നെതര്‍ലണ്ട്സി (ഡച്ച്, ഹോളണ്ട്)ന്റെ ഇന്നലെകള്‍

നെതര്‍ലന്‍ഡ്സ് പലപ്പോഴും ഹോളണ്ട് എന്ന് വിളിക്കപ്പെടാറുണ്ട്. വാസ്തവത്തിൽ ഇവിടുത്തെ 12 പ്രവിശ്യകളിൽ രണ്ടെണ്ണം മാത്രമാണ് വടക്കൻ ഹോളണ്ടും തെക്കൻ ഹോളണ്ടും. ഇവിടുത്തെ ജനങ്ങളെയും ഭാഷയെയും സൂചിപ്പിക്കാൻ ഡച്ച് എന്ന പദം ഉപയോഗിക്കുന്നു.

നെതര്‍ലന്‍ഡ്സ്
ഒറ്റനോട്ടത്തില്‍


പടിഞ്ഞാറൻ യൂറോപ്പിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. വടക്കും പടിഞ്ഞാറും നോർത്ത് കടൽ, തെക്ക് ബെൽജിയം, കിഴക്ക് ജർമനി എന്നിവയുമായി അതിർത്തി രൂപവത്കരിക്കുന്നു. ആംസ്റ്റർഡാം ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.


നിശബ്ദനായ വില്യം
(William the Silent)
വില്യം ഒന്നാമന്‍
(King Willem I 1813-1840)
വില്യം രണ്ടാമന്‍
(King Willem II 1840-49)
വില്യം മൂന്നാമന്‍
(King Willem III 1849-1890)
വില്‍ഹെമിന
(Queen Wilhelmina 1890-1948)
ജൂലിയാന
(Juliana 1948-1980)

പഴയ ഡച്ച് ഭൂപടം (Old Dutch Map)

ബി.സി. 58-ല്‍ ജൂലിയസ് സീസറിന്റെ കാലത്ത് നെതര്‍ലണ്ട്സ് റോമന്‍ സാമ്രാജ്യത്തിന്റെ കീഴിലായി. എ.ഡി. നാലാം നൂറ്റാണ്ടില്‍ കിഴക്കന്‍ ഫ്രാങ്കിഷ് (ജര്‍മാനിക് ഗോത്രങ്ങള്‍) ന്റേയും പതിനാറാം നൂറ്റാണ്ടില്‍ സ്പെയിനിന്റേയും നിയന്ത്രണത്തിലായി. ശക്തമായ സ്പെയിനിലെ ഭരണാധികാരികളും പ്രഭുക്കന്മാരും, പട്ടാളമേധാവികളും ഡച്ചുകാരെ അടിച്ചമര്‍ത്തുകയും അവരുടെ വ്യാപാരത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തു. അക്കാലത്ത് ബെല്‍ജിയവും ഡച്ചില്‍ ആയിരുന്നു. കമ്പിളി വസ്ത്രനിര്‍മ്മാണം, കപ്പല്‍ നിര്‍മ്മാണം, കൃഷി, മത്സ്യബന്ധനം തുടങ്ങിയ വ്യവസായങ്ങളിലും വാണിജ്യത്തിലും മുന്‍പില്‍ നിന്നിരുന്ന ഡച്ച് സമൂഹം തളരാന്‍ തുടങ്ങി. രാജ്യത്തുള്ളവര്‍ കൂടുതലും പ്രൊട്ടസ്റ്റന്റ് ആയതാണ് സ്പെയിന്‍കാരെ ചൊടിപ്പിച്ചത്. സ്പെയിന്‍ അവരുടെ തുറമുഖങ്ങളിലൂടെയുള്ള ഡച്ചുകാരുടെ വാണിജ്യത്തിന് തടസ്സം സൃഷ്ടിച്ചു. അഭിമാനികളായ ഡച്ചുകാര്‍ ഒത്തുകൂടി ഓറഞ്ച് രാജവംശത്തിലെ രാജകുമാരനായ വില്യമിനെ രാജാവായി തെരഞ്ഞെടുത്തു. വില്യം (നിശബ്ദനായ വില്യം എന്നാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്) ആണ് നെതര്‍ലണ്ട്സിന്റെ സ്ഥാപകന്‍. സ്പെയിന്‍ ഡച്ചുകാരെ ആക്രമിക്കാന്‍ തുടങ്ങി. എന്നാല്‍ വില്യമിന്റെ നിശ്ചയദാര്‍ഢ്യവും ജനങ്ങളുടെ സഹകരണവും സ്പെയിനിന് തലവേദനയായി. കഷ്ടനഷ്ടങ്ങളും ദാരിദ്ര്യവും പട്ടിണിയും മറന്ന് വില്യമിന്റെ കീഴില്‍ ഒരൊറ്റ മനസ്സോടെ ഡച്ചുജനത നിലകൊണ്ടു. പുറത്തുനിന്ന് യോദ്ധാക്കളെ കൊണ്ടുവന്നും, കടല്‍ഭിത്തികള്‍ പൊട്ടിച്ച് ശത്രുക്കള്‍ക്ക് ഭീമമായ നഷ്ടം വരുത്തിയും ഡച്ചുകാര്‍ സ്പെയിനിനെതിരെ പോരാടി. 1579-ല്‍ ഉത്തരമേഖലയിലെ ഏഴ് പ്രദേശങ്ങള്‍ ഡച്ചുകാര്‍ക്ക് അധീനമായി. അവിടെ വില്യമിന്റെ നേതൃത്വത്തിലുള്ള ഭരണം തുടങ്ങി. എന്നിരുന്നാലും സ്പെയിനുമായിട്ടുള്ള യുദ്ധം തുടര്‍ന്നു. വില്യമിനെ തോല്പിക്കാന്‍ കഴിയാത്ത സ്പെയിന്‍കാര്‍, അജ്ഞാതഘാതകരെ കൊണ്ട് അദ്ദേഹത്തെ 1584-ല്‍ വധിച്ചു. പിന്നീട് വില്യമിന്റെമകന്‍ മൊറിസ് ഭരണാധികാരിയാകുകയും സ്പെയിനുമായിട്ടുള്ള യുദ്ധം തുടരുകയും ചെയ്തു. ഇതിനിടയില്‍ ഡച്ചുകാര്‍ അവരുടെ കച്ചവടവും വ്യവസായവുമെല്ലാം പുനരുദ്ധരിക്കാന്‍ തുടങ്ങി. പൗരസ്ത്യദേശവുമായി കച്ചവടം നടത്താന്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിച്ചു. അതിന്റെ നേതൃത്വത്തിലാണ് വാന്‍ഡര്‍ ഹാഗന്‍ കോഴിക്കോട് എത്തി സാമൂതിരി രാജാവുമായി കരാര്‍ ഉണ്ടാക്കിയത്. ഒരു ഇന്ത്യന്‍ രാജാവും ഡച്ചുകാരുമായിട്ടുള്ള ആദ്യ ഉടമ്പടിയായിരുന്നു അത്. പിന്നീട് ആഫ്രിക്കയില്‍, അമേരിക്കയില്‍, ആസ്ട്രേലിയയില്‍, ന്യൂസിലണ്ടിലെല്ലാം ഡച്ച് ശക്തി വ്യാപിച്ചു. അവിടങ്ങളില്‍ അവര്‍ കോളനികള്‍ സ്ഥാപിച്ചു. പലേടത്തും സ്പെയിന്‍കാരും പിന്നീട് പോര്‍ട്ടുഗീസുകാരുമായി അവര്‍ ഏറ്റുമുട്ടി. ഇന്‍ഡോനേഷ്യയും, സിലോണും, മലാക്ക, പോര്‍ട്ടുഗീസുകാരിലുണ്ടായിരുന്ന കൊച്ചിയുമെല്ലാം ഡച്ചുകാരുടെ കൈയ്യിലായി. ഇന്‍ഡോനേഷ്യയിലെ ബറ്റേവിയ അവരുടെ കിഴക്കന്‍ തലസ്ഥാനമായി. 1648-ല്‍ സ്പെയിന്‍കാര്‍ക്ക് ഡച്ചുകാരുടെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം അംഗീകരിക്കേണ്ടിവന്നു. അപ്പോഴേക്കും ലോകത്തിലെ വന്‍നാവികശക്തിയായി ഡച്ചുകാര്‍ ഉയര്‍ന്നുകഴിഞ്ഞിരുന്നു.

ആദ്യം ഡച്ചുകാരുടെ സഹായിയായിരുന്നു ഇംഗ്ലീഷുകാര്‍. എന്നാല്‍ ഡച്ചുകാരും ഇംഗ്ലീഷുകാരും തമ്മില്‍ യൂറോപ്പില്‍ മൂന്നുപ്രാവശ്യം യുദ്ധം ഉണ്ടായി. ഇതില്‍ ഒരു പ്രാവശ്യം ഫ്രാന്‍സും ഇംഗ്ലീഷുകാരെ സഹായിച്ചു. 1652 മുതല്‍ 74 വരെയായിരുന്നു ഈ യുദ്ധങ്ങള്‍ (ഡച്ച് യുദ്ധങ്ങള്‍) നടന്നത്. സമുദ്രഗതാഗതം പൊതുവില്‍ സ്വതന്ത്രമായിരിക്കണമെന്ന ഡച്ചുകാരുടെ വാദം ഇംഗ്ലീഷുകാര്‍ തിരസ്കരിക്കുകയും തുറമുഖങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതാണ് 1652-54 വരെയുള്ള ഒന്നാംയുദ്ധം. ഡച്ച് വെസ്റ്റ് ഇന്‍ഡീസ് കമ്പനിയുടെ പശ്ചിമ ആഫ്രിക്കയിലേയും അമേരിക്കയിലേയും വസ്തുവകകള്‍ ഇംഗ്ലീഷുകാര്‍ കൈക്കലാക്കിയതായിരുന്നു പ്രധാനമായും രണ്ടാം ഡച്ച് യുദ്ധത്തിന് (1665-67) കാരണമായത്.

1672-74 വരെ നടന്ന മൂന്നാം ഡച്ച് യുദ്ധത്തില്‍ ഇംഗ്ലീഷുകാരോടൊപ്പം ഫ്രാന്‍സും ഉണ്ടായിരുന്നു. അവിടത്തെ ഏകാധിപതിയായ ലൂയി പതിനാലാമന്‍ ഡച്ചുകാരുടെ ഉയര്‍ച്ചയില്‍ നേരത്തെ തന്നെ അസൂയാലുവായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടില്‍ തന്നെ ഈ യുദ്ധത്തിനെതിരെ ശക്തിയായ എതിരഭിപ്രായം ഉണ്ടായതിനെത്തുടര്‍ന്ന് സന്ധിസംഭാഷണത്തിന് അവര്‍ തയ്യാറായി. തുടര്‍ച്ചയായ യുദ്ധങ്ങള്‍ ഡച്ച് ശക്തിയെ ദുര്‍ബലമാക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ശക്തമാകുകയും പൗരസ്ത്യദേശത്തെ ഡച്ചുകോളനികള്‍ ആക്രമിക്കാനും തുടങ്ങി. ഫ്രഞ്ചുകാരും വെറുതെയിരുന്നില്ല. ഫ്രഞ്ചുവിപ്ലവസമയത്ത് നെപ്പോളിയന്‍ ഡച്ചുകാരെ ആക്രമിച്ചു. അവിടുത്തെ രാജാവ് വില്യം അഞ്ചാമന്‍ ഇംഗ്ലണ്ടില്‍ അഭയം പ്രാപിച്ചു. അതോടെ കൊച്ചി ഉള്‍പ്പെടെയുള്ള പൗരസ്ത്യദേശത്തെ കോളനികള്‍ ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുക്കാന്‍ ഉത്തരവുണ്ടായി. 1795 മുതല്‍ 1806 വരെ 'ബറ്റേവിയന്‍ റിപ്പബ്ലിക്' എന്നാണ് അറിയപ്പെട്ടത്. 1806 മുതല്‍ 'കിംഗ്സ് ഓഫ് ഹോളണ്ട്' എന്ന പേരില്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ സഹോദരന്‍ ലൂയി നെപ്പോളിയന്‍ അവിടം ഭരിച്ചു. 1813-ല്‍ ഡച്ചുകാര്‍ ഫ്രഞ്ചുകാര്‍ക്ക് എതിരെ ലഹളയ്ക്ക് ഒരുങ്ങി. ഓറഞ്ചുവംശത്തിലെ വില്യം ഒന്നാമനെ തിരിച്ചുകൊണ്ടുവന്ന് രാജാവാക്കി. ഒരിക്കല്‍ക്കൂടി ഹോളണ്ടും ബെല്‍ജിയവും ഹോളണ്ടും (ഡച്ചും) സംയോജിച്ചുവെങ്കിലും അഭിപ്രായഭിന്നത തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ ബെല്‍ജിയം പ്രത്യേക രാജ്യമായി. വില്യം ഒന്നാമന്റെയും രണ്ടാമന്റെയും കാലത്ത് ഡച്ചുകാര്‍ക്ക് വന്‍ പുരോഗതി ഉണ്ടായി. പിന്നീട് വില്യം മൂന്നാമന്റെ മകളായ വില്‍ഹെമിന രാജ്ഞിയായപ്പോള്‍ അവര്‍ക്ക് പത്ത് വയസ്സേ ഉണ്ടായിരുന്നുള്ളൂ. പ്രായപൂര്‍ത്തിയാകുന്നതുവരെ അവരുടെ അമ്മയായ ഇമ്മ (Emma) റിജന്റായി ഭരിച്ചു. നല്ല ഭരണതന്ത്രജ്ഞയായ വില്‍ഹെമിന ഒന്നാം ലോകമഹായുദ്ധകാലത്ത് തന്റെ രാജ്യത്തെ നിഷ്പക്ഷമാക്കി. ഇതുകാരണം പല യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് സഹായം നല്കാന്‍ അവര്‍ക്ക് കഴിഞ്ഞു. യുദ്ധത്തില്‍ തോറ്റ ജര്‍മ്മനിയിലെ വില്യം കൈസര്‍ അഭയം പ്രാപിച്ചത് ഡച്ചിലാണ്. എന്നാല്‍ രണ്ടാംലോകമഹായുദ്ധ കാലത്ത് നിഷ്പക്ഷമായി നില്‍ക്കാന്‍ കഴിഞ്ഞില്ല. 1940-ല്‍ ജര്‍മ്മനി ഡച്ചുകാരെ ആക്രമിച്ചു. പല നഗരങ്ങളും ബോംബിട്ട് നശിപ്പിച്ചു. ജര്‍മ്മനി ഡച്ച് കീഴടക്കിയതോടെ വില്‍ഹെമിനാ രാജ്ഞി ഇംഗ്ലണ്ടില്‍ അഭയം പ്രാപിച്ചു. യുദ്ധത്തിനുശേഷം വില്‍ഹെമിനാ രാജ്ഞി സ്ഥാനം ഒഴിയുകയും അവരുടെ മകള്‍ ജൂലിയാനയെ രാജ്ഞിയാക്കുകയും ചെയ്തു.

രാജാക്കന്മാരും രാജ്ഞിമാരും : 1579-1584 വരെയായിരുന്നു നെതര്‍ലണ്ട്സ് (ഡച്ച്, ഹോളണ്ട്)ന്റെ സ്ഥാപകനായ നിശബ്ദനായ വില്യം രാജ്യം ഭരിച്ചത്. അതിനുശേഷം രാജ്യം ഭരിച്ചവര്‍ ഇവരാണ്. മോറിസ് ഓഫ് നാസു (1584-1625), ഫെഡറിക് ഹെന്‍റി (1625-47), വില്യം രണ്ടാമന്‍ (1647-1650), വില്യം മൂന്നാമന്‍ (1672-1702), വില്യം നാലാമന്‍ (1747-1751), വില്യം അഞ്ചാമന്‍ (1751-1795), ലൂയി നെപ്പോളിയന്‍ (1806-1810), വില്യം ഒന്നാമന്‍ (1813-1840), വില്യം രണ്ടാമന്‍ (1840-49), വില്യം മൂന്നാമന്‍ (1849-1890), വില്‍ഹെമിന (1890-1948), ജൂലിയാന (1948-1980).




top