ലോകത്ത് തെരഞ്ഞെടുപ്പിലൂടെവന്ന ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ എന്റേതല്ല

ആദ്യ കേരളസര്‍ക്കാരിന്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് 1997ല്‍ ഇ.എം.എസ്സുമായി മാതൃഭൂമിക്കുവേണ്ടി മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ നടത്തിയ അഭിമുഖം

ഇ.എം.എസ് നമ്പൂതിരിപ്പാട്


രാജാവും ദിവാനും ബ്രിട്ടീഷ് കളക്ടറും ഇല്ലാത്തതും തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍ എന്നിവയായി വേര്‍തിരിഞ്ഞുകിടന്ന കേരളം ഒന്നായി അവിടെ ജനങ്ങളുടെ ഭരണം വരണമെന്ന് ആഗ്രഹിച്ചതുമായ മലയാളികളുടെ ചിരകാല സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു ഐക്യകേരളവും ആദ്യമന്ത്രിസഭയും. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയോടെയാണ് സാധാരണക്കാര്‍ ആദ്യമന്ത്രിസഭയെ കണ്ടത്.




തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവയായി വേറിട്ട് കിടന്നിരുന്ന മലയാളക്കരയെ ഒന്നിപ്പിച്ച് കേരള സംസ്ഥാനമാക്കിയശേഷം നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് 1957 ഏപ്രില്‍ 5ന് ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള പതിനൊന്ന് അംഗമന്ത്രിസഭ അധികാരത്തില്‍ വന്നത്.

സി. അച്യുതമേനോന്‍, ടി. വി.തോമസ്, കെ.ആര്‍. ഗൗരി, കെ.സി. ജോര്‍ജ്, കെ.പി. ഗോപാലന്‍, ടി.എ. മജീദ്, ജോസഫ് മുണ്ടശ്ശേരി, പി.കെ. ചാത്തന്‍ മാസ്റ്റര്‍, വി.ആര്‍. കൃഷ്ണയ്യര്‍, എ.ആര്‍. മേനോന്‍ എന്നിവരായിരുന്നു മന്ത്രിമാര്‍. ബാലറ്റ് പേപ്പറിലൂടെ ലോകത്ത് ആദ്യമായി അധികാരത്തില്‍വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയാണ് ഇ.എം.എസ്സിന്റേതെന്ന് അടുത്തകാലംവരെ ഉണ്ടായിരുന്ന ധാരണയ്ക്ക് ഇപ്പോള്‍ മാറ്റംവന്നിട്ടുണ്ട്. ബ്രിട്ടീഷ് "ഗയാന"യിലാണ് അത്തരത്തിലുള്ള ആദ്യത്തെ മന്ത്രിസഭ നിലവില്‍വന്നത് എന്ന് ഇ.എം.എസ്. തന്നെ വ്യക്തമാക്കിയിരിക്കുന്നു. എങ്കിലും കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയ്ക്ക് ഇന്ത്യാചരിത്രത്തിലുള്ള സ്ഥാനം വലുതാണ്.

ഐക്യകേരളവും, അതിനെ ഭരിക്കുന്ന ഒരു ജനകീയ സര്‍ക്കാരും മലയാളികളുടെ സ്വപ്നമായിരുന്നു. ഇതിനുവേണ്ടി നേതാക്കള്‍ നടത്തിയ ശ്രമത്തിന്റേയും സമരങ്ങളുടെയും കഥ നീണ്ടതാണ്. ഐക്യകേരളത്തിനുവേണ്ടി എ.കെ. ഗോപാലന്‍ പാര്‍ലമെന്‍റില്‍ നടത്തിയ പ്രസ്താവന ആ സ്വപ്നസാക്ഷാല്‍ക്കാരത്തിനുവേണ്ടിയുള്ള മലയാളികളുടെ വികാരത്തിന്റെ പ്രതിഫലനമായിരുന്നു. കേരളം രൂപംകൊണ്ടാല്‍ ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി അന്ന് എല്ലാ പാര്‍ട്ടിയിലേയും നേതാക്കള്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. നാല്പതുവര്‍ഷത്തെ ജനകീയ ഭരണം കൊണ്ട് ഇതില്‍ എത്രത്തോളം ലക്ഷ്യപ്രാപ്തി ഉണ്ടായി എന്ന് പരിശോധിക്കേണ്ടതാണ്. അതിനെ ലക്ഷ്യമാക്കിക്കൊണ്ടാണ് കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് ആചാര്യനുമായ ഇ.എം.എസ്സിനോട് ചോദ്യങ്ങള്‍ ചോദിച്ചിട്ടുള്ളത്.

ഭൂപരിഷ്ക്കരണം, നാല്പതു വര്‍ഷം കൊണ്ട് അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലുണ്ടായ വീഴ്ച, കേരളത്തിലെ വിദ്യാഭ്യാസനയം, ജാതിവര്‍ഗീയശക്തികളുടെ ഉയര്‍ച്ച, കേരളത്തിന്റെ ഭാവി എന്നിവയെല്ലാം അഭിമുഖത്തില്‍ വിഷയമായി. ഇന്ന് കേരളം നേരിടുന്ന പ്രധാന പ്രശ്നം രാജ്യത്തിന്റെ വികസനം സംബന്ധിച്ച വികലമായ ധാരണയാണെന്നും കൃഷി, വ്യവസായം മുതലായ ഉല്പാദനമേഖലകളെപ്പറ്റി ധാരണ ഇല്ലാത്തതാണ് കാഴ്ചപ്പാടിന്റെ വികലതയ്ക്ക് കാരണമെന്നും ഇ.എം.സ്. പറയുന്നു. ജനകീയാസൂത്രണ പരിപാടിയാണ് കേരളത്തിന്റെ സമഗ്ര വികസനത്തിന് പ്രതിവിധിയായി ഇ.എം.എസ്. കാണുന്നത്. ഇന്നത്തെ വിദ്യാഭ്യാസരീതി വികസനത്തിന് പര്യാപ്തമല്ലെന്നും ഇ.എം.എസ്സിന് അഭിപ്രായമുണ്ട്.

അഭിമുഖസംഭാഷണത്തിന്റെ പൂര്‍ണരൂപം:

  • ലോകത്ത് ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഗയാനയിലാണോ? അതും അങ്ങയുടെ ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാറും തമ്മിലുള്ള വ്യത്യാസം എന്താണ്?
    • ഞാന്‍ കേരളാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് നാലുവര്‍ഷംമുന്‍പ് ബ്രിട്ടീഷ് "ഗയാന"യിലെ പ്രധാനമന്ത്രി ചെഡ്ഡി ജഗന്‍ ഇന്ത്യ സന്ദര്‍ശിക്കുകയും ഞാനും ഡാങ്കേയും അദ്ദേഹത്തെ സന്ദര്‍ശിച്ച് സംഭാഷണം നടത്തുകയുമുണ്ടായി. അതിനുമുന്‍പ് മറ്റേതെങ്കിലും രാജ്യത്ത് ഉണ്ടായിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ, 1931ല്‍ സ്പെയിനില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍ക്കൊള്ളുന്ന ഫാസിസ്റ്റ് വിരുദ്ധ മന്ത്രിസഭ അധികാരത്തിലെത്തുകയും അതിനെ ഫാസിസ്റ്റുകളില്‍നിന്നും രക്ഷിക്കാനുള്ള സമരത്തില്‍ കമ്യൂണിസ്റ്റുകാര്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. 1957ല്‍ കേരളത്തിലാണ് തിരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നതെന്ന പ്രചരണത്തിന് സത്യവുമായി പുലബന്ധം പോലും ഇല്ലെന്ന് ഇതില്‍നിന്നും വ്യക്തമാകുന്നു.

      ചെഡ്ഡി ജഗന്റെ ഗയാന ഗവണ്‍മെന്‍റും എന്റെ കേരളാ ഗവണ്‍മെന്‍റും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്: 1937ല്‍ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് എന്നപോലെ 1950കളുടെ ആദ്യവര്‍ഷങ്ങളില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായി പോരാടുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പില്‍ പങ്കെടുത്ത് ജയിച്ച് പ്രധാനമന്ത്രിയാവുകയാണ് ജഗന്‍ ചെയ്തത്. ഞാനാകട്ടെ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കേന്ദ്രഭരണത്തിന് വിധേയമായി പ്രവര്‍ത്തിക്കേണ്ട കേരളത്തില്‍ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയാവുകയാണ് ചെയ്തത്.
  • ജാതിമതശക്തികള്‍ അങ്ങയുടെ സര്‍ക്കാരിനെതിരെ തിരിയാന്‍ കാരണം എന്തൊക്കെയായിരുന്നു?
    • ജാതിമതശക്തികള്‍ മതനിരപേക്ഷതയ്ക്കും സോഷ്യലിസത്തിലേക്കുള്ള നീക്കത്തിനും എതിരാണെന്നതിനാലാണ് അവര്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്‍റിനെ എതിര്‍ത്തത്.
  • കേരളത്തിലെ അടിസ്ഥാനമാറ്റത്തിന് ആദ്യത്തെ മന്ത്രിസഭയ്ക്കു ചെയ്യാന്‍ കഴിഞ്ഞ കാര്യങ്ങള്‍ എന്തൊക്കെയാണ്? അതിന്റെ പ്രതിഫലനം ഇന്ന് ഏതെല്ലാം മേഖലകളില്‍ ഉണ്ട് എന്ന് പറയാമോ?
    • കേരളത്തിന്റെ അടിസ്ഥാനമാറ്റത്തിന് സഹായകമായ പ്രധാന കാര്യങ്ങള്‍ കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റ് ചെയ്തത് ഇതൊക്കെയാണ്:

      ഭൂപരിഷ്ണരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും, ഒഴിപ്പിക്കലുകളും കുടിയിറക്കുകളും നിറുത്തിവെച്ചു. അതോടെ ജന്മിത്വത്തിന്റെ ഭാഗത്തുനിന്നും കര്‍ഷകജനസാമാന്യം വിമുക്തമായി. അധികാരവികേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തില്‍ കീഴേത്തട്ടില്‍ പഞ്ചായത്തുകളും ജില്ലാതലത്തില്‍ ജില്ലാ കൗണ്‍സിലുകളും രൂപീകരിക്കാനുള്ള ആദ്യനടപടികളെടുത്തു. തൊഴിലാളികര്‍ഷകാദി ബഹുജനങ്ങളുടെ സമരങ്ങളെ അടിച്ചമര്‍ത്തലല്ല, കുറ്റക്കാരെ കണ്ടുപിടിച്ച് ശിക്ഷിക്കലാണ് പോലീസിന്റെ കടമയെന്ന് പ്രഖ്യാപിച്ചു. തൊഴിലാളികള്‍, കൃഷിക്കാര്‍, കാര്‍ഷിക തൊഴിലാളികള്‍, അധ്യാപകര്‍ അടക്കമുള്ള ഇടത്തരം ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് സംഘടനാസ്വാതന്ത്ര്യവും പ്രക്ഷോഭണസ്വാതന്ത്ര്യവും അനുവദിച്ചു. അധ്യാപകര്‍ക്ക് മാനേജ്മെന്റ് റ്വഴി അല്ലാതെ സര്‍ക്കാരില്‍നിന്ന് നേരിട്ട് ശമ്പളം നല്‍കുകയെന്ന ഏര്‍പ്പാട് ഉണ്ടാക്കി. കേരളത്തിന്റെ വ്യവസായവല്‍ക്കരണത്തിന് അടിത്തറപാകുംവിധം ചില വ്യവസായ ഉടമകളെ ഇങ്ങോട്ട് ആകര്‍ഷിക്കുകയും കേരളീയരായ ഇടത്തരം ചെറുകിട വ്യവസായികള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്തു. ഇടത്തരത്തിലും ചെറുകിടയിലുമുള്ള സാമ്പത്തിക സംരംഭങ്ങള്‍ക്ക് സഹായകരമാം വിധം പരസ്പരസഹായ പ്രസ്ഥാനത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. എല്ലാറ്റിനും മീതെ അതേവരെ കോണ്‍ഗ്രസ് ഭരണത്തിലില്ലാതിരുന്നവിധം അധ്വാനിക്കുന്ന ബഹുജനങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്നും ജനാധിപത്യത്തിനുമുള്ള അവകാശങ്ങള്‍ നല്‍കി. അവര്‍ക്ക് ജീവിക്കാനുള്ള നല്ല അന്തരീക്ഷം ഉണ്ടാക്കി.
  • ഇന്ന് കേരളം നേരിടുന്ന പ്രധാന പ്രശ്നങ്ങളായി അങ്ങ് കാണുന്നതെന്തൊക്കെയാണ്? അവയ്ക്ക് എന്തൊക്കെയാണ് പരിഹാരം?
    • ഇന്ന് കേരളം നേരിടുന്ന പ്രധാനപ്രശ്നം രാജ്യത്തിന്റെ വികസനം സംബന്ധിച്ച വികലമായ ധാരണയാണ്. വികസനത്തിന്റെ തുടക്കം കൃഷി, വ്യവസായം മുതലായ ഉല്പാദന മേഖലകളാണെന്ന ധാരണ ഇല്ലാത്തതാണ് കാഴ്ചപ്പാടിലെ വികലതയ്ക്ക് അടിസ്ഥാനം. അതുപോലെ ഉല്പാദനമേഖല വികസിപ്പിക്കാനുള്ള ഏകമാര്‍ഗം ഭൂഉടമകളേയും വ്യവസായപ്രമുഖരേയും ആശ്രയിക്കുകയാണെന്ന ധാരണ ഉണ്ട്. അത് മാറ്റി വികസനപ്രക്രിയയില്‍ ധനികദരിദ്രവ്യത്യാസം ഇല്ലാതെ എല്ലാവരേയും പങ്കെടുപ്പിക്കലാണ് ആവശ്യം. ആ കാഴ്ചപ്പാടോടെയാണ് ജനകീയാസൂത്രണ പരിപാടി ആവിഷ്കരിച്ചിട്ടുള്ളത്.
  • നാല്പതുവര്‍ഷത്തെ ജനകീയഭരണംകൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, ജോലി എന്നിവയ്ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപത്തെപ്പറ്റി എന്താണ് അഭിപ്രായം?
    • നാല്പതുവര്‍ഷം ഇവിടെ നിലനിന്നത് ജനകീയഭരണമാണെന്ന പ്രസ്താവംതന്നെ സത്യവിരുദ്ധമാണ്. കേന്ദ്രം ഭരിക്കുന്ന ബൂര്‍ഷ്വാഭൂപ്രഭു ഭരണവര്‍ഗത്തിന്റെ കര്‍ക്കശമായ നിയന്ത്രണത്തിന്‍കീഴില്‍ മാത്രമേ ഇവിടത്തെ ഇടതുപക്ഷ ഗവണ്‍മെന്‍റുകള്‍ക്കുപോലും പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. ഈ സത്യം കാണാതെയാണ് ചോദ്യം ചോദിച്ചിട്ടുള്ളതെന്ന് പറയാന്‍ എന്നെ അനുവദിച്ചാലും.
  • ജന്മിത്വം അവസാനിപ്പിച്ചതും ഭൂപരിഷ്ണരണം നടപ്പിലാക്കിയതും വന്‍നേട്ടമായി കാണാമെങ്കിലും അതിനൊത്ത പുരോഗതി കേരളം കൈവരിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അതിനുകാരണം എന്താണ്?
    • കേരളത്തിന്റെ സവിശേഷതയോടുകൂടിയ ജന്മിത്വം അവസാനിച്ചുവെങ്കിലും കേരളമടക്കം ഇന്ത്യയിലാകെ നാടുവാഴുന്ന ജന്മിമുതലാളി ഭരണം അവസാനിച്ചിട്ടില്ല. അതാണ് ചോദ്യത്തില്‍ സൂചിപ്പിച്ച പ്രശ്നത്തിന് അടിസ്ഥാനം.
  • ഭൂപരിഷ്ണരണവും കടമകള്‍ മറന്ന് അവകാശങ്ങള്‍ക്കുവേണ്ടി മാത്രം നിലകൊള്ളുന്ന തൊഴിലാളികളും, തൊഴിലധിഷ്ഠിതമല്ലാത്ത വിദ്യാഭ്യാസവും ആണ് കേരളത്തിലെ പുരോഗതി തടസ്സപ്പെടുത്തുന്നതെന്ന വാദത്തോട് അങ്ങയുടെ അഭിപ്രായം എന്താണ്?
    • ഒന്നാമത് ഭൂപരിഷ്ണകരണം കേരളത്തിന്റെ പുരോഗതി തടസ്സപ്പെടുത്തി എന്നുപറയുന്നത് സത്യവിരുദ്ധമാണ്. നേരെമറിച്ച് ഭാവിപുരോഗതിക്ക് അടിത്തറ പാകുകയാണ് ഭൂപരിഷ്കരണം ചെയ്തത്. രണ്ടാമത് കടമകള്‍ മറന്ന് അവകാശങ്ങള്‍ക്കുവേണ്ടി മാത്രമാണ് തൊഴിലാളിസംഘടനകള്‍ പ്രവര്‍ത്തിക്കുന്നതെന്ന സൂചനയും സത്യവിരുദ്ധമാണ്. മുതലാളിമാരും ജന്മിമാരും സര്‍ക്കാരും സ്വന്തം അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുമ്പോള്‍ അതിന്റെ പ്രത്യാഘാതം തൊഴിലാളികളിലുമുണ്ടാകും. അതില്ലാതാക്കണമെങ്കില്‍ തൊഴിലാളികളോട് ജന്മിമാര്‍ക്കും മുതലാളിമാര്‍ക്കും സര്‍ക്കാരിനും ഉള്ള നിലപാട് മാറണം. മൂന്നാമത് തൊഴിലധിഷ്ഠിതമല്ലാത്തതും ഇംഗ്ലീഷിന് അമിതപ്രാധാന്യം നല്‍കുന്നതും സ്വകാര്യ മാനേജ്മെന്‍റുകള്‍ക്ക് അടിപെടുന്നതുമായ വിദ്യാഭ്യാസം കേരളത്തിന്റെ പുരോഗതി തടസ്സപ്പെടുത്തിയിട്ടുണ്ടെന്നത് സത്യമാണ്. ആ വിദ്യാഭ്യാസത്തിന്റെ അലകുംപിടിയും മാറ്റാതെ കൃഷിയും വ്യവസായവും പോലും വളരുകയില്ല.
  • വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഇല്ലായ്മ, കലാലയങ്ങളില്‍ പഠിച്ച് തൊഴിലില്ലാതെ നില്‍ക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ അസംതൃപ്തി, കേരളത്തിലെ പരമ്പരാഗതമായ കാര്‍ഷികകൈത്തൊഴില്‍രംഗത്തെ തകര്‍ച്ച, ജീവിതച്ചെലവ് വര്‍ധന, പാവപ്പെട്ടവര്‍ വീണ്ടും പാപ്പരാകുന്ന അവസ്ഥ ഇവയ്ക്കെല്ലാം ഏതുവിധത്തില്‍ പരിഹാരം കാണാന്‍ കഴിയുമെന്ന് പറയാമോ?
    • ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നല്ല തുടക്കമാണ് കേരളത്തിലെ ജനകീയാസൂത്രണം. എന്നാല്‍ അത് നല്ല തുടക്കമേ ആകുന്നുള്ളൂ. അത് ഇനിയും കൂടുതല്‍ നന്നാക്കണം. കൂടാതെ കേന്ദ്രഗവണ്മെന്‍റിന്റെ നയങ്ങളില്‍ മൗലികമായ പരിവര്‍ത്തനം വരാതെ കേരളത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നത് അടിസ്ഥാനരഹിതമായ വ്യാമോഹം മാത്രമാണ്.
  • സാമൂഹ്യസാംസ്കാരികരംഗത്ത് സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ മറ്റേത് സംസ്ഥാനങ്ങളെക്കാളും വമ്പിച്ച മുന്നേറ്റം ഉണ്ടായ മലയാളക്കരയില്‍ അനുദിനം ജാതിമത സംഘടനകളും പ്രസ്ഥാനങ്ങളും വളര്‍ന്നുവരുന്നു. ഇതേപ്പറ്റി അങ്ങയുടെ അഭിപ്രായം എന്താണ്? കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന രാഷ്ടീയപാര്‍ട്ടികളുടെ പരാജയം ആണോ ഇത് കാണിക്കുന്നത്?
    • യാഥാര്‍ഥ്യത്തിന്റെ ഒരു വശംമാത്രം കാണുന്ന ഒരു വീക്ഷണമാണ് ചോദ്യത്തില്‍ അടങ്ങിയിട്ടുള്ളതെന്ന് പറയാന്‍ എന്നെ അനുവദിക്കുക. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള സംഘടനകളും പ്രസ്ഥാനങ്ങളും ഇല്ലാതാക്കുന്നതിനുള്ള ശക്തമായ നീക്കവും ഇവിടെ നടക്കുന്നുണ്ടെന്നതാണ് സത്യം. അതിന്റെ നല്ല തെളിവാണ് ജാതിമതസംഘടനകളിലൊന്നിലും പങ്കില്ലാത്ത അതെല്ലാം ശക്തിയുക്തം എതിര്‍ക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ അഭിമാനകരമായ വിജയം. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ അടിയ്ക്കടി നേടിക്കൊണ്ടിരിക്കുന്ന വിജയത്തെയാണ്, ചോദ്യത്തില്‍ സൂചിപ്പിക്കുന്നതു പോലുള്ള "പരാജയ"ത്തെയല്ല കാണിക്കുന്നത്.
  • കൂട്ടുകക്ഷി ഭരണം, ലക്ഷ്യബോധമില്ലാത്ത ഈര്‍ക്കില്‍പാര്‍ട്ടികള്‍, വിദ്യാവിഹീനരും മാനസിക വികാസമില്ലാത്തവരും അഴിമതിക്കാരുമായ രാഷ്ട്രീയനേതൃത്വം ഇതൊക്കെയാണ് കേരളത്തിന്റെ ശാപമെന്ന അഭിപ്രായത്തെപ്പറ്റി എന്തുപറയുന്നു?
    • കൂട്ടുകക്ഷി ഭരണത്തെക്കുറിച്ച് മൊത്തത്തില്‍ പറയുന്നതില്‍ അര്‍ഥമില്ല. ഏതുതരത്തിലുള്ള കക്ഷികളുടെ കൂട്ടുകെട്ട് എന്നതാണ് പ്രശ്നം. ഇവിടെ ഐക്യജനാധിപത്യമുന്നണി, ഇടതുപക്ഷജനാധിപത്യമുന്നണി എന്ന് രണ്ട് കൂട്ടുകക്ഷികള്‍ ഉണ്ട്. അതിലൊന്ന് ജാതീയതയുടെയും മതവര്‍ഗീയതയുടെയും സേച്ഛാധിപത്യത്തിന്റെയും കമ്യൂണിസ്റ്റ് വിരോധത്തിന്റെയും കൂട്ടുകെട്ടാണ്. മറ്റേത് ദേശീയതയുടെയും ജനാധിപത്യത്തിന്റേയും സോഷ്യലിസത്തിന്റെയും കൂട്ടുകെട്ടാണ്. ഈ രണ്ടാമത്തെ കൂട്ടുകെട്ടില്‍ അംഗങ്ങളാകുന്ന "ഈര്‍ക്കില്‍" പാര്‍ട്ടികള്‍പോലും ജനാധിപത്യത്തേയും മതനിരപേക്ഷതയേയും സോഷ്യലിസത്തേയും ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. രാഷ്ട്രീയനേതൃത്വത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അഴിമതിയുടെ കറപുരളാത്ത ഒരു നേതൃത്വവും, അഴിമതിക്കൂടാരമായ മറ്റൊരു നേതൃത്വവും ഉണ്ടെന്ന് അടുത്ത ദിവസങ്ങളിലെ സംഭവങ്ങള്‍ തെളിയിച്ചിരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മേന്മയാണ് ഇത് കാണിക്കുന്നത്.
  • ഉന്നതവിദ്യാഭ്യാസവും പരിശീലനവും ലഭിച്ച ഉദ്യോഗമേധാവിത്വത്തോട് പഠിപ്പും വിവരവുമില്ലാത്ത മന്ത്രിമാര്‍ക്ക് പിടിച്ചുനില്ലാന്‍ കഴിയാത്ത അവസ്ഥ പലരംഗത്തും കാണുന്നുണ്ട്. ഇതിന് പരിഹാരം എന്താണ്?
    • "പഠിപ്പും വിവരവുമില്ലാത്ത മന്ത്രിമാര്‍" എന്ന പദപ്രയോഗം ഇടതുപക്ഷ മന്ത്രിമാര്‍ക്ക് ബാധകമല്ല. കലാലയങ്ങളിലൂടെ ഉന്നതവിദ്യാഭ്യാസ ബിരുദം കിട്ടിയില്ലെങ്കിലും ബഹുജനങ്ങളോടുള്ള അടുപ്പം, രാഷ്ട്രീയമൂല്യങ്ങളോട് കൂറ് ഇതെല്ലാം ഉള്ളവരാണ് മന്ത്രിമാര്‍. അവരേക്കാള്‍ ശ്രേഷ്ഠരാണ് ഐ.എ.എസ്, ഐ.പി. എസ്. കാരെന്ന സൂചനയോട് ഞാന്‍ യോജിക്കുന്നില്ല.
  • രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഭരിക്കാന്‍ പോകുന്നവര്‍ക്കും ഒരു പൊതു പെരുമാറ്റച്ചട്ടവും പരിശീലനവും വേണമെന്ന അഭിപ്രായത്തോട് അങ്ങ് യോജിക്കുന്നുണ്ടോ?
    • എന്റെ പാര്‍ട്ടിയെക്കുറിച്ച് പറയുകയാണെങ്കില്‍ ഞങ്ങളുടെ നേതാക്കള്‍ക്കും സാധാരണ പ്രവര്‍ത്തകര്‍ക്കും ഒരു പൊതു പെരുമാറ്റച്ചട്ടം ഉണ്ട്. അത് ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി പാര്‍ട്ടി എടുക്കും. അതുകൊണ്ടാണ് ബൂര്‍ഷ്വാ പാര്‍ട്ടിനേതാക്കളെപ്പോലെ ഞങ്ങളുടെ നേതാക്കളും പ്രവര്‍ത്തകരും അഴിമതിക്കേസുകളില്‍ പ്രതികളായി നില്‍ക്കാത്തത്.
  • ഇന്നലെകളില്‍നിന്നും വ്യത്യസ്തമായി പുതിയ പാഠങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഒരു പൊളിച്ചെഴുത്ത് കേരളത്തിനാവശ്യമാണോ? അത് എങ്ങനെ വേണമെന്ന് വിശദീകരിക്കുമോ?
    • കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലൊട്ടാകെ ഒരു പൊളിച്ചെഴുത്ത് ആവശ്യമാണ്. അതിന്റെ രൂപവും ഭാവവും ഞങ്ങളുടെ പാര്‍ട്ടിയുടെ ഔദ്യോഗിക രേഖകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
  • 21-ാം നൂറ്റാണ്ടിലെ കേരളത്തെക്കുറിച്ച് അങ്ങയുടെ സങ്കല്പം വെളിപ്പെടുത്താമോ?
    • 21-ാം നൂറ്റാണ്ടിനെക്കുറിച്ച് പറയുമ്പോള്‍ കേരളത്തെ പ്രത്യേകിച്ച് എടുത്തുപറയാന്‍ വയ്യ. ഭൂലോകമാകെ സോഷ്യലിസത്തിലേക്കും കമ്മ്യൂണിസത്തിലേക്കും നീങ്ങികൊണ്ടിരിക്കുകയാണ്. ഇന്ത്യയിലാകട്ടെ, കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്ത ഏകാധിപത്യ പ്രവണത, ബി.ജെ.പി.യും മറ്റ് ജാതിമത പാര്‍ട്ടികളും പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയത എന്നിവയ്ക്ക് എതിരായ സംഘടിതസമരം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ രണ്ട് (ആഗോള അഖിലേന്ത്യാ) പ്രസ്ഥാനങ്ങളുടെ പുരോഗതിയെ ആശ്രയിച്ചിരിക്കും കേരളത്തിന്റെ പുരോഗതി).


top