1795ല്‍ ഡച്ചുകാര്‍ കൊച്ചിയില്‍ നിന്നും വിടപറയുമ്പോള്‍ രണ്ടു യൂറോപ്യന്‍ ശക്തികളാണ് കേരളത്തിലുണ്ടായിരുന്നത് ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും. മയ്യഴി പിടിച്ചെടുത്ത് "മാഹി" ആക്കി അവിടെ ഫ്രഞ്ചുകാര്‍ ഭരണം തുടരുന്നു.
ഡച്ചുകാരില്‍ നിന്നും കിട്ടിയ കൊച്ചി കോട്ടയില്‍ കൊടിനാട്ടി ആധിപത്യം സ്ഥാപിച്ചശേഷം ഇംഗ്ലീഷുകാര്‍ രാജകൊട്ടാരം ലക്ഷ്യമാക്കി നീങ്ങി. കൊട്ടാരത്തിനു മുകളില്‍ വെള്ളക്കൊടി ഉയര്‍ത്തി രാജകുടുംബം കീഴടങ്ങല്‍ പ്രഖ്യാപിച്ചു. ഇംഗ്ലീഷുകാര്‍ പിന്നെ കൊല്ലത്ത് എത്തി ഡച്ചുകാരുടെ വകയായിരുന്ന തങ്കശ്ശേരി കോട്ട പിടിച്ചെടുത്തു. ഇതോടെ മാഹി ഒഴികെ കേരളം മുഴുവന്‍ ഇംഗ്ലീഷുകാരുടെ അധീനതയിലായി. മലബാര്‍ നേരിട്ടും തിരുവിതാംകൂറും കൊച്ചിയും രാജാക്കന്മാരെ കൊണ്ട് ഭരിപ്പിക്കാനും തന്നെയാണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ തീരുമാനം. 1791ലെ ഒരു ഉടമ്പടി പ്രകാരം തന്നെ കൊച്ചി രാജാവ് ഇംഗ്ലീഷുകാരുടെ സാമന്തനാകുകയും കപ്പം കൊടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തിട്ടുള്ളതാണ്. ടിപ്പുവിന്റെ ആക്രമണത്തില്‍ നിന്നും സംരക്ഷണം കിട്ടിയതിന്റെ പേരില്‍ തിരുവിതാംകൂറും 1795ല്‍ ഒരു ഉടമ്പടിയിലൂടെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മേല്‍ക്കോയ്മ അംഗീകരിച്ചിരുന്നു. ഇതുവഴി ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള ഏത് ആക്രമണവും തടുക്കാനുള്ള ബാധ്യത ഇംഗ്ലീഷുകാര്‍ക്കായി.
ഡച്ചുകാര്‍ കൊച്ചിയില്‍ നിന്നും പോകുമ്പോള്‍ മൈസൂറിലെ ടിപ്പു സുല്‍ത്താന്‍ ഇംഗ്ലീഷുകാരുമായി അന്തിമസമരത്തിന് തയ്യാറെടുക്കുകയായിരുന്നു. ടിപ്പുവും ഇംഗ്ലീഷുകാരും തമ്മില്‍ മുമ്പ് ശ്രീരംഗപട്ടണം കരാര്‍ വഴി ലഭിച്ച "വയനാട്" ഒഴികെയുള്ള മലബാര്‍ പ്രദേശം മുഴുവന്‍ ഒറ്റജില്ലയാക്കി (ബ്രിട്ടീഷ് മലബാര്‍) ഇംഗ്ലീഷുകാര്‍ നേരിട്ടു ഭരിക്കുകയാണിപ്പോള്‍. കമ്പനിയുടെ മലബാറിലെ ഏക പ്രതിയോഗി കേരളവര്‍മ്മ പഴശ്ശിരാജയാണ്. ഇതിനിടയില്‍ പഴശ്ശിയും ഫ്രാന്‍സിലെ നെപ്പോളിയനുമായി ടിപ്പുസുല്‍ത്താന്‍ സഖ്യം ഉണ്ടാക്കുമോ എന്ന സംശയം ഇംഗ്ലീഷുകാര്‍ക്ക് ഉണ്ടായി. 1798ല്‍ ഇംഗ്ലീഷുകാര്‍, ടിപ്പുവുമായി യുദ്ധം തുടങ്ങി. അതാണ് നാലാം മൈസൂര്‍ യുദ്ധം. ആ വര്‍ഷമാണ് തിരുവിതാംകൂറിലെ ധര്‍മ്മരാജാവ് എന്നറിയപ്പെട്ടിരുന്ന രാമവര്‍മ്മ അന്തരിച്ചത്. അതോടെ അവിടെ പതിനാറു വയസ് മാത്രം പ്രായമുള്ള ബാലരാമവര്‍മ്മ (1798-1810) രാജാവായി. ദുര്‍ബലനായ ആ രാജാവിനെ ഒരുസംഘം ഉപജാപകസംഘം നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ അവിടത്തെ രാഷ്ട്രീയരംഗം കാറും കോളും നിറഞ്ഞതാകുന്നു. 1799 മേയ് 4ന് നാലാം മൈസൂര്‍ യുദ്ധത്തില്‍ ശ്രീരംഗപട്ടണം നിലംപതിക്കുകയും ടിപ്പുസുല്‍ത്താന്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. പക്ഷേ ഇംഗ്ലീഷുകാര്‍ക്ക് പിന്നെയും മലബാറില്‍ സമാധാനം കിട്ടിയില്ല. തെറ്റായ നികുതി പിരിവിലും, വയനാട് ഭാഗിക്കാനുള്ള തീരുമാനത്തിലും പ്രതിഷേധിച്ചാണ് പഴശ്ശിരാജ ഇംഗ്ലീഷുകാര്‍ക്ക് എതിരെ 1800ല്‍ വീണ്ടും കലാപം തുടങ്ങിയത്. പഴശ്ശി കലാപം അതിവേഗം ജനകീയവിപ്ലവമായി. വയനാട് കേന്ദ്രീകരിച്ച് നടന്ന യുദ്ധത്തില്‍ അവിടത്തെ എല്ലാ വിഭാഗം ആളുകളും പങ്കെടുക്കുന്നു. ഇടച്ചേന കുങ്കന്‍ നായരും കുറിച്ചിയ നേതാവ് തലയ്ക്കല്‍ ചന്തുവും പഴശ്ശി സമരത്തിന്റെ പടനായകരാകുന്നു. പഴശ്ശിയെ നേരിടുന്നത് ഇംഗ്ലീഷുകാരുടെ അഭിമാന പ്രശ്നമായി മാറി. "ഇരുമ്പ് ഡ്യൂക്ക്" എന്നറിയപ്പെട്ടിരുന്ന ആര്‍തര്‍ വെല്ലസ്ലി (പില്‍ക്കാലത്ത് വെല്ലിങ്ടണ്‍ പ്രഭു എന്ന പേരില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി) നിയുക്തനാകുന്നു. പക്ഷേ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകളും യുദ്ധതന്ത്രങ്ങളും തെറ്റുന്നു. 1805 നവംബര്‍ 30ന് പുല്‍പ്പള്ളിയിലെ മാവിലാംതോട്ടിന്‍കരയില്‍ വച്ച് തലശ്ശേരി സബ്കളക്ടര്‍ ടി.എച്ച്. ബേബറും സംഘവും പഴശ്ശിയെ നേരിടുന്നു. അദ്ദേഹം വെടിയേറ്റ് മരിച്ചു. അതല്ല വജ്രമോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തതാണെന്നും അഭിപ്രായം ഉണ്ട്. പഴശ്ശിയെ ബഹുമാനിച്ചിരുന്ന ബേബര്‍ സ്വന്തം പല്ലക്കിലാണ് മൃതദേഹം മാനന്തവാടിയില്‍ കൊണ്ടുവന്ന് നാട്ടാചാരപ്രകാരം സംസ്കരിച്ചത്. 1805ല്‍ ആണ് കൊച്ചിയിലെ ശക്തന്‍ തമ്പുരാന്‍ അന്തരിച്ചത്.
1805ല്‍ ഇംഗ്ലീഷുകാരും തിരുവിതാംകൂറും പുതിയ ഉടമ്പടി ഒപ്പുവച്ചു. ഇതുപ്രകാരം തിരുവിതാംകൂര്‍ പ്രതിവര്‍ഷം എട്ടുലക്ഷം രൂപ കമ്പനിക്ക് കപ്പം കൊടുക്കണമെന്ന വ്യവസ്ഥ ഉണ്ടായി. ഈ ഉടമ്പടി തിരുവിതാംകൂറിന്റെ രാഷ്ട്രീയാധികാരത്തെ നഷ്ടപ്പെടുത്തി. കേണല്‍ മെക്കാളെയായിരുന്നു തിരുവിതാംകൂര്‍ ഇംഗ്ലീഷ് റസിഡന്‍റ്. മെക്കാളെ പിന്നീട് കൊച്ചിയിലേയും റസിഡന്‍റായി. ക്രമേണ രണ്ടുസ്ഥലത്തെയും ആഭ്യന്തര കാര്യങ്ങളില്‍ റസിഡന്‍റ് ഇടപെടാന്‍ തുടങ്ങി.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later