ഡിലനോയിയും കുടുംബവും ഇവിടെ
അന്ത്യവിശ്രമം കൊള്ളുന്നു
ഉദയഗിരി കോട്ടയിലായിരുന്നു ഡിലനോയിയുടെ താമസം. അഞ്ചുതെങ്ങ് കോട്ട ഇന്റര്‍പ്രിറ്റര്‍ ആയ ഒരു ഉദ്യോഗസ്ഥന്റെ മകള്‍ മാര്‍ഗരെറ്റി (Margaret)നെയാണ് ഡിലനോയി വിവാഹം ചെയ്തത്. അവര്‍ വിധവയായിരുന്നു. സുറിയാനി ക്രിസ്ത്യാനിയായ അവരുടെ പിതാവ് ഈ വിവാഹത്തെ എതിര്‍ത്തു. എന്നാല്‍ മാര്‍ത്താണ്ഡവര്‍മ്മ ഇടപെട്ടാണ് വിവാഹം നടത്തിയത്.
ഡച്ച് സൈന്യത്തിലുണ്ടായിരുന്ന ഡിലനോയി (Estachius Benedictus De Lonny) യുടെ സേവനം തിരുവിതാംകൂര്‍ ചരിത്രത്തിലെ പ്രധാന അധ്യായമാണ്. അദ്ദേഹം കുളച്ചല്‍ യുദ്ധത്തിനു മുമ്പുതന്നെ കൂറുമാറി തിരുവിതാംകൂറിനോട് ചേര്‍ന്നു എന്നാണ് ഇപ്പോള്‍ പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുള്ളത്. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഉദ്യോഗസ്ഥന്മാരില്‍ കത്തോലിക്കരും പ്രൊട്ടസ്റ്റാന്‍റുകളും തമ്മിലുള്ള തര്‍ക്കമായിരിക്കാം ഈ കൂറുമാറ്റത്തിനു കാരണം. അതുപോലെ ഡിലനോയി ജനിച്ച സ്ഥലത്തെപ്പറ്റിയും തര്‍ക്കം ഉണ്ട്. റോമന്‍ കത്തോലിക്ക വിഭാഗത്തില്‍പ്പെട്ട ഡിലനോയി ബെല്‍ജിയത്തില്‍ 1715-ല്‍ ആണ് ജനിച്ചതെന്നും, പിന്നീട് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ചേര്‍ന്നുവെന്നും മഹാകവിയും ഗവേഷകനുമായ ഉള്ളൂര്‍ എസ്. പരമ്വേര അയ്യര്‍ 'ദി ഗ്രേറ്റ് ക്യാപ്റ്റന്‍' എന്ന പ്രബന്ധത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബത്തില്‍പ്പെട്ട മാര്‍ക്ക് ഡിലനോയി (Mark de Lannoy) എഴുതിയ 'ദി കുലശേഖര പെരുമാള്‍സ് ഓഫ് ട്രാവന്‍കൂര്‍' എന്ന പുസ്തകത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. ഡിലനോയി 1715 ഡിസംബര്‍ 25ന് ഫ്രഞ്ച് നഗരമായ അരാസ് (Arras)ല്‍ ജനിച്ചുവെന്നാണ് അതില്‍ പറയുന്നത്.
ആദ്യം മുതല്‍തന്നെ ഡിലനോയിയുടെ കഴിവും തന്റേടവും സൈന്യത്തെ നവീകരിക്കാനുള്ള മനസ്ഥിതിയും മാര്‍ത്താണ്ഡവര്‍മ്മ മനസ്സിലാക്കിയിരുന്നു. കോട്ട നിര്‍മ്മാണത്തിലായിരുന്നു ഡിലനോയി അതിവിദഗ്ധന്‍. പ്രത്യേക സ്നേഹവും വാത്സല്യവും മാര്‍ത്താണ്ഡവര്‍മ്മ ഡിലനോയിയോട് കാട്ടി. ജര്‍മ്മന്‍ കമാന്‍ഡറായ ദുയ് വന്‍ ഷോട്ടിന്റെ കീഴിലാണ് ആദ്യം ഡിലനോയി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ദുയ് വന്‍ ഷോട്ടിന്റെ മരണത്തോടെ ഡിലനോയി കമാണ്ടറായി. ക്രമേണ അദ്ദേഹം തിരുവിതാംകൂര്‍ പട്ടാളത്തിന്റെ വലിയ കപ്പിത്താന്‍ (കമാണ്ടര്‍ ഇന്‍ ചീഫ്) ആയി മാറി. തിരുവിതാംകൂര്‍ പട്ടാളത്തെ യൂറോപ്പ്യന്‍ പട്ടാളത്തെപ്പോലെ അടിമുടി പരിഷ്കരിക്കുകയും ആധുനിക യുദ്ധ ഉപകരണങ്ങള്‍ അവര്‍ക്കുവേണ്ടി നിര്‍മ്മിക്കുകയും ചെയ്ത ഡിലനോയി മാര്‍ത്താണ്ഡവര്‍മ്മയുടെ വിജയഗാഥയുടെ പിന്നിലെ പ്രധാന ശക്തിയായി മാറി. പ്രധാനസ്ഥലങ്ങളില്‍ പട്ടാള സങ്കേതങ്ങളും വെടിമരുന്നുശാലകളും അദ്ദേഹം സ്ഥാപിച്ചു. യൂറോപ്പ്യന്‍ പട്ടാളക്കാര്‍ക്കുപോലും ഇല്ലാത്ത വലിയ പീരങ്കികളും തോക്കുകളും തിരുവിതാംകൂര്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. ഉദയഗിരി പ്രധാന സൈനികകേന്ദ്രമാക്കി മാറ്റി. കോട്ടകളുടെ നിര്‍മ്മാണവും നിലവിലുള്ള കോട്ട പുനര്‍നിര്‍മ്മാണവും ഡിലനോയിയുടെ മറ്റൊരു പരിഷ്ക്കരണമായിരുന്നു. ഡിലനോയിയുടെ എല്ലാ നടപടികള്‍ക്കും രാമയ്യന്‍ ദളവയുടെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നു.
ഉദയഗിരി കോട്ടയിലായിരുന്നു ഡിലനോയിയുടെ താമസം. അഞ്ചുതെങ്ങ് കോട്ട ഇന്റര്‍പ്രിറ്റര്‍ ആയ ഒരു ഉദ്യോഗസ്ഥന്റെ മകള്‍ മാര്‍ഗരെറ്റി (Margaret)നെയാണ് ഡിലനോയി വിവാഹം ചെയ്തത്. അവര്‍ വിധവയായിരുന്നു. സുറിയാനി ക്രിസ്ത്യാനിയായ അവരുടെ പിതാവ് ഈ വിവാഹത്തെ എതിര്‍ത്തു. എന്നാല്‍ മാര്‍ത്താണ്ഡവര്‍മ്മ ഇടപെട്ടാണ് വിവാഹം നടത്തിയത്. ഈ ദമ്പതികളുടെ ഏകമകന്‍ ജോവാനസ് (Joannes)തിരുവിതാംകൂര്‍ പട്ടാളത്തില്‍ തന്നെയാണ് സേവനം അനുഷ്ഠിച്ചത്. പിതാവിനെപ്പോലെ അതിസമര്‍ത്ഥനായിരുന്ന അദ്ദേഹം കളക്കാട് യുദ്ധത്തില്‍ 1765-ല്‍ (മാര്‍ത്താണ്ഡവര്‍മ്മയ്ക്കുശേഷം അധികാരമേറ്റ കാര്‍ത്തിക തിരുനാള്‍ മഹാരാജാവിന്റെ കാലമായിരുന്നു അത്) മരണമടഞ്ഞു. ഈ സംഭവം ഡിലനോയിയെ തളര്‍ത്തി. കാര്‍ത്തികതിരുനാള്‍ (ധര്‍മ്മരാജാവ്) ഉദയഗിരി കോട്ടയില്‍ ജോവാനസിന്റെ സ്മരണ നിലനിര്‍ത്താന്‍ ഒരു പള്ളി നിര്‍മ്മിക്കാന്‍ ഡിലനോയിയ്ക്ക് അനുമതി നല്കി. 1777 ജൂണ്‍ ഒന്നിന് ആണ് ഡിലനോയി ലോകത്തോട് വിടപറഞ്ഞത്. ഉദയഗിരിക്കോട്ട (ഇപ്പോള്‍ തമിഴ് നാട് സംസ്ഥാനത്തിന്റെ കന്യാകുമാരി ജില്ലയില്‍) യില്‍ ഡിലനോയിയുടേയും കുടുംബത്തിന്റെയും ശവകുടീരങ്ങള്‍ ഇപ്പോഴും കാണാം.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later