കേരളത്തിന്റെ ഇന്നലെകള്‍

ലോകചരിത്രത്തില്‍ സഹസ്രാബ്ദങ്ങളായി വിദേശബന്ധമുള്ള ഒരു ഭൂപ്രദേശമാണ് കേരളം അഥവാ മലബാര്‍ . 'കേരളം', 'മലബാര്‍ ' എന്ന പേരുകള്‍ ഉണ്ടാകാനുള്ള കാരണങ്ങളെപ്പറ്റി തര്‍ക്കങ്ങള്‍ ഇന്നും തുടരുന്നു. അതേപ്പറ്റി പുതിയ പുതിയ സിദ്ധാന്തങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
ഇന്ത്യന്‍ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഉപനിഷത്തുക്കളിലും സംഘകാല സാഹിത്യത്തിനും 'കേരളം' എന്ന രാജ്യത്തെപ്പറ്റി പറയുന്നുണ്ടെങ്കിലും പ്രാചീനകേരളത്തെപ്പറ്റിയുള്ള ചരിത്രരേഖകള്‍ കുറവാണ്. അതുകാരണം കേരളത്തിന്റെ പ്രാചീന ചരിത്രം ഇരുള്‍മൂടി കിടക്കുന്നു.


കേരളം എ.ഡി. 800 കേരളം എ.ഡി. 900
കേരളം എ.ഡി. 1498 സമൂതിരിആധിപത്യം
കേരളം എ.ഡി. 1774 കേരളം എ.ഡി. 1800
തിരുവിതാംകൂര്‍ ഭൂപടം കൊച്ചി ഭൂപടം
മലബാര്‍ ഭൂപടം ഇന്ത്യയുടെ ഭൂപടം - 14-ാം നൂറ്റാണ്ടിന്റെ അവസാനം
കൊച്ചിയിലെ കോട്ടകള്‍ ഇന്ത്യയുടെ തെക്കൻ മേഖല
തിരുവിതാംകൂര്‍ ഭൂപടം ലോക ഭൂപടം
   
കൊച്ചി മഹാരാജാവും തിരുവിതാംകൂർ മഹാരാജാവും
കൊച്ചി മഹാരാജാവും തിരുവിതാംകൂർ മഹാരാജാവും
തിരുവിതാംകൂർ, കൊച്ചിൻ ഏകീകരണം

ലോകചരിത്രത്തില്‍ സഹസ്രാബ്ദങ്ങളായി വിദേശബന്ധമുള്ള ഒരു ഭൂപ്രദേശമാണ് കേരളം അഥവാ മലബാര്‍. 'കേരളം', 'മലബാര്‍ ' എന്ന പേരുകള്‍ ഉണ്ടാകാനുള്ള കാരണങ്ങളെപ്പറ്റി തര്‍ക്കങ്ങള്‍ ഇന്നും തുടരുന്നു. അതേപ്പറ്റി പുതിയ പുതിയ സിദ്ധാന്തങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കേര (തെങ്ങ്) വൃക്ഷങ്ങള്‍ കൂടുതല്‍ ഉള്ളതിനാലാണ് 'കേരളം' എന്ന പേര് ലഭിച്ചതെന്നാണ് പൊതുവേ ജനങ്ങളുടെ വിശ്വാസം. പക്ഷെ ചരിത്രകാരന്മാര്‍ ഇത് അംഗീകരിക്കുന്നില്ല. 'കേരം' എന്നത് 'ചേര'ത്തിന്റെ കര്‍ണാട കോച്ഛാരണമാണെന്നും 'ചേര'ത്തില്‍ നിന്നാണ് 'കേരളം' എന്ന വാക്കുണ്ടായതെന്നും ചിലര്‍ വാദിക്കുന്നു. ചേര്‍ (ചെളി) + അതും (സ്ഥലം) എന്ന രണ്ട് വാക്കുകളില്‍ നിന്ന് ചേരളവും പിന്നീട് അത് കേരളവും ആയി എന്നാണ് മറ്റൊരു വാദം. മല (കുന്ന്) ബാര്‍ (രാജ്യം) എന്നര്‍ഥത്തിലാണ് മലബാര്‍ എന്ന പദം ഉണ്ടായതെന്നാണ് പൊതുവേ പറയുന്നത്. മലിബാര്‍, മണിബാര്‍, മുലിബാര്‍, മുനിബാര്‍ എന്നീ പേരുകളിലും മലബാറിനെ വിദേശികള്‍ വിളിച്ചിരുന്നു.

ഇന്ത്യന്‍ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഉപനിഷത്തുക്കളിലും സംഘകാല സാഹിത്യത്തിനും 'കേരളം' എന്ന രാജ്യത്തെപ്പറ്റി പറയുന്നുണ്ടെങ്കിലും പ്രാചീനകേരളത്തെപ്പറ്റിയുള്ള ചരിത്രരേഖകള്‍ കുറവാണ്. അതുകാരണം കേരളത്തിന്റെ പ്രാചീന ചരിത്രം ഇരുള്‍മൂടി കിടക്കുന്നു. എങ്കിലും വിദേശികളുമായിട്ടുള്ള കച്ചവടബന്ധം, സാഹിത്യകൃതികളിലെ പരാമര്‍ശനം, മഹാശിലായുഗത്തിന്റെ അവശിഷ്ടങ്ങളായ പുലച്ചിക്കല്ല് (Menhir), മേശക്കല്ല്, തൊപ്പിക്കല്ല്, നന്നങ്ങാടി (Dolmenoidcist) തുടങ്ങിയവയും സഞ്ചാരികളുടെ കുറിപ്പുകളും എല്ലാം ഉപയോഗിച്ച് കേരളചരിത്രത്തിന്റെ പുനഃസൃഷ്ടിയിലാണ് ചരിത്രകാരന്മാര്‍. ലഭ്യമായ പുരാവസ്തു ചരിത്രരേഖ അനുസരിച്ച് 'കേരള'ത്തെപ്പറ്റി ആദ്യ പരാമര്‍ശമുള്ളത് അശോകചക്രവര്‍ത്തിയുടെ (ബി.സി. 272-232) ശിലാശാസനങ്ങളിലാണ്. അദ്ദേഹം'കേരളപുത്രം' ഉള്‍പ്പെട്ട ദക്ഷിണ്യേന്‍ നാടുകളില്‍ ആതുരശുശ്രൂഷാകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും മരുന്നുതോട്ടങ്ങളും തണല്‍വൃക്ഷങ്ങളും വച്ച് പിടിപ്പിക്കുകയും കിണറുകള്‍ കുഴിപ്പിക്കുകയും ചെയ്തതായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത് (Rock Edict II). എന്നാല്‍ ഇതിന് എത്രയോ മുമ്പ് കേരളം വിദേശങ്ങളുമായി വാണിജ്യബന്ധം പുലര്‍ത്തിയിരുന്നു. സുഗന്ധവ്യഞ്ജനങ്ങളാണ് അന്നും വിദേശികളെ ഇവിടേയ്ക്ക് ആകര്‍ഷിച്ചിരുന്നത്. ബി.സി. 3000 മുതല്‍ സുമേരില്‍മാരും (മെസ്സോപ്പൊട്ടേമിയ അഥവാ ഇറാക്ക്) അസീറിയക്കാരും, ബാബിലോണിയക്കാരും കേരളവുമായി സുഗന്ധവ്യഞ്ജന വ്യാപാരത്തിലേര്‍പ്പെട്ടിരുന്നതായി പറയുന്നു. ക്രിസ്തുവര്‍ഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ മലബാര്‍തീരം പാശ്ചാത്യരുടെ ശ്രദ്ധയില്‍പ്പെട്ടത്, ഇവിടത്തെ അപൂര്‍വ്വമായ സസ്യജാലകങ്ങളും ജന്തുവര്‍ഗ്ഗങ്ങളും വഴിയാണെന്നും, സമുദ്രഗതാഗതവും വ്യാപാരബന്ധങ്ങളും ശക്തിപ്പെട്ടതിന്റെ കാരണം അതാണെന്നും വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വില്യം ലോഗന്‍ മാത്രമല്ല കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളുമായി ബന്ധപ്പെടുത്തി സഹസ്രാബ്ദങ്ങളുമായി ബന്ധപ്പെടുത്തി സഹസ്രാബ്ദങ്ങള്‍ക്കുമുമ്പുള്ള പാശ്ചാത്യബന്ധം ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മഹാനായ ജൂതനീതി ദാതാവ് മോമ്പസ് സ്ഥാപിച്ച ദേവാലയത്തില്‍ ആരാധനയ്ക്ക് ഉപയോഗിച്ചിരുന്ന സാമഗ്രികളെപ്പറ്റി വേദപുസ്തകത്തില്‍ പറയുന്നുണ്ട്. അക്കാലത്ത് ഗ്രാമ്പും സാമ്പ്രാണിയും കറുവാപ്പട്ടയും ഏലവും കേരളത്തില്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂവെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. ഇസ്രേല്‍ ചക്രവര്‍ത്തി സോളമന്‍ (ബി.സി. 1015-966) ഷീബാറാണി സന്ദര്‍ശിച്ചതായി വിവരിക്കുന്ന ഭാഗത്തും ബൈബിളില്‍ കറുവാപ്പട്ടയെപ്പറ്റി പറയുന്നുണ്ട്. അറബികള്‍, ഫിനിഷ്യന്മാര്‍, ഗ്രീക്കുകാര്‍ , റോമാക്കാര്‍, ചീനക്കാര്‍ തുടങ്ങി എത്രയോ രാജ്യങ്ങള്‍ സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് കേരളവുമായി വ്യാപാരബന്ധം സ്ഥാപിച്ചിരുന്നു. മുസ്സീരിസ്, തീണ്ടിസ്, ബറക്കേ, നെല്ക്കിണ്ടി തുടങ്ങിയവയാണ് കേരളത്തിലെ പഴയ തുറമുഖങ്ങള്‍. അവ എവിടെ ആണെന്നതിനെപ്പറ്റിയുള്ള തര്‍ക്കം ഇപ്പോഴും തുടരുന്നു.

എന്നാല്‍ മുസ്സിരിസ്, കൊടുങ്ങല്ലൂര്‍ ആണെന്ന കാര്യത്തില്‍ ഭൂരിപക്ഷം ചരിത്രകാരന്മാരും യോജിക്കുന്നു. മുചിറി, മുരചീപത്തനം, മുയിരിക്കോട്, മഹോദയപുരം, മഹോദയപട്ടണം എന്നീ പേരുകളിലും ഇവിടം അറിയപ്പെടുന്നു. മുസ്സിരിസ് റോമന്‍ വാണിജ്യത്തിന്റെ പ്രധാന കേന്ദ്രം ആയിരുന്നു. ഇവിടെ അഗസ്റ്റസ് ദേവാലയം ഉണ്ടായിരുന്നതായും ചരക്കുകള്‍ സംരക്ഷിക്കാന്‍ റോമന്‍ പട്ടാളക്കാര്‍ കാവല്‍ അവിടെ നിന്നിരുന്നതായും പറയുന്നു.

ക്രിസ്തുവര്‍ഷത്തിനുമുമ്പും അതിനു ഏതാനും ശതാബ്ദങ്ങള്‍ക്കു ശേഷവും ലോകത്തെ പ്രമുഖരായ സഞ്ചാരികളും ശാസ്ത്രജ്ഞന്മാരും കേരളത്തെപ്പറ്റി എഴുതിയിട്ടുണ്ട്. മെഗസ്തനീസ്, പെരിപ്ലസിന്റെ കര്‍ത്താവ്, പ്ലീനി, ടോളമി, ഫായിയാന്‍, ഹുന്‍സാങ് തുടങ്ങിയവര്‍ ഇതില്‍പ്പെടുന്നു. മെഗസ്തനീസ് എന്ന ഗ്രീക്കുസഞ്ചാരിയാണ് ആദ്യം കേരളത്തെക്കുറിച്ച് സൂചന നല്കുന്നത്. ചന്ദ്രഗുപ്തമൗര്യന്റെ കൊട്ടാരത്തിലേക്ക് ബി.സി. 302-ല്‍ സെലൂക്കസ് നിക്കട്ടോര്‍ അയച്ച ഗ്രീക്ക് സഞ്ചാരിയാണ് മെഗസ്തനീസ്: അദ്ദേഹം എഴുതിയ 'ഇന്‍ഡിക്ക' ചരിത്രകാരുടെ സഹായിയാണ്. കേരളത്തിലെ മുത്തുകള്‍ , കുരുമുളക്, ചന്ദനം എന്നിവയെക്കുറിച്ച് മെഗസ്തീനിസ് വിവരിക്കുന്നു. എ.ഡി. 23ല്‍ വടക്കേ ഇറ്റലിയില്‍ ജനിച്ച പ്ലീനി ലോകത്ത് ആദ്യമായി വിശ്വവിജ്ഞാനകോശം രചിച്ച പണ്ഡിതനാണ്. കേരളവും റോമും തമ്മിലുള്ള ബന്ധം, കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങള്‍ ,തുറമുഖങ്ങള്‍ എന്നിവയെപ്പറ്റി പ്ലീനിയുടെ പുസ്തകത്തിലുണ്ട്. എ.ഡി. 60-ല്‍ രചിച്ച 'പെരിപ്ലസ് ഓഫ് ദി എറിത്രിയന്‍ സീ' (ചെങ്കടലിലൂടെയുള്ള പര്യടനം)യുടെ ഗ്രന്ഥകര്‍ത്താവ് അജ്ഞാതനാണ്. അതിലും കേരളം ഉണ്ട്. വിഖ്യാതശാസ്ത്രജ്ഞനും ഗണിതശാസ്ത്ര, ജ്യോതിശാസ്ത്ര പണ്ഡിതനുമായ ഗ്രീക്കുകാരന്‍ ടോളമി (എ.ഡി. 95-162)യും ചൈനീസ് സഞ്ചാരികളായ ഫാഹിയാന്‍ (എ.ഡി. 399-414)നും, ഹുന്‍സാങ് (എ.ഡി. 629-645) എന്നിവരും കേരളത്തെപ്പറ്റി വിവരം നല്കുന്നു.

പരശുരാമകഥ : കേരളത്തിന്റെ ചിരപുരാതനമായ ചരിത്രം സംബന്ധിച്ച് പുരാണങ്ങളുടേയും ഐതിഹ്യങ്ങളുടേയും അടിസ്ഥാനത്തില്‍ രചിച്ചിട്ടുള്ള രണ്ട് പുസ്തകങ്ങളുണ്ട്. സംസ്കൃതത്തിലുള്ള 'കേരള മാഹാത്മ്യ'വും, മലയാളത്തിലുള്ള 'കേരളോല്പത്തി'യും ആണ് അവ. ഇവ രണ്ടും ഉപയോഗിച്ചാണ് ആദ്യകാലത്ത് പലരും കേരളചരിത്രം എഴുതിയിട്ടുള്ളത്. അതിനാല്‍ പരശുരാമകഥയും ചേരമാന്‍ പെരുമാള്‍ കഥയും എല്ലാം ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. ഐതിഹ്യം അനുസരിച്ച് കടലില്‍നിന്ന് കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ അവതാരമായ പരശുരാമനാണ്. അദ്ദേഹം കേരളത്തെ 64 ഗ്രാമങ്ങളായി വിഭജിക്കുകയും ഉത്തരേന്ത്യയില്‍ നിന്നുകൊണ്ടുവന്ന 14 ഗോത്രത്തിലുള്ള ബ്രാഹ്മണരെ ഗ്രാമങ്ങളുടെ ഭരണം ഏല്പിക്കുകയും ചെയ്തു. ഇവരെ സഹായിക്കാനാണ് ശൂദ്രന്മാരെ പരശുരാമന്‍ കൊണ്ടുവന്നത്. ആഢ്യന്മാര്‍ക്ക് മാത്രം പ്രാതിനിധ്യമുള്ള ഭരണം ആണ് ആദ്യം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഭരണത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് പെരിഞ്ചെല്ലൂര്‍, പയ്യന്നൂര്‍, പരവൂര്‍, ചെങ്ങന്നൂര്‍ എന്നീ ഗ്രാമങ്ങള്‍ക്കുമാത്രം പ്രാതിനിധ്യമുള്ള ഭരണം ഏര്‍പ്പെടുത്തി. ഭരണത്തില്‍ വീണ്ടും പ്രശ്നമുണ്ടായപ്പോള്‍ 'രക്ഷാപുരുഷന്‍ 'മാരെ നിയമിച്ചു. 'തളിയാതിരി' എന്ന ഉദ്യോഗസ്ഥന്മാരായിരുന്നു ഭരണത്തെ സഹായിച്ചത്. ഇതുകൊണ്ടും പ്രശ്നം പരിഹരിച്ചില്ല. വഴക്കും വക്കാണവുമായി ഭരണരംഗം മാറി. ഇതേത്തുടര്‍ന്ന് തിരുനാവായയില്‍ കൂടിയ ബ്രാഹ്മണസമ്മേളനത്തില്‍ ഭരണത്തിന് പുറത്തുനിന്നും 'പെരുമാക്ക'ന്മാരെ കൊണ്ടുവരാന്‍ പരശുരാമന്‍ നിര്‍ദ്ദേശിച്ചു. പന്ത്രണ്ടുവര്‍ഷം ആയിരുന്നു പെരുമാളിന്റെ കാലാവധി. കേയപുരത്തുനിന്നും വന്ന 'കേരളന്‍' ആയിരുന്നു ആദ്യത്തെ പെരുമാള്‍. ഇരുപതാമത്തെ പെരുമാള്‍ ആണ് ചേരമാന്‍ പെരുമാള്‍. അദ്ദേഹത്തില്‍ സംതൃപ്തരായ ബ്രാഹ്മണര്‍ പല പ്രാവശ്യം ഭരണം നീട്ടിക്കൊടുത്തു. എന്നാല്‍ ഭരണം മടുത്ത ചേരമാന്‍ പെരുമാള്‍ രാജ്യം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വീതിച്ചുകൊടുത്തശേഷം ഇസ്ലാംമതം സ്വീകരിച്ച് മക്കത്തുപോയി എന്നാണ് ഐതീഹ്യം. കൊടുങ്ങല്ലൂരില്‍ നിന്നും യാത്ര തിരിയ്ക്കുന്നതിനുമുമ്പ് പെരുമാളിന്റെ മുമ്പില്‍ തന്റെ സഹായികളായ ഏറാടി സഹോദരന്മാരെത്തി. അവര്‍ക്ക് നല്കാന്‍ 'കോഴിക്കോട്' എന്ന ചെറിയ സ്ഥലവും തന്റെ ഒടിഞ്ഞ വാളും മാത്രമേ പെരുമാളിന് ഉണ്ടായിരുന്നുള്ളൂ. വാള് നല്കിയശേഷം 'ഇനി ചത്തും കൊന്നും അടക്കിക്കൊള്‍ക' എന്നുപറഞ്ഞുവെന്നാണ് ഐതിഹ്യം (ഈ ഏറാടി സഹോദരന്മാരാണ് പിന്നീട് കോഴിക്കോട് സാമൂതിരിയായത്) ഇതാണ് കേരള ഉല്പത്തി പറയുന്ന കഥ. എന്നാല്‍ ചരിത്രകാരന്മാര്‍ കാലനിര്‍ണയം കണക്കാക്കി ഇത് കള്ളക്കഥയാണെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്.

സംഘകാലം : 'സംഘകൃതി'കളില്‍ നിന്നാണ് കേരളത്തിന്റെ ഗതകാലചരിത്രം അല്പമെങ്കിലും ലഭിക്കുന്നത്. ക്രിസ്തുവര്‍ഷത്തിന്റെ ആദ്യശതകത്തില്‍ (കാലത്തെപ്പറ്റി തര്‍ക്കം ഉണ്ട്) മധുര കേന്ദ്രമായി നിലനിന്നിരുന്ന കവിസദസ് ആണ് 'സംഘം'. ഈ കാലത്ത് രചിച്ച തോല്‍കാപ്പിയം, എടുത്തൊകൈ, പത്തുപാട്ട്, പതിറ്റുപ്പത്ത്, അകനാനൂറ്, പുറനാനൂറ് തുടങ്ങിയ കൃതികളില്‍ നിന്ന് കേരളത്തിന്റെ അന്നത്തെ സാമൂഹ്യരാഷ്ട്രീയ പശ്ചാത്തലം ലഭിക്കുന്നു. അന്നത്തെ കേരളം വിശാലമായ തമിഴകത്തിന്റെ ഭാഗമായിരുന്നു. പാണ്ഡ്യ, ചോള, ചേരശക്തികളായിരുന്നു അന്നത്തെ പ്രബലര്‍ . വേണാട്, കര്‍ക്കനാട്, കുട്ടനാട്, കൂടനാണ്, പുഴനാട് എന്നീ നാടുകളായിരുന്നു അന്നത്തെ കേരളം. ഇതില്‍ തെക്കന്‍ പ്രദേശങ്ങള്‍ 'ആയ്' രാജാക്കന്മാരും, വടക്കന്‍ പ്രദേശങ്ങള്‍ ഏഴിമല രാജാക്കന്മാരും, മധ്യഭാഗത്ത് 'ചേര'രാജാക്കന്മാരും ഭരിച്ചിരുന്നു. ക്രമേണ മറ്റ് രാജാക്കന്മാരെ തോല്പിച്ച് ചേരന്മാര്‍ സാമ്രാജ്യം സ്ഥാപിച്ചു. ഈ സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കുശേഷം എ.ഡി. 800നടുത്ത് ചേരശക്തി വീണ്ടും ശക്തി പ്രാപിച്ചു. ഈ കാലത്തെ 'പെരുമാള്‍ കാലഘട്ടം' എന്നാണ് വിശേഷിപ്പിക്കുന്നത്. ഹിന്ദുമതപരിഷ്കര്‍ത്താവ് ശങ്കരാചാര്യര്‍ കാലടിയില്‍ ജനിച്ചത് ഈ സമയത്താണ്.

വേണാട് (കൊല്ലം, കൊട്ടാരക്കര, ചിറയിന്‍കീഴ്, തിരുവനന്തപുരം, നെടുമങ്ങാട്), ഓടനാട് (കരുനാഗപ്പള്ളി, മാവേലിക്കര, കാര്‍ത്തികപ്പള്ളി), നന്‍ഷ്ടൈനാട് (ചങ്ങനാശ്ശേരി, തിരുവല്ല), മുത്തനാട് (കോട്ടയം), വെമ്പൊലിനാട് (വൈക്കം, മീനച്ചല്‍), കീഴ്മലൈനാട് (തൊടുപുഴമൂവാറ്റുപുഴ), കാല്‍ക്കരൈനാട് (തൃക്കാക്കരയും സമീപപ്രദേശങ്ങളും), നെടുംപുറൈയ്യൂര്‍നാട് (തലപ്പള്ളി,പാലക്കാട് ചിറ്റൂര്‍), വള്ളുവനാട് (പൊന്നാനി, പെരുന്തല്‍മണ്ണ, തിരൂര്‍), ഏറാള്‍നാട് (ഏറനാട് പ്രദേശങ്ങള്‍), പോളനാട് (കോഴിക്കോട്), കുറുംപുറൈനാട് അഥവാ കുറുമ്പ്രനാട് (കൊയിലാണ്ടിയും തെക്കന്‍ വയനാട്), കോലത്തുനാട് (കണ്ണൂര്‍, കാസര്‍ഗോഡ്), പുറൈകീഴാനാട് (വടക്കേ വയനാട് ഗൂഡല്ലൂര്‍) എന്നീ നാടുകളായിരുന്നു കുലശേഖര ഭരണത്തിലെ സ്ഥലങ്ങള്‍.

പതിനൊന്നാം നൂറ്റാണ്ടില്‍ ചോരചോള യുദ്ധകാലത്തെ തുടര്‍ന്ന് ചേരശക്തി തകര്‍ന്നു. ഇതിനുശേഷം കേരളം ചെറിയ നാട്ടുരാജ്യങ്ങളായി തമ്മില്‍തല്ലി ചിതറിക്കിടക്കുമ്പോഴാണ് യൂറോപ്പില്‍നിന്നും പോര്‍ട്ടുഗീസുകാരും, പിന്നീട് ഡച്ചുകാരും, ഇംഗ്ലീഷുകാരും, ഫ്രഞ്ചുകാരും ഇവിടെ എത്തുന്നത്.

ഡച്ചുകാരുടെ കാലഘട്ടം : ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നേതൃത്വത്തിലുള്ള ആദ്യസംഘം 1603-ല്‍ കോഴിക്കോട് എത്തുന്നതു മുതല്‍ 1795-ല്‍ കൊച്ചികോട്ട ഒഴിഞ്ഞ് അവര്‍ കേരളത്തോട് വിടപറയുന്നതുവരെയുള്ള നൂറ്റിതൊണ്ണൂറ്റിരണ്ടു വര്‍ഷം ലോകചരിത്രം എത്രയെത്ര മഹാസംഭവങ്ങള്‍ക്ക് സാക്ഷിയായി. ഭൂഖണ്ഡങ്ങളിലെ അധിനിവേശങ്ങളും സാമ്രാജ്യങ്ങള്‍ തമ്മിലുള്ള ഘോരയുദ്ധങ്ങളും, രാജാക്കന്മാരുടെ കൊലപാതകങ്ങളും, മഹാവിപ്ലവങ്ങളും, കണ്ടുപിടിത്തങ്ങളും ഈ കാലത്ത് ഉണ്ടായി.




top