ജോസഫ് മുണ്ടശ്ശേരി
രാജാവും ദിവാനും ബ്രിട്ടീഷ് കളക്ടറും ഇല്ലാത്തതും തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍ എന്നിവയായി വേര്‍തിരിഞ്ഞുകിടന്ന കേരളം ഒന്നായി അവിടെ ജനങ്ങളുടെ ഭരണം വരണമെന്ന് ആഗ്രഹിച്ചതുമായ മലയാളികളുടെ ചിരകാല സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു ഐക്യകേരളവും ആദ്യമന്ത്രിസഭയും. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് സാധാരണക്കാര്‍ ആദ്യമന്ത്രിസഭയെ കണ്ടത്.
സര്‍, ഈ ബില്ലിനെ സംബന്ധിച്ച് വളരെ ചുരുക്കത്തില്‍ മാത്രം പ്രതിപാദിച്ചുകൊണ്ട് ഇതു ബഹുമാനപ്പെട്ട സഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുകയാണ്. നമ്മുടെ നാട്ടില്‍ എന്നുവച്ചാല്‍ കേരള സംസ്ഥാനത്ത്, ഒന്‍പതിനായിരത്തില്‍പരം സ്കൂളുകളും, അതില്‍ പ്രവര്‍ത്തിക്കുന്ന അനേകായിരം അധ്യാപകരുമുണ്ട്. ഇത്രയും വന്‍പിച്ച ഒരു സാമൂഹ്യക്ഷേമപരിപാടി ഈ ഗവണ്‍മെന്‍റിനു വേറെയുണ്ടോ എന്ന് സംശയമാണ്. ബഹുമാനപ്പെട്ട മെമ്പറന്മാര്‍ ഇതിനകം മനസ്സിലാക്കിയിട്ടുള്ളതുപോലെ നമ്മുടെ ബഡ്ജറ്റിലെ ഏറ്റവും വലിയവീതം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത് ഈ വമ്പിച്ച ഡിപ്പാര്‍ട്ടമെന്‍റാണ്. ഈ ഡിപ്പാര്‍ട്ട്മെന്‍റിനെ ആകെ നിയന്ത്രിക്കുന്നതിന് ഒട്ടുവളരെ പരമ്പരാഗതമായിട്ടുള്ള നടപടികളും എക്സിക്യൂട്ടീവ് ഉത്തരവുകള്‍ മുഖാന്തരം ഏര്‍പ്പെടുത്തിയിട്ടുള്ള നിബന്ധനകളും ഉണ്ട്. അവയ്ക്കെല്ലാം പാരമ്പര്യവശാല്‍ പ്രാമാണ്യം സിദ്ധിച്ചിട്ടുണ്ടെന്നും അറിയാം. പക്ഷെ ആ പ്രാമാണ്യത്തെ പരിപൂര്‍ണമായി അറിഞ്ഞിരിക്കുന്നത് ഗവണ്‍മെന്‍റ് സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഗവണ്‍മെന്‍റ് ഗ്രാന്‍റ് നല്‍കിയും മറ്റും സഹായിക്കുന്ന വിദ്യാലയങ്ങള്‍ ഒരു വലിയ വിഭാഗമുണ്ട്.
ഈ ഡിപ്പാര്‍ട്ടുമെന്‍റിലെ പരമ്പരാഗതമായിട്ടുള്ള നടപടികളെയും പരിപൂര്‍ണമായി ആദരിക്കാന്‍ ഉത്തരവാദപ്പെട്ടിട്ടുള്ളത് സര്‍ക്കാര്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളും അവിടത്തെ അധ്യാപകരുമാണ്. 9000ല്‍ പരം സ്കൂളുകളുള്ളതില്‍ ഏതാണ്ട് പകുതിയോളം പ്രൈവറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് ബഹുമാനപ്പെട്ട സഭയ്ക്കറിയാവുന്നതാണ്. ആ മേഖലയില്‍ ഡിപ്പാര്‍ട്ടുമെന്‍റിന്റെ പരമ്പരാഗതമായിട്ടുള്ള നടപടികളേയും, നിബന്ധനകളെയും നിയമ ത്തിന്റെ പ്രാമാണ്യത്തോടുകൂടി ആദരിക്കണമെന്നില്ല. അങ്ങനെ ആദരിക്കാത്തതിനാല്‍ വളരെക്കാലമായി എത്രയോ കെടുതികള്‍ ഡിപ്പാര്‍ട്ടുമെന്‍റിന് അനുഭവപ്പെട്ടിട്ടുണ്ട്. നമ്മുടെ സാമൂഹ്യജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ഒരു നിയമം അല്ലെങ്കില്‍ മറ്റൊരു നിയമം പ്രാബല്യം നല്‍കി അര്‍ഹിക്കുന്ന പരിരക്ഷ ലഭിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിക്ക് പ്രൈവറ്റ് വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകന്മാരെപ്പോലുള്ളവര്‍ക്ക് നിയമവശാല്‍ ഒരു പരിരക്ഷ ലഭിക്കാതെ പോകുന്നത് ദയനീയമാണെന്ന് ഈ ഗവണ്‍മെന്‍റിന് അഭിപ്രായമുണ്ട്. ഡിപ്പാര്‍ട്ടമെന്‍റിന് തന്നെയും ഇപ്രകാരം ഒരു നിയമം ഏര്‍പ്പെടുത്തി ഡിപ്പാര്‍ട്ട്മെന്‍റ് നടപടികള്‍ നിയമവശാല്‍ സാധൂകരിക്കണമെന്നുള്ള അഭിപ്രായം കഴിഞ്ഞ പത്തിരുപതു സംവത്സരങ്ങളായി വന്നിട്ടുണ്ടെന്ന് എനിക്കും ഈ സഭയിലിരിക്കുന്ന ബഹുമാനപ്പെട്ട മെമ്പര്‍മാര്‍ക്കും അറിയാവുന്നതാണ്. ഇന്നലെത്തന്നെ ഇവിടെ ഡയറക്ടറായിരുന്ന റിട്ടയര്‍ ചെയ്ത ശ്രീ ഐ.എന്‍. മേനോന്‍ എനിക്കെഴുതി അയച്ചതില്‍ ഈ നിയമത്തെപ്പറ്റി സൂചിപ്പിച്ചത് ഇക്കാര്യങ്ങളാണ്. ഇപ്പോള്‍ ഡിപ്പാര്‍ട്ടുമെന്‍റില്‍ പ്രവര്‍ത്തിക്കുന്ന അധികൃതന്മാരും ഈ അഭിപ്രായമാണ് വളരെക്കാലമായി എടുത്തിട്ടുള്ളത്. ഈ ഗവണ്‍മെന്‍റ് ബില്‍ അവതരിപ്പിക്കുമ്പോള്‍ പ്രധാനമായി ഉദ്ദേശിച്ചിട്ടുള്ളത് ഡിപ്പാര്‍ട്ടമെന്‍റില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള നടപടികളും, നിബന്ധനകളും പ്രൈവറ്റ് മേഖലയ്ക്കും, സര്‍ക്കാര്‍ മേഖലയ്ക്കും ഒരു നിയമപ്രാബല്യം നല്‍കണമെന്നതാണ്. നിയമ പ്രാബല്യം ഇല്ലാത്തതിനാല്‍ ഡിപ്പാര്‍ട്ട്മെന്‍റു നിബന്ധനകളെ കോടതി പോലും ചോദ്യചെയ്യുന്ന സ്ഥിതിവിശേഷം ഇന്നാട്ടിലുണ്ടായിട്ടുണ്ട്. അതില്‍നിന്നും മോചനം ലഭിക്കുന്നതിനുള്ള നടപടികള്‍ ഡിപ്പാര്‍ട്ടുമെന്‍റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകന്മാര്‍ക്കും ഒരു അടിയന്തരാവശ്യമായി തീര്‍ന്നിരിക്കുന്നു എന്നുള്ളതിനെ മുന്‍നിര്‍ത്തിയാണ് ഈ നിയമം സഭയില്‍ അവതരിപ്പിക്കുന്നത്. ഇതിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചു സവിസ്തരമായി ഞാന്‍ പ്രസ്താവിക്കുന്നില്ല. ബഹുമാനപ്പെട്ട മെമ്പര്‍മാര്‍ ബില്ലിന്റെ നാനാവശങ്ങളെക്കുറിച്ചു ചിന്തിച്ചശേഷം ഗവണ്‍മെന്‍റിനുവേണ്ടി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അപ്പോള്‍ പറഞ്ഞുകൊള്ളാം. ഇതില്‍ ഡിപ്പാര്‍ട്ട്മെന്‍റ് നടപടികള്‍ക്കു പുറമെ വിശേഷിച്ച് എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാല്‍ ചില കാര്യങ്ങളെല്ലാം ഉണ്ടെന്നുപറയാം. അതിനെ മാത്രം ഞാന്‍ വിശദീകരിച്ചുകൊള്ളാം.
എല്ലാ മേഖലകളിലുമുള്ള അധ്യാപകന്മാര്‍ക്കും ഗവണ്‍മെന്‍റ് മുഴുവന്‍ ശമ്പളം കൊടുക്കണമെന്നുള്ള ഉത്തരവാദിത്വം കഴിഞ്ഞ ഗവണ്‍മെന്‍റിന്റെ നേതാവായിരുന്ന ശ്രീ പി.എസ്. റാവു തന്നെ ഒരുത്തരവുമൂലം നടപ്പിലാക്കിയിട്ടുണ്ട്. അങ്ങനെ മുഴുവന്‍ ശമ്പളവും ഗവണ്‍മെന്‍റില്‍ നിന്നു കൊടുക്കുന്ന ഏര്‍പ്പാടുവന്നതിനുശേഷം ആ ശമ്പളം ഗവണ്‍മെന്‍റ് നേരിട്ടുകൊടുക്കുന്നതാണ് ഉത്തമമെന്ന് എല്ലാ അധ്യാപകന്മാരും, അധ്യാപക സംഘടനകളും ഗവണ്‍മെന്‍റിനെ ധരിപ്പിച്ചിട്ടുണ്ട്. കൊച്ചിയില്‍ ശ്രീ ഷണ്‍മുഖം ചെട്ടിയുടെ കാലത്തും, തിരുവിതാംകൂറില്‍ സര്‍ സി.പി.യുടെ കാലത്തും, മലബാറില്‍ സി. രാജഗോപാലാചാരിയുടെ കാലത്തും അധ്യാപക വിഭാഗങ്ങളില്‍ നിന്നും പൊന്തിവന്നിട്ടുള്ള ഒരു അടിയന്തരാവശ്യമാണിത്. ഈ അടിയന്തരാവശ്യത്തെ മലബാറില്‍ നിറവേറ്റിക്കഴിഞ്ഞിട്ടുണ്ട്. മലബാറിലെ പ്രൈവറ്റ് മേഖലയിലുള്ള അധ്യാപകന്മാര്‍ക്ക് മദ്രാസ് ഗവണ്‍മെന്‍റിന്റെ നടപടിയെ അംഗീകരിച്ച് നേരിട്ട് ശമ്പളം കൊടുക്കുന്ന ഏര്‍പ്പാടാണ് ഇന്നുള്ളത്. ആ ഏര്‍പ്പാട് തിരുവിതാംകൂര്‍കൊച്ചിയിലേക്കും വ്യാപിപ്പി ക്കാനാണ് ഗവണ്‍മെന്‍റ് ഉദ്ദേശിക്കുന്നത്. ആ നടപടി ഇങ്ങോട്ട് വ്യാപിപ്പിക്കുന്നതിന് ഒരു ബില്ലിന്റെ ആവശ്യമില്ലെന്ന് ഗവണ്‍മെന്‍റിനറിയാം. ഒരു എക്സിക്യൂട്ടീവ് ഉത്തരവുമൂലം നടപ്പാക്കാവുന്നതാണെന്ന് ഗവണ്‍മെന്‍റിനറിയാം. ഗവണ്‍മെന്‍റില്‍നിന്നും നേരിട്ട് ശമ്പളം കൊടുക്കുകയെന്ന സമ്പ്രദായം പരക്കെ അംഗീകരിക്കുന്നതോടുകൂടി അധ്യാപകന്മാരും, മാനേജരന്മാരും തമ്മിലുള്ള യജമാനഭൃത്യബന്ധത്തിന് ഒരു പരിവര്‍ത്തനം വരുത്തണമെന്നുള്ള സംഗതി ഈ സഭയുടെ മുന്‍പില്‍ വയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത്രയും കാലമായിട്ടു ഗവണ്‍മെന്‍റില്‍നിന്നു ഗ്രാന്‍റുവാങ്ങി അധ്യാപകര്‍ക്കു ശമ്പളം കൊടുത്തുപോന്നിട്ടുള്ള മാനേജരന്മാര്‍ ഈ രാജ്യത്തെ അധ്യാപകന്മാരെ അവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളായിട്ടാണ് പരിഗണിച്ചിരുന്നതെന്നുള്ളത് നമുക്കെല്ലാവര്‍ക്കും അറിയാമെന്നുള്ളതാണ്. മേലില്‍ ഗവണ്‍മെന്‍റ് നേരിട്ട് ശമ്പളം കൊടുക്കുന്നു എന്ന സ്ഥിതിവന്നുപോയാല്‍ മാനേജരന്മാരും അധ്യാപകന്മാരും തമ്മിലുള്ള ബന്ധം പഴയപോലെ യജമാനഭൃത്യബന്ധം ആയിരിക്കരുതെന്നു ഗവണ്‍മെന്‍റിനഭിപ്രായമുണ്ട്. ആ ബന്ധം അവസാനിപ്പിച്ച് വിദ്യാഭ്യാസ മേഖലയില്‍ തുല്യ സേവനപ്രവണതയോടുകൂടി ഡിപ്പാര്‍ട്ടുമെന്‍റും മാനേജരന്മാരും അധ്യാപകന്മാരും ഏകോപിച്ചും സഹകരിച്ചും ഒരു പ്രവത്തനം ഭാവിയില്‍ ഈ രാജ്യത്തുണ്ടാകണമെന്ന പ്രത്യാശയോടുകൂടിയാണ് ഞാന്‍ ഈ ബില്‍ അവതരിപ്പിക്കുന്നത്. ഇങ്ങനെ അധ്യാപകന്മാരുടെ നില ഉയര്‍ത്തുന്നതോടുകൂടി സ്കൂള്‍ മാനേജരന്മാരെ സംബന്ധിച്ചും ചില വ്യവസ്ഥകള്‍ ചെയ്യാന്‍ ആലോചിക്കുന്നുണ്ട്. ഈ കാലംവരെ മാനേജരന്മാര്‍ ആവശ്യപ്പെട്ടാല്‍ ഗ്രാന്‍റുകൊടുക്കും എന്നേയുള്ളൂ. സാമൂഹ്യബോധത്തോടുകൂടി വിദ്യാഭ്യാസമേഖലയില്‍ സേവനമനുഷ്ഠിക്കാന്‍ മുന്നോട്ടുവന്നിട്ടുള്ള മാനേജിംഗ് ഏജന്‍സികള്‍ക്ക് സ്കൂള്‍സജ്ജീകരണങ്ങള്‍ക്കും സ്കൂള്‍ നടത്തിപ്പിനും മറ്റുമായി വളരെ ഉദാരമായ ഗ്രാന്‍റ് കൊടുക്കാനാണ് ഗവണ്‍മെന്‍റ് ഈ ബില്ലുകൊണ്ടുദ്ദേശിക്കുന്നത്. ഗ്രാന്‍റു ലഭിക്കാതെ അവര്‍ക്കു സ്കൂള്‍ നടത്താന്‍ സാധിക്കില്ലെന്ന് ഗവണ്‍മെന്‍റിനു ബോധ്യമായിട്ടുണ്ട്. പൊതുജനങ്ങളില്‍നിന്ന് സംഭാവന പിരിച്ചാണ് മിക്ക നല്ല മാനേജ്മെന്‍റുകള്‍ സ്കൂള്‍കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നതെന്നിരുന്നാലും അവര്‍ക്കു പോരാതെ വരുന്നതിന് വലിയ ഒരു സംഖ്യ സംഭാവനചെയ്തേ മതിയാവൂ എന്നു ഗവണ്‍മെന്‍റിനറിയാം. അപ്രകാരമുള്ള സജ്ജീകരണങ്ങള്‍ക്കും സ്കൂള്‍ നടത്തിപ്പിനും ഗ്രാന്‍റ് കൊടുക്കാന്‍ ഈ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അങ്ങനെ മാനേജരന്മാര്‍ക്ക് അവരുടെ വീതവും അധ്യാപകര്‍ക്ക് അവരുടെ വീതവും നല്‍കി ഇരുഭാഗക്കാരെയും യോജിപ്പിക്കണമെന്നാണ് ഗവണ്‍മെന്‍റുദ്ദേശിക്കുന്നത്. പ്രൈവറ്റ് വിദ്യാഭ്യാസമേഖലയില്‍ എത്രയോ കാലമായി പ്രവര്‍ത്തിച്ച് നാട്ടുകാരുടെയും ഗവണ്‍മെന്‍റിന്റെയും കൃതജ്ഞത അര്‍ഹിക്കുന്ന ഏജന്‍സികളെ നിരുത്സാഹപ്പെടുത്തണമെന്നോ, അവരുടെ അവകാശങ്ങളെ നിരുത്സാഹപ്പെടുത്തണമെന്നോ, ധ്വംസിക്കണമെന്നോ, ഈ ബില്‍കൊണ്ടുദ്ദേശിക്കുന്നില്ലെന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
മറ്റൊരുകാര്യം പറയാനുള്ളത് ലോക്കല്‍ എഡ്യൂക്കേഷന്‍ അതോറിറ്റിയെ സംബന്ധിച്ചാണ്. ഇവിടെയുള്ള ഡിപ്പാര്‍ട്ടുമെന്‍റുകളെല്ലാം വികേന്ദ്രീകരിക്കണമെന്നുള്ള അഭിപ്രായം ഈ സഭയില്‍ അനേകം തവണ പൊന്തിവന്നിട്ടുണ്ട്. പല ഡിപ്പാര്‍ട്ട്മെന്‍റുകളും വികേന്ദ്രീകരിക്കുന്നതിനുള്ള ശ്രമം നടന്നുവരുന്നുണ്ട്. വിദ്യാഭ്യാസ ഡിപ്പാര്‍ട്ടുമെന്‍റാണെങ്കില്‍ കാസര്‍കോടു മുതല്‍ പാറശ്ശാലവരെ വ്യാപ്തമായിക്കിടക്കുന്ന ഒരു ഡിപ്പാര്‍ട്ട്മെന്‍റാണെന്നു ഈ സഭയിലെ മെമ്പറന്മാര്‍ക്കറിയാം. ഈ ഡിപ്പാര്‍ട്ടമെന്‍റ് വികേന്ദ്രീകരിച്ചേ കഴിയു എന്ന് പരക്കെ സമ്മതിക്കുകയുണ്ടായിട്ടുണ്ട്. ഡിപ്പാര്‍ട്ട്മെന്‍റിന്റെ കീഴില്‍ ഡിസ്ട്രിക്റ്റ് എഡ്യൂക്കേഷന്‍ ഓഫീസര്‍, അസിസ്റ്റന്‍റ് എഡ്യൂക്കേഷന്‍ ഓഫീസര്‍, ഡിവിഷണല്‍ ഇന്‍സ്പെക്റ്റര്‍ ആഫ് സ്കൂള്‍സ് എന്നിങ്ങനെ പല ഉദ്യോഗസ്ഥന്മാരുണ്ടായിട്ടുണ്ട്. എന്നിരുന്നാലും അധികാരവികേന്ദ്രീകരണം എന്ന തത്വം വേണ്ടത്ര അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ അധ്യാപകരുടെയും മാനേജരന്മാരുടെയും കാര്യങ്ങള്‍ നിറവേറ്റിക്കിട്ടുന്നതിന് താമസം നേരിടുന്നുണ്ട്. ആ അസൗകര്യങ്ങള്‍ പരിഹരിക്കുന്നതിലേക്ക് ഹെഡ് ഓഫീസില്‍ കൂട്ടിപ്പിടിച്ചുകിടക്കുന്ന അധികാരം മറ്റ് താഴോട്ടുള്ള ആഫീസുകള്‍ക്കു വിട്ടുകൊടുക്കണമെന്ന് ഗവണ്‍മെന്‍റുദ്ദേശിക്കുന്നു. അധികാരം എവിടെയുണ്ടാകുന്നോ അതിന്റെ കൂടെപ്പിറവിയാണ് അഴിമതി എന്ന ലോര്‍ഡ് ആക്ഷന്‍ പറഞ്ഞിട്ടുള്ളത് ഈ സന്ദര്‍ഭത്തില്‍ നാം ഓര്‍ക്കണം. അങ്ങനെ താഴോട്ട് അധികാരം വരുമ്പോള്‍ അഴിമതിയും സംഭവിക്കാമെന്നുള്ളത് മറച്ചുവയ്ക്കേണ്ട കാര്യം ഇല്ലെന്ന് ഗവണ്‍മെന്‍റ് വിചാരിക്കുന്നു. ആ അപകടസ്ഥിതിക്ക് ബ്രിട്ടനിലും, അമേരിക്കയിലും നിര്‍ദ്ദേശിച്ചിട്ടുള്ള ഒരു പ്രതിവിധിയാണ് ഈ ലോക്കല്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലുകള്‍. 1940ല്‍ ബ്രിട്ടണില്‍ പാസാക്കിയിട്ടുള്ള ആക്റ്റ് പ്രകാരം വിദ്യാഭ്യാസപരമായ കമ്മിറ്റികള്‍ സംഘടിപ്പിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്.
എല്ലാ സ്കൂളുകളുടെയും കാര്യങ്ങള്‍ മാനേജ്മെന്‍റ് വഹിക്കുന്നില്ല. കൗണ്ടി കൗണ്‍സിലുകളില്‍ മാനേജരന്മാരുടെയും പ്രതിനിധികളെയും ഉള്‍ക്കൊള്ളിക്കാറുണ്ട്. കൗണ്ടി കൗണ്‍സിലുകള്‍ വഴി ഡിപ്പാര്‍ട്ട്മെന്‍റ് സ്കൂളുകളെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കും. മാനേജരന്മാര്‍ക്കു വേണ്ടിവന്നാല്‍ ഗവണ്‍മെന്‍റിന്റെ അടുക്കല്‍ നിവേദനം നടത്താനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്. അതുപോലെ ഇവിടെ പ്രാദേശിക വിദ്യാഭ്യാസ സമിതികള്‍ സംഘടിപ്പിച്ച് അതില്‍ മാനേജ്മെന്‍റുകളെയും അധ്യാപകന്മാരേയും മറ്റു വിദ്യാഭ്യാസ വിഷയത്തില്‍ താല്‍പര്യമുള്ളവരുടെ പ്രതിനിധികളേയും ജനപ്രതിനിധികളായി ഉള്‍പ്പെടുത്തി ഡിസ്ട്രറ്റിക്റ്റ് ഇന്‍സ്പെക്റ്റര്‍ ഓഫ് സ്കൂള്‍സുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരവസ്ഥ പരീക്ഷിച്ചുനോക്കണമെന്നാണ് ഈ ഗവണ്‍മെന്‍റുദ്ദേശിക്കുന്നത്. അത്തരത്തിലുള്ള ഒരു പരീക്ഷണത്തിനു വേണ്ടിയാണ് ഇവിടെ ലോക്കല്‍ എഡ്യൂക്കേഷന്‍ അതോറിറ്റിക്ക് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇങ്ങനെ വ്യവസ്ഥചെയ്യുന്നത് അത്യാപല്‍ക്കരമാണെന്ന് ചിലര്‍ അഭിപ്രായം പറഞ്ഞിട്ടുള്ളതായി ഗവണ്‍മെന്‍റിനറിയാം. അത്തരം അഭിപ്രായങ്ങളെ തല്‍ക്കാലം എതിര്‍ക്കുന്നതിനോ, കര്‍ശനമായി നിരൂപിക്കുന്നതിനോ ഈ ഗവണ്‍മെന്‍റുദ്ദേശിക്കുന്നില്ല. നമ്മുടെ എല്ലാ ഭരണക്രമങ്ങള്‍ക്കും മാതൃകയായി അംഗീകരിച്ചിട്ടുള്ള ഇംഗ്ലണ്ടിലും ഒരുപക്ഷെ അതിലുപരിയായി ചിലര്‍ അംഗീകരിക്കുന്ന അമേരിക്കയിലും നടപ്പുള്ള ആ സമ്പ്രദായം ഡമോക്രസിയുടെ നൃത്തരംഗമെന്ന് അഭിമാനിക്കുന്ന ഈ രാജ്യത്ത് ഒന്നു പരീക്ഷിച്ചു നോക്കണമെന്നു വിചാരിക്കുന്നു. ഇതു ജനാധിപത്യ മര്യാദയ്ക്കു ഏറ്റവും ഭ്രദമായ ഒന്നാണെന്ന് ഗവണ്‍മെന്‍റിനഭിപ്രായമുണ്ട്. ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങളില്‍ അപകടം സംഭവിക്കുകയാണെങ്കില്‍ അത് ആ സിസ്റ്റത്തിന്റെ തെറ്റല്ലെന്നു മാത്രമെ വിചാരിക്കേണ്ടതുള്ളൂ. കാലാന്തരത്തില്‍ ഈ നടപടികള്‍ മുമ്പോട്ട് പൊയ്ക്കൊണ്ടിരിക്കുമെങ്കില്‍ നമ്മുടെ ജനപ്രതിനിധികള്‍ക്ക് ആഫീസറന്മാരുമായി സഹകരിച്ചു പ്രവര്‍ത്തിച്ച് നാട്ടുകാരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്നാണ് ഗവണ്‍മെന്‍റ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ലോക്കല്‍ അതോറിട്ടീസിനെ സംഘടിപ്പിക്കുന്നതിനെ സംബന്ധിച്ചിടത്തോളം ഭയാശങ്കയ്ക്ക് കാര്യമില്ലെന്ന് ബഹുമാനപ്പെട്ട സഭയെ അറിയിച്ചുകൊള്ളുന്നു.
പിന്നെ മാനേജ്മെന്‍റുകള്‍ ദുഷിച്ചുപോയാല്‍ അത്തരം സ്കൂളുകളെ സംബന്ധിച്ച് എന്തു നടപടി എടുക്കണമെന്നുള്ളത് ഈ ഡിപ്പാര്‍ട്ടുമെന്‍റില്‍ ഏറ്റവും വലിയ കാര്യമായി കിടക്കുകയാണ്. ഈയിടെ മദ്രാസില്‍ നടപ്പുണ്ടായിരുന്ന നിയമത്തിലെ ഒരു വ്യവസ്ഥ ഉപയോഗിച്ചാണ് മലബാറിലുള്ള ഗണപതിസ്കൂളിലും മറ്റും ഗവണ്‍മെന്‍റ് നടപടികള്‍ എടുത്തത്. അപ്രകാരമുള്ള വ്യവസ്ഥ മദ്രാസ് ആക്റ്റില്‍ ഉണ്ടെന്നു കണ്ടപ്പോള്‍ തിരൂവിതാംകൂര്‍കൊച്ചിയിലും വ്യാപിപ്പിക്കുന്നത് പ്രയോജനകരമായിരിക്കുമെന്ന് ഗവണ്‍മെന്‍റിന് തോന്നുകയും അതനുസരിച്ച് ഈ ബില്ലില്‍ വ്യവസ്ഥചെയ്യുകയും ചെയ്തിരുന്നു. മാനേജ്മെന്‍റില്‍ കുഴപ്പമുണ്ടെന്നു കണ്ടാല്‍ ഇന്നുതന്നെ മാനേജ്മെന്‍റിനെ ഡിസ്ക്വാളിഫൈ ചെയ്യുന്നതിന് നിബന്ധന ഡിപ്പാര്‍ട്ട്മെന്‍റിലുണ്ട്. ആ നിബന്ധനയനുസരിച്ച് ഡിസ്ക്വാളിഫൈ ചെയ്യുന്ന ഉത്തരവുണ്ടായാല്‍ അതിന് ലീഗല്‍ സാംഗ്ഷന്‍ ഇല്ലെന്ന ഒരു കുറ്റമുണ്ട്. അതു പരിഹരിക്കാനാണ് മദ്രാസ് ആക്റ്റില്‍നിന്നും ആ ഭാഗം എടുത്തുചേര്‍ത്തിട്ടുള്ളത്. ഇതിന്റെയര്‍ഥം രാജ്യത്തുള്ള മാനേജ്മെന്‍റുകളുടെ നേരെ അക്രമപരമായ നടപടി എടുക്കാന്‍ ഗവണ്‍മെന്‍റിന് അധികാരം കൊടുക്കുന്നു എന്നല്ല. മദ്രാസ് ആക്റ്റില്‍ ഈ അധികാരം ഉണ്ടായിരുന്നിട്ടും അവിടെയുള്ള സ്കൂളുകളെ സംബന്ധിച്ചിടത്തോളം ന്യായവിരുദ്ധമായി ഒരു നടപടിയും എടുത്തിട്ടില്ല. കേരള സംസ്ഥാനം രൂപീകരിച്ചതിനു ശേഷം മദ്രാസ് ആക്റ്റിലെ ആ വ്യവസ്ഥ ഉപയോഗപ്പെടുത്തി നാലഞ്ചു സ്കൂളുകളില്‍ നടപടിയെടുത്തിട്ട് ആ നടപടികള്‍ കുറ്റകരമാണെന്ന് കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങളിലുള്ള യാതൊരുത്തരും പറഞ്ഞുകേട്ടിട്ടില്ല. ഗണപതി സ്കൂളിലെ സ്തംഭനാവസ്ഥ ശരിപ്പെടുത്താന്‍ ആ വ്യവസ്ഥ ഫലപ്രദമായിത്തീര്‍ന്നു എന്നു പറയാന്‍ കഴിയും. അതുകൊണ്ട് ആ വ്യവസ്ഥ തിരുവിതാംകൂര്‍കൊച്ചി ഭാഗത്തേയ്ക്കും വ്യാപിപ്പിച്ച് നമ്മുടെ പ്രൈവറ്റ് മേഖലയിലുള്ള സ്കൂളുകളില്‍ ഏതെങ്കിലും സ്തംഭനാവസ്ഥയിലെത്തുകയാണെങ്കില്‍ അതു പരിഹരിക്കുന്നതിന് ഗവണ്‍മെന്‍റിന് അധികാരം കിട്ടണം. അതിനുവേണ്ടിമാത്രമാണ് ആ വ്യവസ്ഥ ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കൂടാതെ ഏതെങ്കിലും പ്രദേശത്ത് ഏതെങ്കിലും അടിസ്ഥാനപരമായ കാരണങ്ങളെ മുന്‍നിര്‍ത്തി ഗവണ്‍മെന്‍റിന് സ്കൂള്‍ ഏറ്റെടുക്കണമെന്നു തോന്നിയാല്‍ പ്രതിഫലം നല്‍കി സ്കൂള്‍ ഏറ്റെടുക്കുന്നതിലേക്ക് ഒരു വ്യവസ്ഥ ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇത് 14 വയസുവരെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം കൊടുക്കണമെന്നുള്ള ഭരണഘടനയിലെ വ്യവസ്ഥ പരിപൂര്‍ണ്ണമായി നടപ്പിലാക്കുന്നതിന് ഗവണ്‍മെന്‍റ് കൈക്കൊണ്ടിട്ടുള്ള ഒരു എനേബിളിംഗ് പ്രൊവിഷനാണ്. തിരുവിതാംകൂറില്‍ സര്‍ സി.പി.യുടെ കാലത്ത് കമ്പള്‍സറി പ്രൈമറി എഡ്യൂക്കേഷന്‍ ആക്റ്റുണ്ടായതായി നമുക്കറിയാം. വല്ല പ്രദേശത്തും മാനേജ്മെന്‍റിന്റെ നില എതിരാണെന്ന് ഗവണ്‍മെന്‍റിന് ബോധ്യമായാല്‍ ആ സ്കൂള്‍ ഏറ്റെടുത്ത് പൂര്‍ണമായും ഗവണ്‍മെന്‍റ് വിദ്യാഭ്യാസകാര്യം നിര്‍വ്വഹിക്കുന്നു എന്നുള്ള പാരമ്പര്യത്തിനു ഒരു ഉദാഹരണം സൃഷ്ടിക്കാനുള്ള അവസരം ഈ വ്യവസ്ഥമൂലം ഗവണ്‍മെന്‍റിന് ലഭിക്കുന്നതാണ്. ആ ഒരൊറ്റ ഉദ്ദേശ്യമേ ആ വ്യവസ്ഥയിലുള്ളൂ. അല്ലാതെ ആ രാജ്യത്തുള്ള എല്ലാ സ്കൂളുകളും ഒന്നടങ്കം ദേശസാല്‍ക്കരിക്കുന്ന അപകടം പിടിച്ച ഒരു സ്ഥിതിവിശേഷം ഈ രാജ്യത്ത് സൃഷ്ടിക്കണമെന്നുള്ള ഉദ്ദേശ്യത്തിലല്ല ആ വ്യവസ്ഥ ചേര്‍ത്തിട്ടുള്ളതെന്ന് ബഹുമാനപ്പെട്ട സഭയെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇങ്ങനെ പ്രധാനമായ വ്യവസ്ഥകളെക്കുറിച്ചുമാത്രം പറഞ്ഞുകൊണ്ട് ഞാന്‍ ബില്ലിനെ ബഹുമാനപ്പെട്ട സഭയുടെ സാദരവും യുക്തിപൂര്‍വ്വകവുമായ ചര്‍ച്ചയ്ക്ക് സമര്‍പ്പിച്ചുകൊള്ളുന്നു.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later