പോര്‍ട്ടുഗീസില്‍ നിന്നും വാസ്കോഡിഗാമ കോഴിക്കോട് എത്തി 106 വര്‍ഷം കഴിഞ്ഞപ്പോള്‍ സുഗന്ധവ്യഞ്ജന വ്യാപാരത്തിന് ഡച്ചുകാര്‍ മലയാളക്കരയില്‍ എത്തുന്നു
എത്രയെത്ര ജാതികള്‍
ആചാരങ്ങള്‍
വിവാഹരീതികള്‍
മറക്കുട പിടിച്ച് പുറത്തേയ്ക്ക് പോകുന്ന നമ്പൂതിരി സ്ത്രീകള്‍
അങ്കംവെട്ടി തീരുമാനം കല്പിക്കല്‍
Southern Asia and the East Indies in the
17th and 18th Centuries
ഇന്ത്യയില്‍ പോര്‍ട്ടുഗീസുകാരുടെ അധീനതയിലുള്ള ഗോവ പിടിച്ചെടുക്കുകയാണ് ഡച്ചുകാരുടെ ലക്ഷ്യം. ഇംഗ്ലീഷുകാരും വെറുതേയിരുന്നില്ല. ഇന്ത്യയിലെ ഭൂരിപക്ഷം പ്രദേശങ്ങളും അടക്കി ഭരിക്കുന്ന മുഗള്‍ സാമ്രാജ്യവുമായി കരാര്‍ ഉണ്ടാക്കി കൂടുതല്‍ കച്ചവടകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ അവര്‍ ഓടിനടക്കുകയാണിപ്പോള്‍
പോര്‍ട്ടുഗീസുകാര്‍ വന്നതിനുശേഷം ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യസ്ഥിതിയ്ക്ക് ഡച്ചുകാരും ഇംഗ്ലീഷുകാരും എത്തുമ്പോഴും വലിയ മാറ്റം ഉണ്ടായില്ല. നാടുവാഴികള്‍ (രാജാക്കന്മാര്‍) ഭരിച്ചിരുന്ന ഒട്ടേറെ രാജ്യങ്ങളായി അന്നും കേരളം ചിതറിക്കിടന്നിരുന്നു. ഒരു ഏകീകൃത ഭരണമോ, നിയമമോ ഉണ്ടായിരുന്നില്ല. നാടുവാഴികള്‍ക്ക് വിപുലമായ അധികാരങ്ങളുണ്ടായിരുന്നു. എന്നാല്‍ പൗരകാര്യങ്ങള്‍ക്കുവേണ്ടി സംഘടിപ്പിച്ചിരുന്ന നായന്മാരുള്‍പ്പെട്ട 'തറക്കൂട്ടങ്ങള്‍ ' നാടുവാഴികളുടെ ഭരണത്തെ ഒരു പരിധിവരെ നിയന്ത്രിച്ചിരുന്നു. കടല്‍ച്ചുങ്കമായിരുന്നു നാടുവാഴികളുടെ പ്രധാന വരുമാന മാര്‍ഗ്ഗം.
യുദ്ധാവസരങ്ങളില്‍ മാടമ്പിമാരാണ് നാടുവാഴികള്‍ക്ക് സൈനികസഹായം നല്കിയത്. ഇവരുടെ കീഴില്‍ യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കുന്ന കളരികള്‍ നാടുനീളെ ഉണ്ടായിരുന്നു. വടക്കന്‍ കേരളത്തില്‍ തീയരും സൈനികവൃത്തി സ്വീകരിച്ചിരുന്നു. കളരിയില്‍ സ്ത്രീകള്‍ക്കും പരിശീലനം നല്കിയിരുന്നു. രണ്ടു കക്ഷികള്‍ തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായാല്‍ അങ്കം വെട്ടി കാര്യം തീരുമാനിക്കുന്ന പതിവുണ്ടായിരുന്നു. കക്ഷികള്‍ നേരിട്ട് അങ്കം വെട്ടേണ്ട കാര്യമില്ലായിരുന്നു. പകരം, ഇതിനുവേണ്ടി പരിശീലനം ലഭിച്ച പോരാളികളായിരിക്കും പ്രതിഫലം സ്വീകരിച്ച് അങ്കം വെട്ടുന്നത്. ഇതിന് നാടുവാഴികളുടെ അനുവാദം ആവശ്യമായിരുന്നു. അങ്കം വെട്ടി മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്കുമായിരുന്നു. ജാതിയിലധിഷ്ഠിതമായിരുന്നു അന്നത്തെ സമൂഹം. കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയും ജാതിയുടെ അടിസ്ഥാനത്തിലായിരുന്നു. മരണശിക്ഷയ്ക്കു വിധിക്കപ്പെടുന്ന ആളിന്റെ ശരീരം രണ്ടായി മുറിച്ച് കഴുവിലേറ്റുന്നതായിരുന്നു പതിവ്.
പുലയര്‍, മണ്ണാന്‍മാര്‍ തുടങ്ങിയ താണ ജാതിയില്‍പ്പെട്ടവര്‍ക്ക് ചില പ്രത്യേക മാസങ്ങളില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട സ്ത്രീകളെ രാത്രികാലങ്ങളില്‍ അപഹരിക്കാന്‍ അനുവാദം നല്‍കിയിരുന്ന 'പുലപ്പേടി', 'മണ്ണാപ്പേടി' തുടങ്ങിയ ആചാരങ്ങളും അന്ന് നിലവിലുണ്ടായിരുന്നു. ഇങ്ങനെ, പല വിധത്തിലുള്ള സാമൂഹ്യ ആചാരങ്ങളും വ്യവസ്ഥിതികളും നിലനിന്നിരുന്ന കേരളക്കരയിലാണ് പോര്‍ട്ടുഗീസുകാര്‍ക്കു ശേഷം ഡച്ചുകാരും ഇംഗ്ലീഷുകാരും എത്തിയിരിക്കുന്നത്. ഇതെല്ലാം ഡച്ചുകാര്‍ക്ക് കൗതുക കാഴ്ചകളായിരുന്നു.
ഒരുകാലത്ത് കേരളത്തിലെ നായര്‍സ്ത്രീകളുടെ പേടിസ്വപ്ന മായിരുന്നു പുലപ്പേടിയും മണ്ണാപ്പേടിയും. ഒരു നിശ്ചിത മാസത്തില്‍ രാത്രികാലങ്ങളില്‍ നായര്‍ സ്ത്രീകളെ തൊട്ട് ഭ്രഷ്ടരാക്കി സ്വന്തമാക്കാനുള്ള അവകാശം മണ്ണാന്മാര്‍ക്കും, പുലയര്‍ക്കും ഉണ്ടായിരുന്നു. സന്ധ്യ കഴിഞ്ഞാല്‍ ഇത് തടയാന്‍ നായര്‍ ഭവനങ്ങളില്‍ പ്രത്യേക കാവലേര്‍പ്പെടുത്തിയിരുന്നു. ആചാരം പേടിച്ച് സ്ത്രീകള്‍ രാത്രി പുറത്തിറങ്ങാറില്ലായിരുന്നു. പറമ്പത്ത് ഒളിച്ചിരിക്കുന്ന താണജാതിയില്‍പ്പെട്ട പുരുഷന്മാര്‍ വീടിനുപുറത്ത് ഇറങ്ങുന്ന സ്ത്രീകളെ സ്പര്‍ശിക്കുകയോ, കല്ലോ കമ്പോ കൊണ്ട് എറിഞ്ഞു കൊള്ളിക്കുകയോ ചെയ്തശേഷം 'കണ്ടേ കണ്ടേ' എന്നുവിളിച്ചു പറയുന്നതോടെ ഭ്രഷ്ടായി. പിന്നീട് ആ സ്ത്രീ മണ്ണനോടോ പുലയനോടോ ആജീവനാന്തം താമസിക്കണം. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ അവളെ ബന്ധുക്കള്‍ ചേര്‍ന്നുതന്നെ വധിക്കുമായിരുന്നു. എന്നാല്‍ ഈ ആചാരത്തിന് ചില വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിരുന്നു. തനിച്ച് സഞ്ചരിക്കുന്നതോ, വീട്ടിനു പുറത്ത് ഇറങ്ങുന്ന സ്ത്രീകളെ മാത്രമേ ഇത്തരത്തില്‍ ഭ്രഷ്ടാക്കി സ്വന്തമാക്കാന്‍ അവകാശം ഉണ്ടായിരുന്നുള്ളൂ. മൂന്നുവയസ്സെങ്കിലും പ്രായമുള്ള ആണ്‍കുട്ടി ഒപ്പം ഉണ്ടെങ്കില്‍ അവരെ ഭ്രഷ്ടരാക്കാന്‍ പാടില്ല. ഗര്‍ഭിണിയായ സ്ത്രീയാണ് ഭ്രഷ്ടായതെങ്കില്‍ പ്രസവം കഴിഞ്ഞേ അവളെ സ്വന്തമാക്കാന്‍ പാടുള്ളൂ. പ്രത്യേകം പുരകെട്ടി അവളെ അവിടെ സൂക്ഷിയ്ക്കും. പ്രസവിക്കുന്നത് ആണ്‍കുട്ടി ആണെങ്കില്‍ അവള്‍ക്ക് ഭ്രഷ്ട് ഉണ്ടാകില്ല.
കുടുംബപ്രശ്നങ്ങളില്‍ മുഗള്‍ചക്രവര്‍ത്തി ഷാജഹാന്‍.
ആഭ്യന്തരലഹള നേരിടുന്ന ഇംഗ്ലണ്ടിലെ രാജാവ് ചാള്‍സ് ഒന്നാമന്‍.
മദ്രാസില്‍ ഇംഗ്ലീഷുകാര്‍ കോട്ടകെട്ടുന്നു.
ഇരവിക്കുട്ടിപ്പിള്ളയുടെ അന്ത്യം.
വിഴിഞ്ഞത്ത് ഇംഗ്ലീഷ് ഫാക്ടറി.
1625ല്‍ ഇംഗ്ലണ്ടിലെ രാജാവ് ജെയിംസ് ഒന്നാമനും, 1627ല്‍ ഇന്ത്യയിലെ പ്രതാപശാലിയായ മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറും അന്തരിച്ചു. ഇതേത്തുടര്‍ന്ന് അധികാരത്തില്‍ വന്ന ഇംഗ്ലണ്ടിലെ ചാള്‍സ് ഒന്നാമനും അവിടത്തെ പാര്‍ലമെന്‍റും തമ്മിലുള്ള ശീതസമരം രൂക്ഷമായിരുന്നു. ഇന്ത്യയില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ നേരിടുന്നത് കുടുംബപ്രശ്നങ്ങളാണ്. പുതിയ സാഹചര്യം കച്ചവടകേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാന്‍ ഡച്ചുകാര്‍ക്കും, ഇംഗ്ലീഷുകാര്‍ക്കും സഹായകരമായി. ഈ സമയം പോര്‍ട്ടുഗീസ് ശക്തി ഇന്ത്യയില്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ഇന്ത്യയിലെ ഭരണകേന്ദ്രമായ ഗോവയിലാണ് ഡച്ചുകാരുടെ കണ്ണ്.
ഇംഗ്ലീഷുകാര്‍ 1636ല്‍ കൊച്ചിയില്‍ നിന്നും കുരുമുളക് ഇംഗ്ലണ്ടിലേക്കു കയറ്റുമതി ചെയ്തത് ഡച്ചുകാര്‍ക്ക് അങ്കലാപ്പ് സൃഷ്ടിച്ചു. 1630 മുതല്‍ മൂന്ന് ദശാബ്ദക്കാലം ചോളമണ്ഡലത്തില്‍ ഡച്ചുകാരുടെ വളര്‍ച്ചയുടെ കാലമായിരുന്നു. ഇതിനിടയിലാണ് ഡച്ചുകാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഫ്രാന്‍സിസ് ഡേ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി 'മദ്രാസ് ' എന്ന സ്ഥലം വിലയ്ക്കുവാങ്ങി പണ്ടികശാല സ്ഥാപിച്ചത്. അതിനുചുറ്റും അവര്‍ വലിയ കോട്ടകള്‍ കെട്ടി. അതിന് ഫോര്‍ട്ട് സെന്‍റ് ജോര്‍ജ് എന്ന് പിന്നീട് നാമകരണം ചെയ്തു. ഇന്ത്യയിലെ ഇംഗ്ലീഷുകാരുടെ ഭാഗ്യപടിവാതിലായി ഈ കോട്ട മാറുന്നു.
പോര്‍ട്ടുഗീസുകാരെ അമര്‍ച്ച ചെയ്ത് മലബാറിലെ കുരുമുളകു കുത്തകയുടെ ആധിപത്യം കരസ്ഥ മാക്കുകയായിരുന്നു ഡച്ചുകാരുടെ ലക്ഷ്യം. 1645ല്‍ പോര്‍ട്ടുഗീസ് സ്പെയിനിന്റെ ഭാഗമായിരുന്നു. അതോടെയാണ് പോര്‍ച്ചുഗലിന്റെ ശക്തിക്ഷയം തുടങ്ങിയത്. എന്നാല്‍, ഇതിനിടയിലാണ് സ്പാനിഷ് ആധിപത്യത്തില്‍ നിന്നും പോര്‍ട്ടുഗീസ് മോചനം പ്രാപിച്ച വാര്‍ത്ത ഇന്ത്യയിലെത്തിയത്. അത് ഡച്ചുകാരെ നിരാശപ്പെടുത്തിയെങ്കിലും ഗോവ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളുമായി അവര്‍ മുന്നോട്ടുപോയി. 1639ല്‍ ഡച്ചുകാര്‍ ഗോവ നോട്ടമിട്ടു തുടങ്ങിയതാണെങ്കിലും പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ അവരുടെ ശ്രദ്ധാകേന്ദ്രം സിലോണ്‍ ആയി. അവിടെ നിന്നും പോര്‍ട്ടുഗീസുകാരെ തുരത്തിയാല്‍ അവരുടെ ഇന്ത്യന്‍ വ്യാപാരത്തെ തകര്‍ക്കാന്‍ കഴിയുമെന്ന് ഡച്ചുകാര്‍ കണക്കുകൂട്ടി. ഈ സമയത്ത്, കേരളത്തിന്റെ തെക്കേ അറ്റത്തുള്ള വേണാട്ടിലെ സംഭവവികാസങ്ങള്‍ ഡച്ചുകാരില്‍ ആശങ്കയുണര്‍ത്തി. വിജയനഗര സാമ്രാജ്യത്തിന്റെ അസ്തമയത്തോടെ ശക്തരായിത്തീര്‍ന്ന മധുരയിലെ തിരുമലനായിക്കന്റെ വേണാട് ആക്രമണവും മധുരപ്പടയെ തടുക്കാന്‍ ഇറങ്ങിത്തിരിച്ച ഇരവിക്കുട്ടിപ്പിള്ളയുടെ അന്ത്യവും ഈ കാലഘട്ടത്തിലായിരുന്നു (1634). നായ്ക്കന്റെ ആക്രമണം കാരണം നാഞ്ചിനാട് പ്രദേശങ്ങള്‍ അനാഥമായി. ഒരു വ്യാപാരശാല (ഫാക്ടറി) സ്ഥാപിക്കാന്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി വേണാട് രാജാവ് രവിവര്‍മ്മയെ സമീപിച്ചത് ഈ സമയത്താണ്. 1644ല്‍ വിഴിഞ്ഞത്ത് സ്ഥാപിച്ച ഈ ഇംഗ്ലീഷ് വ്യാപാരശാല ഡച്ചുകാരുടെ ഉറക്കം കെടുത്തി.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later