നെതര്‍ലന്‍ഡ്സ്
ഒറ്റനോട്ടത്തില്‍
പടിഞ്ഞാറൻ യൂറോപ്പിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. വടക്കും പടിഞ്ഞാറും നോർത്ത് കടൽ, തെക്ക് ബെൽജിയം, കിഴക്ക് ജർമനി എന്നിവയുമായി അതിർത്തി രൂപവത്കരിക്കുന്നു. ആംസ്റ്റർഡാം ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.
പതിനേഴാം നൂറ്റാണ്ടില്‍ കേരളത്തില്‍ വ്യാപാരത്തിനെത്തിയതും ഒന്നേകാല്‍ നൂറ്റാണ്ടിലേറെ 'കൊച്ചി'യിലെ ഭരണം നിയന്ത്രിച്ചിരുന്നതുമായ ഡച്ചുകാരുടെ രാജ്യമാണ് ഇന്ന് യൂറോപ്പിലെ സമ്പന്നമായ 'കിംഗ്ഡം ഓഫ് നെതര്‍ലണ്ട്സ്'(King-dom of the Netherlands). വടക്കുപടിഞ്ഞാറന്‍ യൂറോപ്പില്‍ വടക്കന്‍ കടല്‍ക്കരയില്‍ സ്ഥിതിചെയ്യുന്ന ഈ രാജ്യത്തിന്റെ തെക്ക് ബല്‍ജിയവും കിഴക്ക് ജര്‍മ്മനിയുമാണ് അതിരുകള്‍. 41,526 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള ഈ രാജ്യത്തിന്റെ തലസ്ഥാനം ആംസ്റ്റര്‍ഡാം ആണ്. 'ഹോളണ്ട്', 'ഡച്ച്' എന്നീ പേരുകളിലും നെതര്‍ലണ്ട്സ് അറിയപ്പെടുന്നു. കടല്‍നിരപ്പില്‍ നിന്നും താഴ്ന്ന മേഖലയില്‍ കിടക്കുന്നതിനാല്‍ 'ലോ കണ്‍ട്രി' എന്ന അര്‍ത്ഥത്തിലാണ് 'നെതര്‍ലണ്ട്സ്' എന്ന പേര് വന്നത്. 'ഡച്ച്' ആണ് പ്രധാന ഭാഷ. അതിനാല്‍ ഇവരെ ഡച്ചുകാര്‍ എന്നും വിളിക്കും. ഹോളണ്ട് ജനത എന്ന അര്‍ത്ഥം വരുന്ന പദത്തില്‍നിന്നാണ് 'ലന്ത' എന്ന വാക്ക് ഉണ്ടായത്. അതിനാല്‍ 'ലന്തക്കാര്‍' എന്നും വിളിക്കും. മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ ഓട്ടന്‍തുള്ളലില്‍ ഡച്ചുകാരെ ലന്തക്കാര്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
നെതര്‍ലണ്ട്സിന്റെ അഞ്ചില്‍ രണ്ടുഭാഗവും സമുദ്രനിരപ്പില്‍ നിന്നും താണ പ്രദേശമാണ്. കടലുമായി പൊരുതിയാണ് നെതര്‍ലണ്ടുകാര്‍ ജീവിതം കരുപ്പിടിപ്പിച്ചിരിക്കുന്നത്. പലപ്പോഴും കടല്‍ തടയാന്‍ കെട്ടിയ അണക്കെട്ടുകള്‍ വെട്ടിപ്പൊട്ടിച്ചാണ് അവര്‍ ശത്രുക്കളെ നേരിട്ടത്. കടലുമായിട്ടുള്ള മല്ലിടല്‍ നെതര്‍ലണ്ടുകാരെ ധീരന്മാരും ശക്തന്മാരും ആക്കി. അവരുടെ ധീരോദാത്തമായ ജീവിതവും, സ്വാതന്ത്ര്യസമരവും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ഉള്‍പ്പെടെ പലരേയും അഭിമാനപുളകിതരാക്കിയിട്ടുണ്ട്. അതേപ്പറ്റി നെഹ്റു എഴുതിയിട്ടുണ്ട്. നവോത്ഥാനകാലത്ത് യൂറോപ്പില്‍ റോമന്‍ കത്തോലിക്കരും പ്രൊട്ടസ്റ്റാന്‍സ്കാരും തമ്മിലുള്ള മത്സരത്തില്‍ നെതര്‍ലണ്ട്സ് പ്രൊട്ടസ്റ്റാന്‍സ് പക്ഷത്തായിരുന്നു. ശാസ്ത്രജ്ഞന്മാര്‍ക്കും പുരോഗമന സാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കും നെതര്‍ലണ്ട്സുകാരുടെ സഹായം ലഭിച്ചു.
ഭരണം : 1814-ല്‍ രൂപംകൊടുത്തതും കാലാകാലങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുള്ളതുമായ ഭരണഘടനയില്‍ അധിഷ്ഠിതമാണ് നെതര്‍ലണ്ട്സിലെ ഭരണം. ഓറഞ്ച് നാസൗ രാജവംശത്തിലെ മൂത്ത പുത്രനോ പുത്രിയോ രാജാവോ, രാജ്ഞിയോ ആകുന്നു. എന്നാല്‍ ഇവര്‍ക്ക് പ്രത്യേക അധികാരമൊന്നും ഇല്ല. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന മന്ത്രിസഭയാണ് ഭരണം നടത്തുന്നത്. മന്ത്രിസഭയ്ക്ക് പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അത് പരിഹരിക്കാന്‍ മാത്രം രാജാവോ, രാജ്ഞിയോ ഇടപെടും. പാര്‍ലമെന്റിന് രണ്ട് മണ്ഡലങ്ങളുണ്ട്. 75 അംഗങ്ങള്‍ ഉള്ള ഉപരിമണ്ഡലത്തിലെ ഓരോ അംഗത്തിന്റേയും കാലാവധി 6 വര്‍ഷമാണ്. ഓരോ മൂന്നുവര്‍ഷം കഴിയുന്തോറും പകുതി അംഗങ്ങള്‍ പിരിയുന്നു. ഇതിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ഭരണമേഖല പ്രവിശ്യ നിയമസഭകളാണ്. രണ്ടാമത്തെ അധോസഭയില്‍ 150 അംഗങ്ങളെ ജനങ്ങള്‍ നേരിട്ട് എടുക്കുന്നു. ഇതിന്റെ കാലാവധി നാലുവര്‍ഷമാണ്. അധോസഭയില്‍ ഭൂരിപക്ഷമുള്ള കക്ഷിയുടെയോ മുന്നണിയുടെയോ തലവനെ രാജാവ് / രാജ്ഞി മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കുന്നു.
രാജ്യത്തെ 12 ഭരണമേഖല (അഡ്മിനിസ്ട്രേറ്റീവ് റീജിയണ്‍) ആയി തിരിച്ചിട്ടുണ്ട്. ഗവര്‍ണറുടെ കീഴിലാണ് ഈ മേഖലകള്‍. ഇവയെ മുന്‍സിപ്പാലിറ്റികളായി വിഭജിച്ചിട്ടുണ്ട്. ഇതുകൂടാതെ രാജ്യത്തെ 27 വാട്ടര്‍ ഡിസ്ട്രിക്ടുകളായും തരംതിരിച്ചിട്ടുണ്ട്. വാട്ടര്‍ ബോര്‍ഡിനാണ് ഭരണച്ചുമതല.
പ്രധാന പാര്‍ട്ടികള്‍: കൂട്ടുമുന്നണി മന്ത്രിസഭയാണ് മിക്ക സമയത്തും ഭരണം നടത്തുന്നത്. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് അപ്പീല്‍, ക്രിസ്ത്യന്‍ യൂണിയന്‍ പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി, ലേബര്‍ പാര്‍ട്ടി, പീപ്പിള്‍സ് പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവയാണ് പ്രധാന കക്ഷികള്‍.
മതം : ഭരണഘടന അനുസരിച്ച് മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. പ്രമുഖ മതവിഭാഗം പ്രൊട്ടസ്റ്റന്റ് ആണ്. എന്നാല്‍ കത്തോലിക്കര്‍, ജൂതന്മാര്‍, മുസ്ലിമുകള്‍, ഹിന്ദുക്കള്‍ തുടങ്ങിയ എല്ലാ മതക്കാരും ഇവിടെ ഉണ്ട്.
നീതിന്യായം : ഹൈക്കോടതിയാണ് ഉന്നതമായ നീതിപീഠം. അതിന്റെ താഴെ അപ്പീല്‍ കോടതികളും ഡിസ്ട്രിക്ട് കോടതികളും കാന്റണ്‍ കോടതികളുമുണ്ട്.
തുറമുഖങ്ങളും പട്ടണങ്ങളും : ആംസ്റ്റര്‍ഡാം, ഹേഡ്, റോട്ടര്‍ഡാം എന്നിവയാണ് പ്രധാന നഗരങ്ങള്‍. ആംസ്റ്റര്‍ഡാം, റോട്ടര്‍ഡാം, സാന്‍സ്റ്റഡ്, ഇജ്മുയ്ദ്ദീന്‍, ടെര്‍നുസെന്‍ തുടങ്ങിയ പ്രധാന തുറമുഖങ്ങളും തോടുകളും പാലങ്ങളും ആണ് പുരാതന നഗരമായ ആംസ്റ്റര്‍ഡാമിനുള്ള പ്രത്യേകത. ആംസ്റ്റര്‍ഡാമാണ് തലസ്ഥാനമെങ്കിലും ഹേഗ് നഗരത്തിലാണ് ഗവണ്മെന്റിന്റെയും രാജകുടുംബത്തിന്റെയും ആസ്ഥാനം. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം ഇവിടെയാണ്.
വിദ്യാഭ്യാസം : നൂറുശതമാനം സാക്ഷരതയുള്ള നെതര്‍ലണ്ട്സില്‍ നാലു വയസ്സുമുതല്‍ 18 വയസ്സുവരെയുള്ള നിര്‍ബന്ധിത വിദ്യാഭ്യാസമാണ് പ്രാഥമിക സ്കൂള്‍ പഠനം. അതുകഴിഞ്ഞാല്‍ സെക്കന്‍ഡറി വിദ്യാഭാസം ഈ ഘട്ടത്തില്‍ സാഹിത്യം, ശാസ്ത്രം, തൊഴില്‍ എന്നിവയുടെ പഠനത്തിന് പ്രാധാന്യം നല്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രശസ്തമായ സര്‍വ്വകലാശാലകള്‍ ഇവിടെ ഉണ്ട്. ലീഡന്‍ സര്‍വ്വകലാശാല, 1675-ലും, ഗ്രോനിങ്ങ്ഗന്‍ സര്‍വ്വകലാശാല 1624-ലും, ഉഗ്രഷ്ട സര്‍വ്വകലാശാല 1636-ലും, മുന്‍സിപ്പല്‍ സര്‍വ്വകലാശാല 1632-ലും, ആംസ്റ്റര്‍ഡാം പ്രൊട്ടസ്റ്റന്റ് സര്‍വ്വകലാശാല 1880-ലും സ്ഥാപിക്കപ്പെട്ടതാണ്.
വ്യവസായം : ഇരുമ്പ്, ഉരുക്ക്, കപ്പല്‍യന്ത്രങ്ങള്‍, മോട്ടോര്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ തുടങ്ങിയ പ്രധാന വ്യവസായങ്ങള്‍. ഭക്ഷ്യസംസ്കരണ കയറ്റുമതി രംഗത്ത് ഈ രാജ്യം ലോകത്ത് മൂന്നാം സ്ഥാനത്താണ്. ഭക്ഷ്യമേഖലയിലെ ആഗോളകുത്തകകളായ യുനീലിവര്‍, ഹെയ്നികന്‍, ഇലക്ട്രോണിക്സ് കമ്പനിയായ ഫിലിപ്സ് എന്നിവ പ്രശസ്ത ഡച്ച് സംരംഭങ്ങളാണ്.
കടലാക്രമണം, നദികള്‍ : കടലിനോടുചേര്‍ന്ന്, സമുദ്രനിരപ്പില്‍ നിന്ന് താണുകിടക്കുന്ന കൂടുതല്‍ പ്രദേശങ്ങളിലും വെള്ളപ്പൊക്കം പ്രശ്നമാണ്. ചിറകളും കടല്‍ഭിത്തിയും കെട്ടി കരയെ സംരക്ഷിക്കുന്നു. എന്നിരുന്നാലും നിരന്തരം കടലാക്രമണം ഉണ്ടാകുന്നതിനാല്‍ കാറ്റാടിയന്ത്രങ്ങള്‍ ഉപയോഗിച്ച് അപ്പോഴപ്പോള്‍ വെള്ളം തേകിമാറ്റുന്നു. രാജ്യത്തിന്റെ മധ്യഭാഗത്തുകൂടി റൈന്‍ (Rijn), മാസ് (Mass), വാല്‍ (Waal) എന്നീ നദികള്‍ ഒന്നിനൊന്ന് സമാന്തരമായി ഒഴുകുന്നു. നദീതടങ്ങള്‍ ഫലപുഷ്ടിയുള്ള പ്രദേശങ്ങളാണ്. പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ധാരാളം തോടുകളും കുളങ്ങളും ഉണ്ട്. ഇവയിലൂടെയുള്ള സഞ്ചാരം ആളുകള്‍ ഇഷ്ടപ്പെടുന്നു.
പൂക്കളുടെ നാട് : പുഷ്പസമൃദ്ധികൊണ്ട് അനുഗ്രഹീതമായ രാജ്യമാണിത്. നെതര്‍ലണ്ട്സുകാര്‍ പൂക്കളെ വളരെ അധികം സ്നേഹിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പുഷ്പചന്തയായ അള്‍സ്മീര്‍ (Aalsmeer) നെതര്‍ലണ്ട്സില്‍ ആണ്. ട്യൂളിഷ് പുഷ്പങ്ങളാണധികവും. വര്‍ണഭംഗിയുള്ള ഈ പുഷ്പങ്ങള്‍ നിറഞ്ഞ പാടങ്ങള്‍ വളരെ അധികം ആളുകളെ ആകര്‍ഷിക്കുന്നു. യൂറോപ്പിലെ പല രാജ്യങ്ങളിലും നെതര്‍ലണ്ട്സില്‍ നിന്നുള്ള പൂക്കള്‍ക്ക് നല്ല വില്പനയാണ്.
വനങ്ങളും വന്യജീവികളും : വനങ്ങള്‍ വളരെ കുറവാണ്. അതുകാരണം വന്യമൃഗങ്ങളും അധികം ഇല്ല. ഓട്ടര്‍, മാര്‍ട്ടന്‍, ബാഡ്ജര്‍, പീസന്‍, എര്‍മൈന്‍ ധ്രുവപൂച്ച, മാനുകള്‍, കുറുക്കന്‍, മുയല്‍ എന്നിവ പലേടത്തായി കാണപ്പെടുന്നു. കാടുകളില്‍ കോണിഫറസ് മരങ്ങളാണ് കൂടുതല്‍. ഓക്ക്, ബിര്‍ച്ച്, ആഷ്, ഹോണ്‍ബി തുടങ്ങിയവയാണ് പ്രധാന വൃക്ഷങ്ങള്‍. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, പച്ചക്കറി, പഴങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കാര്‍ഷികോല്പന്നങ്ങള്‍.
ആഹാരം : ഉരുളക്കിഴങ്ങ് കൊണ്ടുള്ള വിഭവങ്ങളാണ് പ്രധാന ആഹാരം. റൊട്ടി, ജാം, പാല്‍ക്കട്ടി, പച്ചക്കറി സൂപ്പുകള്‍ തുടങ്ങിയ പ്രധാന ഭക്ഷണങ്ങളില്‍പ്പെടുന്നു.
കളി : ഫുട്ബോള്‍ കമ്പക്കാരാണ് നെതര്‍ലണ്ട്സുകാര്‍. ബാസ്ക്കറ്റ്ബാള്‍, ഹോക്കി, ടെന്നീസ്, ഗോള്‍ഫ് എന്നിവയാണ് മറ്റ് കളികള്‍. വള്ളം തുഴയല്‍, നീന്തല്‍, സൈക്കിളോട്ടം എന്നിവയും ഇവര്‍ ഇഷ്ടപ്പെടുന്നു.
ഭാഷ : ഡച്ച്, ഫ്രിസിയന്‍ എന്നിവയാണ് ഔദ്യോഗിക ഭാഷകള്‍. 1955-ല്‍ ആണ് ഫ്രിസിയന് ഔദ്യോഗിക അംഗീകാരം ലഭിച്ചത്.
കല, സാഹിത്യം : പതിനാറാം നൂറ്റാണ്ട് മുതലാണ് നെതര്‍ലണ്ട്സ് സാഹിത്യത്തിലെ പുനരുദ്ധാരണ കാലഘട്ടത്തിന്റെ ആരംഭം. ഫ്രഞ്ച് സ്വാധീനത്തില്‍ നിന്നും വിമുക്തമായ സാഹിത്യത്തില്‍ അധ്യാത്മിക കവിതകള്‍, ക്ലാസിക് നാടകങ്ങള്‍, ഗീതങ്ങള്‍, ഭാവഗാനങ്ങള്‍ എന്നിവ ആവിര്‍ഭവിച്ചു. പതിനെട്ടാം നൂറ്റാണ്ടിലാണ് നോവല്‍ ആവിര്‍ഭവിച്ചത്. വാന്‍ഗോഗ്, നെതര്‍ലണ്ട്സില്‍ നിന്നും ലോകം അറിയപ്പെടുന്ന ചിത്രകാരനാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ജീവിച്ചിരുന്ന വാന്‍ഗോഗ് പോസ്റ്റ് ഇംപ്രഷനിസ്റ്റ് ചിത്രകാരന്മാരില്‍ പ്രമുഖനാണ്. 1888-ല്‍ ആള്‍സില്‍ താമസമാക്കിയ അദ്ദേഹം ഒന്നരവര്‍ഷക്കാലത്ത് ഇരുന്നൂറിലേറെ ചിത്രങ്ങള്‍ വരച്ച് ഡച്ച് ചിത്രകലയെ സമ്പന്നമാക്കി.
നെതര്‍ലണ്ട്സും ജൂലിയസ് സീസറും. പതിനാറാം നൂറ്റാണ്ടില്‍ സ്പെയിനില്‍ ചവിട്ടടിപ്പാടുകളില്‍. വില്യമിന്റെ ധീരോദാത്തമായ നേതൃത്വവും സ്പെയിനുമായിട്ടുള്ള പോരാട്ടവും. ലോകത്തെ ഏറ്റവും വലിയ നാവികശക്തിയിലേക്കുള്ള ഉയര്‍ച്ച. ഇംഗ്ലണ്ടിന്റേയും, ഫ്രാന്‍സിന്റേയും അസൂയ. നെപ്പോളിയന്റെ ആക്രമണം. രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മനിയുടെ ആക്രമണം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ഭരണാധികാരികള്‍.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later