വിഷര്‍ കണ്ട കേരളം

കേരള ചരിത്രത്തിന് അടിസ്ഥാനമിട്ട കാന്റര്‍ വിഷറുടെ കത്തുകള്‍

ന്യൂഹാഫ് 1661 മുതല്‍ 66 വരെയായിരുന്നു കേരളത്തിലുണ്ടായിരുന്നത്. എന്നാല്‍ അന്‍പതു വര്‍ഷത്തിനുശേഷം (1716 മുതല്‍ 1723) കൊച്ചിയില്‍ ഡച്ചു പുരോഹിതനായി എത്തിയ കാന്റര്‍ വിഷര്‍ നാട്ടിലേയ്ക്ക് അയച്ച കത്തുകളാണ് പില്‍ക്കാലത്ത് കേരളചരിത്രത്തിന് അടിസ്ഥാനമിട്ട വിലപ്പെട്ട സംഭാവനകളായി മാറിയത്.

വിഷര്‍ കണ്ട കേരളം
ന്യൂഹാഫ് 1661 മുതല്‍ 66 വരെയായിരുന്നു കേരളത്തിലുണ്ടായിരുന്നത്. എന്നാല്‍ അന്‍പതു വര്‍ഷത്തിനുശേഷം (1716 മുതല്‍ 1723) കൊച്ചിയില്‍ ഡച്ചു പുരോഹിതനായി എത്തിയ കാന്റര്‍ വിഷര്‍ നാട്ടിലേയ്ക്ക് അയച്ച കത്തുകളാണ് പില്‍ക്കാലത്ത് കേരളചരിത്രത്തിന് അടിസ്ഥാനമിട്ട വിലപ്പെട്ട സംഭാവനകളായി മാറിയത്. കേരളത്തിലെ അന്നത്തെ നാട്ടുരാജ്യങ്ങള്‍, സാമൂഹ്യരാഷ്ട്രീയസ്ഥിതി, ഭരണക്രമം, ഋതുക്കള്‍, വ്യാപാരകേന്ദ്രങ്ങള്‍, രാജകുടുംബങ്ങളുടെ ഇണക്കവും പിണക്കവും, യുദ്ധങ്ങള്‍, നാണയങ്ങള്‍, ആചാരമര്യാദകള്‍, വിവിധ മതങ്ങള്‍, ആചാരങ്ങള്‍, ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും, കാലഗണന, കാര്‍ഷികസമ്പത്ത്, സസ്യലോകം തുടങ്ങി സമസ്തകാര്യങ്ങളേയും കുറിച്ചും 25 കത്തുകളിലൂടെയാണ് വിഷര്‍ വിവരിച്ചിട്ടുള്ളത്. 1723-ല്‍ ആണ് അവസാനത്തെ കത്ത് എഴുതിയിട്ടുള്ളത്. വസ്തുതകള്‍ സത്യസന്ധമായിട്ടാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. വിഷറിന്റെ കത്തുകളും അതിന്റെ വിശദീകരണങ്ങളും പഠനങ്ങളും ഉള്‍പ്പെടുത്തിയാണ് പ്രശസ്ത ചരിത്രകാരനായ കെ.പി. പത്മനാഭമേനോന്‍ തന്റെ നാല് വാല്യങ്ങളുള്ള കേരളചരിത്രം (History of Kerala) രചിച്ചിട്ടുള്ളത്. കേരളത്തിന്റെ ആധുനിക ചരിത്രരചനയ്ക്ക് മാര്‍ഗദര്‍ശനം നല്കുന്ന ബൃഹദ്ഗ്രന്ഥമായി 'കേരളചരിത്രം' ഇന്നും നിലനില്‍ക്കുന്നു. കാന്റര്‍ വിഷറിനെക്കുറിച്ച് Bauke Van Der Pol ഡച്ചുഭാഷയില്‍ 'Malabaarse Brieven' എന്ന പുസ്തകം അടുത്ത സമയത്ത് രചിച്ചിട്ടുണ്ട്. അതേസമയം കാന്റര്‍ വിഷറുടെ കത്തുകളുടെ പരിഭാഷ ഉള്‍പ്പെടുത്തി 'കേരളം ഒരു ലന്തക്കാരന്റെ ദൃഷ്ടിയില്‍' എന്ന പുസ്തകം കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ടിനുവേണ്ടി കെ. ശിവശങ്കരന്‍ നായര്‍ രചിച്ചിട്ടുണ്ട്.


കൊച്ചിതുറമുഖം - 1850

ഗ്രാമജീവിതം 1920

മലബാറിലെ മുസല്‍മാന്‍മ്മാര്‍

ആഢ്യസ്ത്രീ

നമ്പൂതിരികൾ

കള്ളുചെത്തുകാര്‍

മനോഹരമായ വീടുകള്‍

അഭ്യാസികളായ നായന്മാര്‍

ആഭരണങ്ങള്‍

എണ്ണ ആട്ടുകാരന്‍

കിണര്‍ കുഴിക്കല്‍

ആഭരണം ഉണ്ടാക്കുക

സര്‍പ്പം ആരാധന

'ഹോളണ്ടിന്റെ സമുദ്രതീരം പോലെ ഈ രാജ്യവും വളരെ താഴ്ന്ന നിരപ്പിലാണെന്ന് മാത്രമല്ല, വര്‍ഷകാലത്ത് വെള്ളത്തിനടിയില്‍ ആകുകയും ചെയ്യുന്നു... കായംകുളം മുതല്‍ പൊന്നാനി വരെയുള്ള പ്രദേശം താണതും അനേകം പുഴകളാല്‍ വിഭജിക്കപ്പെട്ടതുമാണ്. എന്നാല്‍ കൊല്ലം കിഴ്ക്കാംതൂക്കായ പാറകള്‍ നിറഞ്ഞതാണ്. പാറകള്‍ക്ക് മുകള്‍ഭാഗം മണ്ണുകൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ഈ ഭാഗം ഒരിക്കലും കടലിനുള്ളില്‍ ആയിരുന്നില്ല എന്നുവേണം കരുതാന്‍. കല്ല് വീടുപണിക്ക് പറ്റിയതാണ്. മരത്തെപ്പോലെ കല്ലുകള്‍ കണ്ടിച്ച് എടുക്കുന്നു. ചുവപ്പ് കലര്‍ന്ന മഞ്ഞനിറമുള്ളതും ദ്വാരങ്ങളുള്ളതുമായ കല്ലാണിത്. വീടുപണിയ്ക്കും, ഡച്ചുകാര്‍ കോട്ട നിര്‍മ്മാണത്തിനും ഈ കല്ലാണ് ഉപയോഗിക്കുന്നത്. പര്‍വ്വതനിരകള്‍ മലബാറില്‍ ധാരാളം ഉണ്ട്. ഇരുമ്പ് ഒഴികെ ധാതുക്കളൊന്നും ഇവിടെ ഇല്ല. അഗ്നിപര്‍വ്വതങ്ങളോ പറയത്തക്ക ഭൂമികുലുക്കങ്ങളോ ഇവിടെ ഇല്ല'. വിഷര്‍ കേരളത്തെക്കുറിച്ച് ആദ്യ കത്തില്‍ നല്കുന്ന വിവരണത്തിന്റെ ഒരുഭാഗം ഇതാണ്.

കാലാവസ്ഥ

വിഷറിന്റെ വിവരണം അനുസരിച്ച് മന്തുരോഗം ആണ് അക്കാലത്ത് മധ്യകേരളത്തില്‍ ഭയപ്പെടുത്തുന്ന രോഗം. ഉപ്പുരസം കൂടുതലുള്ള വെള്ളത്തിനുപകരം മങ്ങാട് (ആലുവ നദിയില്‍ നിന്നും) നിന്നും ഡച്ചുഭടന്മാര്‍ ശുദ്ധജലം കൊണ്ടുവരുന്നത് വിഷര്‍ വിവരിക്കുന്നുണ്ട്.

യൂറോപ്പിലെ പോലെ ഋതുഭേദങ്ങള്‍ ശക്തമായി കേരളത്തിലില്ലെന്നും, വര്‍ഷത്തെ രണ്ട് മണ്‍സൂണുകളാണ് പ്രധാനമെന്നും വിഷര്‍ പറയുന്നു. അല്പം തണുപ്പുള്ളതും സുഖപ്രദവുമായ കാലാവസ്ഥ നവംബറില്‍ ആരംഭിക്കുന്നു. അതുകഴിഞ്ഞാല്‍ തെക്കുകിഴക്കന്‍ കരക്കാറ്റ് വീശിത്തുടങ്ങും. അത് ജനുവരി മാസത്തില്‍ ശക്തമാകുമെങ്കിലും ഫിബ്രുവരിയില്‍ കുറയുന്നു. മേയ് മാസത്തില്‍ കാലാവസ്ഥയ്ക്ക് മാറ്റം ഉണ്ടാകും. മേയ് അവസാനത്തിലോ ജൂണ്‍ മാസത്തിലോ മഴ ആരംഭിച്ച് ഒക്ടോബര്‍ വരെ നീണ്ടുനില്‍ക്കും. കൊടുങ്കാറ്റും പേമാരിയും അപ്പോഴാണ് വിഷര്‍ രേഖപ്പെടുത്തി.

കൊച്ചിയെപ്പറ്റി
കൊച്ചി കോട്ട

കൊച്ചിയേയും, കൊച്ചിയിലെ കോട്ടയെപ്പറ്റിയും വിഷറിന്റെ വിവരണം വലുതാണ്. പോര്‍ട്ടുഗീസുകാരില്‍ നിന്നാണ് കൊച്ചി കോട്ട ഡച്ചുകാര്‍ പിടിച്ചെടുത്തത്. വിഷറിന്റെ വിവരണം അനുസരിച്ച് 1662-ല്‍ ഈ കോട്ട പിടിച്ചെടുക്കാന്‍ ബറ്റേവിയ (ഡച്ചുകാരുടെ കിഴക്കന്‍ തലസ്ഥാനം)യില്‍ നിന്നും അഡ്മിറല്‍ റിക്ലോഫ് വാന്‍റീഡ് നിയമിതനായി. ആദ്യശ്രമങ്ങള്‍ പരാജയപ്പെട്ടു. എന്നാല്‍ പിന്നീട് പിയര്‍ ഡ്യൂ പോണ്ട് എന്ന ക്യാപ്റ്റന് കോട്ടവാതിലുകളെ ഭേദിക്കാന്‍ കഴിഞ്ഞു. പോര്‍ട്ടുഗീസ് ഗവര്‍ണര്‍ ഇഗ്നേഷ്യോ സാര്‍മെന്റോ കീഴടങ്ങി. ഭടന്മാരും ആളുകളും കോട്ടയില്‍നിന്നും ഒഴിഞ്ഞു. 1663 ജനുവരി എട്ടാം തീയതിയായിരുന്നു ഈ വിജയദിനം.

പോര്‍ട്ടുഗീസുകാരനായ ഫ്രാന്‍സിസ്കോ അല്‍ഫോന്‍സോ അല്‍ബുക്കര്‍ക്ക് ആയിരുന്നു കൊച്ചി കോട്ട പണിതത്. 1504-ല്‍ ഇമ്മാനുവല്‍ എന്ന പോര്‍ട്ടുഗീസ് രാജാവ് ഭരിക്കുമ്പോഴായിരുന്നു പോര്‍ട്ടുഗീസുകാര്‍ ഇവിടെ എത്തിയത്. പില്‍ക്കാലത്ത് വാസ്ഗോഡി ഗാമ കോട്ടയെ വലുതാക്കി. സമ്പന്നമായ പട്ടണമായി കൊച്ചി വളര്‍ന്നു. റോമ സഭാ കൊച്ചിയെ ഒരു ബിഷപ്പിന്റെ ആസ്ഥാനമാക്കി. പിന്നീട് ധാരാളം പള്ളികള്‍ അവര്‍ പണിതു. എന്നാല്‍ അതൊക്കെ ഡച്ചുകാര്‍ പൊളിക്കുകയോ, ആയുധപ്പുരകളാക്കുകയോ ചെയ്തു. എന്നാല്‍ സെന്‍റ് ഫ്രാന്‍സിസ്കോ പള്ളി നിലനിര്‍ത്തി. അത് പരിഷ്കൃത സഭ (Reformed Church) യുടെ ആരാധനാലയമാക്കി. യൂറോപ്പില്‍ കത്തോലിക്ക സഭയും പ്രൊട്ടസ്റ്റന്‍കാരും (Reformed Church) തമ്മില്‍ ശക്തമായി പോരടിക്കുന്ന കാലമായിരുന്നു അത്. വിഷറിന്റെ കത്തില്‍ കത്തോലിക്കപ്പള്ളി പൊളിച്ചു എന്നു പറയുന്നത് ഡച്ചുകാര്‍ക്ക് കത്തോലിക്ക സഭയ്ക്ക് എതിരെയുള്ള വിരോധം സൂചിപ്പിക്കുന്നു. യൂറോപ്പില്‍ സ്പെയിനും, പോര്‍ട്ടുഗീസും കത്തോലിക്ക സഭയ്ക്കും, ജര്‍മനിയും ഹോളണ്ടും പ്രൊട്ടസ്റ്റന്റ്കാര്‍ (Reformed Church)ക്കും വേണ്ടി നിലകൊണ്ടു. അതിന്റെ പ്രതിഫലനമാണ് കൊച്ചിയില്‍ കണ്ടത്. വളരെ വിസ്തൃതമായ കപ്പല്‍ സങ്കേതമാണ് കൊച്ചിക്കുള്ളതെന്നും ലോകത്തിന്റെ പല ഭാഗത്തും ഉള്ള കപ്പലുകള്‍ അറ്റകുറ്റപ്പണി, ശുദ്ധജലം ശേഖരിക്കല്‍, ഭക്ഷണം നിറയ്ക്കല്‍ എന്നിവയ്ക്കുവേണ്ടി ഇവിടെ എത്തുന്നുണ്ടെന്നും വിഷര്‍ രേഖപ്പെടുത്തി.

വിഷറിന്റെ വിവരണപ്രകാരം കൊച്ചി കഴിഞ്ഞാല്‍ മലബാറിന്റെ പ്രധാന തുറമുഖം കോഴിക്കോട് ആണ്. കോഴിക്കോട് കൊണ്ടുവരുന്ന സാധനങ്ങള്‍ക്ക് സാമൂതിരിക്ക് അഞ്ചുശതമാനം ഇറക്കുമതി ചുങ്കം നല്കണം. അത് പിരിച്ചെടുക്കാന്‍ ഉദ്യോഗസ്ഥന്മാര്‍ ഉണ്ട്.

മലബാറിലെ രാജകുടുംബങ്ങള്‍

കേരളത്തിലെ പല നാട്ടുരാജ്യങ്ങളിലേയും രാജാക്കന്മാര്‍ ഡച്ചുകാരുടെ മേല്‍ക്കോയ്മ അംഗീകരിക്കുകയും കൊച്ചി കേന്ദ്രീകരിച്ച് അവരുടെ ഭരണം പാരമ്യത്തിലെത്തുകയും ചെയ്ത കാലഘട്ടമാണ് 1679 മുതല്‍ 1728 വരെ. ഇവരുടെ ഭരണത്തിന് വെല്ലുവിളി ഉയര്‍ത്തിയ തിരുവിതാംകൂര്‍ (വേണാട്)ലെ മാര്‍ത്താണ്ഡവര്‍മ്മ 1729-ല്‍ ആണ് അവിടെ രാജാവായത്. ഇതിന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് വിഷര്‍ കത്തുകള്‍ എഴുതിയിരിക്കുന്നത്. അതുകൊണ്ട് ആ കാലഘട്ടത്തിലെ ചരിത്രസംഭവങ്ങള്‍ക്കും, സാമൂഹ്യരാഷ്ട്രീയ മാറ്റങ്ങള്‍ക്കും അദ്ദേഹം ദൃക്സാക്ഷിയായിരുന്നുവെന്ന് വേണം കരുതാന്‍ . കേരളത്തി ( മലബാര്‍ )ലെ രാജാക്കന്മാരെപ്പറ്റിയും അവരുടെ കുടുംബങ്ങളെപ്പറ്റിയും വിഷറിന്റെ വിവരണം ഏതാണ്ട് ഇങ്ങനെയാണ്.

മലബാറില്‍ നാല് പ്രധാന രാജകുടുംബങ്ങളാണ് ഉള്ളത്. അത് തിരുവിതാംകൂര്‍ (വേണാട്), കൊച്ചി, സാമൂതിരി, കോലത്തിരി എന്നിവയാണ്. ഈ രാജകുടുംബങ്ങളിലെ സ്ത്രീകളുടെ പുത്രന്മാര്‍ക്കാണ് രാജ്യാവകാശം. കുടുംബത്തിലെ മൂത്ത സ്ത്രീയെ അമ്മ മഹാറാണി ആയി കാണുന്നു. അവരുടെ മകനാണ് രാജാവ്. ചെറുരാജ്യങ്ങള്‍ കുടുംബത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.

തിരുവിതാംകൂര്‍

തിരുവിതാംകൂര്‍ (വേണാട്) കന്യാകുമാരി മുതല്‍ പുറക്കാട്ടുവരെ വ്യാപിച്ചുകിടക്കുന്നു. ആറ്റിങ്ങല്‍ , ദേശിംഗനാട് (Sigmati), പേരകത്താവഴി (Peritalli), ഇളയിടത്ത് സ്വരൂപം (Ellida Suruvam), മാര്‍ത്ത (മരുതൂര്‍കുളങ്ങര), കായംകുളം (Kully Quilon), തൃക്കുന്നപ്പുഴ (Turkenpolie), പാണപ്പുഴ (Panapolie) എന്നീ സ്വരൂപങ്ങള്‍ ഇതില്‍പ്പെടുന്നു.

തിരുവിതാംകൂര്‍ രാജാവിന്റെ മാതൃഗൃഹമാണ് ആറ്റിങ്ങല്‍. തേങ്ങാപ്പട്ടണത്തിനും പരവൂരിനും ഇടയ്ക്കുള്ള ദേശങ്ങള്‍ തിരുവിതാംകൂറില്‍പ്പെടുന്നു. ആറ്റിങ്ങല്‍ റാണിയെപ്പോലെ പൊതുകാര്യങ്ങളില്‍ സ്വാധീനമുള്ള അമ്മ മഹാറാണി കേരളത്തില്‍ (മലബാറില്‍) വേറെ ഇല്ലെന്ന് വിഷര്‍ രേഖപ്പെടുത്തി.

ദേശിംഗനാട് (കൊല്ലം) എന്നത് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ സഹോദരന്മാരില്‍ നിന്നുണ്ടായ ശാഖയാണ്. പരവൂര്‍ മുതല്‍ വ്യാപിച്ചുകിടക്കുന്നു. ഇതിനെ മൂന്നായി ഭാഗിക്കാം. ആദ്യഭാഗം ദേശിംഗനാട് രാജാവിന്റെയും, രണ്ടാമത്തേത് വടയാറ്റുവിളയുടേയും മൂന്നാമത്തേത് തിരുവിതാംകൂര്‍ കുറുപ്പിന്റെയും കീഴിലാണ്.

ആറ്റിങ്ങല്‍ രാജകുടുംബത്തിലെ മൂന്നാമത്തെ സഹോദരിയില്‍ നിന്നാണ് പേരകത്താവഴി (നെടുമങ്ങാട്) യുണ്ടായത്. കൊല്ലം മുതല്‍ പരവൂര്‍ വരെയുള്ള ദേശങ്ങള്‍ അതില്‍പെടും. തിരുവിതാംകൂറിനും മധുരയ്ക്കും ഇടയ്ക്കുള്ള ഇളയിടത്ത് സ്വരൂപം ഭരിക്കുന്നത് തിരുവിതാംകൂര്‍ കുടുംബത്തിലെ ഇളയ സഹോദരിയുടെ പിന്‍മുറക്കാരനാണ്. പുറക്കാട്, കായംകുളം വരെ വ്യാപിച്ചുകിടക്കുന്ന രാജ്യമാണ്. തൃക്കുന്നപ്പുഴ (കാര്‍ത്തികപ്പള്ളിയായിരിക്കാം വിഷര്‍ ഉദ്ദേശിക്കുന്നത്) പാണാപ്പള്ളി (?) കായംകുളത്തിനു പിന്നിലാണ്. അത് പിന്നീട് കായംകുളത്തിന്റെ ഭാഗമായി. ഇതാണ് തിരുവിതാംകൂറിന്റെ വടക്കേ അതിര്‍ത്തി. ഇതിനും കൊച്ചിയ്ക്കും ഇടയ്ക്ക് 'തെക്കുംകൂര്‍' എന്ന സ്വതന്ത്രമായ മറ്റൊരു രാജ്യം കൂടിയുണ്ട്.

മലബാറിലെ രണ്ടാമത്തെ പ്രധാന രാജ്യമായ കൊച്ചി ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രക്ഷകര്‍തൃത്വത്തിലാണ്. ഇതിന്റെ അടയാളമായി കമ്പനിയുടെ ചിഹ്നം രാജാവ് കിരീടത്തില്‍ ധരിക്കുന്നു. കൊച്ചി രാജകുടുംബത്തിന് അഞ്ച് താവഴികളുണ്ടെങ്കിലും ഇപ്പോള്‍ മൂന്നേയുള്ളൂ. പള്ളിവിരുത്തി (Paliat), മൂത്ത താവഴി (Montata Viese), ചാഴിയൂര്‍ (Shalour) എന്നിവയാണ് അവ. മൂന്നു താവഴികളും പിന്‍തുടര്‍ച്ചക്കായി തര്‍ക്കത്തിലാണ്. തെക്ക് പുറക്കാട് മുതല്‍ വടക്ക് പള്ളിവിരുത്തി സ്വരൂപം വരെയുള്ള പ്രദേശങ്ങള്‍ മറ്റം എന്നറിയപ്പെടുന്നു (മുമ്പ് കരപ്പുറം എന്നും പിന്നീട് ചേര്‍ത്തല എന്നും അറിയപ്പെടുന്ന സ്ഥലമായിരിക്കാം വിഷര്‍ ഉദ്ദേശിക്കുന്നത്). കൊച്ചിക്കായലിനപ്പുറത്തുള്ള അഞ്ചിക്കൈമള്‍ എന്ന നാടുമുതല്‍ പര്‍വ്വതം വരെ നീണ്ടുകിടക്കുന്ന പ്രദേശമാണ് കുറുനാട്. അഞ്ചിക്കൈമള്‍ ഏഴ് കൈമള്‍മാരുടെ ഭരണത്തിലാണ്. കൊച്ചി അഴിയ്ക്ക് വടക്ക് സമുദ്രത്തിനും പുഴയ്ക്കും ഇടയ്ക്കുള്ള ദ്വീപാണ്. വൈപ്പിന്‍ ദ്വീപിന്റെ ഭൂരിഭാഗവും പാലിയത്ത് കുടുംബവകയാണ്. പാലിയത്ത് കുടുംബം വൈപ്പിന്റെ യജമാനന്മാരായി അറിയപ്പെടുന്നു. കൊടുങ്ങല്ലൂര്‍ ആ രാജാവിന്റെ പേരില്‍ അറിയപ്പെടുന്ന രാജ്യമാണ്. ഇവയ്ക്ക് പുറമേ കൊച്ചിയ്ക്ക് നാല് സാമന്തരാജ്യങ്ങള്‍ കൂടിയുണ്ട്. കൊച്ചിക്കു തെക്കുള്ള വടക്കുംകൂര്‍ , പുറക്കാട് എന്നിവയും കൊച്ചിക്കു വടക്കുള്ള ആലങ്ങാട് പറവൂര്‍ എന്നിവയുമാണ് ആ രാജ്യങ്ങള്‍.

കോഴിക്കോട്

സൈനികശക്തി കൊണ്ട് കരുത്തുള്ള കോഴിക്കോട്ടേ സാമൂതിരിയുടെ രാജ്യത്തെ മറ്റുള്ളവര്‍ക്ക് ഭയമാണെന്ന് വിഷര്‍ പറയുന്നു.

കൊടുങ്ങല്ലൂരിനും ചേറ്റുവായ്ക്കും ഇടയിലുള്ള നാട് ഭരിച്ചിരുന്ന 'ഉണിത്തിരി'മാര്‍ സാമൂതിരിയുടെ സാമന്തന്മാരായിരുന്നു. പാപ്പിനിമറ്റത്താണ് സാമൂതിരിയുടെ കോട്ട. എന്നാല്‍ 1716-ലെ യുദ്ധത്തില്‍ സാമൂതിരിയെ അവിടെ നിന്നും നിഷ്കാസനം ചെയ്യുകയും ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ആ പ്രദേശം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ചേറ്റുവായിലെ മുനമ്പത്ത് പുഴയരികിലായി സാമൂതിരിയുടെ ആക്രമണം ചെറുക്കാന്‍ കമ്പനി പുതിയ കോട്ട കെട്ടിയിട്ടുണ്ട്. ചേറ്റുവാ പുഴയ്ക്ക് വടക്കായി പഴഞ്ചേരി നായരുടെ നാട് പൊന്നാനിപ്പുഴവരെ നീളുന്നു. തെക്കുഭാഗത്ത് പരപ്പുകോയില്‍ (Repoecoil), വടക്കുഭാഗത്തുള്ള പരപ്പകോയില്‍ (Parepocoil), കോഴിക്കോട് വരെ നീളുന്നു; ഇവിടെയാണ് സാമൂതിരിയുടെ 'മാതൃഗൃഹം' (പരപ്പനാടിനെ ആയിരിക്കും വിഷര്‍ ഉദ്ദേശിക്കുന്നത്) രാജാവിന് പൊന്നാനിയില്‍ കൊട്ടാരവും ആസ്ഥാനവും ഉണ്ട്. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കും ഇവിടെ ഓഫീസ് ഉണ്ട്. ഇവിടെ നിന്നാണ് കമ്പനിയുടെ അക്കൗണ്ടന്റ് വാണിജ്യ ഇടപാടുകളെപ്പറ്റി സാമൂതിരിയുമായി ചര്‍ച്ച നടത്തുന്നത്.

കോഴിക്കോട്ടിന് തെക്കുള്ള താമരശ്ശേരിയും (Tamarasyerye), വടക്ക് ഇടമരവും (Geringal) നമ്പൂതിരിമാരുടെ നാടാണ്. ഇടമരം നമ്പൂതിരിയുടെ നാട് കോലത്തുനാട്ടിലെ വാഴുന്നോരുടെ (Blaemoor) ദേശത്തിനും കോട്ടപ്പുഴ (Cottasal)യ്ക്കും ഇടയ്ക്കാണ്.

കോലത്തിരി (കോലത്ത് നാട്ടിലെ രാജാവ്)
തെക്ക് സാമൂതിരി രാജ്യം മുതല്‍ വടക്ക് കാനറ വരെ നീണ്ടുകിടക്കുന്ന കോലത്തുനാട്ടിലാണ് നല്ല ഏലം വിളയുന്നതെന്നും, ഈ രാജകുടുംബത്തിന് നാല് ശാഖകള്‍ ഉണ്ടെന്നും വിഷര്‍ പറയുന്നു. കോട്ടയ്ക്കല്‍ മുതല്‍ ധര്‍മ്മപട്ടണം (Dermapatanam) വരെയാണ് വാഴുന്നോരുടെ (Blaemoor) നാട് (കടത്തുനാട്ടു രാജാക്കന്മാര്‍ 'വാഴുന്നോര്‍' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്). പുറവഴി കോയിക്കല്‍ (Perrevia Coil) രാജാവിന്റെ നാടുവരെ വാഴുന്നോരുടെ നാടു നീണ്ടുകിടക്കുന്നു. പറവഴി നാടിന്റെ തെക്കുഭാഗത്ത് സാമൂതിരി രാജ്യവും തെക്ക്കിഴക്ക് മൈസൂറും സ്ഥിതിചെയ്യുന്നു. (കോട്ടയവും കുറുംപറനാടും പുറവഴി നാടിന്റെ ഉപസ്വരൂപങ്ങളാണ്). ധര്‍മ്മപട്ടണം, കണ്ണൂര്‍, വളപട്ടണം, മാടായി എന്നിവ വാഴുന്നോരുടെ നാട്ടിനപ്പുറം കോലത്തിരിയുടെ നാട്ടിലുള്ള സമുദ്രതീര പട്ടണങ്ങളാണ്.

മലബാര്‍ തീരം
മലബാറിലെ ഭരണരീതി

മലബാറിലെ ഭരണരീതിയെപ്പറ്റി വിഷര്‍ പൊതുവിവരങ്ങളാണ് നല്കുന്നത്. അക്കാലത്തെ രാജഭരണത്തെപ്പറ്റിയും ജനങ്ങളുടെ പങ്കിനെപ്പറ്റിയും കുറെ വിവരങ്ങള്‍ ലഭിക്കുന്നു. കൊച്ചിയില്‍ പോര്‍ട്ടുഗീസുകാരും അതിനുശേഷം ഡച്ചുകാരും ഭരണം നിയന്ത്രിച്ചു. ഇംഗ്ലീഷുകാര്‍ കേരളം അവരുടെ കൊടിക്കീഴിലാക്കി. പുതിയ ഭരണപരിഷ്കരങ്ങള്‍ നടപ്പിലാക്കാന്‍ വിഷറിന്റെ, വിവരണങ്ങള്‍ക്ക് ശേഷം വര്‍ഷങ്ങള്‍ പിന്നെയും എടുത്തു. യൂറോപ്യന്‍ ഭരണരീതി ഇവിടെ നടപ്പിലാക്കുന്നതിനു മുമ്പുള്ള ഭരണരീതിയെപ്പറ്റി പഠിക്കാന്‍ വിഷറിന്റെ വിവരങ്ങള്‍ സഹായകമാകുന്നു.

മലബാറില്‍ രാജാവ് സ്വന്തം നാട്ടില്‍ പരമാധികാരിയാണ്. പാര്‍ലമെന്റും അസംബ്ലികളും കൗണ്‍സിലുകളുമൊന്നും അവിടെ ഇല്ലെന്ന് വിഷര്‍ പറയുന്നു. ഓരോ കാര്യങ്ങളും രാജാവ് തെരഞ്ഞെടുക്കപ്പെട്ട വിശ്വസ്തന്മാരുമായി കൂടിയാലോചിച്ചാണ് നടത്തുന്നത്. തീരുമാനങ്ങള്‍ ആചാരമര്യാദകള്‍ക്ക് വിപരീതമാകാന്‍ പാടില്ല. ഇതെല്ലാം അറിയുന്ന ഒരു ബ്രാഹ്മണന്‍ രാജാവിന്റെ ഉപദേശകനായി ഉണ്ടാകും. രാജാവിന്റെ സേച്ഛാധികാരത്തിന് കടിഞ്ഞാണിടുന്നത് രാജ്യസഭകളാണ്. ഒന്ന് രാജാവ് വിളിച്ചുകൂട്ടുന്നതും, മറ്റേത് നാട്ടുകാര്‍ പെട്ടെന്ന് കൂടുന്നതുമാണ് സഭകള്‍ . രാജാവിന്റെ സഭ കൂടാന്‍ വേണ്ടി അദ്ദേഹം നിശ്ചയിച്ചിട്ടുള്ള ആളുകള്‍ക്ക് സന്ദേശം അയയ്ക്കും. ക്ഷണിതാക്കള്‍ വട്ടത്തിലിരുന്നാണ് ചര്‍ച്ച നടത്തുന്നത്. സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുന്ന കാര്യങ്ങളാണ് രാജാവ് ഇവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുക. രാജാവ് നാട്ടുനടപ്പിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അവസരത്തിലാണ് പ്രമാണികളായ ആളുകള്‍ തിടുക്കത്തില്‍ സഭകൂടുന്നത്. രാജാവിനെതിരായ ഈ സഭയില്‍ ആയിരക്കണക്കിനാളുകള്‍ ഒത്തുകൂടും. അതിനാല്‍ ബലപ്രയോഗത്തിന് രാജാവ് തയ്യാറാകില്ല. എന്നാല്‍ സഭ അലങ്കോലപ്പെടുത്താന്‍ 'പണ്ടാരപിള്ളേര്‍' എന്നറിയപ്പെടുന്ന ചെറുപ്പക്കാരെ രാജാവ് രഹസ്യമായി നിയോഗിക്കും. അവര്‍ കൂകിവിളിച്ചും, കല്ലും മണ്ണും എറിഞ്ഞും ശല്യം ഉണ്ടാക്കുക പതിവായിരുന്നു. കാവല്‍ നില്‍ക്കുന്ന നായന്മാര്‍ ഇതിനെ നേരിടും. എന്നാല്‍ പണ്ടാരപിള്ളമാരില്‍ ആരെയെങ്കിലും മുറിവേല്പിച്ചാല്‍ രാജാവ് ഇടപെടും. അത് രാജ്യദ്രോഹമായി കണക്കാക്കി സഭയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാന്‍ രാജാവിന് അധികാരം ഉണ്ട്. യോഗം കഴിഞ്ഞാല്‍ രാജാവും ജനങ്ങളും തമ്മിലുള്ള ആഭ്യന്തരസംഘര്‍ഷമായി മാറുന്നതിനു മുമ്പായി മധ്യസ്ഥന്മാരും, അയല്‍നാട്ടുകാരും ഇടപെട്ട് ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ നിബന്ധനകള്‍ ഉണ്ടാക്കാറുണ്ടെന്നാണ് വിഷറുടെ കത്തുകളില്‍ നിന്നും സൂചന ലഭിക്കുന്നത്. എന്നാല്‍ വിഷര്‍ പറയുന്ന രീതികള്‍ കേരളത്തില്‍ എല്ലായിടത്തും ഒന്നുപോലെ ആയിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

ക്ഷേത്രങ്ങളും തര്‍ക്കഭൂമികളും സംരക്ഷിയ്ക്കാന്‍ രാജാവ് നിയോഗിക്കുന്ന ഭടന്മാര്‍ക്ക് കൊലപാതകം നടത്താന്‍ പോലും അധികാരം ഉണ്ടായിരുന്നു. രാജാവിന്റെ അധികാരം സംരക്ഷിക്കാന്‍ ഭടന്മാര്‍ ജീവന്‍ പോലും വെടിയാന്‍ പ്രതിബദ്ധരായിരുന്നു.

രാജാവിന്റെ വരുമാനമാര്‍ഗങ്ങള്‍
സ്വന്തം ഭൂമിയില്‍നിന്നും, മേല്‍കോയ്മ അംഗീകരിച്ച് സാമന്തന്മാരില്‍ നിന്നും, വാണിജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന ചുങ്കങ്ങളില്‍ നിന്നും രാജാവിന് വരുമാനം ലഭിക്കുന്നു. പോര്‍ട്ടുഗീസുകാരുടെ വരവോടുകൂടി മലബാര്‍ രാജാക്കന്മാരുടെ കച്ചവടത്തില്‍ നിന്നുള്ള വരുമാനം കൂടിയിട്ടുള്ളതായി വിഷറിന്റെ കണക്കുകളില്‍ നിന്നും മനസിലാക്കാം. വലിയ ഭൂഉടമകള്‍ ആണ്ടുതോറും രാജാവിന് കപ്പം നല്കാറുണ്ട്. ഉള്‍നാടന്‍ പുഴകളിലൂടെ ചരക്കുകള്‍ കൊണ്ടുപോകാനും ചുങ്കം നല്കണം. അവ പിരിച്ചെടുക്കാന്‍ ചൗക്കകള്‍ (Junkanaaras) ഉണ്ട്. വെള്ളത്തില്‍ തൂണുകള്‍ നാട്ടിയുള്ള ഈ ചൗക്കകളില്‍ ഡച്ച് കമ്പനി കൊടിയുള്ള ഉരുക്കളെ ഒഴിവാക്കുന്നു. രാജാവിന്റെ വിധിപ്രകാരം തിരിച്ചുകിട്ടുന്ന കടത്തിന്റെ ഇരുപത് ശതമാനം പാരിതോഷികമായി അദ്ദേഹത്തിന് നല്കണം. അതുപോലെ കുട്ടികള്‍ ജനിക്കുമ്പോള്‍ അമ്മമാര്‍ രാജാവിന് പാരിതോഷികം നല്കണം. അവകാശികളില്ലാതെ മരിക്കുന്നവരുടെ സ്വത്ത് രാജാവിനുള്ളതാണ്. ശിക്ഷാരീതികളിലൂടേയും രാജാവിന് വരുമാനം ലഭിക്കുന്നു. ജാതിഭ്രഷ്ടായവരെ വില്‍ക്കുന്നതിനുള്ള അവകാശവും രാജാവിനാണ്. അത് അദ്ദേഹത്തിനുള്ള വരുമാനം ആണ്. രാജാവിന്റെ അവകാശം ഇല്ലാതെ ആര്‍ക്കും മീശ വളര്‍ത്താനോ വലിയ സദ്യ നടത്താനോ പാടില്ല. ഇതും രാജാവിനുള്ള വരുമാനമാര്‍ഗ്ഗമാണ്. ദാനകരണങ്ങളും, വില്പന കരണങ്ങളും പുതുക്കി എഴുതുന്നതിലും വരുമാനം ലഭിക്കും. മുക്കുവന്മാരുടേയും, ചേകോന്മാരുടേയും ചാന്നാന്മാരുടേയും തലവന്മാര്‍ സ്ഥാനലബ്ധിക്ക് ആണ്ടുതോറും രാജാവിന് രാജഭോഗം നല്കണം. ക്രിസ്ത്യാനികളും യഹൂദന്മാരും, മുസ്ലിങ്ങളും ഉത്സവകാലത്ത് വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാനും, താണ ജാതിക്കാര്‍ ഉറുമാല്‍ (തലക്കെട്ട്), മോതിരം എന്നിവ ധരിക്കുന്നതിനും സംഭാവന നല്കണം.

നിയമവ്യവസ്ഥയും ശിക്ഷാരീതികളും
പാരമ്പര്യമായുള്ള ആചാരക്രമങ്ങളില്‍ അധിഷ്ഠിതമാണ് മലബാറിലെ തീര്‍പ്പു കല്പിക്കല്‍ എന്ന് വിഷര്‍ പറയുന്നു.

ഒരാളിന്റെ സ്വത്ത് വില്‍ക്കാന്‍ ന്യായാധിപന്റെ ഉത്തരവ് ആവശ്യമില്ല. തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ തീരുമാനം എടുക്കേണ്ടത് രാജാവാണ്. വസ്തു വില്‍ക്കാന്‍ ഉപയോഗിക്കുന്നത് കശുമാവിന്റെയോ മറ്റേതെങ്കിലും മരത്തിന്റെയോ ഇലയാണ്. വില്‍ക്കുന്ന സാധനത്തിലോ, ഭൂമിയിലോ ഇല കെട്ടിയിടും. എന്നിട്ട് വാദി വിളിച്ചു പറയും 'ഇത് രാമയാണ്; രാജാവിന്റെ വിലക്ക്' ഇലയെ മാറ്റാന്‍ ആര്‍ക്കും അധികാരം ഇല്ല. അത് മാറ്റിയാല്‍ രാജ്യദ്രോഹം ആയി കണക്കാക്കും. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭൂമി വില്‍ക്കാനുള്ള നടപടിക്രമം ഇതുതന്നെ. പക്ഷെ ഇലയ്ക്കുപകരം കമ്പനിയുടെ കൊടിയാണ് നാട്ടുക.

ഭൂമി പൂര്‍ണമായി വില്പന നടത്തുന്ന അട്ടിപ്പേര്‍ (Atepatta), വാങ്ങിയ പണം തിരിച്ചുനല്കുമ്പോള്‍ ഭൂമി ഉടമസ്ഥന്, വിട്ടുകൊടുക്കുന്ന 'പട്ട', വെറും പാട്ടം (Beram Patta), നിശ്ചിത കാലാവധിയ്ക്കു കടം വാങ്ങുന്നതും വസ്തുവിനുള്ള ആദായം പലിശയായി സ്വീകരിക്കുന്നതുമായ കരണം (Karana), കെട്ടിടം വയ്ക്കുന്നതിനോ, തെങ്ങ് കൃഷിക്കോ, തരിശുഭൂമി പാട്ടത്തിനു നല്കുന്നതിനോ ഉള്ള നേര്‍പാട്ടം (Nierpatta) എന്നിങ്ങനെ അഞ്ച് ക്രയവിക്രയങ്ങളാണ് മലബാറിലുള്ളത്.

ശിക്ഷാരീതി
സത്യം തെളിയിയ്ക്കാന്‍ പണ്ട് യൂറോപ്പില്‍ ചെയ്തിരുന്നതുപോലെ അഗ്നിപരീക്ഷ നടത്തുന്നത് മലബാറിലുണ്ടെന്ന് വിഷര്‍ പറയുന്നു. തിളപ്പിച്ച വെളിച്ചെണ്ണയിലാണ് കുറ്റം ചെയ്ത ആള്‍ കൈമുക്കേണ്ടത്. കൈ പൊള്ളാതിരുന്നാള്‍ അയാള്‍ നിരപരാധി എന്നാണ് വിശ്വാസം. മൂര്‍ഖന്‍ പാമ്പിനെ പൊതിഞ്ഞുകൊണ്ടുവന്ന ശേഷം കുറ്റം ആരോപിക്കുന്ന ആളിനെക്കൊണ്ട് അത് എടുക്കാന്‍ ആവശ്യപ്പെടുന്ന മറ്റൊരു ശിക്ഷാവിധി ഉണ്ട്. പാമ്പ് കടിച്ചില്ലെങ്കില്‍ അയാള്‍ കുറ്റക്കാരനല്ല. മുതലകളുള്ള പുഴയിലൂടെ കുറ്റക്കാരനെന്ന് സംശയിക്കപ്പെടുന്ന ആളിനെ തള്ളി ഇടുന്നത് മറ്റൊരു രീതിയാണ്. രക്ഷപ്പെട്ടാല്‍ അയാള്‍ കുറ്റക്കാരനല്ല.

മലബാറിലെ തടവറകള്‍ മിക്കതും രാജകൊട്ടാരങ്ങളോടനുബന്ധിച്ചാണ്. യൂറോപ്പില്‍ കോഴികളെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നതുപോലുള്ള ചെറിയ കൂടുകളിലാണ് തടവുകാരെ ഇടുക.

അടിമകളെ സംബന്ധിച്ച് ഉടമസ്ഥനുള്ള അവകാശം നിയമകാര്യത്തില്‍പെടും. പുലയന്മാര്‍ ജന്മനാ അടിമകളാണ്. നാടുവാഴികള്‍ക്കും, മാടമ്പിമാര്‍ക്കും, ധനികരായ നായന്മാര്‍ക്കും കുറെ പുലയര്‍ അടിമകളായി ഉണ്ടാകും. അവരുടെ സന്തതികളും അടിമകളായിട്ടാണ് പിറക്കുക. അടിമകള്‍ക്കുള്ള കൂലി പണമായോ അരിയായോ നല്കും. സ്വന്തം യജമാനന് ആവശ്യമില്ലാത്തപ്പോള്‍ അദ്ദേഹത്തിന്റെ അനുവാദത്തോടെ മാത്രമേ അടിമകള്‍ക്ക് മറ്റുള്ളവര്‍ക്കുവേണ്ടി പണി എടുക്കാന്‍ പാടുള്ളൂ. യജമാനന് അടിമയെ വില്‍ക്കുകയോ, വധിക്കുകയോ ചെയ്യാം. അടിമ മാതാപിതാക്കള്‍ക്ക് ദാരിദ്ര്യം മൂലം തങ്ങളുടെ കുട്ടികളെ വില്‍ക്കാന്‍ അനുവാദം ഉണ്ട്. എന്നാല്‍ അറുപതു പണത്തിലധികമാണ് ലഭിക്കുന്നതെങ്കില്‍ അത് യജമാനന് നല്കണം. പുലയ ദമ്പതികള്‍ക്ക് ആദ്യം ജനിക്കുന്ന കുട്ടി ആണായാലും പെണ്ണായാലും അത് പിതാവിന്റെ യജമാനന് ഉള്ളതാണ്. രണ്ടാമത്തെ കുട്ടി മാതാവിന്റെ യജമാനനും. ഒരു അടിമ യജമാനനുനേരെ അടിയ്ക്കാന്‍ കൈപൊക്കിയാല്‍ അയാള്‍ വധശിക്ഷയ്ക്ക് അര്‍ഹനാണ്. പുലയരെ മാത്രമല്ല ജാതിഭ്രഷ്ട് കല്പിച്ച് പുറത്താക്കുന്ന നായരേയും ചോവന്മാരേയും രാജാവിനും നാടുവാഴികള്‍ക്കും അടിമയായി വില്‍ക്കാന്‍ അവകാശം ഉണ്ട്. നിവര്‍ത്തി നിര്‍ത്തി തലവെട്ടുക, വെടിവച്ചു കൊല്ലുക, മൂര്‍ച്ചയുള്ള കമ്പികൊണ്ട് ജീവനോടെ തൊലി ഉരിക്കുക തുടങ്ങിയവയാണ് മലബാറിലെ ശിക്ഷാരീതികളെന്ന് വിഷര്‍ വിവരിക്കുന്നു.

യുദ്ധരീതി
യുദ്ധത്തിന് നൂറുകണക്കിന് ചിലപ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കും. വാളും പരിചയും ഏന്തി അവര്‍ രണ്ടുചേരികളായി നിന്നു പരസ്പരം വെട്ടിമുറിവേല്‍പ്പിക്കുകയും ചിലപ്പോള്‍ കൊല്ലുകയും ചെയ്യുന്നു. മലബാറിലെ സൈന്യങ്ങള്‍ ശൂദ്രന്മാര്‍ ചേര്‍ന്നതാണ്. പുലയര്‍ക്ക് ഇവരെ സമീപിക്കാന്‍ പാടില്ല. യുദ്ധത്തിനുപയോഗിക്കുന്ന ആയുധങ്ങള്‍ പലവിധത്തിലാണ്. അവയില്‍ പ്രധാനം വാള്‍തന്നെ. വലിയ വട്ടത്തിലുള്ള പരിചയും ഉണ്ടാകും. ചിലര്‍ അമ്പും വില്ലും ഉപയോഗിക്കുന്നു. കുതിര സവാരി അവര്‍ക്കറിയില്ല. രാജാക്കന്മാര്‍ക്ക് ഭീമാകാരങ്ങളായ ആനകളുണ്ട്. അവയെ കഠിനജോലിക്കും, യുദ്ധത്തില്‍ ഭാരം ചുമക്കാനുമാണ് ഉപയോഗിക്കുന്നത്. സൈനികരില്‍ വെടിക്കാരും ഉണ്ട്. കോട്ട ഉപരോധിക്കുക എന്ന തന്ത്രം നായന്മാര്‍ക്ക് അറിയില്ല. കൂടാതെ ബോംബുകളും ഗ്രനേഡുകളും ഉപയോഗിച്ച് കോട്ട തകര്‍ക്കാനും അവര്‍ക്ക് അറിയില്ല. രാജാക്കന്മാര്‍ തമ്മിലുള്ള യുദ്ധങ്ങളില്‍ കാര്യമായ രക്തച്ചൊരിച്ചില്‍ ഉണ്ടാകില്ല. ഇരുപതുപേര്‍ മരിച്ചാല്‍ യുദ്ധം ഗൗരവമുള്ളതായി കണക്കാക്കുന്നുവെന്ന് വിഷര്‍ പറയുന്നു. എന്നാല്‍ വിഷര്‍ വിവരിക്കുന്ന കാര്യങ്ങള്‍ വളരെ വേഗം മാറി. മലബാര്‍ രാജാക്കന്മാര്‍ പ്രത്യേകിച്ച് തിരുവിതാംകൂറിലെ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെപ്പോലുള്ളവര്‍ യൂറോപ്യന്‍ പട്ടാള ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ച് സേനയെ നവീകരിച്ചു.

ജാതിവ്യവസ്ഥ

ചോവന്മാരും മറ്റുളളവരും
ചോവന്മാരെപ്പറ്റി വിഷര്‍ ഒരു ഐതിഹ്യകഥ വിവരിക്കുന്നു. ചോവന്മാരുടെ പ്രധാന തൊഴില്‍ കള്ളുചെത്താണ്. തെങ്ങിന്‍കുല മുറിച്ച് അതില്‍ നിന്നുള്ള ദ്രാവകം കലശങ്ങളില്‍ ശേഖരിച്ചാണ് കള്ള് എടുക്കുന്നത്. ചോവന്മാര്‍ രണ്ടുതരം ഉണ്ട്. അത് ചോവന്മാരും, തീയ ചോവന്മാരും (Twencheyos) ആണ്. ചോവന്മാര്‍ക്ക് താഴെയാണ് കോലക്കുറുപ്പ് (Coelagouryp). അമ്പും വില്ലും ഉണ്ടാക്കുകയാണ് അവരുടെ തൊഴില്‍ (വില്‍ക്കുറുപ്പ് എന്നും ഇവരെ വിളിക്കും. ഓണവില്ലിന്റെ താളത്തില്‍ ഓണപ്പാട്ടു പാടുന്നവരാണിവര്‍). വാള്‍പ്പയറ്റും മറ്റ് ആയുധവിദ്യകളും അഭ്യസിക്കുന്നവരാണ് കണിയാറക്കുറുപ്പ്. ജ്യോതിഷന്മാരായ കണിയാന്മാര്‍, ബാധ ഒഴിപ്പിക്കുന്ന കുറവര്‍, പാമ്പാട്ടികളും, പ്രവചനക്കാരുമായ കാക്കക്കുറുവര്‍ (Cuea Corwas), കാക്കകുറുവന്മാരെ അനുഗമിക്കുന്ന പാണന്‍, പുള്ളോന്‍ ഇവരെല്ലാം നാടോടികളായിട്ടാണ് വിഷര്‍ വിവരിക്കുന്നത്.

മുക്കുവര്‍ കടല്‍ത്തീരത്താണ് താമസം. അടിമജാതികളില്‍ കണക്കരും (Cannatier), വേട്ടുവരും (Bettoas) ആണ് മുന്തിയ വിഭാഗം. കണക്കന്മാര്‍ നാളികേരം ഇടുന്നവരും, വേട്ടുവന്മാര്‍ ഉപ്പളങ്ങളില്‍ പണി ചെയ്യുന്നവരുമാണ്. വിവിധ ജോലി ചെയ്യുന്ന പുലയരെപ്പറ്റി വിഷര്‍ വിവരിക്കുന്നുണ്ട്. വെട്ടുകാരന്‍ (Vettoecaran), വെട്ടുപുലയന്‍ (Beltoe Pulleahs), കാണപ്പുലയന്‍ (Canna Pulleahs)എന്നിവരാണ് ഇവര്‍. പറയരില്‍ കാണിപ്പറയര്‍ (Canni Pariahs) എന്നും അസ്സിപറയര്‍ (Asse Pariahs) എന്നും രണ്ട് വിഭാഗങ്ങളുണ്ട്. ഇവര്‍ ജാതിഭ്രഷ്ടരാണ്. മുറം, കൊട്ട എന്നിവ ഉണ്ടാക്കുകയാണ് പ്രധാന തൊഴില്‍. ചത്ത പശുവിന്റെ തോലുരിഞ്ഞുകൊണ്ടുപോകാനുള്ള അവകാശവും ഇവര്‍ക്കുണ്ട്.

മൂന്നുതരം കാട്ടുജാതിക്കാരെപ്പറ്റി വിഷര്‍ പറയുന്നു. കാട്ടുതേനും മെഴുകും ശേഖരിക്കുന്നവരായ ഉള്ളാടരാണ് ആദ്യത്തേത്. ഇവര്‍ വസ്ത്രം ധരിക്കാറില്ല. കടുവകളെ മാതുലന്മാരായി കണക്കുകൂട്ടുന്നതിനാല്‍ കടുവ കാട്ടില്‍ ചത്തത് അറിഞ്ഞാല്‍ തല മുണ്ഡനം ചെയ്ത് ദുഃഖം ആചരിക്കുന്നു. കടുവ കൊന്ന മൃഗങ്ങളുടെ മാംസം ഇവര്‍ക്ക് പ്രധാന ഭക്ഷണമാണ്. വേടന്മാരും (Wedden) നായാടികളും (Naiaddy) കാട്ടുജാതിക്കാരാണ്. വേട്ടയിറച്ചിയും ഫലമൂലാദികളുമാണ് അവരുടെ ആഹാരം.

നായന്മാര്‍, പട്ടന്മാര്‍, കൊങ്ങിണികള്‍, യോഗികള്‍ തുടങ്ങിയവര്‍ മലബാറിലെ നായന്മാരെ യോധാക്കളായിട്ടാണ് വിഷര്‍ വിവരിക്കുന്നത്.പാരമ്പര്യംകൊണ്ടുതന്നെ അവര്‍ എപ്പോഴും ആയുധം ധരിക്കണം. ഇവര്‍ ശൂദ്രര്‍ എന്നുപറയുന്ന വിഭാഗത്തില്‍പ്പെട്ടതാണ്. ചടങ്ങുകളും ആചാരങ്ങളും എല്ലാം ക്ഷത്രിയരുടേതുതന്നെ. ശൂദ്രന്മാരെ മാടChinese Fishing Nets in Cochinമ്പി (Nobles)മാരായും, സാധാരണക്കാരായും തരംതിരിയ്ക്കാം. നമ്പിടി, നമ്പ്യാര്‍, സാമന്ത്ര, പതിതന്‍ അഥവാ വെളിയത്ത് നായര്‍, വെള്ളാളന്‍, വിളക്കിത്തല നായര്‍ എന്നീ വിഭാഗങ്ങള്‍ ഇവര്‍ക്ക് ഉണ്ട്. വിളക്കിത്തല നായര്‍ ക്ഷുരകന്മാരാണ്. രാജാവിന്റെ അനുയായികളായി സഞ്ചരിക്കുന്ന നായന്മാര്‍ക്ക് ദിവസവും ശമ്പളം ഉണ്ട്. കാര്യക്കാര്‍, നഗരപാലകന്മാര്‍, ദേശവാഴികള്‍, ഉയര്‍ന്ന സേനാപതിമാര്‍ എന്നിവരെ സ്ഥാനവലിപ്പം പ്രമാണിച്ച് നായന്മാരില്‍ നിന്നാണ് തെരഞ്ഞെടുക്കുന്നത്. ചാക്യാന്മാര്‍ (ക്ഷേത്രങ്ങളില്‍ പാടുന്നവര്‍), പൊതുവാള്‍ (രാജാവിന് താംബുലം എടുത്തുകൊടുക്കുന്നവര്‍), ആണ്ടാര്‍ (കളിമണ്‍പാത്രം ഉണ്ടാക്കുന്നവര്‍), ചെമ്പുകൊട്ടി (ചില്ലറ കച്ചവടക്കാര്‍), പാണന്‍ (തയ്യല്‍ക്കാരന്‍), നൂല്‍ചെട്ടി (നെയ്ത്തുകാരന്‍), വാണിയ നായര്‍ (എണ്ണയാട്ടുകാര്‍), ഇടച്ചേരി നായര്‍ (ഉഴവര്‍), വാലന്മാര്‍ (മുക്കുവര്‍), ആശാരി (മരപ്പണിക്കാര്‍), മുശാരി (തകരപ്പണിക്കാര്‍), തട്ടാന്‍ (വെള്ളിപണിക്കര്‍), കൊല്ലന്‍ (ഇരുമ്പുപണിക്കാര്‍) എന്നിവര്‍ ജന്മസിദ്ധമായ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. മലബാറില്‍ വിഗ്രഹാരാധനക്കാരെ രണ്ടായി തിരിയ്ക്കാം

നാട്ടുകാരും, വിദേശികളും.

വാണിജ്യാര്‍ഥം മലബാറില്‍ വന്ന് താമസിക്കുന്ന പട്ടന്മാര്‍, മലബാറില്‍ വന്നു താമസിക്കുന്ന കൊങ്ങിണികള്‍ (Camarese), ഇവിടെ വന്നും പോയും ഇരിക്കുന്ന യോഗികള്‍ എന്നിവരാണ് വിഷര്‍ ഉദ്ദേശിക്കുന്ന വിദേശികള്‍. പട്ടന്മാര്‍ കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. കൊല്ലം, കായംകുളം, കൊച്ചി, തൃശൂര്‍, പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളില്‍ പട്ടന്മാര്‍ക്ക് പണ്ടകശാലകള്‍ ഉണ്ട്. പട്ടന്മാരെ പാണ്ടി, തുളു, തെലുങ്ക് എന്നിങ്ങനെ മൂന്നായി തിരിയ്ക്കാം. പാണ്ടിപ്പട്ടന്മാരില്‍ തഞ്ചാവൂര്‍, ചോഴിയ, മുക്കാണി എന്നിവര്‍ ഉള്‍പ്പെടുന്നു. ആചാരങ്ങള്‍ കൊങ്ങിണികളുടേയും മറ്റ് ബ്രാഹ്മണരുടേയും ഒരുപോലെ തന്നെ.

ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി കൊങ്ങിണികളിലൊരാളെ കമ്പനിയുടെ വ്യാപാരിയായി നിയമിക്കുകയും രണ്ട് ഡച്ച് ഭടന്മാരുടെ സേവനം നല്കുകയും ചെയ്തിട്ടുണ്ട്. അരിയാണ് പ്രധാന വില്പന. പഴവര്‍ഗങ്ങളും തുണികളും മറ്റ് വില്പന സാധനങ്ങള്‍. ഇവരുടെ സുന്ദരികളായ സ്ത്രീകള്‍ സ്വര്‍ണമാല, കമ്മലുകള്‍, മൂക്കുത്തികള്‍, വളകള്‍, കാലില്‍ വെള്ളിക്കൊലുസുകള്‍ തുടങ്ങിയവ ധരിക്കുന്നു. മുടി വകഞ്ഞ് ഒരു വശത്തേയ്ക്ക് കെട്ടിവച്ച് ചിലപ്പോള്‍ പൂവ് ചൂടുന്നു. കൊച്ചിയിലെ കൊങ്ങിണികള്‍ കോട്ടയ്ക്കകത്ത് താമസിക്കാറില്ല. ഇതിനുള്ള കാരണം യൂറോപ്യന്മാര്‍ അശുദ്ധരാണെന്ന വിശ്വാസമാണെന്ന് വിഷര്‍ രേഖപ്പെടുത്തി.

ക്ഷേത്രങ്ങള്‍

ക്ഷേത്രങ്ങളെ 'പഗോഡ' എന്നാണ് പറയുന്നത്. ദേവന്മാര്‍ അതിനകത്ത് താമസിക്കുന്നുണ്ടെന്നും, അവര്‍ ഭക്തന്മാരുടെ ആരാധന സ്വീകരിക്കുന്നുണ്ടെന്നും ഉള്ള സങ്കല്പം ആണ് ഉള്ളത്. വലിയ ക്ഷേത്രങ്ങള്‍ക്ക് ചെമ്പുകൂര ഉണ്ട്. കൊടുങ്ങല്ലൂര്‍ ക്ഷേത്രം സുന്ദരമായ ശില്പകലകള്‍ നിറഞ്ഞതാണെന്നും, അതിലെ കമാനത്തിലെ ശില്പചാതുരി യൂറോപ്യന്മാരുടെ പോലും ആദരവ് പിടിച്ചുപറ്റുമെന്നും വിഷര്‍ രേഖപ്പെടുത്തി. സ്വര്‍ണവും, വെള്ളിയും പൂശിയ വിഗ്രഹങ്ങള്‍ പല പല അമ്പലങ്ങളിലും ഉണ്ട്. മറ്റ് മതക്കാര്‍ക്ക് മാത്രമല്ല ഹിന്ദു സമൂഹത്തിലെ താണ ജാതിക്കാര്‍ക്കും (അയിത്തം ഉള്ളവര്‍ക്ക്) അമ്പലത്തില്‍ പ്രവേശനം ഇല്ല. ചില ക്ഷേത്രങ്ങളില്‍ മൃഗബലി നിലനിന്നിരുന്നതായി വിഷറിന്റെ വിവരണത്തില്‍ നിന്നും മനസിലാക്കാം.

വിശ്വാസങ്ങള്‍ പലവിധം

തോട്ടങ്ങളുടേയും പാടങ്ങളുടേയും വീടുകളുടേയും മുമ്പില്‍ നോക്കുകുത്തി (Molik) കെട്ടിനിര്‍ത്തുന്ന പതിവ് അന്നേ ഉണ്ടായിരുന്നതായി വിഷര്‍ പറയുന്നു. വിഗ്രഹത്തിന്റെയോ, കുരങ്ങിന്റെയോ രൂപത്തിലോ, കലങ്ങളില്‍ ചായംകൊണ്ട് വരച്ചോ നോക്കുകുത്തികള്‍ പ്രദര്‍ശിപ്പിക്കുന്നത് കരിങ്കണ്ണ് ഉള്ളവരുടെ നോട്ടത്തില്‍ നിന്നും വിനാശം ഉണ്ടാകുന്നത് തടയാനാണ്. ചില ക്രിസ്ത്യാനികളിലും ഈ വിശ്വാസം ഉണ്ടെന്ന് വിഷര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വീട് പണിയുമ്പോള്‍ ആദ്യ താങ്ങ് ഉറപ്പിക്കുന്നത് കിഴക്കാണ്. ആശാരി നാളികേരം ഉടച്ച് അവിടെ തേങ്ങാവെള്ളം നിറയ്ക്കും. എന്നിട്ട് വെറ്റിലതുമ്പ് അതില്‍ ഇടുന്നു. അത് പൊങ്ങുന്നതും ഉയരുന്നതും അനുസരിച്ച് ആയിരിയ്ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ പ്രവചിക്കുക. ആല്‍മരം വിശുദ്ധമായി കരുതി അതിനെ ആരാധിക്കുന്നു. ആല്‍മരത്തില്‍ വിളക്കുകള്‍ കത്തിച്ചാണ് ആരാധിക്കുന്നത്. എത്ര ഭയങ്കരമായ അസുഖത്തിനും മന്ത്രവാദം നടത്തി ശമനത്തിന് ശ്രമിക്കുന്ന പതിവ് അന്നും ഉണ്ടായിരുന്നു. ഒരാള്‍ തന്റെ എതിരാളികളെ നശിപ്പിക്കാന്‍ ഉഗ്ര ഉപാസന മൂര്‍ത്തിയുടെ സഹായത്തോടെ അയാളില്‍ അപസ്മാരം, ഭ്രാന്ത് എന്നിവ ഉണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസം അന്നുണ്ടായിരുന്നു. തങ്ങളെ ബാധിച്ച അസുഖം ബാധ (വാത) മൂലമാണോ എന്നറിയാന്‍ രോഗികളുടെ ആളുകള്‍ കണിയാനെ സമീപിക്കുന്നു. കണിയാന്‍ കവടി നിരത്തി ഫലം പറയുന്നു. ബാധയേ അയച്ച ആളിനെപ്പറ്റി അറിഞ്ഞാല്‍ രോഗിയ്ക്ക് രാജാവിനെ സമീപിയ്ക്കാം. വെളുത്തേടനാണ് ആഭിചാരകര്‍മ്മങ്ങള്‍ ചെയ്യുന്നത്. അയാള്‍ മാന്ത്രികവൃത്തം വരച്ച് അതില്‍ വെറ്റില, അരി, മഞ്ഞള്‍, ചെത്തിപ്പൂ, പാക്ക്, പുകയില, ഓല തുടങ്ങിയ സാധനങ്ങളും പലതരം പൂക്കളും ഉണ്ടാക്കുന്നു. ബാധ (വാത) ബാധിച്ച ആളെ വൃത്തത്തിന് മുമ്പിലിരുത്തും. തുടികൊട്ടിയാണ് ബാധയെ ഓടിയ്ക്കുന്നതെന്ന് അതിന്റെ വിശദവിവരങ്ങള്‍ വിവരിച്ചുകൊണ്ട് വിഷര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ആഴ്ചയില്‍ തിങ്കളും വ്യാഴവും കരിനാളാണ്. ഞായറാഴ്ച ഭാഗ്യദിനം ആണ്. രാവിലെ യാത്ര പുറപ്പെടുമ്പോള്‍ പൂച്ചയും പാമ്പും ആദ്യമായി കാണുന്നത് ദുശ്ശകുനമാണ്. കാക്ക ഇടതുവശത്തുകൂടി പറന്നുപോകുന്നതും വലതുവശത്തുകൂടെ പറക്കുന്നതും നല്ല ശകുനമായി കരുതുന്നു.
top