ഡച്ച് - കേരളം - ഇന്ത്യ - ലോകം (1604 മുതല്‍ 1795 വരെ)

പോര്‍ട്ടുഗീസില്‍ നിന്നും വാസ്കോഡിഗാമ കോഴിക്കോട് എത്തി 106 വര്‍ഷം കഴിഞ്ഞപ്പോള്‍ സുഗന്ധവ്യഞ്ജന വ്യാപാരത്തിന് ഡച്ചുകാര്‍ മലയാളക്കരയില്‍ എത്തുന്നു


  1. പോര്‍ട്ടുഗീസില്‍ നിന്നും വാസ്കോഡിഗാമ കോഴിക്കോട് എത്തി 106 വര്‍ഷം കഴിഞ്ഞപ്പോള്‍ സുഗന്ധവ്യഞ്ജന വ്യാപാരത്തിന് ഡച്ചുകാര്‍ മലയാളക്കരയില്‍ എത്തുന്നു...


    കുഞ്ഞാലി മരയ്ക്കാര്‍

    കുഞ്ഞാലി മരയ്ക്കന്മാരുടെ കുടുംബം ആദ്യം കൊച്ചിയിലും, പോര്‍ട്ടുഗീസുകാര്‍ അവിടെ എത്തിയശേഷം പൊന്നാനിയിലേയ്ക്കും പോയതായി പറയുന്നു. കടല്‍ കച്ചവടക്കാരായിരുന്ന ഇവര്‍ സാഹസികരായിരുന്നു. സാമൂതിരി ഇവരുടെ സേവനം പ്രയോജനപ്പെടുത്തി നാവികപ്പടയുടെ നായകന്മാരാക്കി. ഈ കുടുംബത്തിലെ പ്രശസ്തനായിരുന്നു കുട്ടി ആലി. അദ്ദേഹം പോര്‍ട്ടുഗീസുകാരുടെ മേധാവിത്വം തകര്‍ക്കാന്‍ കടലില്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ക്രമേണ കുട്ടി ആലി പോര്‍ട്ടുഗീസുകാരുടെ പേടിസ്വപ്നമായി മാറി.

    1528ല്‍ പോര്‍ട്ടുഗീസുകാര്‍, കുട്ടി ആലിയെ തടവിലാക്കി. ഇതേത്തുടര്‍ന്ന് കുട്ടി ആലിയുടെ മകന്‍ കുഞ്ഞാലി രണ്ടാമന്റെ നേതൃത്വത്തില്‍ നാവികപ്പട പുനഃസംഘടിപ്പിച്ചു. കുട്ടി ആലിയെക്കാള്‍ കനത്ത ആക്രമണമാണ് കുഞ്ഞാലി രണ്ടാമന്‍ പോര്‍ട്ടുഗീസുകാര്‍ക്ക് നേരെ അഴിച്ചുവിട്ടത്. കുഞ്ഞാലി മൂന്നാമന്റെ കാലത്തും മരയ്ക്കാര്‍ നാവികപ്പട പോര്‍ട്ടുഗീസുകാര്‍ക്ക് കനത്ത നാശനഷ്ടം ഉണ്ടാക്കിക്കൊണ്ടിരുന്നു. കുഞ്ഞാലി നാലാമന്റെ കാലത്ത് സാമൂതിരിയും കുഞ്ഞാലിയും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തെ മുതലെടുത്ത് പോര്‍ട്ടുഗീസുകാര്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞു. 1600ല്‍ സാമൂതിരി വന്‍പടയോടെ കുഞ്ഞാലിയുടെ കോട്ട ആക്രമിച്ചു. പോര്‍ട്ടുഗീസ് സേന സാമൂതിരിയെ രഹസ്യമായി സഹായിച്ചു. കുഞ്ഞാലിയുടെ നില പരുങ്ങലിലായി. അദ്ദേഹം സാമൂതിരിയോട് മാപ്പ് അപേക്ഷിച്ചു. കീഴടങ്ങിയ കുഞ്ഞാലിയെ സാമൂതിരി ചതിയിലൂടെ പോര്‍ട്ടുഗീസുകാരെ ഏല്പിച്ചു. അവര്‍ കുഞ്ഞാലി നാലാമനെ തടവുകാരനാക്കി ഗോവയിലേയ്ക്ക് കൊണ്ടുപോയി വധിച്ചു. മലബാറിലെ ആളുകളെ ഭയപ്പെടുത്താന്‍ കുഞ്ഞാലിയുടെ തല ഉപ്പിലിട്ട് പിന്നീട് കണ്ണൂരില്‍ കൊണ്ടുവന്നു പ്രദര്‍ശിപ്പിച്ചു.



    1604 നവംബര്‍
    കരകാണാക്കടലിലൂടെ മലബാറില്‍ എത്തിയ ഡച്ച് സംഘം

    ഈ കടലിന് അവസാനമില്ലേ?
    യാത്ര തുടങ്ങിയിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു.
    കരകാണാന്‍ ഇനി എത്രനാള്‍ കാത്തിരിക്കണം?

    ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി

    മണല്‍ നിറഞ്ഞ തീരവും അവിടെ വിഹരിക്കുന്ന ജീവികളും പച്ചമരങ്ങള്‍ക്കിടയില്‍ അരിച്ചിറങ്ങുന്ന സൂര്യപ്രകാശവുമെല്ലാം കാണാന്‍ കൊതിച്ചിട്ട് മാസങ്ങളായി. തുണിയില്‍ വരച്ചിട്ടുള്ള പടങ്ങള്‍ നിവര്‍ത്തി അതിനു മുന്നിലിരുന്ന് നാവികര്‍ ആലോചന തുടങ്ങി. ഇനി എന്തുവന്നാലും പിന്നോട്ടില്ല. ഒന്നുകില്‍ മരണം, അല്ലെങ്കില്‍ വിജയം എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ അവര്‍ ദൃഢനിശ്ചയം ചെയ്തു. നെതര്‍ലന്‍ഡില്‍ നിന്നും 1603 ഡിസംബറില്‍ തിരിച്ചതു മുതല്‍ ഡച്ച് സംഘം നേരിട്ടിട്ടുള്ള പ്രതിബന്ധങ്ങള്‍ ഏറെയാണ്. കടല്‍ജീവികളോടും കടല്‍ക്കൊള്ളക്കാരോടും എത്രയോ തവണ ഏറ്റുമുട്ടി. കൊടുങ്കാറ്റില്‍ കപ്പല്‍ സംഘം പലതവണ വട്ടംചുറ്റി. ശത്രുക്കളായ സ്പെയിന്‍, പോര്‍ട്ടുഗീസ് കപ്പല്‍ വ്യൂഹങ്ങളില്‍ നിന്നും അത്ഭുതകരമായിട്ടായിരുന്നു രക്ഷപ്പെട്ടിട്ടുള്ളത്. എല്ലാം സഹിച്ചു മുന്നേറാനുള്ള ആവേശം നല്കുന്നത് ഇന്ത്യയുടെ തെക്കേ ഭാഗത്തുള്ള മലബാര്‍ (കേരളം) ആണ്. അവിടമാണ് കുരുമുളകും ഇഞ്ചിയും ഏലവും കറുവാപ്പട്ടയുമെല്ലാം വിളയുന്ന സുഗന്ധവ്യഞ്ജന ഭൂമി. എത്രയും വേഗം അവിടെയെത്തുക, കച്ചവടത്തിനുള്ള കരാര്‍ ഉണ്ടാക്കുക അതാണ് യാത്രയുടെ മുഖ്യലക്ഷ്യം.

    ക്യാപ്റ്റന്‍ ഹൗട്ട്മാന്‍
    (Captain Houtman)

    ഇന്ത്യയുമായി കച്ചവടം നടത്താന്‍ 1595ല്‍ ക്യാപ്റ്റന്‍ ഹൗട്ട്മാന്‍ (Captain Houtman) ആണ് "ദി ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി' രൂപീകരിച്ചത്. പിന്നീട് ഇതുപോലെ മറ്റു കമ്പനികളുമുണ്ടായി. ഇതെല്ലാം ചേര്‍ത്താണ് "ദി യുണൈറ്റഡ് ഈസ്റ്റ് ഇന്ത്യാ കമ്പനി' 1602ല്‍ രൂപീകരിച്ചത്. അതിന്റെ ആഭിമുഖ്യത്തില്‍ അഡ്മിറല്‍ വാന്‍ഡര്‍ ഹാഗന്റെ (Admiral Steven Vander Haghen) നേതൃത്വത്തിലുള്ള കപ്പലുകളാണ് മലബാറിനെ ലക്ഷ്യമാക്കി നീങ്ങുന്നത്. ദി ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിക്കുന്നതിന് രണ്ടുവര്‍ഷം മുന്‍പ് ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അംഗീകാരം നല്കിയിരുന്നു. പക്ഷേ അതിന്റെ പ്രതിനിധികള്‍ ഇനിയും മലബാറില്‍ (കേരളത്തില്‍) എത്തിയിട്ടില്ല.

    അഡ്മിറല്‍ വാന്‍ഡര്‍ ഹാഗന്റെ
    (Admiral Steven Vander Haghen)

    യൂറോപ്പില്‍ നിന്നും കടല്‍മാര്‍ഗ്ഗം ഇന്ത്യയിലും കിഴക്കന്‍ നാടുകളിലുമെത്തുക എന്ന യൂറോപ്യന്‍ രാജാക്കന്മാരുടെ സ്വപ്നത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതിനു വഴിതെളിച്ച പ്രധാനസംഭവം തുര്‍ക്കികളുടെ ആക്രമണമാണ്. 1453ല്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റന്റിനോപ്പിള്‍ പിടിച്ചടക്കിയതോടെ യൂറോപ്പിലേക്കുള്ള വ്യാപാരത്തിന്റെ വാതിലുകള്‍ അടഞ്ഞു. കടലിലൂടെയും കരയിലൂടെയും യൂറോപ്യന്‍ വിപണിയിലെത്തിക്കൊണ്ടിരുന്ന ഇന്ത്യയിലെ തെക്കന്‍ പ്രദേശത്തുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ വരവു നിലച്ചത് അവിടത്തെ ജനങ്ങളുടെ ജീവിതത്തെ ബാധിച്ചു. കരയിലൂടെയല്ലാതെ കടലിലൂടെ യൂറോപ്പില്‍ നിന്നും ഇന്ത്യയിലെത്താനുള്ള ഒരു വഴി കണ്ടുപിടിക്കാന്‍ ഇതാണു പ്രേരണയായത്. സ്പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനുവേണ്ടി നാവികര്‍ക്ക് സഹായവും പ്രോത്സാഹനവും നല്കി. ഇതില്‍ ആദ്യം വിജയിച്ചത് സ്പെയിന്‍കാരും പോര്‍ട്ടുഗീസുകാരുമാണ്. 1492ല്‍ സ്പെയിനിന്റെ സഹായത്തോടെ ഇന്ത്യയിലെത്താന്‍ കടലിലിറങ്ങിയ നാവികനായ ക്രിസ്റ്റഫര്‍ കൊളംബസും സംഘവും അവസാനം എത്തിച്ചേര്‍ന്നത് വടക്കേ അമേരിക്കയുടെ കിഴക്കന്‍ തീരത്തുള്ള ദ്വീപിലായിരുന്നു. അതാണ് "ഇന്ത്യ" എന്ന് 1506-ല്‍ മരിക്കുന്നതുവരെ ക്രിസ്റ്റഫര്‍ കൊളംബസ് വിശ്വസിച്ചു. എന്നാല്‍ അമേരിഗോ വെസ്പൂച്ചിയാണ് യഥാര്‍ഥത്തില്‍ അമേരിക്ക പിന്നീട് കണ്ടുപിടിച്ചത്. 1498ല്‍ പോര്‍ട്ടുഗീസ് രാജാവായ ഇമ്മാനുവലിന്റെ സഹായത്തോടെ യാത്ര തിരിച്ച വാസ്കോഡഗാമയുടെ നേതൃത്വത്തിലുള്ള സംഘമാണ് കടലിലൂടെ ആഫ്രിക്കന്‍ മുനമ്പുചുറ്റി പിന്നീട് ഇന്ത്യയുടെ തെക്കുഭാഗത്തുള്ള മലബാറിലെ കോഴിക്കോട്ട് എത്തിയത്. ഈ സാഹസിക യാത്രയ്ക്ക് 317 ദിവസം എടുത്തു. ഈ സംഭവം ലോകചരിത്രത്തിലെ പുതിയ അധ്യായമായി മാറി. പടിഞ്ഞാറിനെ കിഴക്കുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാതയുടെ കണ്ടുപിടിത്തമാണ് പിന്നീട് ലോകത്തു നടന്ന എല്ലാ പ്രധാന ചരിത്രസംഭവങ്ങള്‍ക്കും കാരണമായി മാറിയത്.

    യൂറോപ്പ് എലിസബത്ത് രാജ്ഞിയുടെ കാലത്ത്

    പരസ്പരം യുദ്ധം ചെയ്തിരുന്ന മലബാറിലെ രാജാക്കന്മാരോട് പക്ഷംചേര്‍ന്നും കച്ചവടത്തിന് ഉടമ്പടികള്‍ ഉണ്ടാക്കിയും വലിയ കോട്ടകളും പണ്ടകശാലകളും കെട്ടിയും പട്ടാളത്തെ സംഘടിപ്പിച്ചും അവര്‍ മലബാറിനെ ചൊല്‍പ്പടിയില്‍ നിര്‍ത്തി. വാളും പരിചയും അമ്പും വില്ലും കുന്തവുമെല്ലാം ആയുധമാക്കി യുദ്ധം ചെയ്തിരുന്ന മലബാറിലെ രാജാക്കന്മാര്‍ക്ക് വലിയ പീരങ്കികളുടെയും തോക്കുകളുടെയും ആധുനിക രീതികള്‍ അഭ്യസിച്ചിട്ടുള്ള പോര്‍ട്ടുഗീസ് പട്ടാളം പേടിസ്വപ്നമായി മാറി.

    ക്രിസ്റ്റഫര്‍ കൊളംബസ്

    വ്യാപാരശാലകളുടെ സംരക്ഷണത്തിന് പോര്‍ട്ടുഗീസുകാര്‍ കൊച്ചിയില്‍ ഒരു വലിയ കോട്ട കെട്ടി. അതിന് അവരുടെ രാജാവിന്റെ ബഹുമാനാര്‍ഥം ഫോര്‍ട്ട് മാനുവല്‍ എന്നു നാമകരണം ചെയ്തു. 1503 സെപ്റ്റംബര്‍ 27ന് തറക്കല്ലിട്ട ഈ കോട്ടയാണ് ഇന്ത്യയില്‍ യൂറോപ്യന്മാര്‍ നിര്‍മ്മിച്ച ആദ്യകോട്ട. പിന്നീട് അവര്‍ കണ്ണൂരിലെ സെന്‍റ് ആന്‍ജലോ കോട്ട ഉള്‍പ്പെടെ മലബാറിന്റെ പലഭാഗത്തും കോട്ടകള്‍ പണിതു. കാലാകാലങ്ങളായി മലബാറില്‍ കച്ചവടത്തിലേര്‍പ്പെട്ടിരുന്ന അറബികളെ പിന്തള്ളി ആ രംഗം കൈയടക്കിയ പോര്‍ട്ടുഗീസുകാര്‍ കടലിന്റെ ആധിപത്യവും പിടിച്ചെടുത്തു. അവരെ എതിര്‍ത്ത മലബാറിലെ നാവികപ്പടയുടെ മേധാവിയായിരുന്ന കുഞ്ഞാലി മരയ്ക്കാര്‍ ഉള്‍പ്പെടെയുള്ളവരെ പോര്‍ട്ടുഗീസുകാര്‍ വധിച്ചു. മലബാറില്‍ വേരുറച്ച പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയുടെ ഗോവ ഉള്‍പ്പെടെയുള്ള മറ്റു സ്ഥലങ്ങളിലേക്കും വ്യാപിക്കാന്‍ തുടങ്ങി. എന്നാല്‍ നൂറുവര്‍ഷം കൊണ്ടു പോര്‍ട്ടുഗീസുകാരുടെ നടപടികളും ഭരണവും മലബാറിലെ ജനങ്ങള്‍ക്കു മടുത്തു. അഴിമതിയും മതത്തില്‍ അവര്‍ പിന്തുടര്‍ന്ന നയവുമാണ് ജനങ്ങള്‍ അവര്‍ക്കെതിരെ തിരിയാന്‍ പ്രധാന ഹേതുവായത്. ഈ സാഹചര്യത്തിലാണ് നെതര്‍ലന്‍ഡില്‍ നിന്ന് ഡച്ച് സംഘം മലബാറില്‍ കാലുകുത്തുന്നത്.



    ഡച്ചുകാരുടെ വരവ് അറബികള്‍ ഉള്‍പ്പെടെയുള്ള കച്ചവടക്കാരേയും രാജാക്കന്മാരേയും സന്തോഷിപ്പിക്കുന്നു.

    1604 നവംബര്‍ 11
    ഡച്ചുകാരും ഒരു ഇന്ത്യന്‍ രാജാവുമായി ആദ്യ ഉടമ്പടി ഒപ്പിടുന്നു

    ഡച്ചുകപ്പലുകള്‍ ആദ്യം നങ്കൂരമടിച്ചത് മലബാറിന്റെ (കേരളത്തിന്റെ) തെക്കേ അറ്റത്തുള്ള കണ്ണൂര്‍ കടപ്പുറത്താണ്. ഈ പ്രദേശം കോലത്തുനാട് അഥവാ കോലത്തിരി രാജാവിന്റെ കീഴിലാണ്.

    പോര്‍ട്ടുഗീസ് കപ്പിത്താനായ വാസ്ഗോഡിഗാമയും സംഘവും മലബാറില്‍ (കേരളത്തില്‍) എത്തിയിട്ട് ഇപ്പോള്‍ നൂറ്റിയാറ് വര്‍ഷം കഴിഞ്ഞു. ഗാമ വരുമ്പോള്‍ വടക്ക് കോലത്തിരി രാജ്യവും അതിനടുത്ത് കോഴിക്കോട്ടെ സാമൂതിരി രാജ്യവും മധ്യഭാഗത്ത് കൊച്ചിയും തെക്കേ അറ്റം വേണാടും ആയിരുന്നു കേരളത്തിലെ വലിയ രാജ്യങ്ങള്‍. ഇതുകൂടാതെ, ധാരാളം ചെറുകിട രാജാക്കന്മാരും പ്രഭുക്കന്മാരുടെ നാടുകളും ഉണ്ടായിരുന്നു. വലിയ രാജ്യങ്ങള്‍ പരസ്പരം യുദ്ധം ചെയ്ത് അധികാരം വിസ്തൃതമാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മലബാര്‍ മുഴുവന്‍ പിടിച്ചടക്കി "കേരള ചക്രവര്‍ത്തി" ആകാന്‍ സാമൂതിരി ശ്രമംതുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഒരു സാമൂതിരി (സാമൂതിരി എന്നത് തമ്പുരാന്റെ പൊതുപേരാണ്) അന്തരിച്ച് അടുത്ത ആള്‍ രാജാവ് ആകുമ്പോഴും ആ ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. സാമൂതിരി വടക്ക് കോലത്തുനാടിനെയും മധ്യഭാഗത്തുള്ള കൊച്ചിയേയും സൈനികബലം കൊണ്ടു നിയന്ത്രിച്ച് തെക്കുള്ള വേണാട് (തിരുവിതാംകൂര്‍) പ്രദേശങ്ങള്‍ ആക്രമിച്ച് കേരള ചക്രവര്‍ത്തിയാകാന്‍ കാത്തിരിക്കുമ്പോഴാണ് പോര്‍ട്ടുഗീസുകാര്‍ എത്തിയത്. അവരിലൂടെ തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാമെന്നു കരുതിയാണ് സാമൂതിരി അവരുമായി കരാറിലേര്‍പ്പെടാന്‍ തീരുമാനിച്ചത്. പക്ഷേ സാമൂതിരിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് പിന്നീട് പോര്‍ട്ടുഗീസുകാര്‍ കൊച്ചിയുമായി ഉടമ്പടി ഉണ്ടാക്കി. ക്രമേണ കൊച്ചിയുടെ ഭരണം തന്നെ പോര്‍ട്ടുഗീസുകാര്‍ നിയന്ത്രിക്കാന്‍ തുടങ്ങി. കൊച്ചിയില്‍ മാത്രമല്ല വടക്കേ അറ്റത്തുള്ള കോലത്തുനാട്ടില്‍ പോലും പോര്‍ട്ടുഗീസുകാര്‍ കോട്ട കെട്ടി വ്യാപാരം വിസ്തൃതമാക്കി.

    The arrival of Vasco de Gama in Malabar.

    പക്ഷേ, നൂറ്റിയാറു വര്‍ഷങ്ങള്‍ക്കുശേഷം ഡച്ചുകാര്‍ എത്തുമ്പോള്‍ കേരള (മലബാര്‍) ത്തിലെ ജനങ്ങളും രാജാക്കന്മാരും പോര്‍ട്ടുഗീസുകാരെ വെറുത്തു തുടങ്ങിയിരുന്നു. കൊച്ചിയുടെ അധികാരം നിയന്ത്രിക്കുന്ന പോര്‍ട്ടുഗീസുകാര്‍ക്ക് എതിരെ കൊടുങ്ങല്ലൂരില്‍ സാമൂതിരി രാജാവ് യുദ്ധത്തിന് ഏര്‍പ്പെട്ടിരുന്ന സമയത്താണ് നെതര്‍ലണ്ടില്‍ നിന്നും എത്തിയ ഡച്ച് സംഘം കോലത്തിരിയുടെ കണ്ണൂരിലെത്തിയത്. ഡച്ചുകാരുടെ വരവ് കേരളത്തിലെ രാജാക്കന്മാരെയും അറബികള്‍ ഉള്‍പ്പെടെയുള്ള കച്ചവടക്കാരെയും സന്തോഷിപ്പിച്ചു. ഡച്ച് അഡ്മിറല്‍ വാന്‍ഡര്‍ ഹാഗന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നങ്കൂരമടിച്ച ഡച്ചുകാരെ സഹായിക്കാന്‍ അറബി കച്ചവടക്കാരെത്തി. സാമൂതിരി രാജാവിനെ കാണുകയാണ് തങ്ങളുടെ അഭിലാഷമെന്ന് ഡച്ച് സംഘം അറിയിച്ചു. അധികം താമസിയാതെ സാമൂതിരി രാജാവിന്റെ പ്രതിനിധികളുമെത്തി. സാമൂതിരി പോര്‍ട്ടുഗീസുകാരുമായുള്ള യുദ്ധരംഗത്താണെന്നും, കൊടുങ്ങല്ലൂരില്‍വച്ച് അദ്ദേഹത്തെ കാണാന്‍ സൗകര്യം ചെയ്തു കൊടുക്കാമെന്നും അവര്‍ വാഗ്ദാനം ചെയ്തു. അഡ്മിറല്‍ വാന്‍ഡര്‍ ഹാഗന് സന്തോഷമായി. ഇതിനിടയില്‍ കണ്ണൂര്‍ കടലില്‍ പോര്‍ട്ടുഗീസ് അക്രമത്തിനെതിരെ ഡച്ചുകാര്‍ തിരിച്ചടി തുടങ്ങി. രണ്ട് യൂറോപ്യന്‍ ശക്തികളുടെ യുദ്ധരംഗം കാണാന്‍ കോലത്തിരി രാജാവ് ഉള്‍പ്പെടെ ധാരാളം പേര്‍ കടല്‍പ്പുറത്ത് എത്തി. പോര്‍ട്ടുഗീസുകാരുടേതു പോലെയുള്ള മുന്തിയ ആയുധങ്ങളാണ് ഡച്ചുകാരുടെയും കൈയിലുള്ളതെന്ന് അവര്‍ക്ക് മനസ്സിലായി. കണ്ണൂര്‍ കടല്‍ പോര്‍ക്കളമാക്കരുതെന്ന കോലത്തിരി രാജാവിന്റെ അഭ്യര്‍ഥന മാനിച്ച് ഡച്ചുകാര്‍ വെടിനിര്‍ത്തി. സംഗതി പന്തികേടാണെന്ന് മനസ്സിലാക്കിയ പോര്‍ട്ടുഗീസുകാരും ഒടുവില്‍ പിന്തിരിഞ്ഞു. ഡച്ചുസംഘം സാമൂതിരിയെ കാണാനുള്ള യാത്ര തുടര്‍ന്നു. വഴിയില്‍ പോര്‍ട്ടുഗീസുകാര്‍ ആക്രമണവും ഡച്ചുകാര്‍ തിരിച്ചടിയും തുടരുന്നു.

    അറബിക്കടലിലൂടെ നിങ്ങിയ ഡച്ച് സംഘം കൊടുങ്ങല്ലൂര്‍ കോട്ടയും തുറമുഖവും സ്ഥിതിചെയ്യുന്ന ചേറ്റുവാ ദ്വീപിലെത്തി. അവിടെയാണ് സാമൂതിരി രാജാവ് ക്യാമ്പ് ചെയ്യുന്നത്.

    ചുങ്കം ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ 1604 നവംബര്‍ 11ന് അഡ്മിറല്‍ വാന്‍ഡര്‍ ഹാഗന്‍ കടലില്‍ നിന്നും കരയ്ക്കെത്തി. തോക്കും വാളും ധരിച്ച ഇരുപത്തി അഞ്ചുപേര്‍ അഡ്മിറലിന് അകമ്പടി സേവിച്ചു. ആറു മലയാളികളെ ഉറപ്പിനായി ജാമ്യക്കാരായി ഡച്ച് കപ്പലുകളിലും സൂക്ഷിച്ചു. ഡച്ചുകാര്‍ സാമൂതിരി രാജാവിനെ കാണാന്‍ പോകുന്നതിന്റെ ആദരസൂചകമായി അവരുടെ കപ്പലുകളില്‍ നിന്നും വെടിശബ്ദം ഉയര്‍ന്നുകൊണ്ടിരുന്നു...

    ടുത്ത ദിവസമാണ് ഡച്ച് സംഘം സാമൂതിരി രാജാവിന്റെ മുന്നില്‍ എത്തിയത്. സമ്മാനങ്ങള്‍ കൈമാറുമ്പോള്‍ ആചാരവെടി ശബ്ദം ഉയര്‍ന്നു. 1604 നവംബര്‍ 11ന് അഡ്മിറല്‍ വാന്‍ഡര്‍ ഹാഗനും സാമൂതിരി രാജാവും തമ്മില്‍ ഉടമ്പടി ഒപ്പുവച്ചു. സമനിലയില്‍ ഒരു ഇന്ത്യന്‍ രാജാവും ഡച്ചുകാരും തമ്മില്‍ ഒപ്പിടുന്ന ആദ്യത്തെ കരാര്‍ ആണിത്. പോര്‍ട്ടുഗീസുകാരെ മലയാളക്കരയില്‍ നിന്നു മാത്രമല്ല ഇന്ത്യയില്‍ നിന്നുതന്നെ പുറത്താക്കണമെന്നാണ് ഡച്ചുകാരോട് സാമൂതിരി ആവശ്യപ്പെട്ടത്.



    ലോകത്തെമ്പാടും ഭാഷ, സാഹിത്യം, ശാസ്ത്രം വളരുന്ന കാലം.
    ശാസ്ത്രജ്ഞനായ ഗലീലിയോ ഗവേഷണം തുടരുന്നു.
    ലണ്ടനില്‍ വില്യം ഷേക്സ്പിയറുടെ നാടകങ്ങള്‍ അരങ്ങുതകര്‍ക്കുന്നു

    1604
    മാറുന്ന ലോകം ഇന്ത്യ കേരളം

    ഒരു ശതാബ്ദം മുന്‍പ് ക്രിസ്റ്റഫര്‍ കൊളംബസും, വാസ്കോഡിഗാമയും കടലിലൂടെ തുറന്നിട്ട പുതിയ പാതകളിലൂടെ അമേരിക്കന്‍ ഏഷ്യന്‍ ഭൂഖണ്ഡങ്ങളില്‍ എത്തിച്ചേര്‍ന്ന യൂറോപ്യന്‍ ശക്തികളുടെ പുതിയ വ്യാപാര ബന്ധങ്ങളും രാജ്യങ്ങള്‍ പിടിച്ചെടുക്കാനുള്ള യുദ്ധങ്ങളുമാണ് ഇപ്പോള്‍ ലോകത്തെ സജീവമാക്കുന്നത്.

    William Shakespeare

    ഇന്ത്യയില്‍ നിന്നു കൊണ്ടുപോയ സുഗന്ധവ്യഞ്ജനങ്ങള്‍ പോര്‍ട്ടുഗീസിനെയും, അമേരിക്കയില്‍ നിന്നുള്ള സ്വര്‍ണ്ണവും വെള്ളിയും സ്പെയിനിനെയും സമ്പന്നമാക്കുന്നു. ഇത് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അസൂയാലുക്കളാക്കുന്നു. കിഴക്കന്‍ രാജ്യങ്ങളുമായി കച്ചവടത്തിനുവേണ്ടി മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ വ്യാപാരികള്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ലോകത്തെമ്പാടും ഭാഷ, സാഹിത്യം, ശാസ്ത്രം എന്നിവ കൂടുതല്‍ വളര്‍ച്ച പ്രാപിക്കുന്ന കാലമാണിപ്പോള്‍ ലണ്ടനില്‍ വില്യം ഷേക്സ്പിയറുടെ നാടകങ്ങള്‍ അരങ്ങു തകര്‍ക്കുന്നു. ശാസ്ത്രജ്ഞനായ ഗലീലിയോ ദൂരദര്‍ശിനിയിലൂടെ നക്ഷത്രങ്ങളെയും പ്രപഞ്ചത്തെയും പറ്റിയുള്ള പഠനം തുടരുന്നു. ശാസ്ത്രത്തിന്‍െറ പുതിയ നിഗമനങ്ങള്‍ പൗരോഹിത്യവര്‍ഗ്ഗത്തെ ചൊടിപ്പിച്ചു കൊണ്ടുമിരിക്കുന്നു.

    Shakespeare's Theatre

    1604 ഡച്ച് സംഘത്തിലെ നേതാവ് അഡ്മിറല്‍ വാന്‍ഡര്‍ ഹാഗന്‍ മലബാറി (കേരളം)ലെത്തി, കോഴിക്കോട് സാമൂതിരിയുമായി ആദ്യ കരാര്‍ ഒപ്പിടുമ്പോള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ഇന്ത്യയിലെ പ്രധാന സ്ഥലങ്ങള്‍ ഭരിച്ചിരുന്നത്, പ്രതാപശാലിയായ അക്ബര്‍ ചക്രവര്‍ത്തിയായിരുന്നു. 1605ല്‍ അദ്ദേഹം മരിച്ചപ്പോള്‍ മകന്‍ ജഹാംഗീര്‍ മുഗള്‍ചക്രവര്‍ത്തിയായി. അക്ബറിന്റെ സമകാലികയായിരുന്ന ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി 1603ല്‍ ആണ് അന്തരിച്ചത്. ഇതേത്തുടര്‍ന്ന് ജെയിംസ് ഒന്നാമന്‍ ഇംഗ്ലണ്ടിലെ രാജാവായി. എലിസബത്തിന്റെ കാലത്ത് അംഗീകാരം നല്കിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യ ഉള്‍പ്പെടെയുള്ള കിഴക്കന്‍ രാജ്യങ്ങളുമായി കച്ചവടം നടത്താനുള്ള തയ്യാറെടുപ്പുകളിലാണിപ്പോള്‍



    പോര്‍ട്ടുഗീസുകാരെ മലബാറില്‍ നിന്നല്ല ഇന്ത്യയില്‍ നിന്നുപോലും ഡച്ചുകാര്‍ ഓടിക്കുമെന്നാണ് സാമൂതിരിയുടെ പ്രതീക്ഷ.

    1604 നവംബര്‍
    കേരളചക്രവര്‍ത്തിയാകാന്‍ വീണ്ടും
    മോഹവുമായി സാമൂതിരി രാജാവ്

    ഡച്ച് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സാമൂതിരി രാജാവുമായി ആദ്യ കരാറില്‍ ഒപ്പിട്ട അഡ്മിറല്‍ വാന്‍ഡര്‍ ഹാഗന്റെ പ്രധാന ചുമതല പോര്‍ട്ടുഗീസുകാരില്‍ നിന്നും കേരളത്തെ മോചിപ്പിക്കുക എന്നതായിരുന്നു. സാമൂതിരി ഡച്ച് സംഘത്തില്‍ വളരെയധികം പ്രതീക്ഷയാണ് അര്‍പ്പിച്ചത്.

    പോര്‍ട്ടുഗീസുകാര്‍ക്ക് തുല്യമായ യുദ്ധോപകരണങ്ങളും പരിശീലനം സിദ്ധിച്ച യുദ്ധവീരന്മാരും ഡച്ചുകാര്‍ക്ക് ഉണ്ടായിരുന്നതാണ് സാമൂതിരിക്ക് പ്രതീക്ഷ നല്കിയത്. ഉടമ്പടികളില്‍ സാമൂതിരിയെ മലബാറിന്റെ ചക്രവര്‍ത്തി (Emperor) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, ആദ്യം പോര്‍ട്ടുഗീസുകാരും അവരെ തുടര്‍ന്ന് ഡച്ചുകാരും വന്നപ്പോഴും 'കേരള ചക്രവര്‍ത്തി' സ്ഥാനം മോഹിച്ചു കഴിയുകയായിരുന്ന സാമൂതിരിക്ക് ആ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് യാഥാര്‍ഥ്യം. മാത്രവുമല്ല, സാമൂതിരിയുടെ മോഹം അടുത്തെങ്ങും നടക്കുമെന്നു തോന്നുന്നുമില്ല. കാരണം, കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇപ്പോള്‍ സാമൂതിരിക്ക് എതിരാണ്. ഒരുഭാഗത്ത്, അതിശക്തരായ പോര്‍ട്ടുഗീസുകാരും അവരുടെ കൈപ്പിടിയിലമര്‍ന്ന മറ്റു നാട്ടുരാജ്യങ്ങളും; തെക്കന്‍ കേരളത്തില്‍ ശക്തിയാര്‍ജിച്ചു കൊണ്ടിരിക്കുന്ന മറ്റു നാട്ടുരാജ്യങ്ങളാകട്ടെ സാമൂതിരിയുടെ മേധാവിത്വം അംഗീകരിക്കാന്‍ തയ്യാറുമല്ല. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഭാരതപ്പുഴയുടെ തീരത്ത്



    കേരളത്തിന്റെ യുദ്ധോപകരണങ്ങളായ അമ്പും വില്ലും കുന്തവും ആനയും തോക്കിനും, പീരങ്കിയ്ക്കും കുതിരയ്ക്കും വഴിമാറുന്നു.

    1604
    കേരളം: പോര്‍ട്ടുഗീസുകാര്‍ മുതല്‍ ഡച്ചുകാര്‍ വരെ


    ഡച്ചുകാരുടെ വരവോടുകൂടി, കേരളത്തിലെ യൂറോപ്യന്‍ ശക്തികളുടെ എണ്ണം രണ്ടായി. ആദ്യം എത്തിയ പോര്‍ട്ടുഗീസുകാര്‍ മുതല്‍ ഡച്ച് അഡ്മിറല്‍ വാന്‍ഡര്‍ ഹാഗന്‍ സാമൂതിരി രാജാവുമായി കരാര്‍ ഒപ്പിടുന്നതു വരെയുള്ള 106 വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തിന്റെ രാഷ്ട്രീയസാമൂഹ്യവാണിജ്യരംഗത്ത് പല മാറ്റങ്ങളുമുണ്ടായി. പോര്‍ട്ടുഗീസുകാരുടെ വരവിനു മുന്‍പ് കേരളത്തിന്റെ വാണിജ്യബന്ധം അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ വഴിയായിരുന്നുവെങ്കില്‍ അത് പിന്നീട് യൂറോപ്പിലേക്കു വ്യാപിക്കുകയും ഉല്പന്നങ്ങള്‍ക്കു കൂടുതല്‍ വില ലഭിക്കാന്‍ സഹായകമാകുകയും ചെയ്തു. അതോടൊപ്പം തന്നെ യൂറോപ്പിലുള്ള പല സാധനങ്ങളും കേരളത്തില്‍ പ്രചരിക്കാനും തുടങ്ങി. പോര്‍ട്ടുഗീസുകാര്‍ പുതിയ പള്ളികളും, കൊട്ടാരങ്ങളും നിര്‍മ്മിച്ചത് അവരുടെ വാസ്തുശില്പരീതിയിലായിരുന്നു. അത്, യൂറോപ്യന്‍ വാസ്തുശില്പരീതി കേരളത്തില്‍ പ്രചരിക്കുന്നതിനു സഹായകമായി. യുദ്ധരംഗത്താണ് വലിയ മാറ്റം ഉണ്ടായത്. അമ്പും വില്ലും കുന്തവും ആനയും കാലാള്‍പ്പടയും ഉപയോഗിച്ചായിരുന്നു കേരളീയ രാജാക്കന്മാര്‍ മുമ്പ് യുദ്ധം നടത്തിയിരുന്നത്.

    പോര്‍ട്ടുഗീസുകാരുടെ തോക്കും പീരങ്കിയും വെടിമരുന്നും കുതിരയുമെല്ലാം തങ്ങളുടേതിനേക്കാള്‍ എത്രയോ ശക്തമാണെന്ന് രാജാക്കന്മാര്‍ക്കു മനസ്സിലായി. അതോടെ, തോക്ക് നിര്‍മ്മിക്കാനും ഉപയോഗിക്കാനും രാജാക്കന്മാര്‍ പടയാളികളെ പരിശീലിപ്പിക്കാന്‍ തുടങ്ങി.പോര്‍ട്ടുഗീസുകാര്‍ മതപഠനത്തിനായി ആരംഭിച്ച സെമിനാരികള്‍ വഴി പോര്‍ട്ടുഗീസ് ലത്തീന്‍ ഭാഷകളുമായി മലയാളത്തിനുള്ള സമ്പര്‍ക്കത്തിന് കാരണമായി. കശുവണ്ടി, പുകയില, അത്തിക്ക, പേരയ്ക്ക, കൈതച്ചക്ക, പപ്പായ തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങള്‍ കേരളത്തില്‍ കൊണ്ടുവന്നത് പോര്‍ട്ടുഗീസുകാരാണ്. പക്ഷേ, പോര്‍ട്ടുഗീസുകാരുടെ മതനയവും അതില്‍ നിന്നുണ്ടായ ഭിന്നിപ്പുകളും ഉദ്യോഗസ്ഥരുടെ അഴിമതിയുമെല്ലാം ജനങ്ങളില്‍ അവരോട് എതിര്‍പ്പും, വെറുപ്പും സൃഷ്ടിച്ചു. പരസ്പരം ശത്രുക്കളായിരുന്ന കേരളീയ രാജാക്കന്മാര്‍ക്ക് എല്ലാവര്‍ക്കും തന്നെ പോര്‍ട്ടുഗീസുകാരോട് വിദ്വേഷം തോന്നിയ സമയത്താണ് ഡച്ചുകാരുടെ ആഗമനം.

    ഡച്ചുകാര്‍ വരുമ്പോഴും കേരളത്തിലെ രാഷ്ട്രീയസ്ഥിതി ഏതാണ്ട് പോര്‍ട്ടുഗീസുകാര്‍ വരുമ്പോഴത്തെ പോലെ തന്നെയായിരുന്നു. ആ സമയത്തും കേരളത്തില്‍ പ്രധാനമായും നാലു വലിയ രാജാക്കന്മാരും, അവരുടെ സാമന്തന്മാരും, ഇതുകൂടാതെ സ്വതന്ത്രാധികാരമുള്ള ചെറിയ ചെറിയ നാട്ടുരാജ്യങ്ങളും മാത്രമാണുണ്ടായിരുന്നത്.



top