മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍
കേരളത്തിന് 60 വയസ്സ്
(1956-2016)
തെക്കന്‍ കാനറയിലെ കാസര്‍കോടിനെ മലബാറിനോടും മലബാറിനെ തിരുകൊച്ചിയോടും സംയോജിപ്പിച്ചും തിരുകൊച്ചിയിലെ ചെങ്കോട്ട വിഭജിച്ച് ഒരു ഭാഗവും തെക്കന്‍ താലൂക്കുകളായ തോവാള, അഗസ്തീശ്വരം, വിളവന്‍കോട്, കല്‍ക്കുളം എന്നിവ തമിഴ്നാടിനോടും ചേര്‍ത്താണ് ഐക്യകേരളം രൂപീകരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്. അപ്രകാരമുള്ള ഐക്യകേരളം 1956 നവംബര്‍ ഒന്നിന് നിലവില്‍ വന്നു.
1498ല്‍ പോര്‍ട്ടുഗീസ് നാവികന്‍ വാസ്ഗോഡിഗാമ കോഴിക്കോട്ട് എത്തുമ്പോള്‍ കേരളം ചെറുതും വലുതുമായി അനേകം നാട്ടുരാജ്യങ്ങളായിരുന്നു. അതില്‍ തെക്ക് വേണാടും മധ്യഭാഗത്ത് കൊച്ചിയും അതിനപ്പുറത്ത് കോഴിക്കോട് സാമൂതിരി രാജ്യവും വടക്കേയറ്റം കോലത്തുനാടും ആയിരുന്നു വലിയ രാജ്യങ്ങള്‍. പോര്‍ട്ടുഗീസുകാരെ തുടര്‍ന്ന് ഡച്ചുകാരും ഡെന്മാര്‍ക്കുകാരും ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും കേരളത്തിലെത്തി. ഡച്ചുകാരോട് തോറ്റ പോര്‍ട്ടുഗീസുകാര്‍ ഗോവയിലേക്ക് പിന്‍വാങ്ങി. ഡെന്മാര്‍ക്കുകാരും പിന്നീട് കേരളത്തോട് വിടപറഞ്ഞു. പിന്നീടുള്ള വലിയ ശക്തികള്‍ ഇംഗ്ലീഷുകാരും (ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി) ഫ്രഞ്ചുകാരും ഡച്ചുകാരുമായിരുന്നു. കൊച്ചിരാജാവിനെ ചൊല്‍പ്പടിക്കുനിര്‍ത്തി അവിടെ നിന്നും തെക്കും വടക്കും കച്ചവടസാമ്രാജ്യം സ്ഥാപിക്കാന്‍ യത്നിച്ചിരുന്ന ഡച്ചുശക്തിയെ 1741ല്‍ കുളച്ചലില്‍ വച്ച് വേണാട് രാജാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ തോല്‍പ്പിച്ചു. പിന്നീട് മാര്‍ത്താണ്ഡവര്‍മയുടെ പടയോട്ടമായിരുന്നു. അദ്ദേഹം പടനയിച്ച് കൊച്ചിയുടെ പടിവാതില്‍ക്കല്‍വരെ എത്തി. അതോടെ വേണാട് വിശാലമായ "തിരുവിതാംകൂര്‍" ആയി. ആ രാജ്യത്തെ തന്റെ കുലദൈവമായ ശ്രീപദ്മനാഭന് മാര്‍ത്താണ്ഡവര്‍മ "തൃപ്പടിദാനം" വഴി സമര്‍പ്പിച്ചു. അതോടെ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ "ശ്രീപദ്മനാഭദാസന്‍മാര്‍" എന്നറിയപ്പെട്ടു. അതിനുമുമ്പ് വടക്കന്‍ കേരളത്തിലെത്തിയ ഫ്രഞ്ചുകാര്‍ മയ്യഴി പിടിച്ചെടുത്ത് "മാഹി"യാക്കി.
മാര്‍ത്താണ്ഡവര്‍മയ്ക്ക് ശേഷം അദ്ദേഹത്തിന്റെ അനന്തിരവന്‍ കാര്‍ത്തികതിരുനാള്‍ രാമവര്‍മ (1758-1788) തിരുവിതാംകൂര്‍ രാജാവായി. അദ്ദേഹത്തിന്റെ കാലത്താണ് കേരള രാജാക്കന്മാരെ ഞെട്ടിപ്പിച്ചുകൊണ്ട് മൈസൂരിലെ ഹൈദരാലിയും ടിപ്പുസുല്‍ത്താനും വടക്കന്‍ കേരളം ആക്രമിച്ചത്. ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അവിടെ നിന്നുള്ള പല രാജാക്കന്മാരും കീഴടങ്ങുകയോ പലായനം ചെയ്യുകയോ ചെയ്തു.1756ല്‍ തുടങ്ങിയ ഈ ആക്രമണം അദ്ദേഹത്തിന്റെ മരണത്തോടെ മകന്‍ ടിപ്പു സുല്‍ത്താന്‍ ഏറ്റെടുത്തു. ടിപ്പു സുല്‍ത്താന്‍ അവസാനം തൃശ്ശൂര്‍ കടന്ന് തിരുവിതാംകൂര്‍ പിടിക്കാന്‍ പെരിയാര്‍ തീരം വരെ എത്തി. ഈ സമയത്ത് ഡച്ചുകാര്‍ ഇവിടെ ഉണ്ടായിരുന്നുവെങ്കിലും ശക്തിയില്ലായിരുന്നു. ടിപ്പുവിനെ നേരിടാന്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കേ കഴിയൂവെന്ന കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മയും മലബാര്‍കൊച്ചി രാജാക്കന്മാരും കണക്കുകൂട്ടി അവരോട് സഹായം അഭ്യര്‍ഥിച്ചു. അവസരം കാത്തിരുന്ന ഇംഗ്ലീഷ് ഈസ്റ്റ് കമ്പനി മൈസൂരിനോട് യുദ്ധം പ്രഖ്യാപിച്ചു. ശ്രീരംഗപട്ടണം ഇംഗ്ലീഷുകാര്‍ വളഞ്ഞു. യുദ്ധത്തില്‍ ടിപ്പു തോറ്റു. ഇതേത്തുടര്‍ന്ന് 1792 ഫെബ്രുവരി 22-ാം തീയതി ഉണ്ടാക്കിയ ശ്രീരംഗപട്ടണം കരാര്‍ വഴി ടിപ്പു മലബാര്‍ പ്രദേശം മുഴുവന്‍ ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുത്തു. അവിടത്തെ രാജാക്കന്മാര്‍ക്ക് സ്ഥാനമാനങ്ങളും പദവിയും കരംഒഴിവ് വസ്തുക്കളും നല്‍കി മൂലയിലിരുത്തിയ ശേഷം മലബാര്‍ പ്രദേശം ഇംഗ്ലീഷുകാര്‍ ഒറ്റജില്ലയാക്കി. അത് "ബ്രിട്ടീഷ് മലബാര്‍" എന്നറിയപ്പെട്ടു. 1793 മാര്‍ച്ചിലായിരുന്നു ബ്രിട്ടീഷ് മലബാറിന്റെ ഉദ്ഘാടനം. ആദ്യം "കമ്മീഷണര്‍" എന്ന ഉദ്യോഗസ്ഥനും പിന്നീട് കളക്ടറും മലബാര്‍ ഭരിച്ചു. തിരുവിതാംകൂര്‍, കൊച്ചി രാജാക്കന്മാര്‍ ഇംഗ്ലീഷുകാരുടെ മേല്‍ക്കോയ്മ അംഗീകരിച്ചു. ആണ്ടുതോറും കപ്പം കൊടുക്കാമെന്ന വ്യവസ്ഥയില്‍ കൊച്ചി 1791ല്‍ ആണ് ഇംഗ്ലീഷുകാരുടെ മേല്‍ക്കോയ്മ അംഗീകരിച്ചത്. ഇംഗ്ലീഷുകാര്‍ കൊച്ചിക്ക് എല്ലാ സംരക്ഷണവും വാഗ്ദാനം ചെയ്തു. തിരുവിതാംകൂറും 1795ല്‍ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം ഇംഗ്ലീഷുകാരുടെ മേല്‍ക്കോയ്മ അംഗീകരിച്ചു. ഈ വര്‍ഷം യൂറോപ്പില്‍ ഡച്ചുകാരെ നെപ്പോളിയന്‍ തോല്‍പ്പിച്ചു. ഡച്ച് ഭരണാധികാരി ഇംഗ്ലണ്ടിലേക്ക് അഭയം പ്രാപിച്ചു. ഇതേത്തുടര്‍ന്ന് കൊച്ചിയിലെ ഡച്ചുകോട്ട ഇംഗ്ലീഷുകാര്‍ കൈവശപ്പെടുത്തി. പിന്നീട് ഡച്ചുകാര്‍ കൊച്ചിയില്‍ നിന്നും വിടപറഞ്ഞു. 1805ല്‍ ഈ ഉടമ്പടി പുതുക്കിയതോടെ തിരുവിതാംകൂറിന് രാഷ്ട്രീയ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. ഇതേത്തുടര്‍ന്ന് തിരുവിതാംകൂറിലും കൊച്ചിയിലും മഹാരാജാക്കന്മാരുടെ മുകളില്‍ അവരുടെ ഭരണം നിയന്ത്രിക്കാന്‍ "റസിഡന്റ്" എന്ന ഉദ്യോഗസ്ഥന്‍ നിയമിക്കപ്പെട്ടു. അങ്ങനെ കേരളം മുഴുവന്‍ ഇംഗ്ലീഷുകാരുടെ കൈപ്പിടിയിലായി. സ്വാതന്ത്ര്യലബ്ധി വരെ ഇതായിരുന്നു സ്ഥിതി.
സ്വാതന്ത്ര്യസമരകാലത്താണ് "ഐക്യകേരളം" എന്ന ആവശ്യത്തിന് ശക്തികൂടിയത്. എന്നാല്‍ അതിനുമുമ്പു തന്നെ മൂന്നായിക്കിടക്കുന്ന മലയാളക്കര ഒന്നാകുമെന്നും, തിരുവനന്തപുരം, അതിന്റെ തലസ്ഥാനമാകുമെന്നും സ്വദേശാഭിമിനി രാമകൃഷ്ണപിള്ളയെപ്പോലുള്ളവര്‍ പ്രവചിച്ചിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആദ്യം ശക്തിപ്പെട്ടത് മലബാറിലാണ്. ആദ്യകാലത്ത് നടന്ന കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ മൂന്നുഭാഗത്തുനിന്നും പ്രതിനിധികള്‍ പങ്കെടുക്കാന്‍ തുടങ്ങി. ഇതില്‍ പ്രധാനം ഒറ്റപ്പാലത്തെ കോണ്‍ഗ്രസ് സമ്മേളനമാണ്. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള പ്രതിനിധികള്‍ അതില്‍ പങ്കെടുത്തു. 1928 ഏപ്രിലില്‍ നടന്ന നാട്ടുരാജ്യപ്രജാസമ്മേളനം ഐക്യകേരളത്തിനുള്ള പ്രമേയം പാസ്സാക്കി. 1928 മേയില്‍ പയ്യന്നൂരില്‍ നടന്ന കോണ്‍ഗ്രസ് രാഷ്ട്രീയ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് ജവഹര്‍ലാല്‍ നെഹ്റുവാണ്. ഈ സമ്മേളനത്തിലും ഇതു സംബന്ധിച്ച് പ്രമേയം പാസ്സാക്കി. സ്വാതന്ത്ര്യസമരവും സാമൂഹ്യസാംസ്കാരിക സമ്മേളനങ്ങളും കേരളം ഒന്നാകണമെന്ന ചിന്താഗതി സൃഷ്ടിച്ചു.
അയിത്തത്തിനെതിരെയുള്ള ആദ്യസമരമായ വൈക്കം സത്യാഗ്രഹം (1924), ഗുരുവായൂര്‍ സമരം തുടങ്ങിയവയും കേരളജനതയെ മനസ്സുകൊണ്ട് ഒന്നാക്കി. 1938ല്‍ കേരള സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐക്യകേരളത്തിനുവേണ്ടി നിവേദനം പ്രവര്‍ത്തകസമിതിക്കു നല്‍കി. 1946 മേയ് 26നാണ് ഐക്യകേരളത്തിന് വേണ്ടിയുള്ള ശക്തമായ യജ്ഞം കോണ്‍ഗ്രസ് തുടങ്ങിയത്. അന്നുകൂടിയ കെ.പി.സി. പ്രവര്‍ത്തകസമിതി, കൊച്ചിയിലെ പ്രജാമണ്ഡലം, തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് എന്നിവയുടെ പ്രവര്‍ത്തക കമ്മിറ്റിയുടെ സംയുക്ത യോഗം വിളിച്ചുകൂട്ടി ഭാവിപരിപാടികള്‍ ആലോചിക്കാന്‍ കെ.പി.സി.സി. പ്രസിഡന്റിനെ ചുമതലപ്പെടുത്തി. ഇതേത്തുടര്‍ന്ന് സംയുക്തയോഗം ജൂണില്‍ കൊച്ചിയില്‍ കൂടിയെങ്കിലും കാര്യമായ തീരുമാനം ഉണ്ടായില്ല. 1946 സെപ്റ്റംബര്‍ ഒന്നാംതീയതി കൂടിയ കെ.പി.സി.സി. യോഗം ഐക്യകേരളം യാഥാര്‍ഥ്യമാക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ആലോചിച്ച് ഒരു സംയുക്ത സമിതി രൂപീകരിച്ചു. കെ. കേളപ്പന്‍, യു. ഗോപാലമേനോന്‍ (കണ്‍വീനര്‍മാര്‍), കെ.എ. ദാമോദരമേനോന്‍, മൊയ്തു മൗലവി, കെ. മാധവമേനോന്‍, പി. കുഞ്ഞിരാമന്‍, കമലം, പി. മാധവന്‍, ഇബ്രാഹിം എന്നിവരായിരുന്നു ഇതിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 1948 ഒക്ടോബര്‍ 26ന് കെ.പി. കേശവമേനോന്റെ അധ്യക്ഷതയില്‍ ചെറുതുരുത്തിയില്‍ നടന്ന യോഗം ഐക്യകേരള കോണ്‍ഗ്രസ് വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചു. ഇതുപ്രകാരം 1947 ഏപ്രിലില്‍ തൃശ്ശൂരില്‍ കെ. കേളപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഐക്യകേരള സമ്മേളനത്തില്‍ കേരളത്തിന്റെ ഭാഗത്തുമുള്ള നേതാക്കളും സാംസ്കാരിക നായകന്മാരും സാമൂഹ്യപ്രവര്‍ത്തകരും പങ്കെടുത്തു. കൊച്ചി രാജാവ് നേരിട്ട് സമ്മേളനത്തിലെത്തി ഐക്യകേരളത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഐക്യകേരളത്തിനുവേണ്ടി നൂറംഗങ്ങളുള്ള സ്ഥിരം സമിതിയെ യോഗം തിരഞ്ഞെടുത്തു. പിന്നീട് ഇതിന്റെ ആഭിമുഖ്യത്തില്‍ ആലുവായിലും പാലക്കാട്ടും സമ്മേളനം നടന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഫോര്‍ട്ട് കൊച്ചി, ദക്ഷിണ കര്‍ണാടക ജില്ല, ലക്ഷദ്വീപ്, അമീന്‍ ദ്വീപുകള്‍, മയ്യഴി, നീലഗിരി ജില്ല, കുടക് ഇത്രയും സ്ഥലങ്ങള്‍ കേരളത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഐക്യകേരള കമ്മിറ്റിയുടെ ആവശ്യം. ഇതിന്റെ പേരില്‍ അഭിപ്രായഭിന്നതകളും തര്‍ക്കങ്ങളും ഉടലെടുത്തു. ഇതിനിടയില്‍ സംസ്ഥാന പുനഃസംഘടനയെപ്പറ്റി പഠിക്കാന്‍ "ധാര്‍ കമ്മീഷന്‍" നിലവില്‍വന്നു. അവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജവഹര്‍ലാല്‍ നെഹ്റു, വല്ലഭായി പട്ടേല്‍, പട്ടാഭി സീതാരാമയ്യ എന്നിവര്‍ അടങ്ങിയ ജെ.വി.പി. കമ്മിറ്റിക്ക് രൂപംനല്‍കി. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന വിഭജനം സൂക്ഷിച്ചുവേണമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഐക്യകേരളത്തിന് വേണ്ടിയുള്ള സമ്മേളനങ്ങളും ചര്‍ച്ചകളും നിവേദനം സമര്‍പ്പിക്കലും പിന്നീട് പലത് നടന്നു.
1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും തമ്മില്‍ സംയോജിപ്പിച്ചുകൊണ്ടുള്ള തിരുകൊച്ചി രൂപീകരണം ഐക്യകേരളത്തിനു മുന്നോടിയായിരുന്നു. തിരുവിതാംകൂറിലെയും കൊച്ചിയിലെയും രാജാക്കന്മാരുടെ സമ്മതപ്രകാരമായിരുന്നു നടപടി. തിരുവിതാംകൂര്‍ മഹാരാജാവ് പുതിയ സംസ്ഥാനത്തിന്റെ "രാജപ്രമുഖനായി". കൊച്ചി മഹാരാജാവ് സമസ്ത അവകാശങ്ങളും ജനങ്ങള്‍ക്കുവേണ്ടി ത്യജിക്കാന്‍ തയ്യാറായി സാധാരണ പൗരനായി മാറി. ഇരുസംസ്ഥാനത്തെ മന്ത്രിസഭകളും സംയോജിപ്പിച്ചു. തലസ്ഥാനം തിരുവനന്തപുരത്തായിരുന്നു. ഹൈക്കോടതി കൊച്ചിയില്‍ വേണമെന്നും തീരുമാനമായി.
തിരുകൊച്ചി സംസ്ഥാനം നിലവില്‍ വന്നശേഷവും ഐക്യകേരളത്തിനു വേണ്ടിയുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. 1949 നവംബര്‍ മാസത്തില്‍ പാലക്കാട് കെ.പി. കേശവമേനോന്റെ അധ്യക്ഷതയില്‍ കൂടിയ മൂന്നാമത്തെ ഐക്യകേരള കണ്‍വെന്‍ഷന്‍ മലബാറും കൊച്ചിയും ഗൂഡല്ലൂരും കാസര്‍കോടും തിരുകൊച്ചിയും ചേര്‍ത്ത് രാജപ്രമുഖനില്ലാത്ത കേരള സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടു. 1953ല്‍ കെ.പി. കേശവമേനോന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാന പാര്‍ട്ടികളില്‍ നിന്നും നാല് പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രചാരണ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. പിന്നീട് ഇന്ത്യാസര്‍ക്കാര്‍ നിയമിച്ച സയ്യദ് ഫസല്‍ ആലി അധ്യക്ഷനും പണ്ഡിറ്റ് ഹൃദയനാഥ് കുല്‍സ്രൂ, സര്‍ദാര്‍ കെ.എം. പണിക്കര്‍ അംഗങ്ങളായുള്ള സംസ്ഥാന പുനഃസംഘടനാകമ്മീഷനാണ് കേരള രൂപീകരണത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.
തെക്കന്‍ കാനറയിലെ കാസര്‍കോടിനെ മലബാറിനോടും മലബാറിനെ തിരുകൊച്ചിയോടും സംയോജിപ്പിച്ചും തിരുകൊച്ചിയിലെ ചെങ്കോട്ട വിഭജിച്ച് ഒരു ഭാഗവും തെക്കന്‍ താലൂക്കുകളായ തോവാള, അഗസ്തീശ്വരം, വിളവന്‍കോട്, കല്‍ക്കുളം എന്നിവ തമിഴ്നാടിനോടും ചേര്‍ത്താണ് ഐക്യകേരളം രൂപീകരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്. അപ്രകാരമുള്ള ഐക്യകേരളം 1956 നവംബര്‍ ഒന്നിന് നിലവില്‍ വന്നു. രാജപ്രമുഖന്‍ സാധാരണ പൗരനായി മാറിയതോടെ നൂറ്റാണ്ടുകള്‍ നിലനിന്ന രാജഭരണത്തിന്റെ അവസാനകണ്ണിയും അറ്റു.
1956 നവംബര്‍ ഒന്നാംതീയതിയാണ് തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ ഐക്യകേരളത്തിന്റെ ഔദ്യോഗികച്ചടങ്ങുകള്‍ നടന്നത്. തലേദിവസം ദീപാവലിയായിരുന്നതിനാല്‍ നാടെങ്ങും ആഘോഷപരിപാടികളും പടക്കംപൊട്ടിക്കലും നടന്നു. നവംബര്‍ ഒന്നിന് രാവിലെ രണ്ട് പ്രധാന കാര്യങ്ങളാണ് അനന്തപുരിയില്‍ നടന്നത്. ഒന്ന് രാജഭരണത്തിന്റെ അവസാനമായിരുന്നു. നൂറ്റാണ്ടുകള്‍ നിലനിന്ന രാജഭരണത്തിന്റെ അവസാനകണ്ണിയായ തിരുകൊച്ചി രാജപ്രമുഖന്‍ ശ്രീചിത്തിരതിരുനാളിന്റെ ഭരണം അവസാനിച്ചു. രണ്ടാമത്തേത് തലേദിവസം തന്നെ രാജപ്രമുഖന്റെ ഉപദേഷ്ടാവായ പി.എസ്. റാവുവിനെ ഐക്യകേരളത്തിന്റെ ആക്ടിങ് ഗവര്‍ണര്‍ ആയി ഇന്ത്യാ ഗവണ്‍മെന്റ് നിശ്ചയിച്ചിരുന്നു. മാത്രവുമല്ല, അദ്ദേഹത്തിന് ഗവര്‍ണര്‍ എന്ന നിലയില്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാന്‍ തിരുകൊച്ചി ചീഫ് ജസ്റ്റീസിനെയാണ് ഇന്ത്യാസര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. രാവിലെ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ പി.എസ്.റാവു എത്തിയപ്പോള്‍ ആചാരബഹുമതികളോടെ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. പിന്നീട് ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും പി.എസ്. പ്രതിജ്ഞ ഏറ്റുചൊല്ലി ഗവര്‍ണറാകുകയും ചെയ്തു. ഇതിനുശേഷം ആക്ടിങ് ഗവര്‍ണറുടെ മുമ്പാകെ ഹൈക്കോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരും സത്യപ്രതിജ്ഞ ചെയ്തു. അതുകഴിഞ്ഞപ്പോള്‍ ദര്‍ബാര്‍ ഹാളില്‍ നിന്നും ആക്ടിങ് ഗവര്‍ണറുടെ നേതൃത്വത്തില്‍ ഘോഷയാത്രയായി എല്ലാവരും തൊട്ടടുത്ത സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് നീങ്ങി. അവിടെ പതിനായിരക്കണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നു. മലബാറില്‍ നിന്നുള്ള ദീപശിഖ അപ്പോള്‍ ആഘോഷത്തോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ കരഘോഷം ഉയര്‍ന്നു. പിന്നീട് ആക്ടിങ് ഗവര്‍ണര്‍ കേരളസംസ്ഥാനത്തിന്റെ ഉദ്ഘാടനപ്രസംഗം നടത്തി. മഹാകവി വള്ളത്തോള്‍ എഴുതിയ കവിത അദ്ദേഹത്തിനുപകരം മറ്റൊരാള്‍ വായിച്ചു. മദ്രാസ് ധനമന്ത്രി സി. സുബ്രഹ്മണ്യം അടക്കം ധാരാളം പ്രഗത്ഭവ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later