യൂറോപ്പ്യന്മാര്‍ വരുന്ന കാലത്തെ കേരളത്തിലെ രാജ്യങ്ങള്‍

രാജാക്കന്മാര്‍ തമ്മിലുള്ള പിണക്കവും മറ്റ് നാട്ടുരാജ്യങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം കിട്ടാന്‍ നടത്തിയ യുദ്ധങ്ങളും യഥേഷ്ടം തുടര്‍ന്നു. ഈ അനൈക്യം മുതലെടുത്താണ് പോര്‍ട്ടുഗീസുകാര്‍ കേരളത്തിന്റെ കുറച്ചു ഭാഗത്തെങ്കിലും രാഷ്ട്രീയാധികാരം നിയന്ത്രിച്ചതും കേരളം മുഴുവന്‍ അവരുടെ കച്ചവടം വികസിപ്പിച്ചതും. ചിന്നിച്ചിതറി കിടന്ന ഈ നാട്ടുരാജ്യങ്ങളെ തമ്മിലടുപ്പിച്ചും, യുദ്ധത്തില്‍ പക്ഷംപിടിച്ചും യൂറോപ്പ്യന്മാര്‍ കേരളം മുഴുവന്‍ അവരുടെ കൊടിക്കീഴിലാക്കുന്ന കാഴ്ച തുടര്‍ന്ന് കേരളജനത ദര്‍ശിച്ചു.
കോലത്തുനാട് (ചിറയ്ക്കല്‍)
നെടിയിരിപ്പ്
വടക്കന്‍കൂര്‍, തെക്കന്‍കൂര്‍
വേണാട്
Kerala Map AD 800 Kerala Map AD 900
Kerala Map AD 1498 Samoothiries Kingdom
Kerala Map AD 1774 Kerala Map AD 1800
Travancore Map Cochin Map
Malabar Map India Map - End of 14th Century
Forts in Travancore Southern Region of India (Madras)
Travancore Map World Map

ഒരു ഏകീകൃതഭരണമോ അത് നിലനിര്‍ത്താനുള്ള സംവിധാനങ്ങളോ ഇല്ലാതെ കേരളം ചെറുതം വലുതുമായ നാട്ടുരാജ്യങ്ങളായി ചിതറിക്കിടക്കുന്ന സമയത്താണ് പോര്‍ട്ടുഗീസുകാരും പിന്നീട് 100 
വര്‍ഷം കഴിഞ്ഞപ്പോള്‍ ഡച്ചുകാരും ഇംഗ്ലീഷുകാരും ഇവിടെ എത്തിയത്. രാജാക്കന്മാര്‍ തമ്മിലുള്ള പിണക്കവും മറ്റ് നാട്ടുരാജ്യങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം കിട്ടാന്‍ നടത്തിയ യുദ്ധങ്ങളും യഥേഷ്ടം തുടര്‍ന്നു. ഈ അനൈക്യം മുതലെടുത്താണ് പോര്‍ട്ടുഗീസുകാര്‍ കേരളത്തിന്റെ കുറച്ചു ഭാഗത്തെങ്കിലും രാഷ്ട്രീയാധികാരം നിയന്ത്രിച്ചതും കേരളം മുഴുവന്‍ അവരുടെ കച്ചവടം വികസിപ്പിച്ചതും. ചിന്നിച്ചിതറി കിടന്ന ഈ നാട്ടുരാജ്യങ്ങളെ തമ്മിലടുപ്പിച്ചും, യുദ്ധത്തില്‍ പക്ഷംപിടിച്ചും യൂറോപ്പ്യന്മാര്‍ കേരളം മുഴുവന്‍ അവരുടെ കൊടിക്കീഴിലാക്കുന്ന കാഴ്ച തുടര്‍ന്ന് കേരളജനത ദര്‍ശിച്ചു.

കോലത്തുനാട് (ചിറയ്ക്കല്‍)

യൂറോപ്പ്യന്മാര്‍ വരുന്ന കാലത്ത് കേരളത്തിന്റെ വടക്കേ അറ്റത്തെ പ്രബലശക്തിയായ കോലത്തുനാട് (ചിറയ്ക്കല്‍) ഭരിച്ചിരുന്നത് കോലത്തിരി (Kolastri) രാജാവായിരുന്നു. കോലാസ്ത്രി, കോലാത്രി, കൊല്ലിസ്ത്രീ, കൊല്ലാസ്ത്രി, കോലാതിരി എന്നീ നാമങ്ങളില്‍ യൂറോപ്പ്യന്‍ രേഖകളില്‍ ഇതിനെ രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ 'മൂഷകരാജ്യം' (ഏഴിമല) ആണ് പിന്നീട് കോലത്തുനാട് എന്നും അവിടത്തെ രാജാവിനെയാണ് കോലത്തിരി എന്നും അറിയപ്പെട്ടതെന്ന് അഭിപ്രായം ഉണ്ട്. തെക്ക് കോരപ്പുഴ മുതല്‍ വടക്ക് കാസര്‍കോട് വരെ നീണ്ടുകിടന്ന രാജ്യമായിരുന്നു കോലത്തുനാട്. കിഴക്ക് കുടക് മലയും പടിഞ്ഞാറ് അറബിക്കടലുമായിരുന്നു മറ്റ് അതിര്‍ത്തികള്‍. കോട്ടയം, നീലേശ്വരം, കടത്തനാട് എന്നീ രാജാക്കന്മാരുടെ നായകത്വവും കോലത്തിരിക്കുണ്ടായിരുന്നു. രാജകുടുംബത്തിലെ മൂത്തമകനാണ് രാജാവ്. അദ്ദേഹത്തിന് താഴെ ഇളമുറക്കാര്‍ കൂടി ഉണ്ടായിരുന്നു. വിശ്വസഞ്ചാരിയായ മാര്‍ക്കോപോളോ എഴുതിയ വിവരണത്തില്‍ 'ഏലിരാജ്യം' എന്ന് പറഞ്ഞിരിക്കുന്നത് കോലത്തുനാടിനെയാണെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം.

കോഴിക്കോട്ടെ സാമൂതിരിയുടെ രാജ്യം

കേരളത്തിലെത്തിയ വിദേശികള്‍ കൂടുതല്‍ രേഖപ്പെടുത്തിയിട്ടുള്ള തുറമുഖമാണ് കോഴിക്കോട്. മധ്യകേരളത്തിലും ഉത്തരകേരളത്തിലും പ്രധാനശക്തിയായിരുന്ന സാമൂതിരി രാജാക്കന്മാരുടെ വകയായിരുന്നു കോഴിക്കോട് തുറമുഖം. ഏറനാട് വാണിരുന്ന 'ഏറാടി' സഹോദരന്മാരാണ് പില്‍ക്കാലത്ത് സാമൂതിരി രാജാക്കന്മാരായതെന്ന് പറയുന്നു. കോഴിക്കോട് പ്രദേശങ്ങള്‍ (പോളനാട്) ഭരിച്ചിരുന്ന പോര്‍ളാതിരിയെ ആക്രമിച്ച് കീഴ്പ്പെടുത്തിയും, വള്ളുവകോനാതിരിയില്‍ നിന്നും 'മാമാങ്കം' നടത്താനുള്ള അവകാശം പിടിച്ചെടുത്തും മുന്നേറിയ 'സാമൂതിരി' പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിനുമുമ്പ് വിപുലമായ സാമ്രാജ്യം സ്ഥാപിച്ചു. 'സാമൂതിരി' എന്ന സ്ഥാനപ്പേര്‍ ഉപയോഗിച്ചു കാണുന്ന പുരാതനരേഖ 1342-ല്‍ കോഴിക്കോട്ടുവന്ന ഇബ്നുബത്തൂത്തയുടേതാണ്. യൂറോപ്പ്യന്മാര്‍സാമൂതിരിയെ 'ചക്രവര്‍ത്തി' എന്നതിന്റെ പര്യായമായിട്ടാണ് അര്‍ത്ഥം കല്പിച്ചിരുന്നത്. സമുദ്രരാജാവ് എന്നര്‍ഥം വരുന്ന 'സാമുദ്രി' എന്നത് സാമൂതിരി എന്നായി മാറിയെന്നാണ് മറ്റൊരു അഭിപ്രായം, സമുദ്രത്തിനും മലകള്‍ക്കും ഇടയ്ക്കുള്ള രാജ്യം ഭരിച്ചിരുന്ന രാജാവായതുകൊണ്ട്, സംസ്കൃതത്തില്‍ 'ശൈലാബ്ധീശ്വരന്‍' എന്നും, മലയാളത്തില്‍ കുന്നലകോനാതിരി എന്നും സാമൂതിരിയെ വിളിച്ചിരുന്നതായും പറയുന്നു.

കൊച്ചി (പെരുമ്പടപ്പുസ്വരൂപം)

കൊച്ചിരാജ്യത്തെ ആദ്യകാലങ്ങളില്‍ പെരുമ്പടപ്പ് സ്വരൂപം എന്നാണ് വിളിച്ചിരുന്നത്. ഇത് കേരളത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായിരുന്നു. വടക്ക് ഭാരതപ്പുഴയും, തെക്ക് വൈക്കം, ചേര്‍ത്തല പ്രദേശങ്ങളുടെ വടക്കുഭാഗവും കിഴക്ക് മൂവാറ്റുപുഴ കുന്നത്തുനാട് പറവൂര്‍ പ്രദേശങ്ങളും കോയമ്പത്തൂരും പടിഞ്ഞാറ് കടലുമായിരുന്നു കൊച്ചിയുടെ അതിരുകള്‍ . മൂത്ത താവഴി, ഇളയതാവഴി, പള്ളുരുത്തി താവഴി, മാടത്തുങ്കല്‍ (മുരിങ്ങൂര്‍ താവഴി), ചാഴൂര്‍ താവഴി എന്നിങ്ങനെ അഞ്ച് താവഴികള്‍ കൊച്ചിയ്ക്ക് ഉണ്ടായിരുന്നു. ഇതില്‍ പ്രായംകൂടിയ ആളായിരുന്നു രാജാവ്.

വേണാട് (തിരുവിതാംകൂര്‍)

യൂറോപ്പ്യന്മാരുടെ ആഗമനകാലത്ത് കേരളത്തിന്റെ തെക്കേ അറ്റമായ വേണാട് പല ശാഖകളായി വേര്‍തിരിഞ്ഞു കിടന്നിരുന്നു. വേണാടിന്റെ പരിണാമത്തെപ്പറ്റി ചരിത്രകാരന്മാര്‍ക്ക് അഭിപ്രായഭിന്നത ഉണ്ട്. കൊല്ലമായിരുന്നു വേണാടിന്റെആദ്യകാല തലസ്ഥാനമെന്നും പിന്നീട് രണ്ടുശാഖയായി പിരിഞ്ഞ്, ഒരു ശാഖ തിരുവിതാംകോട് (ഇപ്പോള്‍ തമിഴ് നാട്ടിലെ കന്യാകുമാരി ജില്ല) കൊട്ടാരം പണിത് അങ്ങോട്ട് മാറിയെന്നും പറയുന്നു. ആ ശാഖയെ തൃപ്പാപ്പൂര്‍ (തിരുവിതാംകൂര്‍) സ്വരൂപം എന്ന് വിളിച്ചിരുന്നു. പതിനാറാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഈ ശാഖ കല്‍കുളത്ത് (പില്‍ക്കാലത്തു പത്മനാഭപുരം എന്ന പേരില്‍ അറിയപ്പെട്ടു) കൊട്ടാരം പണിത് അങ്ങോട്ടുമാറി. വേണാടിന്റെ കൊല്ലത്തുള്ള ശാഖ 'ദേശിങ്ങനാട്' എന്നറിയപ്പെട്ടു.

രാജകുമാരികളുടെ ദത്തും 'ആറ്റിങ്ങല്‍' രാജ്യവും

വേണാട്ടില്‍ അനന്തരാവകാശികളില്ലാതെ വന്നപ്പോള്‍ കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കോലത്തുനാട്ടില്‍ നിന്നും പതിനാലാം ശതകത്തില്‍ രണ്ട് രാജകുമാരിമാരെ വേണാട്ടിലേക്ക് ദത്ത് എടുത്തുവെന്നും, അവര്‍ക്ക് നല്കിയ രാജ്യമാണ് 'ആറ്റിങ്ങല്‍' എന്നും പറയുന്നു. ആറ്റിങ്ങല്‍ തമ്പുരാട്ടിമാര്‍ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്നു. ഇവിടത്തെ തമ്പുരാട്ടിയുടെ മൂത്തമകനാണ് വേണാടിന്റെ (തൃപ്പാപ്പൂര്‍, ദേശിങ്ങനാട്) രാജാവാകുന്നത്.

എളയടത്തു സ്വരൂപവും പേരകത്താവഴിയും

വേണാടിന്റെ ഒരു ശാഖയാണ് എളയടത്തു സ്വരൂപം. ഇതിനെ 'കുന്നുമ്മേല്‍ശാഖ' എന്നും വിളിച്ചിരുന്നു. നെടുമങ്ങാട്, കൊട്ടാരക്കര, പത്തനാപുരം, ചെങ്കോട്ട എന്നിവയായിരുന്നു ഇതില്‍പ്പെട്ടിരുന്നത്. ആ സ്ഥാനം ആദ്യം കിളിമാനൂരിലെ 'കുന്നുമ്മേല്‍ 'ലും പിന്നീട് കൊട്ടാരക്കരയുമായി. എളയടത്ത് സ്വരൂപത്തിന്റെ ശാഖയാണ് നെടുമങ്ങാട് ആസ്ഥാനമാക്കിയ പേരകത്താവഴി. ഡച്ചുകാര്‍ ഇതിനെ 'പെരിഞ്ഞല്ലി' എന്ന് വിളിച്ചു.

കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി

കരുനാഗപ്പള്ളി, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളുടെ ഭാഗങ്ങള്‍ ചേര്‍ന്ന കരുനാഗപ്പള്ളിയുടെ ആസ്ഥാനം മരുതൂര്‍കുളങ്ങര ആയിരുന്നു. യൂറോപ്പ്യന്‍ രേഖകളില്‍ ഇതിനെ 'മാര്‍ത്ത' എന്നും 'കര്‍നാപ്പൊളി' എന്നും രേഖപ്പെടുത്തിയിരുന്നു. കായംകുളത്തിനും പുറക്കാടിനും ഇടയ്ക്കുള്ള ചെറിയ ദേശമായിരുന്നു കാര്‍ത്തികപ്പള്ളി. വട്ടമനക്കോട്ടയായിരുന്നു നാടുവാഴിയുടെ ആസ്ഥാനം. ഡച്ചുരേഖകളില്‍ ഇതിനെ 'ബെറ്റിമെനി', 'കരിമ്പള്ളി' എന്നീ പേരുകളില്‍ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കായംകുളം

'ഓടനാട്' എന്നായിരുന്നു ആദ്യപേര്. പതിനഞ്ചാം നൂറ്റാണ്ടില്‍ ഓടനാടിന്റെ തലസ്ഥാനം കായംകുളത്തേയ്ക്ക് (എരുവ) മാറ്റി. അതോടെ കായംകുളം എന്നറിയപ്പെട്ടു. ചെങ്ങന്നൂര്‍, മാവേലിക്കര,കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി എന്നിവയുടെ ഭാഗങ്ങള്‍ ചേര്‍ന്ന രാജ്യമാണിത്.

പുറക്കാട് (ചെമ്പകശ്ശേരി)

'ചെമ്പകശ്ശേരി' എന്നറിയപ്പെടുന്ന പുറക്കാട് യൂറോപ്പ്യന്‍ രേഖകളില്‍ 'പൊര്‍ക്ക്' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അമ്പലപ്പുഴ, കുട്ടനാട് എന്നിവയുടെ ഭാഗങ്ങള്‍ അടങ്ങിയ ചെമ്പകശ്ശേരി (പുറക്കാട്) ദേവനാരായണന്മാര്‍ എന്ന ബ്രാഹ്മണരാജാക്കന്മാരാണ് ഭരിച്ചിരുന്നത്. മഹാമനസ്കരായ ഇവിടത്തെ ഭരണാധികാരികള്‍ കവികളേയും വിജ്ഞാനദാഹികളേയും, വളരെയധികം സഹായിച്ചു. 'ലന്തക്കാരും (ഡച്ചുകാര്‍), പറങ്കി (പോര്‍ട്ടുഗീസുകാര്‍)കളും, ഇംഗ്ലീഷുകാരും വന്നതോടെ ചീത്തയായ കലിയുഗം ആരംഭിച്ചുവെന്ന് നളചരിതം തുള്ളല്‍പാട്ടില്‍ പാടിയ കുഞ്ചന്‍ നമ്പ്യാര്‍ ഇവിടത്തെ ആശ്രിതനായിരുന്നു.

തെക്കുംകൂറും വടക്കുംകൂറും

ചങ്ങനാശ്ശേരി, കാര്‍ത്തികപ്പള്ളി, തിരുവല്ല, കോട്ടയം, മീനച്ചലിന്റെ ഒരു ഭാഗവും ഹൈറേഞ്ചും ചേര്‍ന്നതാണ് തെക്കുംകൂര്‍. മീനച്ചലിന്റെ ഒരുഭാഗം, ഏറ്റുമാനൂര്‍, വൈക്കം പ്രദേശങ്ങള്‍ ചേര്‍ന്നതാണ് വടക്കുംകൂര്‍.

പന്തളം, പൂഞ്ഞാര്‍

ചെങ്ങന്നൂരിലെ ഏതാനും ദേശങ്ങള്‍ ഉള്‍പ്പെട്ട ഒരു ചെറിയ നാടായിരുന്നു പന്തളം. ശബരിമല ക്ഷേത്രവുമായി ബന്ധമുള്ള ഇവിടത്തെ രാജാക്കന്മാര്‍ പാണ്ഡ്യരാജാക്കന്മാരുടെ കുടുംബക്കാരാണ്. പാണ്ഡ്യരാജവംശത്തില്‍പ്പെട്ട ഒരു കുടുംബത്തിന്റെ ചെറിയ നാടായിരുന്നു പൂഞ്ഞാര്‍. മീനച്ചിലിലെ പൂഞ്ഞാര്‍, ഹൈറേഞ്ച് പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ടതായിരുന്നു ഈ നാട്.

കരപ്പുറം

കൊച്ചിരാജാവിന്റെ സഹായിയായിരുന്ന കരപ്പുറം കൈമള്‍മാര്‍ ആയിരുന്നു കരപ്പുറത്തിന്റെ മേധാവി. ചേര്‍ത്തല പ്രദേശങ്ങളാണ് ഇതില്‍ പെട്ടിരുന്നത്. മൗട്ടന്‍ (മുട്ടം) എന്ന് യൂറോപ്പ്യന്‍ രേഖകളില്‍ കരപ്പുറത്തെ രേഖപ്പെടുത്തിയിരിക്കുന്നു.

അഞ്ചിക്കൈമള്‍മാര്‍

എറണാകുളവും സമീപപ്രദേശങ്ങളും അഞ്ചിക്കൈമള്‍മാര്‍ എന്ന നായര്‍പ്രമാണിമാരാണ് ഭരിച്ചിരുന്നത്.

ഇടപ്പള്ളി

വൈപ്പിന്‍കരയും കൊച്ചിയും ഒരുകാലത്ത് ഉള്‍ക്കൊണ്ടിരുന്ന ഇടപ്പള്ളി രാജ്യം തൃക്കാക്കര ക്ഷേത്രത്തില്‍ പൂജ നടത്തിയിരുന്ന ഒരു നമ്പൂതിരിയാണ് സ്ഥാപിച്ചത്. യൂറോപ്പ്യന്‍ രേഖകളില്‍ ഇതിനെ 'റപ്പോളിന്‍' എന്നാണ് വിളിച്ചിരുന്നത്.

പറവൂര്‍

പെരിയാറിന്റെ വടക്കുഭാഗത്തുള്ള ചെറിയ രാജ്യമായിരുന്നു പറവൂര്‍. ഒരു നമ്പൂതിരി നാടുവാഴിയുടെ കീഴിലായിരുന്നു ഈ നാട്.

ആലങ്ങാട്

ആലങ്ങാട് അഥവാ 'മങ്ങാട്', ആലങ്ങാട്, അയിരൂര്‍, ചെങ്ങമനാട്, കോതകുളങ്ങര, മഞ്ഞപ്ര തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ടതായിരുന്നു. കൊച്ചിയെ എപ്പോഴും സഹായിച്ചിരുന്ന ഈ രാജ്യം ആദ്യകാലത്ത് മങ്ങാട്ടു കൈമളുടെ നിയന്ത്രണത്തിലായിരുന്നു.

കൊടുങ്ങല്ലൂര്‍

കൊടുങ്ങല്ലൂര്‍ പ്രദേശം ഉള്‍ക്കൊണ്ട ഈ രാജവംശം, ചേരചക്രവര്‍ത്തിമാരുടെ ക്ഷത്രിയസേനാനായകന്മാരില്‍ ഒരാളാണ് സ്ഥാപിച്ചതെന്ന് പറയുന്നു. സാമൂതിരിയുടേയും കൊച്ചിയുടേയും മേല്‍ക്കോയ്മ മാറിമാറി ഈ നാട് അംഗീകരിച്ചിരുന്നു.

അയിരൂര്‍

തെക്ക് കൊടുങ്ങല്ലൂരിനും, വടക്ക് ചേറ്റുവായ്ക്കും ഇടയ്ക്കുള്ള ചെറിയ രാജ്യമായിരുന്നു അയിരൂര്‍. പാപ്പിനിവട്ടം (പാപ്പനിട്ടി) എന്നാണ് യൂറോപ്പ്യന്‍ രേഖകളില്‍ ഇതിനെ രേഖപ്പെടുത്തിയിരിക്കുന്നത്.

തലപ്പള്ളി

ഗുരുവായൂര്‍, കുന്നംകുളം, ചാവക്കാട്, കക്കാട്, ചിറ്റിലപ്പള്ളി, വടക്കാഞ്ചേരി മുതലായ സ്ഥലങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന ഈ രാജവംശത്തിന് നാലു താവഴികളുണ്ടായിരുന്നു. പാലിയത്തച്ഛന്റെ വകയായ മുള്ളൂര്‍ക്കര ദേശവാഴി തലപ്പള്ളി രാജ്യത്തിന്റെ ഒരു ഭാഗമായിരുന്നു.

വള്ളുവനാട്

വള്ളുവനാടിന്റെ തലസ്ഥാനം വള്ളുവനഗരം (അങ്ങാടിപ്പുറം) ആയിരുന്നു. വള്ളുവക്കോനാതിരി, വെള്ളാട്ടിരി, അറങ്ങോട് ഉടയവര്‍, വല്ലഭന്‍ എന്നീ പേരുകളും രാജാവിനുണ്ടായിരുന്നു. പെരുന്തല്‍മണ്ണ, ഒറ്റപ്പാലം, പൊന്നാനി, തിരൂര്‍ ഏറനാട് എന്നീ പ്രദേശങ്ങള്‍ ചേര്‍ന്ന ഈ രാജ്യത്തിനായിരുന്നു ഒരു കാലത്ത് മാമാങ്കം നടത്താനുള്ള അധികാരം. എന്നാല്‍ പിന്നീട് സാമൂതിരി അത് പിടിച്ചെടുത്തു.

കൊല്ലങ്കോട്

കൊല്ലങ്കോടും സമീപപ്രദേശങ്ങളിലെ എട്ട് ഗ്രാമങ്ങളും ചേര്‍ന്നതായിരുന്നു ഈ ചെറിയ രാജ്യം. ഭരിച്ചിരുന്നത് വീരരവി എന്ന ക്ഷത്രിയപ്രഭുവിന്റെപിന്‍തുടര്‍ച്ചക്കാരാണ്.

പാലക്കാട്

'തരൂര്‍സ്വരൂപം' എന്നാണ് പാലക്കാട് രാജ്യം അറിയപ്പെട്ടിരുന്നത്. ശേഖരിവര്‍മ്മമാര്‍ എന്നായിരുന്നു ഇവിടത്തെ രാജാക്കന്മാരുടെ പേര്. പാലക്കാട്, ആലത്തൂര്‍ , ചിറ്റൂര്‍ പ്രദേശങ്ങള്‍ ഈ രാജ്യത്തായിരുന്നു.

കവളപ്പാറ

ഒറ്റപ്പാലത്തെ ചെറിയ ദേശവാഴിയായിരുന്നു കവളപ്പാറ മൂപ്പില്‍നായര്‍.

പരപ്പനാട്

യൂറോപ്പ്യന്‍ രേഖകളില്‍ 'പപ്പുകോവില്‍' എന്ന് രേഖപ്പെടുത്തിയിട്ടുള്ള പരപ്പനാട് തെക്കും വടക്കും രണ്ട് വിഭാഗങ്ങളുണ്ടായിരുന്നു. തെക്കന്‍ പരപ്പനാട് തിരൂര്‍ പ്രദേശങ്ങളും, വടക്കന്‍ പരപ്പനാട്, കോഴിക്കോട്ടേ പന്നിയങ്കര, ബേപ്പൂര്‍, ചെറുവണ്ണൂര്‍ എന്നീ പ്രദേശങ്ങളും ഉള്‍പ്പെട്ടിരുന്നു.

കുറുമ്പനാട്

കൊയിലാണ്ടി പ്രദേശങ്ങളിലേയും കോഴിക്കോടിന്റെയും ചില സ്ഥലങ്ങള്‍ ചേര്‍ന്നതാണ് കുറുമ്പനാട്. ക്ഷത്രിയരാജാക്കന്മാരാണ് കുറുമ്പനാട് ഭരിച്ചിരുന്നത്.

കടത്തനാട്

വടകര പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ട കടത്തനാടിന്റെ തലസ്ഥാനം കുറ്റിപ്പുറം ആയിരുന്നു. പോര്‍ളാതിരിവംശത്തിലെ രാജകുമാരിയെ കോലത്തിരി രാജാകുമാരന്‍ വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് കടത്തനാട് രാജവംശം ഉണ്ടായതെന്ന് പറയുന്നു. കടത്തനാട് രാജാവിനെ 'ബടകരയിലെ ബോയനോര്‍' അഥവാ 'ബാവനോര്‍' എന്നാണ് യൂറോപ്പ്യന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 'വാഴുന്നോര്‍' എന്ന മലയാളപദത്തിന്റെ രൂപമാണിത്.

കോട്ടയം

കോട്ടയം രാജാക്കന്മാരെ പുരളീശ്വരന്‍ എന്നും, പുറംനാട്ടു രാജാക്കന്മാര്‍ എന്നും വിളിച്ചിരുന്നു. മലബാറിലെ കോട്ടയം, ഗൂഡല്ലൂര്‍ (തമിഴ്നാട്ടില്‍) വയനാട് എന്നീ പ്രദേശങ്ങള്‍ ഇവരുടെ കീഴിലായിരുന്നു. ഈ രാജവംശത്തിന് കിഴക്ക്, തെക്ക്, പടിഞ്ഞാറ് എന്ന് മൂന്ന് ശാഖകളുണ്ടായിരുന്നു. തലശ്ശേരിയിലെ ഇരുവഴിനാടു നമ്പ്യാരുടെ ഭരണത്തില്‍പ്പെടാത്ത ദേശങ്ങള്‍ക്കും കോഴിക്കോടിന്റേയും കുറുമ്പനാടിന്റേയും ചില ഭാഗങ്ങള്‍ക്കും അധിശത്വം ഈ രാജാക്കന്മാര്‍ക്ക് ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരോട് പടപൊരുതിയ കേരളവര്‍മ്മ പഴശ്ശിരാജ ഈ രാജവംശത്തില്‍പ്പെട്ട ആളായിരുന്നു.

കുറങ്ങോട്ട്

തലശ്ശേരിയ്ക്കും മയ്യഴിയ്ക്കും ഇടയ്ക്കുള്ള ചെറിയ ഗ്രാമങ്ങള്‍ ചേര്‍ന്നതാണ് കുറങ്ങോട്.

രണ്ടുതറ

കണ്ണൂരിലെ ചില ഭാഗങ്ങള്‍ ചേര്‍ന്ന പോയനാട് എന്നും കൂടി പേരുണ്ട് 'രണ്ടുതറ'യ്ക്ക്. എടയ്ക്കാട്, അഞ്ചിരക്കണ്ടി, മാവിലായി എന്നീ സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

അറയ്ക്കല്‍

കേരളത്തിലെ ഒരേ ഒരു മുസ്ലിം രാജവംശമാണ് കണ്ണൂരിലെ അറയ്ക്കല്‍. മരുമക്കത്തായമാണ് ഇവര്‍ പിന്തുടര്‍ന്നത്. കുടുംബത്തിലെ മൂത്ത ആളാണ് ഭരണാധികാരി. പുരുഷനാണെങ്കില്‍ 'ആലി രാജാ'വെന്നും, സ്ത്രീയാണെങ്കില്‍ 'അറയ്ക്കല്‍ ബീവി' എന്നും പറയും. അറയ്ക്കല്‍ രാജകുടുംബത്തെപ്പറ്റി ധാരാളം കഥകളുണ്ട്. മതംമാറിയ അരയന്‍കുളങ്ങര നായര്‍ ആണ് അറയ്ക്കല്‍ രാജവംശം സ്ഥാപിച്ചതെന്ന് ഒരഭിപ്രായം. ചേരമാന്‍ പെരുമാളിന്റെ സഹോദരിയില്‍ നിന്നാണ് ഈ വംശം ഉണ്ടായതെന്ന് മറ്റൊരു വാദം. കോലത്തിരി (ചിറയ്ക്കല്‍) രാജകുടുംബത്തിലെ ഒരു രാജകുമാരിയിയെ ഒരു മുസ്ലിം യുവാവ് അപകടത്തില്‍ നിന്നും രക്ഷിച്ചുവെന്നും മതംമാറിയ ആ സ്ത്രീയില്‍ നിന്നാണ് അറയ്ക്കല്‍ വംശം ഉണ്ടായതെന്നും മറ്റൊരു വാദം. കണ്ണൂര്‍ നഗരത്തിന്റെ അധിപനായി പിന്നീട് മാറിയ അറയ്ക്കല്‍ രാജാവിന് 'ആഴിരാജാവ്' എന്നും പിന്നീട് വിളിച്ചു. കോലത്തിരി ഇദ്ദേഹത്തിന് ലക്ഷദ്വീപ് വിട്ടുകൊടുത്തതോടെയായിരിയ്ക്കാം ആ പേര് വന്നത്.

നീലേശ്വരം

'ഹോസ്ദുര്‍ഗ്ഗ്' ആണ് നീലേശ്വരം രാജ്യം. സാമൂതിരി രാജ്യത്തിലെ ഒരു രാജകുമാരിയെ കോലത്തുനാട് രാജകുമാരന്‍ വിവാഹം കഴിച്ചതിനുശേഷം അവരിലുണ്ടായ സന്താനങ്ങള്‍ ആണ് നീലേശ്വരം സ്ഥാപിച്ചതെന്ന് പറയുന്നു. തെക്കന്‍ കാനറയില്‍ ആധിപത്യം ഉറപ്പിച്ചിരുന്ന ബദ്നോര്‍ നായിക്കന്മാര്‍ അഥവാ ഇക്കേരിനായിയ്ക്കന്മാരുടെ ആക്രമണത്തിന് നീലേശ്വരം പലപ്രാവശ്യവും ഇരയായിട്ടുണ്ട്.

കുമ്പള

കാസര്‍കോടിന്റെ ഏറിയ ഭാഗവും ഉള്‍പ്പെട്ട ഈ രാജ്യത്തിന്റെ വിസ്തൃതി തെക്ക് ചന്ദ്രഗിരിപുഴ മുതല്‍ വടക്ക് കുമ്പള വരെയായിരുന്നു. കുമ്പളരാജ്യത്തില്‍ മരുമക്കത്തായം ആണ് പിന്തുടര്‍ന്നത്. പുരുഷന്മാര്‍ നായര്‍ സ്ത്രീകളെ വിവാഹം ചെയ്തിരുന്നു. അവരെ 'തമ്പാന്മാര്‍' എന്നാണ് വിളിച്ചിരുന്നത്.
top