എട്ടരയോഗവും എട്ടുവീട്ടില്‍ പിള്ളമാരും
1729ല്‍ അധികാരത്തിലെത്തിയ മാര്‍ത്താണ്ഡവര്‍മ്മയുടെ ആദ്യത്തെ പ്രധാന നടപടികളിലൊന്ന് യോഗക്കാരേയും പിള്ളമാരേയും അടിച്ചമര്‍ത്തല്‍ ആയിരുന്നു. നിഷ്ഠൂരമായ നടപടികളാണ് ഇതിനദ്ദേഹം സ്വീകരിച്ചത്.
വേണാട്ടില്‍ മാര്‍ത്താണ്ഡവര്‍മ്മ അധികാരം ഏല്‍ക്കുന്നതിന് ഏകദേശം ആറ് പതിറ്റാണ്ടുകള്‍ക്കു മുമ്പ് നിലനിന്ന ആഭ്യന്തരകലഹം ഇവിടെ കച്ചവടത്തിനെത്തിയ യൂറോപ്പ്യന്‍ ശക്തികള്‍ക്കു പോലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. അവരുടെ കച്ചവടകേന്ദ്രങ്ങള്‍ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. 'പിള്ള'മാരും 'യോഗ'ക്കാരും ഒരു ഭാഗത്തും രാജാവ് എതിര്‍ഭാഗത്തുമായിട്ടായിരുന്നു കലഹം. ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണവും അതിന്റെ വസ്തുക്കളില്‍ നിന്നും ആദായം എടുക്കലും സംബന്ധിച്ച തര്‍ക്കമാണ് കലഹത്തിന് കാരണം. ക്ഷേത്രഭരണം എട്ടു പോറ്റിമാരും, വല്ലപ്പോഴും യോഗത്തില്‍ പങ്കെടുക്കാനെത്താറുള്ള രാജാവും അടങ്ങിയ "എട്ടരയോഗം' എന്ന ഭരണസമിതിയ്ക്കായിരുന്നു (ഇതേപ്പറ്റി ചരിത്രകാരന്മാര്‍ക്ക് ഭിന്നാഭിപ്രായം ആണ്). യോഗത്തിന്റെ തീരുമാനങ്ങള്‍ ധിക്കരിക്കാനോ, ക്ഷേത്രകാര്യത്തില്‍ ഇടപെടാനോ രാജാവിന് അധികാരം ഉണ്ടായിരുന്നില്ല. ക്ഷേത്രവസ്തുവകകള്‍ എട്ടായി ഭാഗിച്ച് അതിന്റെ മേല്‍നോട്ടം വഹിക്കാനും കരംപിരിയ്ക്കാനും അധികാര നല്കിയിരുന്നത് എട്ട് മാടമ്പിമാര്‍ക്കായിരുന്നു. ഇവരാണ് "എട്ടുവീട്ടില്‍ പിള്ളമാര്‍'. കുളത്തൂര്‍, കഴക്കൂട്ടം, ചെമ്പഴന്തി, കുടമണ്‍ , പള്ളിച്ചല്‍ , വെങ്ങാനൂര്‍ , രാമനാമഠം, മാര്‍ത്താണ്ഡമഠം എന്നീ കുടുംബങ്ങളിലെ പിള്ളമാരായിരുന്നു അവര്‍.എന്നാല്‍ ഇവരുടെ പേരിനെപ്പറ്റിയും ചരിത്രകാരന്മാര്‍ക്ക് ഭിന്നാഭിപ്രായമാണ്. യോഗക്കാരുടേയും പിള്ളമാരുടേയും കൂട്ടുകെട്ട് രാജാധിപത്യത്തിന് ഭീഷണിയായി വന്നതോടെ രാജാവ് ക്ഷേത്രകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. ഇതാണ് പിന്നീട് ആഭ്യന്തരകലഹമായി മാറിയത്. അതേസമയം യോഗക്കാരുടേയും പിള്ളമാരുടേയും "ജനാധിപത്യ' ഭരണത്തെ പിടിച്ചെടുക്കാനും അധികാരം തന്നില്‍ കേന്ദ്രീകരിക്കാനും രാജാവ് ശ്രമിച്ചതിന്റെ ഫലമായിട്ടാണ് ആഭ്യന്തരകലഹം ഉണ്ടായതെന്ന വാദവും ഉണ്ട്. പ്രശ്നം രൂക്ഷമായതോടെ പല പ്രാവശ്യവും ശ്രീപത്മനാഭസ്വാമി ക്ഷേത്രം അടച്ചിട്ടതായി രേഖ ഉണ്ട്. 1729ല്‍ അധികാരത്തിലെത്തിയ മാര്‍ത്താണ്ഡവര്‍മ്മയുടെ ആദ്യത്തെ പ്രധാന നടപടികളിലൊന്ന് യോഗക്കാരേയും പിള്ളമാരേയും അടിച്ചമര്‍ത്തല്‍ ആയിരുന്നു. നിഷ്ഠൂരമായ നടപടികളാണ് ഇതിനദ്ദേഹം സ്വീകരിച്ചത്.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later