മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍
ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും
ഇന്നത്തെ ഇന്ത്യയും
സ്വാതന്ത്ര്യസമരകാലത്ത് മലയാളികളുടെ സ്വപ്നമായിരുന്നു തിരുവിതാംകൂറും കൊച്ചിയും മലബാറുമായി വേര്‍തിരിഞ്ഞുകിടന്ന കേരളം ഒന്നാക്കുക എന്നത്. സ്വാതന്ത്ര്യം ലഭിച്ച് ഒന്‍പത് വര്‍ഷം കഴിഞ്ഞപ്പോള്‍ ഐക്യകേരളം രൂപംകൊണ്ടു. അതിന്റെ 61-ാം വയസ്സാണ് വരുന്ന നവംബര്‍ ഒന്ന്.
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പിനിയുടെ ലണ്ടന്‍ ഓഫീസ്
ഇംഗ്ലീഷ് പതാക യുണിയന്‍ ജാക്ക്
കമ്പിനിയുടെ നാണയം
കമ്പനി മുദ്ര
ഇന്ത്യ ഭുപടം
ബ്രിട്ടീഷ് ഭരണത്തിന് അടിസ്ഥാനമിട്ട റോബര്‍ട്ട് ക്ലൈബ്
ഗാന്ധിജി ഇന്ത്യന്‍ നേതൃത്വ നിരയിലേക്ക്
ജി.പി.പിള്ള
സര്‍. സി. ശങ്കരന്‍ നായര്‍
ഭഗത് സിംഗ്
ചരിത്രപ്രസിദ്ധമായ ദണ്ഡിയാത്ര
ജവഹര്‍ലാല്‍നെഹറു
സര്‍ദാര്‍പട്ടേല്‍
ഇംഗ്ലീഷുകാരുടെ ക്രുരത
സ്വതന്ത്രസേനാനികളെ മര്‍ദിക്കുന്നു
സൈമണ്‍ കമ്മിഷനെതിരെ
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 70-ാം വാര്‍ഷികം ലോകമെമ്പാടും ആഘോഷിക്കുകയാണ്. കേരളത്തെ സംബന്ധിച്ചും ഈ വര്‍ഷത്തിന് ഏറെ പ്രാധാന്യമുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് മലയാളികളുടെ സ്വപ്നമായിരുന്നു തിരുവിതാംകൂറും കൊച്ചിയും മലബാറുമായി വേര്‍തിരിഞ്ഞുകിടന്ന കേരളം ഒന്നാക്കുക എന്നത്. സ്വാതന്ത്ര്യം ലഭിച്ച് ഒന്‍പത് വര്‍ഷം കഴിഞ്ഞപ്പോള്‍ ഐക്യകേരളം രൂപംകൊണ്ടു. അതിന്റെ 61-ാം വയസ്സാണ് വരുന്ന നവംബര്‍ ഒന്ന്. ഇന്ത്യയുടെ വൈദേശികാധിപത്യത്തിനും അതിനെതിരെയുള്ള സമരത്തിനും ആദ്യം വേദിയായത് ഈ കേരളമാണ്. ഒരുകണക്കിനു പറഞ്ഞാല്‍ ഇന്ത്യയില്‍ മാത്രമല്ല, ഏഷ്യന്‍രാജ്യങ്ങളിലും യൂറോപ്യന്‍ അധിനിവേശത്തിന്റെ ചങ്ങലക്കണ്ണികള്‍ നീണ്ടത് കേരളക്കരയിലൂടെയാണ്. അതേസമയം യൂറോപ്യന്മാര്‍ക്ക് എതിരെയുള്ള ചെറുത്തുനില്‍പ്പിന് ആദ്യം തുടക്കംകുറിച്ചതും മലയാളമണ്ണില്‍ നിന്നാണ്.
കരയിലൂടെയും കടലിലൂടെയും യൂറോപ്പിലേക്ക് ലഭിച്ചിരുന്ന കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങള്‍ തേടി കടലിലൂടെ ഒരു വഴി കണ്ടുപിടിക്കാനുള്ള ശ്രമമാണ് യൂറോപ്യന്‍ മേധാവിത്വത്തിന് ഇന്ത്യയും ഏഷ്യന്‍ രാജ്യങ്ങളും ഇരയാകാന്‍ പ്രധാന കാരണം. അറബികള്‍ ഉള്‍പ്പെടെയുള്ള വ്യാപാരികള്‍ കൊണ്ടുപോയിരുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ വഴിയാണ് യൂറോപ്പിലെത്തിയിരുന്നത്. എന്നാല്‍ ഈ സ്ഥലം തുര്‍ക്കികള്‍ കീഴടക്കിയതോടെ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് യൂറോപ്പില്‍ ക്ഷാമം അനുഭവപ്പെട്ടു. ഈ പ്രതിസന്ധി തരണംചെയ്യാന്‍ കടലിലൂടെ ഇന്ത്യയിലെത്താനുള്ള പാത കണ്ടുപിടിക്കാന്‍ യൂറോപ്യന്‍ രാജാക്കന്മാര്‍ നാവികരെ പ്രോത്സാഹിപ്പിച്ചു. കടലിലിറങ്ങിയ പലരും മരിക്കുകയും ചിലര്‍ തിരിച്ചുപോകുകയും ചെയ്തു. എന്നാല്‍ പോര്‍ട്ടുഗീസ് കപ്പിത്താന്‍ വാസ്കോ ഡി ഗാമ യൂറോപ്പില്‍നിന്നും തിരിച്ച് കടലിലൂടെ 1498-ല്‍ കോഴിക്കോട്ട് എത്തിയത് ലോകചരിത്രത്തിലെ പ്രധാന അധ്യായമായിമാറി. പോര്‍ട്ടുഗീസുകാരെ പിന്തുടര്‍ന്ന് ഡച്ചുകാരും ഇംഗ്ലിഷുകാരും ഫ്രഞ്ചുകാരുമെല്ലാം കേരളത്തിലും ഇന്ത്യയിലും എത്തി. കച്ചവടത്തിനു വന്ന ഈ രാജ്യങ്ങള്‍ ഇവിടത്തെ രാഷ്ട്രീയസ്വാതന്ത്ര്യം പിടിച്ചെടുക്കാനുള്ള ശ്രമമായിരുന്നു പിന്നീട് ഉണ്ടായത്. ക്രമേണ ഇന്ത്യ തന്നെ യൂറോപ്യന്‍ രാജ്യങ്ങളുടെ പരസ്പര പോരാട്ടഭൂമിയായി മാറി. ഇതില്‍ അവസാനവിജയം ഇംഗ്ലിഷുകാര്‍ക്കായിരുന്നു.
1615-ല്‍ ക്യാപ്റ്റന്‍ കീലിംഗ് എന്ന നാവികന്റെ നേതൃത്വത്തില്‍ ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ പ്രതിനിധീകരിച്ച് ലണ്ടനില്‍ നിന്ന് കോഴിക്കോട് എത്തിയ സംഘത്തിലാണ് സര്‍. തോമസ് റോ ഉണ്ടായിരുന്നത്. മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെ കൊട്ടാരത്തില്‍ ഇംഗ്ലീഷ് രാജാവിന്റെ സ്ഥാപതിയാകാനായിരുന്നു തോമസ് റോ എത്തിയത്. എന്നാല്‍ ശക്തമായ മുഗള്‍സാമ്രാജ്യത്തിന്റെ ശിഥിലീകരണത്തെ തുടര്‍ന്ന് ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മേധാവി റോബര്‍ട്ട് ക്ലൈബ്ബ് 1757-ലെ പ്ലാസിയുദ്ധത്തിലൂടെയും 1764-ലെ ബക്സര്‍ യുദ്ധത്തിലൂടെയും ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന് വാനക്കല്ലിടുന്ന കാഴ്ചയാണ് ചരിത്രത്തില്‍ പിന്നെ കാണുന്നത്. യുദ്ധത്തിലൂടെയും ചതിയിലൂടെയും തന്ത്രത്തിലൂടെയും ഇന്ത്യ മുഴുവന്‍ ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പിന്നീട് കൈപ്പിടിയില്‍ അമര്‍ത്തി. ഇംഗ്ലണ്ട് അഥവാ ബ്രിട്ടീഷ് പാര്‍ലമെന്റായിരുന്നു ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യകമ്പനിയെ നിയന്ത്രിച്ചിരുന്നത്. അവരുടെ നിയമത്തിന്റെ പിന്‍ബലത്തില്‍ ഗവര്‍ണര്‍ ജനറലും അദ്ദേഹത്തിന്റെ കീഴിലുള്ള ഗവര്‍ണര്‍മാരും കമ്മീഷണര്‍മാരും കളക്ടര്‍മാരും റസിഡന്റുമാരുമാണ് പിന്നീട് രണ്ട് ശതാബ്ദം ഇന്ത്യയെ ഭരിച്ചിരുന്നത്. ഇതിനെതിരെ ഇന്ത്യന്‍ ജനതയുടെ പോരാട്ടമായിരുന്നു ഐതിഹാസികമായ സ്വാതന്ത്ര്യസമരം.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ പ്രധാനമായി രണ്ടായി തരംതിരിക്കാം. ആദ്യത്തേത് ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് എതിരേയും രണ്ടാമത്തേത് കമ്പനിയില്‍നിന്നും ഇന്ത്യന്‍ ഭരണം ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുക്കുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീരണത്തിനു ശേഷമുള്ള സമരങ്ങളാണ്. എന്നാല്‍ ഇന്ത്യയില്‍ ആദ്യമായി വൈദേശികഭരണത്തിന് എതിരെ ധീരോദാത്തമായ പോരാട്ടങ്ങള്‍ നടത്തിയത് കേരളമാണെന്ന് അഭിമാനിക്കാവുന്നതാണ്. പോര്‍ട്ടുഗീസുകാര്‍ക്ക് എതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ വെടിഞ്ഞ കുഞ്ഞാലിമരയ്ക്കാരെ ഈ സമയത്ത് ഓര്‍ക്കാതിരിക്കാന്‍ പറ്റില്ല. 1721-ലാണ് തിരുവനന്തപുരത്തെ ആറ്റിങ്ങല്‍ കലാപം നടന്നത്. ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയ്ക്ക് എതിരെയുള്ള ഇന്ത്യയിലെ ആദ്യത്തെ കലാപമാണിതെന്നു പറയാം.
ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് എതിരെ ഉത്തര്യേന്‍ രാജാക്കന്മാരും ഇന്ത്യന്‍ പട്ടാളക്കാരും ചേര്‍ന്ന് 1857-ല്‍ നടത്തിയ കലാപം ഇന്ത്യാചരിത്രത്തിലെ വികാരോജ്ജ്വലമായ ഏടാണ്. ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യസമരം എന്നാണ് ചരിത്രകാരന്മാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ അതിന് എത്രയോമുമ്പ് ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ വയനാടന്‍ കാടുകള്‍ കേന്ദ്രീകരിച്ച് കേരളവര്‍മ പഴശ്ശിരാജ ഗറില്ലായുദ്ധം തന്നെ നടത്തി. ആറുവര്‍ഷം നീണ്ടുനിന്ന ആ യുദ്ധം 1805 നവംബര്‍ 30ന് പഴശ്ശിയുടെ വീരമൃത്യുവോടെയാണ് അവസാനിച്ചത്. അതിനുശേഷം തിരുവിതാംകൂര്‍ ദളവ വേലുത്തമ്പിയും കൊച്ചി പ്രധാനമന്ത്രി പാലിയത്തച്ചനും കമ്പനിക്കെതിരെ യുദ്ധം ചെയ്തു. വേലുത്തമ്പി നടത്തിയ കുണ്ടറ വിളംബരം ജനങ്ങളെ ഇളക്കിമറിച്ചു. പക്ഷേ ഇരച്ചുകയറിയ കമ്പനിപ്പട്ടാളത്തിനെതിരെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വേലുത്തമ്പിക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നു, അതിനുശേഷം വയനാട് കേന്ദ്രീകരിച്ച് കുറിച്യകലാപം ഉണ്ടായിയെങ്കിലും ഇംഗ്ലിഷുകാര്‍ വളരെവേഗം അത് അടിച്ചമര്‍ത്തി.
19-ാം നൂറ്റാണ്ടിലെ നവോത്ഥാനപ്രസ്ഥാനങ്ങളും ഇംഗ്ലിഷ് വിദ്യാഭ്യാസവും പത്രപ്രവര്‍ത്തനവുമെല്ലാം ഇന്ത്യയിലെ യുവാക്കളില്‍ ഉണ്ടാക്കിയ പ്രതിഫലനങ്ങള്‍ സ്വാതന്ത്രേച്ഛയെ ശക്തമാക്കി. 1885 ഡിസംബറില്‍ ബോംബെയിലെ ഗോകുല്‍ദാസ് തേജ്പാല്‍ സംസ്കൃതകോളേജില്‍ ആണ് ബ്രിട്ടീഷ് ഐ.സി.എസ് ഉദ്യോഗസ്ഥനും ചിന്തകനുമായ എ.ഒ. ഹ്യൂമിന്റെ ശ്രമഫലമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപംകൊണ്ടത്. ഇന്ത്യക്കാരുടെ അഭിപ്രായങ്ങള്‍ അറിയാനുള്ള ഒരു വേദിയായിട്ടാണ് ഇംഗ്ലിഷുകാര്‍ ഇതിനെ കണ്ടത്. അന്നത്തെ വൈസ്രോയി ഡഫറിന്‍ പ്രഭു പോലും ആദ്യകാലത്ത് കോണ്‍ഗ്രസിനെ സഹായിച്ചിരുന്നു. വര്‍ഷത്തിലൊരിക്കല്‍ സമ്മേളിച്ച് പ്രമേയങ്ങള്‍ മാത്രം പാസ്സാക്കിയിരുന്ന ഈ സംഘടനയില്‍ കൂടുതല്‍ ആളുകള്‍ പ്രത്യേകിച്ച്, യുവാക്കള്‍ കടന്നുവന്നതോടെ അതിന്റെ രൂപം മാറാന്‍ തുടങ്ങി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയതോടെ ബ്രിട്ടീഷ് സാമ്രാജ്യത്തെ അത് അലോസരപ്പെടുത്താന്‍ തുടങ്ങി. ക്രമേണ കോണ്‍ഗ്രസ്സില്‍ മിതവാദികളും തീവ്രവാദികളും ഉണ്ടായി. തീവ്രവാദികള്‍ സ്വദേശി, സ്വരാജ് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. ലാലാലജ്പത് റോയി, ബാലഗംഗാധരതിലകന്‍, ബിപിന്‍ ചന്ദ്രപാല്‍ തുടങ്ങിയ ത്രിമൂര്‍ത്തികള്‍ കോണ്‍ഗ്രസ്സിന് പുതിയ ഉണര്‍വ് നല്‍കി. ഫിറോസ് ഷാ മേത്ത, ഗോപാലകൃഷ്ണഗോഖലെ തുടങ്ങിയവര്‍ മിതവാദികളായിരുന്നു. പല പ്രാവശ്യവും രണ്ട് ഗ്രൂപ്പുകളും ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിവേഗം ഇന്ത്യയില്‍ ആകെ ശ്രദ്ധിക്കപ്പെടുന്ന സംഘടനയായി മാറിക്കൊണ്ടിരുന്നു. ജി.പി. പിള്ള, സര്‍ സി.ശങ്കരന്‍നായര്‍ തുടങ്ങിയ മലയാളികള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യകാല കേരള നേതാക്കളായിരുന്നു. ഇതില്‍ ശങ്കരന്‍നായര്‍ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷസ്ഥാനംവരെ അലങ്കരിച്ചു. ജി. പരമേശ്വരന്‍പിള്ള എന്ന ജി.പി. പിള്ളയാണ് ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കന്‍ പ്രശ്നത്തിലെ ഉപദേഷ്ടാവ്. ഗാന്ധിജിയുടെ ആത്മകഥയില്‍ പറയുന്ന ഏകമലയാളിയും ജി.പി. പിള്ളയാണ്. ദക്ഷിണാഫ്രിക്കയില്‍ സമരം നടത്തിയിരുന്ന ഗാന്ധിജിയെ ഇന്ത്യയില്‍ ആരും അധികമറിയാത്ത കാലത്ത് അദ്ദേഹത്തെക്കുറിച്ച് "മോഹനദാസ് ഗാന്ധി" എന്ന പേരില്‍ പുസ്തകം എഴുതിയ ആളാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള.
ദക്ഷിണാഫ്രിക്കയില്‍നിന്നും ഇന്ത്യയിലെത്തിയ ഗാന്ധിജി കോണ്‍ഗ്രസ്സിന്റെ നേതൃത്വം ഏറ്റെടുത്തതോടെയാണ് അത് സമരസംഘടനയായി മാറിയത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ഗാന്ധിജി അക്രമരാഹിത്യത്തിലൂടെയുള്ള സമരമുറകള്‍ പരീക്ഷിക്കാന്‍ തുടങ്ങി. ഗാന്ധിജിയില്‍ ഇന്ത്യന്‍ ജനത വിശ്വാസമര്‍പ്പിച്ചതോടെ സമരങ്ങളുടെ വേലിയേറ്റംതന്നെ ഉണ്ടായി. ഗാന്ധിജിയുടെ ശബ്ദം നേര്‍ത്തതായിരുന്നു. എന്നാല്‍ അത് ജനകോടികളുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ ഉയര്‍ന്നുകേട്ടു. ഇന്ത്യന്‍ ജനത ആ ശബ്ദത്തിന് കാതോര്‍ത്തു. ഗാന്ധിജിയെ നിസ്സാരമായിക്കണ്ട ബ്രിട്ടീഷ് സര്‍ക്കാരിന് കാര്യങ്ങളുടെ പോക്ക് പിന്നീടാണ് മനസ്സിലായത്. ഇന്ത്യ മാത്രമല്ല, ലോകം മുഴുവന്‍ ഗാന്ധിജിയെ ശ്രദ്ധിക്കാന്‍ തുടങ്ങി. അറസ്റ്റും അടിച്ചമര്‍ത്തലും കൊണ്ട് കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ കഴിയില്ലെന്ന് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിച്ചു.
കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രം മലബാര്‍ ആയിരുന്നു. ദേശീയതലത്തിലുള്ള മിക്ക സമരങ്ങള്‍ക്കും മലബാര്‍ വേദിയായി. എന്നാല്‍ മലബാറിലെപ്പോലെ അത്ര ശക്തമായിരുന്നില്ല തിരുവിതാംകൂറിലേയും കൊച്ചിയിലേയും സമരങ്ങള്‍. സ്വാതന്ത്ര്യസമരത്തിലെ പ്രധാന ഏടാണ് ഉപ്പുസത്യാഗ്രഹം. 1930 മാര്‍ച്ച് 12ന് സമര്‍മതിയില്‍ നിന്നും ഗാന്ധിജി ആരംഭിച്ച ദണ്ഡിയാത്ര ലോകശ്രദ്ധ പിടിച്ചുപറ്റി. ആ സംഭവം ഇന്ത്യന്‍ ജനതയെ ഇളക്കിമറിച്ചു. സമര്‍മതിയില്‍ നിന്നും 78 അനുചരന്മാരോടുകൂടി ഗാന്ധിജി നടത്തിയ ദണ്ഡിയാത്രയില്‍ സി. കൃഷ്ണന്‍നായര്‍, ടൈറ്റസ്, എന്‍.പി. രാഘവപ്പൊതുവാള്‍, ശങ്കര്‍ജി തുടങ്ങി നാലുമലയാളികളുണ്ടായിരുന്നു. കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിന് വേദിയായത് പയ്യന്നൂരിലായിരുന്നു. കെ. കേളപ്പന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടുനിന്നും ആരംഭിച്ച വളന്റിയര്‍ ജാഥ പയ്യന്നൂരിലെത്തി ഉപ്പുകുറുക്കിയതോടെ അതിന്റെ സമരാവേശം കേരളം മുഴുവന്‍ പ്രകടമായി. തിരുവിതാംകൂറിലും കൊച്ചിയിലും രാജഭരണമായതിനാലും ഉപ്പുസത്യാഗ്രഹം ബ്രിട്ടീഷുകാര്‍ക്ക് എതിരായ സമരം ആയതിനാലും ഈ രണ്ട് പ്രദേശത്തെ ആളുകള്‍ മലബാറില്‍ പോയി സമരങ്ങളില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചിരുന്നു.
1938-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഹരിപുര സമ്മേളനമാണ് തിരുവിതാംകൂറിലും കൊച്ചിയിലും "ഉത്തരവാദ"ഭരണത്തിനുവേണ്ടി സമരം നടത്താന്‍ പ്രത്യേക കോണ്‍ഗ്രസ് രൂപീകരിക്കാന്‍ നിര്‍ദേശിച്ചത്. അതുപ്രകാരം "തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സും" "കൊച്ചി പ്രജാമണ്ഡല"വും നിലവില്‍വന്നു. പിന്നീട് സ്വാതന്ത്ര്യലബ്ധിവരെ ഈ രണ്ട് സംഘടനകളും സമരങ്ങള്‍ കൊണ്ട് രാഷ്ട്രീയരംഗം സജീവമാക്കി. സ്റ്റേറ്റ് കോണ്‍ഗ്രസിനെതിരെ തിരുവിതാംകൂര്‍ ദിവാന്‍ സര്‍. സി.പി. രാമസ്വാമി അയ്യര്‍ അടിച്ചമര്‍ത്തല്‍ തന്ത്രങ്ങളുമായി മുന്നോട്ടുപോയി. കൊച്ചിയിലെ സ്ഥിതി തിരുവിതാംകൂറിന്റെ അത്ര കഠിനമായിരുന്നില്ല. എന്നാലും അവിടെയും അടിച്ചമര്‍ത്തലുകളും അറസ്റ്റ് ചെയ്യലും നടന്നു. തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ പൊതുയോഗങ്ങളെല്ലാം സര്‍. സി.പി. നിരോധിച്ചു. നേതാക്കളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മലബാറിലെ പോലെ ഡിക്ടേറ്റര്‍ അഥവാ സര്‍വാധിപതി സമ്പ്രദായം നിലവില്‍ വന്നു. ഒരു നേതാവിനെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് അടുത്ത തന്റെ അനുയായിയെ രഹസ്യമായി നിശ്ചയിക്കുന്ന നടപടിയാണിത്. നെയ്യാറ്റിന്‍കരയില്‍ ഒരു സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ജനങ്ങള്‍ തടഞ്ഞു. ഇത് നെയ്യാറ്റിന്‍കര വെടിവെപ്പില്‍ കലാശിച്ചു. തിരുവിതാംകൂറിലെങ്ങും പോലീസും ഗുണ്ടകളും ചേര്‍ന്ന് സ്റ്റേറ്റ് കോണ്‍ഗ്രസിനെതിരെ അക്രമം അഴിച്ചുവിട്ടു. തിരുവിതാംകൂറിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് മലബാറിലെ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ തീരുമാനപ്രകാരം എ.കെ.ജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജാഥ ആലുവയില്‍ വച്ച് പോലീസ് തടയുകയും എ.കെ.ജിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പാങ്ങോട് കല്ലറ സമരം, കടയ്ക്കല്‍ സമരം എന്നിവ ഈ കാലത്തു നടന്ന പ്രധാനസംഭവങ്ങളാണ്.
തിരുവിതാംകൂറും ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മില്‍ 1795-ല്‍ ഉണ്ടാക്കിയ കരാര്‍ ബ്രിട്ടീഷുകാര്‍ പോകുന്നതോടെ അവസാനിക്കുകയാണെന്നും അതിനാല്‍ ലോകഭൂപടത്തില്‍ സ്വതന്ത്രരാജ്യമായി തിരുവിതാംകൂര്‍ നിലനില്‍ക്കണമെന്നും സി.പി. പ്രഖ്യാപിച്ചു. സ്വതന്ത്രരാജ്യം എന്ന നിലയില്‍ തിരുവിതാംകൂറിന്റെ ഭരണഘടന നിര്‍മിക്കാനും വിദേശരാജ്യങ്ങളിലേക്ക് സ്ഥാനപതികളെ നിശ്ചയിക്കാനും അദ്ദേഹം തയ്യാറായി. അതിനിടയിലാണ് 1947 ജൂലൈ 25ന് അദ്ദേഹത്തിന് വെട്ടേറ്റത്. അതോടെ സ്വതന്ത്ര തിരുവിതാംകൂര്‍ വാദം അവസാനിച്ചു.
1947 ഓഗസ്റ്റ് 14 അര്‍ധരാത്രി : സ്വാതന്ത്ര്യം ലഭിച്ച തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും വന്‍ ആഘോഷങ്ങള്‍ നടന്നു. അടുത്ത ദിവസം നാടുനീളെ ഘോഷയാത്രകളും മധുരപലഹാരവിതരണവും പൊതുയോഗങ്ങളും നടത്തി ആ ദിനം ആഘോഷിച്ചു. ഒരു നവയുഗത്തെ ഉദ്ഘാടനം ചെയ്യുന്ന പാവനദിനമായിട്ടാണ് സ്വാതന്ത്ര്യദിനത്തെ ഇന്ത്യന്‍ ജനത കണ്ടത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ അക്രമരാഹിത്യവും ആദര്‍ശശുദ്ധവുമായ കര്‍മപദ്ധതിയിലൂടെയാണ് നടന്നത്. ഇക്കാര്യത്തില്‍ അവിസ്മരണീയവും അനുകരണാര്‍ഹവുമായ മാതൃകയാണ് ഇന്ത്യ ലോകത്തിന് കാട്ടിക്കൊടുത്തത്. എന്നാല്‍ സ്വാതന്ത്ര്യസമരകാലത്തെ ലക്ഷ്യങ്ങളില്‍ ഒന്ന് ഇംഗ്ലിഷുകാരെ ഇന്ത്യയില്‍ നിന്നും ഓടിക്കുകയോ ഭരണം ഏറ്റെടുക്കുകയോ മാത്രമായിരുന്നില്ല. അന്ന് നേതാക്കള്‍ ധാരാളം വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ദാരിദ്ര്യവും അജ്ഞതയുംകൊണ്ട് വീര്‍പ്പുമുട്ടുന്ന ജനതയെ കൈപിടിച്ചുയര്‍ത്തുക എന്നതായിരുന്നു അതില്‍ പ്രധാനം. മര്‍ദിതരും ചൂഷിതരുമായ ജനങ്ങളെ രക്ഷിക്കുകയും ശുശ്രൂഷിക്കുകയുമായിരുന്നു അന്ന് നേതാക്കള്‍ നടത്തിയ പ്രഖ്യാപനങ്ങളുടെ കാതല്‍. സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്തായിരിക്കണമെന്ന് ഗാന്ധിജിക്ക് തന്നെ ചില ആശയങ്ങള്‍ ഉണ്ടായിരുന്നു. വിഖ്യാത പത്രപ്രവര്‍ത്തകന്‍ ലൂയി ഫിഷറുമായി നടത്തിയ സംഭാഷണത്തില്‍ ഈ കാര്യങ്ങളെല്ലാം അദ്ദേഹം വിവരിക്കുന്നുണ്ട്. പ്രകൃതിയെയും വിഭവങ്ങളെയും ചൂഷണംചെയ്ത് കീശ വീര്‍പ്പിക്കുകയും പാവങ്ങളെ ചവിട്ടിമെതിക്കുകയും ചെയ്യുന്ന ഒരു ഇന്ത്യ അല്ല അദ്ദേഹം സ്വപ്നം കണ്ടത്. എല്ലാവര്‍ക്കും ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും വേണമെന്നായിരുന്നു ഗാന്ധിജിയുടെ ചിന്ത. മനുഷ്യന്റെ അധ്വാനം കൈയടക്കുന്ന യന്ത്രസംസ്കാരത്തിന് ഗാന്ധിജി എതിരായിരുന്നു. യന്ത്രങ്ങള്‍ മനുഷ്യപ്രയത്നങ്ങളെ തകര്‍ക്കാന്‍ പാടില്ലെന്ന് അദ്ദേഹം ലൂയി ഫിഷറുമായിട്ടുള്ള സംഭാഷണത്തില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം സമൂഹത്തിന്റെ പൊതുനന്മയ്ക്ക് യന്ത്രങ്ങള്‍ ആവശ്യമാണെങ്കില്‍ ഉപയോഗിക്കാമെന്നും ഗാന്ധിജി പറഞ്ഞിരുന്നു. വിശപ്പില്ലാത്ത ഒരു ഇന്ത്യന്‍ ജനതയെയാണ് ഗാന്ധിജി സ്വപ്നം കണ്ടത്. അതിനുള്ള പദ്ധതികളും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ 70-ാം സ്വാതന്ത്ര്യവാര്‍ഷികത്തില്‍പോലും ശോചനാലയത്തിനുവേണ്ടി പ്രചാരണം നടത്തേണ്ട ഗതികേടിലാണ് നമ്മള്‍ ഇന്ന്. ലോകത്തെ ഏറ്റവും വലിയ സമ്പന്നന്മാരും ഏറ്റവും ദരിദ്രരും ഇന്ന് ഇന്ത്യയിലുണ്ട്. ഒരു തുണ്ട് ഭൂമിയില്ലാതെ ജനലക്ഷങ്ങള്‍ തെരുവില്‍ കഴിയുന്നു. ശുദ്ധജലം പലേടത്തും ലഭ്യമല്ല, അതേസമയം ശാസ്ത്രസാങ്കേതിക വിദ്യയില്‍ ഇന്ന് വളരെ മുന്നിലാണ്. ബഹിരാകാശ ഗവേഷണരംഗത്തെ ഇന്ത്യയുടെ നേട്ടം മറ്റ് രാജ്യങ്ങള്‍ക്ക് അസൂയ സൃഷ്ടിക്കുന്നു. ഇതേപോലുള്ള നേട്ടങ്ങള്‍ സാധാരണ ജനങ്ങളുടെ ജീവിതത്തിലും സൃഷ്ടിക്കാന്‍ ആവശ്യമായ കര്‍മപദ്ധതികളാണ് ഇന്ന് ഇന്ത്യയ്ക്കാവശ്യം.
1948 ആഗസ്റ്റ് 15-ആം തീയതി പോലീസ് സ്റ്റേഡിയ (ഇന്നത്തെ സെന്‍ട്രല്‍ സ്റ്റേഡിയം) ത്തില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങ്
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി പട്ടംതാണുപിള്ള, മന്ത്രിമാരായ ടി.എം. വര്‍ഗീസ്, സി. കേശവന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടന്ന ഘോഷയാത്ര
സ്വാതന്ത്ര്യഘോഷയാത്ര കാണാന്‍ തടിച്ചുകൂടിയ ജനങ്ങള്
1948 ആഗസ്റ്റ് 15-ആം തീയതി പോലീസ് സ്റ്റേഡിയ (ഇന്നത്തെ സെന്‍ട്രല്‍ സ്റ്റേഡിയം) ത്തില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങ്
1948 ആഗസ്റ്റ് 15-ആം തീയതി പോലീസ് സ്റ്റേഡിയ (ഇന്നത്തെ സെന്‍ട്രല്‍ സ്റ്റേഡിയം) ത്തില്‍ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങ്
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later