കൂനന്‍ കുരിശ് കലാപം
കേരളത്തിലെ ക്രിസ്ത്യാനികളെ മുഴുവന്‍ റോമിന്റെ ആധിപത്യത്തില്‍ കൊണ്ടുവരാനുള്ള പോര്‍ട്ടുഗീസുകാരുടെ ശ്രമം
കേരളത്തിലെ ക്രൈസ്തവരെ ലത്തിന്‍ സഭയുടെ കീഴില്‍ കൊണ്ടുവരാനുള്ള പോര്‍ട്ടുഗീസുകാരുടെ ശ്രമം സുറിയാനി ക്രിസ്ത്യാനികള്‍ ആദ്യമേ എതിര്‍ത്തിരുന്നു. ഈ പ്രശ്നം പല പ്രാവശ്യവും അഭിപ്രായ ഭിന്നതയ്ക്കും വഴക്കിനും വഴിതെളിച്ചു. എന്നാല്‍ റോമിലെ പോപ്പിന്റെ ആധിപത്യത്തിനുവേണ്ടി സഭയെ മാറ്റാനുള്ള നീക്കത്തില്‍നിന്ന് പോര്‍ട്ടുഗീസുകാര്‍ പിന്തിരിഞ്ഞില്ല. സെന്‍റ് തോമസ് ക്രിസ്ത്യാനികള്‍ സുറിയാനി ഭാഷയാണ് എക്കാലവും പ്രാര്‍ഥനയ്ക്ക് ഉപയോഗിച്ചിരുന്നത്. സുറിയാനി ഭാഷയ്ക്കുപകരം റോമന്‍ കത്തോലിക്ക മതത്തിന്റെ ലത്തിന്‍ പ്രാര്‍ഥന പോര്‍ട്ടുഗീസുകാര്‍ പള്ളികളില്‍ നിര്‍ബന്ധിച്ച് ഏര്‍പ്പെടുത്തി. അതോടെ പ്രശ്നം രൂക്ഷമായി. സുറിയാനി ക്രിസ്ത്യാനികളുടെ അഭ്യര്‍ഥന അനുസരിച്ച് ബാബിലോണിയയിലെ യാക്കോബായ പാത്രിയാര്‍ക്ക് കേരളത്തിലേക്ക് അയച്ച സുറിയാനി ബിഷപ്പിനെ പോര്‍ട്ടുഗീസുകാര്‍ തടഞ്ഞതോടെ രംഗം വഷളായി. ഇതിനിടയില്‍ സുറിയാനി ബിഷപ്പിനെ വധിച്ചുവെന്ന വാര്‍ത്ത പരന്നു. പ്രക്ഷുബ്ധരായ സുറിയാനി ക്രിസ്ത്യാനികള്‍ 1653ല്‍ മട്ടാഞ്ചേരിയിലെ പഴയ കുരിശിന്റെ മുമ്പില്‍ തടിച്ചുകൂടി. അവര്‍ കുരിശില്‍ വലിയ വടം കെട്ടി അതില്‍ പിടിച്ച് ലത്തീന്‍ ആര്‍ച്ച് ബിഷപ്പന്മാരെ അനുസരിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തു. ഇതാണ് കൂനന്‍ കുരിശിലെ പ്രതിജ്ഞ എന്നും 'കൂനന്‍ കുരിശു കലാപം' എന്നുമെല്ലാം ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഈ സംഭവത്തിനു ശേഷമാണ് ക്രിസ്ത്യാനികളില്‍ 'റോമ സുറിയാനി'കളെന്നും, 'യാക്കോബായ സുറിയാനികളെ'ന്നും രണ്ടുവിഭാഗങ്ങളുണ്ടായത്. കേരളത്തിലെ ക്രിസ്ത്യാനികളെ മുഴുവന്‍ റോമിന്റെ ആധിപത്യത്തില്‍ കൊണ്ടുവരാനുള്ള പോര്‍ട്ടുഗീസുകാരുടെ ശ്രമം അങ്ങനെ പരാജയപ്പെട്ടു. പോര്‍ട്ടുഗീസുകാരുടെ ഈ മതനയം സൃഷ്ടിച്ച പ്രശ്നങ്ങള്‍ ജനങ്ങള്‍ക്ക് അവരോടുള്ള വെറുപ്പിനും വിദ്വേഷത്തിനും കാരണമായി.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later