സുഗന്ധവ്യഞ്ജനങ്ങളുടെ കലവറ ഇടുക്കി | |
വിസ്തീര്‍ണത്തില്‍ | : 2-ാം സ്ഥാനം |
ജില്ലാരൂപീകരണം | : 1972 ജനുവരി 26 |
ജില്ലാആസ്ഥാനം | : പൈനാവ് |
വിസ്തീര്‍ണം | : 4358 ച.കി.മീ. |
നിയമസഭാമണ്ഡലങ്ങള്‍ | : 5 (തൊടുപുഴ, ഇടുക്കി, ദേവികുളം (എസ്.സി.), ഉടുന്പന്‍ചോല, പീരുമേട്) |
റവന്യൂ ഡിവിഷനുകള്‍ | : 2 (ഇടുക്കി, ദേവികുളം) |
താലൂക്കുകള്‍ | : 5 (തൊടുപുഴ, ദേവികുളം, ഉടുന്പന്‍ചോല, പീരുമേട്, ഇടുക്കി) |
വില്ലേജുകള്‍ | : 67 |
നഗരസഭകള്‍ | : 2 (തൊടുപുഴ, കട്ടപ്പന) |
ബ്ലോക്ക് പഞ്ചായത്തുകള്‍ | : 8 |
ഗ്രാമപഞ്ചായത്തുകള്‍ | : 52 |
ജനസംഖ്യ (2011) | : 1108974 |
പുരുഷന്മാര്‍ | : 552808 |
സ്ത്രീകള്‍ | : 556166 |
ജനസാന്ദ്രത | : 254 / ച.കി.മീ. |
സ്ത്രീപുരുഷ അനുപാതം | : 1006/1000 |
സാക്ഷരത | : 91.99% |
നദികള്‍ | : പെരിയാര്‍, മീനച്ചല്‍ ആറ്, മൂവാറ്റുപുഴ ആറ്, മണിമല ആറ് |
കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാര്‍ കുറവന്‍കുറത്തി മലയിലെ ഇടുക്കിലൂടെയാണ് ഒഴുകുന്നത്. ഈ ഇടുക്കില്‍ നിന്നാണ് ജില്ലയ്ക്ക് പേര് ലഭിച്ചത്.
കുടിയേറ്റത്തിന്റേയും ഗോത്രസംസ്കാരത്തിന്റേയും തോട്ടങ്ങളുടേയും സുഗന്ധവ്യഞ്ജനങ്ങളുടേയും വിനോദസഞ്ചാരകേന്ദ്രങ്ങളുടേയും നാടാണ് ഇടുക്കി. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി ഇവിടെയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനങ്ങളും ചന്ദനമരങ്ങളും ഉള്ള ജില്ലയാണ് ഇടുക്കി. ഇന്ത്യയിലെ ഏറ്റവും വലിയ ഏലം ലേലകേന്ദ്രമായ വണ്ടന്‍മേടും ഇടുക്കിയില്‍തന്നെ. കേരളത്തിന്റെപ്രാചീന സംസ്കൃതിയുടെ അംശങ്ങള്‍ കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളാണ് മറയൂര്‍, അഞ്ചനാട്, ഉടുമ്പന്‍ചോലയിലെ കല്ലാര്‍പട്ടം, വണ്ടിപ്പെരിയാറിലെ തേങ്ങക്കല്‍ എന്നിവ. ഇന്ത്യയിലെ പ്രധാന ആര്‍ച്ച് ഡാം ഇടുക്കിയിലാണ്. ഇതാണ് കേരളത്തിന്റെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി. തിരുവിതാംകൂറില്‍ ആദ്യമായി വൈദ്യുതി നിര്‍മ്മിച്ച സ്ഥലവും ഇടുക്കിയിലെ കണ്ണന്‍ ദേവന്‍ തോട്ടങ്ങളിലാണ്. ആയിരത്തി തൊള്ളായിരത്തിന്റെ(1900) ആദ്യദശകത്തില്‍, തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാള്‍ മഹാരാജാവാണ് കണ്ണന്‍ദേവന്‍ വൈദ്യുത പദ്ധതിക്ക് അനുവാദം നല്‍കിയത്. അതിനുശേഷം തിരുവിതാംകൂര്‍ സര്‍ക്കാര്‍ വൈദ്യുത ഉല്പാദനത്തിനുള്ള ശ്രമം തുടങ്ങി. ഇതിന്റെ തുടര്‍ച്ചയായിരുന്നു 1940ല്‍ ഉദ്ഘാടനം ചെയ്ത പള്ളിവാസല്‍ ജല വൈദ്യുത പദ്ധതി. തേയില, കാപ്പി, ഏലം, വെളുത്തുള്ളി എന്നിവയുടെ കൃഷിഭൂമിയായ ഇടുക്കിയുടെ തോട്ടം മേഖലയ്ക്ക് തുടക്കം ഇംഗ്ലീഷുകാരായിരുന്നു. 1870ല്‍ ആണ് തിരുവിതാംകൂര്‍ ഗവണ്മെന്‍റ് ശാസ്ത്രീയമായ തോട്ടകൃഷി നടപ്പിലാക്കാന്‍ തുടങ്ങിയത്. 1877ല്‍ നീലഗിരി കുന്നുകള്‍ക്ക് തെക്കുള്ള കണ്ണന്‍ദേവന്‍ കുന്നുകള്‍ പൂഞ്ഞാര്‍ രാജാവ് ഇംഗ്ലീഷുകാരനായ ജോണ്‍ ഡാനിയല്‍ മണ്‍റോയ്ക്ക് വിറ്റു. അവിടെയാണ് ഇംഗ്ലീഷുകാര്‍ ശാസ്ത്രീയമായ തോട്ടം ആരംഭിച്ചത്. ഈ തോട്ടങ്ങള്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് എന്ന് പിന്നീട് അറിയപ്പെട്ടു. അതിനു വടക്കുള്ള അഞ്ചനാടുവില്ലേജില്‍ താമസിച്ചിരുന്ന ഗ്രാമത്തലവനായ കണ്ണന്‍ തേവരില്‍ നിന്നും ആണ് ഈ പേര് ഉണ്ടായത്. പെരിയാറിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട്, മംഗളാദേവീക്ഷേത്രം എന്നിവ സംബന്ധിച്ച തര്‍ക്കം ഇന്നും കേരളത്തിന്റേയും തമിഴ്നാടിനേയും അലട്ടുന്നുണ്ട്. ബ്രിട്ടീഷുകാരുടേയും തിരുവിതാംകൂറിലെ രാജാക്കന്മാരുടേയും കാലത്ത് തുടങ്ങിയ പ്രശ്നമാണിത്. തേക്കടിയിലെ വന്യമൃഗസംരക്ഷണകേന്ദ്രം, കുമിളി, പീരുമേട്, വാഗമണ്‍, ദേവികുളം, മൂന്നാര്‍ തുടങ്ങിയ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രങ്ങളാണ്. മാട്ടുപ്പെട്ടിയിലെ ഇന്‍ഡോസ്വിസ് പ്രോജക്ട് ഇടുക്കിയിലാണ്.
മുല്ലപ്പെരിയാര്‍ ഡാംകേരളവും തമിഴ്നാടും തമ്മിലുള്ള പ്രധാന തര്‍ക്കവിഷയമായ, മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെതുടക്കം 1850കളിലാണ്. അന്ന് ഇന്ത്യ ഭരിച്ചിരുന്നത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയായിരുന്നു. 1846ല്‍ സര്‍വ്വകലാവല്ലഭനായ സ്വാതിതിരുനാള്‍ മഹാരാജാവ് അന്തരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെഅനുജന്‍ ഉത്രം തിരുനാള്‍ (1847-1860) അധികാരത്തില്‍ വന്നു. ഈ സമയത്താണ് മദ്രാസ് പ്രവിശ്യയിലെ മധുരരാമനാട് ജില്ലയില്‍ രൂക്ഷമായ ജലക്ഷാമവും പട്ടിണിയും ഉണ്ടായത്. മഴ ലഭിക്കാത്തതിനാല്‍ കൃഷി ആകെ നശിച്ചു. ഇതേത്തുടര്‍ന്നാണ് തിരുവിതാംകൂറിലെ പ്രധാന നദിയായ പെരിയാറ്റിലെ വെള്ളം അണകെട്ടി മദ്രാസിലെ വരള്‍ച്ച ബാധിച്ച പ്രദേങ്ങളിലേയ്ക്ക് തിരിച്ചുവിടാന്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാര്‍ ആലോചന തുടങ്ങിയത്. ഇതിനിടയില്‍ ഉത്തരേന്ത്യയിലെ കലാപത്തെ തുടര്‍ന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുത്തു. അതിനുശേഷം പെരിയാറ്റിലെ വെള്ളം തിരിച്ചുവിടുന്നത് സംബന്ധിച്ച നിര്‍ദ്ദേശത്തിന് ശക്തികൂടി. ഉത്രം തിരുനാള്‍ അന്തരിച്ചതിനെ തുടര്‍ന്ന് ആയില്യം തിരുനാള്‍ മഹാരാജാവ് ഭരണാധികാരിയായി. അന്നത്തെ ദിവാന്‍ സര്‍. ടി. മാധവറാവുവിനോട് പെരിയാര്‍ വെള്ളം തിരിച്ചുവിടുന്നതിനെപ്പറ്റി ആലോചിക്കണമെന്ന് തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്‍റ് ഫിഷര്‍ കത്തുവഴി ആവശ്യപ്പെട്ടു. തിരുവിതാംകൂറിന് അന്ന് ജലസേചനപദ്ധതികളെപ്പറ്റി വലിയ ആലോചനയൊന്നും ഇല്ലായിരുന്നു. ഇതുകാരണം പാഴായിപ്പോകുന്ന വെള്ളം മദ്രാസിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതില്‍ തെറ്റില്ല, എന്ന ചിന്തയാണ് പ്രഗല്‍ഭനായ ദിവാന്‍ മാധവറാവുവിനു പോലും ഉണ്ടായത്. അന്നത്തെ ചീഫ് എന്‍ജിനീയര്‍ വില്യം ബാര്‍ട്ടനും, ദിവാന്റെഅഭിപ്രായത്തോട് യോജിപ്പുള്ള ആളായിരുന്നു. ഇതേത്തുടര്‍ന്ന് വെള്ളത്തിന് പ്രതിഫലം വാങ്ങി മദ്രാസിന് നല്‍കാനുള്ള ചര്‍ച്ചയാണ് പിന്നീട് നടന്നത്. എന്നാല്‍ പെരിയാറിലെ വെള്ളം നല്‍കിയാല്‍ ഭാവിയില്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും നദി വറ്റിപ്പോകുമെന്നും ഉള്ള വിദഗ്ദ്ധ റിപ്പോര്‍ട്ട് പിന്നീട് തിരുവിതാംകൂര്‍ സര്‍ക്കാരിന് ലഭിച്ചു. മദ്രാസ് സര്‍ക്കാര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. തിരുവിതാംകൂറിന്റെഭരണം നിയന്ത്രിച്ചിരുന്നത് മദ്രാസ് ഗവര്‍ണര്‍ ആണ്. അതുകൊണ്ടുതന്നെ അധികാരം ഉപയോഗിച്ച് അവര്‍ തിരുവിതാംകൂറിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി. 1880ല്‍ ആയില്യം തിരുനാള്‍ അന്തരിച്ചു. ഇതേത്തുടര്‍ന്ന് വിശാഖം തിരുനാള്‍ രാജാവായി. അദ്ദേഹത്തിന്റെഭരണം 1885 വരെ തുടര്‍ന്നു. ആ സമയത്തെല്ലാം തര്‍ക്കം തുടരുകയായിരുന്നു. തിരുവിതാംകൂര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളെല്ലാം മദ്രാസ് സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. 1885ല്‍ ശ്രീമൂലം തിരുനാള്‍ രാജാവായി. ഈ സമയത്താണ് മദ്രാസ് സര്‍ക്കാരിന്റെസമ്മര്‍ദ്ദം ശക്തമായത്. വെള്ളം നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മദ്രാസ് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി. അങ്ങനെ ഗത്യന്തരമില്ലാതെ 1886 ഒക്ടോബര്‍ 29ന് കരാറില്‍ ഒപ്പിടാന്‍ ശ്രീമൂലം തിരുനാള്‍ തയ്യാറായി.
പെരിയാര്‍ നദി ഇടുക്കിയിലെ ദേവികുളത്തിനു തെക്കുള്ള ശിവഗിരി കൊടുമുടിയില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. 226 കിലോമീറ്റര്‍ നീളമുള്ള ഈ നദി ഇടുക്കി, എറണാകുളം ജില്ലകളിലൂടെ ഒഴുകുന്നു. ഉത്ഭവസ്ഥാനത്തുനിന്നും അല്പം അകലെ എത്തുമ്പോള്‍ "മുല്ലയാര്‍' എന്ന ഒരു ചെറിയ നദികൂടി ഇതിനോട് ചേരുന്നു. അതിനാലാണ് "മുല്ലപ്പെരിയാര്‍' എന്ന പേരുവന്നത്. അവിടെ അണകെട്ടി വെള്ളം തിരിച്ചുവിടാനാണ് തിരുവിതാംകൂര്‍ സര്‍ക്കാരിനുവേണ്ടി ദിവാന്‍ രാമയ്യരും മദ്രാസിനുവേണ്ടി ഇന്ത്യാ കാര്യങ്ങള്‍ക്കായുള്ള സെക്രട്ടറിയുടെ പ്രതിനിധി റസിഡന്‍റ് ഹാണിങ്ടണും 1886 ഒക്ടോബര്‍ 29ന് പാട്ടക്കരാര്‍ ഒപ്പിട്ടത്. തിരുവിതാംകൂറിലെ മരാമത്ത് സെക്രട്ടറി കെ.കെ. കുരുവിളയും ആക്ടിങ് ഹെഡ് സര്‍ക്കാര്‍ വക്കീല്‍ ഐ.എച്ച്. പ്രിന്‍സും സാക്ഷികളായി ഒപ്പിട്ടു. 999 വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പിട്ടത്. ഇതുപ്രകാരം അണക്കെട്ടും മറ്റ് ഓഫീസുകളും നിര്‍മ്മിക്കുന്നതിന് 8000 ഏക്കര്‍ ഭൂമി തിരുവിതാംകൂര്‍ സര്‍ക്കാര്‍ നല്‍കണമായിരുന്നു. ഇതിനു 40000 നഷ്ടപരിഹാരം നല്‍കും. ഈ തുക തിരുവിതാംകൂര്‍ സര്‍ക്കാര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് മേല്‍ക്കോയ്മ ഇനത്തില്‍ നല്‍കാനുള്ള തുകയില്‍ തട്ടിക്കഴിക്കും. 8000 ഏക്കറില്‍ കൂടുതല്‍ ഭൂമി ഉപയോഗിച്ചാല്‍ ഓരോ ഏക്കറിനും 5 രൂപ നിരക്കില്‍ പാട്ടം നല്‍കണം.അണക്കെട്ട് നിര്‍മ്മിക്കാനുള്ള കല്ല്, മണ്ണ്, മുള തുടങ്ങിയ സാമഗ്രികള്‍ സൗജന്യമായി തിരുവിതാംകൂര്‍ നല്‍കണം. റോയില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ജോണ്‍ പെനിക്വക്കിന് ആയിരുന്നു ഡാമിന്റെനിര്‍മ്മാണ ചുമതല. ചുണ്ണാമ്പ്, മണല്‍, ശര്‍ക്കര, കരരിങ്കല്ല് എന്നിവ ഉപയോഗിച്ച് അന്നത്തെ ടെക്നോളജി ഉപയോഗിച്ച് നിര്‍മ്മിച്ച ഡാം 1896ല്‍ പൂര്‍ത്തിയായി. ഇവിടെ നിന്നുമുള്ള വെള്ളം ഉപയോഗിച്ച് വന്‍തോതില്‍ കൃഷി നടത്താനും ജലക്ഷാമം പരിഹരിക്കാനും മദ്രാസ് സര്‍ക്കാരിന് കഴിഞ്ഞു. എന്നാല്‍ പില്‍ക്കാലത്ത് മുല്ലപ്പെരിയാറിലെ വെള്ളം വൈദ്യുതി ഉല്പാദിപ്പിക്കാന്‍ മദ്രാസ് സര്‍ക്കാര്‍ നീക്കം ആരംഭിച്ചതാണ് പ്രശ്നമായത്. കരാര്‍ പ്രകാരം നല്‍കുന്ന വെള്ളം എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം മദ്രാസിനുണ്ടെന്ന വാദം ആയിരുന്നു അവര്‍ ഉയര്‍ത്തിയത്. മദ്രാസ് സ്വദേശിയും നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായ സര്‍. സി.പി. രാമസ്വാമി അയ്യരായിരുന്നു തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാളിന്റെരാഷ്ട്രീയ ഉപദേഷ്ടാവ്. അദ്ദേഹം വാദങ്ങള്‍ നിരത്തി മദ്രാസ് സര്‍ക്കാരിന്റെനീക്കത്തെ പ്രതിരോധിച്ചു. സി.പി.യുടെ വാദങ്ങള്‍ മദ്രാസ് സര്‍ക്കാരിന് കണ്ണിലെ കരടായി. ഒടുവില്‍ പ്രശ്നം ഒരു ട്രൈബ്യൂണലിന് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ട് അംഗങ്ങള്‍ ആണ് അതില്‍ ഉണ്ടായിരുന്നത്.
തിരുവിതാംകൂറിന്റെമുന്‍ ദിവാന്‍ വി.എസ്. സുബ്രഹ്മണ്യ അയ്യരും മദ്രാസിലെ മുന്‍ ജഡ്ജി ഡേവിഡ് ദേവദാസും ട്രൈബ്യൂണലിലെ അംഗങ്ങളായി നിയമിക്കപ്പെട്ടു. 1936 ആഗസ്റ്റ് 21 മുതല്‍ മദ്രാസില്‍ വച്ചായിരുന്നു വാദം കേട്ടത്. 1937 ജനുവരിയില്‍ വിധി പറഞ്ഞു. പക്ഷെ രണ്ടുപേരുടേയും വിധി പരസ്പരവിരുദ്ധമായിരുന്നു. ഇതേത്തുടര്‍ന്ന് പ്രശ്നം നളിന്‍ നിരഞ്ജന്‍ ചാറ്റര്‍ജി എന്ന മധ്യസ്ഥന് വിട്ടു. ഈ സമയം ആയപ്പോഴേക്കും സി.പി. തിരുവിതാംകൂര്‍ ദിവാനായിക്കഴിഞ്ഞിരുന്നു. 1941 ജനുവരി ഒന്നുമുതല്‍ അഞ്ചുവരെ നിയമസഭാഹാളില്‍ (സെക്രട്ടേറിയേറ്റിനോടനുബന്ധിച്ച) ആയിരുന്നു വാദം നടന്നത്. മദ്രാസിനു വേണ്ടി ഇന്ത്യയിലെങ്ങും പേരുകേട്ട നിയമജ്ഞനായ അല്ലാഡി കൃഷ്ണസ്വാമി അയ്യരും സംഘവും ഹാജരായി. മുന്‍ ഹൈക്കോടതി ജഡ്ജി ജി. പരമേശ്വരന്‍പിള്ള, സി.പി.യുടെ മകന്‍ പട്ടാഭിരാമന്‍, എസ്. വൈദ്യനാഥ അയ്യര്‍ തുടങ്ങിയവര്‍ തിരുവിതാംകൂറിന് വേണ്ടി ഹാജരായി. എന്നാല്‍ വാദം ഒരു ഘട്ടത്തിലെത്തിയപ്പോള്‍ സര്‍. സി.പി. തന്നെ വക്കീല്‍ കോട്ടണിഞ്ഞ് രംഗത്തെത്തി. മുല്ലപ്പെരിയാറിലെ വെള്ളം ദാഹജലവും കൃഷി ആവശ്യത്തിനുമാണ് തിരുവിതാംകൂര്‍ നല്‍കിയതെന്നും ഇതു വ്യൈുതി ഉല്പാദനം പോലുള്ള വാണിജ്യ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നും സമാനമായ കേസിന്റെവിധികള്‍ ചൂണ്ടിക്കാട്ടി സി.പി. വാദിച്ചു. കരാര്‍ ഉണ്ടാക്കുന്ന കാലത്ത് വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുന്ന സാങ്കേതികവിദ്യ വികസിച്ചിരുന്നില്ലെന്നും ഇപ്പോള്‍ തിരുവിതാംകൂര്‍ തന്നെ ഇത്തരം സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലും മറ്റുപല രാജ്യങ്ങളിലും ഇതുപോലുള്ള കേസുകള്‍ ഉണ്ടായപ്പോള്‍ ഉള്ള വിധികള്‍ കൂടി അവതരിപ്പിച്ചുകൊണ്ടുള്ള സി.പി.യുടെ വാദം എല്ലാവരേയും അത്ഭുതപ്പെടുത്തി. അവസാനം വിധി പ്രഖ്യാപിച്ചു. അത് തിരുവിതാംകൂറിന് അനുകൂലമായിരുന്നു. മുല്ലപ്പെരിയാറിലെ വെള്ളം വൈദ്യുതി ഉല്പാദനത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന് അതോടെ തീരുമാനമായി. എന്നാല്‍ മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന്റെകാലാവധി 999 വര്‍ഷത്തേയ്ക്കെന്നത് സി.പി.യെ അലോസരപ്പെടുത്തി. ഈ കരാറിന്റെകാലാവധി കുറയ്ക്കാന്‍ സി.പി. ശ്രമം തുടങ്ങി. സ്വാതന്ത്ര്യലബ്ധി അടുത്തുവന്നപ്പോള്‍ ഈ കരാര്‍ റദ്ദാക്കാന്‍ അദ്ദേഹം ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭുവിനെ സമീപിച്ചു. അതിനിടയിലാണ് സി.പി.യ്ക്ക് വെട്ടേറ്റതും സ്വാതന്ത്ര്യലബ്ധിക്കുശേഷം അദ്ദേഹം തിരുവിതാംകൂര്‍ വിട്ടതും. സ്വാതന്ത്ര്യലബ്ധിയോടെ മദ്രാസ് സര്‍ക്കാര്‍ പഴയ ആവശ്യം വീണ്ടും ഉന്നയിച്ചു. മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാനുള്ള മദ്രാസിന്റെആവശ്യത്തില്‍ പല ദേശീയനേതാക്കളും കേരളത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു. 1970 മേയ് 29ന് കേരളവും മദ്രാസും തമ്മില്‍ ഇതുസംബന്ധിച്ച് കരാര്‍ ഉണ്ടാക്കി. സി. അച്ചുതമേനോന്‍ ആയിരുന്നു അന്ന് മുഖ്യമന്ത്രി. എന്തുകൊണ്ടാണ് ഇങ്ങനെ തീരുമാനത്തില്‍ അന്നത്തെ കേരള സര്‍ക്കാര്‍ എത്തിയെന്ന് ഇന്നും അജ്ഞാതമാണ്. ഇതേപ്പറ്റി ഭിന്നാഭിപ്രായങ്ങളാണ് ഇന്നുമുള്ളത്.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later