ഇ.എം.എസ് നമ്പൂതിരിപ്പാട്
രാജാവും ദിവാനും ബ്രിട്ടീഷ് കളക്ടറും ഇല്ലാത്തതും തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍ എന്നിവയായി വേര്‍തിരിഞ്ഞുകിടന്ന കേരളം ഒന്നായി അവിടെ ജനങ്ങളുടെ ഭരണം വരണമെന്ന് ആഗ്രഹിച്ചതുമായ മലയാളികളുടെ ചിരകാല സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു ഐക്യകേരളവും ആദ്യമന്ത്രിസഭയും. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് സാധാരണക്കാര്‍ ആദ്യമന്ത്രിസഭയെ കണ്ടത്.
മുഖ്യമന്ത്രിയെന്ന നിലയ്ക്കു ഞാനും, എന്റെ സഹപ്രവര്‍ത്തകന്മാരായ സി. അച്യുതമേനോന്‍, കെ.സി. ജോര്‍ജ്, കെ.പി. ഗോപാലന്‍, ടി.വി. തോമസ്, പി.കെ. ചാത്തന്‍, കെ.ആര്‍. ഗൗരി, ടി.എ. മജീദ്, ജോസഫ് മുണ്ടശ്ശേരി, ഡോ. എ.ആര്‍. മേനോന്‍, വി.ആര്‍. കൃഷ്ണയ്യര്‍ എന്നിവരും സത്യപ്രതിജ്ഞയെടുത്തു ഭരണഭാരമേറ്റുകഴിഞ്ഞു.
ഞങ്ങളിപ്പോള്‍ ഏറ്റെടുത്തിട്ടുള്ള ചുമതല ഭാരമേറിയതാണെന്ന ഞങ്ങള്‍ക്കറിയാം. "പ്രശ്ന സംസ്ഥാന"മെന്ന് പേരുവിളിക്കപ്പെടുന്ന ഒരു സംസ്ഥാനത്തിന്റെ ഭരണം നടത്തുകയെന്നത് ആര്‍ക്കും സുഖകരമായ ഒരു ജോലിയല്ല. ഞങ്ങളില്‍ പലര്‍ക്കുമാകട്ടെ, ഭരണം നടത്തുന്നതു സംബന്ധിച്ച് പറയത്തക്ക പരിചയമില്ലതാനും. പോരെങ്കില്‍ ഞങ്ങള്‍ തികച്ചും ഇഷ്ടപ്പെടാത്ത ഒട്ടനവധി നിയമങ്ങളും നടപടിക്രമങ്ങളും ചട്ടങ്ങളും മറ്റുമടങ്ങുന്ന ഒരു ഭരണവ്യവസ്ഥയുടെ ചട്ടക്കൂടിനകത്തുനിന്നുകൊണ്ടുവേണം ഞങ്ങള്‍ പ്രവര്‍ത്തിക്കാന്‍.
എന്നാല്‍, ഈ പ്രതികൂല സാഹചര്യങ്ങളെയെല്ലാം നേരിട്ടുകൊണ്ടുതന്നെ മുന്നേറാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസം നല്‍കുന്ന രണ്ട് മുഖ്യഘടകങ്ങളുണ്ട്.
അതിലൊന്നാമത്തേത്, ഞങ്ങളീചുമതല ഏറ്റെടുക്കുന്നത് ഏതാനും വ്യക്തികളെന്ന നിലയ്ക്കല്ല, കാല്‍നൂറ്റാണ്ടോളംകാലം പഴക്കമുള്ള ഒരു മഹനീയപ്രസ്ഥാനത്തിന്റെ പ്രതിനിധികളായിട്ടാണ് എന്ന പരമാര്‍ഥമാണ്. ഈ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി ചോരനീരാക്കി പണിയെടുത്തവരും ഇന്നും പണിയെടുക്കുന്നവരുമായ ലക്ഷക്കണക്കിനുള്ള പാര്‍ട്ടിപ്രവര്‍ത്തകന്മാര്‍, ഈ പ്രസ്ഥാനത്തിനുവേണ്ടി ജീവത്യാഗം വരിച്ച ആയിരക്കണക്കിനുള്ള രക്തസാക്ഷികള്‍ഇവരുടെയെല്ലാം പാവനസ്മരണ ഞങ്ങള്‍ക്ക് എന്തെന്നില്ലാത്ത ആത്മവിശ്വാസവും മനക്കരുത്തും നല്‍കുന്നുണ്ട്. അവര്‍ക്കെല്ലാം ഞങ്ങളുടെ വിനയപൂര്‍വമായ വിപ്ലവാഭിവാദ്യങ്ങള്‍ നല്‍കുന്നതിന്റെ സൂചനയായിട്ടാണ് ഇന്നുരാവിലെ ഞാന്‍ പുന്നപ്രയില്‍ പോയി ഞങ്ങളുടെ അന്തരിച്ച നേതാവായ കൃഷ്ണപിള്ളയുടെ ശവകുടീരത്തിനുമുമ്പില്‍ പുഷ്പാര്‍ച്ചന നടത്തിയത്. ഞങ്ങളുടെ പാര്‍ട്ടിയുടെയും സംഘടിത തൊഴിലാളിപ്രസ്ഥാനത്തിന്റെയും കയ്യൂര്‍ മുതല്‍ മാഹി സമരംവരെയുള്ള നിരവധി സമരങ്ങളില്‍ പങ്കെടുത്ത് ജീവത്യാഗം ചെയ്ത മറ്റു സഖാക്കളുടെയും പാവനസ്മരണയെ മുന്‍നിര്‍ത്തിക്കൊണ്ട് ഞങ്ങളിതാ പ്രതിജ്ഞ ചെയ്യുന്നു, ഞങ്ങളിപ്പോള്‍ ഏറ്റെടുത്തിട്ടുള്ള ഭാരമേറിയ ചുമതല ശരിയാംവണ്ണം നിറവേറ്റുന്നതില്‍നിന്നും ഞങ്ങളെ പിന്തിരിപ്പിക്കാന്‍ യാതൊന്നിനേയും ഞങ്ങളനുവദിക്കുകയില്ല; സ്വന്തം കടമ നിറവേറ്റുന്നതിനു തടസ്സമായി നില്‍ക്കുന്ന ശക്തികളെയെല്ലാം എതിര്‍ക്കുന്നതില്‍ മണ്‍മറഞ്ഞ ഞങ്ങളുടെ സഖാക്കള്‍ കാണിച്ച ത്യാഗസന്നദ്ധത ഞങ്ങള്‍ പ്രകടിപ്പിക്കും.
ഞങ്ങള്‍ക്ക് ആത്മവിശ്വാസവും മനക്കരുത്തും നല്‍കുന്ന രണ്ടാമത്തെ ഘടകം, കഴിഞ്ഞ ഏതാനും ദിവസങ്ങളായി എനിക്കും എന്റെ സഹപ്രവര്‍ത്തകന്മാര്‍ക്കും വിവിധ ജനവിഭാഗങ്ങളില്‍നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന അഭിനന്ദനങ്ങളും വിജയാശംസകളുമാണ്. ജാതിമതകക്ഷി വ്യത്യാസമില്ലാതെ വിവിധ ജനവിഭാഗങ്ങളില്‍പ്പെട്ട ഞങ്ങളുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകന്മാരും ഗുണകാംക്ഷികളും നല്‍കിയ ഈ അഭിനന്ദനങ്ങളും ആശംസകളും ആശിസ്സുകളും വാക്കുകള്‍ ക്കെല്ലാമതീതമായ ആത്മവിശ്വാസം ഞങ്ങള്‍ക്ക് നല്‍കുന്നുണ്ട്. എന്തുകൊണ്ടെന്നാല്‍, ഞങ്ങളുടെ സ്വന്തംപാര്‍ട്ടിയുടെ പേരില്‍ മാത്രമല്ല, ജനാധിപത്യപരവും ഐശ്വര്യപൂര്‍ണവുമായ ഒരു പുതിയ കേരളം കെട്ടിപ്പടുക്കാനാഗ്രഹിക്കുന്ന എല്ലാ നല്ല ആളുകളുടെയും പേരിലാണ് ഞങ്ങളിപ്പോള്‍ ഭരണമേല്‍ക്കുന്നതെന്ന് ഈ സന്ദേശങ്ങള്‍ തെളിയിക്കുന്നു.
ഇങ്ങനെ ഞങ്ങള്‍ക്ക് ആത്മവിശ്വാസവും മനക്കരുത്തും നല്‍കത്തക്ക സന്ദേശങ്ങളയച്ച സുഹൃത്തുക്കളിലോരോരുത്തര്‍ക്കും എന്റെ സ്വന്തം പേരിലും പാര്‍ട്ടിയുടെ പേരിലും കൃതജ്ഞത പ്രകടിപ്പിക്കാന്‍ ഞാനീഅവസരം ഉപയോഗിച്ചുകൊള്ളട്ടെ. അവരോടും ഞങ്ങള്‍ക്ക് കേവല ഭൂരിപക്ഷം നല്‍കി ഞങ്ങളെ വിജയിപ്പിച്ച കേരളത്തിലെ വോട്ടര്‍മാരോടും ഞങ്ങള്‍ക്കുള്ള കടമ നിറവേറ്റാന്‍ ജനാധിപത്യപരവും ഐശ്വര്യസമ്പൂര്‍ണവുമായ ഒരു പുതിയ കേരളം കെട്ടിപ്പടുക്കുന്നതിനുവേണ്ട അവശ്യനടപടികള്‍ എടുത്തുതുടങ്ങാന്‍ ഞാനും എന്റെ സഹപ്രവര്‍ത്തകന്മാരും വ്യക്തിപരമായും കൂട്ടായും പ്രവര്‍ത്തിക്കുമെന്ന് അവര്‍ ക്കെല്ലാം ഉറപ്പുനല്‍കാനും ഞാനീ സന്ദര്‍ഭം ഉപയോഗിച്ചുകൊള്ളട്ടെ.
ജനാധിപത്യപരവും ഐശ്വര്യസമ്പൂര്‍ണവുമായ ഒരു പുതിയ കേരളം കെട്ടിപ്പടുക്കുന്നതിനാവശ്യമായ ഒരു പരിപാടി ഞങ്ങളുടെ പാര്‍ട്ടി നാട്ടുകാരുടെ മുമ്പാകെ തിരഞ്ഞെടുപ്പു വിജ്ഞാപനത്തിന്റെ രൂപത്തില്‍ വച്ചിട്ടുണ്ട്. അത് നടപ്പില്‍ വരുത്താന്‍ ഞങ്ങള്‍ ഞങ്ങളുടെ കഴിവുകള്‍ അങ്ങേയറ്റം ഉപയോഗിക്കുമെന്നു വ്യക്തമാക്കാന്‍ ഈ അവസരത്തില്‍ ഞാനാഗ്രഹിക്കുന്നു. അപ്രായോഗികമായ ഒരു പരിപാടിയാണ് ഞങ്ങളുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിലുള്ളതെന്നും തിരഞ്ഞെടുപ്പുകാലത്ത് നാട്ടുകാരുടെ മുമ്പില്‍വച്ച് ആ പരിപാടി നടപ്പില്‍വരുത്താന്‍ കഴിവില്ലെന്നും ഞങ്ങള്‍ക്കുതന്നെ ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കുന്നുവെന്നും അതുകൊണ്ട് ഞങ്ങളുടെ പാര്‍ട്ടി ആ പരിപാടി ഇപ്പോള്‍ പ്രചരിപ്പിക്കുന്നില്ലെന്നും ചില തല്‍പ്പരകക്ഷികള്‍ പറഞ്ഞുനടക്കുന്നുണ്ട്. അതില്‍ യാതൊരു പരമാര്‍ഥവുമില്ല. ഞങ്ങള്‍ ആ പരിപാടിയില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നു. അതിലെ പരിപാടികള്‍ ഓരോന്നും കഴിയുന്നത്ര വേഗത്തില്‍ നടപ്പില്‍ വരുത്താന്‍വേണ്ട നിയമങ്ങളുണ്ടാക്കുകയും ഭരണപരമായ നടപടികളെടുക്കുകയും ചെയ്യാനാണ് മന്ത്രിസഭ കൂട്ടായും ഓരോ മന്ത്രിയും വ്യക്തിപരമായും ശ്രമിക്കുക.
വളരെ എളുപ്പത്തില്‍, ഒരു സുപ്രഭാതത്തില്‍ ഗവണ്‍മെന്റ് പാസ്സാക്കുന്ന ഉത്തരവുകളിലൂടെ മാത്രം നടപ്പില്‍ വരുത്താവുന്നൊരു പരിപാടിയാണതെന്ന വ്യാമോഹം ഞങ്ങള്‍ക്കില്ല. അത് ജനങ്ങള്‍ക്കും ഉണ്ടാവുകയില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ചാര്‍ജെടുത്തുകഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഗവണ്‍മെന്റ് കല്‍പ്പനകള്‍വഴി നടപ്പില്‍ വരുത്താവുന്നവ, നിയമസഭയില്‍ ബില്ലുകള്‍ അവതരിപ്പിച്ച് സെലക്ട് കമ്മിറ്റികളിലും മറ്റും ചര്‍ച്ച നടത്തി പാസ്സാക്കിയെടുക്കുന്ന നിയമങ്ങളിലൂടെ നടപ്പില്‍ വരുത്തേണ്ടവ, ഇത്തരം നിയമനിര്‍മാണത്തിന് കാലതാമസം പിടിക്കുമെന്നതിനാല്‍ അതുവരെ താല്‍ക്കാലികാശ്വാസം കിട്ടുന്നതിനുവേണ്ടി അടിയന്തര നിയമങ്ങളിലൂടെ നടപ്പില്‍ വരുത്തേണ്ടവഇങ്ങനെ പലവിധത്തിലുള്ള നടപടികളിലൂടെയാണ് പല ഇനങ്ങളും നടപ്പില്‍ വരുത്തേണ്ടത്. അതുപോലെതന്നെ വിശദാംശങ്ങള്‍ തയ്യാറാക്കുന്ന കാര്യത്തില്‍ മറ്റ് പാര്‍ട്ടിക്കാരും ജനവിഭാഗങ്ങളുമായി ചര്‍ച്ച നടത്തേണ്ട കാര്യങ്ങളുമുണ്ട്. ഇതിനോരോന്നിനും വേണ്ട നടപടികള്‍ ഒന്നിനുപിറകെ മറ്റൊന്നെ ക്രമത്തില്‍ നടത്താന്‍ തുടങ്ങിയാല്‍ മാത്രമേ പരിപാടിയാകെ നടപ്പില്‍ വരികയുള്ളൂ.
എന്നാല്‍, ഇതൊന്നുംതന്നെ ആ പരിപാടി നടപ്പില്‍ വരുത്തുന്നതിന് തടസ്സമായി വരികയില്ല. ക്രമേണയും പടിപടിയായും ഇതോരോന്നും തന്നെ നടപ്പില്‍ വരുത്താന്‍ കഴിയും. അതിന് കേരളത്തിലെ മറ്റ് പാര്‍ട്ടികള്‍, ജനവിഭാഗങ്ങള്‍ എന്നിവയുടെയും കേന്ദ്രഗവണ്‍മെന്റിന്റെയും ആനുകൂല്യങ്ങളും സഹായസഹകരണങ്ങളും നേടാന്‍ കഴിയും എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് യാതൊരു സംശയവുമില്ല. ഞങ്ങളുടെ പരിപാടിയെ സംബന്ധിച്ച് പൊതുവില്‍ പറഞ്ഞ ഈ സംഗതികള്‍ വ്യക്തമാക്കാന്‍ അതിലെ ഓരോ മുഖ്യ ഇനവുമെടുത്ത് ചുരുക്കത്തിലൊന്ന് പരിശോധിക്കാം. ജനപ്പെരുപ്പം, തൊഴിലില്ലായ്മ, വ്യവസായവല്‍ക്കരണത്തിലും കൃഷിപരിഷ്കരണത്തിലുമുള്ള പിന്നോക്കനില മുതലായ കാര്യങ്ങളില്‍ കേരളത്തിന്റെ യഥാര്‍ഥസ്ഥിതി കണക്കിലെടുത്തുകൊണ്ടുള്ള ഒരു പതിനാറിന പരിപാടിയാണ് ഞങ്ങളുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇതിലാദ്യത്തേതായ "രണ്ടാം പഞ്ചവത്സരപദ്ധതി"യില്‍ കേരളത്തിന്റെ വിഹിതം 200 കോടിയായി വര്‍ധിപ്പിക്ക"യൊഴിച്ചു മറ്റൊന്നും അപ്രായോഗികമാണെന്ന ആക്ഷേപം ഇതേവരെ വന്നിട്ടില്ല.
അതുപോലെതന്നെ കയര്‍, കൈത്തറി, കശുവണ്ടി, മത്സ്യവ്യവസായങ്ങള്‍ക്കു നേരിടേണ്ടിവരുന്ന സവിശേഷ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍വേണ്ടി തയ്യാറാക്കപ്പെട്ടിട്ടുള്ള ഏഴിനപരിപാടിക്കെതിരായും യാതൊരാക്ഷേപവും വന്നിട്ടില്ല.
ഈ സ്ഥിതിക്ക് ഈ പരിപാടി നടപ്പില്‍ വരുത്തുകയെന്ന ഉന്നംവച്ചുകൊണ്ട് താഴെപറയുന്ന നടപടികള്‍ എടുക്കുന്നത് തികച്ചും പ്രായോഗികമാണ്.
ഒന്നാമത്, കേരളത്തിന്റെ ഇന്നത്തെ സവിശേഷപരിതഃസ്ഥിതികള്‍ കണക്കിലെടുത്തുകൊണ്ട് രണ്ടാം പഞ്ചവത്സരപദ്ധതിയുടെ കാലഘട്ടത്തില്‍ ഇനി ബാക്കിയുള്ള നാല് കൊല്ലക്കാലത്ത് ഇനിയും നടപ്പില്‍ വരുത്തേണ്ട ഇനങ്ങളെന്തെല്ലാമായിരിക്കണമെന്നതിനെക്കുറിച്ച ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ പാര്‍ട്ടികള്‍, സംഘടനകള്‍ എന്നിവയുടെ പ്രതിനിധികളും വിദഗ്ദ്ധന്മാരായ വ്യക്തികളുമടങ്ങുന്ന ഒരു സമ്മേളനം വിളിച്ചുകൂട്ടുക.
രണ്ടാമത്, ഈ സമ്മേളനത്തിന്റെ തീരുമാനങ്ങള്‍ കേന്ദ്ര പ്ലാനിങ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും കേരളത്തിനുവേണ്ടി തയ്യാറാക്കുന്ന ഈ പദ്ധതിയെ അഖിലേന്ത്യാപദ്ധതിയുടെ ചട്ടക്കൂട്ടിനുള്ളിലൊതുക്കുന്നതു സംബന്ധിച്ച പ്രശ്നങ്ങള്‍ കമ്മീഷനുമായി ചര്‍ച്ചചെയ്യുകയും ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ അത്യാവശ്യമായ ഭേദഗതികള്‍ വരുത്തുകയും ചെയ്യുക. മൂന്നാമത്, ഇങ്ങനെ തയ്യാറാക്കുന്ന, കേരളത്തിന്റെ വികസന പരിപാടി നടപ്പില്‍ വരുത്താന്‍ തുടങ്ങുമ്പോള്‍ അവയുടെ ഓരോന്നിന്റെയും നടത്തിപ്പു മേല്‍നോട്ടം ചെയ്തു വേണ്ട നടപടികളെടുക്കുന്നതില്‍ ഗവണ്‍മെന്റിനെ സഹായിക്കാന്‍ എല്ലാ കക്ഷികളുടെയും ജനവിഭാഗങ്ങളുടെയും പ്രാതിനിധ്യമുള്ളതും വിദഗ്ദ്ധന്മാരടങ്ങുന്നതുമായ "പ്ലാനിങ് ബോര്‍ഡുകള്‍" വിവിധ തലങ്ങളില്‍ രൂപീകരിക്കുക.
മുകളില്‍ കൊടുത്ത വികസനപരിപാടികള്‍ നടപ്പില്‍വരുത്തുന്നതിനുള്ള ഏകതടസ്സം അതിനുവേണ്ട പണം ഉണ്ടാവില്ലെന്നുള്ളതാണെന്ന് സാധാരണ പലരും പറയാറുണ്ട്. ഇത് അടിസ്ഥാനരഹിതമാണ്. എന്തുകൊണ്ടെന്നാല്‍:
ഇത്തരത്തില്‍ കേരളത്തിലെ ഗവണ്‍മെന്റും ജനങ്ങളും ചേര്‍ന്ന് യോജിച്ച് കേരളത്തിനാവശ്യമായ ധനാഗമമാര്‍ഗങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിച്ചാല്‍പോലും, അതോടൊപ്പം കേന്ദ്രഗവണ്‍മെന്റിന്റെ ഇന്നത്തെ നയത്തില്‍ മൗലികമായ ചില മാറ്റങ്ങള്‍കൂടി വരുത്തേണ്ടതാവശ്യമാണ്. ഉദാഹരണത്തിന്, വികസനപദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിന്റെ ആവശ്യം മറ്റെവിടെയുമുള്ളതിനെക്കാളാവശ്യമുള്ള കേരളത്തിലാണ് അതേറ്റവും കുറച്ചു നടപ്പില്‍ വരുത്തുന്നത്. പോരെങ്കില്‍ വികസനപദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിനും സാധാരണഗതിയില്‍ നടത്തേണ്ട ചെലവുകള്‍ നടത്തുന്നതിനും വേണ്ട പണമുണ്ടാക്കാന്‍ പറ്റുന്ന തരത്തിലല്ല കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ധനവിനിയോഗം ഇപ്പോള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ചണവ്യവസായത്തില്‍നിന്നു കേന്ദ്രത്തിനു കിട്ടുന്ന ആദായത്തിന്റെ മുഖ്യമായൊരു ഭാഗം ബംഗാളിനും മറ്റുചില സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നുണ്ടെങ്കിലും അത്തരം യാതൊരേര്‍പ്പാടും കേരളത്തിലെ ഉല്‍പ്പന്നങ്ങളായ നാളികേരം, കുരുമുളക്, റബ്ബര്‍ മുതലായവയുടെ കാര്യത്തില്‍ നമുക്ക് കിട്ടുന്നില്ല.
കേരളത്തിന്റെ നേരേയുള്ള ഈ അവഗണനാമനോഭാവമെന്ന പോലെതന്നെ പ്രധാനമാണ് ചില പ്രത്യേകതരം സ്വത്തുക്കളുടെ നേരേ കേന്ദ്രഗവണ്‍മെന്റ് അനുവര്‍ത്തിച്ചുപോരുന്ന നയവും. ഉദാഹരണത്തിന്, കേരളത്തിന്റെ സാമ്പത്തികഘടനയില്‍ അതിപ്രധാനമായ സ്ഥാനംവഹിക്കുന്ന തോട്ടംവ്യവസായത്തില്‍ ഇന്നുള്ള വിദേശീയ മേധാവിത്വമവസാനിപ്പിക്കുകയെന്ന നിര്‍ദേശത്തെ, കേരളത്തിനു സാമ്പത്തികമായ നേട്ടമുണ്ടാവുമോ ഇല്ലയോ എന്നുമാത്രം നോക്കി പരിശോധിക്കാന്‍ എന്തുകൊണ്ട് കേന്ദ്രം തയ്യാറില്ല.
വിദേശീയ ഉടമസ്ഥതയിലുള്ള തോട്ടങ്ങള്‍ ദേശസാല്‍ക്കരിക്കുന്നതിന്റെ ഫലമായി കോടിക്കണക്കിനുറുപ്പിക കേരളത്തിനു കിട്ടുമെന്നിരുന്നാല്‍ത്തന്നെയും ആ നടപടിയെടുത്തുകൂടെന്നാണവര്‍ വാശിപിടിക്കുന്നത്. ഇതുപോലെതന്നെ വന്‍കിടപണക്കാരുടെമേല്‍ ചെന്നുവീഴുന്ന മറ്റ് പല നികുതിഭാരങ്ങളുടെയും കാര്യത്തിലും സാമ്പത്തികമായി കേരളത്തിന് നേട്ടമുണ്ടാക്കുന്ന നടപടികളെപ്പോലും മറ്റ് കാരണങ്ങളാല്‍ എതിര്‍ക്കാനുള്ള വാസന കേന്ദ്രം പ്രകടിപ്പിക്കുന്നുണ്ട്.
ഈ രണ്ട് കാര്യത്തിലും കേന്ദ്രത്തിന്റെ നയത്തില്‍ മാറ്റംവരുത്താന്‍ ഒരു സംസ്ഥാന ഗവണ്‍മെന്റിന് ഇന്നത്തെ ഭരണഘടന നല്‍കുന്ന എല്ലാ അധികാരങ്ങളും ഉപയോഗിച്ചും ഭരണഘടനയുടെ എല്ലാ പരിമിതികള്‍ക്കു വിധേയമായും ഞങ്ങള്‍ അങ്ങേയറ്റംവരെ ശ്രമിക്കും. അതില്‍ ജാതിമതകക്ഷിവ്യത്യാസമില്ലാതെ കേരളീയരായ സകല ആളുകളുടെയും സഹകരണങ്ങള്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു.
പഞ്ചവത്സരപദ്ധതിയുടെ വിജയകരമായ നടത്തിപ്പിനൊഴിവാക്കാന്‍ വയ്യാത്തൊരു ഉപാധിയാണ് സമാധാനപരവും സൗഹാര്‍ദപരവുമായ തൊഴിലാളിമുതലാളി ബന്ധം. തൊഴില്‍ത്തര്‍ക്കങ്ങള്‍ വരുന്നത് അപ്പപ്പോള്‍ തീര്‍ത്ത്, പണിമുടക്കുകളും ലോക്കൗട്ടുകളും ഒഴിവാക്കി, ഉല്‍പ്പാദനം തടസ്സംകൂടാതെ നടത്തുകയെന്നത് തൊഴിലാളികളുടെയും മുതലാളിമാരുടെയും നാടിന്റെയാകെയും താല്‍പ്പര്യമാണ്. ഇതിനു മുഖ്യതടസ്സമായി നില്‍ക്കുന്നത് തൊഴിലാളിസംഘടനകളെ അംഗീകരിക്കുന്നതില്‍ മുതലാളിമാര്‍ കാണിക്കുന്ന വൈമനസ്യം, അംഗീകരിക്കുകയാണെങ്കില്‍ത്തന്നെ അത് വെറും ഔപചാരികാംഗീകരണമാക്കി തരംതാഴ്ത്താനുള്ള അവരുടെ വാസന, തൊഴില്‍വ്യവസ്ഥകളും കൂലിത്തോതും മറ്റും സംബന്ധിച്ച് തൊഴിലാളികള്‍ക്ക് കിട്ടാനര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കാനവര്‍ക്കുള്ള മടി എന്നിവയാണ്. തൊഴിലാളികളുടെയും അവരുടെ സംഘടനകളുടെയും നേരേ മുതലാളിമാര്‍ കാണിക്കുന്ന ഈ മനോഭാവം മാറ്റിത്തീര്‍ക്കുന്നതിന് ഗവണ്‍മെന്റ് അതിന്റെ എല്ലാ കഴിവുമുപയോഗിക്കുന്നതായിരിക്കും.
മുതലാളിമാരുടെ മനോഭാവത്തില്‍ ഈ ഒരു മാറ്റം വരുന്നപക്ഷം, തൊഴിലാളിമുതലാളിബന്ധം സമാധാനപരമായ അടിസ്ഥാനത്തില്‍ ക്രമപ്പെടുത്താന്‍ തൊഴിലാളികളും അവരുടെ സംഘടനകളും തയ്യാറാവുമെന്നു ഞങ്ങള്‍ക്കുറപ്പുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കുള്ളത്ര തന്നെ വിശ്വാസം ഇല്ലാത്ത മുതലാളിമാരോട് ഒരു കാര്യം വ്യക്തമാക്കാന്‍ ഞാനീഅവസരം ഉപയോഗിച്ചുകൊള്ളട്ടെ. അതായത് മുതലാളിമാരുടെ മനോഭാവത്തില്‍ ഈയൊരു മാറ്റം വരുത്താനെന്ന പോലെതന്നെ ഇതിനനുകൂലമായ മനോഭാവം തൊഴിലാളികളിലുണ്ടാക്കാനും ഞങ്ങള്‍ ശ്രമിക്കുന്നതായിരിക്കും. ഈ അടിസ്ഥാനത്തില്‍ തുടക്കമെന്ന നിലയ്ക്ക് സംസ്ഥാനത്തെ തൊഴിലാളിസംഘടനകളുടെയും മുതലാളിമാരുടെയും ഗവണ്‍മെന്റിന്റെയും പ്രതിനിധികള്‍ പങ്കുകൊള്ളുന്ന ഒരു ത്രികക്ഷിസമ്മേളനം വിളിച്ചുകൂട്ടാന്‍വേണ്ട നടപടികളെടുക്കാന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നതാണ്. സംസ്ഥാനത്തുടനീളം എല്ലാ വ്യവസായങ്ങളിലും ഉയര്‍ന്നുവന്നിട്ടുള്ള തൊഴില്‍പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ഈ സമ്മേളനത്തിനുപുറമേ, വ്യവസായ അടിസ്ഥാനത്തിലുള്ള വ്യവസായി ത്രികക്ഷി സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടാനും വേണ്ട നടപടികളെടുക്കും.
സ്വകാര്യമേഖലയില്‍ ത്രികക്ഷിസമ്മേളനങ്ങളെന്നപോലെതന്നെ പൊതുമേഖലയിലും മാനേജ്മെന്റിന്റെയും തൊഴിലാളിസംഘടനകളുടെയും പ്രതിനിധികള്‍ തമ്മില്‍ കൂടിയാലോചിച്ച് തൊഴില്‍ത്തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ വേണ്ട നടപടികള്‍ എടുക്കുന്നതായിരിക്കും.
സ്വകാര്യമേഖലയിലും പൊതുമേഖലയിലും തൊഴിലാളികള്‍ക്ക് കിട്ടേണ്ടതായ ന്യായമായ അവകാശങ്ങള്‍ ഉറപ്പാക്കുന്നതോടൊപ്പംതന്നെ ഉല്‍പ്പാദനവും മാനേജ്മെന്റും കാര്യക്ഷമമാക്കി, പഞ്ചവത്സരപദ്ധതിയെ വിജയിപ്പിക്കുന്നതില്‍ തൊഴിലാളികള്‍ക്കു വഹിക്കാനുള്ള സുപ്രധാനമായ പങ്ക് തൊഴിലാളികളും മനസ്സിലാക്കേണ്ടതുണ്ട്. ഉല്‍പ്പാദനത്തിലോ മാനേജ്മെന്റിലോ ഉള്ള തകരാറുകളും ക്രമക്കേടുകളും പുറത്തുകൊണ്ടുവന്ന് പരിഹരിക്കുന്നതിലും കൂടുതല്‍ ഫലപ്രദമായ സാങ്കേതിക മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലും മറ്റും തൊഴിലാളികളും അവരുടെ സംഘടനകളും അവരുടെ കടമ മനസ്സിലാക്കേണ്ടതുണ്ട്. അതേ അവസരത്തില്‍, തൊഴിലാളികള്‍ക്കും അവരുടെ സംഘടനകള്‍ക്കും അവരുടെ കടമ നിറവേറ്റാന്‍ കഴിയത്തക്ക സാഹചര്യങ്ങള്‍ മുതലാളിമാരും ഗവണ്‍മെന്റും സൃഷ്ടിക്കുകയും ചെയ്യണം. ഇതിനായി ചെയ്യാവുന്ന കാര്യങ്ങള്‍:
സംസ്ഥാനത്തെ കാര്‍ഷികപ്രശ്നം ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തിലുമുള്ളതിനേക്കാള്‍ സങ്കീര്‍ണമാണെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. അതുകൊണ്ട് വിശദാംശങ്ങളെ സംബന്ധിച്ചിടത്തോളം വിവിധ ജനവിഭാഗങ്ങളുമായി കൂടിയാലോചന നടത്തേണ്ടതുണ്ട്. എന്നാല്‍ ഈ കൂടിയാലോചനകള്‍ക്ക് നല്ലൊരടിസ്ഥാനമായെടുക്കാവുന്ന ചില തത്വങ്ങള്‍ പ്ലാനിങ് കമ്മീഷന്റെ ഭൂനയപാനല്‍ തയ്യാറാക്കിയിട്ടുണ്ട്. ആ തത്വങ്ങള്‍ക്കാകട്ടെ കോണ്‍ഗ്രസ്സ്, കമ്യൂണിസ്റ്റ് പാര്‍ട്ടി, പിഎസ്പി എന്നീ അഖിലേന്ത്യാപാര്‍ട്ടികളുടെയും, കൃഷിക്കാരുടെ പ്രാതിനിധ്യമുള്ള പല സംഘടനകളുടെയും ആനുകൂല്യം കിട്ടിയിട്ടുമുണ്ട്. അതുകൊണ്ട് മുകളില്‍ സൂചിപ്പിച്ച കൂടിയാലോചനകള്‍ വലിയ താമസമൊന്നും കൂടാതെതന്നെ മുഴുമിപ്പിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. മര്യാദപ്പാട്ടം നിജപ്പെടുത്തുക, കുടിയാന് ഭൂമിയില്‍ സ്ഥിരാവകാശം അനുവദിക്കുക, കേരളത്തിന്റെ സവിശേഷ പരിതഃസ്ഥിതികള്‍ക്കൊത്ത ഒരു ഭൂപരിധി നിര്‍ണയിച്ച് അതില്‍ക്കൂടുതല്‍ ഭൂമി കൈവശമുള്ളവരുടെ മിച്ചഭൂമിയെടുത്ത് വിതരണം ചെയ്യുക, ഈ ഭൂപരിഷ്കരണങ്ങളുടെയെല്ലാം ഫലമായി കഷ്ടതയനുഭവിക്കുന്ന ചെറുകിട ഭൂവുടമസ്ഥന്മാര്‍ക്ക് ന്യായമായ രക്ഷ നല്‍കുക മുതലായവ ഉള്‍ക്കൊള്ളുന്ന ഒന്നോ അതിലധികമോ ബില്ലുകള്‍ തയ്യാറാക്കി അടുത്തുതന്നെ നിശ്ചയിക്കുന്ന ഒരു ചുരുങ്ങിയ കാലയളവിനുള്ളില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കാലഘട്ടത്തില്‍ത്തന്നെ കൃഷിക്കാര്‍ക്ക് താല്‍ക്കാലികാശ്വാസം കിട്ടത്തക്കവിധം ഒഴിപ്പിക്കല്‍ നടപടികളെല്ലാം നിര്‍ത്തിവച്ചുകൊണ്ടുള്ള ഒരടിയന്തരനിയമം ഉടന്‍തന്നെ നടപ്പില്‍ വരുത്തുന്നതായിരിക്കും.
മേല്‍ വിവരിച്ചതും ഈ പ്രസ്താവനയില്‍ വിവരിക്കാത്തതുമായ ഓരോ ഇനത്തേയും പൊതുവെ ബാധിക്കുന്ന ഒരു സംഗതിയിലേക്ക് നാട്ടുകാരുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ഗവണ്‍മെന്റിനു വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങളുടെ സംഘടനകളുമായുള്ള ബന്ധവും കേരളത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിനുവേണ്ടി ഞങ്ങള്‍ തയ്യാറാക്കി നാട്ടുകാരുടെ മുമ്പാകെ വച്ചിട്ടുള്ള പരിപാടിയും കേരളീയരുടെ ജീവിതത്തിന്റെ ഓരോ തുറയേയും സ്പര്‍ശിക്കുന്ന ഒന്നാണ്. അതോരോന്നിനെയും സംബന്ധിച്ച് ഒരു പാര്‍ട്ടിയെന്ന നിലയ്ക്ക് ഞങ്ങള്‍ക്ക് വ്യക്തമായ അഭിപ്രായവും നിര്‍ദേശങ്ങളുമുണ്ടുതാനും. എന്നാല്‍, അവയോരോന്നും സംബന്ധിച്ച് അതതു വിഷയവുമായി ബന്ധപ്പെട്ട ജനവിഭാഗങ്ങളുടെ സംഘടനകളുമായി കൂടിയാലോചിച്ചു മാത്രമേ അതിന്റെ വിശദാംശങ്ങളും അവസാനരൂപവും ഞങ്ങള്‍ നല്‍കുകയുള്ളൂ.
ഉദാഹരണത്തിന്, മുകളില്‍ സൂചിപ്പിച്ചതുപോലെ കേരളത്തിനാവശ്യമായ വികസനപരിപാടികള്‍ തയ്യാറാക്കുന്ന കാര്യം ഇവിടത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍, ബഹുജനസംഘടനകള്‍, വിദഗ്ദ്ധന്മാരായ വ്യക്തികള്‍, അവരുടെ ഗ്രൂപ്പുകള്‍ എന്നിവരായിട്ടെല്ലാം കൂടിയാലോചിക്കും. വ്യവസായ, തൊഴില്‍പ്രശ്നങ്ങള്‍ ത്രികക്ഷിസമ്മേളനങ്ങള്‍വഴിക്കും, കാര്‍ഷിക പരിഷ്കാരങ്ങള്‍ ഭൂവുടമാപ്രശ്നവുമായി ബന്ധപ്പെട്ട വിവിധ ജനവിഭാഗങ്ങളുമായി കൂടിയാലോചനകള്‍ നടത്തിയിട്ടുമാണ് പരിഹരിക്കുക. ഇത്തരം കൂടിയാലോചനകള്‍ക്കടിസ്ഥാനമായി കമ്യൂണിസ്റ്റ്പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങളാണ് ഞങ്ങളുടെ തിരഞ്ഞെടുപ്പു വിജ്ഞാപനത്തില്‍ അതതു വിഷയം സംബന്ധിച്ച അവതരിപ്പിച്ചിട്ടുള്ളത്.
ഇതുതന്നെയാണ് വിദ്യാഭ്യാസം, വൈദ്യസഹായം, സംസ്കാരം മുതലായ രംഗങ്ങളിലും ഞങ്ങള്‍ എടുക്കുന്ന നില. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ വിദ്യാഭ്യാസം സംബന്ധിച്ചുവച്ച നിര്‍ദേശങ്ങളെ അടിസ്ഥാനപ്പെടുത്തി അധ്യാപകന്മാരുടെയും വിദ്യാര്‍ഥികളുടെയും സംഘടനകളുമായി ചര്‍ച്ച നടത്തുന്നതിലൂടെ മാത്രമേ വിദ്യാഭ്യാസരംഗത്തില്‍ വിശദമായ പരിപാടി തയ്യാറാക്കാന്‍ കഴിയൂ. അതുപോലെതന്നെ ഡോക്ടര്‍മാരുമായുള്ള ചര്‍ച്ച വൈദ്യസഹായ സംബന്ധമായ വിശദപരിപാടികള്‍ക്കും, സാംസ്കാരിക പ്രവര്‍ത്തകന്മാരുമായിട്ടുള്ള ചര്‍ച്ച സാംസ്കാരികരംഗത്തിലെ വിശദപരിപാടികള്‍ക്കും മറ്റും ആവശ്യമായിരിക്കും.
ഇത്തരം കൂടിയാലോചനകള്‍വഴി പരിഹരിക്കാന്‍ ശ്രമിക്കേണ്ടതായ ചില പ്രധാനപ്രശ്നങ്ങളും അവയെ സംബന്ധിച്ച് ഞങ്ങള്‍ വയ്ക്കുന്ന ചില പൊതുനിര്‍ദേശങ്ങളും താഴെ കൊടുക്കുന്നു.
ഇത്തരം കൂടിയാലോചനകള്‍ നടത്തത്തക്ക നിലയിലെത്തിയ സംഘടനകള്‍ ഇപ്പോള്‍ത്തന്നെ പല രംഗങ്ങളിലും നിലവിലുണ്ട്. അവയ്ക്ക് എല്ലാവിധ സഹായങ്ങളും പ്രോത്സാഹനങ്ങളും നല്‍കുന്നത് ഗവണ്‍മെന്റിന്റെ കടമയായി കണക്കാക്കും. അതുപോലെതന്നെ സംഘടനകളില്ലാത്ത രംഗങ്ങളിലും ജനവിഭാഗങ്ങള്‍ക്ക് പുതുതായി ഒരു സംഘടനയുണ്ടാക്കാന്‍ വേണ്ട സാഹചര്യം സൃഷ്ടിക്കുന്നതും സ്വന്തം കടമയായി ഗവണ്‍മെന്റ് കണക്കാക്കും.
മേല്‍പ്പറഞ്ഞ പരിപാടികള്‍ നടപ്പില്‍ വരണമെങ്കില്‍ അതിനെല്ലാം ഒഴിവാക്കാന്‍ വയ്യാത്ത ഒരു പരിധിയാണ് ഭരണവ്യവസ്ഥയ്ക്കകത്ത് ഇന്നുള്ള അഴിമതികളും നെറികേടുകളും അവസാനിപ്പിച്ച് ഒരു നല്ല ഭരണം സ്ഥാപിക്കുകയെന്നത്.
ഇത് എളുപ്പമുള്ള ഒരു ചുമതലയാണെന്ന വ്യാമോഹം എനിക്കോ എന്റെ സഹപ്രവര്‍ത്തകര്‍ക്കോ ഇല്ല. ഭരണവ്യവസ്ഥയ്ക്കകത്ത് മാത്രമല്ല സാമൂഹ്യവ്യവസ്ഥയിലാകെ ഇഴുകിപ്പിടിച്ചിട്ടുള്ള ചില ദുര്‍ഗുണങ്ങള്‍ക്കെതിരായി വിട്ടുവീഴ്ച കൂടാതെയും ഇടതടവില്ലാതെയും പോരാടിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ സാരമായ പുരോഗതി ഉണ്ടാവുകയുള്ളൂ. ഈ പോരാട്ടം പുതിയ ഗവണ്‍മെന്റിന്റെ മുഖ്യകടമകളിലൊന്നായി ഞങ്ങള്‍ കണക്കാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതോടൊപ്പം താഴെക്കൊടുക്കുന്ന മൂന്നു കാര്യങ്ങളില്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധപെടുമെന്ന് ജനങ്ങളെ അറിയിക്കുകയും അവയോരോന്നും സംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കി സഹായിക്കാന്‍ ജനങ്ങളോടഭ്യര്‍ഥിക്കുകയും ചെയ്യുന്നത് എന്റെ കടമയായി ഞാന്‍ കണക്കാക്കുന്നു.
ഒന്നാമത്, മന്ത്രിമാര്‍ മുതല്‍ കീഴോട്ട് വില്ലേജ് ഉദ്യോഗസ്ഥന്മാര്‍വരെ ഓരോ തലത്തിലും അധികാരസ്ഥാനത്തിരിക്കുന്നവര്‍ അംഗീകൃത നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും എതിരായി ചെയ്യുന്ന ഓരോ പ്രവൃത്തിയെയും അപ്പപ്പോള്‍ തുറന്നുകാണിച്ച്, ഉത്തരവാദപ്പെട്ട സ്ഥാനങ്ങളെ അറിയിച്ച് നടപടിയെടുക്കുന്നത് ഓരോ പൗരന്റെയും കടമയാണെന്ന ബോധം ജനങ്ങളില്‍ ഉളവാകണം. കൈക്കൂലി, സ്വജനപക്ഷപാതം മുതലായവ നടത്തുന്ന ഓരോ ഉദ്യോഗസ്ഥന്റെയും അത്തരം ഓരോ പ്രവൃത്തിക്കും എതിരായി ശബ്ദം ഉയര്‍ത്തുന്നത് ബഹുജനസംഘടനകളുടെയും ന്യായം പുലര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്ന വ്യക്തികളുടെയും കടമയാണ്. അതുപോലെതന്നെ ഇത്തരം പരാതികള്‍ വന്നാലുടന്‍ അവയെക്കുറിച്ച് അന്വേഷണം നടത്തി വേണ്ട നടപടികളെടുക്കുന്നത് മേലുദ്യോഗസ്ഥരുടെയും കടമയാണ്. ഈ ബോധം വളര്‍ത്തുകയും അതിന് യോജിച്ച തരത്തില്‍ ഗവണ്‍മെന്റുദ്യോഗസ്ഥന്മാരുടെ പ്രവര്‍ത്തന രീതിയില്‍ മാറ്റം വരുത്തുകയും ചെയ്യുന്നതില്‍ വളരെ പ്രധാനമായ ഒരു പങ്കാണ് ഗവണ്‍മെന്റ് ജീവനക്കാരുടെ സംഘടനകള്‍ക്കുള്ളത്.
രണ്ടാമത്, സംസ്ഥാന ഗവണ്‍മെന്റിന്റെ സെക്രട്ടേറിയറ്റു മുതല്‍ കീഴോട്ട് ഓരോ പതനത്തിലുമുള്ള പ്രവര്‍ത്തനക്രമവും നടപടിനിയമങ്ങളും ചട്ടങ്ങളും അഴിമതി അവസാനിപ്പിക്കുന്നതിനുപകരം അതിന് പ്രോത്സാഹനം നല്‍കാന്‍ സഹായകമായതാണ്. ഭരണയന്ത്രവും ജനങ്ങളും തമ്മിലുള്ള അകല്‍ച്ച, കാര്യങ്ങള്‍ നടക്കുന്നതില്‍ കാലതാമസം വരത്തക്ക ചുകപ്പുനാടാനടപടിക്രമം, ചില പ്രത്യേക ജനവിഭാഗങ്ങള്‍ക്ക് അധികൃതസ്ഥാനങ്ങളില്‍ സ്വാധീനം ചെലുത്താനുള്ള സൗകര്യംഇതെല്ലാമാണ് അഴിമതികള്‍ക്കടിസ്ഥാനമായി നില്‍ക്കുന്നത്. ഈ സ്ഥിതി അവസാനിപ്പിച്ച് ജനങ്ങളോട് കുറെക്കൂടി ബന്ധപ്പെട്ടതും കൂടുതല്‍ കാര്യക്ഷമവും കൂടുതല്‍ നീതിയുക്തവുമായി കാര്യങ്ങള്‍ നടക്കാന്‍ സഹായിക്കുന്നതുമായ പ്രവര്‍ത്തനക്രമവും നടപടിനിയമങ്ങളും തയ്യാറാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കഴിയുന്നത്ര വേഗത്തില്‍ ഗവണ്‍മെന്റ് തുടങ്ങുന്നതാണ്.
മൂന്നാമത്, മന്ത്രിമാരുടെതന്നെ വ്യക്തിപരമായ ജീവിതത്തിലും ഔദ്യോഗിക നടപടിക്രമങ്ങളിലും ഒരു ചിട്ടയും അച്ചടക്കവും കൊണ്ടുവരേണ്ടതുണ്ട്. അവരുടെ ബന്ധുക്കള്‍, സ്നേഹിതന്മാര്‍, രാഷ്ട്രീയരംഗത്തെ സഹപ്രവര്‍ത്തകര്‍ മുതലായി അവരോട് കൂടുതല്‍ അടുപ്പമുണ്ടാകാനിടയുള്ളവര്‍ വിചാരിച്ചാല്‍ കാര്യങ്ങള്‍ നടക്കുമെന്ന ബോധം വളരാനിടയാകുന്നത് അഴിമതികളില്ലാത്ത ഒരു നല്ല ഭരണമുണ്ടാവുന്നതിന്റെ മുമ്പിലുള്ള ഏറ്റവും വലിയ തടസ്സമായിരിക്കും. അതു കൂടാതെ കഴിക്കാന്‍ ഞങ്ങളോരോരുത്തരും വ്യക്തിപരമായി അങ്ങേയറ്റം ശ്രമിക്കും. എന്നാല്‍ അതുകൊണ്ടുമാത്രമായില്ല; വ്യക്തവും കര്‍ശനമായി നടപ്പില്‍ വരുത്തേണ്ടതുമായ ചില നടപടിക്രമങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ ഞങ്ങള്‍ നടത്തുന്ന ചര്‍ച്ചയുടെ ഫലം ക്രമേണ ജനങ്ങളെ അറിയിക്കുന്നതാണ്. അതോടൊപ്പം ഇത് നടപ്പില്‍ വരുത്തുന്നതില്‍ നാട്ടുകാരുടെ മുഴുവന്‍ സഹകരണവും ഉപദേശ നിര്‍ദേശങ്ങളും ഞങ്ങള്‍ക്കു തരണമെന്ന് ഞാന്‍ അവരോട് അഭ്യര്‍ഥിക്കുന്നു.
ഇപ്പോള്‍ത്തന്നെ സാമാന്യത്തിലധികം ദീര്‍ഘിച്ചുപോയ ഈ പ്രസംഗം ഇനിയും ദീര്‍ഘിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മുകളില്‍ വിവരിച്ച തരത്തിലുള്ള ഒരു പരിപാടി നടപ്പില്‍ വരുത്തുന്നതില്‍ എല്ലാ പാര്‍ട്ടിയിലും ജനവിഭാഗങ്ങളിലുംപെട്ട നല്ലയാളുകളുടെ മുഴുവന്‍ സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിച്ചുകൊണ്ട് ഞാനിത് അവസാനിപ്പിക്കുകയാണ്. അങ്ങനെ ചെയ്യുമ്പോള്‍ നിയമസഭയ്ക്കകത്ത് പ്രതിപക്ഷമായി നിന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പാര്‍ട്ടികളോടും നിയമസഭയില്‍ പ്രാതിനിധ്യമില്ലെങ്കിലും ഞങ്ങളുടെ ഗവണ്‍മെന്റിനെ എതിര്‍ക്കുന്ന പാര്‍ട്ടികളോടും സംഘടനകളോടും വിശേഷിച്ച് ചിലത് പറയേണ്ടത് എന്റെ കടമയായി ഞാന്‍ കണക്കാക്കുന്നു.
പ്രതിപക്ഷമായി നിന്നുകൊണ്ട് ഞങ്ങളുടെ ഗവണ്‍മെന്റിനെ വിമര്‍ശിക്കുക, അവതരിപ്പിക്കുന്ന നിയമങ്ങളിലും എടുക്കുന്ന നടപടികളിലുമുള്ള പോരായ്മകള്‍, ഗവണ്‍മെന്റ് കൂട്ടായോ ഏതെങ്കിലും മന്ത്രി വ്യക്തിപരമായോ ചെയ്യുന്ന അന്യായങ്ങളെയും അനീതികളെയും നെറികേടുകളെയും തുറന്നു കാണിക്കുകഇതെല്ലാം ചെയ്യുന്നത് ഈ പാര്‍ട്ടികളുടെയും സംഘടനകളുടെയും കടമയാണ്. അതിനെ ഞങ്ങള്‍ തികഞ്ഞ ആത്മാര്‍ഥതയോടെ സ്വാഗതം ചെയ്യും.
എന്നാല്‍ ഈ വിമര്‍ശനങ്ങളെല്ലാം നടത്തുന്നത് ഞങ്ങളുടെ ഗവണ്‍മെന്റ് ചെയ്യുന്ന തെറ്റുകള്‍ തിരുത്തുകയെന്ന ഉദ്ദേശ്യത്തോടുകൂടിയായിരിക്കണമെന്നും അതുകൊണ്ടുതന്നെ ഞങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്കു പിന്തുണ നല്‍കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും അവരോര്‍ക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.
ഈ അടിസ്ഥാനത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ന്യൂനപക്ഷമായ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും പാര്‍ട്ടി നിയമസഭാഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് വിദേശനയത്തിന്റെയും ആഭ്യന്തരനയത്തിന്റെ ചില വശങ്ങളുടെയും കാര്യത്തില്‍ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റിനെ കമ്യൂണിസ്റ്റ് പാര്‍ട്ടി അനുകൂലിക്കുന്നത്. തിരുകൊച്ചി നിയമസഭയില്‍ പി.എസ്.പികോണ്‍ഗ്രസ്സ് ഗവണ്‍മെന്റുകള്‍ അവതരിപ്പിച്ച പല നയങ്ങളെയും കമ്യൂണിസ്റ്റ് പാര്‍ട്ടി അനുകൂലിച്ചത് ഇതേ അടിസ്ഥാനത്തിലാണ്. പുതിയ ഗവണ്‍മെന്റിന്റെ നേരേ ഇപ്പോള്‍ പ്രതിപക്ഷത്തു നില്‍ക്കുന്ന പാര്‍ട്ടികളും ഇതേ നിലപാട് എടുക്കുമെന്ന ഞാനാശിക്കുന്നു.
ഈ നിലപാടെടുക്കാന്‍ മറ്റ് പാര്‍ട്ടികള്‍ മുതിരുന്നപക്ഷം ജനാധിപത്യപരവും ഐശ്വര്യപൂര്‍ണവുമായ ഒരു പുതിയ കേരളം കെട്ടിപ്പടുക്കുന്ന ജോലി തുടങ്ങിവയ്ക്കാനും ഒരതിര്‍ത്തിവരെ മുമ്പോട്ടുകൊണ്ടുപോകാനും പുതിയ ഗവണ്‍മെന്റിന് കഴിയുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല.
(1957 ഏപ്രില്‍ 5ല്‍ സത്യപ്രതിജ്ഞയ്ക്കുശേഷമുള്ള ഇ.എം.എസിന്റെ പ്രസംഗം)
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later