ബ്രിട്ടീഷുകാര്‍ നേരിട്ട് ഭരിച്ച മലബാറില്‍ തുടക്കം കുറിച്ച പ്രാദേശിക ഭരണസമ്പ്രദായം ആണ് അവിടങ്ങളിലെ പരിമിതമായ തോതിലുള്ള ജനാധിപത്യത്തിന്റെ തുടക്കം. 1865ലെ മദിരാശി നഗരവികസന നിയമം അനുസരിച്ച് കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, പാലക്കാട്, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളില്‍ 1866ലും 1867ലും മുന്‍സിപ്പാലിറ്റികള്‍ നിലവില്‍ വന്നു. സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തന മേല്‍നോട്ടം ക്രമേണ ഇവയ്ക്കായി. 1888ല്‍ ഇന്ത്യന്‍ നാട്ടുരാജ്യങ്ങളിലാദ്യമായി തിരുവിതാംകൂറിലെ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് "നിയമനിര്‍മ്മാണസഭ" അഥവാ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സ്ഥാപിച്ചുകൊണ്ട് വിളംബരം പുറപ്പെടുവിച്ചു. ദിവാന്‍ അധ്യക്ഷനും ചില ഉദ്യോഗസ്ഥന്മാരും, പൗരമുഖ്യന്മാരും മാത്രം അടങ്ങിയതായിരുന്നു ആദ്യം കൗണ്‍സില്‍. 1904ല്‍ ഭരണത്തെപ്പറ്റി ജനഹിതം അറിയാന്‍ "ശ്രീമൂലം പ്രജാസഭ" കൂടി നിലവില്‍വന്നു. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കു പകരം ക്രമേണ കരംതീരുവ, ബിരുദം എന്നിവയുടെ അടിസ്ഥാനത്തില്‍ ഈ സഭകളിലേക്ക് വോട്ടിംഗ് തുടങ്ങി. ഈ രണ്ട് സഭകളും ജനാധിപത്യ സംവിധാനത്തിന്റെ കിളിവാതിലുകളായിരുന്നു.
1925ല്‍ ആദ്യമായി കൊച്ചിയില്‍ ലജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവില്‍ വന്നു. നാല്പത്തി അഞ്ച് അംഗങ്ങളില്‍ 30 പേരെ വിശാലമായ സമ്മതിദാനാവകാശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുത്തത്. മദ്രാസ് പ്രവിശ്യയുടെ ഭാഗമായി മലബാറിലും, നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറിലും കൊച്ചിയിലും കാലാകാലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളാണ് പിന്നീടുള്ള കാലം കേരളചരിത്രത്തെ ചലനാത്മകമാക്കിയത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ പൊതുനിയമത്തിനുള്ളില്‍ നിന്ന് ഈ നാട്ടുരാജ്യങ്ങള്‍ പല നിയമങ്ങളും നിര്‍മിച്ചു. ഭൂമി, ദായക്രമം, വിവാഹം തുടങ്ങിയവ സംബന്ധിച്ച നിയമങ്ങള്‍ കേരളസമൂഹത്തെ മാറ്റിമറിച്ചു.
Copyright © , www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later