമനിര്‍മാണസഭയാക്കാന്‍ മഹാരാജാവ് തീരുമാനിച്ചു. അങ്ങനെ പട്ടംതാണുപിള്ള പ്രധാനമന്ത്രിയും, സി. കേശവന്‍, ടി.എം. വര്‍ഗീസ് എന്നിവര്‍ മന്ത്രിമാരുമായി തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയമന്ത്രിസഭ 1948 ഒക്ടോബര്‍ 22ന് അധികാരത്തില്‍ വന്നു.


കൊച്ചിയിലെ രാഷ്ട്രീയസ്ഥിതിയും പ്രജാമണ്ഡലവും

ജനാധിപത്യഭരണം കൈവരിക്കുന്നതില്‍ വളരെ മുന്നിലായിരുന്നു കൊച്ചി. 1888ല്‍ ആണ് ഇന്ത്യന്‍ നാട്ടുരാജ്യങ്ങളിലാദ്യമായി തിരുവിതാംകൂറില്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുവിതാംകൂറില്‍ "നിയമനിര്‍മാണസഭ" രൂപീകരിച്ചത്. 1904ല്‍ ജനഹിതം അറിയാന്‍ "ശ്രീമൂലം പ്രജാസഭ"യും രൂപീകരിച്ചു. ക്രമേണ ഈ രണ്ട് സഭകളിലും കരംതീരുവ, ബിരുദം എന്നിവയുടെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികളെക്കൂടി തെരഞ്ഞെടുത്തു. ശ്രീചിത്തിരതിരുനാളിന്റെ കാലത്ത് "ശ്രീചിത്രാ സ്റ്റേറ്റ് കൗണ്‍സില്‍", "ശ്രീമൂലം അസംബ്ലി" എന്ന് നിയമസഭയ്ക്ക് രണ്ട് മണ്ഡലങ്ങളുണ്ടായി. 1925ല്‍ ആണ് കൊച്ചിയില്‍ ആദ്യമായി ലജിസ്ലേറ്റീവ് കൗണ്‍സില്‍ രൂപംകൊണ്ടത്. 1938 ജൂണ്‍ 17ന് പാസാക്കിയ ഭരണഘടനാപരിഷ്കാരം വഴി ഒരു ദ്വിഭരണപദ്ധതി കൊച്ചിയില്‍ നിലവില്‍ വന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ മാതൃക പിന്തുടര്‍ന്നാണ് ഈ നടപടി. ലജിസ്ലേറ്റീവ് കൗണ്‍സിലിലെ അംഗങ്ങള്‍ ഭൂരിപക്ഷപ്രകാരം തിരഞ്ഞെടുക്കുന്ന ഒരു ജനകീയമന്ത്രിക്ക് കൃഷി, സഹകരണം, പൊതുമരാമത്ത്, പഞ്ചായത്ത്, വ്യവസായം എന്നിവ വിട്ടുകൊടുക്കാനായിരുന്നു ഈ പരിഷ്കാരം. ഈ സമയത്ത് കൊച്ചിയില്‍ നിയമസഭയില്‍ കൊച്ചിന്‍ കോണ്‍ഗ്രസ്, കൊച്ചിന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് എന്നിങ്ങനെ രണ്ടു പാര്‍ട്ടികളാണ് ഉണ്ടായിരുന്നത്. കൊച്ചിന്‍ കോണ്‍ഗ്രസ് നേതാവ് അമ്പാട്ടു ശിവരാമമേനോന്‍ കൊച്ചിയിലെ ആദ്യത്തെ ജനകീയമന്ത്രിയായി. അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് ഡോ. എ.ആര്‍. മേനോന്‍ മന്ത്രിയായി. എന്നാല്‍ അവിശ്വാസപ്രമേയത്തെ തുടര്‍ന്ന് 1942ല്‍ അദ്ദേഹം രാജിവച്ചതിനെത്തുടര്‍ന്ന് ടി.കെ. നായര്‍ മന്ത്രിയായി.

കൊച്ചിയില്‍ ഉത്തരവാദിത്വഭരണം ആവശ്യപ്പെട്ട "കൊച്ചി രാജ്യപ്രജാമണ്ഡലം" എന്ന സംഘടന 1941ല്‍ ആണ് രൂപംകൊണ്ടത്. 1942ല്‍ പ്രജാമണ്ഡലത്തിന്റെ ആദ്യയോഗം ഇരിങ്ങാലക്കുടയില്‍ കൂടാന്‍ തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍ അതിനെ നിരോധിച്ചു. പല നേതാക്കളും ജയിലിലായി. 1945ല്‍ കൊച്ചി നിയമസഭയിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 19ല്‍ 12 സീറ്റും അവര്‍ക്ക് ലഭിച്ചു. എന്നാല്‍ പ്രതിപക്ഷത്തിരിക്കാനാണ് പ്രജാമണ്ഡലം ആഗ്രഹിച്ചത്. അവരുടെ ലക്ഷ്യം ഉത്തരവാദിത്വഭരണമായിരുന്നു. പിന്നീട് പ്രജാമണ്ഡലം പ്രവര്‍ത്തകര്‍ നിയമസഭ ബഹിഷ്കരിച്ച് ഉത്തരവാദിത്വഭരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാജാവിന് മെമ്മോറിയല്‍ സമര്‍പ്പിച്ചു. പറമ്പി ലോനപ്പനും, കെ. ബാലകൃഷ്ണമേനോനും ചേര്‍ന്ന മന്ത്രിസഭയ്ക്ക് എതിരെ പ്രജാമണ്ഡലം കൊണ്ടുവന്ന അവിശുദ്ധപ്രമേയം പാസായതിനെത്തുടര്‍ന്ന് അവര്‍ രാജിവച്ചു. പിന്നീട് ക്രമസമാധാനവും ധനകാര്യവും ഒഴികെയുള്ള വകുപ്പുകള്‍ ജനകീയമന്ത്രിമാര്‍ക്ക് വിട്ടുകൊടുക്കാന്‍ മഹാരാജാവ് തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് മറ്റ് രണ്ട് ചെറിയ ഗ്രൂപ്പുകളുമായി സഹകരിച്ച് മന്ത്രിസഭ ഉണ്ടാക്കാന്‍ പ്രജാമണ്ഡലം തീരുമാനിച്ചു. 1946 സെപ്റ്റംബര്‍ 9ാം തീയതി കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. പനമ്പള്ളി ഗോവിന്ദമേനോന്‍, സി.ആര്‍. ഇയ്യുണ്ണി, കെ. അയ്യപ്പന്‍, ടി.കെ. നായര്‍ എന്നിവരായിരുന്നു ഈ കൂട്ടുമന്ത്രിസഭയിലെ അംഗങ്ങള്‍.

എന്നാല്‍ 1947 ആഗസ്റ്റ് 14ന് ധനകാര്യം മന്ത്രിസഭയിലെ ടി.കെ. നായരെ മഹാരാജാവ് ഏല്പിച്ച നടപടി പ്രതിഷേധത്തിനിടയാക്കി. ഇതേത്തുടര്‍ന്നുള്ള പ്രതിഷേധമാണ് 1947 ഒക്ടോബര്‍ 18ന് രാജേന്ദ്ര മൈതാനത്ത് ലാത്തിചാര്‍ജില്‍ കലാശിച്ചത്. ഇതേത്തുടര്‍ന്ന് മന്ത്രിമാര്‍ രാജിവച്ചു. പിന്നീട് ടി.കെ. നായരുടെ നേതൃത്വത്തിലുള്ള മൂന്നംഗമന്ത്രിസഭ അധികാരത്തില്‍ വന്നു. 1948 സെപ്റ്റംബറില്‍ കൊച്ചി നിയമസഭയിലേക്കുനടന്ന തെരഞ്ഞെടുപ്പില്‍ പ്രജാമണ്ഡലം വ്യക്തമായ ഭൂരിപക്ഷം നേടി. ഇക്കണ്ടവാരിയര്‍ പ്രധാനമന്ത്രിയായിട്ടുള്ള മന്ത്രിസഭ അധികാരമേറ്റു. പിന്നീട് പ്രജാമണ്ഡലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ലയിച്ചു. 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ലയിക്കുന്നതുവരെ ഇക്കണ്ടവാരിയര്‍ മന്ത്രിസഭ തുടര്‍ന്നു.


മലബാര്‍ രാഷ്ട്രീയം

1935ലെ ഇന്ത്യാ ഗവണ്മെന്റ് ആക്ട് അനുസരിച്ച് മലബാര്‍ ജില്ല ഉള്‍പ്പെട്ട മദ്രാസ് പ്രവിശ്യയില്‍ ലജിസ്ലേറ്റീവ് കൗണ്‍സില്‍, മദ്രാസ് ലജിസ്ലേറ്റീവ് അസംബ്ലി എന്നീ രണ്ട് മണ്ഡലങ്ങള്‍ ഉണ്ടായി. 1937 മുതല്‍ 1956 വരെ ലജിസ്ലേറ്റീവ് കൗണ്‍സിലില്‍ കോഴിപ്പുറത്ത് മാധവമേനോന്‍, എം. നാരായണമേനോന്‍, എസ്.കെ. ഷേഖ് റാവുത്തര്‍ സാഹിബ്, ഉപ്പി സാഹിബ്, ടി.ടി.പി. കുഞ്ഞിപോക്കര്‍, നരസപ്പ, കെ. ഗോപാലന്‍, പി.പി. ഉമ്മര്‍കോയ എന്നിവര്‍ അംഗങ്ങളായിരുന്നു. മദ്രാസ് ലജിസ്ലേറ്റീവ് അസംബ്ലിയില്‍ അച്ചുതന്‍, പി.എം. അറ്റകോയ തങ്ങള്‍, എം.പി. ദാമോദരന്‍, എ.കെ. ഖാദര്‍കുട്ടി, ഇ. കണ്ണന്‍, എ. കരുണാകര മേനോന്‍, പി.ഐ. കുഞ്ഞഹമ്മദ് കുട്ടി ഹാജി, എ.വി. കുട്ടിമാളു അമ്മ, പി. മാധവന്‍, പി. മൊയ്തീന്‍കുട്ടി, മുഹമ്മദ് അബ്ദുറഹ്മാന്‍, ആര്‍. രാഘവമേനോന്‍, കെ. രാമന്‍ മേനോന്‍, ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്, എസ്.കെ. ഷേഖ് റാവുത്തര്‍, വി.കെ. ഉണ്ണിക്കമ്മു തുടങ്ങിയവര്‍ 1946 വരെയുള്ള കാലഘട്ടങ്ങളില്‍ മലബാറിനെ പ്രതിനിധികരിച്ച് അംഗങ്ങളായിട്ടുണ്ട്. 1937ല്‍ രാജഗോപാലാചാരി പ്രധാനമന്ത്രിയായി ആദ്യത്തെ ജനകീയ മന്ത്രിസഭ അധികാരത്തില്‍ വന്നു. അതിലെ മലബാറിനും പ്രാതിനിധ്യം ലഭിച്ചു. കോങ്ങാട്ടില്‍ രാമന്‍മേനോന്‍ (കെ. രാമന്‍ മേനോന്‍) ആണ് മലബാറില്‍ നിന്നുള്ള ആദ്യത്തെ മന്ത്രി. ജയില്‍ കോടതി വകുപ്പുകളായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ 1939ല്‍ അദ്ദേഹം അന്തരിച്ചു. ആ ഒഴിവിലേക്ക് നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇ.എം.എസ്. ആയിരുന്നു. 1939 മലബാറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായി. അവരുടെ നേതൃത്വത്തില്‍ സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. തലശ്ശേരി, മട്ടന്നൂര്‍, കയ്യൂര്‍ തുടങ്ങിയ സമരങ്ങള്‍ പ്രധാനമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പല പ്രാവശ്യവും മലബാറില്‍ നിരോധിത സംഘടനയായി മാറി. 1942ല്‍ ക്വിറ്റ് ഇന്ത്യാ സമരം മലബാറിനെ ഇളക്കിമറിച്ചു. ഈ സമയത്ത് കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ് വിഭാഗമാണ് അവിടെ സമരങ്ങള്‍ സംഘടിപ്പിച്ചത്. പ്രകടനങ്ങളും യോഗങ്ങളും പോലീസ് സ്റ്റേഷന്‍ ആക്രമണങ്ങളും റെയില്‍വേ സ്റ്റേഷന്‍ തകര്‍ക്കലും മുറയ്ക്ക് നടന്നു. നിരവധിപേര്‍ അറസ്റ്റിലായി. അക്കാലത്ത് മലബാറില്‍ നടന്ന പ്രധാന സംഭവം ആണ് കീഴരിയൂര്‍ ബോംബ് കേസ്.


'തിരുകൊച്ചി' സംസ്ഥാനം രൂപംകൊള്ളുന്നു

ഐക്യകേരളരൂപീകരണത്തിന്റെ മുന്നോടിയായി സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജാക്കന്മാര്‍ ഭരിച്ചിരുന്ന തിരുവിതാംകൂറിനേയും കൊച്ചിയേയും ഒന്നാക്കി തിരുകൊച്ചി സംസ്ഥാനമാക്കാന്‍ ഇന്ത്യാ സര്‍ക്കാര്‍ തീരുമാനിച്ചു. ആ സമയത്ത് കൊച്ചി ഭരിച്ചത് പരിഷത്ത് തമ്പുരാന്‍ (രാമവര്‍മ്മ) ആയിരുന്നു. ഐക്യകേരളം സ്വപ്നം കണ്ട് കഴിഞ്ഞിരുന്ന കേരളവര്‍മ്മയുടെ പിന്‍ഗാമിയായിരുന്നു പണ്ഡിതനായ അദ്ദേഹം. സംയോജനത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ പരിഷത്ത് തമ്പുരാന്‍ വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തി. വയോധികനായ അദ്ദേഹത്തിന്റെ ആദ്യത്തെ വിമാനയാത്രയായിരുന്നു അത്. തിരുവിതാംകൂറിനേയും കൊച്ചിയേയും ഒന്നിച്ചാക്കുന്നതിന് ഒരു ഉപാധിയും പരിഷത്ത് തമ്പുരാന്‍ മുന്നോട്ടുവച്ചില്ല. തന്റെ മുന്‍ഗാമിയെപ്പോലെ നാളെ ഇന്ത്യയിലെ പ്രജകളാണെന്ന് അഭിമാനത്തോടെ പറയാന്‍ കൊച്ചിയിലെ ജനങ്ങള്‍ക്ക് ഇടവരാതിരിക്കാന്‍ ഒരു നടപടിയും തന്നില്‍ നിന്നും ഉണ്ടാകില്ലെന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു. തിരുവിതാംകൂറില്‍ രാജാവിന് "രാജപ്രമുഖ"സ്ഥാനം നല്‍കാന്‍ പോകുകയാണെന്ന് അറിഞ്ഞിട്ടും ഒരു സ്ഥാനത്തിനും വേണ്ടി പരിഷത്ത് തമ്പുരാന്‍ ആവശ്യപ്പെട്ടില്ല. കൊച്ചി സര്‍ക്കാര്‍ പ്രസില്‍ അച്ചടിച്ച പഞ്ചാംഗം മാത്രം ആണ്ടുതോറും തന്നാല്‍ മതി എന്ന പരിക്ഷിത്ത് തമ്പുരാന്റെ വാചകം രാജ്യതന്ത്രന്മാരെ അത്ഭുതപ്പെടുത്തി. ഒടുവില്‍ ഹൈക്കോടതിയുടെ ആസ്ഥാനം കൊച്ചിയില്‍ ആയാല്‍ കൊള്ളാമെന്ന് മാത്രം രാജാവ് ആവശ്യപ്പെട്ടു.

1949 ജൂലൈ ഒന്നിന് സെക്രട്ടേറിയറ്റിനോടനുബന്ധിച്ച് നിയമസഭാഹാളിലായിരുന്നു ലയനചടങ്ങുകള്‍ നടന്നത്. ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവിനെ ഇന്ത്യാ സര്‍ക്കാര്‍ "രാജപ്രമുഖന്‍" (ഗവര്‍ണര്‍ക്ക് തുല്യം) ആയി പ്രഖ്യാപിച്ചിരുന്നു. കൊച്ചി മഹാരാജാവ് പെന്‍ഷന്‍ വാങ്ങി സാധാരണ പൗരനായി. ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിന്റെ മിനിസ്ട്രി സെക്രട്ടറി എം.കെ. വെള്ളോടി ഐ.സി.എസ്. കേന്ദ്രത്തിന്റെ ഉത്തരവ് വായിച്ചു. നാട്ടുരാജ്യമന്ത്രാലയത്തിന്റെ സെക്രട്ടറി വി.പി. മേനോന്‍ ആണ് പുതിയ സംസ്ഥാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 9155 സ്ക്വയര്‍ മൈല്‍ വിസ്തീര്‍ണവും 75 ലക്ഷം ജനങ്ങളും സംസ്ഥാനത്തിനുണ്ടായിരുന്നു. തിരുവനന്തപുരം, കോട്ടയം, കൊല്ലം, തൃശൂര്‍ എന്നിവ ജില്ലകളും 36 താലൂക്കുകളും പുതിയ സംസ്ഥാനത്തിനുണ്ടായിരുന്നു. തിരുവനന്തപുരം ആയിരുന്നു തലസ്ഥാനം.

ഐക്യകേരളം യാഥാര്‍ഥ്യമാകുന്നു

തിരുകൊച്ചി സംസ്ഥാനം കൊണ്ട് മലയാളികള്‍ തൃപ്തരായില്ല. മലയാളം സംസാരിക്കുന്ന മറ്റ് ഭൂവിഭാഗങ്ങളെ ഉള്‍പ്പെടുത്തി ഐക്യകേരളം രൂപീകരിക്കണമെന്ന് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കാനുള്ള കമ്മീഷനു മുമ്പാകെ നിവേദനങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. സയ്യദ് ഹസ്സന്‍ അലി ചെയര്‍മാനും പണ്ഡിറ്റ് ഹൃദയനാഥ കുല്‍സ്രു, സര്‍ദാര്‍ കെ.എം. പണിക്കര്‍ അംഗങ്ങളായുമുള്ള കമ്മിഷന്‍ ഐക്യകേരളത്തിന് പച്ചക്കൊടി കാട്ടി. കമ്മിഷന്റെ ശുപാര്‍ശ പ്രകാരം മലബാര്‍ ജില്ലയും തെക്കന്‍ കാനറയിലെ കാസര്‍കോടും തിരുകൊച്ചിയോട് ചേര്‍ത്തു. തിരുകൊച്ചിയിലെ തെക്കന്‍ താലൂക്കുകളായ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവന്‍കോട് എന്നീ തമിഴ് സംസാരിക്കുന്ന പ്രദേശങ്ങളും ചെങ്കോട്ടയിലെ ഒരു ഭാഗവും മദ്രാസിനോട് ചേര്‍ത്തും ആണ് ഐക്യകേരളം രൂപീകരിച്ചത്. 1956 നവംബര്‍ ഒന്നിനായിരുന്നു പുതിയ സംസ്ഥാനത്തിന്റെ ഉദ്ഘാടനം. രാജപ്രമുഖന്റെ ഉപദേഷ്ടാവ് ആയിരുന്ന പി.എസ്. റാവു ആക്ടിംഗ് ഗവര്‍ണറായി. പിന്നീട് ഡോ. ബി. രാമകൃഷ്ണറാവു ഗവര്‍ണറായി എത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പ് 1957 ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെ നടന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും സ്വതന്ത്രന്മാര്‍ക്കും ആയിരുന്നു ഭൂരിപക്ഷം. 1957 ഏപ്രില്‍ 5ന് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ മന്ത്രിസഭ അധികാരമേറ്റു.

തുടക്കം അഞ്ച് ജില്ല
ഐക്യകേരളത്തിന്റെ തുടക്കം അഞ്ച് ജില്ലയും 46 താലൂക്കുമായിരുന്നു. മലബാര്‍ (10 താലൂക്ക്), തൃശൂര്‍ (8 താലൂക്ക്), കോട്ടയം (9 താലൂക്ക്), കൊല്ലം (12 താലൂക്ക്), തിരുവനന്തപുരം (4 താലൂക്ക്) എന്നീ ജില്ലകളാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ ഏറെ താമസിയാതെ 9 ജില്ലകളും 55 താലൂക്കുകളുമായി പുനഃസംഘടിപ്പിച്ചു. നേരത്തെ ഉണ്ടായിരുന്നത് കൂടാതെ ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവയായിരുന്നു പുതിയ ജില്ലകള്‍. 

കേരളത്തിന്റെ തുടക്കത്തിലെ ഏകദേശരൂപം ഇതാണ്.
വിസ്തീര്‍ണം : 14,992 സ്ക്വ. മൈല്‍ (95,94,686 ഏക്കര്‍)
തുടക്കത്തില്‍ ജില്ലകളുടെ എണ്ണം : 5
പുനഃസംഘടിച്ചപ്പോള്‍ ജില്ലകള് : 9
താലൂക്കുകള്‍ : 55
വില്ലേജുകള്‍ : 4615
നഗരങ്ങള്‍ : 88
മുന്‍സിപ്പാലിറ്റി : 27
പഞ്ചായത്ത് : 897
കോര്‍പ്പറേഷന് : 1
നിയമസഭാംഗങ്ങള്‍ : 127 (ഒരു നോമിനേറ്റ് ഉള്‍പ്പെടെ)
ലോക്സഭാംഗങ്ങള്‍ : 18
രാജ്യസഭാംഗങ്ങള്‍ : 9
വനം : 195556 (24,32,644 ഏക്കര്‍)
കൃഷിസ്ഥലം : 54,65,424 ഏക്കര്‍
ജനസംഖ്യ (1951 സെന്‍സസ്) : 1,35,51,529
പുരുഷന്മാര്‍ : 66,82,861
സ്ത്രീകള്‍ : 68,68,668
സാക്ഷരത : 54,73,765
നിരക്ഷരര്‍ : 80,77,764
ദിനപത്രങ്ങള്‍ : 29
ലൈബ്രറികള്‍ : 2095
സ്കൂളുകള്‍ (മൊത്തം) : 10,058
സര്‍ക്കാര്‍ സ്കൂള്‍ : 2121
പ്രൈവറ്റ് (എയിഡഡ്) : 7791
അണ്‍ എയിഡഡ് : 146
സെക്കണ്ടറി സ്കൂള്‍ : 762
സര്‍ക്കാര്‍ : 140
എയിഡഡ് : 612
അണ്‍ എയിഡഡ് : 10
യു.പി. സ്കൂള്‍ : 1589
ഗവണ്മെന്റ് : 255
എയിഡഡ് : 1314
അണ്‍ എയിഡഡ് : 73
എല്‍.പി. സ്കൂള്‍ : 6699
ഗവണ്മെന്റ് : 1627
എയിഡഡ് : 4999
അണ്‍ എയിഡഡ് : 73
കോളേജുകള്‍  
ആര്‍ട്സ്, സയന്‍സ് : 44
ട്രെയിനിംഗ് കോളേജ് : 13
സംസ്കൃത കോളേജ് : 3
അറബിക് കോളേജ് : 3
ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ് : 2
മെഡിക്കല്‍ കോളേജ് : 2
എന്‍ജിനീയറിംഗ് കോളേജ് : 3
വെറ്ററിനറി കോളേജ് : 1
കാര്‍ഷിക കോളേജ് : 1
ആശുപത്രികള് : 53
ഡിസ്പെന്‍സറി : 198
പോസ്റ്റാഫീസ് : 2270
പബ്ലിക് കാള്‍ ഓഫീസ് : 191
ടെലഗ്രാഫ് ഓഫീസ് : 215
ലെറ്റര്‍ ബോക്സ് : 5882
റേഡിയോ ഉള്ളവര്‍ : 19964
ടെലിവിഷന് ഉള്ളവര്‍ ഇല്ല
വിമാനത്താവളം ഒന്ന്



top