ഡച്ച് ചരിത്രഭൂമിയിലൂടെ ഒരു അംബാസിഡറുടെ അന്വേഷണയാത്ര

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍

തിരുവനന്തപുരത്തുനിന്നും 55 കിലോമീറ്റര്‍ തെക്ക് കന്യാകുമാരി ജില്ലയിലെ തക്കല നിന്നും രണ്ട് കിലോമീറ്റര്‍ മാറിയാണ് ചരിത്രവും കേരളസംസ്കാരവും തുടികൊട്ടുന്ന പത്മനാഭപുരം കൊട്ടാരം. ഈ കൊട്ടാരത്തിന്റെ പഴയ പേര് കല്‍ക്കുളം കൊട്ടാരം എന്നായിരുന്നു. ഡച്ചുകാര്‍ കൊച്ചി കീഴടക്കിയശേഷം തെക്കന്‍ രാജാക്കന്മാരുമായി കരാര്‍ ഒപ്പിടാന്‍ ഡച്ച് ക്യാപ്റ്റന്‍ ന്യൂഹാഫ് പഴയ കല്‍ക്കുളം കൊട്ടാരം സന്ദര്‍ശിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം എത്തിയ തായ്കൊട്ടാരം ഇപ്പോഴും ഉണ്ട്. എന്നാല്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ് ഇന്നത്തെ നിലയില്‍ കൊട്ടാരം പുതുക്കിപ്പണിതതും കല്‍ക്കുളം കൊട്ടാരത്തെ "ശ്രീപദ്മനാഭപുരം കൊട്ടാരം" എന്ന് പുനര്‍നാമകരണം ചെയ്തതും.

നെതര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസിഡര്‍
വേണു രാജാമണി




ഡച്ചുകാര്‍ കേരളം വിട്ടിട്ട് ഇപ്പോള്‍ (2017) 222 വര്‍ഷം കഴിഞ്ഞു. അന്ന് അവര്‍ വിട്ടുപോയ തുണ്ടുതുണ്ടു രാജ്യങ്ങളല്ല ഇന്നത്തെ കേരളം. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ തെക്കേ അറ്റത്തെ സംസ്ഥാനമായ കേരളത്തില്‍ അധികാരമുള്ള രാജാക്കന്മാരും രാജകുടുംബങ്ങളും ഇന്നില്ല. ഡച്ചുകാര്‍ കരാറുകള്‍ ഒപ്പിടാന്‍ ഓടിനടന്ന രാജകൊട്ടാരങ്ങളില്‍ ചിലത് മാത്രം അവശേഷിക്കുന്നു. അവര്‍ കെട്ടിയ കൊട്ടാരങ്ങളും കോട്ടകളും പള്ളികളും ചരിത്രകഥ പറയുന്നു.

തിരുവിതാംകൂര്‍

അന്ന് കേരളം ചെറുതും വലുതുമായ അനേകം നാട്ടുരാജ്യങ്ങളായി ചിതറിക്കിടക്കുകയായിരുന്നു. ആ രാജ്യങ്ങള്‍ പരസ്പരം യുദ്ധംചെയ്തുകൊണ്ടിരുന്നു. തെക്ക് വേണാടും അതുകഴിഞ്ഞ് പെരുമ്പടപ്പ് എന്ന കൊച്ചിയും അതിനപ്പുറത്ത് സമ്പന്നമായ കോഴിക്കോട് തുറമുഖം ഉള്‍പ്പെട്ട സാമൂതിരിരാജ്യവും, വടക്കേ അറ്റം കോലത്തുനാടും ആയിരുന്നു ഇതില്‍ വലിയ രാജ്യങ്ങള്‍. ഈ രാജ്യങ്ങളെല്ലാം കീഴടക്കി "കേരള ചക്രവര്‍ത്തി" ആകാന്‍ സാമൂതിരി കാത്തിരിക്കുമ്പോഴാണ് 1498ല്‍ യൂറോപ്പില്‍ നിന്നും കടല്‍മാര്‍ഗം പോര്‍ട്ടുഗീസ് കപ്പിത്താന്‍ വാസ്കോഡിഗാമ കോഴിക്കോട്ട് എത്തിയത്. അത് ലോകചരിത്രത്തിലെ പുതിയ അധ്യായമായി.

ഗാമ തുറന്നിട്ട കടല്‍പ്പാതയിലൂടെ പിന്നീട് ഡച്ചുകാരും ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും ഡെന്മാര്‍ക്കുകാരും കേരളത്തിലെത്തി. ഇതില്‍ ഡെന്‍മാര്‍ക്കുകാരാണ് ആദ്യം വിടപറഞ്ഞത്. പോര്‍ട്ടുഗീസുകാരുടെ മേധാവിത്വത്തെ തകര്‍ത്തത് ഡച്ചുകാരായിരുന്നു. 1592ല്‍ സ്ഥാപിച്ച ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സംഘം 1604ല്‍ അഡ്മിറല്‍ വാന്‍ഡര്‍ ഹാഗന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് എത്തി സാമൂതിരിയുമായി കരാര്‍ ഉണ്ടാക്കി. ഇതോടെ ഡച്ച് ശക്തി കേരളത്തില്‍ കാലൂന്നി. 1663ല്‍ പോര്‍ട്ടുഗീസുകാരെ ഓടിച്ച് ഡച്ചുകാര്‍ കൊച്ചി പിടിച്ചെടുത്തു. ഫ്രഞ്ചുകാര്‍ മയ്യഴി പിടിച്ചെടുത്ത് "മാഹി"യാക്കി അതിലൊതുങ്ങി. ഇംഗ്ലീഷുകാര്‍ തന്ത്രങ്ങളുമായി കാത്തിരുന്നു. ഡച്ചുകാരുടെ ശക്തിയെ തകര്‍ത്തത് വേണാട്ടില്‍ അധികാരത്തില്‍ വന്ന അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (1729-1758) ആയിരുന്നു. 1741ല്‍ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചകാരെ തോല്പിക്കാന്‍ മാര്‍ത്താണ്ഡവര്‍മയ്ക്കു കഴിഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം യൂറോപ്പില്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് നടത്തിയ ആക്രമണങ്ങളാണ് കേരളത്തിലെ ഡച്ചുകാര്‍ക്ക് വിനയായത്. നെപ്പോളിയന്‍ നെതര്‍ലണ്ട് പിടിച്ചെടുത്തു. അവിടത്തെ ഭരണാധികാരി ഇംഗ്ലണ്ടിലേക്ക് അഭയംപ്രാപിച്ചു. ഈ തക്കംനോക്കി ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാകമ്പനി 1795ല്‍ കേരളത്തിലെ ഡച്ച് പ്രദേശങ്ങള്‍ കൈക്കലാക്കി. ഡച്ചുകാര്‍ വിടപറഞ്ഞുവെങ്കിലും അവരുടെ സംഭാവനകള്‍ ഇന്നും കേരളത്തില്‍ പ്രകടമാണ്.

തിരുകൊച്ചി

ഡച്ചുകാര്‍ കേരളം വിട്ടിട്ട് ഇപ്പോള്‍ (2017) 222 വര്‍ഷം കഴിഞ്ഞു. അന്ന് അവര്‍ വിട്ടുപോയ തുണ്ടുതുണ്ടു രാജ്യങ്ങളല്ല ഇന്നത്തെ കേരളം. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ തെക്കേ അറ്റത്തെ സംസ്ഥാനമായ കേരളത്തില്‍ അധികാരമുള്ള രാജാക്കന്മാരും രാജകുടുംബങ്ങളും ഇന്നില്ല. ഡച്ചുകാര്‍ കരാറുകള്‍ ഒപ്പിടാന്‍ ഓടിനടന്ന രാജകൊട്ടാരങ്ങളില്‍ ചിലത് മാത്രം അവശേഷിക്കുന്നു. അവര്‍ കെട്ടിയ കൊട്ടാരങ്ങളും കോട്ടകളും പള്ളികളും ചരിത്രകഥ പറയുന്നു. ഡച്ചുകാരുടെ പട്ടാളം പടയോട്ടം നടത്തിയ വഴിത്താരകളിലൂടെ ചരിത്രം അന്വേഷിച്ച് ഒരു മലയാളി മേയ് 30ന് യാത്ര ചെയ്തു. അദ്ദേഹം മറ്റാരുമല്ല. നിയുക്ത നെതര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസിഡര്‍ വേണു രാജാമണിയാണ്. പ്രഗല്‍ഭ നയതന്ത്രജ്ഞനും മാധ്യമപ്രവര്‍ത്തകനും ബഹുഭാഷാപണ്ഡിതനുമായ വേണു രാജാമണി, രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രസ് സെക്രട്ടറിസ്ഥാനം ഒഴിഞ്ഞതോടെയാണ് നെതര്‍ലണ്ടിലെ അംബാസിഡര്‍ ആയി നിയമിതനായത്. ചാര്‍ജ് എടുക്കുന്നതിന്റെ മുന്നോടിയായി അദ്ദേഹം തിരുവനന്തപുരത്തേയും കൊച്ചിയിലേയും ചരിത്രപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ആദ്യത്തെ യാത്ര ചരിത്രം ഉറങ്ങുന്ന പത്മനാഭപുരം കൊട്ടാരത്തിലേക്കായിരുന്നു. സൂപ്രണ്ട് അജിത്തും സംഘവും അദ്ദേഹത്തെ സ്വീകരിച്ചു.

തിരുവനന്തപുരത്തുനിന്നും 55 കിലോമീറ്റര്‍ തെക്ക് കന്യാകുമാരി ജില്ലയിലെ തക്കല നിന്നും രണ്ട് കിലോമീറ്റര്‍ മാറിയാണ് ചരിത്രവും കേരളസംസ്കാരവും തുടികൊട്ടുന്ന പത്മനാഭപുരം കൊട്ടാരം. ഈ കൊട്ടാരത്തിന്റെ പഴയ പേര് കല്‍ക്കുളം കൊട്ടാരം എന്നായിരുന്നു. ഡച്ചുകാര്‍ കൊച്ചി കീഴടക്കിയശേഷം തെക്കന്‍ രാജാക്കന്മാരുമായി കരാര്‍ ഒപ്പിടാന്‍ ഡച്ച് ക്യാപ്റ്റന്‍ ന്യൂഹാഫ് പഴയ കല്‍ക്കുളം കൊട്ടാരം സന്ദര്‍ശിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം എത്തിയ തായ്കൊട്ടാരം ഇപ്പോഴും ഉണ്ട്. എന്നാല്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ് ഇന്നത്തെ നിലയില്‍ കൊട്ടാരം പുതുക്കിപ്പണിതതും കല്‍ക്കുളം കൊട്ടാരത്തെ "ശ്രീപദ്മനാഭപുരം കൊട്ടാരം" എന്ന് പുനര്‍നാമകരണം ചെയ്തതും. മാര്‍ത്താണ്ഡവര്‍മയാണ് കൊട്ടാരത്തിലെ മനോഹരമായ ഉപ്പിരിക്ക മാളിക പണിതതും. ഈ പടുകൂറ്റന്‍ മാളികയ്ക്ക് നാലുനിലകളുണ്ട്. ശില്പവൈദഗ്ധ്യം തുളുമ്പുന്ന ഇത്തരത്തിലൊരു കൊട്ടാരം തെക്കേ ഇന്ത്യയിലില്ല. ഒന്നാമത്തെ നിലയിലാണ് ഖജനാവ്. രണ്ടാമത്തെ സമചതുരത്തില്‍ ഇഷ്ടിക കൊണ്ട് നിര്‍മിച്ച വിശാലമായ മുറിയാണ്. ഇവിടെ 64 ജാതി ഔഷധച്ചെടികള്‍ കൊണ്ട് ഡച്ചുകാര്‍ നിര്‍മിച്ച് സമ്മാനിച്ച കട്ടില്‍ ഉണ്ട്. മൂന്നാമത്തെ നില ശില്പങ്ങളാല്‍ മനോഹരമായ മുറിയാണ്. ഇവിടെ വിശേഷദിവസങ്ങളില്‍ മാര്‍ത്താണ്ഡവര്‍മ വ്രതാനുഷ്ഠാനങ്ങളോടെ കഴിയുമായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. ചുവര്‍ചിത്രങ്ങള്‍ നിറഞ്ഞ നാലാമത്തെ നിലയില്‍ ശ്രീപദ്മനാഭന്റെ പള്ളിയറയായിട്ടാണ് സങ്കല്‍പിച്ചിട്ടുള്ളത്. ഇവിടെ ഒരു കെടാവിളക്കും പട്ടുവിരച്ച പീഠവും ഉണ്ട്. ഈ പീഠത്തിലാണ് മഹാരാജാവിന്റെ പള്ളിവാള്‍ സൂക്ഷിച്ചിട്ടുള്ളത്. ഈ പള്ളിവാള്‍ ആണ് നവരാത്രിവിഗ്രഹഘോഷയാത്രയ്ക്ക് അകമ്പടിയായി തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്.

വേണുരാജാമണി എല്ലാം കൗതുകത്തോടെ കണ്ടു. അദ്ദേഹത്തെ കൂടുതല്‍ ആകര്‍ഷിച്ചത് ഡച്ചുകാര്‍ നിര്‍മിച്ചുകൊടുത്ത മരുന്നുകട്ടിലാണ്. കൊട്ടാരമുമ്പിലുള്ള പൂമുഖത്തെപ്പറ്റി ഗൈഡ് വിവരിച്ചപ്പോള്‍ വേണു രാജാമണി അത്ഭുതം കൂറി. ഈ പുമുഖത്തിലിരുന്നാണ് ഡച്ച് കമാന്‍ഡറും മാര്‍ത്താണ്ഡവര്‍മയും സംഭാഷണം നടത്തിയത്. ആ ചര്‍ച്ച അലസിപ്പിരിഞ്ഞതോടെയാണ് കുളച്ചല്‍യുദ്ധം ഉണ്ടായത്.

കൊട്ടാരം കണ്ടുകഴിഞ്ഞശേഷം വേണു രാജാമണി എത്തിയത് അല്പം അകലെയുള്ള ഉദയഗിരി കോട്ടയിലാണ്. ഇവിടെയാണ് തിരുവിതാംകൂര്‍ പട്ടാളത്തെ ആധുനികവല്‍ക്കരിച്ച ഡച്ചുകാരനായ ഡിലനോയി (Estachius Benedictus Delonny) യും കുടുംബവും അന്ത്യവിശ്രമംകൊള്ളുന്ന ഉദയഗിരി കോട്ട. ഡിലനോയി കുളച്ചല്‍ യുദ്ധത്തില്‍ തടവുകാരനായി പിടികൂടിയെന്നും അതിനുശേഷം മാര്‍ത്താണ്ഡവര്‍മയുടെ വിശ്വസ്തനായി മാറിയ അദ്ദേഹത്തെ വലിയ കപ്പിത്താനാക്കി (സൈനികമേധാവി) യെന്നുമാണ് മുമ്പ് ചരിത്രകാരന്മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കുളച്ചല്‍ യുദ്ധത്തിനുമുമ്പുതന്നെ അദ്ദേഹം കൂറുമാറി മാര്‍ത്താണ്ഡവര്‍മയോടു ചേര്‍ന്നുവെന്നാണ് ഇപ്പോള്‍ തെളിഞ്ഞിട്ടുള്ളത്. ഇതിനുകാരണം ഡച്ച് പട്ടാളത്തിലെ കാത്തലിക് പ്രൊട്ടസ്റ്റന്റ് തമ്മിലുള്ള വൈരം ആയിരുന്നുപോല്‍. ഡിലനോയി കാത്തലിക് (കത്തോലിക്ക) വിഭാഗക്കാരനായിരുന്നു. ഏതായാലും തിരുവിതാംകൂറിന്റെ പട്ടാളനവീകരണം നടന്നത് ഡിലനോയി വഴിയാണ്. അഞ്ചുതെങ്ങിലെ ഇംഗ്ലീഷ് ക്യാപ്റ്റന്റെ മകള്‍ മാര്‍ഗരെറ്റിനെയാണ് ഡിലനോയി വിവാഹം കഴിച്ചത്. ഈ വിവാഹത്തിന് മാര്‍ഗരറ്റിന്റെ പിതാവ് എതിരായിരുന്നു. പിന്നീട് മാര്‍ത്താണ്ഡവര്‍മ ഇടപെട്ടായിരുന്നു വിവാഹം. ഡിലനോയിയുടെ മകനും പിന്നീട് തിരുവിതാംകൂര്‍ പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ചു. മകന്റെ മരണത്തോടെ ഡിലനോയി തളര്‍ന്നു. ആ കുടുംബത്തെയാണ് ഉദയഗിരി കോട്ടയില്‍ സംസ്കരിച്ചിട്ടുള്ളത്. കാര്‍ത്തിക തിരുനാള്‍ രാമവര്‍മ മഹാരാജാവിന്റെ കാലത്താണ് ഡിലനോയി കുടുംബത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ ഇവിടെ പള്ളി പണിയാന്‍ അനുമതി നല്‍കിയത്. നിയുക്ത അംബാസിഡര്‍ വേണു രാജാമണി ഡിലനോയിയുടെ സ്മരണയ്ക്കുമുന്നില്‍ നിശ്ശബ്്ദനായിനിന്ന് ആദരാഞ്ജലികളര്‍പ്പിച്ചു. അടുത്ത ദിവസം അദ്ദേഹം കൊച്ചിയിലെ ഡച്ചുകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.

പത്മനാഭപുരം കൊട്ടാരം

കൊട്ടാരത്തിന്റെ മുകള്‍ഭാഗം

വേണുരാജാമണി കൊട്ടരത്തിലെ ശില്പചാതുരം ആസ്വദിക്കുന്നു

ഒറ്റപ്ലാവിന്‍തടിയില്‍ തീര്‍ത്ത തൂണിനുമുമ്പില്‍ വേണുരാജാമണി

ഡച്ചുകാര്‍ നിര്‍മിച്ചുകൊടുത്ത മരുന്നുകട്ടിലിനു മുന്നില്‍ വേണു രാജാമണി

കൊട്ടാരത്തിലെ ഭരണമുറി

ഉപ്പിരിക്ക മാളികയ്ക്കുമുന്നില്‍ വേണു രാജാമണി

ഉപ്പിരിക്ക മാളികയിലെ കെടാവിളക്കിനു മുന്നില്‍ വേണു രാജാമണി. സൂപ്രണ്ട് സി.എസ്. അജിത്തും ഗൈഡ് ഗീതയും സമീപം

മാര്‍ത്താണ്ഡവര്‍മ ശ്രീപദ്മനാഭന് സമര്‍പ്പിച്ചിട്ടുള്ള മുറിയില്‍ വേണു രാജാമണി

ഉദയഗിരി കോട്ടയിലെ ഡിലനോയി സ്മാരകഫലകം

ഡിലനോയിയുടെ ശവകുടീരത്തിനു മുന്നില്‍ വേണു രാജാമണി

ഫോട്ടോ : ഉമാമഹേശ്വരി




top