1957-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചരിത്രവിജയം. കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഏതാനും ചില കോണ്‍ഗ്രസ്സിതര കക്ഷികളും പരോക്ഷധാരണയില്‍.
സി. അച്ചുതമേനോന്‍ മുഖ്യമന്ത്രി (1969 നവംബര്‍ 1 മുതല്‍ - 1970 ആഗസ്റ്റ് 3 വരെ) |
|
ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രി (1967 മാര്‍ച്ച് 6 - 1969 നവംബര്‍ 1) |
|
1956 നവംബര്‍ ഒന്ന്
ഐക്യകേരളം നിലവില്‍വന്നു. തിരുകൊച്ചി രാജപ്രമുഖന്‍ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് അധികാരം ഒഴിഞ്ഞു. അദ്ദേഹത്തിന്റെ ഉപദേശകനായിരുന്നു പി.എസ്. റാവു. നവംബര്‍ ഒന്നിന് രാവിലെ കേരളത്തിന്റെ ആദ്യത്തെ ആക്ടിംഗ് ഗവര്‍ണര്‍ ആയി സത്യപ്രതിജ്ഞ ചെയ്തു. അങ്ങനെ ഐക്യകേരളം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. പക്ഷെ മലയാളികളുടെ സംസ്കാരതനിമയും ചരിത്രവും തുടികൊട്ടി നില്‍ക്കുന്ന കന്യാകുമാരിയും പദ്മനാഭപുരം കൊട്ടാരവും ഉള്‍ക്കൊള്ളുന്ന തെക്കന്‍ താലൂക്കുകളായ വിളവന്‍കോട്, അഗസ്തീശ്വരം, കല്‍കുളം, തോവാള എന്നിവയും ചെങ്കോട്ടയിലെ ഒരു ഭാഗവും മദ്രാസിലായി. അതേസമയം തെക്കന്‍ കാനറയിലെ കാസര്‍കോട് കേരളത്തിനുകിട്ടി. ഡോ. ബി. രാമകൃഷ്ണറാവു കേരളഗവര്‍ണറായി.
ഫെബ്രുവരി 28 മാര്‍ച്ച് 11 വരെ കേരളത്തിലെ ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പ്.
നിയമസഭാ മണ്ഡലം ഒറ്റനോട്ടത്തില്‍
നിയമസഭാ മണ്ഡലങ്ങള്‍ | 114 |
സീറ്റുകള്‍ | 126 |
ഏകാംഗമണ്ഡലങ്ങള്‍ | 102 |
ദ്വയാംഗമണ്ഡലങ്ങള്‍ | 12 |
പട്ടികജാതി സംവരണം | 11 |
പട്ടികവര്‍ഗ സംവരണം | 1 |
മത്സരിച്ച സ്ഥാനാര്‍ഥികള്‍ | 389 |
ആകെ വോട്ടര്‍മാര്‍ | 7514629 |
പോള്‍ ചെയ്തത് | 5899822 |
പോളിംഗ് ശതമാനം | 66.62% |
ജയിച്ച സിറ്റുകള്‍ (ബ്രാക്കറ്റില്‍ മത്സരിച്ച സ്ഥാനാര്‍ഥികളുടെ എണ്ണം) |
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 43(124), ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 60(100), പി.എസ്.പി. 9(62),ആര്‍.എസ്.പി. 0(27), മുസ്ലിംലീഗ് 8(17)
സ്വതന്ത്രന്മാര്‍ (കമ്മ്യൂണിസ്റ്റ്)5, എതിരില്ലാതെ സ്വതന്ത്രന്‍ 1, നോമിനേറ്റഡ് 1 |
പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ടിംഗ് ശതമാനം | കോണ്‍ഗ്രസ് (ഐ.എന്‍.സി.) 37.84%, പി.എസ്.പി. 10.76%, സി.പി.ഐ. 35.28%, ആര്‍.എസ്.പി. 3.22%, മുസ്ലിം ലീഗും സ്വതന്ത്രന്മാരും 12.87%. |
1957 ഏപ്രില്‍ 4 സ്വതന്ത്രന്മാരുടെ സഹായത്തോടെ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മന്ത്രിസഭ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കേരളത്തിലധികാരത്തില്‍ വന്നു.
ഏപ്രില്‍ 5 മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികദിനത്തില്‍ പ്രതിപക്ഷം അഴിമതിദിനം ആചരിച്ചു.
1959 ഏപ്രില്‍ 16 കോണ്‍ഗ്രസ് നേതാവ് പനമ്പള്ളി ഗോവിന്ദമേനോന്‍, സര്‍ക്കാരിനെതിരെ വിമോചനസമരം പ്രഖ്യാപിച്ചു.
1959 ജൂണ്‍ 12 സംസ്ഥാനവ്യാപകമായ പൊതുഹര്‍ത്താല്‍.
ജൂണ്‍ 13 അങ്കമാലിയില്‍ വെടിവയ്പ്. രണ്ടുപേര്‍ മരിച്ചു.
ജൂണ്‍ 15 വെട്ടുകാട് പുല്ലുവിള വെടിവയ്പ്.
ജൂലൈ 3 ചെറിയതുറയില്‍ വെടിവയ്പ്. ഫോറി എന്ന ഗര്‍ഭിണി മരിച്ചു.
ജൂലൈ 15 അങ്കമാലിയില്‍ നിന്നും മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെ പുറപ്പെട്ട ദീപശിഖ തിരുവനന്തപുരത്ത്.
ജൂലൈ 31 ഭരണഘടനയുടെ 355-ാം വകുപ്പ് ഉപയോഗിച്ച് ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായ കേന്ദ്രസര്‍ക്കാര്‍ കേരള സര്‍ക്കാരിനെ ഡിസ്മിസ് ചെയ്തു. കേരളം പ്രസിഡന്റ് ഭരണത്തിലായി.
പട്ടം എ. താണുപിള്ള മുഖ്യമന്ത്രി (22.2.1960 - 26.9.1962).
1960 വിമോചനസമരത്തേയും ഇ.എം.എസ്. മന്ത്രിയുടെ ഡിസ്മിസിനേയും തുടര്‍ന്ന് പ്രസിഡന്റ് ഭരണത്തിലായ കേരളത്തില്‍ 1960 ഫെബ്രുവരി ഒന്നിന് രണ്ടാം തിരഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസും പി.എസ്.പി.യും മുസ്ലിംലീഗും ഒന്നിച്ചാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് 63 ഉം, സി.പി.ഐ.ക്ക് 29 ഉം, മുസ്ലിം ലീഗിന് 11ഉം ആര്‍.എസ്.പി.ക്ക് ഒന്നും, കര്‍ണാടക സമിതിക്ക് ഒന്നും, സ്വതന്ത്രന് ഒന്നും സീറ്റ് ലഭിച്ചു. തിരഞ്ഞെടുപ്പുസമയത്ത് പട്ടംതാണുപിള്ളയെ മുഖ്യമന്ത്രിയാക്കാമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇതുകാരണം പി.എസ്.പി. നേതാവ് പട്ടംതാണുപിള്ള മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവ് ആര്‍. ശങ്കര്‍ ഉപമുഖ്യമന്ത്രിയുമായി അധികാരമേറ്റു. മുസ്ലിംലീഗിനെ മന്ത്രിസഭയില്‍ എടുക്കുന്നതിനെ കോണ്‍ഗ്രസ്സിന്റെ അഖില്യോ നേതൃത്വം എതിര്‍ത്തു. ഇതേത്തുടര്‍ന്ന് മുസ്ലീംലീഗ് നേതാവ് കെ.എം. സീതിസാഹിബിനെ സ്പീക്കറാക്കി.
ഏപ്രില്‍ 17 സ്പീക്കര്‍ സീതിസാഹിബ് അന്തരിച്ചു.
ജൂണ്‍ 9 സി.എച്ച്. മുഹമ്മദ് കോയ സ്പീക്കറായി.
നവംബര്‍ 9 ലീഗ് ഭരണമുന്നണിയില്‍ നിന്നും പിന്‍വലിക്കാന്‍ തീരുമാനിച്ചു.
ഡിസംബര്‍ 13 അലക്സാണ്ടര്‍ പറമ്പിത്തറ സ്പീക്കറായി.
1962 ആഗസ്റ്റ് 26 മന്ത്രി വേലപ്പന്‍ അന്തരിച്ചു.
സെപ്റ്റംബര്‍ 25 പട്ടം താണുപിള്ള പഞ്ചാബ് ഗവര്‍ണര്‍ ആയി നിയമിതനായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
ആര്‍. ശങ്കര്‍ മുഖ്യമന്ത്രി (26.9.1962 -10.9.1964)
1962 സെപ്റ്റംബര്‍ 26 ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായി.
ഒക്ടോബര്‍ 8 പി.എസ്.പി. മന്ത്രിമാരായ കെ. ചന്ദ്രശേഖരന്‍, ഡി. ദാമോദരന്‍ പോറ്റി എന്നിവര്‍ രാജിവച്ചു. ഇതോടെ ഭരണത്തില്‍ കോണ്‍ഗ്രസ് മാത്രമായി.
1964 ഫെബ്രുവരി 20 പി.ടി. ചാക്കോ മന്ത്രിസ്ഥാനം രാജിവച്ചു.
സെപ്റ്റംബര്‍ 2 15 കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ കോണ്‍ഗ്രസിന് പിന്തുണ പിന്‍വലിച്ചു.
സെപ്റ്റംബര്‍ 8 ശങ്കര്‍ മന്ത്രിസഭയ്ക്ക് എതിരെ നിയമസഭയില്‍ അവിശ്വാസപ്രമേയം പാസായി.
സെപ്റ്റംബര്‍ 10 നിയമസഭ പിരിച്ചുവിട്ടു; കേരളം പ്രസിഡന്റ് ഭരണത്തില്‍.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും പിളരുന്നു.
ശങ്കര്‍ മന്ത്രിസഭയ്ക്ക് എതിരെ അവിശ്വാസം പാസാകുന്നതിനു മുമ്പുതന്നെ കോണ്‍ഗ്രസ്സിലും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ചേരിതിരിവ് ആരംഭിച്ചിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഖില്യോ തലത്തില്‍ തന്നെ പിളര്‍പ്പിലേക്ക് നീങ്ങി. കോണ്‍ഗ്രസ്സിന്റേത് കേരളത്തിലും. 1962 മുതലാണ് സി.പി.ഐ.യില്‍ ചേരിതിരിവ് തുടങ്ങിയത്. ആശയപരമായ സംഘട്ടനവും ചൈനയോടും റഷ്യയോടുമുള്ള സമീപനവുമാണ് ഈ ചേരിതിരിവിന് കാരണമായത്. സി.പി.ഐ. ദേശീയ കൗണ്‍സില്‍ യോഗത്തില്‍ എസ്.എ. ഡാങ്കയെ അധ്യക്ഷപീഠത്തില്‍ നിന്നും മാറ്റണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടു. ഡാങ്ക വഴങ്ങിയില്ല. ഇതേത്തുടര്‍ന്ന് 96ല്‍ 32 അംഗങ്ങള്‍ ഇറങ്ങിപ്പോയി. ഇവരെ സി.പി.ഐ.യില്‍ നിന്നും പുറത്താക്കി. ചൈനീസ് ആക്രമണത്തോടെ ഭിന്നിപ്പ് കൂടുതല്‍ രൂക്ഷമായി. ഇടതുപക്ഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അനുകൂലിക്കുന്നവരായിരുന്നു. സി.പി.ഐ.യിലെ ഏഴ് എം.പി.മാര്‍ എ.കെ. ഗോപാലന്റെ നേതൃത്വത്തില്‍ ലോക്സഭയില്‍ പ്രത്യേക ബ്ലോക്കായി. ഇതോടെ ഏറ്റവും വലിയ പ്രതിപക്ഷകക്ഷി എന്ന സ്ഥാനം സി.പി.ഐ.യ്ക്ക് നഷ്ടപ്പെട്ടു.
ഇടതുപക്ഷ വിഭാഗത്തിന്റെ സമ്മേളനം കല്‍ക്കട്ടയില്‍ കൂടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഔദ്യോഗികപക്ഷം ബോംബേയില്‍ കൂടി തങ്ങളാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും അവകാശപ്പെട്ടു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സി.പി.എം. (മാര്‍ക്സിസ്റ്റ്)നെ അംഗീകരിച്ചതോടെ കേരളത്തിലുള്‍പ്പെടെ നൂറുകണക്കിന് നേതാക്കളെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ് കേരളത്തിലും ബാധിച്ചു. കേരളത്തില്‍ സി.പി.ഐ.യ്ക്ക് എം.എന്‍. ഗോവിന്ദന്‍ നായരും, സി.പി.ഐ.(എം)ന് ഇ.എം.എസും നേതൃത്വം നല്‍കി. കേരള നിയമസഭയിലും പിളര്‍പ്പ് പ്രകടമായി. ഇ.എം.എസ്സിന് 11 പേരുടെ പിന്തുണയേ ലഭിച്ചുള്ളൂ. 19 പേരുടെ പിന്തുണ ലഭിച്ച സി. അച്ചുതമേനോന്‍ പ്രതിപക്ഷത്തെ പ്രധാന നേതാവായി. എന്നാല്‍ രണ്ടുവിഭാഗവും ആര്‍. ശങ്കര്‍ക്ക് എതിരെ പി.കെ. കുഞ്ഞ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ അനുകൂലിച്ചു.
കേരള കോണ്‍ഗ്രസ് രൂപം കൊള്ളുന്നു.
പി.ടി. ചാക്കോയുടെ രാജിയില്‍ തുടങ്ങിയ കോണ്‍ഗ്രസിലെ ഭിന്നത എത്തിയത് ആ പാര്‍ട്ടിയിലെ പിളര്‍പ്പിലേക്കാണ്. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ചാക്കോ പരാജയപ്പെട്ടു. ചാക്കോയുടെ മരണത്തോടെ പ്രശ്നം രൂക്ഷമായി. ചാക്കോയെ അനുകൂലിച്ചിരുന്ന എം.എല്‍.എ.മാരില്‍ 15 പേര്‍ കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ തീരുമാനിച്ചു. ഉപനേതാവ് ആര്‍. ബാലകൃഷ്ണപിള്ളയായിരുന്നു. ഇതാണ് പിന്നീട് കേരളാ കോണ്‍ഗ്രസ് ആയി മാറിയത്. ശങ്കര്‍ മന്ത്രിസഭയ്ക്ക് എതിരെ വന്ന അവിശ്വാസ പ്രമേയത്തെ കെ.എം. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള വിഭാഗം പിന്തുണച്ചു.
കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പുകള്‍ക്കുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്
കോണ്‍ഗ്രസ്, സി.പി.ഐ. പിളര്‍പ്പിനുശേഷം 1965 മാര്‍ച്ചില്‍ കേരളത്തില്‍ തുടക്കക്കാല തെരഞ്ഞെടുപ്പ് നടന്നു. ഈ സമയത്ത് സി.പി.ഐ. (എം) നേതാക്കളില്‍ പലരും ജയിലിലായിരുന്നു. എന്നാല്‍ സി.പി.ഐ. (എം) തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ കക്ഷിയായി. അവര്‍ക്ക് സ്വതന്ത്രന്മാര്‍ ഉള്‍പ്പെടെ 44 സീറ്റുകള്‍ ലഭിച്ചു. സി.പി.ഐ.യ്ക്ക് മൂന്ന് സീറ്റേ ലഭിച്ചുള്ളൂ. കോണ്‍ഗ്രസ് 36, മുസ്ലീം ലീഗ് 6, സ്വതന്ത്രപാര്‍ട്ടി ഒന്ന്, കേരളാ കോണ്‍ഗ്രസ് 24, എസ്.എസ്.പി. 13 എന്നിങ്ങനെയായിരുന്നു കക്ഷിനില.
സി.പി.ഐ. (എം) ഉം, കേരള കോണ്‍ഗ്രസും ശക്തി തെളിയിച്ച ഈ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്തതിനാല്‍ മന്ത്രിസഭ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. നിയമസഭയില്‍ എം.എല്‍.എ.മാരുടെ സത്യപ്രതിജ്ഞ പോലും നടക്കാന്‍ കഴിയാതെ സഭ പിരിച്ചുവിട്ടു. ഇതേത്തുടര്‍ന്ന് കേരളം പ്രസിഡന്റ് ഭരണത്തിലായി.
രാഷ്ട്രീയസമവാക്യങ്ങള്‍ മാറുന്നു;
പുതിയ കൂട്ടുകെട്ടുകള്‍
ഒറ്റയ്ക്ക് ഭൂരിപക്ഷം ആര്‍ക്കും കിട്ടില്ലെന്ന് മനസ്സിലാക്കിയ സി.പി.ഐ. (എം) അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്നണി ഉണ്ടാക്കാന്‍ തീരുമാനിച്ചു. എതിരാളായ സി.പി.ഐ.യേയും ഉള്‍പ്പെടുത്താന്‍ ആലോചന തുടങ്ങി. സി.പി.ഐ. (എം.), സി.പി.ഐ., മുസ്ലീം ലീഗ്, ആര്‍.എസ്.പി., എസ്.എസ്.പി., കെ.എസ്.പി., കെ.ടി.പി. എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് സപ്തമുന്നണി രൂപീകരിച്ചു. കേരള കോണ്‍ഗ്രസും പി.എസ്.പി.യും സ്വതന്ത്രപാര്‍ട്ടിയും കൂട്ടുകക്ഷിയായി പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചു. 1967 മാര്‍ച്ചിലെ കേരളത്തിന്റെ നാലാം തെരഞ്ഞെടുപ്പ് പുതിയ മുന്നണി രാഷ്ട്രീയത്തിന്റെ തുടക്കമായി. സി.പി.ഐ. (എം.)ന് സ്വതന്ത്രന്മാര്‍ ഉള്‍പ്പെടെ 54ഉം, സി.പി.ഐ.യ്ക്ക് സ്വതന്ത്രനുള്‍പ്പെടെ 20ഉം, എസ്.എസ്.പി.ക്ക് 19ഉം, മുസ്ലീം ലീഗിന് 14ഉം, ആര്‍.എസ്.പി.യ്ക്ക് 6ഉം സീറ്റ് ലഭിച്ചു. കെ.ടി.പി.യ്ക്ക് രണ്ടും, കെ.എസ്.പി.ക്ക് ഒന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് ഒന്‍പതും കേരള കോണ്‍ഗ്രസ്സിന് അഞ്ചും സീറ്റുകളാണ് ലഭിച്ചത്.
മൂന്നാം കേരള നിയമസഭ
ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രി (1967 മാര്‍ച്ച് 6 - 1969 നവംബര്‍ 1)
ആദ്യമാദ്യം സുഖകരമായിട്ടാണ് ഭരണം മുമ്പോട്ടുപോയത്. എന്നാല്‍ സി.പി.ഐ.സി.പി.ഐ. (എം.) തമ്മിലുള്ള ബന്ധം അപ്പോഴും സുഖകരമായിരുന്നില്ല. പിന്നാലെ പല പ്രശ്നങ്ങളും തലപൊക്കി. അഴിമതി ആരോപണം, പാര്‍ട്ടികളിലെ പിളര്‍പ്പ്, പരസ്പരം ചെളിവാരി എറിഞ്ഞുകൊണ്ടുള്ള പ്രസ്താവന തുടങ്ങിയവ മന്ത്രിസഭയുടെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ തുടങ്ങി.
ധനമന്ത്രി പി.കെ. കുഞ്ഞിനെതിരെ കോണ്‍ഗ്രസ് അഴിമതി ആരോപണം ഉയര്‍ത്തി. എസ്.എസ്.പി. പിളര്‍പ്പിന് ഒരുവിഭാഗം ഐ.എസ്.പി.യായി. പി.കെ. കുഞ്ഞിനെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന മുഖ്യമന്ത്രിയുടെ നിഗമനത്തെ തുടര്‍ന്ന് 1969 മേയ് 13ന് അദ്ദേഹം രാജിവച്ചു. മുഖ്യമന്ത്രിയുടെ നടപടി ഏകപക്ഷീയമാണെന്ന് സി.പി.ഐ.യും ഐ.എസ്.പി.യും അഭിപ്രായപ്പെട്ടു. 1969 ജൂണ്‍ 16ന് മലപ്പുറം ജില്ലാ രൂപീകരിച്ചതിനെ തുടര്‍ന്ന് ലീഗും മുന്നണിയില്‍ നിന്നും അകന്നുതുടങ്ങി. ഭരണമുന്നണിക്ക് അകത്ത് "ഒരു മിനിമുന്നണി\' ഉണ്ടായി. കെ.ടി.പി. അംഗമായ വെല്ലിങ്ടണിനെതിരെയുള്ള അഴിമതി അന്വേഷണം വേണമെന്ന് ഒക്ടോബര്‍ 4ന് പ്രമേയം പാസായതോടെ മന്ത്രിസഭ ഉലയാന്‍ തുടങ്ങി. പിന്നീട് മിനി മുന്നണിയിലെ എം.എന്‍. ഗോവിന്ദന്‍നായര്‍, ടി.വി. തോമസ്, പി.ആര്‍. കുറുപ്പ്, ടി.കെ. ദിവാകരന്‍, അവുക്കാദുകുട്ടി നഹ, സി.എച്ച്. മുഹമ്മദ് കോയ എന്നിവര്‍ ഒക്ടോബര്‍ 21ന് രാജിവച്ചു. അപ്പോള്‍ തന്നെ വെല്ലിങ്ടണും രാജിവച്ചു. കെ.ആര്‍. ഗൗരി, എം.കെ. കൃഷ്ണന്‍, ഇ.കെ. ഇമ്പിച്ചിബാബ, മത്തായി മാഞ്ഞുരാന്‍ തുടങ്ങിയ മന്ത്രിമാര്‍ക്ക് എതിരെയുള്ള അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന പ്രമേയം സി.പി.ഐ.യിലെ ടി.പി. മജീദ് കൊണ്ടുവന്നു. പ്രമേയം പാസായതോടെ ഇ.എം.എസ്. രാജിവയ്ക്കാന്‍ തീരുമാനിച്ചു. 1969 നവംബര്‍ ഒന്നിന് ഇ.എം.എസ്. മന്ത്രിയുടെ രാജി പ്രാബല്യത്തില്‍ വന്നു.
സി. അച്ചുതമേനോന്‍ മുഖ്യമന്ത്രി (1969 നവംബര്‍ 1 മുതല്‍ - 1970 ആഗസ്റ്റ് 3 വരെ)
ഇ.എം.എസ്സിന്റെ രാജിയെത്തുടര്‍ന്ന് രാജ്യസഭാംഗവും സി.പി.ഐ. നേതാവുമായ സി.അച്ചുതമേനോന്‍ 1969 നവംബര്‍ ഒന്നിന് മുഖ്യമന്ത്രിയായി. എട്ടംഗ മന്ത്രിസഭയില്‍ സി.പി.ഐ.യെക്കൂടാതെ ഐ.എസ്.പി., ആര്‍.എസ്.പി., ലീഗ്, കേരള കോണ്‍ഗ്രസ് എന്നീ കക്ഷികളും അംഗമായി. മാര്‍ച്ചില്‍ അച്ചുതമേനോന്‍ മന്ത്രിസഭ നിയമസഭയില്‍ വിശ്വാസവോട്ട് നേടി. ഈ സമയത്ത് കോണ്‍ഗ്രസ് ഇന്ദിരാ കോണ്‍ഗ്രസ് സംഘടന കോണ്‍ഗ്രസ് എന്ന് രണ്ടുവിഭാഗം രൂപപ്പെട്ടിരുന്നു. ഇന്ദിരാ കോണ്‍ഗ്രസിലെ അംഗങ്ങള്‍ വിശ്വാസപ്രമേയത്തെ അനുകൂലിച്ചു. കൊട്ടാരക്കര മണ്ഡലത്തില്‍ നിന്ന് ഈ ചന്ദ്രശേഖരന്‍ നായര്‍ രാജിവച്ചു. അവിടെ സംസ്ഥാന നിയമസഭയിലേക്ക് അച്ചുതമേനോന്‍ മത്സരിച്ചു ജയിച്ചു. പക്ഷെ ഐ.എസ്.പി.യിലെ പ്രശ്നങ്ങള്‍ അച്ചുതമേനോന്‍ മന്ത്രിസഭയില്‍ പ്രശ്നം സൃഷ്ടിച്ചു. മുന്‍മന്ത്രി പി.കെ. കുഞ്ഞിന്റെ പേരിലുള്ള അന്വേഷണ നടപടികള്‍ ഹൈക്കോടതി റദ്ദുചെയ്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ മന്ത്രിയാക്കാനും, എന്‍.കെ. ശേഷനെ മന്ത്രിസഭയില്‍ നിന്നും പിന്‍വലിക്കാനുമുള്ള തീരുമാനമാണ് പ്രശ്നം വഷളാക്കിയത്.
മന്ത്രിസ്ഥാനം രാജിവച്ച ശേഷന്‍ രണ്ട് എം.എല്‍.എ.മാരോടൊപ്പം പി.എസ്.പി.യായി. ഒടുവില്‍ പ്രശ്നം നേരിടാന്‍ നിയമസഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ഉചിതമെന്ന തീരുമാനത്തില്‍ ഭരണമുന്നണി എത്തി. ആഗസ്റ്റ് നാലിന് കേരളം വീണ്ടും പ്രസിഡന്റ് ഭരണത്തിലായി. സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.ഐ. (എം), എസ്.എസ്.പി., ഐ.എസ്.പി., കെ.ടി.പി., കെ.എസ്.പി., ഇടതുപക്ഷ മുന്നണിയും കോണ്‍ഗ്രസ്, സി.പി.ഐ., മുസ്ലീം ലീഗ്, പി.എസ്.പി., ആര്‍.എസ്.പി. എന്നീ കക്ഷികള്‍ ചേര്‍ന്ന് കോണ്‍ഗ്രസ് ഐക്യമുന്നണിയായും, കേരള കോണ്‍ഗ്രസ്സും സംഘടന കോണ്‍ഗ്രസ്സും പ്രത്യേക ജനാധിപത്യ മുന്നണിയായും മത്സരിച്ചു. കോണ്‍ഗ്രസ് 32, സി.പി.ഐ. 16, മുസ്ലീം ലീഗ് 12, ആര്‍.എസ്.പി. 6, പി.എസ്.പി. 3, സി.പി.എം. 32, എസ്.എസ്.പി. 7, ഐ.എസ്.പി. 3, കെ.ടി.പി. 2, കെ.എസ്.പി. 2, കേരള കോണ്‍ഗ്രസ് 14, സംഘടനാ കോണ്‍ഗ്രസ് 4 ഇതായിരുന്നു ഫലം. ഇതേത്തുടര്‍ന്ന് അച്ചുതമേനോന്‍ വീണ്ടും മുഖ്യമന്ത്രിയായി.
നാലാം നിയമസഭ
സി. അച്ചുതമേനോന്‍ മുഖ്യമന്ത്രി (1970 ഒക്ടോബര്‍ 4 മുതല്‍ - 1977 മാര്‍ച്ച് 25 വരെ).
സി.പി.ഐ., മുസ്ലീം ലീഗ്, ആര്‍.എസ്.പി., പി.എസ്.പി. എന്നീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ഉള്‍ക്കൊണ്ട ഈ മന്ത്രിസഭയില്‍ 1971 സെപ്റ്റംബറില്‍ കോണ്‍ഗ്രസ് ചേര്‍ന്നു. കെ. കരുണാകരന്‍, കെ.ടി. ജോര്‍ജ്, ഡോ. കെ.ജി. അടിയോടി, വക്കം പുരുഷോത്തമന്‍, വെള്ള ഈച്ചരന്‍ എന്നിവരായിരുന്നു കോണ്‍ഗ്രസ് മന്ത്രിമാര്‍. മന്ത്രിസഭ പുനഃസംഘടനയെത്തുടര്‍ന്ന് സി.പി.ഐ. മന്ത്രിമാരായ എന്‍.ഇ. ബലറാം, പി.എസ്. ശ്രീനിവാസന്‍, പി.കെ. രാഘവന്‍ എന്നിവര്‍ രാജിവച്ചു. പകരം എം.എന്‍. ഗോവിന്ദന്‍ നായര്‍, ടി.വി. തോമസ് എന്നിവര്‍ മന്ത്രിമാരായി. 1972 ഏപ്രില്‍ മൂന്നിന് ധനമന്ത്രി കെ.ടി. ജോര്‍ജ് അന്തരിച്ചു. വിദ്യാഭ്യാസമന്ത്രി സി.എച്ച്. മുഹമ്മദ്കോയ പാര്‍ലമെന്‍റില്‍ മത്സരിക്കാന്‍ 1973 മാര്‍ച്ച് ഒന്നാം തീയതി രാജിവച്ചു. ഇതേത്തുടര്‍ന്ന് ചാക്കേരി അഹമ്മദ്കുട്ടി വിദ്യാഭ്യാസമന്ത്രിയായി.
1975 ഡിസംബര്‍ 26-ാം തീയതി ആര്‍. ബാലകൃഷ്ണപിള്ള മന്ത്രിയായി. 1976 ജൂണില്‍ അദ്ദേഹം രാജിവച്ചതിനെ തുടര്‍ന്ന് കെ.എം. ജോര്‍ജ് മന്ത്രിയായി. അതേവര്‍ഷം ഡിസംബറില്‍ അദ്ദേഹം മരിച്ചു. പിന്നീട് 1977 ജനുവരിയില്‍ പി. നാരായണക്കുറുപ്പ് മന്ത്രിയായി. 1976 ജനുവരി 19ന് പൊതുമരാമത്ത് മന്ത്രി ടി.കെ. ദിവാകരന്‍ അന്തരിച്ചതിനെത്തുടര്‍ന്ന് കെ. പങ്കജാക്ഷന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അടിയന്തിരാവസ്ഥക്കാലത്തിലൂടെയാണ് അച്ചുതമേനോന്‍ മന്ത്രിസഭ കടന്നുപോയത്. അടിയന്തിരാവസ്ഥ പിന്‍വലിച്ചശേഷമുള്ള സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പും പാര്‍ലമെന്റ് തെരഞ്ഞെടുപ്പും നടന്നത് അച്ചുതമേനോന്റെ കാലത്താണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ അച്ചുതമേനോന്‍ മത്സരിച്ചില്ല.
അഞ്ചാം നിയമസഭ
കെ. കരുണാകരന്‍ മുഖ്യമന്ത്രി (1977 മാര്‍ച്ച് 25 - 1977 ഏപ്രില്‍ 25)
ഫെബ്രുവരി 21ന് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭരണത്തിലുണ്ടായിരുന്ന ഐക്യജനാധിപത്യ മുന്നണി 111 സീറ്റ് നേടി. കോണ്‍ഗ്രസ്, എന്‍.ഡി.പി., സി.പി.ഐ., ആര്‍.എസ്.പി., കേരള കോണ്‍ഗ്രസ് (മാണി), ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, പി.എസ്.പി. എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നതായി ഐക്യജനാധിപത്യ മുന്നണി. സി.പി.ഐ.(എം.), അഖില്യോ മുസ്ലീം ലീഗ്, കേരളാ കോണ്‍ഗ്രസ് (പിള്ള), ജനതാപാര്‍ട്ടി തുടങ്ങിയവരായിരുന്നു ഇടതുപക്ഷ മുന്നണി. കോണ്‍ഗ്രസ് 38, സി.പി.ഐ. 23, കേരളാ കോണ്‍ഗ്രസ് (എം.) 20, മുസ്ലീം ലീഗ് 13, ആര്‍.എസ്.പി. 9, എന്‍.ഡി.പി. 5, പി.എസ്.പി. 3, സി.പി.ഐ. (എം.) 17, ജനതാ പാര്‍ട്ടി 6, കേരളാ കോണ്‍ഗ്രസ് (പിള്ള) 2, അഖില്യോ മുസ്ലീം ലീഗ് 3 ആയിരുന്നു കക്ഷിനില. ഇതേത്തുടര്‍ന്ന് കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി 1977 മാര്‍ച്ച് 25ന് സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റുചെയ്ത് തടങ്കലിലാക്കിയ റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്തി രാജനെ ഹാജരാക്കാന്‍ അച്ഛന്‍ ഈശ്വരവാര്യര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള ഹൈക്കോടതിവിധിയെ തുടര്‍ന്ന് ഏപ്രില്‍ 25ന് കെ. കരുണാകരന്‍ മന്ത്രിസഭ നിലംപതിച്ചു.
എ.കെ. ആന്‍റണി മുഖ്യമന്ത്രി (1977 ഏപ്രില്‍ 27 - 1978 ഒക്ടോബര്‍ 27)
അടിയന്തിരാവസ്ഥക്കാലത്തെ അതിക്രമങ്ങളെ സംബന്ധിച്ച അന്വേഷണങ്ങള്‍, അഖില്യോ തലത്തില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടല്‍, കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉരുണ്ടുകൂടിയ അഭിപ്രായഭിന്നത, ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടല്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് ആന്‍റണി സര്‍ക്കാര്‍ കടന്നുപോയത്. എ.കെ. ആന്‍റണി നിയമസഭാംഗം ആയിരുന്നില്ല. കഴക്കൂട്ടം മണ്ഡലത്തിലെ തലേക്കുന്നില്‍ ബഷീറിനെ രാജിവയ്പിച്ച് ആന്‍റണി അവിടെ മത്സരിച്ച് ജയിച്ച് നിയമസഭാംഗമായി. അഖില്യോ തലത്തില്‍ കോണ്‍ഗ്രസിലെ പിളര്‍പ്പ് കേരളത്തിലും ബാധിക്കാന്‍ തുടങ്ങി. ഇന്ദിരാഗാന്ധിയെ അനുകൂലിക്കുന്നവരില്‍ കെ. കരുണാകരനും, എതിര്‍ക്കുന്നവരില്‍ എ.കെ. ആന്‍റണിയും നിലയുറപ്പിച്ചു. കരുണാകരന്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായി. അതേവരെ ഇ.എം.എസ്. ആയിരുന്നു പ്രതിപക്ഷ നേതാവ്. ഇതിനിടയില്‍ കോണ്‍ഗ്രസ് (ഐ)യ്ക്ക് ഇലക്ഷന്‍ കമ്മീഷന്‍ "കൈപ്പത്തി" അടയാളമായി നല്‍കി. 1978 ഒക്ടോബര്‍ 27ന് എ.കെ. ആന്‍റണി രാജിവച്ചു.
പി.കെ. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി (1978 ഒക്ടോബര്‍ 29 - 1979 ഒക്ടോബര്‍ 7)
ചിക്കമംഗളൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയ്ക്ക് സീറ്റ് നല്‍കിയ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി ബോര്‍ഡിന്റെ നിലപാടില്‍ പ്രതിഷേധിച്ച് എ.കെ. ആന്‍റണി രാജിവച്ചതിനെത്തുടര്‍ന്ന് മന്ത്രിസഭയില്‍ ഉണ്ടായിരുന്ന പി.കെ. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായി. ഇതിനിടയില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലുണ്ടായ പൊട്ടിത്തെറിയും മാണിഗ്രൂപ്പും, ജോസഫ് ഗ്രൂപ്പും തമ്മിലുള്ള വഴക്കും വക്കാണവും മന്ത്രിസഭയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഇഷ്ടദാനബില്ലിനെ സംബന്ധിച്ച തര്‍ക്കവും അഖിലേന്ത്യാതലത്തില്‍ ഇടതുപക്ഷ ഐക്യത്തിനുവേണ്ടിയുള്ള ആഹ്വാനവും സി.പി.ഐ.യും ആര്‍.എസ്.പി.യും മുന്നണി മാറാന്‍ തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് പി.കെ.വി. മുഖ്യമന്ത്രിസ്ഥാനം 1979 ഒക്ടോബര്‍ 7ന് രാജിവച്ചു.
സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രി (1979 ഒക്ടോബര്‍ - 12 1979 ഡിസംബര്‍ 1)
പി.കെ.വി. മന്ത്രിസഭയുടെ പതനത്തെ തുടര്‍ന്ന് മുസ്ലീം ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായി. 1979 ഒക്ടോബര്‍ 12ന് അധികാരമേറ്റു. അധികം താമസിയാതെ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് പ്രതിപക്ഷത്തുചേര്‍ന്നു. ജനതാപാര്‍ട്ടിയിലും പിളര്‍പ്പ് ഉണ്ടായി. എ.കെ. ആന്‍റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് (യു) പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടായി. ഇതിനിടയില്‍ കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കി മന്ത്രിസഭ രൂപീകരിക്കാന്‍ പ്രതിപക്ഷശ്രമം നടന്നുവെങ്കിലും വിജയിച്ചില്ല. ഭൂരിപക്ഷം നഷ്ടപ്പെട്ട സി.എച്ച്. മന്ത്രിസഭ 1979 ഡിസംബര്‍ ഒന്നിന് രാജിവച്ചു.
ആറാം നിയമസഭ
ഇ.കെ. നയനാര്‍ മുഖ്യമന്ത്രി (1980 ജനുവരി 25 - 1981 ഒക്ടോബര്‍ 20)
അഖില്യോ തലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റേയും ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായതിന്റേയും പശ്ചാത്തലത്തിലാണ് 1980 ജനുവരിയില്‍ കേരളത്തില്‍ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.
സി.പി.ഐ. (എം.), സി.പി.ഐ., കോണ്‍ഗ്രസ് (യു) (ആന്‍റണി ഗ്രൂപ്പ്), ആര്‍.എസ്.പി., കേരള കോണ്‍ഗ്രസ് (മാണി), കേരള കോണ്‍ഗ്രസ് (പിള്ള), അഖില്യോ മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി, കോണ്‍ഗ്രസ് (ഐ.) നേതൃത്വത്തില്‍ മുസ്ലീം ലീഗ്, കേരളാ കോണ്‍ഗ്രസ് (ജെ.), ജനത, എന്‍.ഡി.പി., പി.എസ്.പി. എന്നീ പാര്‍ട്ടികള്‍ ഐക്യജനാധിപത്യ മുന്നണിയിലും മത്സരിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് ഭൂരിപക്ഷം കിട്ടിയതിനെ തുടര്‍ന്ന് 1980 ജനുവരി 25ന് ഇ.കെ. നയനാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
അഖിലേന്ത്യാതലത്തില്‍ വീണ്ടും രാഷ്ട്രീയസംഭവവികാസങ്ങളുടെ കാലമായിരുന്നു നയനാര്‍ മന്ത്രിസഭയുടേത്. ഇന്ദിരാഗാന്ധി നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന് ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ചതോടെ ദേവരരാജ് അരശ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് (യു)ന് ദേശീയപാര്‍ട്ടി എന്ന അംഗീകാരം പിന്‍വലിച്ചു. പിന്നീട് കോണ്‍ഗ്രസ് (യു.) രണ്ടായി പിളര്‍ന്നു. ഒരുവിഭാഗത്തിന്റെ പ്രസിഡന്‍റായി ശരദ്പവാറിനെ തെരഞ്ഞെടുത്തു. അതോടെ കോണ്‍ഗ്രസ് (യു.), കോണ്‍ഗ്രസ് (എസ്.) ആയി. നയനാര്‍ മന്ത്രിസഭയില്‍ അംഗമായ കോണ്‍ഗ്രസ് (എസ്.)ന് പലകാര്യങ്ങളിലും അഭിപ്രായഭിന്നത തുടങ്ങി. അത് ദിവസംതോറും രൂക്ഷമായിക്കൊണ്ടിരുന്നു. കേരള കോണ്‍ഗ്രസ് (മാണി)ന്റെ സ്ഥിതിയും അതുതന്നെയായിരുന്നു. കോണ്‍ഗ്രസ് (എസ്) മന്ത്രിസഭയില്‍ നിന്നും രാജിവയ്ക്കാന്‍ തീരുമാനിച്ചു. പിന്നാലെ കേരള കോണ്‍ഗ്രസ്സും (മാണി) മന്ത്രിമാരെ പിന്‍വലിച്ചു. ഇതേത്തുടര്‍ന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ട നയനാര്‍ മന്ത്രിസഭ 1981 ഒക്ടോബര്‍ 20ന് രാജിവച്ചു. കോണ്‍ഗ്രസ് (എസ്.) പിന്നീട് പിളര്‍ന്ന് എ.കെ. ആന്‍റണിയുടെ മുഖ്യവിഭാഗം കോണ്‍ഗ്രസ് (ഐ.)യില്‍ ചേര്‍ന്നു.
കെ. കരുണാകരന്‍ മുഖ്യമന്ത്രി (1981 ഡിസംബര്‍ 28 - 1982 മാര്‍ച്ച് 17)
കരുണാകരന്‍ മുഖ്യമന്ത്രിയും സി.എച്ച്. മുഹമ്മദ്കോയ ഡെപ്യൂട്ടി മുഖ്യമന്ത്രിയും ആയുള്ള ഈ മന്ത്രിസഭയില്‍ പി.ജെ. ജോസഫ്, കെ.എം. മാണി, ഉമ്മന്‍ചാണ്ടി, കെ. ശിവദാസന്‍, സി.എം. സുന്ദരം, ആര്‍. സുന്ദരേശന്‍ നായര്‍ എന്നിവര്‍ മന്ത്രിമാരായി. കോണ്‍ഗ്രസ് (എസ്.)ലെ എ.സി. ജോസ് ആയിരുന്നു സ്പീക്കര്‍. എന്നാല്‍ അവിശ്വാസപ്രമേയം സഭയില്‍ വന്നപ്പോള്‍ സ്പീക്കര്‍ക്ക് കാസ്റ്റിംഗ് വോട്ട് ചെയ്യേണ്ടിവന്നു. സമസമമായിരുന്ന കക്ഷിനില തകിടം മറിഞ്ഞത് കേരള കോണ്‍ഗ്രസ് (എം)ലെ അംഗം ലോനപ്പന്‍ നമ്പാടന്‍ ഭരണമുന്നണിയില്‍ പിന്‍മാറിയതാണ്. ഇതോടെ 1982 മാര്‍ച്ച് 17ന് മന്ത്രിസഭ രാജിവച്ചു. ഇതേത്തുടര്‍ന്ന് കേരളം വീണ്ടും പ്രസിഡന്റ് ഭരണത്തിലായി.
ഏഴാം നിയമസഭ
കെ. കരുണാകരന്‍ മുഖ്യമന്ത്രി (1982 മേയ് 24 - 1987 മാര്‍ച്ച് 25)
മേയ് മാസം നടന്ന പൊതുതെരഞ്ഞെടുപ്പ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യജനാധിപത്യമുന്നണിയും തമ്മിലായിരുന്നു പ്രധാനമത്സരം. കോണ്‍ഗ്രസ് (ഐ.), കോണ്‍ഗ്രസ് ആന്‍റണി വിഭാഗം, കേരളാ കോണ്‍ഗ്രസ് (എം.), കേരള കോണ്‍ഗ്രസ് (ജെ.), ജനത (ജി.), എന്‍.ഡി.പി., എസ്.ആര്‍.പി., ആര്‍.എസ്.പി. (എസ്.), പി.എസ്.പി., എന്‍.ഡി.പി. എന്നിവരും ഒരു സ്വതന്ത്രനും ഉള്‍പ്പെട്ട 77 അംഗങ്ങള്‍ ഐക്യജനാധിപത്യ മുന്നണിക്ക് ലഭിച്ചു. സി.പി.ഐ. (എം.), സി.പി.ഐ., കോണ്‍ഗ്രസ് (എസ്.), ജനത, അഖില്യോ മുസ്ലീം ലീഗ്, ആര്‍.എസ്.പി., ഡി.എസ്.പി., ഇടതുപക്ഷ മുന്നണിയ്ക്കും സ്വതന്ത്രന്മാര്‍ക്കും കൂടി 63 സീറ്റ് കിട്ടി. കെ. കരുണാകരന്‍ 1982 മാര്‍ച്ച് 24ന് സത്യപ്രതിജ്ഞ ചെയ്തു. പ്രതിസന്ധികളുടെ ഘോഷയാത്രയായിരുന്നു ഈ മന്ത്രിസഭയ്ക്ക് നേരിടേണ്ടിവന്നത്. ഡിസംബറില്‍ കൊച്ചിയില്‍ നടന്ന സമ്മേളനത്തില്‍ ആന്‍റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് കോണ്‍ഗ്രസ് (ഐ.)യില്‍ ലയിച്ചു. 1983 സെപ്റ്റംബര്‍ 28 ഉപമുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്കോയ അന്തരിച്ചതിനെ തുടര്‍ന്ന് അവുക്കാദര്‍കുട്ടി നഹ ആ സ്ഥാനത്ത് എത്തി.
പഞ്ചാബ് പ്രസംഗത്തിന്റെ പേരില്‍ മന്ത്രി ബാലകൃഷ്ണപിള്ളയ്ക്ക് നേരെ ഉയര്‍ന്ന ആരോപണം, പിന്നീട് അദ്ദേഹത്തിന്റെ രാജി, പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം കഴിച്ചുകൊടുത്തു എന്നതിന്റെ പേരില്‍ മന്ത്രി എം.പി. ഗംഗാധരന് എതിരെയുള്ള കോടതിവിധിയും രാജിയും, അഴിമതിയുടെ പേരില്‍ മന്ത്രി എന്‍. ശ്രീനിവാസന്റെ രാജി, മന്ത്രി കെ.ജി.ആര്‍. കര്‍ത്തയുടെ രാജി തുടങ്ങിയ രാഷ്ട്രീയസംഭവങ്ങള്‍ ഇക്കാലത്ത് നടന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗില്‍ അഖില്യോ മുസ്ലീം ലീഗ് ലയിച്ചു. സി.പി.ഐ. (എം.)ല്‍ ഉണ്ടായ പ്രധാന പൊട്ടിത്തെറി എം.വി. രാഘവനെ പുറത്താക്കിയതാണ്. അദ്ദേഹവും കൂട്ടരും കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി (സി.എം.പി.), രൂപീകരിച്ചു. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ കരുണാകരന്‍ മന്ത്രിസഭ 1987 മാര്‍ച്ച് 25ന് രാജിവച്ചു.
എട്ടാം നിയമസഭ
ഇ.കെ. നയനാര്‍ മുഖ്യമന്ത്രി (1987 മാര്‍ച്ച് 26 - 1991 ജൂണ്‍ 17)
1987 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.ഐ. (എം.), സി.പി.ഐ., ലോക്ദള്‍, ജനതാ, കോണ്‍ഗ്രസ് (എസ്.) എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന ഇടതുപക്ഷ മുന്നണി 78 സീറ്റ് നേടി. ഇതേത്തുടര്‍ന്ന് ഇ.കെ. നയനാര്‍ മുഖ്യമന്ത്രിയായി മാര്‍ച്ച് 26ന് സത്യപ്രതിജ്ഞ ചെയ്തു. ഒരുമാസം തികയുന്നതിനു മുമ്പ് ലോക്ദള്‍ പാര്‍ട്ടിയിലുണ്ടായ അഭിപ്രായഭിന്നത മന്ത്രി എം.പി. വീരേന്ദ്രകുമാറിന്റെ രാജിയില്‍ കലാശിച്ചു. ഇ.കെ. നയനാര്‍ ഭരണകാലത്ത് സി.പി.ഐ. (എം.)നകത്തും ചില പ്രശ്നങ്ങളുണ്ടായി. ഈ മന്ത്രിസഭയുടെ കാലത്താണ് രാജീവ്ഗാന്ധി പെരുമ്പുത്തൂരില്‍ ദാരുണമായി കൊല്ലപ്പെട്ടത്. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരുവര്‍ഷം ബാക്കിയുള്ളപ്പോള്‍ നയനാര്‍ മന്ത്രിസഭ രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചു. 1991ല്‍ മന്ത്രിസഭ രാജിവച്ചു.
ഒന്‍പതാം കേരള നിയമസഭ
കെ. കരുണാകരന്‍ മുഖ്യമന്ത്രി (1991 ജൂണ്‍ 24 - 1995 മാര്‍ച്ച് 16)
1991 ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയില്‍പ്പെട്ട കോണ്‍ഗ്രസ് (ഐ.)യ്ക്ക് 57ഉം, മുസ്ലീം ലീഗിന് 19ഉം കേരള കോണ്‍ഗ്രസ് (എം.)ന് 10ഉം, കേരള കോണ്‍ഗ്രസ് (ബി.)യ്ക്ക് രണ്ടും, എന്‍.സി.പി.യ്ക്ക് രണ്ടും, സി.എം.പി.യ്ക്ക് ഒന്നും, സ്വതന്ത്രന് ഒരു സീറ്റും ലഭിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ സി.പി.ഐ. (എം.) 29, സി.പി.ഐ. 12, ജനതാദള്‍ 3, കോണ്‍ഗ്രസ് (എസ്.) 2, ആര്‍.എസ്.പി. 2, കേരള കോണ്‍ഗ്രസ് (ജോസഫ്) 1, സ്വതന്ത്രന്‍ ഒരു സീറ്റും ഉള്‍പ്പെടെ യു.ഡി.എഫിന് 92 സീറ്റ് ലഭിച്ചു. എല്‍.ഡി.എഫ്.ന് 48 സീറ്റേ ലഭിച്ചുള്ളൂ. 1991 ജൂണ്‍ 24ന് കെ. കരുണാകരന്‍ മുഖ്യമന്ത്രിയായ മന്ത്രിസഭ അധികാരമേറ്റു. എന്നാല്‍ കോണ്‍ഗ്രസ്സില്‍ ആന്‍റണിയുടേയും, കരുണാകരന്റേയും വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം മന്ത്രിസഭയില്‍ തുടക്കത്തില്‍ നിഴലിച്ചു. വി.എം. സുധീരനെ മന്ത്രിയാക്കണമെന്ന ആവശ്യം കരുണാകരവിഭാഗം തള്ളി. ഇതുകാരണം കോണ്‍ഗ്രസ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ നീണ്ടുപോയി. ഏറ്റുമാനൂര്‍ നിയമസഭയില്‍ നിന്നും കേരള കോണ്‍ഗ്രസിലെ തോമസ് ചാഴിക്കാടന്‍ ജയിച്ചുവന്നതോടെ മന്ത്രിസഭയിലെ ഭരണമുന്നണിയുടെ ശക്തി കൂടി. അതിനുമുമ്പ് ജൂലൈ രണ്ടിന് കോണ്‍ഗ്രസ് മന്ത്രിമാര്‍ ഉള്‍പ്പെടെ എല്ലാ ഘടകകക്ഷികളിലേയും മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് മന്ത്രിസഭയെ അലട്ടിക്കൊണ്ടിരുന്നു.
ഇടതുപക്ഷ മുന്നണിയിലും ഈ സമയത്ത് പ്രശ്നങ്ങള്‍ തലപൊക്കി. പ്രധാന രാഷ്ട്രീയസംഭവവികാസം 1993ല്‍ സി.പി.ഐ. (എം.)ല്‍ ഉണ്ടായ പ്രശ്നമാണ്. പാര്‍ട്ടി നേതാവ് കെ.ആര്‍. ഗൗരിയമ്മയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും തരംതാഴ്ത്തിയതിനെ തുടര്‍ന്ന് അവര്‍ രാജിവച്ചു. കുറച്ചുകാലമായി അവരും പാര്‍ട്ടിയും തമ്മില്‍ ഉരസല്‍ ആയിരുന്നു. ഗൗരിയമ്മ ജനാധിപത്യ സംരക്ഷണസമിതി എന്ന സംഘടന രൂപീകരിച്ചു.
കോണ്‍ഗ്രസ് (ഐ.)യിലെ പ്രശ്നങ്ങള്‍ എ.കെ. ആന്‍റണി കേന്ദ്രമന്ത്രിയായിട്ടും തീര്‍ന്നില്ല. കേരള കോണ്‍ഗ്രസ്സിലും, മുസ്ലീം ലീഗിലും ഈ സമയത്ത് പ്രശ്നങ്ങള്‍ ഉരുണ്ടുകൂടി. മുസ്ലീം ലീഗ് പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേട്ടും സംസ്ഥാന ഘടകവുമായി ഉരസല്‍ തുടങ്ങി. 1993ല്‍ കേരള കോണ്‍ഗ്രസ് (എം.)ല്‍ നിന്നും വിട്ട പി.എം. മാത്യു എം.എല്‍.എ. ചെയര്‍മാനും, ടി.എം. ജേക്കബ് പാര്‍ലമെന്‍ററി നേതാവുമായി പുതിയ കേരള കോണ്‍ഗ്രസ് രൂപീകരിച്ചു. രാജ്യസഭാ സീറ്റാണ് ഭരണമുന്നണിയില്‍ അടുത്ത പ്രശ്നം. ഭരണമുന്നണിക്ക് ലഭിക്കേണ്ട രണ്ടുസീറ്റുകളില്‍ ഓരോന്ന് ആന്‍റണി, കരുണാകര വിഭാഗത്തിന് നല്‍കാന്‍ തീരുമാനമായി. തുടര്‍ന്ന് വയലാര്‍ രവിയും, ഡോ. എം.എ. കുട്ടപ്പനും നാമനിര്‍ദ്ദേശപത്രിക നല്‍കി. ഈ സമയത്താണ് ലീഗ് ഒരു സീറ്റ് ആവശ്യപ്പെട്ടത് കെ.പി.സി.സി. ഡോ. എം. കുട്ടപ്പനോട് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. വയലാര്‍ രവിയും മുസ്ലീം ലീഗിലെ അബ്ദുള്‍ സമദ് സമ്ദാനിയും രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തു. ആന്‍റണി വിഭാഗത്തിനും ഇത് തിരിച്ചടിയായി. ഇതേത്തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ ഉമ്മന്‍ചാണ്ടി ധനമന്ത്രിസ്ഥാനം ഒഴിയുമെന്ന സ്ഥിതിയിലെത്തി. പക്ഷെ അത് വേണ്ടെന്നുവച്ചു. കെ. കരുണാകരനെ നേതൃത്വത്തില്‍ നിന്നും മാറ്റാന്‍ 20 എം.എല്‍.എ.മാര്‍ ഒപ്പുവച്ച നിവേദനം എ.ഐ.സി.സി.ക്ക് നല്‍കി. ഇതില്‍ ഒപ്പിട്ടതിന്റെ പേരില്‍ കെ.പി. വിശ്വനാഥനോട് മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വഴക്കുംവക്കാണവും സസ്പെന്‍ഷനും തുടര്‍ന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് (ഐ.)യിലെ എം.എല്‍.എ., പി.ടി. തോമസിനെ സസ്പെന്‍ഡ് ചെയ്തു. ഇതിനിടയിലാണ് അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് എന്‍.ഡി.പി. മന്ത്രി ആര്‍. രാമചന്ദ്രന്‍ നായരുടെ രാജി.
ഗവണ്മെന്‍റിന്റെ വിദ്യാഭ്യാസനയത്തിനെതിരെ ഡി.വൈ.എഫ്.ഐ. നടത്തിയ സമരം ശക്തമായി. കൂത്തുപറമ്പില്‍ മന്ത്രി എം.വി. രാഘവനെ തടഞ്ഞ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കുനേരെ ഉണ്ടായ വെടിവയ്പില്‍ അഞ്ചുപേര്‍ മരിച്ചു. ഇതോടെ അവരുടെ പ്രക്ഷോഭത്തിന് ശക്തികൂടി. മുസ്ലീം ലീഗില്‍ നിന്നും രാജിവച്ച ഇബ്രാഹിം സുലൈമാന്‍ സേഠ് ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന പാര്‍ട്ടി രൂപീകരിച്ചു. ഗുരുവായൂര്‍ എം.എല്‍.എ. പി.എം. അബൂബേക്കറും, തിരൂരങ്ങാടി എം.എല്‍.എ., യു.എ. ബീരാനും രാജിവച്ച് സേട്ടിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു. ഗുരുവായൂരില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രന്‍ പി.ടി. കുഞ്ഞുമുഹമ്മദ് വിജയിച്ചു.
1994-ല്‍ തിരുവനന്തപുരം ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനില്‍ നടന്നതായി ആരോപിച്ച ചാരവൃത്തി കേസില്‍ ചില പോലീസ് ഉദ്യോഗസ്ഥന്മാരെ സഹായിച്ചു എന്ന പേരില്‍ ഭരണമുന്നണിയില്‍ പ്രശ്നം രൂക്ഷമായി. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസിലെ വഴക്ക് അവസാനം എത്തിച്ചത് മുഖ്യമന്ത്രി കെ. കരുണാകരന്റെ രാജിയിലായിരുന്നു. 1995 മാര്‍ച്ച് 16ന് അദ്ദേഹം രാജിവച്ചു.
എ.കെ. ആന്‍റണി മുഖ്യമന്ത്രി (1995 മാര്‍ച്ച് - 22 1996 മേയ് 9)
കരുണാകരന്റെ രാജിയെത്തുടര്‍ന്ന് കേന്ദ്ര സിവില്‍ സപ്ലൈസ് മന്ത്രിസ്ഥാനം രാജിവച്ച് എത്തിയ എ.കെ. ആന്‍റണി 1995 മാര്‍ച്ച് 22ന് മുഖ്യമന്ത്രിയായി. മന്ത്രിമാരെ നിശ്ചയിക്കുന്ന കാര്യത്തില്‍ തുടക്കത്തിലേ ബുദ്ധിമുട്ട് കോണ്‍ഗ്രസ് (ഐ.)യ്ക്ക് ഉണ്ടായി. സി.വി. പത്മരാജന്‍ (കോണ്‍ഗ്രസ് ഐ.), പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, ടി.എം. ജേക്കബ്, ആര്‍. ബാലകൃഷ്ണപിള്ള, എം.വി. രാഘവന്‍ എന്നിവര്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. ഏപ്രില്‍ 30ന് വി.എം. സുധീരന്‍, ജി. കാര്‍ത്തികേയന്‍, ആര്യാടന്‍ മുഹമ്മദ്. കടവൂര്‍ ശിവദാസന്‍ എന്നീ കോണ്‍ഗ്രസ് (ഐ.) മന്ത്രിമാരും ഇ.ടി. മുഹമ്മദ് ബഷീര്‍, സി.ടി. അഹമ്മദാലി, പി.കെ. ബാവ എന്നീ മുസ്ലീം ലീഗ് മന്ത്രിമാരും അധികാരമേറ്റു. മേയ് 3ന് പന്തളം സുധാകരന്‍, എം.ടി. പത്മ, പി.പി. തങ്കച്ചന്‍, കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നീ കോണ്‍ഗ്രസ് (ഐ.) മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഇതിനിടയില്‍ എം.എല്‍.എ. സ്ഥാനം രാജിവച്ച കെ. കരുണാകരനെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തു.
പത്താംനിയമസഭ
ഇ.കെ. നയനാര്‍ മുഖ്യമന്ത്രി (1996 മേയ് 20 - 2001 മേയ് 13)
1996 മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് ഭൂരിപക്ഷം കിട്ടി. സി.പി.ഐ. (എം.), സി.പി.ഐ., ജനതാദള്‍, കോണ്‍ഗ്രസ് (എസ്.), കേരള കോണ്‍ഗ്രസ് (ജെ.), ആര്‍.എസ്.പി. എന്നിവരുള്‍പ്പെട്ട ഇടതുപക്ഷ മുന്നണിക്ക് 80ഉം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് (എം.), കേരള കോണ്‍ഗ്രസ് (ജെ.), ജെ.എസ്.എസ്., കേരള കോണ്‍ഗ്രസ് (ബി.), സി.പി.എം. എന്നീ പാര്‍ട്ടികളായിരുന്നു യു.ഡി.എഫില്‍ ഉണ്ടായിരുന്നത്. 1996 മേയ് 5ന് ഇ.കെ. നയനാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഈ മന്ത്രിസഭയിലുണ്ടായിരുന്ന പിണറായി വിജയന്‍ 98 ഒക്ടോബര്‍ 19ന് രാജിവെച്ചത് സി.പി.ഐ. (എം.) സംസ്ഥാന സെക്രട്ടറിയാകാനായിരുന്നു. 97 മേയ് 29ന് കൃഷിമന്ത്രി വി.കെ. രാജന്‍ അന്തരിച്ചു. 2000 ജനുവരി 19 എ.സി. ഷണ്‍മുഖദാസ് രാജിവച്ച ഒടുവില്‍ വി.സി. കബീര്‍ മന്ത്രിയായി. 98 ജനുവരി 7ന് മന്ത്രി ബേബി ജോണ്‍ രാജിവച്ചു. പകരം വി.പി. രാമകൃഷ്ണപിള്ള മന്ത്രിയായി. മന്ത്രി പി.ആര്‍. കുറുപ്പ്, നീലലോഹിതദാസന്‍ നാടാര്‍ എന്നിവരുടേയും രാജികളും സി.കെ. നാണുവിന്റെ പുതിയ മന്ത്രിയായുള്ള ചുമതല ഏല്‍ക്കുകയും ഈ കാലഘട്ടത്തിലുണ്ടായി.
പതിനൊന്നാം നിയമസഭ
എ.കെ. ആന്‍റണി മുഖ്യമന്ത്രി (2001 മേയ് 17 2004 ആഗസ്റ്റ് 29)
2001 മേയ് 10ന് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണിക്ക് 99ഉം, ഇടതുപക്ഷ മുന്നണിയ്ക്ക് 40 സീറ്റുമാണ് ലഭിച്ചത്. മേയ് 17ന് എ.കെ. ആന്‍റണിയുടെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. ഭരണകാര്യങ്ങളില്‍ നേതൃത്വവും മുഖ്യമന്ത്രിയും തമ്മിലുള്ള ആഭ്യന്തരപ്രശ്നങ്ങള്‍ മന്ത്രിസഭയെ ഉലയ്ക്കാന്‍ തുടങ്ങി. സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെയായപ്പോള്‍ എ.കെ. ആന്‍റണി 2004 ആഗസ്റ്റ് 28ന് മഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി 2004 ആഗസ്റ്റ് 31 മുതല്‍ 2006 മേയ് 12 വരെ
എ.കെ. ആന്‍റണിയുടെ രാജിയെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി. മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, കെ.പി. വിശ്വനാഥന്‍ എന്നിവരുടെ രാജിയാണ് ഈ മന്ത്രിസഭയുടെ കാലത്തെ പ്രധാന സംഭവങ്ങള്‍.
പന്ത്രണ്ടാം നിയമസഭ
വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി 2006 മേയ് 18 2011 മേയ് 14
2006-ലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയ്ക്ക് 98ഉം ഐക്യജനാധിപത്യ മുന്നണിക്ക് 42ഉം സീറ്റുകളാണ് ലഭിച്ചത്. ഇതേത്തുടര്‍ന്ന് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി 2006 മേയ് 18ന് സത്യപ്രതിജ്ഞ ചെയ്തു. സി.പി.ഐ.(എം.)ലെ പ്രശ്നങ്ങള്‍ മന്ത്രിസഭയ്ക്ക് പലപ്പോഴും പ്രതിസന്ധി സൃഷ്ടിച്ചു. മുഖ്യമന്ത്രി അച്യുതാനന്ദനും സി.പി.ഐ.(എം.) ഔദ്യോഗിക ഗ്രൂപ്പും രണ്ടുചേരിയിലായി. ഇത് ഭരണത്തെ ബാധിച്ചു. പി.ജെ. ജോസഫിന്റെ വിമാനയാത്ര അപഖ്യാതിയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ രാജി അതിനുശേഷം സത്യപ്രതിജ്ഞ ചെയ്ത ടി.യു. കുരുവിളയ്ക്ക് എതിരെ ഭൂമി സംബന്ധമായ അഴിമതിയ ആരോപണത്തെ തുടര്‍ന്നുള്ള രാജി, വീണ്ടും പി.ജെ. ജോസഫിന് സത്യപ്രതിജ്ഞ ചെയ്യാന്‍ മന്ത്രി മോന്‍സ് ജോസഫിന്റെ രാജി, കേരള കോണ്‍ഗ്രസ് (എം.)ല്‍ ലയിക്കാന്‍ പിന്നീട് പി.ജെ. ജോസഫിന്റെ രാജി ജനതാദളിലെ പ്രശ്നങ്ങളുടെ പേരില്‍ മന്ത്രി മാത്യു ടി. തോമസിന്റെ രാജിയും ജോസ് തെറ്റയിലിന്റെ സത്യപ്രതിജ്ഞയും ഈ മന്ത്രിസഭാകാലത്തെ എടുത്തുപറയേണ്ട സംഭവങ്ങളാണ്. മന്ത്രിസഭയുടെ അവസാനകാലത്ത് കടന്നപ്പള്ളി രാമചന്ദ്രനും (കോണ്‍ഗ്രസ്എസ്.), വി. സുരേന്ദ്രന്‍പിള്ളയും (കേരള കോണ്‍ഗ്രസ് ലയനവിരുദ്ധവിഭാഗം) മന്ത്രിമാരായി.
പതിമൂന്നാം നിയമസഭ
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി (2011 മേയ് 18 - 2016 മേയ് 19)
13-ാം കേരള നിയമസഭയിലേക്ക് 2011 ഏപ്രില്‍ മൂന്നിന് നടന്ന തിരഞ്ഞെടുപ്പില്‍ 72 സീറ്റോടെ യു.ഡി.എഫ് മുന്നിലെത്തി. എല്‍.ഡി.എഫ് 68 സീറ്റുംനേടി. ബി.ജെ.പി രണ്ട് നിയോജക മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി. യു.ഡി.എഫ് -38, ഇന്‍ഡ്യന്‍ യൂണിയന്‍ മുസ്ലീംലീഗ്-20, കേരളാ കോണ്‍ഗ്രസ്(എം)-9, സോഷ്യലിസ്റ്റ് ജനത-2, കേരള കോണ്‍ഗ്രസ്(ബി), കേരള കോണ്‍ഗ്രസ്(ജേക്കബ്), ആര്‍.എസ്.പി (ബി) എന്നിവ ഒന്നുവീതം. ഇതായിരുന്നു യു.ഡി.എഫിന്റെ കക്ഷിനില.
എല്‍.ഡി.എഫില്‍ 45 സീറ്റ് നേടി സി.പി.എം കേരളത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. സി.പി.ഐ-13, ജനതാദള്‍ (സെക്യുലര്‍)-4, ആര്‍.എസ്.പി-രണ്ട്, എന്‍.സി.പി-2, എല്‍.ഡി.എഫ് സ്വതന്ത്രര്‍-2. 2011 മെയ് 18ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു. മുഖ്യമന്ത്രി ഉള്‍പ്പടെ 20 മന്ത്രിമാരാണുണ്ടായിരുന്നത്. ജൂണ്‍ ഒന്നിന് നിയമസഭ നിലവില്‍വന്നു. ജി.കാര്‍ത്തികേയന്‍ സ്പീക്കറും എന്‍.ശക്തന്‍ ഡെപ്യൂട്ടി സ്പീക്കറുമായി.
നാമമാത്ര ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ ഈ സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും സംഭവ ബഹുലമായിരുന്നു. മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് തന്നെ ജയിച്ചു.
മന്ത്രിയായിരുന്ന ടി.എം.ജേക്കബ് 2011 ഒക്ടോബര്‍ 30 ന് അന്തരിച്ചതാണ് ആദ്യ ഉപതിരഞ്ഞെടുപ്പിന് വഴിതെളിച്ചത്. 2012 മാര്‍ച്ച് 16ന് നടന്ന പിറവത്ത് നടന്ന ആ ഉപതിരഞ്ഞെടുപ്പില്‍ ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് വിജയിച്ചു. ഏപ്രില്‍ 12 ന് അനൂപ് ജേക്കബും മുസ്ലീം ലീഗിന്റെ അഞ്ചാമത്തെ മന്ത്രിയായി മഞ്ഞളാംകുഴി അലിയും സത്യപ്രതിജ്ഞചെയ്തു.
നെയ്യാറ്റിന്‍കരയില്‍ നിന്നുള്ള സി.പി.എം എം.എല്‍.എ ആയിരുന്ന ആര്‍.സെല്‍വരാജ് 2012 മാര്‍ച്ച് 10 ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജൂണ്‍ രണ്ടിന് ഇവിടെ് നടന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും സെല്‍വരാജ് തന്നെ വിജയിച്ചു. ഇതോടെ യു.ഡി.എഫിന്റെ അംഗബലം 73 ആയി.
2014 ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ആര്‍.എസ്.പിയിലെ രണ്ട് അംഗങ്ങളും എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫില്‍ എത്തി. എന്നാല്‍ 2016 ജൂണില്‍, സര്‍ക്കാരിന്റെ അവസാന കാലത്ത് ആര്‍.എസ്പിയിലെ കോവൂര്‍ കുഞ്ഞുമോന്‍ രാജിവെച്ച് ആര്‍.എസ്.പി ലെനിനിസ്റ്റ് എന്ന പാര്‍ട്ടിയുണ്ടാക്കി. കുഞ്ഞുമോന്റെ പാര്‍ട്ടി എല്‍.ഡി.എഫിനൊപ്പമായി. ഗാര്‍ഹിക പീഡന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ 2013 ഏപ്രില്‍ രണ്ടിന് മന്ത്രിസ്ഥാനം രാജിവെച്ചു. കോണ്‍ഗ്രസുമായുള്ള അഭിപ്രായ വിത്യാസം കാരണം ഗണേഷ്‌കുമാറിന്റെ കേരള കോണ്‍ഗ്രസ് ബിയും സര്‍ക്കാരിന്റെ അവസാനകാലത്ത് യു.ഡി.എഫ് വിട്ടു.
കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയും ആഭ്യന്തര മന്ത്രിയായി 2014 ജനവരി ഒന്നിന് മന്ത്രിസഭയിലെത്തി. സോളാര്‍ കേസ്സും ബാര്‍ക്കോഴ കേസ്സും സര്‍ക്കാരിനെ പിടിച്ചുലച്ചെങ്കിലും 2016 ജൂണ്‍ 26 ന് അരുവിക്കര നടന്ന മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രിലെ കെ.എസ്. ശബരീനാഥന്‍ വിജയിച്ചു. സ്പീക്കറായിരുന്ന ജി.കാര്‍ത്തികേയന്റെ നിര്യാണമാണ് ഉപതിരഞ്ഞെടുപ്പിന് കാരണമായത്. 2015 മാര്‍ച്ച് ഏഴിനാണ് കാര്‍ത്തികേയന്‍ അന്തരിച്ചത്. അദ്ദേഹത്തിന്റെ മകന്‍ ശബരീനാഥനാണ് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായത്. എന്‍.ശക്തനാണ് പിന്നീട് സ്പീക്കറായത്. പാലോട് രവി ഡെപ്യൂട്ടി സ്പീക്കറും. ബാര്‍ക്കോഴ കേസ്സില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ 2015 മാര്‍ച്ച് 13ന് പ്രതിപക്ഷം നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. കേരള നിയമസഭ കണ്ട എക്കാലത്തെയും രൂക്ഷമായ സംഘര്‍ഷമാണ് അന്ന് സഭയില്‍ അരങ്ങേറിയത്. സ്പീക്കറുടെ വേദി തകര്‍ക്കപ്പെട്ടു. അംഗങ്ങള്‍ തമ്മിലടിച്ചു. കേസ്സുകള്‍ കോടതിയിലെത്തി.
എന്നാല്‍ മാണിക്ക് പിടിച്ചുനില്‍ക്കാനായില്ല. ബാര്‍ക്കോഴ കേസ്സിലെ കോടതി പരാമര്‍ശങ്ങളെത്തുടര്‍ന്ന് ആ വര്‍ഷം നവംബര്‍ 10ന് മാണി രാജിവെച്ചു. ബാര്‍ക്കോഴ കേസ്സില്‍പ്പെട്ട എക്‌സൈസ് മന്ത്രി കെ.ബാബുവിന് 2016 ജനവരി 24 ന് രാജിവെയ്‌ക്കേണ്ടിവന്നെങ്കിലും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചില്ല. കോടതി പരാമര്‍ശം അനുകൂലമായതിനാല്‍ ദിവസങ്ങള്‍ക്കകം ബാബു പ്രസ്താവന പിന്‍വലിച്ച് മന്ത്രിസഭയില്‍ തിരിച്ചെത്തി.
പാര്‍ട്ടി നേതാവ് കെ.എം.മാണിയുമായുള്ള അഭിപ്രായ വിത്യാസത്തെത്തുടര്‍ന്ന് അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ സ്വന്തം സഖ്യമുണ്ടാക്കി സ്ഥാനര്‍ത്ഥിയെ നിര്‍ത്തിയ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരെ കൂറുമാറ്റപരാതി ഉയര്‍ന്നു. ജോര്‍ജ് രാജിക്കത്തുനല്‍കിയെങ്കിലും സ്പൂക്കര്‍ അത് അംഗീകരിച്ചില്ല. രാജി അംഗീകരിക്കാതെ 2015 നവംബര്‍ 13 ന് ജോര്‍ജിനെ സ്പീക്കര്‍ പുറത്താക്കി. തോമസ് ഉണ്ണിയാടന്‍ സര്‍ക്കാര്‍ ചീഫ് വിപ്പായി. എന്നാല്‍ ഹൈക്കോടതി വിധി ജോര്‍ജിന് അനുകൂലമായിരുന്നു. എങ്കിലും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജോര്‍ജ് രാജിവെച്ചു.
തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി 13-ാം നിയമസഭ 2016 ഫിബ്രവരി 24 ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
പതിനാലാം കേരള നിയമസഭ
പിണറായി വിജയന്‍ മുഖ്യമന്ത്രി (25-05-2016 ---)
പതിനാലാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞടുപ്പ് പ്രഖ്യാപനം 2016 മാര്‍ച്ച് 4 ന് ആണ് ഉണ്ടായത്. 140 മണ്ഡലങ്ങളിലേക്കും 2016 മേയ് 16ന് വോട്ടെടുപ്പ് നടന്നു മേയ് 19 ന് ആയിരുന്ന ഫല പ്രഖ്യാപനം. സി.പി.എം നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് 91 സീറ്റുകളും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് 47 സീറ്റുകളിലും ഒരു സീറ്റില്‍ ബി.ജെ.പി യും , ഒരു സ്വതന്ത്രനും ജയിച്ചു. ബി.ജെ.പി. ആദ്യമായി കേരളത്തില്‍ അക്കൌണ്ട് തുറന്നത് ഈ തെരഞ്ഞെടുപ്പിലായിരുന്നു. നേമത്തു നിന്നും മുന്‍ കേന്ദ്ര സഹമന്ത്രി ഒ. രാജഗോപാലാണ് ഇവിടെ ബി..ജെ.പി ക്കു വേണ്ടി അക്കൗണ്ട് തുറന്നത് . ഇടതുപക്ഷ വിജയത്ത തുടര്‍ന്ന് പിണറായി വിജയന്‍ മുഖ്യ മന്ത്രിയായി അധികാരമേറ്റു. ഈ തെരഞ്ഞെടുപ്പില്‍ ഓരോ കക്ഷികള്‍ക്കും കിട്ടിയ സീറ്റുകളുടെ എണ്ണം താഴെ കൊടുക്കുന്നു.
ആകെ സീറ്റ് 140
എല്‍. ഡി.എഫ് - 91
സി.പി.എം(സതന്ത്രര്‍ ഉള്‍പ്പെടെ) - 63
സി.പി.ഐ - 19
ജനതാദള്‍ (എസ്) - 3
എന്‍.സി.പി - 2
കോണ്‍ഗ്രസ്(എസ്) - 1
കേരളാ കോണ്‍ഗ്രസ്(ബി) - 1
സി.എം.പി - 1
ആര്‍.എസ്.പി (എല്‍) - 1
യു.ഡി.എഫ് - 47
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് - 22
ഇന്ത്യന്‍ യുണിയന്‍ മുസ്ലീംലീഗ് - 18
കേരള കോണ്‍ഗ്രസ്(എം) - 6
കേരള കോണ്‍ഗ്രസി (ജേക്കബ്) - 1
സ്വതന്ത്രന്‍ - 1
ബി.ജെ.പി - 1
അദ്യ സമയത്ത് മികച്ച ഭരണമായിരുന്നു പിണറായിയുടേത്. ഉപദേശകരായി വിവിധ രംഗങ്ങളില്‍ നല്ല പരിജ്ഞാനമുള്ളവരെ നിയമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കര്‍ശനമായ ിനിയന്ത്രണങളുണ്ടായിരുന്നു്.എന്നാല്‍ ബന്ധു നിയമന വിവാദത്തെത്തുടര്‍ന്ന വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍റേയും ഫോണ്‍വിളി പ്രശ്നത്തില്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍റേയും രാജി മന്ത്ര സഭയുടെ പ്രതിഛായയെ ബാധിച്ചുു. ഇ.പി. ജയരാജന് പകരം എം.എം. മണിയും. എ.കെ ശശിന്ദ്രനുപകരം തോമസ് ചാണ്ടിയും മന്ത്രിയായി. തോമസ് ചാണ്ടി പിന്നീട് രാജ വച്ചതിനെത്തുടര്‍ന്ന് ശശീന്ദ്രന്‍ വീണ്ടും മന്ത്രയായി. അതേപോലെ ഇ.പി.ജയരാജനും പിന്നീട് മന്ത്രിയായി. ശബരിമല പ്രശ്നമായിരുന്നു മന്ത്രസഭ നേരിട്ട മുഖ്യ പ്രതിസന്ധി. പിന്നീട് നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് ഒഴികെ എല്ലാം കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്ന് ലഭിച്ചു. കെ.എം. മാണിയുടെ ചരമത്തെ തുടര്‍ന്ന് പാലയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞടുപ്പിലും ഭരണമുന്നണിക്ക് തിളക്കമാര്‍ന്ന വിജയം ഉണ്ടായി. ഓഫി, രണ്ട് പേമാരിയും വെള്ളപോക്കവും കോറോണ എന്നിവയെ പിണറായി സര്‍ക്കാര്‍ ധീരമായി നേരിട്ടത് ജനങ്ങളുടെ ഇടയില്‍ മതിപ്പുണ്ടാക്കി. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനെ സംബന്ധിച്ചുും സ്വപ്ന സുരേഷ് എന്ന വനിതയില്‍ ആരോപിച്ച സ്വര്‍ണ കള്ളക്കടത്തും ചില ഏജന്‍സികള്‍ക്ക് നല്‍കിയ വഴിവിട്ട് കരാര്‍ നല്‍കിയ ആരോപണവും, പാവപ്പെട്ടവര്‍ക്ക് വീട് വച്ചു നല്‍കിയതിലെ കമ്മീഷന്‍ ആരോപണവും മന്ത്രസഭക്ക് പ്രശ്നങ്ങളുണ്ടാക്കി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഈ ആരോപണങ്ങളെല്ലാം പുറത്തു കൊണ്ടുവന്നത്. ഇതേപ്പറ്റി അന്വേഷിക്കാന്‍ സി.ബി.ഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലെത്തി. ഇതിന്‍റെ പിന്നില്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ഗക്കാരും യു.ഡി.എഫും തമ്മിലുള്ള ഒത്തുകളിയാണെന്ന് ഭരണപക്ഷം ആരോപിച്ചു. ഈ പശ്ചാത്തലത്തിലാണ് 2021 മാര്‍ച്ച് 12 ന് 14ാംനയമസഭക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടായത്. ഏപ്രില്‍ 6ന് ആണ് തെരഞ്ഞെടുപ്പ്. മേയ് രണ്ടിന് വോട്ടെണ്ണല്‍.
പിണറായി മന്ത്രിസഭയുടെ കാലത്തെ പ്രധാന സംഭവങ്ങള്‍
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later