മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍
കാളവണ്ടികളും കൊടിമരങ്ങളുമായി
ആദ്യകാല തെരഞ്ഞെടുപ്പ് പ്രചാരണം
വോട്ടവകാശം മഹാരാജാവ് പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 1948 മാര്‍ച്ച് 24ന് പട്ടംതാണുപിള്ള മന്ത്രിസഭ അധികാരത്തില്‍ വന്നു. തിരുവിതാംകൂറിനെ അപേക്ഷിച്ച് വളരെ താമസിച്ചാണ് കൊച്ചിയില്‍ ലജിസ്ലേറ്റീവ് കൗണ്‍സില്‍ ആരംഭിച്ചത്.
പതിനാറാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പുപ്രചരണത്തില്‍ ഇന്ത്യ മുങ്ങിനില്‍ക്കുമ്പോള്‍ പഴയകാലത്ത് ഒരു വോട്ടിനുവേണ്ടി കൊതിച്ച കാലം ഓര്‍ക്കുകയാണ് പഴമക്കാര്‍. ബ്രിട്ടീഷ് ഇന്ത്യന്‍ പ്രദേശങ്ങളിലും രാജാക്കന്മാര്‍ ഭരിക്കുന്ന നാട്ടുരാജ്യങ്ങളിലുമെല്ലാം പരിമിതമായ അധികാരമുള്ള നിയമസഭകളുണ്ടായിരുന്നു. പക്ഷെ അതിലെല്ലാം വോട്ടുള്ളതു സമ്പന്നന്മാരായ ജന്മിമാര്‍ക്കും വ്യവസായികള്‍ക്കും ഭരണാധികാരികള്‍ നിശ്ചയിക്കുന്ന വ്യക്തികള്‍ക്കും കരം തീരുവയുള്ളവര്‍ക്കും ബിരുദധാരികള്‍ക്കും മാത്രമായിരുന്നു. അക്കാലത്ത് മലബാര്‍ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അവിടത്തെ സഭയിലേക്കാണ് മലബാറില്‍ നിന്നുള്ള ആളുകള്‍ തെരഞ്ഞെടുക്കപ്പെട്ടത്. തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളിലെ നിയമസഭകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരും മുകളില്‍ വിവരിച്ച യോഗ്യതകള്‍ ബാധകമായിരുന്നു. സാധാരണക്കാര്‍ക്കും അപ്രാപ്യമായിരുന്നു അന്ന് വോട്ടവകാശം. വോട്ടുള്ളവര്‍ സമൂഹത്തിലെ പ്രധാനികളായിരുന്നു. എല്ലാവര്‍ക്കും പ്രായപൂര്‍ത്തി വോട്ടകാശത്തിനുവേണ്ടി സ്വാതന്ത്ര്യസമരകാലത്തുതന്നെ ആവശ്യം ഉയര്‍ന്നിരുന്നു. സ്വാതന്ത്ര്യലബ്ധിയോടെ പ്രായപൂര്‍ത്തി വോട്ടവകാശം ലഭിച്ചു. വോട്ടിനുവേണ്ടി ദാഹിച്ചിരുന്ന ആളുകള്‍ക്ക് അത് ഉത്സവപ്രതീതി സൃഷ്ടിച്ചു. വോട്ടെടുപ്പിനുവേണ്ടിയുള്ള നടപടികളും, പ്രായപൂര്‍ത്തിയായവരെ കണ്ടെത്താനുള്ള സര്‍വ്വേയും സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കലും, വോട്ടെടുപ്പിനുള്ള സന്നാഹങ്ങളുമെല്ലാം നാടിനെ ഇളക്കിമറിച്ചു. മിക്ക സ്ഥലങ്ങളിലും സ്കൂളുകളായിരുന്നു പോളിംഗ് സ്റ്റേഷനുകള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും അധ്യാപകരുമെല്ലാമായിരുന്നു പോളിംഗിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്മാര്‍. വില്ലേജ് ഓഫീസര്‍ മുതല്‍ കളക്ടര്‍മാര്‍ വരെയും സാദാ പോലീസ് ഉദ്യോഗസ്ഥന്മാര്‍ മുതല്‍ ഡി.എസ്.പി. വരെയുള്ള പോലീസ് വിഭാഗവും തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് നടപടികള്‍ ആരംഭിച്ചു. അക്കാലത്ത് ഉച്ചഭാഷിണി വളരെ കുറവായിരുന്നു.
ഉയര്‍ന്ന നേതാക്കള്‍ എത്തുന്ന യോഗങ്ങളിലാണ് ഉച്ചഭാഷിണി ഉണ്ടായിരുന്നത്. ചുവരെഴുത്തും, വലിയ കമുകുകളില്‍ കൊടികെട്ടലും, അലങ്കരിച്ച കാളവണ്ടിയിലും കൈവണ്ടിയിലും പ്രചരണം നടത്തലുമെല്ലാമായിരുന്നു അന്നൊക്കെ ചെയ്തിരുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളുള്ള പോസ്റ്ററുകള്‍ അവിടവിടെ പതിയുക. പ്രചരണജാഥകള്‍ ഇന്നത്തെ പോലെ അന്നും ഉണ്ടായിരുന്നു. ആദ്യകാലത്ത് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേകം പെട്ടികള്‍ ഉണ്ടായിരുന്നു. ബാലറ്റ് പേപ്പര്‍ ഒപ്പിട്ട് വാങ്ങി അവര്‍ക്ക് ഇഷ്ടമുള്ള പെട്ടിയിലാണ് നിക്ഷേപിക്കുക. ഓരോ സ്ഥാനാര്‍ഥിയുടേയും ചിഹ്നമുള്ള പെട്ടികള്‍ അവിടെ ഉണ്ടാകുമായിരുന്നു. അരിവാള്‍പെട്ടി, കുടില്‍പെട്ടി, കാളപെട്ടി ഇങ്ങനെയൊക്കെയായിരുന്നു അന്നത്തെ പെട്ടികള്‍. "പെട്ടി പെട്ടി കുടില്‍പ്പെട്ടി പെട്ടി പൊട്ടിച്ചപ്പോള്‍ പെട്ടി പൊട്ടി" ഇങ്ങനെയാണ് വിജയാഹ്ലാദസമയത്ത് ജയിച്ചവര്‍ വിളിച്ചുപറഞ്ഞിരുന്നത്. അന്നൊക്കെ ചിഹ്നം അടയാളമുള്ള വലിയ പെട്ടികള്‍ അലങ്കരിച്ച് മരക്കൊമ്പുകളിലും വലിയ കമുകുകളിലും പ്രദര്‍ശിപ്പിക്കുക പതിവായിരുന്നു. പ്രചാരണ പ്രവര്‍ത്തനത്തിന് ആദ്യകാലത്ത് ചെണ്ട പ്രധാനമായിരുന്നു. സ്ഥാനാര്‍ഥിയുടെ അടയാളമുള്ള പെട്ടികളുമായി ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് പലയിടത്തും ജാഥകള്‍ നടത്തിയിരുന്നത്. പെട്ടികള്‍ മാറ്റി ഇന്നത്തെ രൂപത്തിലുള്ള പൊതുബാലറ്റ് പേപ്പര്‍ വന്നപ്പോള്‍ അത് പഠിപ്പിക്കാന്‍ നാടുനീളെ വോട്ടര്‍മാര്‍ക്ക് ക്ലാസ്സുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രചരണമേഖല ഇലക്ട്രോണിക് യന്ത്രങ്ങളും ബാലറ്റ് പേപ്പര്‍ വോട്ടിങ് യന്ത്രവുമായി മാറിയിരിക്കുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കുകളും, ടെലിവിഷന്‍, ഇന്‍റര്‍നെറ്റ്, മൊബൈല്‍ ഫോണുകള്‍ എന്നീ ഉപകരണങ്ങളും തെരഞ്ഞെടുപ്പില്‍ പ്രധാന ഭാഗമായി മാറി.
ഇന്ത്യന്‍ ജനാധിപത്യ ഭരണ സമ്പ്രദായത്തിന് തുടക്കം കുറിച്ച കിളിവാതില്‍ 1888ല്‍ തിരുവിതാംകൂറില്‍ രൂപംകൊണ്ട നിയമനിര്‍മ്മാണസഭയായിരുന്നു. ഇന്നത്തെ സെക്രട്ടേറിയറ്റിന്റെ വടക്കുഭാഗത്തുള്ള ദിവാന്റെ ഓഫീസിലായിരുന്നു ആദ്യത്തെ നിയമനിര്‍മ്മാണസഭ കൂടിയത്. അന്ന് നാടു ഭരിച്ചിരുന്നത് ശ്രീമൂലം തിരുനാളായിരുന്നു. ദിവാനായിരുന്നു സഭയുടെ അധ്യക്ഷന്‍. ആറ് ഉദ്യോഗസ്ഥന്മാരും രണ്ട് അനൗദ്യോഗിക അംഗങ്ങളും ആയിരുന്നു അംഗങ്ങള്‍. ഈ സഭ അംഗീകരിക്കുന്ന നിയമങ്ങളിലാണ് രാജാവ് ഒപ്പുവയ്ക്കുക. തിരുവിതാംകൂര്‍ നിയമനിര്‍മ്മാണസഭ ആരംഭിക്കുന്നതിനു ആറുവര്‍ഷം മുമ്പ് (1882) മൈസൂറില്‍ റപ്രസന്‍റേറ്റീവ് അസംബ്ലി ആരംഭിച്ചത്. വിവിധ മണ്ഡലങ്ങളിലൂടെ ഉദ്യോഗസ്ഥന്മാര്‍ തെരഞ്ഞെടുക്കപ്പെട്ട 144 ഉദ്യോഗസ്ഥന്മാരുടെ യോഗം ദസറയുടെ പിറ്റേദിവസം വിളിച്ചുകൂട്ടി ഭാവിപരിപാടികള്‍ ദിവാന്‍ അവരുടെ മുമ്പില്‍ അവതരിപ്പിക്കുക മാത്രമേ ആ അസംബ്ലി ചെയ്തിരുന്നുള്ളൂ. നിയമങ്ങള്‍ പാസ്സാക്കാനൊന്നും ഈ സഭയ്ക്ക് അധികാരമില്ലായിരുന്നു. 1904 ആയപ്പോഴേക്കും ജനഹിതം അറിയാന്‍ "ശ്രീമൂലം പ്രജാസഭ" തിരുവിതാംകൂര്‍ ആരംഭിച്ചു. നിയമനിര്‍മ്മാണസഭയും ശ്രീമൂലം പ്രജാസഭയും തിരുവിതാംകൂറില്‍ ജനാധിപത്യ സംവിധാനമായി വളര്‍ന്നുകൊണ്ടിരുന്നു. പക്ഷെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ആളുകള്‍ക്കും, കരംതീരുവയുള്ളവര്‍ക്കും ബിരുദധാരികള്‍ക്കും മാത്രമേ വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ. ഇതുകാരണം സഭയിലെത്തുന്നവര്‍ സ്വാധീനവും സമ്പത്തുമുള്ളവരുമായിരുന്നു. ക്രമേണ ഈ രണ്ടു സഭകളിലേയും വോട്ടവകാശങ്ങള്‍ പരിഷ്കരിച്ചുകൊണ്ടിരുന്നു.
1932ല്‍ തിരുവിതാംകൂര്‍ നിയമസഭയ്ക്ക് ശ്രീമൂലം അസംബ്ലി, ശ്രീചിത്രാ സ്റ്റേറ്റ് കൗണ്‍സില്‍ എന്നീ രണ്ടു മണ്ഡലങ്ങള്‍ ഉണ്ടായി. കരംതീരുവ കുറവുള്ള പിന്നാക്ക ജാതിക്കാര്‍ക്ക് അവരുടെ പ്രാതിനിധ്യം അനുസരിച്ച് നിയമസഭയില്‍ അംഗങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂറില്‍ നിവര്‍ത്തന പ്രക്ഷോഭണം ഉണ്ടായി. വര്‍ഷങ്ങളോളം ഇത് നീണ്ടുനിന്നു. ഒടുവില്‍ രാജകീയ സര്‍ക്കാര്‍ അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് നിയമസഭ പരിഷ്കരിച്ചു. പിന്നീട് കാലാകാലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി പ്രവര്‍ത്തിച്ച നിയമസഭ സ്വാതന്ത്ര്യലബ്ധി വരെ തുടര്‍ന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യന്‍ സംസ്ഥാനങ്ങളിലാദ്യമായി പ്രായപൂര്‍ത്തി
വോട്ടവകാശം മഹാരാജാവ് പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 1948 മാര്‍ച്ച് 24ന് പട്ടംതാണുപിള്ള മന്ത്രിസഭ അധികാരത്തില്‍ വന്നു. തിരുവിതാംകൂറിനെ അപേക്ഷിച്ച് വളരെ താമസിച്ചാണ് കൊച്ചിയില്‍ ലജിസ്ലേറ്റീവ് കൗണ്‍സില്‍ ആരംഭിച്ചത്. 1925 ഏപ്രില്‍ മൂന്നിനാണ് ഹില്‍പാലസ് ദര്‍ബാര്‍ ഹാളില്‍ മഹാരാജാവ് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തത്. എന്നാല്‍ തിരുവിതാംകൂറിനെക്കാള്‍ അധികാരം കൗണ്‍സിലില്‍ നല്‍കാനും, പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതിനും കൊച്ചി മുമ്പിലായിരുന്നു. അവിടെ മഹാരാജാവ് നിയമസഭാംഗമായ ഒരാളിനെ മന്ത്രിയാക്കി കുറെ അധികാരം വിട്ടുകൊടുക്കാന്‍ പോലും തയ്യാറായി. അമ്പാട്ടു ശിവരാമമേനോന്‍ ആയിരുന്നു ആദ്യത്തെ ജനകീയമന്ത്രി. അവിടത്തെ നിയമസഭ സ്വാതന്ത്ര്യലബ്ധി വരെ തുടര്‍ന്നു. അതിനുശേഷം പ്രായപൂര്‍ത്തി വോട്ടവകാശം അവിടേയും ലഭിച്ചതിനെത്തുടര്‍ന്ന് ഇക്കണ്ടവാര്യരുടെ നേതൃത്വത്തിലുള്ള ജനകീയ മന്ത്രിസഭ അധികാരത്തില്‍ വന്നു.
1935ലെ ഇന്ത്യാ ഗവണ്മെന്‍റ് ആക്ട് പ്രകാരം മലബാര്‍ ജില്ല ഉള്‍പ്പെടെ മദ്രാസ് പ്രവിശ്യയില്‍ ലജിസ്ലേറ്റീവ് കൗണ്‍സില്‍, മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലി എന്നിവ രൂപംകൊണ്ട്. 1937 മുതല്‍ 1956 വരെ മലബാറില്‍ നിന്നും ഇതിലേക്ക് പ്രതിനിധികള്‍ ഉണ്ടായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം തിരുവിതാംകൂറില്‍ ഉണ്ടായ ആദ്യ പട്ടം മന്ത്രിസഭ തകര്‍ന്നതിനെത്തുടര്‍ന്ന് ടി.കെ. നാരായണപിള്ള പ്രധാനമന്ത്രിയായി. 1949ല്‍ തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരുകൊച്ചി ആകുന്നതുവരെ ഈ മന്ത്രിസഭ തുടര്‍ന്നു. ഈ സമയത്ത് കൊച്ചിയിലെ പ്രധാനമന്ത്രി ഇക്കണ്ടവാര്യര്‍ ആയിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിുനാള്‍ പുതിയ സംസ്ഥാനത്തിന്റെ രാജപ്രമുഖനായി. കൊച്ചി രാജാവ് അടുത്തൂണ്‍ വാങ്ങി സാധാരണ പൗരനാകാന്‍ സമ്മതിച്ചു. തിരുകൊച്ചിയില്‍ പിന്നീട് കേരളപ്പിറവി വരെ മന്ത്രിസഭകള്‍ പലതും മാറിമാറിവന്നു. 1956 മാര്‍ച്ചില്‍ പനമ്പള്ളി മന്ത്രിസഭ തകര്‍ന്നതോടെ തിരുകൊച്ചി പ്രസിഡന്‍റ് ഭരണത്തിലായി. ഈ സമയത്താണ് ഐക്യകേരളം രൂപംകൊണ്ടത്. മലബാറിനെ കാസര്‍കോട് കൂടി ഉള്‍പ്പെടുത്തി തിരുകൊച്ചിയോട് ചേര്‍ത്തും, തിരുകൊച്ചിയിലെ തെക്കന്‍ താലൂക്കുകളായ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവന്‍കോട്, ചെങ്കോട്ട താലൂക്കിലെ ഒരുഭാഗം എന്നിവ മദ്രാസിനോടുചേര്‍ത്തും ആയിരുന്നു ഐക്യകേരളം 1956 നവംബര്‍ ഒന്നിന് രൂപീകൃതമായത്. അതോടെ രാജഭരണത്തിന്റെ അവസാനകണ്ണിയും അറ്റു. രാജപ്രമുഖന്റെ ഉപദേഷ്ടാവായിരുന്ന പി.എസ്. റാവു ആക്ടിംഗ് ഗവര്‍ണറായി. അതിനുശേഷം ഡോ. ബി.രാമകൃഷ്ണറാവു ഗവര്‍ണറായി എത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. ഇതിന്റെ ഫലമായി 1957 ഏപ്രില്‍ 5ന് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തില്‍ വന്നു.
ഇന്ത്യ റിപ്പബ്ലിക് ആയ (1950 ജനുവരി 26) ശേഷം 1951-1952ലും, ഐക്യകേരളം രൂപംകൊണ്ടശേഷം ആദ്യമായി 1957ലും പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുപ്പുകള്‍ നടന്നു.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later