മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍
അന്ന് വിദ്യാഭ്യാസം രാജ്യധര്‍മത്തിന്:
ഇന്ന് കച്ചവടം
തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങളായി കേരളം വേര്‍തിരിഞ്ഞുകിടന്ന കാലത്താണ് പാര്‍വതിബായി ആദ്യമായി വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍തലത്തില്‍ നടപടി സ്വീകരിച്ചത്. പണമുള്ളവര്‍ക്ക് മാത്രമായിരുന്നു വിദ്യാഭ്യാസത്തിന് സൗകര്യം കിട്ടിയിരുന്നത്. ഇത് മുന്‍കൂട്ടികണ്ടുകൊണ്ടാണ് സര്‍ക്കാര്‍ചെലവില്‍ വാധ്യാന്മാരെ നിയമിക്കാന്‍ റാണി ഉത്തരവ് ഇട്ടത്.
സ്വാതന്ത്ര്യസമരകാലത്ത് മലയാളികളുടെ സ്വപ്നമായിരുന്നു തിരുവിതാംകൂറും കൊച്ചിയും മലബാറുമായി വേര്‍തിരിഞ്ഞുകിടന്ന കേരളം ഒന്നാക്കുക എന്നത്. സ്വാതന്ത്ര്യം ലഭിച്ച് ഒന്‍പത് വര്‍ഷം കഴിഞ്ഞപ്പോള്‍ ഐക്യകേരളം രൂപംകൊണ്ടു. അതിന്റെ 61-ാം വയസ്സാണ് വരുന്ന നവംബര്‍ ഒന്ന്.
റാണി ഗൗരി പാര്‍വതിഭായി 1817 ല്‍ ആദ്യമായി സര്‍ക്കാര്‍ തലത്തില്‍ വിദ്യഭ്യാസം ഏര്‍പ്പെടുത്തി |
സ്വാതിതിരുനാള്‍ തെക്കേ ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍ തലത്തില്‍ ഇംഗ്ളീഷ് വിദ്യാലയം സ്ഥാപിച്ചു |
ഉത്രം തിരുനാള്‍ ആദ്യത്തെ പെണ്‍പള്ളിക്കുടം സ്ഥാപിച്ചു |
വിശാഖം തിരുനാള്‍ പാഠപുസ്തകങ്ങള്‍ കുടുതലായി പ്രസിദ്ധീകരിച്ചു. |
ആയില്ല്യംതിരുനാള്‍ ആദ്യമായി കോളേജ് സ്ഥാപിച്ചു |
ശ്രീമുലം തിരുനാള്‍ ആദ്യമായി വനിതാകോളേജ് തുടങ്ങി |
റീജന്റ് റാണി സേതുലക്ഷ്മിഭായി വനിതാ കോളേജില്‍ ഡിഗ്രി തുടങ്ങി |
ശ്രി ചിത്തിരതുരുനാള്‍ ബാലരാമവര്‍മ്മ തിരുവിതാംകുര്‍ സര്‍വകലാശാല തുടങ്ങി |
|
തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങളായി കേരളം വേര്‍തിരിഞ്ഞുകിടന്ന കാലത്താണ് പാര്‍വതിബായി ആദ്യമായി വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍തലത്തില്‍ നടപടി സ്വീകരിച്ചത്. പണമുള്ളവര്‍ക്ക് മാത്രമായിരുന്നു വിദ്യാഭ്യാസത്തിന് സൗകര്യം കിട്ടിയിരുന്നത്. ഇത് മുന്‍കൂട്ടികണ്ടുകൊണ്ടാണ് സര്‍ക്കാര്‍ചെലവില്‍ വാധ്യാന്മാരെ നിയമിക്കാന്‍ റാണി ഉത്തരവ് ഇട്ടത്. കേരളത്തിന്റെ സാമൂഹ്യസാംസ്കാരികരംഗത്തെ വിപ്ലവമായിരുന്നു ഈ നടപടി. പക്ഷേ സാര്‍വത്രിക വിദ്യാഭ്യാസം അന്ന് ലഭിച്ചില്ലെന്നും അയിത്തത്തിന്റെ പേരില്‍ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കലപിച്ച് വളരെ ആളുകളെ പൊതുസമൂഹത്തില്‍നിന്നും മാറ്റിനിര്‍ത്തിയിരുന്നുവെന്നും ഇന്ന് ഒരുപക്ഷേ, പലരും വാദിച്ചേക്കാം. പക്ഷേ അന്നത്തെ സാമൂഹ്യാന്തരീക്ഷം മനസ്സിലാക്കിയാല്‍ ഈ വിമര്‍ശനത്തിന് അര്‍ഥം ഇല്ലെന്ന് മനസ്സിലാകും. ബ്രിട്ടീഷുകാര്‍ നേരിട്ടുഭരിച്ച മലബാറില്‍പോലും പൊതുവിദ്യാഭ്യാസത്തിനു ഭരണാധികാരികള്‍ മുന്നോട്ടുവരാത്ത കാലത്താണ് തിരുവിതാംകൂറില്‍ വിദ്യാഭ്യാസവിപ്ലവത്തിന് വിളംബരം ഉണ്ടായതെന്ന് ഓര്‍ക്കേണ്ടതാണ്. കേരളത്തിലെ വിദ്യാഭ്യാസരംഗത്തിന് അടിത്തറയിട്ട ആദ്യസംഭവമാണ് റാണിയുടെ പ്രഖ്യാപനം. ആ വിദ്യാഭ്യാസരംഗം വടവൃക്ഷംപോലെ വളര്‍ന്ന് വികസിച്ചുനില്‍ക്കുമ്പോള്‍ ഇന്നത്തെ സ്ഥിതിയെന്താണ്? വിദ്യാഭ്യാസരംഗം കോടികള്‍ കൊയ്യുന്ന തനികച്ചവടമായി മാറിയിരിക്കുന്നു. ഫാക്ടറികളെപ്പോലെയാണ് വിദ്യാഭ്യാസസ്ഥാപനങ്ങളെ പലരും കാണുന്നത്. പണമുള്ളവരുടെ സമ്പാദ്യകേന്ദ്രങ്ങളായി കേരളത്തിലെ വിദ്യാഭ്യാസരംഗം മാറിയിരിക്കുന്നു. ഓരോ വര്‍ഷവും മെഡിസിനും എന്‍ജിനീയറിങ്ങിനും ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് ലക്ഷങ്ങളാണ് കൈക്കൂലി നല്‍കേണ്ടത്. ശരിക്കും ഒരുതരം ലേലംവിളിയായി വിദ്യാഭ്യാസരംഗം മാറി. രാഷ്ട്രീയക്കാരും മതസംഘടനകളും സാമൂഹ്യസംഘടനകളും വീതിച്ചെടുത്തിരിക്കുകയാണ് വിദ്യാഭ്യാസരംഗം. അതുകൊണ്ടുതന്നെ കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ നിലവാരം ഇതിനകം തകര്‍ന്നുകഴിഞ്ഞു. മുമ്പ് ഇവിടത്തെ കോളേജുകളില്‍നിന്നും ഉന്നതവിദ്യാഭ്യാസം നേടി ഇന്ത്യയിലും വിദേശങ്ങളിലും ഉന്നതസ്ഥാനത്ത് എത്തിയ എത്രയോ പ്രശസ്തരെ ചൂണ്ടിക്കാണിക്കാന്‍ കഴിയുമായിരുന്നു. ഭരണരംഗത്തും ശാസ്ത്രരംഗത്തും രാഷ്ട്രീയരംഗത്തും ഉന്നതനിലവാരം പുലര്‍ത്തിയിരുന്നവരെക്കൊണ്ട് നിറഞ്ഞതായിരുന്നു കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍നിന്നും മുമ്പ് പുറത്തുവന്നവര്‍. ഇന്ന് കോളേജുകളുടെ സ്ഥിതി എന്ത്? എല്ലാം കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും കേന്ദ്രങ്ങളായി കോളേജുകള്‍ മാറിയിരിക്കുന്നു. വിദ്യാഭ്യാസഗുണനിലവാരം ഉയര്‍ത്തുകയല്ല, അവിടങ്ങളില്‍ രാഷ്ട്രീയക്കാരെപ്പോലെ വോട്ട് പിടിച്ച് യൂണിയന്‍ കൈക്കലാക്കുന്നതിനുള്ള നടപടികള്‍ ആണ് നടക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും ഇവര്‍ക്ക് പിന്തുണയായി ഉണ്ട്.
ക്രിസ്ത്യന്‍ മിഷണറിമാരുടെ വരവാണ് കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ ചലനാത്മകമാക്കിയത്. സി.എം.എസ്, എല്‍.എം.എസ് തുടങ്ങിയ സംഘടനകള്‍ ഈ രംഗത്ത് നടത്തിയിട്ടുള്ള സേവനം ഒരിക്കലും മറക്കാന്‍ കഴിയില്ല, എന്നാല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസരംഗത്ത് വിപ്ലവം സൃഷ്ടിച്ചത് സര്‍വകലാവല്ലഭനായ സ്വാതി തിരുനാള്‍ മഹാരാജാവാണ്. അദ്ദേഹമാണ് തെക്കേഇന്ത്യയില്‍ ആദ്യമായി തിരുവനന്തപുരത്ത് ഇംഗ്ലീഷ് വിദ്യാലയം തുടങ്ങിയത്. നാഗര്‍കോവിലിലെ എല്‍.എം.എസ്. സെമിനാരിയിലെ അധ്യാപകനായ റോബര്‍ട്ട് സായിപ്പിനെ ക്ഷണിച്ചുവരുത്തിയാണ് ഇപ്പോഴത്തെ ആയുര്‍വേദ കോളേജിനു സമീപത്ത് ആദ്യത്തെ വിദ്യാലയം 1836ല്‍ ആരംഭിച്ചത്. അതു പിന്നീട് "രാജാവ് ഫ്രീ സ്കൂള്" എന്നറിയപ്പെട്ടു. ഈ വിദ്യാലയം വികസിച്ചാണ് മഹാരാജാസ് കോളേജ് (ഇന്നത്തെ യൂണവേഴ്സിറ്റി കോളേജ്) ആയി മാറിയത്. ഇവിടെ പഠിച്ച് ആദ്യം ബി.എ പാസ്സായ വിദ്യാര്‍ഥി വി. നാഗമയ്യ ആയിരുന്നു.
തിരുവിതാംകൂറിലെ പ്രഗല്‍ഭ ഭരണാധികാരികളെ വാര്‍ത്തെടുത്ത മഹാവിദ്യാലയമായി മഹാരാജാസ് കോളേജ് മാറി. അന്നൊക്കെ ഡിഗ്രി പരീക്ഷ എഴുതാന്‍ മദ്രാസിലാണ് വിദ്യാര്‍ഥികള്‍ പോകേണ്ടിയിരുന്നത്. മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിലായിരുന്നു തിരുവിതാംകൂറിലെ കലാലയങ്ങള്‍. എന്നാല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് (1885-1924) ന്റെ കാലത്തുതന്നെ തിരുവിതാംകൂറിന് ഒരു സര്‍വകലാശാല രൂപീകരിക്കാനുള്ള ശ്രമം നടന്നിരുന്നു. മദ്രാസിന്റെ എതിര്‍പ്പുകാരണം അത് നടന്നില്ല. എന്നാല്‍ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ദിവാന്‍ സര്‍ സി.പിയുടെ ശ്രമഫലമായി 1936ല്‍ "തിരുവിതാംകൂര്‍ സര്‍വകലാശാല" യാഥാര്‍ഥ്യമായി. ഇതാണ് ഐക്യകേരളം രൂപം കൊണ്ടപ്പോള്‍ ഉണ്ടായിരുന്ന കേരളത്തിലെ ഏക സര്‍വകലാശാല. പിന്നീട് ഇത് കേരള സര്‍വകലാശാലയായി.
വിദ്യാഭ്യാസത്തിന് രാജകീയ ഉത്തരവുകള്‍
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later