രാജാക്കന്മാര്‍, നാടുവാഴികള്‍, ജന്മിമാര്‍ തുടങ്ങിയവര്‍ ഉപയോഗിച്ചിരുന്ന "മഞ്ചല്‍", പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ഉള്ള സ്ത്രീകള്‍ സഞ്ചരിച്ചിരുന്ന "മേനാവ്", കല്യാണം, ആഘോഷം, ഘോഷയാത്ര എന്നിവയ്ക്ക് ഉപയോഗിച്ചിരുന്ന "പല്ലക്ക്" തുടങ്ങിയവയായിരുന്നു ഒരുകാലത്തെ കേരളത്തിലെ കരമാര്‍ഗ്ഗമുള്ള പ്രധാന വാഹനങ്ങള്‍. റോഡുകള്‍ വളരെ കുറവായിരുന്നു. യൂറോപ്യന്മാരുടെ വരവിനുശേഷമാണ് റോഡുകള്‍ വികസിപ്പിക്കാന്‍ തുടങ്ങിയത്. "വള്ളം" അഥവാ "വഞ്ചി" ആയിരുന്നു ജലഗതാഗതരംഗത്തെ പ്രധാന വാഹനം. ഈ വഞ്ചികള്‍ പിന്നീട് പലവിധത്തിലും പരിഷ്കരിക്കപ്പെട്ടു. ആന, പോത്ത്, കുതിര എന്നീ മൃഗങ്ങളെ കരയാത്രയ്ക്ക് ഉപയോഗിച്ചിരുന്നു. രാജാക്കന്മാരുടെ പ്രധാന വാഹനം ആനയായിരുന്നു. പോത്തിനെയും എരുമയെയും യാത്രയ്ക്ക് ഉപയോഗിച്ചിരുന്നു. റോഡുകള്‍ വികസിക്കാന്‍ തുടങ്ങിയതോടെ കാളവണ്ടികളും വില്ലുവണ്ടികളും വന്നു. കുതിരവണ്ടികള്‍ (ജഡുക്ക), കുതിരകളെ പൂണ്ടിയ വലിയ ഫീറ്റന്‍ വണ്ടികളും നിരത്തുകളില്‍ സ്ഥലംപിടിച്ചു. അറബികളാണ് കേരളത്തില്‍ കുതിരകളെ കൊണ്ടുവന്നത്. കേരളത്തിലെവിടെയും പ്രധാന റോഡുവികസനത്തിന് കാരണമായത് പടയോട്ടകാലത്ത് പട്ടാളക്കാര്‍ പോയ വഴികളായിരുന്നു. ടിപ്പുസുല്‍ത്താന്റെ യും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും പട്ടാളക്കാര്‍ സഞ്ചരിക്കുകയും പീരങ്കികള്‍ വലിച്ചുകൊണ്ടുപോകുകയും ചെയ്ത വഴികളാണ് പില്‍ക്കാലത്ത് മലബാറിലും കൊച്ചിയിലും റോഡുകളായത്. ഇംഗ്ലീഷുകാര്‍ക്ക് എതിരെ യുദ്ധം ചെയ്ത വേലുത്തമ്പി ദളവയെ പിടികൂടാന്‍ മദ്രാസില്‍ നിന്നും വന്ന പട്ടാളക്കാര്‍ സഞ്ചരിച്ചതും അവര്‍ തമ്പടിച്ചതുമായ സ്ഥലങ്ങളാണ് തിരുവനന്തപുരത്ത് പ്രധാന റോഡുകളായി മാറിയത്. ആദ്യകാലത്ത് ഈ ഇടുങ്ങിയ വഴികളിലൂടെ കാളവണ്ടികള്‍ക്കുപോലും സഞ്ചരിക്കാന്‍ വിഷമമായിരുന്നു.
1861 മാര്‍ച്ച് 12നു ബേപ്പൂര്‍ (ചാലിയം)തിരൂര്‍ റെയില്‍വേ ഉദ്ഘാടനം ചെയ്തത് കേരളത്തിന്റെ ഗതാഗതരംഗത്തെ ആദ്യത്തെ മഹാസംഭവം ആയിരുന്നു. ആ വര്‍ഷം മേയ് ഒന്നിന് തിരൂര്‍ കുറ്റിപ്പുറം ലൈനും 1862 ഏപ്രില്‍ 14ന് പട്ടാമ്പി പോത്തന്നൂര്‍ ലൈനും തുറന്നു. മേയ് 12ന് പോത്തന്നൂര്‍ പാത മദ്രാസുമായി ബന്ധിച്ചു. ഇതോടെ കേരളത്തിന്റെ റെയില്‍വേ ഗതാഗതം മദ്രാസുവരെ നീണ്ടു. 1888 ജനുവരി 2ന് കോഴിക്കോടുവരെയുള്ള പാത പൂര്‍ത്തിയായി. അതോടെ പശ്ചിമതീരവും മദ്രാസുമായി റെയില്‍വേ മൂലം ബന്ധിക്കപ്പെട്ടു. 1902ല്‍ ആണ് ചരക്കുകളുമായി ആദ്യതീവണ്ടി ഷൊര്‍ണ്ണൂരില്‍ നിന്നും കൊച്ചീരാജ്യത്ത് എത്തിയത്. 1902 ജൂലൈ 16ന് യാത്രക്കാര്‍ക്കുവേണ്ടി ഈ പാത തുറന്നുകൊടുത്തു. 1904 നവംബര്‍ 26ന് തിരുനെല്‍വേലി കൊല്ലം തീവണ്ടിപ്പാത ഉദ്ഘാടനം ചെയ്തതോടെ റെയില്‍ ഗതാഗതം തിരുവിതാംകൂറിലും എത്തി. 1918 ജനുവരി ഒന്നിന് തിരുവനന്തപുരം കൊല്ലം ലൈന്‍ ഉദ്ഘാടനം ചെയ്തു. ചാക്കവരെയായിരുന്നു ആദ്യം തീവണ്ടി ഉണ്ടായിരുന്നത്. 1931ല്‍ ആണ് അവിടെ നിന്നും തമ്പാനൂരിലേക്ക് നീട്ടിയത്.
കേരളത്തില്‍ തീവണ്ടിഗതാഗതം ശക്തിപ്പെടുന്നതിന് എത്രയോ മുമ്പ് ജലഗതാഗതം ആയിരുന്നു പ്രധാനം. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ് ആറുകളെയും തോടുകളെയും കൂട്ടിയിണക്കി ആദ്യം ജലപാതയ്ക്ക് രൂപം നല്‍കിയത്. സ്വാതി തിരുനാളിനുമുമ്പ് റീജന്‍റായി തിരുവിതാംകൂര്‍ ഭരിച്ച അദ്ദേഹത്തിന്റെ ഇളയമ്മ റാണി ഗൗരി പാര്‍വ്വതി ഭായിയാണ് "പാര്‍വ്വതിപുത്തന്‍ ആറ്" വെട്ടിയത്. തിരുവനന്തപുരത്തെ കല്പാലക്കടവ് (വള്ളക്കടവ്) മുതല്‍ വര്‍ക്കല കുന്നുവരെ ഇടയ്ക്കിടയ്ക്ക് തോടുവെട്ടി കായലുകളെ കൂട്ടിയിണക്കുന്നതായിരുന്നു ഈ ജലപാത. വര്‍ക്കല കുന്നാണ് ജലപാതയ്ക്ക് വിഘാതമായി അവശേഷിച്ചത്. എന്നാല്‍ ഇവിടെ യാത്രക്കാര്‍ക്കും സാധനങ്ങള്‍ കൊണ്ടുവരുന്നവര്‍ക്കും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. "പാര്‍വ്വതി പുത്തനാറ്" വര്‍ഷങ്ങളോളം പ്രധാന ഗതാഗതമാര്‍ഗമായി തുടര്‍ന്നു. സ്വാതി തിരുനാളിന്റെ അനുജന്‍ ഉത്രം തിരുനാള്‍ ഭരണാധികാരിയായപ്പോള്‍ തിരുവനന്തപുരവും കന്യാകുമാരിയും ബന്ധിപ്പിക്കുന്ന ഒരു ജലപാതയ്ക്ക് ആരംഭം കുറിച്ചു. എ.വി.എം. (അനന്തവിക്ടോറിയന്‍മാര്‍ത്താണ്ഡം) കനാല്‍ എന്നാണ് അതിന്റെ പേര്. എന്നാല്‍ അത് അവിടവിടെയേ നിര്‍മ്മിച്ചുള്ളൂ. വര്‍ഷങ്ങള്‍ക്കുശേഷം ആയില്യം തിരുനാള്‍ മഹാരാജാവായപ്പോള്‍ ദിവാന്‍ സര്‍ ടി. മാധവറാവു പൊതുമരാമത്ത് പുനഃസംഘടിപ്പിച്ചു. ബ്രിട്ടനില്‍ നിന്നും വന്ന വില്യം ബാര്‍ട്ടനെ ചീഫ് എന്‍ജിനീയര്‍ ആയി നിയമിച്ചു. അദ്ദേഹമാണ് വര്‍ക്കല കുന്ന് തുരന്ന് കനാല്‍ നിര്‍മിക്കാന്‍ ആദ്യം നടപടി ആരംഭിച്ചത്. 1877ല്‍ ആദ്യകനാലും, 1880 രണ്ടാമത്തെ കനാലും തുറന്നു. ഇതോടെ തിരുവനന്തപുരത്തുനിന്നും ഒരാള്‍ക്ക് ജലമാര്‍ഗം തീവണ്ടി ഗതാഗതം ഉള്ള ഷൊര്‍ണ്ണൂരിന് സമീപം എത്താമെന്നായി. "ടി.എസ്. കനാല്‍ " അഥവാ "തിരുവനന്തപുരം തൃശൂര്‍ ഷൊര്‍ണ്ണൂര്‍ " എന്ന് അറിയപ്പെട്ടു.
മലബാറില്‍ തോട്ടം വ്യവസായം ശക്തിപ്പെട്ടതോടെ അവിടെ പുതിയ റോഡുകളും പാലങ്ങളും ചുരം റോഡുകളുടെ നിര്‍മ്മാണവും ആവശ്യമായി വന്നു. പേരിയചുരം റോഡ്, താമരശ്ശേരിവയനാട് ചുരം റോഡ് തുടങ്ങിയവ ഇങ്ങനെ നിര്‍മിക്കപ്പെട്ടവയില്‍ പെടുന്നു. മുമ്പ് പടയോട്ടകാലത്ത് പട്ടാളക്കാര്‍ സഞ്ചരിച്ച വഴികളായിരുന്നു ഇവ. 1848നും 1851നും ഇടയ്ക്ക് കണ്ണൂര്‍ മുതല്‍ കുടകു വരെയുള്ള റോഡ് ജില്ലകളിലെ മറ്റ് റോഡുകളുമായി കൂട്ടിയിണക്കി. മലബാര്‍ ഡിസ്ട്രിക്ട് എന്‍ജിനീയര്‍ ആയിരുന്ന ക്യാപ്റ്റന്‍ ബീന്‍ ആണ് 1858ല്‍ താമരശ്ശേരി വയനാട് ചുരം റോഡ് പുതുക്കി പണിതത്. രണ്ടുവര്‍ഷത്തിനുശേഷം ക്യാപ്റ്റന്‍ കെനഡി എന്ന എന്‍ജിനീയര്‍ ചുരം റോഡ് കൂടുതല്‍ ശാസ്ത്രീയമായി പരിഷ്കരിക്കാന്‍ നടപടി തുടങ്ങി. പേരിയ ചുരവും ഏതാണ്ട് ഈ സമയത്താണ് നന്നാക്കിയത്. ഇതോടെ കോഴിക്കോട്ടുനിന്നും വയനാട്ടിലേയ്ക്കും, അവിടെ നിന്നും കണ്ണൂരിലേയ്ക്കും ഉള്ള കാളവണ്ടിയാത്ര സുഗമമായി.
തിരുവിതാംകൂറില്‍ ദിവാന്‍ സര്‍ ടി. മാധവറാവുവിന്റെ യും കൊച്ചിയില്‍ ദിവാന്‍ തോട്ടയ്ക്കാട് ശങ്കുണ്ണിമേനോന്റെ യും നേതൃത്വത്തില്‍ പുനഃസംഘടിപ്പിച്ച പൊതുമരാമത്ത് വകുപ്പ് റോഡ് നിര്‍മ്മാണം, പാലം നിര്‍മ്മാണം, കെട്ടിട നിര്‍മ്മാണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. രണ്ടുസ്ഥലത്തും റോഡ് നിര്‍മ്മാണം വ്യാപകമായി. കാളവണ്ടികളും കുതിരവണ്ടികളുമായിരുന്നു പ്രധാന വാഹനങ്ങള്‍. തിരുവിതാംകൂര്‍ കാളവണ്ടിയുടെ സഹായത്തോടെ തിരുനെല്‍വേലിയ്ക്ക് എക്സ്പ്രസ് സര്‍വീസും, കൊച്ചിയിലേയ്ക്ക് വള്ളത്തില്‍ തപാല്‍ സര്‍വീസും ഏര്‍പ്പെടുത്തി. ജലഗതാഗതരംഗത്ത് യന്ത്രബോട്ടുകള്‍ എത്തിയത് യാത്രയെ സുഗമമാക്കി. 1912 കാലത്ത് തിരുവിതാംകൂറില്‍ മോട്ടോര്‍ കാറുകള്‍ വന്നുതുടങ്ങി. അതോടെ ജലഗതാഗതത്തിന് പ്രാധാന്യം കുറഞ്ഞു. 1935 ഒക്ടോബര്‍ 29 തിരുവനന്തപുരത്തു നിന്നും ബോംബേയ്ക്ക് വിമാനസര്‍വീസ് ആരംഭിച്ചു.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later