ഡച്ചുകാര്‍ കൊച്ചിഭരണം നിയന്ത്രിച്ച വിധം

രണ്ടുവിധത്തിലാണ് ഡച്ചുകാര്‍ കേരളത്തില്‍ ഭരണം നടത്തിയിരുന്നത്. ഒന്ന് കൊച്ചിരാജ്യത്തെ അവര്‍ക്കുള്ള മേല്‍ക്കോയ്മ സ്ഥാനം. രണ്ട് കൊച്ചിയിലും കേരളത്തിന്റെ പല ഭാഗങ്ങളിലും അവര്‍ക്ക് സ്വന്തമായിട്ടുള്ള കോട്ടകളിലും കച്ചവടകേന്ദ്രങ്ങളിലും നേരിട്ടുള്ള ഭരണം.

ഡച്ചുകാര്‍ കൊച്ചിഭരണം
നിയന്ത്രിച്ച വിധം


രണ്ടുവിധത്തിലാണ് ഡച്ചുകാര്‍ കേരളത്തില്‍ ഭരണം നടത്തിയിരുന്നത്. ഒന്ന് കൊച്ചിരാജ്യത്തെ അവര്‍ക്കുള്ള മേല്‍ക്കോയ്മ സ്ഥാനം. രണ്ട് കൊച്ചിയിലും കേരളത്തിന്റെ പല ഭാഗങ്ങളിലും അവര്‍ക്ക് സ്വന്തമായിട്ടുള്ള കോട്ടകളിലും കച്ചവടകേന്ദ്രങ്ങളിലും നേരിട്ടുള്ള ഭരണം.


പോര്‍ട്ടുഗീസുകാരില്‍ നിന്നുമാണ് ഡച്ചുകാര്‍ കൊച്ചിയുടെ ഭരണം പിടിച്ചെടുത്തത്. അന്നുമുതല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ കൊച്ചി രാജാക്കന്മാര്‍ രക്ഷകര്‍ത്താവായി സ്വീകരിച്ചുവെന്നു വേണം പറയാന്‍. കൊച്ചിരാജാവിന്റെ തലയില്‍ ഡച്ചുകാര്‍ ചാര്‍ത്തിയ കിരീടത്തില്‍ കമ്പനിയുടെ മുദ്രകൊത്തിയിരുന്നു.

'ഭൂമി ഉള്ളനാള്‍ക്കു ബഹുമാനപ്പെട്ട ഒരുമ്പാടയിരിക്കുന്ന ഉലന്ത കമ്പനിയുടെ കല്പനയാല്‍ ഈന്തലിക്കത്തലവനാക്കപ്പെട്ട പത്താവിലെ കീര്‍ത്തികേട്ട ഗവര്‍ണര്‍ ജനറാളുടേയും (ബറ്റേവിയയിലെ ഗവര്‍ണര്‍ ജനറല്‍) തന്റെ നിയോഗന്മാരുടേയും പേര്‍ക്ക് (കൗണ്‍സില്‍) ബഹുമാനപ്പെട്ട ഉലന്ത അമറാള്‍ (ഡച്ച് അഡ്മിറല്‍) റിക്ലാഫ് വാന്‍ ഗോയസും (Rykoff Van Goens) കൊച്ചി രാജാവ് ചാഴിയൂര്‍ വഹയില്‍ (വകയില്‍) മൂത്തവഴിയില്‍ വീരകേരള സ്വരൂപവും തന്റെ അനന്തിരവരും ആയിട്ട് എന്നന്നേയ്ക്കും ചേര്‍ന്നു ചെല്ലത്തക്കവണ്ണം വച്ച് വയ്പ് ആകുന്നത്' എന്നാണ് ഡച്ചുകാരും കൊച്ചിരാജാവും തമ്മില്‍ ഒപ്പിട്ട ആദ്യ ഉടമ്പടിയുടെ മുഖവുര.

കൊച്ചി കോട്ട

ഭരണകാര്യങ്ങളില്‍ ഡച്ചുകാര്‍ നേരിട്ട് ഇടപെട്ടില്ലെങ്കിലും പ്രധാന കാര്യങ്ങള്‍ രാജാവ് ഡച്ച് കമാണ്ടറുമായി ആലോചിച്ചാണ് നടത്തിയിരുന്നത്. സ്വരൂപത്തിലേയ്ക്ക് പുതിയ ആളിനെ ദത്ത് എടുക്കാന്‍ കൊച്ചിരാജാവിന് കമ്പനിയുടെ അനുവാദം ആവശ്യമായിരുന്നു. രാജ്യകാര്യങ്ങള്‍ കൊച്ചിയിലെ ഡച്ച് കമാണ്ടറുമായോ, ഗവര്‍ണറുമായോ കൊച്ചി രാജാവ് കൂടിയാലോചിച്ച് പൊതുതീരുമാനം എടുക്കുമായിരുന്നു. ഇത് ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലായിരുന്നു. രാജാവാണ് തീരുമാനങ്ങള്‍ 'പാലിയത്തച്ചന്‍' (പ്രധാനമന്ത്രി) വഴി നടപ്പിലാക്കിയിരുന്നത്. പ്രധാന തീരുമാനങ്ങളും പാലിയത്തച്ചന്‍ രാജാവുമായും, കൊച്ചി കോട്ടയിലെ കമാണ്ടറോ, ഗവര്‍ണറുമായോ കൂടിയാലോചിച്ച ശേഷമാണ് നടപ്പിലാക്കുക. ഡച്ച് കമ്പനിയുടെ അനുവാദത്തോടെയേ പാലിയത്തച്ചനെ മാറ്റാന്‍ രാജാവിന് അധികാരമുണ്ടായിരുന്നുള്ളൂ. കമ്പനിയുടെ ആള്‍ക്കാര്‍ തെറ്റ് ചെയ്താല്‍ ശിക്ഷ നല്കാന്‍ കമ്പനിയ്ക്കും, രാജാവിന്റെ ആള്‍ക്കാര്‍ തെറ്റുചെയ്താല്‍ ശിക്ഷിയ്ക്കാനുള്ള അവകാശം രാജാവിനും ഉണ്ടായിരുന്നു. വധശിക്ഷയ്ക്ക് വിധിയ്ക്കാനുള്ള അധികാരം കമ്പനിയുടെ പ്രതിനിധി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കായിരുന്നു. എന്നാല്‍ മാപ്പ് നല്കാനുള്ള അധികാരം പാലിയത്തച്ച (പ്രധാനമന്ത്രി)ന് ആയിരുന്നു.

കെ.പി. പത്മനാഭമേനോന്റെ 'കൊച്ചി രാജ്യചരിത്രം' അനുസരിച്ച് കൊച്ചിയില്‍ കൊല്ലവര്‍ഷം 937 (ഇംഗ്ലീഷ് വര്‍ഷം 1762)ല്‍ ആണ് ഭൂനികുതി ഏര്‍പ്പെടുത്തിയത്. അടുത്തവര്‍ഷം ഭരണത്തില്‍ ചില പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തി. അതുവരെ രാജ്യം ഓരോ നാടുവാഴികള്‍ ഭരിക്കുന്ന 'നാടു'കളായിട്ടാണ് വിഭജിച്ചിരുന്നത്. എന്നാല്‍ രാജ്യത്തെ പത്ത് കോവിലകത്തെ വാതിലുകളായി തിരിച്ച് ഓരോന്നിനും കാര്യക്കാരെ ഏല്പിച്ചു കണക്കെഴുത്തിന് മേനോന്മാരേയും, മുതല്‍ സൂക്ഷിയ്ക്കാന്‍ യന്ത്രക്കാരേയും ചുമതലപ്പെടുത്തി. ദേശം തോറും ജാതിമതഭേദം കൂടാതെ ഓരോ പ്രമാണിമാരുണ്ടായിരുന്നു. ഈ സ്ഥാനം ഓരോ തറവാട്ടിന്റേയും ശാശ്വത അവകാശമായിരുന്നു. ദേശത്ത് നടക്കുന്ന കാര്യങ്ങള്‍ മുകളില്‍ അറിയിക്കേണ്ടത് ഇവരായിരുന്നു. കോവിലകത്തും വാതിലുകളെ 'തെക്കേ മുഖം', 'വടക്കേമുഖം' എന്ന് രണ്ടായി വിഭജിച്ച് ഓരോ സര്‍വ്വാധികാര്യക്കാരന്റെ ചുമതലയിലാക്കി. രണ്ടിനും കൂടി ഒരു വലിയ സര്‍വ്വാധിക്കാരനും ഉണ്ടായിരുന്നു

ഡച്ചുകാരുടെ നേരിട്ടുള്ള ഭരണം

മലബാര്‍ തീരം

കേരളത്തിന്റെ പലഭാഗങ്ങളിലും ഡച്ചുകാര്‍ക്ക് കോട്ടകളും കച്ചവടകേന്ദ്രങ്ങളും ഉണ്ടായിരുന്നു. ഇതുകൂടാതെ കൊച്ചിയില്‍ അവര്‍ക്ക് കോട്ടകള്‍ ഉള്‍പ്പെട്ട വസ്തുക്കളുണ്ടായിരുന്നു. ഇതിന്റെയെല്ലാം ചുമതല കൊച്ചിയിലെ കമാണ്ടര്‍ അല്ലെങ്കില്‍ ഗവര്‍ണര്‍ക്കോ അവിടത്തെ കൗണ്‍സിലിനോ ആയിരുന്നു. ഡച്ചുകാരുടെ കിഴക്കന്‍ ഗവണ്മെന്റ് ഇന്തോനേഷ്യ (ജക്കാര്‍ത്ത)യിലെ 'ബറ്റോവിയ' ആയിരുന്നു. അവിടുത്തെ ഗവര്‍ണര്‍ ജനറല്‍ ആയിരുന്നു കമ്പനിയുടെ കിഴക്കന്‍ ദേശങ്ങളിലെ മേധാവി. ഗവര്‍ണര്‍ ജനറലിനെ സഹായിയ്ക്കാന്‍ അവിടെ കൗണ്‍സില്‍ ഉണ്ടായിരുന്നു. ഭരണകാര്യങ്ങള്‍ക്ക് ഗവര്‍ണര്‍ ജനറല്‍ ഉള്ളതുപോലെ അദ്ദേഹത്തിന് താഴെ വ്യാപാരകാര്യങ്ങള്‍ നോക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഉണ്ടായിരുന്നു. മലബാറിലെ കമാണ്ടറോ അല്ലെങ്കില്‍ ഗവര്‍ണറോ ബറ്റേവിയ ഗവര്‍ണര്‍ ജനറലിന്റെ കീഴിലായിരുന്നു. ബറ്റേവിയയിലെ കൗണ്‍സിലില്‍ അംഗമായിരിക്കുകയും കൊച്ചിയില്‍ ഭരണാധികാരിയായി എത്തുകയും ചെയ്യുന്നവര്‍ക്കേ 'ഗവര്‍ണര്‍' സ്ഥാനം ലഭിക്കൂ. അല്ലാത്തവര്‍ കമാണ്ടര്‍ ( കമുദോര്‍ ) ആയിരുന്നു. ഗവര്‍ണറെയോ കമാണ്ടറെയോ സഹായിക്കാന്‍ കൗണ്‍സില്‍ (സഭ) ഉണ്ടായിരുന്നു. ഇതിലെ രണ്ടാമന്‍ വ്യാപാര പ്രതിനിധി (സീനിയര്‍ മര്‍ച്ചന്റ്) ആയിരുന്നു. ഫിസ്കാള്‍ (Fiscal), പട്ടാള പ്രമാണി, പാണ്ടികശാല മൂപ്പന്‍ (Warehouse Keeper), അകത്തഴിക്കാരന്‍ (The Dispensier) സ്ഥലത്തെ വ്യാപാരി (ജൂനിയര്‍ മര്‍ച്ചന്റ്), കടല്‍ക്കപ്പിത്താന്‍ (ചമയങ്ങളുടെ സൂക്ഷിപ്പുകാരന്‍), കൊല്ലത്തെ പ്രധാനി, സഭയിലെ സെക്രട്ടറിയും മലയാളം തര്‍ജമക്കാരനും അടങ്ങിയതാണ് കൗണ്‍സില്‍ അല്ലെങ്കില്‍ സഭ.

1667-ല്‍ കേരളത്തിലെ ഡച്ചുകാരുടെ പ്രധാന കേന്ദ്രം കൊച്ചി കോട്ട ആയ ഉടനെ കൊല്ലം, കായംകുളം, കൊടുങ്ങല്ലൂര്‍, കണ്ണൂര്‍, ചേറ്റുവാ തുടങ്ങിയ അവര്‍ക്കുണ്ടായിരുന്ന പാണ്ടികശാലകള്‍ കൊച്ചിക്കു കീഴിലാക്കി. കൊല്ലം ഒഴികെ ഓരോ സ്ഥലത്തേയും പ്രധാന ഉദ്യോഗസ്ഥന്‍ ബുക്ക്കീപ്പര്‍ (റസിഡന്റ്) ആയിരുന്നു. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഔദ്യോഗിക രേഖ പ്രകാരം 1725 കാലത്ത് അവര്‍ക്ക് മലബാര്‍ ഉള്‍പ്പെടെ ഇരുപത്തിരണ്ട് സ്ഥലങ്ങളിലാണ് പ്രധാന കച്ചവടകേന്ദ്രങ്ങള്‍ കിഴക്കന്‍ ദേശത്ത് ഉണ്ടായിരുന്നത്. അവ ഗവര്‍ണര്‍ ജനറല്‍ ഗവര്‍ണര്‍, ഡയറക്ടര്‍, ചീഫ് എന്നീ ഉദ്യോഗസ്ഥന്മാരാലാണ് ഭരിച്ചിരുന്നത്. ഓരോ കേന്ദ്രവും, അവിടത്തെ ഉദ്യോഗസ്ഥന്റെ പേരും താഴെ കൊടുക്കുന്നു.

മൊളൂക്കസ് ഗവര്‍ണര്‍ അംബോയിന (Amboina) ഗവര്‍ണര്‍ ബന്‍ഡാ (Banda) ഗവര്‍ണര്‍ മകാസ്ക്കര്‍ (Macassar) ഗവര്‍ണര്‍ സോളാര്‍ (Solar), ടൈമൂര്‍ (Timor) ചീഫ് മലാക്ക ഗവര്‍ണര്‍ വെസ്റ്റ്കോസ്റ്റ് സുമാത്ര ചീഫ് ജാംബി (Jambi) ചീഫ് മലബാര്‍ കമാണ്ടര്‍ സൂററ്റ് ഡയറക്ടര്‍ മോച്ച (Mocha) ചീഫ് പേര്‍ഷ്യ (Persia) ഡയറക്ടര്‍ സിലോണ്‍ ഗവര്‍ണര്‍ ജപ്പാന്‍ ചീഫ് കോറമണ്ടല്‍ ഗവര്‍ണര്‍ ബംഗാള്‍ ഡയറക്ടര്‍ ബാറ്റവിയ ഗവര്‍ണര്‍ ജനറല്‍ സാമറാങ് (Samarang) കമാണ്ടര്‍ ബന്‍റ്റം (Bantam) ചീഫ് ചെറിബോണ്‍ (Cheribon) ചീഫ് കേപ്പ് ഓഫ് ഗുഡ്ഹോപ്പ് ഗവര്‍ണര്‍

1725-ല്‍ ആണ് നാഗപ്പട്ടണം, ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൊറൊമണ്ടല്‍ തീരത്തെ (കൊറൊമാണ്ടലിനെ 'ചോളമണ്ഡലം' എന്ന് പറയും. തമിഴ് നാടിന്റേയും ആന്ധ്രയുടേയും കിഴക്കന്‍ തീരമാണിത്) പ്രധാന ആസ്ഥാനമായി മാറിയത്. ഒരു ഗവര്‍ണര്‍ ആയിരുന്നു ഇവിടം ഭരിച്ചിരുന്നത്. ക്രമേണ കമ്പനിയുടെ ഇന്ത്യയിലെ പ്രധാന കേന്ദ്രം നാഗപ്പട്ടണമായി എന്നു പറയാം
top