പോര്‍ട്ടുഗീസില്‍ നിന്നും വാസ്കോഡിഗാമ കോഴിക്കോട് എത്തി 106 വര്‍ഷം കഴിഞ്ഞപ്പോള്‍ സുഗന്ധവ്യഞ്ജന വ്യാപാരത്തിന് ഡച്ചുകാര്‍ മലയാളക്കരയില്‍ എത്തുന്നു
ഡച്ചുകാരേയും പോര്‍ട്ടുഗീസുകാരേയും ഞെട്ടിപ്പിച്ചുകൊണ്ട് കേരളത്തില്‍ ഇംഗ്ലീഷുകാര്‍ എത്തുന്നു
യൂറോപ്പ്യന്‍ ശക്തികളുടെ പോര്‍ക്കളമായി കേരളം മാറാന്‍ പോകുന്നു.
1613ന്റെ ആരംഭത്തില്‍ സൂററ്റില്‍ ഒരു കോട്ട കെട്ടാന്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ജഹാംഗീര്‍ ചക്രവര്‍ത്തി അനുവാദം നല്‍കിയതോടെ അവര്‍ക്ക് ഇന്ത്യയില്‍ ഭാഗ്യനക്ഷത്രം ഉദിച്ചു. ഈ സമയത്ത് ഡച്ചുകാര്‍ ഇന്ത്യയുടെ ചില ഭാഗത്ത് ഫാക്ടറികള്‍ സ്ഥാപിച്ചിരുന്നു.
ഇംഗ്ലീഷുകാര്‍ കേരളത്തിലെത്തരുതെന്ന് ഡച്ചുകാരും പോര്‍ട്ടുഗീസുകാരും ഒരുപോലെ ആഗ്രഹിച്ചുവെങ്കിലും 1616 മാര്‍ച്ച് നാലിന് ക്യാപ്റ്റന്‍ കിലിംങിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് കപ്പല്‍വ്യൂഹം കോഴിക്കോട്ടെത്തി. അതിലൊന്നിലാണ് സര്‍ തോമസ് റോ ഉണ്ടായിരുന്നത്. ഇംഗ്ലണ്ടിലെ രാജാവ് ജെയിംസ് ഒന്നാമന്റെ പ്രതിനിധിയായി മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെ കൊട്ടാരത്തില്‍ സ്ഥാനപതിയാകാനാണ് അദ്ദേഹം വന്നിരിക്കുന്നത്. സാമൂതിരിയുമായി ക്യാപ്റ്റന്‍ കിലിങ് സംഭാഷണം നടത്തി. അങ്ങനെ, പോര്‍ട്ടുഗീസുകാര്‍ക്കും ഡച്ചുകാര്‍ക്കും പുറമേ കേരളത്തിലേക്ക് മൂന്നാമത്തെ യൂറോപ്യന്‍ ശക്തിയുടെ കൂടി പ്രവേശനത്തിന്റെ തുടക്കമായി.
ഡച്ചുകാര്‍ക്കു നല്‍കിയതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങളാണ് സാമൂതിരി ഇംഗ്ലീഷുകാര്‍ക്ക് വാഗ്ദാനം ചെയ്തത്. പോര്‍ട്ടുഗീസുകാരുടെ വകയായ കൊടുങ്ങല്ലൂര്‍ കോട്ട പിടിച്ചെടുത്താല്‍ അത്ഇംഗ്ലീഷുകാര്‍ക്ക് നല്‍കാമെന്നു പോലും സാമൂതിരിസമ്മതിച്ചു. സാമൂതിരിയും കിലിങും ഉടമ്പടി ഒപ്പുവച്ചു. പൊന്നാനിയിലും കോഴിക്കോട്ടും പണ്ടകശാല തുറക്കാന്‍ ഏതാനും പേരെ നിര്‍ത്തിയശേഷം ഇംഗ്ലീഷ് കപ്പലുകള്‍ തിരിച്ചുപോയി. പോര്‍ട്ടുഗീസുകാരെ തുരത്താന്‍ ഡച്ചുകാരുടെയും ഇംഗ്ലീഷുകാരുടെയും സഹായം കിട്ടുമെന്ന പ്രതീക്ഷയിലാണ് സാമൂതിരി ഇപ്പോള്‍.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later