മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍
മണ്ണെണ്ണവിളക്കില്‍ നിന്നും കേരളം വൈദ്യുതിയിലേക്ക്
1940 മാര്‍ച്ച് 19ന് ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ പള്ളിവാസല്‍ പദ്ധതി ഉദ്ഘാടനം ചെയ്തതോടെ കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി എന്ന സ്വപ്നം പൂര്‍ത്തിയായി.
സ്വര്‍ണം തേടിയാണ് അവര്‍ എത്തിയത്. സ്വര്‍ണം യൂറോപ്യന്മാരെ മത്തുപിടിപ്പിച്ചിരുന്ന കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ അവരുടെ കണ്ണുകള്‍ ഇന്നത്തെ ഇടുക്കിജില്ലയിലെ പള്ളിവാസല്‍ മലനിരകളില്‍ പതിഞ്ഞു. ഡോ. കിങ് എന്ന യൂറോപ്യന്‍ ആവേശത്തോടെയാണ് സ്വര്‍ണത്തിനു വേണ്ടി അന്വേഷണം തുടങ്ങിയത്. പക്ഷേ സ്വര്‍ണം ലാഭമല്ലെന്ന് മനസ്സിലാക്കി അദ്ദേഹം പിന്മാറി. വര്‍ഷങ്ങള്‍ക്കുശേഷം ഈ സ്ഥലത്താണ് കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതിയായ പള്ളിവാസല്‍ ഉയര്‍ന്നത്.
1900-ല്‍ പള്ളിവാസല്‍ എസ്റ്റേറ്റില്‍ ആറ്റിക്കാട് ഡിവിഷനില്‍ കണ്ണന്‍ ദേവന്‍ കമ്പനി സ്വന്താവശ്യങ്ങള്‍ക്ക് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. ഇത് തിരുവിതാംകൂര്‍ സര്‍ക്കാരിന് പ്രചോദനമായി.
19-ആം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ദേവികുളത്തെ അഞ്ചുനാട്ടിലെ ഗ്രാമത്തലവനായിരുന്നു കണ്ണന്‍ തേവര്‍. അങ്ങനെയാണ് ആ മലകള്‍ക്ക് 'കണ്ണദേവന്‍' എന്ന പേര് വന്നത്. തിരുവിതാംകൂറിലെ ഏലത്തോട്ട സൂപ്രണ്ടായിരുന്ന ജോണ്‍ ഡാനിയല്‍ മണ്‍റോ 1877 ജൂണില്‍ പൂഞ്ഞാര്‍ രാജാവില്‍ നിന്നും വിശാലമായ കണ്ണന്‍ ദേവന്‍ മലകള്‍ 5000 രൂപ പ്രതിഫലത്തിന് കാപ്പി കൃഷി ചെയ്യാന്‍ പാട്ടത്തിനെടുത്തു. പിന്നീട് തിരുവിതാംകൂര്‍ രാജാവ് ഈ പാട്ടം അംഗീകരിച്ചു. മണ്‍റോ കൂടുതല്‍ സ്ഥലങ്ങള്‍ കൂടി വാങ്ങി. ആദ്യം കാപ്പിക്കൃഷിയും പിന്നീട് തേയിലകൃഷിയും തുടങ്ങി. മദ്രാസ് സിവില്‍ സര്‍വീസിലെ എച്ച്. ഗ്രിബിള്‍ ടേര്‍ണറും സ്വന്തക്കാരനായ എ.ഡബ്ല്യു. ടേണറും 1878ല്‍ ഈ മലനിരകളിലെത്തി. അവര്‍ മണ്‍റോയുമായി ചേര്‍ന്ന് നോര്‍ത്ത് ട്രാവന്‍കൂര്‍ ലാന്‍ഡ് പ്ലാന്റിങ് അഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റി സ്ഥാപിച്ചു പാട്ടത്തിനെടുത്ത് മലനിരകള്‍അതിന്റെ കീഴിലാക്കി. പിന്നീട് അവര്‍ 1897-ല്‍ സ്കോട്ട്ലാന്‍ഡില്‍ വച്ച് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണന്‍ ദേവന്‍ ഹില്‍ പ്രൊഡ്യൂസ് കമ്പനി രജിസ്റ്റര്‍ ചെയ്തു. ഈ കമ്പനി ആവശ്യത്തിനു വേണ്ടിയാണ് മുതിരപ്പുഴ നദീതടത്തില്‍ കണ്ണന്‍ ദേവന്‍ അണകെട്ടി അവര്‍ തിരുവിതാംകൂറിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി തുടങ്ങിയത്.
ഒരു കാലത്ത് വെളിച്ചെണ്ണ, എള്ള്, എണ്ണ, നെയ്യ്, കരവിട്ടി എണ്ണ തുടങ്ങിയ ഉപയോഗിച്ചാണ് കേരളത്തില്‍ വിളക്കുകള്‍ കത്തിച്ചിരുന്നത്. ക്ഷേത്രങ്ങളില്‍ നല്ല പ്രകാശം ലഭിക്കാന്‍ തീവെട്ടികളും ഉപയോഗിച്ചിരുന്നു. എന്നാല്‍ മണ്ണെണ്ണയും അത് ഉപയോഗിച്ചുള്ള വിളക്കുകളുടെയും വരവ് ഈ രംഗത്ത് പുതിയ ചരിത്രം സൃഷ്ടിച്ചു. യാത്രയ്ക്കു പോകുമ്പോള്‍ കത്തിച്ച ചൂട്ടോ (തെങ്ങിന്റെ ഓല, കൊതുമ്പ് എന്നിവ കൊണ്ട് നിര്‍മിച്ചത്) അല്ലെങ്കില്‍ പന്തമോ ആണ് ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. എന്നാല്‍ മഴയും കാറ്റും ഉള്ളപ്പോള്‍ ഇവ ഉപയോഗിക്കാന്‍ പ്രയാസം ആയിരുന്നു. പിന്നീടാണ് 'പാനിസ്' വിളക്ക് വന്നത്. അതിന് നാലുഭാഗത്തും ചില്ലുകളുണ്ടായിരുന്നു. വെളിച്ചെണ്ണ തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഇതിനുശേഷം പ്രചാരത്തില്‍ വന്നത് ഗ്ലാസ് വിളക്കായിരുന്നു. അതിലും വെളിച്ചെണ്ണയും തിരിയും തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് വെളിച്ചെണ്ണ കൊണ്ടുതന്നെ കത്തിക്കുന്ന കല്ലുറാന്തല്‍ വിളക്ക് വന്നു. മേശപ്പുറത്ത് വയ്ക്കാവുന്നതും മെഴുകുതിരി മാത്രം ഉപയോഗിക്കാവുന്നതുമായ 'സ്പ്രിങ് ലാമ്പ്' പെട്ടെന്ന് ജനപ്രിയമായി. മണ്ണെണ്ണ ഉപയോഗിച്ച് കത്തിക്കാവുന്ന 'പലിശവിളക്ക്' 1900ല്‍ കേരളത്തിലെത്തി. അതോടെ അപൂര്‍വം കടകളില്‍ മണ്ണെണ്ണ വില്‍ക്കാന്‍ തുടങ്ങി. ആദ്യമായി ഗുരുവായൂരിലെ ഒരു കടയില്‍നിന്നും മണ്ണെണ്ണ വാങ്ങി പലിശവിളക്ക് കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് ആളിപ്പടര്‍ന്നത് അത് ഇല്ലത്തെ ആളുകള്‍ പരിഭ്രമിച്ച് ഓടിയതും കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് 'എന്റെ സ്മരണകള്‍ സ്മരണകള്‍' എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. പലതരം വിളക്കുകളുടെ വിവരണവും ചിത്രവും ആ പുസ്തകത്തിലുണ്ട്. ആദ്യമാദ്യം മണ്ണെണ്ണ നാലുകെട്ടുകളില്‍ കടത്തുന്നതിന് അനുവദിച്ചിരുന്നില്ല. പിന്നീടാണ് ഇതിന് മാറ്റം വന്നത്. മണ്ണെണ്ണ ഉപയോഗിക്കുന്ന അരിയ്ക്കല്‍ ലാമ്പിന് വളരെ പെട്ടെന്ന് പ്രചാരം കിട്ടി. ആദ്യകാലത്ത് മണ്ണെണ്ണ വിളക്കുകളാണ് തെരുവുവിളക്കായി ഉപയോഗിച്ചിരുന്നത്. പിന്നീട് ഗ്യാസ് കൊണ്ടു കത്തിക്കുന്ന വിളക്കുകള്‍ തിരുവനന്തപുരം പട്ടണത്തില്‍ ഏര്‍പ്പെടുത്തി.
മണ്ണെണ്ണയ്ക്കും ഗ്യാസിനും പകരം തെരുവുവിളക്കുകള്‍ കത്തിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന് പ്രചോദനമായത് മൂന്നാറിലെ കണ്ണന്‍ ദേവന്‍ കമ്പനിയിലെ വൈദ്യുതി ഉത്പാദനമായിരുന്നു. ഇതേപ്പറ്റി നടന്ന അന്വേഷണം 1920 മുതല്‍ തുടങ്ങി. ജലശക്തി ഉപയോഗിച്ചോ ഓയില്‍ ഉപയോഗിച്ചോ വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് വിദഗ്ധര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. 1925 ല്‍ പള്ളിവാസല്‍ജലവൈദ്യുതപദ്ധതിക്കുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങി. എന്നാല്‍ പെട്ടെന്ന് വൈദ്യുതി ലഭിക്കാന്‍ ഓയില്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു. ഇതിനു വേണ്ടിയുള്ള യന്ത്രങ്ങള്‍ വിദേശത്തു നിന്നും വരുത്തി. തിരുവനന്തപുരത്ത് 'പവര്‍ഹൗസ്' നിര്‍മിച്ചു. (ഇന്ന് ആ സ്ഥലം പഴവങ്ങാടി പവര്‍ഹൗസ് എന്നാണ് അറിയപ്പെടുന്നത്). ഇതിന്റെ നിര്‍മാണം 1928 മാര്‍ച്ച് 17 ന് ആരംഭിച്ചു. 1929 ല്‍ പൂര്‍ത്തിയായി. ഇതിനു വേണ്ടിയുള്ള മൂന്നു ഡീസല്‍ എന്‍ജിനുകള്‍ തൂത്തുക്കുടിയില്‍ നിന്നാണ് തിരുവനന്തപുരത്ത് എത്തിച്ചത്. 1929 ഫിബ്രവരി 25ന് 'ശ്രീമൂലം പ്രജാസഭ'യുടെ രജതജൂബിലിയോടനുബന്ധിച്ച് ദിവാന്‍ എം.ഇ. വാട്ട്സ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തിരുവിതാംകൂറിന്റെ പല പട്ടണങ്ങളിലും ഇതുപോലെ വൈദ്യുതിനിലയങ്ങള്‍ തുടങ്ങി.
1935-ല്‍ പള്ളിവാസല്‍ പദ്ധതിയുടെ പണി ആരംഭിച്ചത്. 1936 അവസാനത്തോടെ യന്ത്രങ്ങള്‍ സ്ഥാപിച്ചു, ഇതിനിടയില്‍ പവര്‍ഹൗസ് ഭാഗത്തെ ഭൂമി താണത് പരിഭ്രാന്തി സൃഷ്ടിച്ചു. ഇത് പരിഹരിക്കാന്‍ മദ്രാസിലെ ഇലക്ട്രിസിറ്റി ചീഫ് എന്‍ജിനീയര്‍ എച്ച്.ജി. ഹോവാര്‍ഡ് എത്തി. കൂടുതല്‍ ശക്തമായ അടിത്തറയുള്ള സ്ഥലത്തേക്ക് പവര്‍ ഹൗസ് മാറ്റി സ്ഥാപിച്ചു. 1940 മാര്‍ച്ച് 19ന് ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ പള്ളിവാസല്‍ പദ്ധതി ഉദ്ഘാടനം ചെയ്തതോടെ കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി എന്ന സ്വപ്നം പൂര്‍ത്തിയായി.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later