വിവിധ ഭാഷകളുടെ സംഗമഭൂമി കാസര്‍കോട് | |
വിസ്തൃതിയില്‍ | : 13-ാം സ്ഥാനം |
ജില്ലാരൂപീകരണം | : 1984 മേയ് 24 |
ജില്ലാആസ്ഥാനം | : കാസര്‍കോട് |
വിസ്തീര്‍ണം | : 1992 ച.കി.മീ. |
നിയമസഭാമണ്ഡലങ്ങള്‍ | : 5 (മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍) |
റവന്യൂ ഡിവിഷനുകള്‍ | : 1 |
താലൂക്കുകള്‍ | : 4 (കാസര്‍കോട്, ഹോസ്ദുര്‍ഗ്, മഞ്ചേശ്വരം, വെള്ളരിക്കുണ്ട്) |
വില്ലേജുകള്‍ | : 138 |
നഗരസഭകള്‍ | : 3 (കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം) |
ബ്ലോക്ക് പഞ്ചായത്തുകള്‍ | : 6 |
ഗ്രാമപഞ്ചായത്തുകള്‍ | : 38 |
ജനസംഖ്യ (2011) | : 1307375 |
പുരുഷന്മാര്‍ | : 628613 |
സ്ത്രീകള്‍ | : 678762 |
ജനസാന്ദ്രത | : 656 / ച.കി.മീ. |
സ്ത്രീപുരുഷ അനുപാതം | : 1080 / 1000 |
സാക്ഷരത | : 90.09 % |
പ്രധാന നദി |
: ചന്ദ്രഗിരിപ്പുഴ |
കാസരം (കാട്ടുപോത്ത്) + കോട് (പ്രദേശം) എന്നതില്‍ നിന്നാണ് "കാസര്‍കോട്' എന്ന പേര് ഉണ്ടായതെന്ന് പറയുന്നു.
കേരളത്തില്‍ ആദ്യമായി ആര്യസംസ്കാരം കടന്നുവന്നത് കാസര്‍കോട് വഴിയാണെന്ന് ഒരുവിഭാഗം ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജൈനബുദ്ധമതങ്ങളുടെ സംഗമഭൂമിയായിരുന്നു ഒരുകാലത്ത് ഇവിടം. കുമ്പളരാജവംശത്തിന്റെ ആസ്ഥാനം ഇവിടെയായിരുന്നു വിജയനഗരസാമ്രാജ്യത്തില്‍ നിന്നും പതിനാലാം നൂറ്റാണ്ടോടുകൂടി കാസര്‍കോട് ഇക്കേരിനായ്ക്കന്മാര്‍ക്ക് ലഭിച്ചു. 1645ല്‍ അധികാരം ഏറ്റ ശിവപ്പനായക്കന്‍ തന്റെ തലസ്ഥാനം ഇക്കേരിയില്‍ നിന്നും ബെഡന്നൂര്‍ എന്ന സ്ഥലത്തേക്കും മാറ്റി. ഇതോടെ അവര്‍ ബെഡന്നൂര്‍ നായ്ക്കന്മാര്‍ എന്ന പേരില്‍ അറിയപ്പെട്ടു. ശിവപ്പനായ്ക്ക് പണി കഴിപ്പിച്ച കോട്ടകളാണ് ചന്ദ്രഗിരി കോട്ടയും, ബേക്കല്‍ കോട്ടയും. 1763ല്‍ ഹൈദരാലി ബെഡനൂര്‍ കീഴടക്കി. പിന്നീട് ടിപ്പു അധികാരത്തില്‍ വന്നു. 1792ല്‍ ശ്രീരംഗപട്ടണം കരാറോടുകൂടിയാണ് ടിപ്പു കാസര്‍കോട് ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുത്തത്. 1862ലാണ് കാസര്‍കോട് താലൂക്ക് രൂപംകൊണ്ടത്. കന്നട ഭാഷയുടേയും സംസ്കാരത്തിന്റേയും സ്വാധീനമുള്ള ഈ ജില്ലയില്‍ യക്ഷഗാനത്തിനും പ്രചാരമുണ്ട്. വിവിധ മതങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അടുത്തടുത്ത് കാണാവുന്ന കാസര്‍കോടിനെ ദൈവങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രവുമായി ബന്ധം ഉണ്ടെന്ന് ഐതിഹ്യങ്ങള്‍ പറയുന്ന അനന്തപുരം ജലക്ഷേത്രം കാസര്‍കോടാണ്. മല്ലികാര്‍ജുനക്ഷേത്രം, കീഴൂര്‍ ശാസ്താക്ഷേത്രം, മാലിക് ദിനാര്‍ വലിയ ജുമാഅത്ത് പള്ളി, ബേക്കല്‍ കടല്‍ത്തീരം, കാപ്പില്‍ ബീച്ച്, വലിയ പറമ്പ കായല്‍, റാണിപുരം, മായിപ്പാടി കൊട്ടാരം തുടങ്ങിയവ കാസര്‍കോടാണ്. ചന്ദ്രഗിരിപ്പുഴയാണ് നീളമുള്ള നദി. ഫിറിയ, ഉപ്പള, മഞ്ചേശ്വരം, കാര്യങ്കോട് ഇവ മറ്റ് പുഴകളാണ്.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later