കേരളത്തിന് ഡച്ചുകാരുടെ സംഭാവന
ഇന്ത്യയില്‍ ആധുനിക പോസ്റ്റല്‍ സമ്പ്രദായം ആവിഷ്ക്കരിച്ചത് ഇംഗ്ലീഷുകാരാണെങ്കിലും തെക്കേ ഇന്ത്യയില്‍ കൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിമിതമായിട്ടെങ്കിലും ഇതിന് തുടക്കം കുറിച്ചത് ഡച്ചുകാരാണ്. കമ്പനി ഉദ്യോഗസ്ഥന്മാരും, രാജാക്കന്മാരും തമ്മില്‍ കത്തുകള്‍ എഴുതുന്നതിന് ശൈലിയും, മേല്‍വിലാസം കുറിക്കുന്നതിന് ഐക്യരൂപ്യവും ഉണ്ടാക്കിയത് ഡച്ചുകാര്‍ ആയിരുന്നു.
ഡച്ചുകാര്‍ കേരളത്തിന് നല്കിയ സംഭാവന ദൂരവ്യാപകമായ ഫലങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. ഒരു നൂറ്റാണ്ടിലധികം കൊച്ചി കേന്ദ്രീകരിച്ച് ഭരണം നടത്തിയ പോര്‍ട്ടുഗീസുകാരെക്കാള്‍ മാതൃകാപരവും പില്‍ക്കാലത്ത് ഇംഗ്ലീഷുകാര്‍ പോലും അനുകരിച്ച ഭരണസംവിധാനത്തിന് തുടക്കം കുറിക്കാന്‍ ഹ്രസ്വകാലം കൊണ്ട് ഡച്ചുകാര്‍ക്ക് കഴിഞ്ഞു. കെ.പി. പത്മനാഭമേനോന്‍, കെ.എം. പണിക്കര്‍, ഡോ. ടി.എ. പുന്നന്‍, പ്രൊഫ. എ. ശ്രീധരമേനോന്‍ തുടങ്ങിയ ധാരാളം ചരിത്രകാരന്മാര്‍ കേരളത്തിലെ ഡച്ചുകാരെപ്പറ്റി പഠനം നടത്തിയിട്ടുണ്ട്. ഇവരെല്ലാം ഡച്ചുകാരുടെ കേരളത്തിന്റെ സംഭാവനകളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. കെ.പി. പത്മനാഭമേനോന്‍ 'കൊച്ചി രാജ്യചരിത്ര'ത്തില്‍ ഇങ്ങനെ പറഞ്ഞു:
"ഡച്ചുകാര്‍ പോര്‍ട്ടുഗീസുകാരെക്കാള്‍ അധികം സത്യസന്ധന്മാരും നീതിജ്ഞന്മാരുമായിരുന്നു. നാട്ടുകാരെ ഉപദ്രവിക്കരുതെന്നുള്ള നിഷ്കര്‍ഷനല്ലവണ്ണം ഉണ്ടായിരുന്നു. അനീതിയായ യാതൊരു പ്രവൃത്തിയും ചെയ്യാന്‍ അവര്‍ തങ്ങളുടെ കീഴിലുള്ള ഉദ്യോഗസ്ഥന്മാരെ അനുവദിച്ചിരുന്നില്ല. തമ്പുരാനേയും നാട്ടിലുള്ള പ്രഭുക്കന്മാരേയും വളരെ മാന്യാവസ്ഥയില്‍ വെച്ചുകൊണ്ടിരുന്നു. നാട്ടുകാരുടെ മതാചാരങ്ങളും മാമൂലായുള്ള നടപടികളും പരിപാലിക്കുന്നതില്‍ വിമുഖത കാണിച്ചിരുന്നില്ല. എന്നുതന്നെയല്ല അവയെ പരിപാലിക്കേണ്ടതു തങ്ങളുടെ ചുമതലയാണെന്നുള്ള ബോധവും അവര്‍ക്കുണ്ടായിരുന്നു...".
പോര്‍ട്ടുഗീസുകാരുടെ കാലത്ത് ഉണ്ടായിരുന്ന മറ്റ് മതങ്ങളോടുള്ള അസഹിഷ്ണുതയും സങ്കുചിത ചിന്താഗതിയും ഡച്ചുകാരുടെ കാലത്ത് കുറവായിരുന്നു. കത്തോലിക്ക മതത്തിന്റെ അന്ധമായ അനുയായികളായിരുന്ന പോര്‍ട്ടുഗീസുകാരുടെ കാലം മതത്തിന്റെ പേരില്‍ സംഘര്‍ഷം നിറഞ്ഞതായിരുന്നു. കേരളത്തിലെ ക്രൈസ്തവസഭയെ ലത്തീന്‍സഭ ആക്കാനുള്ള അവരുടെ ശ്രമം വന്‍പ്രതിഷേധം സൃഷ്ടിച്ചു. മട്ടാഞ്ചേരിയിലെ പഴയ കുരിശിന്റെ മുമ്പില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് സുറിയാനി ക്രിസ്ത്യാനികളുടെ പ്രതിഷേധം രേഖപ്പെടുത്തിയ സംഭവം കേരളചരിത്രത്തില്‍ പ്രധാനമാണ്. കുരിശില്‍ ഒരു നീണ്ട വടം കെട്ടി അതില്‍ പിടിച്ചാണ് ആയിരങ്ങള്‍ ലത്തിന്‍ ആര്‍ച്ച് ബിഷപ്പുമാരേയും ജസ്യൂട്ട് പുരോഹിതന്മാരേയും അനുസരിക്കില്ലെന്ന് പ്രതിജ്ഞ എടുത്തത്. 1653-ല്‍ നടന്ന ഈ സംഭവത്തെ 'കൂനന്‍കുരിശ് കലാപം' എന്നറിയപ്പെടുന്നു. ഇതിനുശേഷമാണ് ക്രിസ്ത്യാനികള്‍ക്കിടയില്‍ റോമാ സുറിയാനികളെന്നും, യാക്കോബായ സുറിയാനികളെന്നും രണ്ട് വിഭാഗങ്ങളുണ്ടായത്.
യൂറോപ്പിലെ പ്രൊട്ടസ്റ്റാന്റ് വിഭാഗമായ ഡച്ചുകാര്‍ ലോകത്ത് വരുന്ന നവീനമാറ്റങ്ങളേയും, ശാസ്ത്രരംഗത്തെ പുതിയ കണ്ടുപിടിത്തങ്ങളേയും, സാഹിത്യസാംസ്കാരികരംഗത്തെ മേന്മകളേയും എല്ലാം അംഗീകരിയ്ക്കാന്‍ മനസ് കാട്ടിയവരായിരുന്നു. കൊച്ചിയിലെ റോമന്‍ കത്തോലിക്കക്കാരോട് തുടക്കത്തില്‍ ഡച്ചുകാര്‍ അസഹിഷ്ണുത കാട്ടിയെങ്കിലും പെട്ടെന്ന് നയംമാറ്റി. 1673-ല്‍ എറണാകുളത്ത് കാര്‍മലൈറ്റ് ദേവാലയം പണിയാന്‍ അവര്‍ പുരോഹിതര്‍ക്ക് അനുവാദം നല്കി. 1682-ല്‍ വാരാപ്പുഴയില്‍ വൈദിക സെമിനാരി നിര്‍മ്മിക്കാന്‍ അവര്‍ സമ്മതിച്ചു. ഇതാണ് ആലുവ മംഗലപുഴയിലെ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയായി പില്‍ക്കാലത്ത് മാറിയത്. വാരാപ്പുഴ കേരള കത്തോലിക്കരുടെ തലസ്ഥാനമായി മാറാന്‍ തുടങ്ങിയതും ഡച്ചുകാരുടെ കാലത്താണ്. വര്‍ക്കല ജനാര്‍ദ്ദന ക്ഷേത്രത്തിന് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി നല്കിയ വലിയ മണിയും, ഹരിപ്പാട് ക്ഷേത്രത്തിലേയ്ക്ക് നേര്‍ച്ചയായി നല്കിയ ഭടന്മാര്‍ കാവല്‍ നില്‍ക്കുന്ന രൂപങ്ങളടങ്ങിയ വിളക്കുമെല്ലാം അവരുടെ മതസൗഹൃദത്തെ വിളിച്ചറിയ്ക്കുന്നു. ഡച്ച് ഭരണത്തെപ്പറ്റി പ്രൊഫ. എ. ശ്രീധരമേനോന്‍ കേരളചരിത്രത്തില്‍ വിലയിരുത്തുന്നത് ഇങ്ങിനെയാണ്:
"ഡച്ചുകാര്‍ അവരുടെ ആധിപത്യത്തിലുണ്ടായിരുന്ന പ്രദേശങ്ങളില്‍ നല്ല രീതിയിലുള്ള ഭരണമാണ് നടത്തിയത്. അത് പോര്‍ട്ടുഗീസുകാരുടെ സഹദോഷം കലര്‍ന്ന നാടുവാഴിത്ത ക്രമമനുസരിച്ചുള്ളതായിരുന്നില്ല. ശിക്ഷണരാഹിത്യത്താലോ അഴിമതിയാലോ വികലമല്ലായിരുന്നു അവരുടെ ഭരണം. ഇവിടെ വന്ന ഡച്ച് ഉദ്യോഗസ്ഥന്മാര്‍ സാമര്‍ത്ഥ്യവും സ്വഭാവശുദ്ധിയുള്ളവരായിരുന്നതുകൊണ്ട് ഭരണം സമര്‍ഥമായി നിര്‍വഹിച്ചിരുന്നു..."
ഫ്യൂഡല്‍ സമ്പ്രദായത്തോട് അടുത്തുള്ള ഭരണരീതിയാണ് പോര്‍ട്ടുഗീസുകാര്‍ കൈക്കൊണ്ടതെങ്കില്‍, അതില്‍ നിന്നും വ്യത്യസ്തമായി ക്രിയാത്മകമായ ഭരണസമ്പ്രദായം കൈക്കൊള്ളാന്‍ ഡച്ചുകാര്‍ക്ക് കഴിഞ്ഞുവെന്നും ഇംഗ്ലീഷുകാര്‍ പോലും ഈ ഭരണസമ്പ്രദായമാണ് അനുകരിച്ചതെന്നും കെ.എം. പണിക്കര്‍ 'മലബാര്‍ ആന്റ് ദി ഡച്ച്' (Malabar and the Dutch) എന്ന ഗവേഷണ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ ഭരണത്തിന്റെ വിവിധ രംഗങ്ങളെക്കുറിച്ച് പണിക്കര്‍ വിലയിരുത്തിയിട്ടുണ്ട്.
"കേരളത്തിലെ വാണിജ്യ പുനരുദ്ധാരണം ഡച്ചുകാര്‍ കേരളത്തിന്റെസമ്പദ് വ്യവസ്ഥ നന്നാക്കുന്നതില്‍ നല്കിയ പ്രധാന സംഭാവനയാണെന്ന് പറയാം. പുതിയതരം വിത്തുകളും കൃഷിപ്പണി ആയുധങ്ങളും ഏര്‍പ്പെടുത്തുക വഴി അവര്‍ കാര്‍ഷികവ്യവസ്ഥ നന്നാക്കി. തീരപ്രദേശങ്ങളില്‍ ഇപ്പോള്‍ കാണുന്ന തെങ്ങിന്‍തോട്ടങ്ങള്‍ ഏറെക്കുറെ ഡച്ചുകാരുടെ കാലത്തുണ്ടായതാണ്. നല്ല വിത്തും ശാസ്ത്രീയ സമ്പ്രദായങ്ങളും ഏര്‍പ്പെടുത്തി അവര്‍ വൈപ്പിന്‍ കരയിലും വെണ്ടുരുത്തിയിലും നാളികേര കൃഷി പ്രോത്സാഹിപ്പിച്ചു...".
ഡോ. ടി.എ. പുന്നന്‍, 'ഡച്ചുകാര്‍ കേരളത്തില്‍' എന്ന പ്രബന്ധത്തില്‍ (കേരളചരിത്രം ഒന്നാം വാല്യം, കേരള ഹിസ്റ്ററി അസ്സോസിയേഷന്‍ പ്രസിദ്ധീകരണം) ഡച്ചുകാരുടെ ഭരണനടപടികള്‍, ക്ഷേമകാര്യ സ്ഥാപനങ്ങള്‍, ഇറക്കുമതി വ്യാപാരനിയന്ത്രണം, മതം, സംസ്കാരം എന്നീ രംഗങ്ങളിലെ സംഭാവനകളെക്കുറിച്ചും വിലയിരുത്തിയിട്ടുണ്ട്. 'Dutch Hegemony in Malabar', 'ലന്തക്കാര്‍ കേരളത്തില്‍' എന്ന പുസ്തകങ്ങളും ഡോ. ടി.എ. പുന്നന്‍ രചിച്ചിട്ടുണ്ട്.
ഡച്ചുകാര്‍ കേരളത്തിന് നല്കിയിട്ടുള്ള സംഭാവനകളെക്കുറിച്ച് പ്രത്യേകം പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മതരംഗത്ത് അവര്‍ സ്വീകരിച്ച സമന്വയത്തിന്റെ പാത നേരത്തെ വിവരിച്ചിട്ടുണ്ട്. മറ്റുള്ളവയെ താഴെ പറയുന്ന വിധത്തില്‍ തരംതിരിയ്ക്കാം.
(1) സസ്യശാസ്ത്ര ഔഷധസസ്യരംഗം
(2) കാര്‍ഷിക രംഗം
(3) വ്യവസായിക വാണിജ്യരംഗം
(4) ആതുര ശുശ്രൂഷാരംഗം
(5) ചരിത്രസാംസ്കാരികരംഗം
(6) ഭരണരംഗം
(7) പലവക
ഡച്ചുകാര്‍ കേരളത്തിനെന്നല്ല ലോകത്തിന് നല്കിയ മഹത്തായ സംഭാവനയാണ്, 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' (മലബാറിലെ സസ്യസമ്പത്ത്) എന്ന ബൃഹത്തും മഹത്തുമായ ഗ്രന്ഥം. ഇന്നും അത്ഭുതത്തോടേയും, ജിജ്ഞാസയോടും കൂടി മാത്രമേ ഈ ഗ്രന്ഥത്തെ കാണാനാകൂ. 1678-നും 1703-നും ഇടയ്ക്ക് പന്ത്രണ്ട് വാല്യങ്ങളിലായി ആസ്റ്റര്‍ഡാമില്‍ നിന്നും പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിലാണ് മലയാളലിപി ആദ്യമായി അച്ചടിയില്‍ പതിഞ്ഞതെന്ന് കരുതുന്നു. 780 സസ്യങ്ങളെക്കുറിച്ച് ലത്തിന്‍ ഭാഷയിലുള്ള വിവരണങ്ങളും 781 ചിത്രങ്ങളും ഉള്ള ഈ പുസ്തകത്തില്‍ പന്ത്രണ്ട് വാല്യങ്ങളിലായി മൊത്തം 1616 പേജുകളുണ്ടെന്ന് കണക്കാക്കുന്നു. മലയാളം, കൊങ്കിണി, പോര്‍ട്ടുഗീസ്, ഡച്ച് ഭാഷകളില്‍ ചെടികളുടെ പേര് നല്കിയിട്ടുണ്ട്. മലയാളം പേര് റോമന്‍ ലിപിയിലാണ് കൊടുത്തിരിക്കുന്നത്. ഫോളിയെ സൈസി (സാധാരണപേജിന്റെ ഇരട്ടി വലിപ്പം)ലുള്ള ഇതിലെ പേജുകളില്‍ ചിത്രങ്ങള്‍ വലുതാണ്. 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' ഇംഗ്ലീഷ്, മലയാളം എന്നിവ ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ തര്‍ജമകളുണ്ട്. ശ്രീ അവിട്ടംതിരുനാള്‍ ഗ്രന്ഥശാലയില്‍ സൂക്ഷിച്ചിട്ടുള്ള ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ യഥാര്‍ത്ഥ കോപ്പിഎന്നാല്‍ ആദ്യപതിപ്പിന്റെ ഏതാനും കോപ്പികളേ ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളൂ. ഇതില്‍ ഒന്ന് തിരുവനന്തപുരം നഗരത്തിലെ കുര്യാത്തി വാര്‍ഡില്‍പ്പെട്ട 'അവിട്ടം തിരുനാള്‍ ഗ്രന്ഥശാല'യിലുണ്ട്. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അകാലത്തില്‍ മരിച്ചുപോയ രാജകുമാരന്റെ പേരാണ് 'അവിട്ടം തിരുനാള്‍ '. രാജഭരണകാലത്ത് ആ പേരില്‍ ആരംഭിച്ച ലൈബ്രറിക്ക് രാജകൊട്ടാരം ആണ് 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' സംഭാവന ചെയ്തത്. ഇത് സംരക്ഷിയ്ക്കാന്‍ മലയാളത്തിലെ പ്രമുഖ പത്രമായ 'മാതൃഭൂമി' ലൈബ്രറിയ്ക്ക് സഹായം നല്കി. അച്ചടിയുടെ ആദ്യരൂപം ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം കാണാന്‍ ധാരാളം വിജ്ഞാനപ്രേമികള്‍ ഇന്നും ഈ ലൈബ്രറി സന്ദര്‍ശിക്കുന്നു.
കൊച്ചിയിലെ ഡച്ച് കമാണ്ടര്‍ ആയിരുന്ന (1673-77) ഹെന്‍ഡ്രിക്ക് ആന്‍ഡ്രിയാന്‍ വാന്‍റീഡ് ആണ് 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' നിര്‍മ്മാണത്തിന് നേതൃത്വം നല്കിയത്. നെതര്‍ലണ്ടില്‍ 1636-ല്‍, ഡ്രാക്കന്‍സ്റ്റീന്‍ പ്രഭുവായിരുന്ന ഏണസ്റ്റ് വാന്‍റീഡിന്റേയും എലിസബത്ത് ഉത്തേനേവിന്റേയും മകനായി ജനിച്ച വാന്‍റീഡ് ഇരുപതാം വയസില്‍ ആണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ചേര്‍ന്നത്. ഒരു സാധാരണ ഭടനായി കൊച്ചിയില്‍ എത്തിയ വാന്‍റീഡ് പോര്‍ട്ടുഗീസുകാര്‍ക്ക് എതിരെ നടന്ന നീക്കത്തിലാണ് ശ്രദ്ധേയനായത്. ഇതേത്തുടര്‍ന്ന് അദ്ദേഹം ക്യാപ്റ്റന്‍ റാങ്കിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു. സിലോണ്‍ (ശ്രീലങ്ക) ക്യാപ്റ്റന്‍, അവിടത്തേയും ഇന്ത്യയിലേയും സൈനികമേധാവി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന വാന്‍റീഡ് പിന്നീട് മലബാര്‍ കമാന്‍ഡര്‍ ആയി. ആ സമയത്താണ് ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്തത്.
വാന്‍റീഡിനോടൊപ്പം പോര്‍ട്ടുഗീസുകാരില്‍ നിന്നും കൊച്ചി പിടിയ്ക്കാന്‍ എത്തിയ മറ്റൊരു വ്യക്തിയായിരുന്നു ഡച്ച് ക്യാപ്റ്റന്‍ ജോണ്‍ ന്യൂഹാഫ്; 1661 മുതല്‍ 66 വരെ കൊല്ലത്തും തൂത്തുക്കുടിയിലും സേവനം അനുഷ്ഠിച്ചിട്ടുള്ള ന്യൂഹാഫ്, ദക്ഷിണ കേരളത്തില്‍ ഡച്ച് മേധാവിത്വം ഉറപ്പിയ്ക്കാന്‍ ഓടിനടക്കുന്നതിനിടയില്‍ ഇവിടത്തെ ഔഷധസസ്യങ്ങളെപ്പറ്റിയും ജീവികളെപ്പറ്റിയും പഠനം നടത്തിയത് രേഖപ്പെടുത്താന്‍ സമയം കണ്ടെത്തിയിരുന്നു. കറുവാമരത്തില്‍ നിന്നും കര്‍പ്പൂരം (Camphor) ഉണ്ടാക്കുന്ന വിധവും, ഇഞ്ചിയ്ക്ക് സാദൃശ്യമുള്ള കച്ചോലം കയറ്റി അയയ്ക്കുന്നതും കുടകപ്പാലയില്‍ നിന്നും ഔഷധം ഉണ്ടാക്കുന്ന വിധവുമെല്ലാം ന്യൂഹാഫ് രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് ലഭ്യമായ എല്ലാ മരുന്നുചെടികളുടേയും ഔഷധഗുണം മാത്രമല്ല അവ ഏതെല്ലാം രോഗത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്ന് ഒരു വൈദ്യനെപ്പോലെ ന്യൂഹാഫ് വിവരിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷമാണ് വാന്‍റീഡ് ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥ രചനയ്ക്ക് നേതൃത്വം കൊടുത്തത്. ഇതില്‍നിന്ന് താഴെ പറയുന്ന കാര്യങ്ങള്‍ അനുമാനിയ്ക്കാം.
ഔഷധവിജ്ഞാനത്തെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും സമഗ്രവിവരങ്ങള്‍ നല്കുന്ന താളിയോല ഗ്രന്ഥങ്ങള്‍ കേരളത്തിലുണ്ടായിരുന്നു. ഇതേപ്പറ്റി വിവരണം നല്കാന്‍ കഴിയുന്ന പണ്ഡിതന്മാരും അന്ന് ജീവിച്ചിരുന്നു. ഔഷധചെടികളില്‍ നിന്നും ഉണ്ടാക്കുന്ന മരുന്നുകള്‍ ഉപയോഗിച്ചാണ് അന്ന് വൈദ്യന്മാര്‍ രോഗികളെ ശുശ്രൂഷിച്ചിരുന്നത്. ഇങ്ങനെയുള്ള വൈദ്യന്മാരില്‍ നിന്നായിരിയ്ക്കാം ന്യൂഹാഫ് ആദ്യമായി വിവരങ്ങള്‍ ശേഖരിച്ചത്.
വാന്‍റീഡ് കൊച്ചിയിലെ കമാണ്ടര്‍ ആയി എത്തുന്ന സമയത്ത് യൂറോപ്പില്‍ മരുന്നുകള്‍ക്കു വേണ്ടിയുള്ള ഗവേഷണം ശക്തിപ്പെട്ടുകഴിഞ്ഞിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമല്ല, കോളനികളിലും മരുന്നിന്റെ ആവശ്യം കൂടുതലായി. ഇന്ത്യയില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും അറബികള്‍ ശേഖരിച്ച് യൂറോപ്പില്‍ വിറ്റിരുന്ന മരുന്നുകള്‍ കൃത്യസമയത്ത് കിട്ടാതെയായി. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കിഴക്കന്‍ തലസ്ഥാനമായ ബറ്റേവിയയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം സിലോണില്‍ മരുന്നുകള്‍ക്കുള്ള അന്വേഷണവും തുടങ്ങിയിരുന്നു. ഇതെല്ലാം ആയിരിയ്ക്കാം കേരളത്തിലെ സസ്യശാസ്ത്രത്തെ സംബന്ധിച്ച ഒരു ബൃഹത്ത് ഗ്രന്ഥം നിര്‍മ്മിക്കാന്‍ വാന്‍റീഡിനെ പ്രേരിപ്പിച്ചത്. വിദഗ്ദ്ധന്മാരുടെ സഹായത്തോടെ ഇത്തരം ഒരു പുസ്തകം നിര്‍മ്മിച്ചാല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് വന്‍ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്ന് അദ്ദേഹം കരുതിക്കാണും. എന്നാല്‍ വാന്‍റീഡ് ഉദ്ദേശിച്ച വിധത്തിലല്ല കാര്യങ്ങള്‍ നീങ്ങിയത്. മേലധികാരികളില്‍ നിന്നും പ്രതീക്ഷ സഹായം കിട്ടിയില്ലെന്ന് മാത്രമല്ല പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. പക്ഷെ നിശ്ചയദാര്‍ഢ്യത്തോടെ വാന്‍റീഡ് മുന്നോട്ടുപോയി. കൊച്ചിയിലെ അദ്ദേഹത്തിന്റെ വീട് മരുന്നുകളുടെ ഗവേഷണശാലയാക്കി. അവിടെ ഒരു കെമിസ്റ്റിനെ നിയമിച്ചു. ഇറ്റലിക്കാരനായ ഫാദര്‍ മാത്യു എന്ന കാര്‍മ്മലീത്ത വൈദികനെയാണ് ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമിച്ചത്. അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ജോഹാന്‍സ് കസേറിയസ് എന്ന പണ്ഡിതപുരോഹിതനെ നിയമിച്ചു. ഈ രംഗത്തെ വിദഗ്ദ്ധന്മാരെ ഉപയോഗിച്ച് സസ്യങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുകയായിരുന്നു ആദ്യ നടപടി. ചെടികളെപ്പറ്റി വിവരങ്ങള്‍ ശേഖരിയ്ക്കാനും അവയുടെ ചിത്രങ്ങള്‍ വരയ്ക്കാനും പിന്നീട് ഏര്‍പ്പാടുകള്‍ ഉണ്ടാക്കി. കാട്ടിലും നാട്ടിലുമായി ചെടികളും മരങ്ങളും അന്വേഷിച്ചുനടന്ന വിദഗ്ദ്ധ സംഘത്തോടൊപ്പം അവയുടെ ചിത്രം വരയ്ക്കാന്‍ ഉണ്ടായിരുന്ന പെയിന്റര്‍മാരില്‍ പലരും വാന്‍റീഡിന്റെ കീഴില്‍ സൈന്യത്തിലുള്ളവരാണെന്ന് കരുതുന്നു. ചെമ്പ് തകിടില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കൊത്തി എടുത്തത് നെതര്‍ലണ്ട് കൊത്തുപണിക്കാരായിരുന്നു. പുസ്തകനിര്‍മ്മാണത്തിന് ഒരു വിദഗ്ദ്ധസംഘത്തെ നിയമിച്ചിരിക്കുന്നുവെന്നാണ് മനസ്സിലാകുന്നതെങ്കിലും അവരുടെ പേരുകള്‍ പൂര്‍ണമായി ലഭിച്ചിട്ടില്ല.
ഇമ്മാനുവല്‍ കാര്‍ണ്ണിറോ എന്ന പോര്‍ട്ടുഗീസുകാരനായിരുന്നു മലയാളത്തില്‍ വൈദ്യന്മാര്‍ എഴുതിയ വിവരണങ്ങള്‍ പോര്‍ട്ടുഗീസ് ഭാഷയിലേക്ക് മാറ്റിയത്. പോര്‍ട്ടുഗീസ് ഭാഷയില്‍ നിന്നും ഡച്ചുഭാഷയിലേയ്ക്ക് കമ്പനിയുടെ തര്‍ജമക്കാരെ ഉപയോഗിച്ചാണ് നടത്തിയതെന്ന് കരുതുന്നു. ലാറ്റിന്‍ ഭാഷയിലേയ്ക്ക് ഭാഷാന്തരം ചെയ്തത് ഡച്ചു വൈദികനായ കസേറിയസ് (Caseareus) ആണ്. തദ്ദേശീയ പണ്ഡിതന്മാരില്‍ പ്രമുഖര്‍ ഗൗഡസാരസ്വത ബ്രാഹ്മണരായ രംഗഭട്ട്, വിനായകഭട്ട്, അപ്പുഭട്ട് എന്നിവരും ചേര്‍ത്തലയിലെ കൊല്ലാട്ട് ഇട്ടി അച്ചുതന്‍ എന്ന ഈഴവ വൈദ്യനുമായിരുന്നു. ഇവരുടെ സാക്ഷിപത്രങ്ങള്‍ പുസ്തകത്തിലുണ്ട്. ഇട്ടി അച്ചുതന്‍ സ്വന്തം കൈപ്പടയില്‍ മലയാളത്തിലാണ് സാക്ഷ്യപത്രവും രേഖപ്പെടുത്തിയിട്ടുള്ളത്. ഇട്ടി അച്ചുതന്‍ മാത്രമാണ് വൈദ്യന്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍നിന്ന് അക്കാലത്ത് ജീവിച്ചിരുന്ന പ്രഗല്ഭനും പ്രശസ്തനുമായ വൈദ്യനായിരുന്നു ഇട്ടി അച്ചുതന്‍ എന്ന് മനസിലാക്കാം. മാത്രവുമല്ല ഇട്ടി അച്ചുതന്റെ കുടുംബപാരമ്പര്യവും പാണ്ഡിത്യവും വെളിപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ സാക്ഷിപത്രങ്ങള്‍. ആദ്യത്തെ സാക്ഷിപത്രത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി.
"കരപ്പുറത്ത്, കൊടകരപ്പള്ളി ദേശത്ത് കൊല്ലാട്ട് തറവാട്ടില്‍ ജനിച്ച് അവിടെ താമസിക്കുന്ന ജാത്യ ആചാരങ്ങളില്‍ ഈഴവനായ മലയാള വൈദ്യന്‍ ഇപ്രകാരം അറിയിക്കുന്നു. ഹെന്റ്റിക്ക് വാന്‍റീഡ് കമുദോറുടെ കല്പന അനുസരിച്ച് കോട്ടയില്‍വന്ന് പുസ്തകത്തില്‍ വിവരിച്ചിട്ടുള്ള വൃക്ഷങ്ങളും വള്ളികളും പുല്‍ക്കുലകളും വിത്തുജാതികളും കൈകാര്യം ചെയ്ത് പരിചയമുള്ളതുകൊണ്ടും നമ്മുടെ ഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാക്കിയിട്ടുള്ളകൊണ്ടും ഓരോന്നിന്റെയും ബാഹ്യരൂപവും അതുകൊണ്ടുള്ള ചികിത്സ മുതലായതും വേര്‍തിരിച്ച് ചിത്രത്തില്‍ കാണിച്ചിരിക്കുന്ന വിധവും വ്യവസ്ഥ വരുത്തി ചിട്ടയായി ബഹുമാനപ്പെട്ട കമ്പനിയുടെ ദ്വിഭാഷിയായ മാനുവല്‍ കര്‍ണ്ണെരോട് വിവരിച്ചുപറഞ്ഞിട്ടുള്ളതാണ് എന്നതിന് മലയാളത്തിലെ സജ്ജനങ്ങളുടെ സഹായം ഇല്ലാതിരിക്കാന്‍ വേണ്ടി എഴുതിവച്ചത് 1675-മാണ്ട് ഏപ്രില്‍ 20-ന് കൊച്ചി കോട്ടയില്‍വച്ച് എഴുതിയത്.
ഒപ്പ്) കൊല്ലോട്ട് വൈദ്യന്‍".
നാലാമത്തെ സാക്ഷിപത്രത്തില്‍ ഇട്ടി അച്ചുതന്‍ ഇങ്ങനെ രേഖപ്പെടുത്തി:
"ഇത് കരപ്പുറം അഥവാ കൊടകരപ്പള്ളി എന്ന ദേശക്കാരനും, അച്ഛനും മുത്തച്ഛനും മുതുമുത്തച്ഛന്മാരും വൈദ്യന്മാരും, ഭിഷഗ്വരന്മാരുമായിരുന്ന കൊല്ലാട്ട് തറവാട്ടില്‍ താമസിക്കുന്ന അക്രി സത്യാനിയായ ഈഴവ ജാതിയില്‍പ്പെട്ട മലയാളി വൈദ്യനായ ഇട്ടി അച്ചുതന്‍ എന്ന ഞാന്‍ സത്യവാങ്മൂലം ചെയ്യുന്നത്. ഗവണര്‍ ഹെന്‍റി വാന്‍റീഡിന്റെ കല്പനപ്രകാരം ഞാന്‍ കൊച്ചിനഗരത്തില്‍ വരികയും ഞങ്ങളുടെ ഗ്രന്ഥത്തില്‍ എഴുതി വിവരിച്ചിട്ടുള്ളതും ദീര്‍ഘകാലത്തെ പരിചയത്തിന്റെയും പ്രയോഗത്തിന്റെയും ഫലമായി ഞാന്‍ തിരിച്ചറിഞ്ഞിട്ടുള്ളതുമായ വൃക്ഷങ്ങള്‍, ചെറുവൃക്ഷങ്ങള്‍ , ഔഷധസസ്യങ്ങള്‍, വള്ളികള്‍ എന്നിവയുടെ പേരുകളും ഔഷധശക്തികളും മറ്റു ഗുണഗണങ്ങളും ബഹുമാനപ്പെട്ട സൊസൈറ്റിയുടെ ദ്വിഭാഷിയായ മാനുവല്‍ കര്‍ണ്ണെറോയെ അറിയിക്കുകയും എഴുതി എടുക്കാന്‍വേണ്ടി പറഞ്ഞുകൊടുക്കുകയും ചെയ്തിട്ടുള്ളതാകുന്നു. ഇപ്രകാരമുള്ള വിശദീകരണങ്ങളും എഴുതിയെടുക്കാന്‍ വേണ്ടിയുള്ള പറഞ്ഞുകൊടുക്കലും ഒരു സംശയവും അവശേഷിക്കാത്ത വിധം തുടര്‍ന്നു. ഞാന്‍ പറഞ്ഞതിന്റെ വിശ്വാസ്യത ഒരു മലയാളി വൈദ്യനും സംശയിക്കുന്നതല്ല. ഞാന്‍ ഇങ്ങനെ ചെയ്തതായി സ്വന്തം കൈയ്യക്ഷരത്തില്‍ എഴുതി ഒപ്പിട്ടിരിക്കുന്നു. 1675 ഏപ്രില്‍ 20-ന് കൊച്ചി നഗരത്തില്‍ വച്ചുനല്കിയത്.
വാന്‍റീഡിന്റെ നേതൃത്വത്തില്‍ പുസ്തകനിര്‍മാണത്തിനുള്ള നടപടികള്‍ തുടര്‍ന്നുകൊണ്ടിരുന്നുവെങ്കിലും മേല്‍ ഉദ്യോഗസ്ഥന്മാര്‍ അത് ഗൗരവമായി എടുത്തില്ല. മലബാറില്‍ നിന്നുള്ള കുരുമുളക് സംഭരണം കുറഞ്ഞതിന്റെ പേരില്‍ വാന്‍റീഡിനെതിരെ കുറ്റപ്പെടുത്തല്‍ ഉണ്ടായി. "ഹോര്‍ത്തൂസ് മലബാറിക്കൂസ്" പൂര്‍ത്തിയാക്കാനുള്ള മോഹത്തോടെ, മറ്റൊരു സ്ഥലത്തേയ്ക്കു സ്ഥലംമാറ്റത്തിന് അദ്ദേഹം അപേക്ഷിച്ചു. ഇട്ടി അച്ചുതന്‍ പുസ്തകത്തിന്റെ വിവരശേഖരണം ഏതാണ്ട് പൂര്‍ത്തിയായിരുന്നതിനാല്‍ കൊച്ചി വിടുന്നതിന് അദ്ദേഹത്തിന് മടിയില്ലായിരുന്നു. വാന്‍റീഡിന്റെ അപേക്ഷ മാനിച്ച് അദ്ദേഹത്തെ കമാണ്ടര്‍ സ്ഥാനത്തുനിന്നും കമ്പനി നീക്കി. 1677 മേയ് 13-ന് ബറ്റേവിയയിലെത്തി. പുസ്തകത്തിനുവേണ്ടിയുള്ള കൈയ്യെഴുത്തുപ്രതികളും അദ്ദേഹം കൊണ്ടുപോയി. കമ്പനി മേധാവിയായി അവിടെ പ്രവര്‍ത്തിച്ചശേഷം 1678-ല്‍ ആംസ്റ്റര്‍ഡാമിലെത്തി ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. 1678-ല്‍ ഒന്നാം വാല്യവും, 79-ല്‍ രണ്ടാം വാല്യവും പ്രസിദ്ധീകരിച്ചു. പതിനൊന്നാം വാല്യം 1692-ലും, പന്ത്രണ്ടാം വാല്യം 1693-ലും പ്രസിദ്ധീകരിക്കുമ്പോള്‍ അത് കാണാനുള്ള ഭാഗ്യം വാന്‍റീഡിന് ഇല്ലായിരുന്നു. 1684-ല്‍ വാന്‍റീഡിനെ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏഷ്യയിലെ കമ്മിഷണര്‍ ജനറല്‍ ആയി നിയമിച്ചു. 1691-ല്‍ കൊച്ചിയിലെത്തിയ അദ്ദേഹത്തിന് അസുഖം ബാധിച്ചു. പിന്നീട് സുറത്തിലേക്ക് കപ്പല്‍മാര്‍ഗം യാത്രയായ വാന്‍റീഡ് 1691 ഡിസംബര്‍ 15ന് കപ്പലില്‍ വച്ചുതന്നെ അന്തരിച്ചു. സൂറത്തിലെ ഡച്ച് സെമിത്തേരിയില്‍ ആണ് അദ്ദേഹത്തെ സംസ്കരിച്ചത്.
ലാറ്റിന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ച ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ ആദ്യത്തെ രണ്ട് വാല്യത്തിനുമാത്രം ഇംഗ്ലീഷ് പരിഭാഷ ഉണ്ടായിരുന്നു. ചില അന്ധവിശ്വാസങ്ങള്‍ കാരണമാണ് ഇത് ഇംഗ്ലീഷിലേയ്ക്ക് തര്‍ജമ ചെയ്യാന്‍ ആരും ധൈര്യപ്പെട്ടില്ലെന്ന് പറയുന്നു. എന്നാല്‍ ഇതിന് വിരാമം ഇട്ടുകൊണ്ട് ഇംഗ്ലീഷ് പരിഭാഷയും അതിനുശേഷം മലയാളം പരിഭാഷയും ഉണ്ടാകാന്‍ കാരണക്കാരനായത് കോഴിക്കോട് സര്‍വ്വകലാശാല ബോട്ടണി വിഭാഗം മേധാവിയും ഗവേഷകനുമായ കെ.എസ്.മണിലാലാണ്. 1964 മുതല്‍ ഹോര്‍ത്തൂസ് മലബാറിക്കൂസിനെക്കുറിച്ച് ഗവേഷണത്തിലേര്‍പ്പെട്ടിരുന്ന അദ്ദേഹത്തിനെ സഹായിയ്ക്കാന്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഇക്ബാല്‍ രംഗത്ത് എത്തി.
'ഹോര്‍ത്തൂസ് മലബാറിക്കൂസ്' സര്‍വ്വകലാശാല പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുകൊടുത്തു. അങ്ങനെ അതിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തുവന്നപ്പോള്‍ വളരെ അധികം വാര്‍ത്താപ്രാധാന്യം ലഭിച്ചു. അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍കലാം ആണ് ഇംഗ്ലീഷ് വാല്യങ്ങളുടെ പ്രകാശനം രാഷ്ട്രപതി ഭവനില്‍ നിര്‍വഹിച്ചത്. അന്ന് തന്റെ മുഗള്‍ ഗാര്‍ഡനില്‍ 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' വിഭാഗം ആരംഭിക്കുമെന്ന് രാഷ്ട്രപതി പ്രഖ്യാപിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഹോര്‍ത്തൂസ് മലബാറിക്കൂസ് കേരള സര്‍വ്വകലാശാല മലയാളത്തിലും പ്രസിദ്ധീകരിച്ചു. മുന്നേകാല്‍ നൂറ്റാണ്ടിനുമുമ്പ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിലെ അമൂല്യസമ്പത്തിനെ കുറിച്ച് ഇപ്പോള്‍ സാധാരണക്കാരായ മലയാളികള്‍ പോലും മനസിലാക്കാന്‍ തുടങ്ങിയിട്ടുണ്ട്.
കേരളത്തിലെ കാര്‍ഷികരംഗത്തും സസ്യരംഗത്തും പഠനം നടത്താനും, ഇവിടത്തെ ഉല്പന്നങ്ങള്‍ കൂടുതല്‍ രാജ്യങ്ങളിലെത്തിയ്ക്കാനും, മറ്റ് രാജ്യങ്ങളിലെ ചെടികള്‍ ഇവിടെ കൊണ്ടുവന്ന് പ്രചരിപ്പിയ്ക്കാനും ആദ്യം ശ്രമിച്ചത് പോര്‍ട്ടുഗീസുകാരാണ്. വിവിധ ഭൂഖണ്ഡങ്ങളില്‍ പോര്‍ട്ടുഗീസുകാര്‍ക്ക് കോളനികള്‍ ഉണ്ടായിരുന്നതിനാല്‍ അവിടങ്ങളില്‍ നിന്ന് ചെടികള്‍ കൊണ്ടുവന്ന് ഇവിടെ പരീക്ഷിയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ബ്രസീലില്‍ നിന്ന് കൊണ്ടുവന്ന പറങ്കിമാവ് (Amaranth), പുറുത്തിചക്ക (പൈന്‍ ആപ്പിള്‍), ചുവന്ന മുളക് (Chillies)) എന്നിവ കേരളത്തില്‍ പ്രചരിപ്പിച്ചത് പോര്‍ട്ടുഗീസുകാരാണ്. എന്നാല്‍ മുളക് ബ്രസീലില്‍ നിന്നാണോ പെറുവില്‍ നിന്നാണോ എന്ന് നിശ്ചയമില്ല. ഇതുകൂടാതെ പപ്പായ, അത്തി, പേരയ്ക്ക എന്നിവയും പോര്‍ട്ടുഗീസുകാരാണ് കൊണ്ടുവന്നത്. എന്നാല്‍ പോര്‍ട്ടുഗീസുകാരെപ്പാലെ ഡച്ചുകാര്‍ കാര്‍ഷികചെടികളും വൃക്ഷങ്ങളും ഇവിടെ കൊണ്ടുവന്ന് പ്രചരിപ്പിച്ചില്ല. അതേസമയം ഇവിടെ ഉണ്ടായിരുന്ന തെങ്ങ്, നെല്ല്, കുരുമുളക്, ഏലം തുടങ്ങിയവയുടെ ഉല്പാദനം കൂട്ടാനും അവയുടെ കൃഷി ശാസ്ത്രീയമായി വികസിപ്പിച്ചെടുക്കുന്നതിനും ഡച്ചുകാരുടെ സേവനം മഹത്തരമായിരുന്നു. ഡച്ചുകാര്‍ക്ക് സിലോണില്‍ സ്വന്തമായി നല്ല തോട്ടങ്ങള്‍ ഉണ്ടായിരുന്നു. മേല്‍ത്തരം വിത്തുകളും തൈകളും കൊണ്ടുവന്ന് കൊച്ചി തുടങ്ങിയ സ്ഥലങ്ങളില്‍ നട്ടുവളര്‍ത്തി. ഇതുവഴി തെങ്ങ്കൃഷി കൂടുതല്‍ ആദായകരമാക്കാമെന്ന് ജനങ്ങള്‍ക്ക് മനസിലായി. കേരളത്തിലെ കടലോരത്ത് കാണുന്ന തെങ്ങ് കൃഷിക്ക് കാരണക്കാര്‍ ഡച്ചുകാരാണ്. കാപ്പികൃഷി കേരളത്തില്‍ വ്യാപകമാക്കിയത് ഇംഗ്ലീഷുകാരാണെങ്കിലും ഇതിന് കൊച്ചിയില്‍ തുടക്കം കുറിച്ചത് ഡച്ചുകാരാണ്. സിലോണില്‍ ഡച്ചുകാരുടെ കാപ്പിതോട്ടം ആരംഭിച്ചിട്ടുണ്ടെന്നും അത് വിജയിച്ചാല്‍ വന്‍നേട്ടം ആകുമെന്നും കാന്റര്‍വിഷര്‍ മലബാറില്‍ നിന്നുള്ള കത്തില്‍ പറയുന്നുണ്ട്. പിന്നീട് കൊച്ചിയില്‍ ഡച്ചുകാര്‍ കാപ്പികൃഷി പരീക്ഷിച്ചത് ഇവിടത്തെ വിത്തുകള്‍ ആയിരിയ്ക്കാം. പക്ഷെ ഈ ശ്രമം വിജയിച്ചില്ല. പുകയില കൃഷി കൊച്ചിയില്‍ പ്രചരിപ്പിച്ചതിലും ഡച്ചുകാര്‍ക്ക് പങ്കുണ്ട്. ജാഫ്ന (ജാപ്പാണന്‍) പുകയില അവര്‍ പല സ്ഥലത്തും പ്രചരിപ്പിച്ചു. പുറക്കാട്, കൊല്ലം എന്നിവിടങ്ങളില്‍ ഈ പുകയില പ്രിയങ്കരമായി മാറി. കരപ്പുറത്ത് ഡച്ചുകാര്‍ പുകയില കൃഷി നടത്തിയിരുന്നു. തുണികളില്‍ ചായം മുക്കുന്നതിനും, പെയിന്റ് നിര്‍മ്മാണത്തിനും വേണ്ടിയുള്ള ഇന്‍ഡിഗോ (Indigo) ചെടിയുടെ വിത്തുകള്‍ സൂററ്റില്‍ നിന്നും കൊണ്ടുവന്ന് എറണാകുളം, ആലങ്ങാട്, വെണ്ടുരുത്തി, വാരാപ്പുഴ എന്നീ സ്ഥലങ്ങളില്‍ കൃഷി ചെയ്ത ഡച്ചുകാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഇതിനുവേണ്ടി പരിശീലനം നല്കി.
കാടുകളിലും നാടുകളിലും അലക്ഷ്യമായി വളര്‍ത്തിയിരുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ക്കും, കാര്‍ഷിക ഉല്പന്നങ്ങള്‍ക്കും വിദേശരാജ്യങ്ങളിലുണ്ടായ പ്രിയവും, അവ വിലയ്ക്കു വാങ്ങാന്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥന്മാരും, അവരുടെ ഏജന്റുമാരും നാടുനീളെ ഓടിനടന്നത് കാര്‍ഷികരംഗത്ത് പുതിയ ഉണര്‍വ് നല്കി. കാര്‍ഷികരംഗം ആദായമാണെന്ന് മനസിലാക്കിയതോടെ പ്രഭുക്കന്മാരും, രാജാക്കന്മാരും ഈ രംഗത്ത് ശ്രദ്ധിക്കാന്‍ തുടങ്ങി. കൂടുതല്‍ വിളകള്‍ കിട്ടുന്ന മേല്‍ത്തരം ചെടികളും വിത്തുകളും അവര്‍ ഉപയോഗിക്കാന്‍ തുടങ്ങി. കുരുമുളകിനുവേണ്ടി ഡച്ചുകാരോടൊപ്പം ഫ്രഞ്ചുകാരും മത്സരിക്കാന്‍ തുടങ്ങിയതോടെ കേരളത്തിന്റെ എല്ലാ ഭാഗത്തും അതിന്റെ കൃഷി വ്യാപകമായി. തെങ്ങില്‍ നിന്നും ഉല്പാദിപ്പിക്കുന്ന കയറിനും, കള്ളിനും വിദേശത്ത് പ്രിയം കൂടിയതോടെ തെങ്ങ് വളര്‍ത്തല്‍ ആദായകരമായ കൃഷിയായി. അതോടെ ഡച്ചുകാരുടെ മാതൃകാ തോട്ടങ്ങളെ അനുകരിച്ച് ശാസ്ത്രീയമായ തെങ്ങ്കൃഷി വ്യാപകമായി. കപ്പലുകളുടെ ആവശ്യത്തിന് കയര്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ തെങ്ങ് കൃഷി കൂടുതല്‍ ആദായകരമായി. തെങ്ങിന്‍ കള്ളില്‍ നിന്നും വാറ്റി ഉണ്ടാക്കുന്ന ചാരായം വിദേശങ്ങളില്‍ ഡച്ചുകാര്‍ പ്രചരിപ്പിച്ചു. സോപ്പ് നിര്‍മ്മാണത്തിനും, മെഴുകുതിരി നിര്‍മ്മാണത്തിനും വെളിച്ചെണ്ണയുടെ ആവശ്യവും യൂറോപ്പില്‍ കൂടിക്കൊണ്ടിരുന്നു.
വലിയ ഗോഡൗണുകള്‍ കെട്ടി കാര്‍ഷിക ഉല്പന്നങ്ങള്‍ വന്‍തോതില്‍ ശേഖരിക്കുന്ന പതിവ് ഡച്ചുകാരാണ് തുടങ്ങിയത്. പോര്‍ട്ടുഗീസുകാരുടെ കാലത്ത് ചരക്കുഗതാഗതം സാധാരണ കടല്‍ വഴിയായിരുന്നു. തീരപ്രദേശങ്ങളിലാണ് ഇതിനാല്‍ സൂക്ഷിപ്പുകേന്ദ്രങ്ങളും കോട്ടകളും കെട്ടിയത്. ഡച്ചുകാര്‍ ഇതിനു മാറ്റം വരുത്തി. ഉള്‍നാടുവഴി കോഴിക്കോട്ടേയ്ക്കും കിഴക്കോട്ടും ചരക്കുകൊണ്ടുപോകുന്ന പതിവ് അവര്‍ തുടങ്ങി. രാജാക്കന്മാരില്‍ നിന്നോ നേരിട്ടോ അല്ലാതെയോ ആണ് കുരുമുളക് ശേഖരിച്ചത്. ഇത് പുതിയ കച്ചവട ഏജന്റുമാരെ സൃഷ്ടിച്ചു. ഡച്ചുകാര്‍ക്ക് സ്വന്തമായിട്ടുള്ള സ്ഥലങ്ങളില്‍ കൃഷിചെയ്യാന്‍ പാട്ടക്കാരെയാണ് ഏല്പിച്ചിരുന്നത്. പുതിയ തൈകളും വിത്തുകളും ആണ് ഇവിടെ ഉപയോഗിച്ചിരുന്നത്. ഉപയോഗശൂന്യമായ തെങ്ങുകള്‍ ഉള്‍പ്പെടെയുള്ള വൃക്ഷങ്ങളെ കൂടെക്കൂടെ മുറിച്ചുമാറ്റുമായിരുന്നു. ഇതിന് പാട്ടക്കാര്‍ക്ക് നഷ്ടപരിഹാരം നല്കിയിരുന്നു. ഇത് ഒരു പുതിയ കാര്‍ഷിക സംസ്കാരത്തിന് വഴിതെളിച്ചു.
കേരളത്തിലെ വാണിജ്യ പുനരുദ്ധാരണത്തിന് വലിയ സംഭാവനയാണ് ഡച്ചുകാര്‍ ചെയ്തിട്ടുള്ളത്. ഉപ്പുനിര്‍മ്മാണം, ചായംമുക്കല്‍ തുടങ്ങിയവ വ്യാപകമാക്കിയത് ഡച്ചുകാരാണ്. തൂത്തുക്കുടിയില്‍ നിന്നാണ് ചായംമുക്കല്‍ വിദഗ്ദ്ധരെ കൊണ്ടുവന്ന് തദ്ദേശവാസികള്‍ക്ക് പരിശീലനം കൊടുത്തത്. കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നെയ്ത്ത് വ്യവസായം ഡച്ചുകാര്‍ നടത്തിയിരുന്നു. ഇവരുടെ ഉല്പന്നങ്ങള്‍ക്ക് കേരളത്തിലും മറ്റ് പ്രദേശങ്ങളിലും നല്ല മാര്‍ക്കറ്റ് ഉണ്ടായിരുന്നതായി അക്കാലത്തെ രേഖകളില്‍ നിന്നും തെളിയുന്നു.
കൊച്ചി, കൊല്ലം, അഞ്ചുതെങ്ങ്, കുളച്ചല്‍ തുറമുഖങ്ങളുടെ വ്യാപാരവികസനത്തിന് ഡച്ചുകാരുടെ വാണിജ്യനയം വഴിതെളിച്ചു. കൊച്ചി ആയിരുന്നു പ്രധാന തുറമുഖം. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുമുള്ള കപ്പലുകള്‍ ഇവിടെ സാധനങ്ങള്‍ വാങ്ങാന്‍ എത്തുമായിരുന്നു. മെക്ക, പേര്‍ഷ്യ, സൂററ്റ്, ബോംബെ, കൊറമണ്ടല്‍, മലാക്ക, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും പോകുന്ന കപ്പലുകള്‍ കൊച്ചിയില്‍ നിന്നും സാധനങ്ങളുടെ വില അറിയാന്‍ നങ്കൂരമടിക്കുകയും സാധനങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു. വിദേശ കപ്പലുകള്‍ കൂടാതെ മംഗലാപുരം, വഞ്ചീശ്വരം, കണ്ണൂര്‍ , തലശ്ശേരി, കോഴിക്കോട്, താനൂര്‍, പൊന്നാനി, കൊല്ലം, അഞ്ചുതെങ്ങ്, തേങ്ങപ്പട്ടണം എന്നിവിടങ്ങളില്‍ നിന്നും കപ്പലുകള്‍ വരുമായിരുന്നു. ഈന്തപ്പഴം, ധൂപസാധനങ്ങള്‍, കായം, കടുക്ക, ഇരട്ടിമധുരം, മീന്‍ നെയ്യ്, ബദാം, പനിനീര്‍ , പളുങ്കുമണി, ഉപ്പ്, മരുന്ന്, ചെന്നിനായകം, ചുവന്ന തുണി, നിലം, പശ, വെടി ഉപ്പ് എന്നിവയായിട്ടായിരുന്നു മസ്ക്കറ്റില്‍ നിന്നുള്ള ഉരുക്കള്‍ വന്നിരുന്നത്. മറ്റ് കപ്പല്‍ക്കാര്‍ കൊണ്ടുവന്നതില്‍ രോമം കൊണ്ടുള്ള തുണികള്‍, ബംഗാള്‍ തുണികള്‍, ഉലുവാ, കൊത്തമ്പാലരി, ജീരകം, പറയറുകള്‍, ഉഴുന്ന്, ഉള്ളി, അമുക്കുരം, ശതകുപ്പ്, ഗോതമ്പ് തുടങ്ങിയവ ഉള്‍പ്പെടുന്നു. മസ്ക്കറ്റിലേയ്ക്ക് അയച്ച സാധനങ്ങളില്‍ പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങള്‍, ഇരുമ്പ്, ചന്ദനം, ഏലക്കായ്, മരസാമാനങ്ങള്‍, ചുക്ക്, മഞ്ഞള്‍, നീര്‍വാളം, ആവണക്കിന്‍കുരു, ചീനപ്പിഞ്ഞാണം, അരി, നാളികേരം, സാമ്പ്രാണി, കര്‍പ്പൂരം, വാല്‍മുളക്, പാലക്കാട്ടുനിന്നുള്ള തുണികള്‍, ചകിരി, കയറ് എന്നിവ ഉള്‍പ്പെടുന്നു.
ഡച്ചുകാരുടെ കാലത്ത് കൊച്ചി പടിഞ്ഞാറന്‍ കടല്‍ക്കരയിലെ ലോകത്തെ പ്രധാന തുറമുഖമായി മാറിക്കഴിഞ്ഞിരുന്നു.
ആതുര ശുശ്രൂഷാരംഗത്തും, അനാഥകളെ സംരക്ഷിക്കുന്ന കാര്യത്തിലും ഡച്ചുകാരുടെ സേവനം ശ്ലാഘനീയമാണ്. ഡച്ചുകാര്‍ കൊച്ചിയുടെ ആധിപത്യം പിടിച്ചെടുത്ത കാലം മുതല്‍ നോക്കിയാല്‍ അവര്‍ തദ്ദേശീയ മരുന്നുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്ന് കാണാം. ഇവിടത്തെ ചെടികളില്‍ നിന്നുള്ള മരുന്നുകള്‍ ഉപയോഗിച്ച് രോഗികളേയും പട്ടാളക്കാരേയും ചികിത്സിച്ചിരുന്നു. കാട്ടുകുറുവയുടെ വേരില്‍ നിന്നും വാറ്റിയെടുത്ത എണ്ണ ആശുപത്രികളിലെ രോഗികളില്‍ പരീക്ഷിച്ചതിന്റെ പേരില്‍ കമാണ്ടറും 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന മഹദ്ഗ്രന്ഥത്തിന്റെ നിര്‍മ്മാണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്ത വാന്‍റീഡിനെതിരെ കമ്പനിയിലെ ചിലര്‍ പരാതി നല്കിയ സംഭവം ഉണ്ടായിട്ടുണ്ട്.
1728-ല്‍ പള്ളിപ്പുറത്ത് ഡച്ചുകാര്‍ സ്ഥാപിച്ച കുഷ്ഠരോഗാശുപത്രി കേരളത്തിലെ ആധുനിക ചികിത്സാസമ്പ്രദായത്തിന്റെ അസ്ഥിവാരമായി കണക്കാക്കാം. എന്നു മാത്രമല്ല കുഷ്ഠരോഗിളോടുള്ള ഇവരുടെ സഹാനുഭൂതി വിളിച്ചറിയ്ക്കുന്നതായിരുന്നു ആശുപത്രി സ്ഥാപിക്കുന്നതിനു മുമ്പ് കൊച്ചിയിലെ കാസ്റ്റല്ല (Castella) എന്ന സ്ഥലത്ത് അവര്‍ക്കുവേണ്ടി ഒരുക്കിയിരുന്ന പ്രത്യേക കെട്ടിടം. ഇന്ത്യയില്‍ കുഷ്ഠരോഗം കൂടുതല്‍ അന്ന് ഉണ്ടായിരുന്നത് കൊച്ചിയിലായിരുന്നു. യൂറോപ്പ്യന്മാരിലും ഈ രോഗം വ്യാപിച്ചിരുന്നു. എന്നാല്‍ രോഗികളെ കണ്ടുപിടിച്ച് ഫലപ്രദമായ ചികിത്സ നല്‍കാന്‍ സംവിധാനം ഇല്ലായിരുന്നു. ഈ രംഗത്ത് വിദഗ്ദ്ധന്മാരായ വൈദ്യന്മാരെ കൊണ്ടുവന്ന് കൊല്ലംതോറും കോട്ടയ്ക്കുള്ളില്‍ വീടുവീടാന്തരം പരിശോധിക്കുന്ന പതിവ് ഡച്ചുകാര്‍ തുടങ്ങി. അങ്ങനെ കണ്ടുപിടിക്കുന്ന രോഗികള്‍ക്ക് പ്രത്യേക ചികിത്സ നല്കിയിരുന്നു. എന്നാല്‍ ഈ പരിശോധനയ്ക്ക് ഇടയ്ക്ക് ഭംഗം നേരിട്ടു. ഇതോടെ കുഷ്ഠരോഗികളുടെ എണ്ണംകൂടി. ഇത് ഗവര്‍ണര്‍ മൂണ്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പരിശോധന വീണ്ടും ആരംഭിച്ചു. കൊച്ചി കോട്ടയിലെ അടിമകള്‍ ഉള്‍പ്പെടെ എല്ലാവരേയും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അപ്പര്‍ സര്‍ജനേയും നാട്ടുചികിത്സ വൈദ്യന്മാരേയും ചുമതലപ്പെടുത്തി. ആശുപത്രിയ്ക്കുവേണ്ടി പ്രത്യേക ബജറ്റും, ആശുപത്രിയുടെ നടത്തിപ്പിന് പ്രത്യേക ഭരണസംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.
വെള്ളംവഴി അസുഖം പടരുന്നത് തടയാന്‍ വേണ്ടി ഡച്ചുകാര്‍ ആലുവായില്‍ നിന്ന് കൊച്ചിയിലേയ്ക്ക് ശുദ്ധജലം കൊണ്ടുവന്നിരുന്നു. വലിയ സംഭരണികളില്‍ ബോട്ടുകള്‍ വഴി വെള്ളം കൊണ്ടുവന്നിരുന്നത് അടിമകളും, കമ്പനി ജീവനക്കാരുമായിരുന്നു. ഡച്ചുകാര്‍ക്ക് സൗജന്യമായും, മറ്റ് ആവശ്യക്കാര്‍ക്ക് വിലയ്ക്കുമാണ് ഇത് നല്‍കിയിരുന്നത്.
അനാഥക്കുട്ടികളുടെ രക്ഷയ്ക്ക് ഡച്ചുകാര്‍ ഒരു ആശ്രമംതന്നെ ഏര്‍പ്പെടുത്തി. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും അവിടെ പ്രത്യേകം പ്രത്യേകം താമസിപ്പിച്ചു. പ്രായപൂര്‍ത്തിയാകുന്നവര്‍ക്ക് ജോലി നല്‍കുന്നതിന് ഏര്‍പ്പാട് ഉണ്ടായിരുന്നു.
ഔഷധച്ചെടികളോടും മരങ്ങളോടും ഡച്ചുകാര്‍ കാട്ടിയിട്ടുള്ള പ്രത്യേക സ്നേഹത്തിന്റെ പ്രതീകമായി, പത്മനാഭപുരം കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുള്ള മരുന്നുകട്ടിലിനെ കാണാവുന്നതാണ്. വിവിധതരം ഔഷധമരങ്ങള്‍കൊണ്ട് ഉണ്ടാക്കിയ ഈ കട്ടില്‍ തിരുവിതാംകൂര്‍ മഹാരാജാവിന് അവര്‍ സംഭാവന ചെയ്തതാണ്.
കൊച്ചിയില്‍ മനോഹരമായ കെട്ടിടങ്ങളും കൊട്ടാരങ്ങളും ഡച്ചുകാര്‍ നിര്‍മ്മിച്ചു. ഇതില്‍ പ്രധാനം ബോള്‍ഗാട്ടി പാലസും മട്ടാഞ്ചേരിയിലെ കൊട്ടാരവുമാണ്. 1557-ല്‍ പോര്‍ട്ടുഗീസുകാര്‍ ആണ് കൊച്ചി രാജാവിനുവേണ്ടി മട്ടാഞ്ചേരി കൊട്ടാരം പണിതത്. ഒരു നൂറ്റാണ്ടിനുശേഷം ഡച്ചുകാര്‍ അത് പുതുക്കിപ്പണിതു. പാലയന്നൂര്‍ ഭഗവതിക്ഷേത്രം മധ്യത്തില്‍ വരത്തക്കവിധം നാലുകെട്ട് മാതൃകയില്‍ ഈ കൊട്ടാരം പുനര്‍നിര്‍മ്മിച്ചതോടെ 'ഡച്ചുകൊട്ടാരം' എന്നറിയപ്പെടാന്‍ തുടങ്ങി.
മൂന്നുവശവും കായലുകള്‍ ഉള്ള 'മുളകുകാട്' ദ്വീപിലാണ് ഡച്ചുകാര്‍ മനോഹരമായ ബോള്‍ഗാട്ടി കൊട്ടാരം പണിതത്. 1744-ല്‍ കൊട്ടാരം പണിതു എങ്കിലും പിന്നീട് അതില്‍ മാറ്റം വരുത്തി. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പല പ്രമുഖരേയും ഈ കൊട്ടാരവളപ്പില്‍ സംസ്കരിച്ചിട്ടുണ്ട്. പോഞ്ഞിക്കര, രാമന്‍തുരുത്ത് എന്നീ തുരുത്തുകളിലും കായല്‍തീരത്തും കടലോരത്തും ഡച്ചുകാര്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ മനോഹരമായിരുന്നു. കാറ്റ് കടക്കുന്ന വിശാലമായ മുറികളും മുന്‍വശത്തെ പൂന്തോട്ടങ്ങളും ഈ കെട്ടിടങ്ങളുടെ പ്രത്യേകതയായിരുന്നു. കൊച്ചിയിലെ ഡച്ച് ഗവര്‍ണര്‍മാരും കമാണ്ടര്‍മാരും എഴുതിയിട്ടുള്ള റിപ്പോര്‍ട്ടുകളും സ്മരണകളും കത്തുകളും അക്കാലത്തെ കേരളത്തിലെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. ചരിത്രരചനകള്‍ക്ക് ഇവര്‍ നല്കിയിട്ടുള്ള സംഭാവന വലുതാണ്. പിന്‍ഗാമികളായി വരുന്നവര്‍ക്കുവേണ്ടി സത്യസന്ധമായ റിപ്പോര്‍ട്ടുകള്‍ എഴുതിവയ്ക്കുന്നത് ഡച്ചുകാരുടെ പ്രത്യേകതയായിരുന്നു.
ഇന്ത്യയില്‍ ആധുനിക പോസ്റ്റല്‍ സമ്പ്രദായം ആവിഷ്ക്കരിച്ചത് ഇംഗ്ലീഷുകാരാണെങ്കിലും തെക്കേ ഇന്ത്യയില്‍ കൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിമിതമായിട്ടെങ്കിലും ഇതിന് തുടക്കം കുറിച്ചത് ഡച്ചുകാരാണ്. കമ്പനി ഉദ്യോഗസ്ഥന്മാരും, രാജാക്കന്മാരും തമ്മില്‍ കത്തുകള്‍ എഴുതുന്നതിന് ശൈലിയും, മേല്‍വിലാസം കുറിക്കുന്നതിന് ഐക്യരൂപ്യവും ഉണ്ടാക്കിയത് ഡച്ചുകാര്‍ ആയിരുന്നു. കമ്പനിയുടെ ഉദ്യോഗസ്ഥന്മാര്‍ തമ്മിലുള്ള കത്തുകള്‍ കപ്പലുകളിലാണ് അയച്ചിരുന്നത്. മലാക്ക, ബറ്റേവിയ, കൊളംബോ, ആംസ്റ്റര്‍ഡാം, ഗുഡ്ഹോപ്പ് എന്നിവിടങ്ങളില്‍ നിന്നും കൊച്ചിയിലേയ്ക്കും ഇവിടെ നിന്നും അങ്ങോട്ടും കത്തുകള്‍ അയച്ചിരുന്നു. ഇതുകൂടാതെ തെക്കേ കേരളത്തിലെ ഡച്ച് അധീനമേഖലയിലും ഔദ്യോഗിക കത്തുകള്‍ അയച്ചിരുന്നു. തദ്ദേശീയ കത്തുകള്‍ ഒന്നോ രണ്ടോ ദിവസംകൊണ്ട് അതത് സ്ഥലങ്ങളില്‍ എത്തുമായിരുന്നു. എന്നാല്‍ നാഗപ്പട്ടണത്തുനിന്നും കൊച്ചിയിലേക്ക് മൂന്ന് ആഴ്ചകളും, ഹൂഗ്ലിയില്‍ (കല്‍ക്കട്ട) നിന്നും കൊച്ചിയിലേയ്ക്ക് (കൊളംബോ വഴി) മൂന്ന് മാസവും ആംസ്റ്റര്‍ഡാമില്‍ നിന്നും കൊച്ചിയിലേയ്ക്ക് ആറ് മാസവും, ബറ്റേവിയയില്‍ നിന്നും കൊച്ചിയിലേയ്ക്ക് മൂന്നുമാസവും കത്തുകള്‍ ലഭിക്കാന്‍ എടുത്തിരുന്നു. ഇംഗ്ലീഷുകാര്‍ ഇത് വിപുലീകരിച്ച് പോസ്റ്റല്‍ സമ്പ്രദായം ആക്കി മാറ്റിയതോടെ വാര്‍ത്താവിനിമയരംഗത്ത് പുതിയ നാഴികക്കല്ലായി അത് മാറി.
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചുരുക്കപ്പേരായ 'വി.ഒ.സി' എന്ന് രേഖപ്പെടുത്തിയ ഡച്ചുകാരുടെ നാണയം പത്തൊന്‍പതാം നൂറ്റാണ്ട് കഴിഞ്ഞിട്ടും കൊച്ചിയില്‍ പ്രചാരത്തിലുണ്ടായിരുന്നതായി പറയുന്നു.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later