ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിയന്ത്രിച്ച ഭരണത്തിന്റെ കീഴില്‍ മലബാറും കൊച്ചിയും തിരുവിതാംകൂറും മുന്നോട്ടുപോകുമ്പോള്‍ പാരമ്പര്യത്തിലധിഷ്ഠിതമായി സമൂഹത്തില്‍ വേരുറച്ചുനിന്ന വ്യവസ്ഥിതികളില്‍ പലതിനും ഇളക്കംതട്ടിത്തുടങ്ങി. അതേസമയം ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയും, തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും എല്ലാം അതുപോലെ തുടര്‍ന്നു. ഈ സമയത്ത് കേരളത്തിലെത്തിയ ക്രിസ്ത്യന്‍ മിഷണറിമാരുടെ ശ്രമഫലമായി സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്നവരും അയിത്തത്തിന്റെ പേരില്‍ അകറ്റിനിര്‍ത്തിയിരുന്നവരുമായ ആളുകള്‍ക്ക് മോചനം ലഭിക്കാന്‍ തുടങ്ങി. മതംമാറ്റത്തിലൂടെ ഇങ്ങനെ പുതിയൊരു വര്‍ഗം ഉയര്‍ന്നുവരാന്‍ തുടങ്ങി. മിഷണറിമാര്‍ക്ക് ഇംഗ്ലീഷ് സര്‍ക്കാരിന്റെ പിന്തുണ ഉണ്ടായിരുന്നതിനാല്‍ പ്രമാണിമാര്‍ക്കും രാജാക്കന്മാര്‍ക്കും അവരെ ഭയമായിരുന്നു. എന്നിരുന്നാലും പലേടത്തും സംഘട്ടനങ്ങളുണ്ടായി. ഒരുകാലത്ത് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ബാലരാമവര്‍മ്മ രാജാവ് അന്തരിച്ചതിനെത്തുടര്‍ന്ന് 1810ല്‍ അവിടെ അവകാശതര്‍ക്കം ഉയര്‍ന്നു. എന്നാല്‍ തിരുവിതാംകൂറിലും കൊച്ചിയിലും പുതിയ റസിഡന്‍റായി എത്തിയ കേണല്‍ മണ്‍റോ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. അങ്ങനെ റാണി ഗൗരിലക്ഷ്മിഭായി (1810-1815) ഭരണാധികാരിയായി. റസിഡന്‍റിന്റെ സഹായത്തോടെ ഭരണം ആരംഭിച്ച ലക്ഷ്മിഭായിക്ക് യാഥാസ്ഥിതികരുടെ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. എന്നാല്‍ മണ്‍റോയെ ദിവാന്‍ കൂടിയാക്കി മാറ്റിയതോടെ പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ സഹായകമായി. അഴിമതിക്ക് എതിരായി കര്‍ശനമായ നടപടികളുമായി മണ്‍റോ മുമ്പോട്ടുപോയി.
തിരുവിതാംകൂറിന്റെ ഭരണം പരിഷ്കരിച്ചതും സെക്രട്ടേറിയറ്റ് ഭരണസമ്പ്രദായം നടപ്പിലാക്കിയതും മണ്‍റോയാണ്. റാണി ഗൗരിലക്ഷ്മിഭായി പ്രസവിച്ച രാജകുമാരനാണ് സ്വാതിതിരുനാള്‍. ഗര്‍ഭത്തില്‍ തന്നെ അദ്ദേഹം ഭരണാവകാശി ആയതിനാല്‍ "ഗര്‍ഭശ്രീമാന്‍" എന്ന പേരുവന്നു. റാണി ഗൗരിലക്ഷ്മിഭായി അന്തരിച്ചതിനെ തുടര്‍ന്ന് അനുജത്തി, ഗൗരി പാര്‍വ്വതിഭായി സ്വാതി തിരുനാളിനുവേണ്ടി (1815-1829) ഭരണം നടത്തി. ഈ സമയത്താണ് സാമൂഹ്യരംഗത്തും ഭരണരംഗത്തും ശ്രദ്ധേയമായ മാറ്റങ്ങളുണ്ടായത്. ഇതില്‍ മണ്‍റോയുടെ ശക്തമായ ഇച്ഛാശക്തി ഉണ്ടായിരുന്നു. ഈ സമയത്താണ് ക്രിസ്ത്യന്‍ മിഷണറിമാര്‍ ധാരാളം കേരളത്തിലെത്തിയത്. തെക്കന്‍ തിരുവിതാംകൂറില്‍ എല്‍.എം.എസ്. (ലണ്ടന്‍ മിഷന്‍ സൊസൈറ്റി) മധ്യകേരളത്തില്‍ സി.എം.എസ്. (ചര്‍ച്ച് മിഷന്‍ സൊസൈറ്റി) എന്നിവയായിരുന്നു പ്രധാന സംഘടനകള്‍. ഇംഗ്ലീഷ് വിദ്യാഭ്യാസവും മലയാള അച്ചടിയും കൊണ്ടുവന്നത് അവരാണ്. എന്നാല്‍ മലബാറില്‍ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചതും ബെയിസില്‍ മിഷനായിരുന്നു.
ബംഗാളില്‍ രാജാറാം മോഹന്‍റോയി തുടക്കം കുറിച്ച ഇന്ത്യന്‍ നവോത്ഥാന കാലത്താണ് പതിനാറുകാരനായ സ്വാതിതിരുനാള്‍ തിരുവിതാംകൂറില്‍ രാജാവാകുന്നത് (1829-1846). രാജാറാം മോഹന്‍റോയിയും സ്വാതിയും നേരിട്ട് കണ്ടിട്ടില്ല. പക്ഷേ അവരുടെ ചിന്താഗതി സമാനമായിരുന്നു. അദ്ദേഹം മലയാളക്കരയിലാകമാനം മാറ്റത്തിന്റെ വിത്തു വിതയ്ക്കുന്നു. പരിഷ്ക്കരണനടപടികള്‍ തുടങ്ങി. തെക്കേ ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂള്‍ സ്ഥാപിച്ചത് സ്വാതിയാണ്. മ്യൂസിയം, പബ്ലിക് ലൈബ്രറി, നക്ഷത്ര ബംഗ്ലാവ്, ഇംഗ്ലീഷ് ആശുപത്രി തുടങ്ങിയവ അദ്ദേഹത്തിന്റെ സംഭാവനകളില്‍ ചിലതു മാത്രമാണ്. "ശുചീന്ദ്രം കൈമുക്ക്" പോലുള്ള പ്രാകൃതശിക്ഷാരീതികള്‍ നിര്‍ത്തലാക്കിയും യൂറോപ്യന്‍ രീതിയിലുള്ള നിയമസംഹിത ക്രോഡീകരിച്ച് നടപ്പിലാക്കിയും പാലങ്ങളും കെട്ടിടങ്ങളും നിര്‍മ്മിക്കാന്‍ യൂറോപ്യന്‍ എന്‍ജിനീയറുടെ കീഴില്‍ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചും സ്വാതി പാരമ്പര്യത്തില്‍ അധിഷ്ഠിതമായ യവനിക പിച്ചിച്ചീന്തി ആ സ്ഥലത്ത് പുതിയത് സ്ഥാപിച്ചു. കലാകാരനും സാഹിത്യ ഉപാസകനും സംഗീതജ്ഞനുമായ അദ്ദേഹത്തിന്റെ കാലം തിരുവിതാംകൂര്‍ ആ രംഗത്തുള്ളവരുടെ തീര്‍ഥാടനഭൂമിയാക്കി. "സര്‍വ്വകലാവല്ലഭന്‍" എന്നാണ് സ്വാതി അറിയപ്പെട്ടിരുന്നത്. ഈ കാലഘട്ടത്തില്‍ കൊച്ചിയും വളരെയധികം മുന്നോട്ടുപോയി. കേരളവര്‍മ്മ (1809-1828), രാമവര്‍മ്മ (1828-1837), രാമവര്‍മ്മ (1837-1844), രാമവര്‍മ്മ (1844-1851), കേരളവര്‍മ്മ (1851-1853), രവിവര്‍മ്മ (1853-1864) എന്നിവരാണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴില്‍ കൊച്ചി ഭരിച്ചത്. അവിടെ പ്രഗത്ഭന്മാരായ ദിവാന്മാരും ഉണ്ടായിരുന്നു. ജില്ലാകോടതികള്‍ ഏര്‍പ്പെടുത്തിയും ബ്രിട്ടീഷ് ഇന്ത്യയിലെപ്പോലെ നിയമസംഹിത സ്വീകരിച്ചും ഇംഗ്ലീഷ് സ്കൂള്‍ സ്ഥാപിച്ചും, നാട്ടുഭാഷാ വിദ്യാലയങ്ങള്‍ സ്ഥാപിച്ചും പൊതുമരാമത്ത് വകുപ്പ് രൂപീകരിച്ചും അവിടത്തെ ഭരണവും മുന്നേറി.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later