ബ്രിട്ടീഷ് ഭരണം കേരള സമൂഹത്തെ മാറ്റിമറിയ്ക്കുന്നു. പരമ്പരാഗതമായി നിലനിന്ന ഭരണരീതിയും ജനജീവിതവും മാറുന്നു. ശാസ്ത്രങ്ങളെയും സ്മൃതികളെയും അടിസ്ഥാനമാക്കി നാട്ടുരാജാക്കന്മാരും മാടമ്പിമാരും നിലനിര്‍ത്തിയിരുന്ന പ്രാകൃതശിക്ഷാരീതികളും നീതിനിര്‍വ്വഹണങ്ങള്‍ക്കും ഇളക്കം തട്ടുന്നു. കൊല്ലും കൊലയും അധികാരമുണ്ടായിരുന്ന കുടുംബങ്ങള്‍ക്ക് അത് നഷ്ടപ്പെടുന്നു. അടിമ സമ്പ്രദായത്തിന് എതിരെ മലബാറില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഉത്തരവ് പുറപ്പെടുവിക്കുന്നു. പടിഞ്ഞാറന്‍ നാടുകളിലേതുപോലെ കോടതികളും നീതിന്യായ സമ്പ്രദായങ്ങളും നിലവില്‍ വരുന്നു. ചുങ്കത്തിന്റെ രീതി മാറുന്നു. അങ്കം വെട്ടി കാര്യങ്ങള്‍ തീരുമാനിക്കുന്ന പാരമ്പര്യ ആയുധ പരിശീലനകേന്ദ്രങ്ങളായ കളരികളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നു. വാളും പരിചയുമായി അംഗരക്ഷകരായി നടക്കുന്നവര്‍ക്കുള്ള മാന്യത നഷ്ടപ്പെടുന്നു. യൂണിഫോം ധരിച്ച് തോക്കുകളുമായി നീതിന്യായപരിപാലനത്തിനും ക്രമസമാധാനം നിലനിര്‍ത്താനും എത്തുന്ന കമ്പനിസേനയോട് ജനങ്ങള്‍ക്ക് ബഹുമാനം കൂടുന്നു. ഭരണരംഗത്ത് അടുക്കും ചിട്ടയും വരുന്നു. ഭൂമിക്കുള്ള കൈവശരേഖ നിര്‍ബന്ധമാകുന്നു. ഇതുകാരണം രാജാക്കന്മാരുടെ കീഴില്‍ ഏകാധിപതികളായി കഴിഞ്ഞിരുന്ന ജന്മിമാരോ അവരുടെ കാര്യസ്ഥന്മാരോ കച്ചേരികളില്‍ കയറിയിറങ്ങുന്ന സ്ഥിതിവന്നു. മലബാറിലെപ്പോലെ അല്ലെങ്കിലും തിരുവിതാംകൂറിലെയും കൊച്ചിയിലെയും സാമൂഹ്യസ്ഥിതി മാറാന്‍ തുടങ്ങിയിരുന്നു. ക്രിസ്ത്യന്‍ മിഷണറിമാരുടെ വരവ്, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആരംഭം, ശാസ്ത്രീയമായ സുഗന്ധവ്യഞ്ജനകൃഷിരീതി, വന്‍കിട തോട്ടകൃഷിയുടെ ആരംഭം, വിദ്യാലയങ്ങളിലെ നവീന പഠനരീതി, വേഷങ്ങളില്‍ വന്ന മാറ്റം, സര്‍ക്കാര്‍ സര്‍വീസില്‍ ഉയര്‍ന്നതും താഴ്ന്നതുമായ ഉദ്യോഗസ്ഥന്മാരുടെ ആവശ്യകത ഇവയെല്ലാമാണ് ആദ്യമാറ്റങ്ങള്‍. കേരളത്തിന്റെ എല്ലാ ഭാഗവും ആദ്യമായിട്ടാണ് ഒരു വന്‍ശക്തിയുടെ അധീനതയിലാകുന്നത്. അതുകൊണ്ട് എല്ലായിടത്തും മാറ്റങ്ങള്‍ പ്രകടമാകാന്‍ തുടങ്ങി. തോട്ടങ്ങളും ശാസ്ത്രീയ സുഗന്ധവ്യഞ്ജനകൃഷിയും വ്യാപാര വികസനവുമെല്ലാം പുതിയ റോഡുകളുടെയും, ജലഗതാഗതത്തിന്റെ യും, പാലങ്ങളുടെയും ആവശ്യകതയ്ക്ക് ആക്കംകൂട്ടി. മലബാറിലെ കച്ചേരികളിലും തിരുവിതാംകൂറിലെയും കൊച്ചിയിലെയും രാജകീയ സര്‍വീസുകളിലും ഇംഗ്ലീഷ് ഭാഷ പഠിച്ചവര്‍ക്കും സംസാരിക്കുന്നവര്‍ക്കും നിയമനങ്ങള്‍ കിട്ടിയതോടെ ഈ ഭാഷ പഠിക്കാന്‍ ധാരാളം യുവാക്കള്‍ തയ്യാറായി. ഇതോടെ സ്കൂളുകള്‍ കൂടുതല്‍ വന്നുതുടങ്ങി.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later