മലബാറിലെ കോണ്‍ഗ്രസില്‍ ഇടതുപക്ഷവും വലതുപക്ഷവും രൂപംകൊണ്ടു. ഇടതുപക്ഷക്കാര്‍ ആള്‍ ഇന്ത്യാ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി. ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടും പി. കൃഷ്ണപിള്ളയും ആയിരുന്നു നേതാക്കള്‍. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാര്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറി.
ഡാക്കയില്‍ സ്ഥാപിച്ച മുസ്ലീം ലീഗിന്റെ ശാഖ മലബാറില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. 1934ല്‍ കേന്ദ്ര നിയമനിര്‍മ്മാണസഭയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പോടെ ലീഗ് ശക്തമായി. 1937ല്‍ മലബാറിലെ മുസ്ലീം ലീഗിന്റെ ആദ്യ അധ്യക്ഷനായി കണ്ണൂര്‍ അബ്ദുര്‍ റഹിമാന്‍ ആലിരാജയെ തെരഞ്ഞെടുത്തു. ക്വിറ്റ് ഇന്ത്യാ സമര (1942)ത്തോടെ മലബാര്‍ പ്രക്ഷുബ്ധമായി. വാര്‍ത്തകള്‍ രഹസ്യമായി എത്തിയ്ക്കാന്‍ "സ്വതന്ത്രഭാരതം" എന്ന രഹസ്യപത്രം ഇക്കാലത്താണ് ഇറക്കിയത്. ചേമഞ്ചേരി സബ്രജിസ്ട്രാര്‍ ഓഫീസും റെയില്‍വേസ്റ്റേഷനും, തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷനും കൊക്കല്ലൂര്‍ കുന്നത്തറ അംശക്കേച്ചരിയും ഈ കാലത്ത് അഗ്നിക്ക് ഇരയായി. ഉള്ളിയേരി പാലം തകര്‍ത്തു. പലേടത്തും ടെലഗ്രാഫ് ലൈന്‍ മുറിച്ചുമാറ്റി. ഏറ്റവും ഒച്ചപ്പാട് ഉണ്ടാക്കിയ സംഭവം കീഴരിയൂര്‍ ബോംബ് കേസ് ആണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യക്ഷാമത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് താലൂക്കിലെ കയ്യൂര്‍, മലബാറിന്റെ ഭാഗമായി മൊറാഴ, കരിവള്ളൂര്‍, കാവുംപായി സമരങ്ങളും ഇക്കാലത്ത് നടന്നു.
2017 Copyright © www.dutchinkerala.com. Some rights reserved.
Content of this website is available under the Creative Commons Attribution Share Alike 2.5 India License [CC-BY-SA 2.5 IN] or later